Jan 11, 2015

707 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 707

ചിദ്വ്യോമ ചാസ്തി സര്‍വത്ര സര്‍വം ചൈതജ്ജഗന്മയം
സര്‍വം ബ്രഹ്മമയം ശാന്തം ജഗദിത്യപി ശബ്ദിതം  (6.2/210/31)

വസിഷ്ഠന്‍ പറഞ്ഞു: “ഞാനൊരു ചന്ദ്രനാകട്ടെ’ എന്ന് നൂറുപേര്‍ ധ്യാനിച്ചാലും എന്തുകൊണ്ടാണ് നൂറു ചന്ദ്രന്മാര്‍ ആകാശത്തു കാണാന്‍ കഴിയാത്തതെന്ന് ഞാനിനി പറയാം.
അവരെല്ലാം കാണപ്പെടുന്നത് ഒരേ ആകാശത്തല്ല. അവര്‍ ചെല്ലുന്നത് ഒരേ ചന്ദ്രനിലുമല്ല. ഒരാളുടെ സ്വപ്നനഗരിയില്‍ മറ്റൊരാള്‍ക്ക് പ്രവേശനമില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വപ്നലോകമുണ്ട്. അവിടെ അയാള്‍ ചന്ദ്രനായി മാറുന്നു. അതുപോലെയാണ് പല പലയാളുകള്‍ ഒരേ സമയം ഭാര്യയാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ കാര്യവും. അത്തരം പ്രാര്‍ത്ഥനകളുടെ ഫലം ഓരോരുത്തര്‍ക്കും അവരവരുടെ ബോധത്തില്‍ ഉരുത്തിരിയുന്നു. അവര്‍ ഓരോരുത്തര്‍ക്കും അവ ‘യഥാര്‍ത്ഥ’ അനുഭവങ്ങളായി മാറുന്നു.
തീര്‍ച്ചയായും ഇതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണെന്നോര്‍ക്കണം. സങ്കല്‍പ്പത്തില്‍ എന്താണ് അസാദ്ധ്യമായി ഉള്ളത്? അതുപോലെയാണ് ഒരുവന്‍ അവന്റെ പുണ്യാദിഫലങ്ങള്‍ പിതൃലോകങ്ങളിലും മറ്റും അനുഭവിക്കുന്നത്. ബോധത്തില്‍ ഉരുവായ സങ്കല്‍പ്പമനുസരിച്ച് ‘അങ്ങേ ലോകത്തില്‍’, പുണ്യപ്രവൃത്തികള്‍ക്ക് ഉചിതമായി കിട്ടാവുന്ന ഫലങ്ങളെക്കുറിച്ചും ബോധം സങ്കല്‍പ്പിക്കുന്നു. ജ്ഞാനികള്‍ ഇങ്ങിനെയാണ്‌ പറയുന്നത്.
 
രാജാവ് ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണ് ഈ ദേഹം ആദ്യമായി കാണപ്പെട്ടത്?

വസിഷ്ഠന്‍ പറഞ്ഞു: ഋഷിയുടെ നോട്ടത്തില്‍ ഈ ദേഹമെന്ന ‘സാധനം’ ഉള്ളതല്ല, ഉണ്മയല്ല. അതും ബ്രഹ്മം മാത്രമാണ്. അതുപോലെ തന്നെയാണ് വ്യവഹാരാര്‍ത്ഥം ബോധത്തിലെ ‘സ്വപ്നം’ എന്ന് പറയുന്നതും. വാസ്തവത്തില്‍ ബോധത്തില്‍ അതില്‍ നിന്നും വ്യതിരിക്തമായി ‘സ്വപ്നം’ ഉണ്ടാവുക സാദ്ധ്യമല്ല.

ദേഹം എന്ന ഒന്നില്ല., അതില്‍ സ്വപനവും ഇല്ല. ജാഗ്രദ്, സ്വപ്നം, സുഷുപ്തി എന്നീ തലങ്ങള്‍ ‘ഇല്ലാത്ത’വയാണ്. എന്തുണ്ടോ അത് നിശ്ശൂന്യമാണ്. ‘ഓം’ എന്നതിനെ വിളിക്കുന്നു. അത്തരം വ്യാഖ്യാനങ്ങളും നമുക്ക് മതിയാക്കാം.

ദേഹബോധത്തില്‍, ‘അത്’, ‘ഇത്’, എന്നിവയ്ക്കിടയ്ക്ക് ഏകവും അനേകവും ഇരിക്കുന്നു. അനന്തം അനന്തത്തില്‍ വികസ്വരമാവുന്നു. അനന്തം മാത്രമേ നിലനില്‍ക്കുന്നുള്ളു. കാണപ്പെടുന്നതല്ല അതിന്റെ സ്വഭാവം. ബോധം എന്തൊക്കെ ധരിക്കുന്നുവോ അതങ്ങിനെതന്നെ ഉള്ളതുപോലെ കാണുന്നു.

“അവിച്ഛിന്നമായ ബ്രഹ്മം എല്ലാടവും നിറഞ്ഞിരിക്കുന്നു. അതുതന്നെയാണ് ഇക്കാണുന്ന സൃഷ്ടിജാലവും. ഇവയെല്ലാം ബ്രഹ്മത്തില്‍ പ്രശാന്തിയടഞ്ഞിരിക്കുന്നു. അനന്തബോധമായ അത് തന്നെയാണ് സൃഷ്ടി.”

അതങ്ങിനെയല്ലാതെ സാദ്ധ്യമേയല്ല. മറ്റെല്ലാം അവിദ്യയും വികലചിന്തകളുമാകുന്നു. ഇതാണ് ലോകത്തിലെ എല്ലാവരുടെയും അനുഭവം. മാത്രമല്ല വേദശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുനതും മറ്റൊന്നല്ല.

ഈ സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍ ആ സാക്ഷാത്ക്കാരവും ബ്രഹ്മമാകുന്നു. വിശ്വത്തെ മുഴുവന്‍ ബ്രഹ്മവിഭിന്നമല്ലാതെ അറിയുകയാണ്. ഞാന്‍ വേദശാസ്ത്രങ്ങളിലും അനുഭവങ്ങളിലും എന്റെ ജ്ഞാനത്തെ താരതമ്യപ്പെടുത്തി സത്യമറിഞ്ഞിരിക്കുന്നു.
  
ഇവിടെ, ഇപ്പോള്‍ ലഭ്യമായ മുക്തിയാണാ ജ്ഞാനം. ഏറ്റവും ഉചിതമാണത്. സംസാരവൃക്ഷത്തെ സംബന്ധിച്ച സത്യം സ്പഷ്ടമായി വെളിവാകുമ്പോള്‍ ‘ഞാന്‍ തന്നെയാണ് ത്രിലോകങ്ങള്‍’ എന്ന സാക്ഷാത്ക്കാരം നിറവാകുന്നത് തന്നെയാണ് മുക്തി.


കാണപ്പെടുന്ന പ്രപഞ്ചം അങ്ങിനെതന്നെ മാറ്റമില്ലാതെ നിലകൊള്ളും എന്നാല്‍ അപ്പോള്‍ അത് ബോധത്തിനുള്ള വിഷയമല്ല. അത് അനന്തത്തില്‍ വിലീനമാവുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.