Sep 25, 2014

615 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 615

ബ്രഹ്മാദീനാം തൃണാന്താനാം ദ്വിധാ ഭവതി സംഭവ:
ഏകോ ബ്രഹ്മമയോന്യസ്തു ഭ്രാന്തിജസ്താവിമൌ ശൃണു  (6.2/136/22)

ദേവന്മാര്‍ തുടര്‍ന്നു: നോക്കൂ പിശാചുക്കള്‍ എല്ലാവരും കൂടി ഇപ്പോഴാ ശവം ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഭൂമിയെ കാണാമെന്നായി. ആ ദേഹത്തിലെ എല്ലുകള്‍ ഇപ്പോഴിതാ പുതിയ മലകളായിത്തീര്‍ന്നിരിക്കുന്നു.

ദേവന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോഴേയ്ക്ക് പിശാചുക്കള്‍ ആകാശത്ത് നൃത്തമാരംഭിച്ചു. ദേവന്മാര്‍ ഭൂമിയില്‍ കുറച്ചു രക്തം ബാക്കിയുണ്ടായിരുന്നതെടുത്ത് സമുദ്രങ്ങളില്‍ നിറച്ചു. എന്നിട്ട് അത് മദ്യമാകട്ടെ എന്ന് സങ്കല്‍പ്പിച്ചു. പിശാചുക്കള്‍ ആ മദ്യം കുടിച്ചുമദിച്ചു നൃത്തം തുടര്‍ന്നു. അവരിപ്പോഴും നൃത്തം തുടരുന്നു.

ഈ ഭൂമി മേദസ്സ്കൊണ്ട് നിര്‍മിച്ചതായതിനാല്‍ അതിനു മേദിനി എന്ന് പേരായി. അങ്ങിനെ ഭൂമിയും അതിലെ ജീവജാലങ്ങളും വീണ്ടും ഉണ്ടായി. സൃഷ്ടാവ് പുതിയൊരു മനുഷ്യകുലത്തെ ഉരുവാക്കി.

ഭാസന്‍ പറഞ്ഞു: പിന്നീട് ഞാന്‍ അഗ്നിഭഗവാനോടു ചോദിച്ചു: മരണപ്പെടുന്നതിനു മുന്പ് ആരായിരുന്നു?

അഗ്നിദേവന്‍ എന്നോടാ കഥപറഞ്ഞു: കേള്‍ക്കൂ, ഒരനന്തമായ ഇടമുണ്ട്. അതുമുഴുവന്‍ ശുദ്ധബോധമാണ്. അതില്‍ അസംഖ്യം ലോകങ്ങള്‍ അണുക്കളെന്നപോലെ പൊങ്ങിയൊഴുകിനടക്കുന്നു. അതില്‍ ഒരു വിശ്വപുരുഷന്‍ ഉദയം ചെയ്തു. അയാള്‍ക്ക് ആത്മാവബോധം ഉണ്ടായിരുന്നു. നാം സ്വപ്നം കാണുന്നതുപോലെ അയാള്‍ക്ക് സ്വയം തന്റെ പ്രാഭവം സ്വപ്രകാശത്താല്‍ ദൃശ്യമായിരുന്നു. അയാളുടെ അനുഭവങ്ങളില്‍ നിന്നും പഞ്ചേന്ദ്രിയങ്ങള്‍, അവയുടെ അതാതവയവങ്ങള്‍, എല്ലാമുണ്ടായി; അതൊരു ദേഹമായി. ഇന്ദ്രിയങ്ങള്‍ അവയ്ക്ക് ചേര്‍ന്ന വസ്തുക്കളെപ്പറ്റി അവബോധിച്ച് ഒന്ന്ചേര്‍ന്ന് ലോകമായി. 

ആ ലോകത്ത് അസുരന്‍ എന്ന പേരിലൊരു ജീവിയുണ്ടായി. അയാള്‍ക്ക് സ്വയം തന്റെ പ്രാഭവത്തില്‍ മതിപ്പ് തോന്നി. എന്നാല്‍ ഒരിക്കല്‍ അയാള്‍ ഒരു മഹര്‍ഷിയുടെ പര്‍ണ്ണശാല നശിപ്പിച്ചതിന്റെ ശാപം മൂലം ഒരു കൊതുകായിത്തീര്‍ന്നു. ‘നിന്റെ ഭീമാകാരദേഹത്തിനെപ്പറ്റിയുള്ള ദുരഭിമാനമാണ് നിന്നെക്കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത്. നീ ചത്തൊരു മശകമായിപ്പോകട്ടെ!’ മുനി ശപിച്ചു. ശാപാഗ്നിയില്‍ അസുരന്‍ പെട്ടെന്ന് ചാരമായിത്തീര്‍ന്നു..

ബോധംകെട്ടുകിടക്കുന്ന ഒരാളിന്റെ മനസ്സുപോലെ അയാള്‍ ദേഹമില്ലാത്ത ഒരു വ്യക്തിത്വമായി പരിണമിച്ചു.  അത് ആകാശവുമായി വിലയിച്ചു. പിന്നീടത് വായുവുമായി ഒന്നുചേര്‍ന്നു. വായു എന്നത് പ്രാണശക്തിയാണല്ലോ. പെട്ടെന്ന് ദേഹരഹിതനായ അസുരനില്‍ ജീവനുണര്‍ന്നു. അത് ഊര്‍ജ്ജവും ജലവും സംഘടിപ്പിച്ചു. തന്മാത്രകളായ പഞ്ചഭൂതങ്ങളെയും അനന്തബോധത്തിന്റെ ഒരു കണികയും ചേര്‍ത്ത് വെച്ച് ആ സത്ത ഒരു വ്യതിരിക്ത ഭാവത്തോടെ കമ്പനം കൊള്ളാന്‍ തുടങ്ങി. അനുകൂല സാഹചര്യത്തില്‍ വിത്തില്‍ നിന്നും മുളപൊട്ടുന്നതുപോലെ അയാളില്‍ അവബോധമങ്കുരിച്ചു.

ആ അവബോധത്തില്‍ മഹര്‍ഷിയുടെ ശാപം, കൊതുകിന്റെ സങ്കല്‍പ്പം എല്ലാം ഉണ്ടായിരുന്നു. അങ്ങിനെ ആ സത്വം ഒരു കൊതുകായി.

രാമന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവ്‌ മുതല്‍ പുല്‍ക്കൊടിവരെയുള്ള ജീവജാലങ്ങള്‍ രണ്ടു തരം ജന്മങ്ങള്‍ക്ക് വശംവദരാണ്. ഒന്ന് ബ്രഹ്മാവിന്റെ സൃഷ്ടി’ രണ്ട്, ഭ്രമാത്മകമായ സൃഷ്ടി”

സൃഷ്ടാവിന്റെയുള്ളില്‍ ആകസ്മികമായി പൊടുന്നനെയുണ്ടാവുന്ന, മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആദ്യസങ്കല്‍പ്പം ബ്രഹ്മാവിന്റെ സൃഷ്ടിയാണ്. അത് ഗര്‍ഭപാത്രത്തില്‍ നിന്നുമുള്ള ജനനമല്ല. ലീനമായ വാസനകളാലും ഭ്രമകല്‍പ്പനകളാലും ഉരുവാകുന്ന സൃഷ്ടികള്‍ മായാ സൃഷ്ടികളാണ്. വിഷയ-വിഷയീ നിബദ്ധമായ സൃഷ്ടികള്‍.

കൊതുക് ഒരു പുല്‍ക്കൊടിക്ക് മുകളില്‍ തന്റെ പ്രിയപ്പെട്ടവളുമായി സസുഖം വാണു. പുല്‍ക്കൊടിയെ ഒരു മാന്‍കിടാവ് ഭക്ഷിച്ചു. മാനിനെ കണ്ടുകൊണ്ടു മരിച്ചതിനാല്‍ ആ കൊതുക് ഒരു മാനായി ജന്മമെടുത്തു. ഒരു വേടന്‍ ആ മാനിനെ അമ്പെയ്ത് കൊന്നു. അടുത്ത ജന്മം മാനൊരു വേടനായി. 

വ്യാധന്‍ വനത്തില്‍ അലയുന്ന സമയത്ത് അദ്ദേഹത്തിനൊരു മാമുനിയെ കാണാന്‍ ഭാഗ്യമുണ്ടായി. മഹര്‍ഷി അവനിലെ ബോധത്തെ ഉണര്‍ത്തി: ’എന്തിനാണ് നീ ഈ നിഷ്ഠൂരമായ പ്രവര്‍ത്തി ചെയത് ജീവിക്കുന്നത്? വേടനായുള്ള ഈ ജീവിതം ഉപേക്ഷിച്ച് മോക്ഷമാര്‍ഗ്ഗത്തിലൂടെ നിര്‍വ്വാണപദം പ്രാപിച്ചാലും’.


614 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 614

ദേവാ ഊചുരയം ദേവി ഉപഹാരി കൃതോഅംബികേ
സാര്‍ധം സ്വപരിവാരേണ ശീഘ്രമാഹ്രിയതാമിതി (6.2/134/14)
ഭാസന്‍ തുടര്‍ന്നു: സിദ്ധന്മാരുടേയും മാമുനിമാരുടേയും പ്രാര്‍ത്ഥനയനുസരിച്ച് ദിവ്യജനനിയായ കരിങ്കാളി  പ്രത്യക്ഷയായി. അവള്‍ ചോരയും നീരുമില്ലാതെ ഉണങ്ങി വരണ്ടിരുന്നു. അനേകം പിശാചുക്കളും ചെകുത്താന്മാരും അവളെ അകമ്പടി സേവിക്കാന്‍ ഉണ്ടായിരുന്നു. അവള്‍ക്ക് ആകാശത്തോളം ഉയരമുണ്ടായിരുന്നു. പരമപുരുഷനില്‍ സുദൃഢയായിരുന്ന അവള്‍ ആ ശവത്തിനു മുകളില്‍ ഇരുന്നു.
 ദേവന്മാര്‍ പറഞ്ഞു: "ദിവ്യ ജനനീ, അമ്മയ്ക്കുള്ള അര്‍ഘ്യമാണിത്. കൂടെയുള്ള പാര്‍ഷദന്മാരോടൊപ്പം അമ്മ ഈ ശവത്തെ സ്വീകരിച്ചു ക്ഷണത്തില്‍ ഭക്ഷിച്ചാലും.”

ദേവന്മാര്‍ ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് കാളി തന്റെ പ്രാണശക്തിയുപയോഗിച്ച് ആ ദേഹത്തില്‍ നിന്നും പ്രാണരക്തം വലിച്ചൂറ്റി കുടിക്കാന്‍ തുടങ്ങി. ദേഹത്ത് രക്തം കയറാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ക്ഷീണിച്ച ദേഹം പുഷ്ടിപ്പെട്ടു വന്നു. വയര്‍ നിറഞ്ഞു വീര്‍ത്തു. അവള്‍ നൃത്തമാരംഭിച്ചു.

ലോകാലോക പര്‍വ്വതനിരയില്‍, ലോകത്തിന്റെ അതിര്‍ത്തിയില്‍ ഇരുന്ന ദേവന്മാര്‍ ഈ കാഴ്ച കണ്ടിരുന്നു.പിശാചുക്കള്‍ ആ ശവം ആഹരിച്ചു തുടങ്ങി. ലോകത്തിന്റെ സ്ഥിതി അപ്പോള്‍ ഏറെ പരിതാപകരമായിരുന്നു. ലോകത്തുള്ള പര്‍വ്വതങ്ങള്‍ തകര്‍ന്നടിഞ്ഞിരുന്നു. ആകാശം ചുവന്ന തുണികൊണ്ട് മൂടിയതുപോലെ രക്തഛവി പൂണ്ടിരുന്നു. നൃത്തവേളയില്‍ കാളിയമ്മ തന്റെ ആയുധങ്ങള്‍ ചുഴറ്റിയെറിഞ്ഞു. അങ്ങിനെ ബാക്കിയുണ്ടായിരുന്ന നഗരങ്ങളും പട്ടണങ്ങളും നശിച്ചു. അവയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മാത്രമേ ബാക്കിയായുള്ളു.

ലോകമാകെ കാളിയുടെ കൂടെയുള്ള പിശാചുക്കള്‍ നിറഞ്ഞു. ലോകാലോകപര്‍വ്വതങ്ങളിലെ ദേവന്മാര്‍ ആശങ്കാകുലരായി.

രാമന്‍ വസിഷ്ഠനോട് ചോദിച്ചു.: ആ നിര്‍ജ്ജീവദേഹം ലോകമാകെ മൂടിനിറഞ്ഞിരുന്നു എന്ന് പറഞ്ഞുവല്ലോ, അപ്പോള്‍പ്പിന്നെ ലോകാലോക പര്‍വ്വതങ്ങള്‍ പുറത്തു കാണാന്‍ എങ്ങിനെയാണ് സാധിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: ആ പര്‍വ്വതങ്ങള്‍ ശവത്തിന്റെ തോളുകള്‍ക്ക് മുകളിലായി കാണാമായിരുന്നു.

ആകുലരായ ദേവന്മാര്‍ ഇങ്ങിനെ ചിന്തിച്ചു: ‘അയ്യയ്യോ! ഈ ഭൂമിയ്ക്കെന്തു പറ്റി! സമുദ്രങ്ങള്‍ എങ്ങാണ് പോയി മറഞ്ഞത്? മനുഷ്യര്‍ക്കും മലകള്‍ക്കുമെല്ലാം എന്തുപറ്റി? എവിടെയാണ് ചന്ദനവനങ്ങള്‍ നിറഞ്ഞ, സുഗന്ധപുഷ്പവാടികകളുള്ള മലയപര്‍വ്വതം? 

ഹിമാലയത്തിലെ ശുഭ്രമായ മഞ്ഞില്‍ ചെളിപുരണ്ടു കാണപ്പെടുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ വാസസ്ഥലമായ പാല്‍ക്കടല്‍, ഇഷ്ടവരപ്രദായിനിയായ കല്പവൃക്ഷം, തൈര്, തേന്‍, വീഞ്ഞ്, ക്ഷീരം, എന്നിവ നിറഞ്ഞിരുന്ന സമുദ്രങ്ങള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. കേരവൃക്ഷങ്ങള്‍ നിറഞ്ഞ മലകളും കാണാനില്ല.

ക്രൌഞ്ച ഭൂഖണ്ഡവും അതിലെ മലനിരകളും, ബ്രഹ്മാവിന്റെ വാഹനമായ ഹംസം വിളയാടുന്ന, അപ്സരസ്സുകള്‍ കേളിയാടുന്ന, താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങളും മാമുനിമാര്‍ നിവസിക്കുന്ന ഗുഹകളും ഉള്ള പുഷ്കര ദ്വീപും ഇപ്പോഴില്ല. ശുദ്ധജലത്താല്‍ ചുറ്റപ്പെട്ട ഗോമേദക ദ്വീപ്‌, സ്മരണമാത്രയില്‍ ഐശ്വര്യം തരുന്ന ശാകദ്വീപ്‌ ഇവയെല്ലാം നശിച്ചിരിക്കുന്നു.
പൂവാടികകളും വനങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ക്ഷീണിച്ചവശരായ ആളുകള്‍ എവിടെയാണിനി വിശ്രമിക്കുക? കരിമ്പ് തോട്ടങ്ങള്‍ എല്ലാം നശിച്ചതുകൊണ്ട് ഇനിയെന്നാണ് നമുക്ക് മധുരം നുണയാന്‍ കഴിയുക?

മറ്റെല്ലാ ദ്വീപുകളേയും സമ്പുഷ്ടമാക്കാന്‍ പോന്ന ജംബു ദ്വീപുപോലും ഇല്ലാതായിരിക്കുന്നു. കഷ്ടം! ആ സര്‍വ്വാഭയദായിനിയായ ഭൂമിയെവിടെപ്പോയി മറഞ്ഞു?

613 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 613

ബദ്ധ്വാ ഖട്വാംഗശൃംഗേ കപിലമുരുജടാമണ്ഡലം പദ്മയോനേ:
കൃത്വാ ദൈത്ത്യോത്തമാംഗൈ: സൃജമുരസി ശിര:ശേഖരം താര്‍ക്ഷ്യപക്ഷൈ:
യാദേവി ഭുക്തവിശ്വാ പിബതി ജഗദിദം സാദ്രിഭൂപീഠഭൂതം
സാ ദേവീ നിഷ്കളങ്കാ കലിതതനുലതാ പാതു ന: പാലനീയാന്‍ (6.2/133/30)
ഭാസനായി വന്ന വിപശ്ചിത്‌ തുടര്‍ന്നു: ഇനി വേറൊരു ലോകത്ത് ഞാന്‍ കണ്ടതായ മറ്റൊരത്ഭുതക്കാഴ്ചയെപ്പറ്റി പറയാം. മഹാകാശത്ത് നിങ്ങളുടെയെല്ലാം സങ്കല്‍പ്പത്തിനപ്പുറത്തുള്ള ഭാസുരപ്രഭമായ ഒരു ലോകമുണ്ട്. സ്വപ്നലോകം ജാഗ്രദിലെ ലോകത്തില്‍ നിന്നുമെങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് ഈ ലോകം നാം കാണുന്ന ലോകങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്.

വസ്തുപ്രപഞ്ചമാകുന്ന ഈ വിശ്വത്തിന്റെ അതിര്‍ത്തികള്‍ തേടി ഞാന്‍ ആ ലോകത്ത് സഞ്ചരിക്കുമ്പോള്‍ ഭീമാകാരമായ ഒരു നിഴല്‍ ഭൂമിയെ മുഴുവന്‍ മൂടുന്നതായി ഞാന്‍ കണ്ടു.  

അതെന്താണെന്നറിയാനായി ആകാശത്തേയ്ക്ക് കണ്ണുകളുയര്‍ത്തവേ ഒരു മനുഷ്യനെന്ന് തോന്നുന്ന ഭീമാകാരം ആകാശം നിറഞ്ഞു ഭൂമിയിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്നതായി ഞാനവിടെ കണ്ടു. അതിനു സൂര്യനെപ്പോലും മറയ്ക്കാനുള്ള വലുപ്പമുണ്ടായിരുന്നു. ലോകമാകെ ഇരുട്ട് മൂടി. ഞാനങ്ങിനെ വിസ്മയം പൂണ്ടു നില്‍ക്കുമ്പോള്‍ത്തന്നെ ആ സത്വം നിലംപതിച്ചു. എന്റെ അവസാനം അടുത്തു എന്ന് കണ്ട ഞാന്‍ അഗ്നിയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു. അനേക ജന്മങ്ങളില്‍ ഞാന്‍ അഗ്നിപൂജ ചെയ്തിട്ടുള്ളതിനാല്‍ അഗ്നിദേവന്‍ എനിക്ക് അഭയവരം നല്‍കി. ഞാന്‍ അഗ്നിദേവനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

എന്നേക്കൂടി അഗ്നിഭഗവാന്‍ തന്റെ തേരിലേറ്റിയിട്ട് പറഞ്ഞു: ‘വരൂ, നമുക്ക് രണ്ടാള്‍ക്കും കൂടി അഗ്നിയുടെ ലോകത്തേയ്ക്ക് പോകാം’. ഇത്രയും പറഞ്ഞ് അദ്ദേഹം നിലത്തു വീണുകിടക്കുന്ന ആ സത്വത്തിന്റെ ദേഹത്ത് ചെറിയൊരു സുഷിരമുണ്ടാക്കി. അതിലൂടെ ഞങ്ങള്‍ രണ്ടാളും ആകാശത്തേയ്ക്ക് രക്ഷപ്പെട്ടു.

അവിടെ നിന്നപ്പോഴേ ആ സത്വത്തിന്റെ വലുപ്പം ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചുള്ളൂ. ആ സത്വത്തിന്റെ വീഴ്ചയില്‍ സമുദ്രം കലുഷിതമായി. പട്ടണങ്ങളും നഗരങ്ങളും കാടുകളുമെല്ലാം ഞെരിഞ്ഞു തകര്‍ന്നിരുന്നു. നദികളുടെ ഒഴുക്കും തടസ്സപ്പെട്ടു. എങ്ങും നിലവിളിയും കണ്ണീരും നിറഞ്ഞു. ഭൂമിയ്ക്ക് ആ സത്വത്തിന്റെ ഭാരം താങ്ങാന്‍ വയ്യാതായി.

വിശ്വപ്രളയത്തെ ഓര്‍മ്മിപ്പിക്കുന്ന കൊടുങ്കാറ്റും പേമാരിയും ഉണ്ടായി. ഹിമാലയ പര്‍വ്വതത്തിന്റെ കൊടുമുടികള്‍ പാതാളത്തിലേയ്ക്ക് തകര്‍ന്നടിഞ്ഞു വീണു. സൂര്യന്‍ ഭൂമിയില്‍ പതിച്ചു. ഭൂമി തകര്‍ന്നു തരിപ്പണമായി. ആകാശചാരികള്‍ വീണുകിടക്കുന്ന സത്വം കണ്ട് അത് മറ്റൊരു ഭൂമിയോ പുതിയൊരു വിശ്വം തന്നെയോ, ഭൂമിയില്‍ പതിച്ച ആകാശത്തിന്റെ ഒരു ഭാഗമോ ആണെന്ന് കരുതി. എന്നാല്‍ ഞാന്‍ അതിനെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് മാംസനിര്‍മ്മിതമാണെന്ന് മനസ്സിലായി. ഭൂമി മുഴുവന്‍ ചേര്‍ന്നാലും അതിന്റെ ഒരവയവത്തെ മൂടാന്‍ പോലും ആവില്ലായിരുന്നു.
 
ഇത് കണ്ട് എന്നെ സംരക്ഷിച്ചു ശിഷ്യനെപ്പോലെ സംരക്ഷിച്ചിരുന്ന അഗ്നിഭഗവാനോടു ഞാന്‍ ചോദിച്ചു: ഭഗവാനെ, എന്താണീ കാണുന്നത്?’

അഗ്നിദേവന്‍ പറഞ്ഞു: കുഞ്ഞേ, ഈ ജഡം മൂലം ഉണ്ടായ ദുരിതങ്ങള്‍ ഒന്നൊടുങ്ങട്ടെ എന്നിട്ടാവാം വിശദീകരണം’.

അപ്പോഴെയ്ക്ക് ഭൂമിയ്ക്ക് ചുറ്റുമുള്ള ആകാശത്ത്‌ മാമുനിമാരും സിദ്ധചാരണ ഗന്ധര്‍വന്മാരും ദേവന്മാരും പിശാചുക്കള്‍ മുതലായ  സൂക്ഷ്മശരീരികളായ എല്ലാവരും അണിനിരന്നു.

അവര്‍ തല കുമ്പിട്ട്‌ ദിവ്യമാതാവായ കാളരാത്രിയെ ഇങ്ങിനെ സ്തുതിച്ചു: “വിശ്വത്തെ മുഴുവന്‍ ഭരിക്കുന്നവളും, ബ്രഹ്മാവിനെ തന്റെ വാള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നവളും രാക്ഷസരുടെ തലകളാല്‍ കൊരുത്ത മാല്യമണിഞ്ഞവളും, ഇങ്ങിനെയൊക്കെയാണെങ്കിലും പരമപവിത്രയുമായ,   കറുത്ത ദേഹമുള്ള ആ ദിവ്യജനനി ഞങ്ങളെ പരിരക്ഷിക്കട്ടെ.”

612 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 612

നേദം നേദം സദിത്യേവ വിചാരാനുഭവേ സ്ഥിതം
തഥാപിദമിദം ചേതി ദുര്‍ദൃഷ്ടിര്‍ന നിവര്‍ത്തതേ (6.2/132/17)

ഭാസന്‍ തുടര്‍ന്നു: ഒരിക്കല്‍ ഞാനൊരപ്സരസ്സിനോടോപ്പം ഒരു പൂന്തോട്ടത്തില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന്‍ ഞാനുണര്‍ന്നപ്പോള്‍ ഒരു പുല്‍ക്കൊടിയെന്നപോലെ ഞാന്‍ താഴോട്ടോഴുകിപ്പോകുന്നു. 

ഞാന്‍ ആ അപ്സരസ്സിനോടു ചോദിച്ചു: ‘എന്താണ് സംഭാവിക്കുന്നത്?’

അവള്‍ പറഞ്ഞു: അതോ, ഇവിടെയടുത്ത് ഒരു മലയില്‍ ചന്ദ്രകാന്തക്കല്ലുണ്ട്. 

ചന്ദ്രനുദിക്കുമ്പോള്‍ ആ മലയില്‍ നിന്നും പൊട്ടിവരുന്ന ഉറവകളും അരുവികളും നിറഞ്ഞു മെത്തി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാവുന്നു. അങ്ങുമായി രമിച്ചു സുഖിച്ചതിന്റെ ആലസ്യത്തില്‍ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പ് തരാന്‍ ഞാന്‍ മറന്നുപോയി. ഇത്രയും പറഞ്ഞ് അവള്‍ എന്നെയുമെടുത്ത് നിഷ്പ്രയാസം ആകാശത്തേയ്ക്ക് പറന്നു. പിന്നെ ഒരേഴുകൊല്ലം ഞാന്‍ മന്ദരപര്‍വ്വതത്തിന്റെ മുകളില്‍ അവളുമായി രമിച്ചു കഴിഞ്ഞു. പിന്നീട് ഞാന്‍ സ്വയം പ്രഭരായ ആളുകള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ചുറ്റി നടന്നു. 

കിഴക്ക്, പടിഞ്ഞാറ് തുടങ്ങിയ ദിക്കുകളൊന്നുമില്ലാത്ത ഒരു ലോകത്താണ് പിന്നീട് ഞാന്‍ ചെന്നത്. അവിടെ രാത്രി പകലുകള്‍ ഇല്ല. ശാസ്ത്രങ്ങളോ, വേദങ്ങളോ, ചര്‍ച്ചകളോ, ദേവാസുര വിഭജനങ്ങളോ ഇല്ല.

അമരസോമന്‍ എന്ന പേരുള്ള ഒരു വിദ്യാധരനായിരുന്നു പിന്നെ ഞാന്‍. അതും കഴിഞ്ഞു ഒരു പതിനാലുകൊല്ലം ഞാനൊരു മുനിയായിരുന്നു. അക്കാലത്ത് അഗ്നിഭാഗവാന്റെ വരബലത്താല്‍ ഞാന്‍ ആകാശത്തൂടെ അതിവേഗതയില്‍ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ എവിടെയോ എപ്പോഴോ ഞാന്‍ ആകാശത്തുനിന്നും സമുദ്രത്തിലേയ്ക്ക് നിപതിച്ചു. ആകാശത്തുനിന്നും താഴേയ്ക്ക് പോരുന്നതിന്റെ അനുഭവം എന്നില്‍ ഉണ്ടായി. പിന്നീട് ആകാശഗമനം മാത്രമായിരുന്നു എന്റെ തൊഴില്‍. ഞാന്‍ പരിക്ഷീണനായി, ഏറെനേരം ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ ഞാന്‍ സ്വപ്നലോകത്തേയ്ക്ക് പോയി.

അവിടെയും വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെയും വസ്തുക്കളെയും അനുഭവിച്ച് എന്റെ മനസ്സാകെ കലുഷിതമായിരുന്നു. ഞാന്‍ എന്തൊക്കെ കണ്ടുവോ, അവിടെയെല്ലാം ഞാന്‍ ഒരു നിമിഷത്തേയ്ക്ക് ഉണ്ടായിരുന്നു. അവിടെയും ഇവിടെയും എത്രദൂരെയാണെങ്കിലും എന്റെ ദൃഷ്ടി പതിഞ്ഞിടത്തെല്ലാം ഞാനുണ്ടായിരുന്നു. അങ്ങിനെ ഒരു ലോകത്തുനിന്നും മറ്റൊരിടത്തേയ്ക്ക് അതിവേഗത്തില്‍ സഞ്ചരിച്ച് ഞാന്‍ വര്‍ഷങ്ങള്‍ ഏറെ ചിലവഴിച്ചു.

എന്നാല്‍ അവിദ്യയുടെ പ്രകടഭാവമായ ‘വസ്തു പ്രപഞ്ച’ത്തിന്റെ അറ്റം കാണാന്‍ എനിയ്ക്കായില്ല. കാരണം എന്നില്‍ രൂഢമൂലമായിരുന്ന വെറും  തോന്നല്‍ മാത്രമായിരുന്നല്ലോ അത്. ബാലമനസ്സില്‍ ഉരുവാകുന്ന പ്രേതഭയം പോലെ വെറും ഭ്രമം.

“തീവ്രസാധനയ്ക്കും അന്വേഷണത്തിനും ശേഷം ‘ഇതല്ല സത്യം’, ‘ഇതല്ല സത്ത’, എന്ന് ഞാന്‍ എത്ര കൂലങ്കഷമായി മനസ്സിലുറപ്പിച്ചാലും ‘ഇതുണ്ട്’ എന്ന തോന്നല്‍ എന്നില്‍ നിന്നും വിട്ടുമാറുന്നില്ല.” 

നദിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ജലംപോലെ എന്നില്‍ അനുനിമിഷം സുഖദുഖാദികളുടെ നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. മറ്റൊന്ന് ഞാന്‍ ഓര്‍ക്കുന്നത് വലിയൊരു പര്‍വ്വത നിരയെയാണ്. സൂര്യനോ ചന്ദ്രനോ ഒന്നുമില്ലായിരുന്നു എങ്കിലും അത് സ്വയം പ്രഭതൂകി നിലകൊണ്ടിരുന്നു. ഏകാന്തവാസം കാംഷിക്കുന്ന മുനിവരന്മാരേപ്പോലും ആ കാഴ്ച ആകര്‍ഷിച്ചിരുന്നു. 

611 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 611

ബഹു ദൃഷ്ടം മായാ ദൃശ്യം ബഹു ഭ്രാന്തമഖേദിനാ
വഹ്വേവ ബഹുദാ നൂനമനുഭൂതം സ്മരാമ്യാഹം (6.2/131/30)
ഭാസന്‍ പറഞ്ഞു: ഞാന്‍ പലയിടത്തും അലഞ്ഞു നടന്നു, പലതും കണ്ടു, അനുഭവിച്ചു. എങ്കിലും എനിക്ക് ക്ഷീണം തോന്നിയില്ല. ഞാന്‍ പല കാര്യങ്ങളും വിവിധരീതികളില്‍ അനുഭവിക്കുകയുണ്ടായി എന്നും ഞാന്‍ ഓര്‍ക്കുന്നു.
എനിക്ക് പലപല ദേഹങ്ങളില്‍ക്കൂടി, വിദൂരദേശങ്ങളിലും മറ്റുമായി  ഏറെക്കാലം നിരവധി സുഖ-ദുഖാനുഭവങ്ങള്‍ ഉണ്ടായി.
അനുഗ്രഹങ്ങളും ശാപങ്ങളും നിമിത്തം എനിക്ക്  പലവിധത്തിലുള്ള ദേഹങ്ങളെ സ്വീകരിക്കേണ്ടിവന്നു. എണ്ണമറ്റ വസ്തുക്കളും കാഴ്ചകളും എനിക്ക് അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ട്. എനിക്കെല്ലാമെല്ലാം കാണണമെന്നും അനുഭവിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു താനും. അഗ്നിഭഗവാനില്‍ നിന്നും എനിക്കങ്ങിനെയൊരു വരം ആദ്യമേതന്നെ ലഭിച്ചിരുന്നു.

വിശ്വത്തെപ്പറ്റിയുള്ള അറിവുണ്ടാകണമെന്നതായിരുന്നു എന്നിലുണ്ടായിരുന്ന ആഗ്രഹം. അതുകൊണ്ട് വിവിധ ദേഹങ്ങളില്‍ കുടികൊള്ളുമ്പോഴും ഞാനാ പ്രഥമലക്ഷ്യം മറന്നില്ല. ഒരായിരം കൊല്ലം ഞാനൊരു മരമായിക്കഴിഞ്ഞു. അപ്പോള്‍ എന്റെ മനസ്സ് എന്നില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നതിനാല്‍ പലപല ദുരിതങ്ങളും ഞാന്‍ അക്കാലത്ത് അനുഭവിച്ചു. മനോവ്യാപാരങ്ങള്‍ ഒന്നും കൂടാതെതന്നെ ഞാന്‍ പൂക്കളും കായ്കളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

പിന്നെയൊരു നൂറുകൊല്ലം ഞാന്‍ മേരുപര്‍വ്വതത്തില്‍ മേയുന്ന സുവര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു മാനായിരുന്നു. പുല്ലുമേഞ്ഞു നടന്ന എനിക്ക് സംഗീതത്തോട്‌ ആസക്തിയുണ്ടായിരുന്നു. വളരെ ചെറിയ ജീവിയായ ഞാന്‍ തികച്ചും നിരുപദ്രവിയുമായിരുന്നു.

അമ്പതുവര്‍ഷം ഞാന്‍ ഒരു ശരഭമായിരുന്നു. ആ ജന്മത്തില്‍ എട്ട് കാലുകളുണ്ടായിരുന്ന ഞാന്‍ സിംഹത്തെക്കാള്‍ പ്രബലനുമായിരുന്നു. പിന്നീട് ഞാനൊരു വിദ്യാധരനായി. പിന്നെ ഒരു ഹംസമായി ആയിരത്തിയഞ്ഞൂറു കൊല്ലക്കാലം ഞാന്‍ കഴിഞ്ഞു. ബ്രഹ്മവാഹനമായ ഹംസത്തിന്റെ പുത്രനായിരുന്നു ഞാന്‍. ഒരു നൂറുകൊല്ലം ഞാന്‍ ഭഗവാന്‍ നാരായണന്റെ പാര്‍ഷദന്മാര്‍ പാടുന്ന ദിവ്യസംഗീതം കേട്ടു. 

പിന്നീട് ഞാനൊരു കുറുക്കനായി കാട്ടില്‍ക്കഴിഞ്ഞു. ഞാന്‍ പാര്‍ത്തിരുന്ന ആ കാട്ടിലൊരു മദയാന കാടിളക്കി നടന്നിരുന്നു. ആനയുടെ മുന്നിലകപ്പെട്ടു ഞാന്‍ മൃതപ്രായനായിനില്‍ക്കെ ആനയെ ഒരു സിംഹം കൊന്നു. അതുകഴിഞ്ഞ് ഞാനൊരപ്സരസ്സായി, മറ്റൊരു ലോകത്ത് ഒറ്റയ്ക്ക് ഒരു യുഗത്തിന്റെ പകുതി കഴിയാനിടയായത് ഒരു മുനിശാപത്താലാണ്. പിന്നീട് ഒരു നൂറുകൊല്ലം ഞാന്‍ ഒരു വാല്‍മീക പക്ഷിയായി. എന്റെ കൂടും അതിരുന്ന മരവും നശിച്ചപ്പോള്‍ എന്റെ കൂട്ടുകാരനും എന്നെ വിട്ടുപോയി. 

പിന്നെ ഞാന്‍ ഏറെക്കാലം ദൂരെയൊരിടത്ത് ഏകനായി വസിച്ചു. പിന്നീട് ഞാനൊരു താപസനായി കുറച്ച് അനാസക്തിയൊക്കെ പരിശീലിച്ചു വരവേ പല കാര്യങ്ങളും കാണുകയുണ്ടായി. ജലം മാത്രം കൊണ്ട് നിര്‍മ്മിതമായ ഒരു ലോകം ഞാന്‍ കണ്ടു. 

മറ്റൊരിടത്ത് ഒരു സ്ത്രീയുടെ ദേഹത്ത് മൂന്നു ലോകങ്ങളും ഒരു കണ്ണാടിയില്‍ എന്നവണ്ണം പ്രതിഫലിച്ചതായി ഞാന്‍ കണ്ടു. അവളോട് ആരാണ് നീ എന്ന് ചോദിക്കവേ അവള്‍ പറഞ്ഞു: ഞാന്‍ ശുദ്ധബോധമാണ്. ലോകങ്ങള്‍ എന്റെ അവയവങ്ങളാണ്. അങ്ങയില്‍ ഞാന്‍ വിസ്മയത്തെ ഉണ്ടാക്കിയതുപോലെ മറ്റെല്ലാ വസ്തുക്കളും വിസ്മയകരംതന്നെ. എല്ലാറ്റിനേയും ഇതേ രീതിയില്‍ അത്ഭുതത്തോടെ, വിസ്മയത്തോടെ കാണാന്‍ കഴിയുന്നതുവരെ അങ്ങേയ്ക്ക് ഒന്നിന്റെയും സത്യസ്ഥിതി അറിയാന്‍ കഴിയില്ല. ലോകങ്ങള്‍ ഒരുവന്റെ സ്വന്തം അവയവങ്ങളത്രേ. സ്വപ്നത്തില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെന്നപോലെ ഞാന്‍ എല്ലാവരെയും കേള്‍ക്കുന്നു.

എണ്ണമറ്റ ജീവികള്‍ അവളില്‍ ഉണ്ടായിട്ട് അവളില്‍ത്തന്നെ വിലയിക്കുന്നു. വേറൊരിടത്ത് ആകാശത്ത് ഞാനൊരസാധാരണമായ മേഘത്തെ കണ്ടു. അതില്‍ നിന്നും പരസ്പരം കൂട്ടിയിടിക്കുന്ന ശരങ്ങളുടെ അതിഭീകര ശബ്ദം ഉയര്‍ന്നിരുന്നു. ആ മേഘം ഭൂമിയില്‍ പെയ്തത് ആയുധവര്‍ഷമായിരുന്നു.

മറ്റൊരുലോകം ആകെ ഇരുട്ട് മൂടിയതായിരുന്നു. അവിടത്തെ ഗ്രാമങ്ങള്‍ അകലെയേതോ ലോകത്തേയ്ക്ക് പറന്നകന്നു പൊയ്ക്കൊണ്ടിരുന്നു. അങ്ങയുടെ ഗ്രാമം ഞാന്‍ മറ്റൊരു ലോകത്ത് കണ്ടിരുന്നു. ഇനിയും മറ്റൊരിടത്ത് എല്ലാ ജീവികളും കാഴ്ചയില്‍ ഒരേപോലെയായിരുന്നു. മറ്റൊരു ലോകത്ത് സൂര്യചന്ദ്രന്മാരോ നക്ഷത്രങ്ങളോ ഇല്ലായിരുന്നു. എന്നാലവിടെ ഇരുട്ടും ഉണ്ടായിരുന്നില്ല. അവിടത്തെ ജീവികള്‍ സ്വയം പ്രഭരായിരുന്നു. അവരാണ് ആ ലോകത്തെ പ്രകാശമാനമാക്കിയത്.

ഞാന്‍ കാണാത്ത ലോകങ്ങളോ എനിയ്ക്ക് വേദ്യമാവാത്ത അനുഭവങ്ങളോ ഇല്ല.

Sep 6, 2014

610 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 610

കല്പനം തത്പരം ബ്രഹ്മ പരം ബ്രഹ്മൈവ കല്പനം
ചിദ്രൂപം നാനയോര്‍ഭേദ: ശൂന്യത്വാകാശയോരിവ (6.2/131/20)
വിശ്വാമിത്രന്‍ പറഞ്ഞു: രാജാവേ, ഉന്നതമായ ജ്ഞാനമാര്‍ജ്ജിക്കാത്തതിനാല്‍, പ്രബുദ്ധതയെ പ്രാപിക്കാതെ ഈ സംസാരത്തില്‍ അനേകംപേര്‍ അലയുന്നുണ്ട്. ഉദാഹരണത്തിന് പതിനേഴു ലക്ഷം വര്‍ഷങ്ങള്‍ സംസാരത്തില്‍ ഉഴന്നു ജീവിച്ച ഒരു രാജാവുണ്ടായിരുന്നു. 
അങ്ങിനെയുള്ള ജനങ്ങൾ നിരന്തരമായി വിഷയവസ്തുക്കളെപ്പറ്റി അന്വേഷിക്കുകയും അവയുടെ സ്വഭാവത്തെപ്പറ്റി നിരന്തരം പഠിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
ഈ സൃഷ്ടി നിലകൊള്ളുന്നത് അനന്തവിഹായസ്സില്‍ ബ്രഹ്മാവിന്റെ മനസ്സില്‍ വിരിഞ്ഞ സങ്കല്‍പ്പമായി മാത്രമാണ്.
ഒരു കളിപ്പന്തിനുമുകളില്‍ ഉറുമ്പ് നീങ്ങുന്നതുപോലെ ഭൂഗോളത്തിന് മുകളില്‍ മനുഷ്യര്‍ സദാ ചലനത്തിലാണ്. ആകാശത്ത് ‘താഴെ’, ‘കീഴെ’, തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഇല്ല. എന്നാല്‍ വസ്തുക്കള്‍ നിപതിക്കുന്ന ദിശയ്ക്ക് ‘താഴെ’ എന്നും പക്ഷികള്‍ പറന്നു പോകുന്ന ദിശയ്ക്ക് ‘ഉയരെ’ എന്നും പറഞ്ഞ് വരുന്നു എന്ന് മാത്രം.  

ഈ ലോകത്ത് ‘വാതധനം’ എന്നൊരിടമുണ്ട്. അവിടെ മൂന്നു രാജകുമാരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ലോകത്തിന്റെ അതിരറ്റങ്ങള്‍ വരെ പോയി എന്തൊക്കെയാണ് ലോകത്തുള്ളതെന്നു കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. കുറച്ചുകാലം അവര്‍ ഭൂമിയിലുള്ള വസ്തുക്കളെ നിരീക്ഷിച്ചു. പിന്നീട് സമുദ്രങ്ങളിലെ വസ്തുക്കളെ പഠിച്ചു. എല്ലാക്കാര്യങ്ങളും പരിപൂര്‍ണ്ണമായി അറിയണമെന്ന ആഗ്രഹത്തോടെ വിഷയങ്ങളെ നിരീക്ഷിച്ചും പഠിച്ചും അവര്‍ അനേകജന്മങ്ങള്‍ കഴിച്ചു കൂട്ടി.

അവര്‍ക്ക് ലോകത്തിന്റെ അങ്ങേയറ്റം വരെ പോകാനായില്ല. അവര്‍ എല്ലായ്പ്പോഴും പന്തിനുമുകളിലെ ഉറുമ്പുകളെപ്പോലെ ഭൂഗോളത്തിന്റെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് നീങ്ങിക്കൊണ്ടേയിരുന്നു. അവരിപ്പോഴും ഭൂമിയില്‍ ചുറ്റി അലയുകയാണ്. ഈ സംസാരമെന്ന ഭ്രമക്കാഴ്ചയ്ക്ക് അവസാനമില്ല. അനന്തമായ ബോധത്തില്‍ വിക്ഷേപിക്കപ്പെട്ടതിനാല്‍ ഈ ഭ്രമക്കാഴ്ചയും അനന്തമായിത്തന്നെ നിലകൊള്ളുന്നു.

“പരബ്രഹ്മം’ എന്നതാണ് സത്യവും സങ്കല്‍പ്പവും. അത് തന്നെയാണ് സത്യവും മിഥ്യയും. രണ്ടും ശുദ്ധമായ അവബോധമാകുന്നു. ആകാശവും ശൂന്യതയുമെന്നപോലെ ഇവ രണ്ടും തമ്മില്‍ യാതൊരു വത്യാസവുമില്ല.”

ജലത്തിലെ ചുഴികളും മലരികളും എല്ലാം ജലം തന്നെയാകുന്നു. ബോധവിഭിന്നമായി ഒന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ലാത്തപ്പോള്‍ ബോധമല്ലാതെ എന്തുണ്ടാകാനാണ്?

അനന്തബോധത്തിനു വിശ്വമായി സ്വയം പ്രഭമാകാന്‍ (പ്രകടമാവാന്‍) സ്വേച്ഛപോലും വേണ്ട.
അനന്തബോധത്തിന് എന്തെന്തു രൂപഭാവങ്ങളേയും എപ്പോള്‍ വേണമെങ്കിലും വിക്ഷേപിക്കാം. ഇവയ്ക്കൊത്ത അനുഭവങ്ങളെ എത്രകാലം വേണമെങ്കില്‍ സ്വാംശീകരിക്കാം. ബോധത്തിന്റെ ഏറ്റവും ചെറിയ കണികയില്‍ പോലും അനന്തമായ, ചെറുതും വലുതുമായ എല്ലാത്തരം അനുഭവങ്ങളുടെയും സാദ്ധ്യത അന്തര്‍ലീനമാണ്. പര്‍വ്വതങ്ങളില്‍ ചെറുകല്ലുകളും പാറകളും സഹജമായി കാണുമല്ലോ. അനുഭവങ്ങള്‍ അതത് നിയതാനുഭവങ്ങളായി എല്ലായിടത്തും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ സത്യത്തില്‍ അവയും അനുഭവങ്ങളല്ല. അവ അനന്തമായ ബോധം തന്നെയാണ്. ഈ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് ലോകം. ബ്രഹ്മത്തിന്റെ ഭാസുരപ്രഭയേറിയ പ്രകടിതഭാവം.

എത്ര വിസ്മയകരമെന്നു നോക്കൂ, സ്വയം തന്റെ അനന്തസ്വത്വത്തെ നിരാകരിക്കാതെതന്നെ  ബ്രഹ്മം സ്വയം ‘ഞാനൊരു ജീവനാണ്’ എന്ന് ചിന്തിക്കുന്നു.!

അല്ലയോ ഭാസരാജാവേ, ഇനി അങ്ങയുടെ പൂര്‍വ്വാനുഭവങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞാലും. 

609 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 609

യേനൈവാഭ്യുദിതാ യസ്യ തസ്യ തേനാ വിനാ ഗതി:
ന ശോഭതേ ന സുഖദാ ന ഹിതായ ന സത്ഫലാ (6.2/130/2)
രാമന്‍ ചോദിച്ചു: ഈ മാന്‍കിടാവിന്റെ ഇന്നത്തെ ദൌര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്നും അതിനെങ്ങിനെയാണ് ആരുവഴിയാണ് മുക്തിലഭിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: ഈയവസ്ഥയില്‍ നിന്നും മുക്തിയ്ക്കുള്ള വഴി അതിന്റെ മൂലകാരണം എന്താണോ അത് തന്നെയാണ്. മറ്റൊരു വഴിയും പൂര്‍ണ്ണമല്ല. കാരണം മറ്റുള്ള മാര്‍ഗ്ഗങ്ങളിലൊന്നും ആനന്ദമോ നന്മയോ ഫലപ്രാപ്തിയോ ഉണ്ടാവുകയില്ല.

വിപശ്ചിത്‌ രാജാവ് അഗ്നിയെ പൂജിച്ചിരുന്നുവല്ലോ?  ഈ മാന്‍ അഗ്നിയില്‍ പ്രവേശിക്കുന്നതോടെ തീയിലുരുക്കി തെളിയിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ തിളക്കം ഏറുന്നതുപോലെ അദ്ദേഹം തന്റെ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതാണ്. നോക്കൂ ഞാന്‍ ഈ മാനിനെ അഗ്നിയിലേയ്ക്ക് ആനയിക്കാം.

വാല്‍മീകി പറഞ്ഞു: വസിഷ്ഠന്‍ ഇങ്ങിനെ പറഞ്ഞ് തന്റെ കമണ്ഡലുവില്‍ നിന്ന് ഒരല്പം ജലമെടുത്ത് ആചമനം ചെയ്തു. പെട്ടെന്ന് ആ സഭാ മദ്ധ്യത്തില്‍ത്തന്നെ വിറകില്ലാതെതന്നെ ഒരഗ്നികുണ്ഡം സംജാതമായി. പുകയോ സ്ഫുലിംഗങ്ങലോ ഇല്ലാതെ അഗ്നിനാളം മാത്രം ആളിക്കത്തി. സഭാമദ്ധ്യത്തില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുമാറി. മാന്‍കിടാവ് തീയുടെ ജ്വാലകണ്ട് ആവേശത്തോടെ തുള്ളിച്ചാടാനും തുടങ്ങി.
വസിഷ്ഠന്‍ ധ്യാനമഗ്നനായിരുന്നു. പൂര്‍വ്വവാസനകളില്‍ നിന്നും മുക്തമാകാന്‍ മൃഗത്തെ അദ്ദേഹം അനുഗ്രഹിച്ചു. അഗ്നിദേവനോട് അദ്ദേഹമിങ്ങിനെ  പ്രാര്‍ത്ഥിച്ചു: പൂര്‍വ്വജന്മത്തെക്കരുതി മൃഗാവസ്ഥയില്‍ നിന്നും വിപശ്ചിത്‌ രാജാവിന്റെ അവസ്ഥയിലേയ്ക്ക് ഇദ്ദേഹത്തെ പുനസ്ഥാപിച്ചാലും. മാമുനി ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് മാന്‍ ആഹ്ലാദത്തോടെ അഗ്നിയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.

മാന്‍ കുറച്ചുനേരം അഗ്നിയില്‍ വിശ്രമിച്ചു. എല്ലാവരും നോക്കി നില്‍ക്കേ സാവധാനം ആ മൃഗരൂപം മാറി ഒരു മനുഷ്യരൂപം ഉരുവായി. ഐശ്വര്യം പ്രോജ്വലിക്കുന്ന സുന്ദരനായ ഒരു മനുഷ്യന്‍. അയാള്‍ പുറത്തുവന്ന ഉടനെ സഭയില്‍ നിന്നും അഗ്നി അപ്രത്യക്ഷമായി.

സഭാവാസികള്‍ ഒന്നടങ്കം പറഞ്ഞു: ‘എന്തൊരു ഭാസുരപ്രഭയാണ് ഈ മനുഷ്യന്റെ മുഖത്ത് വിളയാടുന്നത്! സൂര്യനെപ്പൊലെ ജാജ്വല്യമാണാ മുഖം. ഇയാള്‍ തീര്‍ച്ചയായും ഭാസനെന്ന പേരില്‍ത്തന്നെ പുകള്‍ നേടാന്‍ പോകുന്നു.
 
ഒരു നിമിഷം ധ്യാനിച്ചപ്പോള്‍ ഭാസന് തന്റെ പൂര്‍വജന്മങ്ങളെപ്പറ്റി ഓര്‍മ്മയുണ്ടായി. സഭയിലെ ബഹളവും ഉദ്വേഗവും ഒടുങ്ങി വീണ്ടും അവിടെ നിശ്ശബ്ദത കളിയാടി. ഭാസന്‍ എഴുന്നേറ്റ് ചെന്ന് വസിഷ്ഠമുനിയെ വന്ദിച്ചു. മുനി അദ്ദേഹത്തെ അനുഗ്രഹിച്ചു. ‘നിന്നെ ചൂഴ്ന്നുനിന്ന് പീഢിപ്പിച്ചിരുന്ന അജ്ഞാനവലയം നിന്നെ വിട്ടു പോകട്ടെ’.

ഭാസന്‍ രാമനെയും വന്ദിച്ചു, സ്തുതിച്ചു. 

ദശരഥന്‍ ഭാസനെ സ്വീകരിച്ചിരുത്തി. ‘രാജാവേ, വരൂ, ആസനസ്ഥനായാലും. അങ്ങ് ഈ ലോകത്തിലെല്ലാടവും ഏറെക്കാലമായി സംസാരത്തില്‍പ്പെട്ടുഴറി  അലഞ്ഞുവല്ലോ. ഇനി വിശ്രമിച്ചാലും.

മുനിമാരും മറ്റും നിറഞ്ഞ ആ സഭയില്‍ ഭാസന്‍ ആസനസ്ഥനായി.

ദശരഥന്‍ തുടര്‍ന്നു: ചങ്ങലയ്ക്കിട്ടു നിയന്ത്രിക്കുന്ന ഒരാനയെപ്പോലെ വിപശ്ചിത്‌ എണ്ണമറ്റ പരീക്ഷണങ്ങളിലൂടെ കടന്നുപോയി. ദര്‍ശനവൈകല്യവും സത്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും മൂലം എന്തെന്തു ദുരിതങ്ങളാണ് ജീവികള്‍ അനുഭവിക്കേണ്ടിവരുന്നത്! വാസ്തവത്തില്‍ അസത്തും ഉണ്മയില്ലാത്തതുമായതാണെങ്കിലും ഈ ഭ്രമാത്മകദൃശ്യത്തിന്റെ, മായയുടെ ശക്തി എത്ര  അപാരം! അനന്തമായ ബോധത്തില്‍, മിഥ്യയാണെങ്കിലും അത് എത്രയെത്ര വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെയും അനുഭവങ്ങളേയുമാണ് ‘സൃഷ്ടി’ക്കുന്നത്!   

608 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 608

അവയവാനവയവീ നിത്യം വേത്തി യഥാഖിലാന്‍
തഥാ സര്‍വാനഹം വേദ്മി ബ്രഹ്മണ്യാത്മന്യവസ്ഥിതാന്‍ (6.2/129/38)

രാമന്‍ ചോദിച്ചു: വിപശ്ചിത്ത് രാജാവിന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ നിര്‍മ്മിച്ച വിശ്വത്തിന്റെ അതിരറ്റങ്ങളില്‍ എത്താന്‍ എന്തുകൊണ്ടാണ് സാധിക്കാതെ വന്നത്?
വസിഷ്ഠന്‍ പറഞ്ഞു: താന്‍ സ്വയം ഉരുവായിക്കഴിഞ്ഞ ഉടനെ ബ്രഹ്മാവ്‌ തന്റെ രണ്ടുകൈകള്‍ കൊണ്ട് ആകാശത്തെ തള്ളി അകത്തി. അപ്പോള്‍ മുകളിലുള്ള ഭാഗം ഏറെ മുകളിലേയ്ക്കുയര്‍ന്നും താഴെയുള്ള ഭാഗം ഏറെ താഴേയ്ക്കു നിപതിച്ചും അകന്നു പോയി. ഈ രണ്ടറ്റത്തിനും ഇടയിലാണ് സൃഷ്ടിക്കപ്പെട്ട എല്ലാമെല്ലാം നിലകൊള്ളുന്നത്. ഈ രണ്ടു പരമകാഷ്ഠകള്‍ക്കും ഇടയിലുള്ള ഇടമാണ് ആകാശം. നീലനിറത്തില്‍ അനന്തമായി കാണുന്ന വിഹായസ്സാണിത്.

ജലത്തിനോ മറ്റുഭൂതങ്ങള്‍ക്കോ ആകാശത്തെ മലീമസമാക്കാന്‍ കഴിയില്ല. അവയൊന്നും ആകാശത്തില്ല. എന്നാല്‍ പഞ്ചഭൂതങ്ങളായ ജലം, വായു, മുതലായവയെപ്പറ്റി സ്മരിക്കുന്ന മാത്രയില്‍ ആകാശം ഉണ്ടാവുകയായി. മറ്റുള്ളവരില്‍ ഉരുവാകുന്ന പ്രതീതികള്‍ മാത്രമാണീ പഞ്ചഭൂതങ്ങള്‍.

തന്നിലെ അവിദ്യയുടെ ആഴമളക്കാന്‍ വിപശ്ചിത്‌ നക്ഷത്രഖചിതമായ വിഹായസ്സിനെ സസൂക്ഷ്മം നിരീക്ഷിച്ചു. ബ്രഹ്മം അനന്തമാണ്. അതുകൊണ്ട് ബ്രഹ്മത്തെക്കുറിച്ചുള്ള അജ്ഞാനവും അനന്തം.

അജ്ഞാനം ഉള്ളത് ബ്രഹ്മത്തെ അറിയാതിരിക്കുമ്പോഴാണ്. സത്യസാക്ഷാത്ക്കാരത്തില്‍ അവിദ്യയെന്ന സങ്കല്‍പ്പംപോലും ഇല്ലേയില്ല. എത്രയെത്ര ദൂരം പോയാലും വിപശ്ചിത്‌ അവിദ്യയുടെ തലത്തില്‍ത്തന്നെയായിരുന്നു അലഞ്ഞിരുന്നത്. മറ്റു മൂന്നുപേരില്‍ ഒരാള്‍ പ്രബുദ്ധനായി, ഒരാള്‍ മാനായി, മറ്റേയാള്‍ അജ്ഞാനത്തില്‍ ഇപ്പോഴും അലയുന്നു.

ഏറെ ദൂരെയുള്ള ലോകങ്ങളില്‍ അലയുന്ന ആ രണ്ടുപേരെ നമ്മുടെ ബോധത്തില്‍ കാണുന്നില്ല. എന്നാല്‍ മാനായി കഴിയുന്നയാള്‍ നമ്മുടെ അറിവിന്റെ പരിധിയില്‍ത്തന്നെയാണ്. ദൂരെ ദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് അവസാനം മാനായി മാറിയ ആ വിപശ്ചിത്‌ ജീവിക്കുന്ന ലോകം അനന്താവബോധത്തിന്റെ ഒരു വിദൂരകോണില്‍ നിലകൊള്ളുന്ന ലോകം തന്നെയാണ്.

രാമന്‍ ചോദിച്ചു: ഭഗവന്‍, വിപശ്ചിത്‌ ഈ ലോകത്ത് ജീവിച്ചു. ഇവിടെ നിന്ന് പോവുകയും ചെയ്തു. പക്ഷെ എങ്ങിനെയാണദ്ദേഹം ഒരു മാനായിത്തീര്‍ന്നത്?

വസിഷ്ഠന്‍ പറഞ്ഞു: “ഒരാള്‍ക്ക് തന്റെ അവയവങ്ങളെ അറിയാന്‍ കഴിയുന്നതുപോലെ എനിക്ക് ബ്രഹ്മത്തില്‍ ഉള്ള എല്ലാറ്റിനെപ്പറ്റിയും അറിയാം. എന്റെ ആത്മാവാണല്ലോ ബ്രഹ്മം.!”

ഭൂതകാലത്തിന് ഭാവിയേയോ ഭാവിക്ക് ഭൂതത്തെയോ അറിയില്ല. എന്നാല്‍ ബോധം കാലത്താല്‍ വിഭിന്നമാക്കപ്പെടാത്ത സത്തയാണ്. അതെല്ലാറ്റിനെയും അറിയുന്നു. അതില്‍ എല്ലാമെല്ലാം, ‘ഇപ്പോള്‍’, ‘ഇവിടെ’യാണ്. ഒരുപക്ഷേ, സാധാരണക്കാരുടെ കാഴ്ചയില്‍ ചിലതെല്ലാം ‘ദൂരെ’ എന്ന് തോന്നിയേക്കാമെങ്കിലും സത്യം ഇതാണ്.

അങ്ങിനെ വിപശ്ചിത്‌ സഞ്ചരിച്ച ലോകങ്ങളെ എനിക്ക് കാണാനായി. ഈ ലോകത്ത് അദ്ദേഹം എങ്ങിനെയൊരു മാനായി എന്നും ഞാന്‍ കണ്ടു. ആ മാന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. നിനക്കായി ത്രിഗര്‍ത്തത്തിലെ രാജാവ് നല്‍കിയ സമ്മാനമാണ് ആ മാന്‍കിടാവ്.

വാല്മീകി പറഞ്ഞു: വസിഷ്ഠന്‍ ഇത് പറയവേ രാമനും സഭാവാസികളുമെല്ലാം അത്ഭുതപരതന്ത്രരായി. ആ മാനിനെ സഭയിലേയ്ക്ക് കൊണ്ടുവരാന്‍ രാമന്‍ കുറച്ചു ബാലന്മാരെ അയച്ചു.

സഭാവസികളെല്ലാവരും പറഞ്ഞു. ‘മായാശക്തിയെത്ര  അപരിമേയം! എത്ര അനന്തവിസ്മയം! 

607 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 607

ദേശകാലക്രിയാധ്യേതദേകതാ വാസനൈകതാ
തയോര്യദേവ ബലവത്തദേവ ജയതി ക്ഷണാത് (6.2/129/7)

വസിഷ്ഠന്‍ തുടര്‍ന്നു: ഭൂഖണ്ഡങ്ങള്‍ തോറും ഏറെക്കാലം ചുറ്റി നടന്ന് ബ്രഹ്മദേവന്റെ അനന്താകാശത്തിലെത്തി കോടാനുകൊടി ലോകങ്ങളെയും ദര്‍ശിച്ചശേഷമാണ്മ മറ്റെ വിപശ്ചിത്തിന് അതേ തലത്തില്‍ എത്താനായത്. അദ്ദേഹം അവിടെ ഇപ്പോഴും വസിക്കുന്നു. സ്വന്തം മനോപാധികളില്‍പ്പെട്ടുഴറിയ മറ്റൊരു വിപശ്ചിത്ത് തന്റെ ദേഹം സംത്യജിച്ചു പിന്നെയൊരു മാനായി മാറി, ഇപ്പോള്‍ ഒരു മലയില്‍ക്കഴിയുന്നു.

രാമന്‍ ചോദിച്ചു: ഈ വിപശ്ചിത്‌ രാജാവിന്റെ മനോപാധിയാകുന്ന വാസന ഒന്നല്ലേയുള്ളൂ? പിന്നെ അതെങ്ങിനെ നാല് പേരായി?

വസിഷ്ഠന്‍ പറഞ്ഞു: ജീവികളുടെ വാസനകള്‍ ബലവത്താവുന്നതും ക്ഷീണിതമാവുന്നതും  ആവര്‍ത്തിച്ചുള്ള കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും കൊണ്ടാണ്. കാലദേശകര്‍മ്മാനുസാരിയാണ് ഈ വാസനകള്‍. വാസനകള്‍ ക്ഷീണിതമാവുമ്പോള്‍ അവയ്ക്ക് മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ പ്രബലവും രൂഢമൂലവുമായ വാസനകള്‍ മാറ്റമില്ലാതെ തുടരുന്നു.

“ഒരുവശത്ത് കാലം, ദേശം, വാസനാപ്രചോദിതമായി ആവര്‍ത്തിക്കുന്ന കര്‍മ്മം, എന്നിവയും മറുവശത്ത് മനോപാധികളാവുന്ന, മനസ്സില്‍ വേരൂന്നിയ വാസനകളുമാണ്. സന്ദര്‍ഭങ്ങളും വാസനകളും പരസ്പരം ഇഴചേര്‍ന്ന് വര്‍ത്തിക്കുകയാണ്.” ഇവയില്‍ പ്രബലമായത് വിജയിക്കുന്നു.

അതിനാല്‍ ഈ നാല് വിപശ്ചിത് രാജാക്കന്മാരേയും നാനാ ദിശകളിലേയ്ക്ക് ആദ്യമായി വലിച്ചുകൊണ്ടുപോയത് അവരിലെ വാസനകള്‍ തന്നെയാണ്. തുടക്കത്തില്‍ ആ വാസനകള്‍ ഒന്നുതന്നെയായിരുന്നു. എന്നാലതില്‍ രണ്ടുപേര്‍ അജ്ഞാനത്തിന്റെ പിടിയില്‍ അമര്‍ന്നു. ഒരാള്‍ പ്രബുദ്ധനായി. മറ്റെയാള്‍ ഒരു മാനായിത്തീര്‍ന്നു.
 
അജ്ഞാനത്തില്‍പ്പെട്ട ആ രണ്ടുപേര്‍ ഇപ്പോഴും അതില്‍നിന്നു കരകയറാന്‍ വഴികാണാതലയുന്നു. നിയതമായ ഉണ്മ ഇല്ലാത്തതിനാല്‍ അജ്ഞാനത്തെയും (അവിദ്യ) അനന്തമെന്നു പറയാം. എന്നാല്‍ ആത്മപ്രകാശം അങ്കുരിക്കുന്നതോടെ, ഇമചിമ്മുന്ന നേരംകൊണ്ട് അവിദ്യയുടെ ഇരുള്‍ മാഞ്ഞു വെളിച്ചമാകുന്നു.

ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക്, ഒരു ലോകത്തുനിന്നും മറ്റൊന്നിലേയ്ക്ക് പോയ വിപശ്ചിത്‌ ഭ്രമകല്‍പ്പിതമായ സൃഷ്ടികളെ ദര്‍ശിക്കുകയുണ്ടായി. ആ ഭ്രമകല്‍പ്പനയും ബ്രഹ്മം തന്നെ. അയാള്‍ എങ്ങിനെയോ ഒരു മഹാത്മാവുമായി സത്സംഗത്തിനിടയായി. ഭ്രമകല്‍പ്പിതമായ ലോകമെന്ന പ്രതീതിയ്ക്ക് പിറകിലുള്ള സത്യത്തെപ്പറ്റി അദ്ദേഹത്തിനറിവുണ്ടായത് ഈ മഹാത്മാവിന്റെ സഹായത്താലാണ്. സത്യസാക്ഷാത്കാരം ഉണ്ടായ ക്ഷണത്തില്‍ അദ്ദേഹത്തിലെ അജ്ഞാനവും അതുകൊണ്ട് തന്നെ അജ്ഞാനവാഹകനായ തന്റെ ദേഹവും ഇല്ലാതെയായി. ആ വിപശ്ചിത് ബ്രഹ്മമായി, അനന്താവബോധമായിത്തീര്‍ന്നു.

രാമാ, ഇതാണ് വിപശ്ചിത്തിന്റെ കഥ. അജ്ഞാനം ബ്രഹ്മം പോലെതന്നെ അനന്തമാണ്‌. കാരണം ബ്രഹ്മഭിന്നമായി അജ്ഞാനത്തിനു സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ലല്ലോ. അനന്തമായ ബോധം 'അവിടെയും', 'ഇവിടെയും'; 'ഇപ്പോഴും', 'അപ്പോഴും', എണ്ണമറ്റ വിശ്വങ്ങളെ കാണുന്നു. സത്യം സാക്ഷാത്കരിക്കുന്നതുവരെ  അത് അജ്ഞാനം. സത്യം തെളിയുമ്പോള്‍ അതേ ബോധംതന്നെയാണ്‌ ബ്രഹ്മം. വാസ്തവത്തില്‍ ഇവ തമ്മില്‍ അന്തരമേതുമില്ല. ഏതെങ്കിലും തരത്തില്‍ ആരോപിക്കുന്ന വ്യതിരിക്തത അജ്ഞാനം തന്നെയാണല്ലോ. അതും ഉദിച്ചുയരുന്നത് ബോധത്തിലാണ്. അത് ബോധവിഭിന്നമാവുന്നതെങ്ങിനെ? അതിനാല്‍ ലോകമായി കാണുന്നതും ബ്രഹ്മം തന്നെയാണ്. ബോധം, ലോകം എന്നിങ്ങിനെയുള്ള വിഭജനാത്മകതയും ബ്രഹ്മമാണ്. എല്ലാം അനന്തമായ ബോധം തന്നെയാകുന്നു.

606 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 606

ജഗത്സ്വപ്നേഷു ചാന്യേഷു സംസ്ഥാനകഥനേന കിം
ന ഹ്യോപയോഗികാദന്യാ കഥാ ഭവതി ധീമതാം (6.2/128/3)
വസിഷ്ഠന്‍ തുടര്‍ന്നു: വിശ്വത്തെപ്പറ്റി ഞാന്‍ നിനക്ക് വിവരിച്ചു പറഞ്ഞ് തന്നത് എന്റെ നേരനുഭാവത്തില്‍ നിന്നുമാണ്. അതെന്റെ അനുമാനങ്ങളോ ഊഹങ്ങളോ അല്ല. എന്നാൽ ഇതൊന്നും കൂടാതെ മറ്റനേകം വിശ്വങ്ങളും ഉണ്ടെന്നറിയുക.
“സ്വപ്നസമാനമായ ലോകത്തെയും മറ്റു കാര്യങ്ങളെയും പറ്റി അധികമായി ഗവേഷണം ചെയ്യുന്നതില്‍ എന്താണ് കാര്യം? ജ്ഞാനികള്‍ ഇത്തരം വ്യര്‍ത്ഥകര്‍മ്മങ്ങളില്‍ വ്യാപൃതരാവുകയില്ല.”
വടക്കെ അറ്റത്ത് മേരുപര്‍വ്വതവും തെക്കേയറ്റത്ത് ലോകാലോക പര്‍വ്വതനിരകളുമാണുള്ളത്. ബോധത്തിന്റെ വിവിധ തലങ്ങളില്‍ നിലകൊള്ളുന്നവര്‍ക്ക് വൈവിദ്ധ്യമാര്‍ന്ന ലോകാനുഭവങ്ങള്‍ ഉണ്ടാവുന്നു. ലോകമൊരു ഭൌതീകവസ്തുവായി അവര്‍ക്ക് അനുഭവപ്പെടുന്നു. മറ്റുള്ളവര്‍ക്ക് ആ അനുഭവം ഉണ്ടാകണമെന്നില്ല. 

വിശ്വഗോളത്തിന്റെ രണ്ടറ്റത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. അതിനപ്പുറം വിശ്വമാകെ ജലത്തില്‍ മുങ്ങിയിരിക്കുന്നു. അത് വിശ്വത്തിന്റെ ഏതാണ്ട് പത്തുമടങ്ങ് വലുപ്പമുള്ള ഇടമാണ്. ഈ ജലധിക്കപ്പുറം അതിന്റെയും പത്തുമടങ്ങ് വിസ്താരത്തില്‍ അഗ്നിമണ്ഡലം. അതിനുമപ്പുറം വായുമണ്ഡലം. പിന്നെ ആകാശമണ്ഡലം. എല്ലാം തൊട്ടു മുന്നിലത്തെതിന്റെ പത്തിരട്ടി വിസ്താരമേറിയതാകുന്നു. ഇപ്പറഞ്ഞ മണ്ഡലങ്ങള്‍ക്കെല്ലാമപ്പുറമാണ് അനന്തവിഹായസ്സ്. അത് ഇരുട്ടോ വെളിച്ചമോ ഇല്ലാത്ത ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധം മാത്രമാണ്.
അവിടെ കോടിക്കണക്കിന് വിശ്വങ്ങള്‍ ആവര്‍ത്തിച്ചുണ്ടായി മറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ലോകങ്ങളെക്കുറിച്ചു ധാരണകള്‍ പുലര്‍ത്താന്‍ അവിടെ ജീവജാലങ്ങള്‍ ഇല്ല. അതിനാല്‍ ആ ലോകങ്ങള്‍ എപ്രകാരമാണോ അതുപോലെ യഥാതഥമായി നിലകൊള്ളുന്നു.

ഇനി ലോകാലോക പര്‍വ്വതത്തിനു മുകളില്‍ നിന്ന വിപശ്ചിത്‌ രാജാവിനെന്തു പറ്റിയെന്നു കേട്ടാലും. മരണശേഷം തന്റെ ദേഹം വലിയൊരു കഴുകന്‍ കൊത്തിത്തിന്നുന്നതായി അദ്ദേഹം കണ്ടു. കടന്നുചെല്ലാന്‍ അദ്ദേഹത്തിന്‍റെ ബോധസീമയില്‍ മറ്റൊരു ദേഹം ഉണ്ടായിരുന്നില്ല. എന്നാലദ്ദേഹം പൂര്‍ണ്ണപ്രബുദ്ധതയെ പ്രാപിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും കര്‍മ്മകുശലനാവാനുള്ള ചോദനയുണ്ടായിരുന്നു താനും. കര്‍മ്മങ്ങള്‍ക്ക് ദേഹം വേണമെന്നില്ലല്ലോ. 

മനസ്സ് മായക്കാഴ്ചകളായും സ്വപ്നങ്ങളായും വിഭ്രാന്തികളായും ഓരോരോ ‘ക്ഷേത്ര’ങ്ങളെ സ്വയമുണ്ടാക്കുന്നു. അതാണ്‌ ആതിവാഹികനെന്ന സൂക്ഷ്മദേഹം. അതിനാല്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുന്നത് വരെ ഈ ആതിവാഹികന്റെ സ്വഭാവത്തെ നിരീക്ഷിക്കുക. എവിടെയാണ് ദ്വന്ദത? എവിടെയാണ് രാഗദ്വേഷങ്ങള്‍? ‘ഇതെല്ലാം ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധമായ ശിവം മാത്രം. ഈ ബോധം പ്രബുദ്ധതയാണ്‌.

വിപശ്ചിത്‌ അപ്പോഴും പൂർണ്ണസാക്ഷാത്കാരത്തില്‍ എത്താതെ തന്റെ സൂക്ഷ്മദേഹത്തില്‍ത്തന്നെ  നിലകൊണ്ടു. അദ്ദേഹത്തിന് ചുറ്റും ഭ്രൂണത്തിലെന്നപോലെ ഇരുട്ട് വലയം ചെയ്തിരുന്നു. അദ്ദേഹം ഭൂമിമണ്ഡലം, ജലമണ്ഡലം, അഗ്നിമണ്ഡലം, വായുമണ്ഡലം, ആകാശമണ്ഡലം, എല്ലാം അനുഭവിച്ചു. സ്വയം തന്റെ സൂക്ഷ്മദേഹത്തെ നിരീക്ഷണവിധേയമാക്കി. എന്നിട്ടിങ്ങിനെ ധ്യാനിച്ചു: ശുദ്ധാവബോധം മാത്രമായ എന്നെ ഇങ്ങിനെ നിലനിര്‍ത്തുന്നതെന്താണ്? പെട്ടെന്നദ്ദേഹം ബ്രഹ്മലോകമായ അനന്തവിഹായസ്സിലേയ്ക്ക് എത്തിപ്പെട്ടു. അവിടെ എല്ലാം ദൃശ്യമായി. എന്നാല്‍ അവിടെയും അവിദ്യയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ധ്യാനിച്ചുറക്കാത്തതിനാല്‍ വിപശ്ചിത്ത് ബ്രഹ്മലോകത്ത്തന്നെ നിലകൊള്ളുന്നു. അവിദ്യ ഇല്ലാത്തതാണെന്നും ബ്രഹ്മം മാത്രമേയുള്ളൂ എന്ന സത്യത്തെ അദ്ദേഹം അപ്പോഴും സാക്ഷാത്ക്കരിച്ചിരുന്നില്ല.   

605 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 605

സര്‍വ്വദിക്കം  മഹാഗോളേ നഭസി സ്വര്‍കതാരകം
കിമാത്രോര്‍ദ്ധ്വമധ: കിം സ്യാത്സര്‍വമൂര്‍ദ്ധ്വമധശ്ച വാ (6.2/127/22)

ശ്രീരാമന്‍ പറഞ്ഞു: ഭഗവന്‍, ഈ ലോകമെങ്ങിനെ നിലനില്‍ക്കുന്നു എന്നും, ചക്രവാളത്തില്‍ ഭൂഗോളം എങ്ങിനെ ചംക്രമണം ചെയ്യുന്നുവെന്നും ലോകാലോകപര്‍വ്വതനിരകള്‍ നിലകൊള്ളുന്നതെങ്ങിനെയെന്നും ദയവായി പറഞ്ഞ് തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: ചെറിയൊരു കുട്ടി ശൂന്യമായ ഒരിടത്ത് തന്‍റെ കളിപ്പാട്ടം ഉണ്ടെന്നു സങ്കല്‍പ്പിക്കുന്നു. അതുപോലെയാണ് അനന്തമായ ബോധത്തില്‍ ലോകത്തിന്റെ അസ്തിത്വം.

വികലമായ ദൃഷ്ടിയുള്ളവന്‍ ആകാശത്ത് പന്തുപോലെയുള്ള ചെറിയ മുടിച്ചുരുളുകള്‍ കാണുന്നു. എന്നാല്‍ ആകാശത്ത് അവ ഇല്ല എന്ന് നമുക്കറിയാം. അത്തരം ധാരണകള്‍ അനന്തബോധത്തില്‍ ഉദിച്ചുവരുന്ന മാത്രയില്‍ അതിന് നാം സൃഷ്ടി എന്ന പേര് നല്‍കുന്നു. ദിവാസ്വപ്നത്തിലും സങ്കല്‍പ്പത്തിലും ‘നിര്‍മ്മിച്ച’ നഗരത്തിന് താങ്ങായി ഒന്നും തന്നെ ആവശ്യമില്ല. കാരണം ആ നഗരത്തെ നിലനിര്‍ത്തുന്നത് ആ സങ്കല്‍പ്പം മാത്രമാണല്ലോ. ലോകം എന്ന സങ്കല്‍പ്പത്തെ അറിയുന്നത് അനന്തബോധത്തില്‍ അതിനെപ്പറ്റി അനുഭവം സംജാതമാവുമ്പോള്‍ മാത്രമാണ്.

ബോധത്തില്‍ അന്തര്‍ലീനമായ ശക്തിവിശേഷംകൊണ്ട് എന്തെല്ലാം കാണപ്പെടുന്നുവോ, അവ എത്ര നേരത്തേയ്ക്ക് അനുഭവപ്പെടുന്നുവോ അവ അപ്രകാരം ഉള്ളതായി തോന്നുകയാണ്. 

അതായത് ദൃഷ്ടി വൈകല്യം ഉള്ളവന്‍ ആകാശത്ത് കാണുന്ന ‘മുടിച്ചുരുള്‍പ്പന്ത്’ പോലെ ലോകം ബോധത്തില്‍ നിലകൊള്ളുന്നു. ബോധം തുടക്കത്തിലേ തന്നെ ജലം മേലോട്ടൊഴുകുകയും അഗ്നി താഴേയ്ക്ക് പടര്‍ന്നു പിടിക്കുകയും ചെയ്യുന്നതായി കണ്ടിരുന്നുവെങ്കില്‍ കാര്യങ്ങള്‍ അങ്ങിനെതന്നെ ആകുമായിരുന്നു. അതായത് പ്രഥമസങ്കല്‍പ്പം അനുസരിച്ചാണ് ഘടകപദാര്‍ഥങ്ങളും അവയുടെ സംഘാതങ്ങളും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബോധത്തില്‍ ആകാശത്ത് ഭൂമി ‘പതിക്കുന്നതായി’ കാണപ്പെട്ടു. അതിപ്പോഴും തുടരുന്നു. ആപേക്ഷികമായി ബോധം ഭൂമിക്ക് മേല്‍ ‘ഉയര്‍ന്നു’കൊണ്ടിരിക്കുന്നു. അങ്ങിനെയാണ് ദ്വന്ദശക്തികളുടെ, വൈവിദ്ധ്യമാര്‍ന്ന ചലനങ്ങളുടെ ഉത്ഭവം. ലോകാലോക പര്‍വ്വതനിരകള്‍ ഭൂമിയുടെ അതിരാണ്. അതിനുമപ്പുറം അനന്തമായ തമോഗര്‍ത്തമാണ്. അവിടെയും ചില വസ്തുക്കള്‍ ഉണ്ടായേക്കാം. 

നക്ഷത്രഖചിതമായ ആകാശഗോളം ഏറെ അകലത്താണ്‌. അവിടെയും വെളിച്ചത്തിന്‍റെയും ഇരുട്ടിന്റെയും സാന്നിദ്ധ്യം അറിയാനാവും. ലോകാലോകപര്‍വ്വതങ്ങളില്‍ നിന്നും വളരെയേറെ അകലത്താണ്‌ നക്ഷത്രങ്ങള്‍ നിലകൊള്ളുന്നത്. ധ്രുവ നക്ഷത്രമൊഴികെ എല്ലാ നക്ഷത്രങ്ങളും സ്വന്തം അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം ബോധത്തില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ മാത്രമാണെന്ന് നാം മറന്നുകൂടാ. ലോകാലോകപര്‍വ്വതത്തിനുമപ്പുറം ലോകത്തിന്റെ സീമയ്ക്ക് പുറമെയുള്ള ചക്രവാളം ഒരു പഴത്തിന്റെ തൊലിപോലെയാണിരിക്കുന്നത്.

ഇവയെല്ലാം വെറും ബോധധാരണകള്‍ മാത്രം. ഇവയെ ഉണ്മയായി കണക്കാക്കരുത്. നക്ഷത്ര ചക്രവാളത്തിനുമപ്പുറം ഉള്ള ആകാശം അതിന്റെ ഇരട്ടി വലുപ്പമുള്ളതാണ്. അവിടെയുമുണ്ട് ഇരുട്ട് മുങ്ങിയതും പ്രകാശം പരന്നതുമായ ഇടങ്ങള്‍. ഇവയെല്ലാം ആകാശത്തിന്റെ അതിരുകളായ രണ്ടർത്ഥഗോളങ്ങള്‍ക്കുള്ളില്‍ ഒതുക്കി വച്ചതുപോലയാണ്. ഒന്ന് മുകളില്‍, മറ്റേത് താഴെ. അവയ്ക്കിടയില്‍ ആകാശ ചക്രവാളം.

‘വിശ്വം എന്നത് സൂര്യചന്ദ്രന്മാര്‍ പ്രകാശമാനമാക്കുന്ന ചക്രവാളമാണ്. അതില്‍ ‘താഴെ’, ‘മുകളില്‍’ എന്നെല്ലാമുള്ള സങ്കല്‍പ്പം തന്നെ എങ്ങിനെ സാദ്ധ്യമാവും?’

‘ഉയര്‍ന്നുപൊങ്ങല്‍’, ‘താഴല്‍’, ‘ചലിക്കല്‍’, ‘അചരമായ് നില്‍ക്കല്‍’ എന്നിവയെല്ലാം ബോധത്തിലെ ധാരണകള്‍ മാത്രമാകുന്നു. അവയൊന്നും ഉണ്മയല്ല. സത്യത്തില്‍ അവയൊന്നും ‘ഉള്ളവ’യല്ല. 

604 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 604

ആതിവാഹികസംവിത്തേസ്തേവ്യോമ്നി വ്യോമതാത്മകാ:
ആധിഭൌതികദേഹത്വ ഭാവാന്തദൃശുരഗ്രത: (6.2/126/12)

വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ആ നാല് വിപശ്ചിത്‌ രാജാക്കന്മാര്‍ക്കും എന്താണ് സംഭവിച്ചത് എന്ന് കേള്‍ക്കുക. അതില്‍ ഒരാളെ ഒരാന കുത്തിക്കൊന്നു. രണ്ടാമനെ യക്ഷന്മാര്‍ കൊണ്ടുപോയി എരിയുന്ന തീക്കൂനയിലിട്ടു കൊന്നു. മൂന്നാമനെ വിദ്യാധരന്മാര്‍ കൊണ്ടുപോയി. സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രനെ ബഹുമാനിക്കാഞ്ഞതുകൊണ്ട് അദ്ദേഹത്തെ അവര്‍ ശപിച്ചു ഭസ്മമാക്കിക്കളഞ്ഞു. നാലാമനെ ഒരു മുതല കൊന്നു.

സൂക്ഷ്മ ശരീരത്തില്‍ ഇരുന്നുകൊണ്ട് ഈ നാലുപേര്‍ അവരുടെ പൂര്‍വ്വജന്മചരിതം ഓര്‍ത്തു. അവയാണല്ലോ അവരില്‍ വാസനാസ്മരണകള്‍ ഉണ്ടാക്കിയത്. അവരുടെ ബോധാകാശത്തില്‍ വിശ്വം മുഴുവന്‍ പ്രതിഫലിച്ചു. സൂര്യചന്ദ്രാദികളും കടലും മലയും പട്ടണങ്ങളും നഗരങ്ങളും നക്ഷത്രങ്ങളും മേഘവും അതിലുണ്ടായിരുന്നു. അവരുടെ ദേഹങ്ങളെ മുന്‍പുണ്ടായിരുന്ന രൂപത്തിലവര്‍ കാണുകയും ചെയ്തു.
 
“ആതിവാഹികദേഹഭാവത്തില്‍ അവര്‍ തങ്ങളുടെ ഭൌതീക ശരീരത്തെ പുറമേ കണ്ടു.” ലോകമെന്ന സ്ഥൂലപ്രപഞ്ചത്തെ കാണാന്‍ തങ്ങളെ ശരീരമെന്ന വസ്ത്രമണിയിച്ചത് തങ്ങള്‍ സ്വയമാര്‍ജ്ജിച്ച പൂര്‍വ്വജന്മ വാസനകളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ലോകത്തിന്റെ അതിരുകള്‍ കാണാന്‍ അവര്‍ അതീതതലങ്ങളില്‍ അലഞ്ഞു നടന്നു. പടിഞ്ഞാറെ വിപശ്ചിത്തിന് ഏഴു ഭൂഖണ്ഡങ്ങളും സപ്തസമുദ്രങ്ങളും തരണം ചെയ്ത് ഭഗവാന്‍ വിഷ്ണുവിനെ ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. ഭഗവാനില്‍ നിന്ന് ജ്ഞാനത്തിന്‍റെ പാരമ്യത എന്തെന്നറിഞ്ഞ അദ്ദേഹം അഞ്ചുവര്‍ഷം സമാധിയിലിരുന്നു. അതുകഴിഞ്ഞ് ദേഹമുപേക്ഷിച്ച അദ്ദേഹം നിര്‍വ്വാണപദം പൂകി.

പൌരസ്ത്യദേശത്തു പോയ വിപശ്ചിത് രാജാവ് ചാന്ദ്രരശ്മികളോടു ചേര്‍ന്ന് നിലകൊണ്ടു. അദ്ദേഹം ചന്ദ്രനെത്തന്നെ ധ്യാനിച്ച്‌ ഒടുവില്‍ ചന്ദ്രനില്‍ വിലീനനായി. തെക്കന്‍ പ്രദേശത്ത് പോയ രാജാവ് എല്ലാ ശത്രുക്കളേയും വകവരുത്തി. ഇപ്പോഴും അദ്ദേഹം തന്റെ രാജ്യം ഭരിക്കുന്നു. തന്റെ നിര്‍ണ്ണയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ ഉള്ളതുകൊണ്ടാണ് ഇത് സാധിക്കുന്നത്. വടക്കോട്ടുപോയ രാജാവിനെ ഒരു മുതല പിടിച്ചു തിന്നു. എന്നാല്‍ ആ മുതലയുടെ ദേഹത്തില്‍ അദ്ദേഹം ആയിരത്തൊന്നു  കൊല്ലക്കാലം കഴിഞ്ഞു. പിന്നീട് ആ മുതല ചത്തപ്പോള്‍ മറ്റൊരു മുതലയായി അദ്ദേഹം പുറത്തു വന്നു. മുതലയുടെ രൂപത്തില്‍ അദ്ദേഹം സമുദ്രങ്ങളും മഞ്ഞുമലകളുംകടന്നുപോയി അനേകമനേകം നാഴികകള്‍ പിന്നിട്ട് ദേവന്മാരുടെ തടാകമായ സുവര്‍ണ്ണസരസ്സില്‍ എത്തിച്ചേര്‍ന്നു. അവിടെയദ്ദേഹം ദേഹമുപേക്ഷിച്ചു. ദേവന്മാരുടെ സവിധത്തില്‍ വച്ച് മൃതിയടഞ്ഞതിനാല്‍ അദ്ദേഹം സ്വയം ഒരു ദേവനായിത്തീര്‍ന്നു. തീക്കനലിന്നടുത്തു കിടക്കുന്ന വിറകുകഷണത്തി നു തീപിടിക്കാന്‍ എന്താണ് ബുദ്ധിമുട്ട്? 

ഇപ്പറഞ്ഞ അവസാനത്തെ വിപശ്ചിത്ത് ഭൂമിയുടെ അതിരായ ലോകാലോകപര്‍വ്വതങ്ങളില്‍ എത്തിയിരുന്നു. കാരണം പൂര്‍വ്വജന്മങ്ങളിലെ അനുഭവങ്ങള്‍ ഓര്‍മ്മകളായി അദ്ദേഹത്തില്‍ ഉണ്ടായിരുന്നല്ലോ. അനേകായിരം കാതങ്ങൾ ഉയരത്തിലാണ് ആ പര്‍വ്വതനിരകള്‍ നിലകൊള്ളുന്നത്. അതിന്റെ ഒരു വശം വെളിച്ചം പരന്നും  മറ്റെ വശം ഇരുണ്ടുമാണ് കാണപ്പെടുന്നത്. അവിടെനിന്ന് ദൂരെദൂരെയുള്ള നക്ഷത്രങ്ങളെപ്പോലെ അദ്ദേഹം ഭൂമിയെയും മറ്റും കണ്ടു. പിന്നീട് പര്‍വ്വതത്തിന്റെ ഇരുട്ട് മൂടിയ ആ ഭാഗത്തേയ്ക്ക് അദ്ദേഹം പോയി. അതിനുമപ്പുറം മഹത്തായ ശൂന്യതയാണ്. അവിടെ ഭൂമിയില്ല, ജീവികളില്ല, ചാരാചരങ്ങളായി യാതൊന്നുമില്ല. അവിടെ സൃഷ്ടിയെന്നത് ഒരു സാദ്ധ്യതയായിപ്പോലും നിലനില്‍ക്കുന്നില്ല.

603 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 603

നൈവ തസ്യ കൃതേനാര്‍ത്ഥോ നാകൃതേനേഹ കശ്ചന
യദ്യഥാ നാമ സമ്പന്നം തത്തഥാ സ്ത്വിതരേണ കിം (6.2/125/46)

വസിഷ്ഠന്‍ തുടര്‍ന്നു: പ്രബുദ്ധനില്‍ ഉണ്ടാവുന്ന അനുഭവപ്രതീതികള്‍ക്ക്  ‘ഇത് സുഖം’, ‘ഇത് ദുഃഖം’ എന്ന വേര്‍തിരിവില്ല. ലോകവും ആത്മാവും ഒന്നും ഉണ്മയല്ല എന്ന തിരിച്ചറിവില്‍, എല്ലാമെല്ലാം ഒരേയൊന്നിന്റെ അവിഭാജ്യഘടകങ്ങള്‍ മാത്രമാണെന്ന ഉണര്‍വില്‍ സുഖം, ദുഃഖം എന്നീ വാക്കുകള്‍ അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമാകുന്നു. അവരിലെ ദുഃഖത്തിന് ആഴമില്ല, കാരണം അവര്‍ ആകുലതകള്‍ക്ക് അതീതരാണല്ലോ.

പരമശിവന്‍ ബ്രഹ്മാവിന്റെ ശിരസ്സുകളില്‍ ഒന്ന് നുള്ളിയെടുത്തു എന്നാണു പറയപ്പെടുന്നത്. ബ്രഹ്മാവിന് വേണമെങ്കില്‍ അതിന് പകരം ഒരു പുതിയ ശിരസ്സ് വളര്‍ത്തിയെടുക്കാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. കാരണം ഈ ‘സൃഷ്ടി’ എന്ന സങ്കല്‍പം തന്നെ മിഥ്യയായിരിക്കുമ്പോള്‍ ‘എനിക്ക് ഒരു ശിരസ്സുകൂടി ഉണ്ടായിട്ടെന്തു കാര്യം?’

“എന്തെങ്കിലും ചെയ്തിട്ട് നേടാന്‍ അദ്ദേഹത്തിന് ഒന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യാതിരുന്നിട്ടും ഒരു നേട്ടവും ഉണ്ടായിരുന്നില്ല. എന്തെല്ലാം സംഭവിക്കണമോ അവ അങ്ങിനെ തന്നെ നടക്കട്ടെ. അതിന് മാറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്തിനാണ്?”

കാമദേവനെ എരിച്ചുകളയാന്‍ പോലും ശക്തിമാനായ പരമശിവന് തന്റെ പ്രിയതമയായ പാര്‍വതിക്ക് വേണ്ടി പാതിമെയ് പകുത്തു കൊടുക്കേണ്ടിവന്നു. എല്ലാ ആസക്തികളില്‍ നിന്നും മുക്തനാവാന്‍, എല്ലാ സ്നേഹബന്ധനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കെല്‍പ്പുള്ള ശിവന്‍ തന്റെ പ്രിയതമയുമായി പ്രേമബന്ധമുള്ളതുപോലെ പെരുമാറുന്നു! അദ്ദേഹത്തിന് ആസക്തികൊണ്ട് എന്തെങ്കിലും നേടാനോ അനാസക്തിപരിശീലനം കൊണ്ട് മറ്റെന്തെങ്കിലും നേടാനോ ഇല്ല. അതങ്ങിനെ നില്‍ക്കട്ടെ.

ഭഗവാന്‍ വിഷ്ണുപോലും പലവിധ കര്‍മ്മങ്ങളില്‍ ആമ്ഗനനാണ്. മാത്രമല്ല എല്ലാവരെയും കര്‍മ്മനിരതരാവാന്‍ ഭഗവാന്‍ ആഹ്വാനവും ചെയ്യുന്നു. അദ്ദേഹം സ്വയം മരിക്കുന്നു, ചിലപ്പോള്‍ കൊല്ലുന്നു. ജനിക്കുന്നു, വളരുന്നു, എന്നിങ്ങിനെ ഭഗവാനും മാറ്റങ്ങള്‍ക്ക് വിധേയമായതുപോലെ നമുക്ക് കാണാകുന്നു. എങ്കിലും അപ്പോഴെല്ലാം അദ്ദേഹം ഇതില്‍ നിന്നെല്ലാം പൂര്‍ണ്ണസ്വതന്ത്രനത്രേ. ഈദൃശകര്‍മ്മങ്ങളില്‍ നിന്ന്‍ വിട്ടു നില്‍ക്കുക അദ്ദേഹത്തിന് നിഷ്പ്രയാസമാണ്. എന്നാല്‍ അത്തരം നിയന്ത്രണങ്ങള്‍ കൊണ്ട് എന്ത് നേട്ടമാണുണ്ടാവുക?
അതുകൊണ്ട് എല്ലാമെല്ലാം അങ്ങിനെ തന്നെ തുടരട്ടെ. 

അനന്താവബോധത്തെ സാക്ഷാത്കരിച്ചവരുടെ മനോഭാവം ഇതാണ്. ജീവന്മുക്തന്മാരെങ്കിലും സൂര്യചന്ദ്രാദികളും അഗ്നിയുമെല്ലാം അവരവരുടെ സഹജകര്‍മ്മങ്ങള്‍ അനുസ്യൂതം അനുഷ്ടിക്കുന്നു. അജ്ഞരായ മനുഷ്യരെപ്പോലെ പരസ്പരം പോരാടുന്ന വിരുദ്ധശക്തികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതായി കാണപ്പെടുന്ന ദേവഗുരുവായ ബൃഹസ്പതിയും അസുരഗുരുവായ ശുക്രാചാര്യനും ജീവന്മുക്തന്മാര്‍ തന്നെ. അതിഘോരയുദ്ധങ്ങളില്‍ ഏര്‍പ്പെട്ട് ഖ്യാതിനേടിയ ജനകമഹാരാജാവ് ജീവന്മുക്തനായ രാജര്‍ഷിയത്രേ. അകമേ പൂര്‍ണ്ണ മുക്തിപദത്തില്‍ വിരാജിച്ചുകൊണ്ട് രാജകര്‍മ്മങ്ങള്‍ ഉചിതമായി നിര്‍വ്വഹിച്ചുവന്ന അനേകം രാജര്‍ഷിമാരുണ്ട്. ലൌകീകകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രബുദ്ധനും അജ്ഞാനിയും ഒരുപോലെയാണ് പെരുമാറുന്നത്. മുക്തിയും ബന്ധനവും തമ്മിലുള്ള വ്യത്യാസം ഒരുവന്റെ ബോധതലത്തിലാണ്. ഉപാധികള്‍ അജ്ഞാനിയുടെ ബോധത്തിന്  അതിര്‍ത്തികള്‍ തീർക്കുമ്പോള്‍ ജീവന്മുക്തന്റെ ബോധത്തിന് പരിമിതികളില്ല.
 
ബലി, പ്രഹ്ലാദന്‍, നമൂചി, വൃത്രന്‍, അന്ധകന്‍, മുരന്‍, തുടങ്ങിയ രാക്ഷസന്മാരും പ്രബുദ്ധരായിരുന്നു. ഇഷ്ടാനിഷ്ടങ്ങള്‍, മാനസീകവ്യാപാരങ്ങള്‍, ഉപബോധമനസ്സ്, ഇവയൊന്നും പ്രബുദ്ധന്റെ ബോധത്തെ ബാധിക്കുന്നില്ല. അനന്തമായ അവബോധത്തില്‍ അഭിരമിക്കുമ്പോള്‍ എല്ലാത്തരം വിഭിന്നതകളും അസ്തമിക്കുന്നു.

സൃഷ്ടിയില്‍ നാം കാണുന്ന വൈവിദ്ധ്യം ഒരു മഴവില്ലിലെ വര്‍ണ്ണങ്ങള്‍ പോലെയുള്ള വെറും കാഴ്ചയാണ്. ആകാശത്ത് ശൂന്യതയും അകലങ്ങളും ‘കാണപ്പെടുന്നതു’പോലെ ലോകമെന്ന പ്രതീതി അനന്തബോധത്തില്‍ കാലദേശനിബദ്ധമായും താല്‍ക്കാലികമായും കാണപ്പെടുന്നു.    

602 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 602

ധാരണായോഗിനോ ഹ്യേതേ വരേണ പ്രാപ്ത സിദ്ധയ:
അവിദ്യാ വിദ്യതേ തേഷാം തേന തേതദ്വിചാരിണ:  (6.2/125/28)

രാമന്‍ ചോദിച്ചു: വിപശ്ചിത്‌ രാജാവ് പ്രബുദ്ധനായിരുന്നുവെങ്കില്‍ അദ്ദേഹം എന്തിനാണ് സ്വയം സിംഹമായും മറ്റും കരുതാനിടയായത്?

വസിഷ്ഠന്‍ പറഞ്ഞു: ഈ രാജാക്കന്മാരുടെ കാര്യത്തില്‍ അവര്‍ പ്രബുദ്ധരും ജ്ഞാനികളും ആണെന്ന് സംഭാഷണമദ്ധ്യേ പറഞ്ഞങ്കിലും വിപശ്ചിത്‌ രാജാവ് പൂര്‍ണ്ണപ്രബുദ്ധനായിരുന്നില്ല. ആ നാല് രാജാക്കന്മാര്‍ പ്രബുദ്ധരോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ ഈ രണ്ട് തലങ്ങള്‍ക്കും  ഇടയില്‍ ചാഞ്ചാടുകയായിരുന്നു. പ്രബുദ്ധതയുടെ മിന്നലാട്ടങ്ങളുണ്ടായിരുന്നു എങ്കിലും സംസാരബന്ധനത്തിന്റേതായ അങ്കലാപ്പുകളും അവരില്‍ ഉണ്ടായിരുന്നു.

അവര്‍ അര്‍ദ്ധപ്രബുദ്ധരായിരുന്നു. വിപശ്ചിത്‌ രാജാവിന്റെ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്‍റെ ധ്യാനസപര്യകള്‍ കൊണ്ട് നേടിയതാണ്. അതദ്ദേഹം പൂര്‍ണ്ണപ്രബുദ്ധത പ്രാപിച്ചിരുന്നത് കൊണ്ടല്ല. സിദ്ധികളും മനോബലവും മറ്റും ലഭിക്കാന്‍ ധ്യാനാഭ്യാസങ്ങള്‍ കൊണ്ട് സാധിക്കും.

പരമപദപ്രാപ്തി കൈവന്നവനില്‍ അജ്ഞാനമോ മോഹവിഭ്രമങ്ങളോ ഇല്ല. അവര്‍ക്കെങ്ങിനെയാണ് ഭ്രമക്കാഴ്ച്ചകള്‍ ഉണ്ടാവുക? ജ്ഞാനസംപൂര്‍ത്തരായ അവര്‍ക്ക് മിഥ്യയെ എങ്ങിനെ കാണാനാകും? ധ്യാനസപര്യയാലോ മറ്റോ അതിമാനുഷികമായ സിദ്ധിവിശേഷം നേടിയിട്ടുള്ളവരില്‍, അവ കൃപയാലോ വരത്താലോ ലഭ്യമായതാണെങ്കില്‍ക്കൂടി അവരിലെ അജ്ഞാനം മറ നീക്കി പുറത്തു കാണുക തന്നെ ചെയ്യും. 

കാരണം അവര്‍ ധ്യാനിച്ചത് പരമസത്യത്തെയല്ല, സത്യത്തില്‍ നിന്നും വിട്ടുള്ള മറ്റെന്തിനെയോ ഒക്കെയാണ്. മുക്തരായ ഋഷിപുംഗവന്‍മാരാണെങ്കിലും നിത്യജീവിതത്തില്‍ അവരിലും വിഷയീകരണത്തിനു വശംവദരാണ്. മോക്ഷം എന്ന് പറയുന്നതും മനസ്സിന്റെ ഒരവസ്ഥ മാത്രമാണ്. ദേഹത്തിന്റെ നിയതപ്രവര്‍ത്തനങ്ങളുമായി ബന്ധത്തിലായതിനാല്‍ അതിന് അവസാനമില്ല.

ഒരിക്കല്‍ അജ്ഞാനത്തില്‍ നിന്നും വിടുതല്‍ കിട്ടിയ, അല്ലെങ്കില്‍ നിര്‍മനനായ ഒരാളെ മനസ്സിന്റെ ബന്ധനം ബാധിക്കുകയില്ല. പഴം ഒരിക്കല്‍ മരത്തില്‍ നിന്നും താഴെ വീണുകഴിഞ്ഞാല്‍പ്പിന്നെ ആ ഫലത്തെ വീണ്ടുമാ മരവുമായി ബന്ധിപ്പിക്കാന്‍ യാതൊരു പ്രയത്നങ്ങള്‍ക്കുമാവില്ല. 

പ്രബുദ്ധപുരുഷനില്‍പ്പോലും ദേഹം അതിന്റെ സഹജമായ നിയതസ്വഭാവമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അയാളിലെ ബോധം മാറ്റമില്ലാതെ നിലകൊള്ളുന്നു. ശരീരത്തിന്റെ അവസ്ഥകള്‍ അതിനെ ബാധിക്കുന്നതേയില്ല. ധ്യാനാദികള്‍ കൊണ്ട് നേടിയ സിദ്ധികള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും എന്നാല്‍ ഒരാളുടെ നിര്‍വാണപദപ്രാപ്തി  മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയില്ല.

തേനിന്റെ സ്വാദ് മറ്റൊരാള്‍ക്ക് വാക്കുകളാലോ മറ്റോ മനസ്സിലാക്കിക്കൊടുക്കാന്‍ സാദ്ധ്യമല്ലല്ലോ. സംസാരബന്ധനവും അതിന്റെ വേദനയും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ആ വേദനകളില്‍ നിന്നെല്ലാമുള്ള വിടുതലാണ് മുക്തി. ആരൊരാളുടെ അന്തരംഗം പ്രശാന്തശീതളമാണോ, അയാള്‍ മുക്തന്‍. എന്നാല്‍ മനസ്സും ഹൃദയവും കലുഷാകുലമായവന്‍ എന്നും ബന്ധനത്തിലാണ്. മുക്തിയും ബന്ധനവും ശരീരം പ്രകടിപ്പിക്കുന്ന അവസ്ഥകളല്ല. 
തന്റെ ദേഹം ആയിരം കഷണങ്ങളാക്കിയാലും തന്നെപ്പിടിച്ചു ചക്രവര്‍ത്തിയാക്കിയാലും മുക്തപുരുഷന്‍ മുക്തന്‍ തന്നെയാണ്. താന്‍ നിലവിളിച്ചാലും ഉറക്കെ ചിരിച്ചാലും പ്രബുദ്ധന്റെ പ്രബുദ്ധതയ്ക്ക് മാറ്റമില്ല. അയാള്‍ സ്വയം അമിതാഹ്ലാദത്തിലോ വിഷാദത്തിലോ ആമഗ്നനാവുന്നില്ല. ഇത്തരം അനുഭവങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അയാളില്‍  സന്തോഷസന്താപാനുഭവങ്ങളില്ല. 

പ്രബുദ്ധന്‍ മരിച്ചാലും മരിക്കുന്നില്ല. അയാള്‍ വിലപിച്ചാലും വിലപിക്കുന്നില്ല. ചിരിച്ചാലും അയാള്‍ ചിരിക്കുന്നില്ല. അയാള്‍ മമതയോടെ, ആസക്തിയോടെ ജീവിതം നയിച്ചാലും അയാളില്‍  ആസക്തിയില്ല. അയാള്‍ക്കാരോടും മമതയില്ല. അയാളില്‍ ക്രോധമില്ലെങ്കിലും ആവശ്യത്തിനയാള്‍ ക്രുദ്ധനാവും. മോഹവിഭ്രമങ്ങള്‍ പ്രകടിപ്പിച്ചാലും അയാള്‍ ഒരിക്കലും മോഹത്തിനടിമപ്പെടുന്നില്ല.