May 28, 2014

515 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 515

പ്രതിഷേധവിധീനാം തു തജ്ജ്ഞോ ന വിഷയ: ക്വചിത്
ശാന്തസര്‍വൈഷണോച്ഛസ്യ കൊസ്യ കിം വക്തി കിംകൃതേ (6.2/37/31)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനിയായ ഒരാള്‍ ചില ആഗ്രഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നു എന്നിരിക്കട്ടെ. അത് ആകസ്മികവും ഹേതുരഹിതവും ആയിരിക്കും. അല്ലെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് സഹായകരമായിട്ടായിരിക്കും. അത്തരം ആശകള്‍ ബ്രഹ്മം തന്നെയാണ്. എന്നാല്‍ ഒന്ന് ശരിയാണ്. ജ്ഞാനിയില്‍ ആശകള്‍ പൊങ്ങിവരുന്നില്ല.

“ജ്ഞാനിക്ക് അനുശാസനങ്ങളോ വിലക്കുകളോ ബാധകമല്ല. ആശകള്‍ ഒടുങ്ങിയ ഒരുവന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ആരാണ് ഇച്ഛിക്കുക!

വാസ്തവത്തില്‍ സത്യജ്ഞാനിയെ തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ സഹായിക്കും. അയാളില്‍ മോഹങ്ങള്‍ തീരെ ക്ഷീണപ്രായമായിരിക്കും. അയാള്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവനുമായിരിക്കും. വിഷയവസ്തുക്കളില്‍ ഉണ്മയില്ല എന്ന തിരിച്ചറിവ് വന്നാല്‍പ്പിന്നെ സുഖാസക്തിയില്ല. ഉള്ളില്‍ ആശകള്‍ മുളപൊട്ടുകയില്ല. അതാണ്‌ മോക്ഷം. ദ്വൈതാദ്വൈതങ്ങള്‍ക്കുപരിയാണ് പ്രബുദ്ധന്റെ മണ്ഡലം. അതുകൊണ്ട് ആസക്തിയും അനാസക്തിയും അയാളില്‍ ഒരേ ദിവ്യതയുടെ സ്ഫുരണങ്ങള്‍ തന്നെയാണ്. അയാള്‍ എല്ലാ വിക്ഷോഭങ്ങള്‍ക്കും അതീതനായി ഭഗവാനില്‍ പ്രശാന്തത കണ്ടെത്തുന്നു.  
 
അയാള്‍ എന്തെങ്കിലും ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. എന്നാല്‍ എന്തെങ്കിലും ചെയ്യാതിരുന്നതുകൊണ്ട് അയാള്‍ക്ക് നേട്ടമൊന്നുമില്ല. യാതൊന്നും അയാള്‍ക്ക് ബാധകമല്ല. ആശയും നിരാശയും; സത്യവും അസത്യവും; ആത്മാവും അനാത്മാവും; ജീവനും മരണവും; എല്ലാമയാള്‍ക്കൊരുപോലെ. അത്തരം ഒരുവനില്‍ ആശകള്‍ ഉണ്ടാവുകയില്ല. ഉണ്ടായാല്‍ അതും ബ്രഹ്മം.

ആരൊരുവന് സുഖദുഖങ്ങളില്ലയോ, ആരൊരുവന്‍ പ്രശാന്തതയില്‍ അഭിരമിക്കുന്നുവോ, ആരുടെ അന്തക്ഷോഭങ്ങള്‍ അടങ്ങിയിരിക്കുന്നുവോ അയാള്‍ പ്രബുദ്ധനാണ്. അയാള്‍ക്ക് ദുഖത്തെപ്പോലും സന്തോഷപ്രദമാക്കാന്‍ കഴിയും.

സത്യത്തില്‍ സുദൃഢചിത്തനായിരിക്കുമ്പോള്‍ ഒരുവന്റെ ആകാശം ആകാശത്തിലും, പ്രശാന്തി പ്രശാന്തതയിലും, ഐശ്വര്യം ഐശ്വര്യത്തിലും, ശൂന്യത നിശ്ശൂന്യതയിലും, ലോകം ബ്രഹ്മത്തിലും ഇളവേല്‍ക്കുന്നു. വെറും മിഥ്യയായ അഹം അലിഞ്ഞില്ലാതെയാവുന്നു. ആരുടെയെങ്കിലും ഭാവനയില്‍ ഉയരുന്ന നഗരദൃശ്യംപോലെയാണ് ലോകം കാണപ്പെടുന്നത്.

അതൊരു മോഹക്കാഴ്ചയാണ്. സത്യമെന്ന് തോന്നിക്കുന്നുവെങ്കിലും അഹങ്കാരം മിഥ്യയാണ്. ലോകമെന്ന കാഴ്ച സത്യമോ മിഥ്യയോ അല്ല. അത് വാക്കിനാല്‍ വര്‍ണ്ണിക്കാവുന്നതല്ല. സത്യജ്ഞാനിയെ ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കുന്നില്ലെങ്കിലും എനിക്ക് തോന്നുന്നത് അയാളില്‍പ്പോലും ആസക്തികള്‍ ഒന്നും ഉയരാതിരിക്കുന്നതാണ് നല്ലതെന്നാണ്.

മനസ്സെന്നത് ബോധത്തിലെ ചലനമാണ്. അങ്ങിനെയത് സ്വയം തിരിച്ചറിയുന്നത് തന്നെ സംസാരവും ആസക്തിയുമാകുന്നു. അതില്‍ നിന്നുമുള്ള മോക്ഷമാണ് നിര്‍വാണം. ഈ അറിവിന്റെ നിറവില്‍ ആശകളെ നിരാകരിക്കുക. വാസ്തവത്തില്‍ ആസക്തികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, വിശ്വസൃഷ്ടി- പ്രളയങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, യാതൊരു കുറവും ഒരിടത്തും ആര്‍ക്കും ഉണ്ടാവാന്‍ പോവുന്നില്ല.

ആസക്തി, അനാസക്തി; സത്യാസത്യങ്ങള്‍, അസ്തിത്വാനസ്തിത്വങ്ങള്‍, സന്തോഷ സന്താപങ്ങള്‍, തുടങ്ങിയവ എല്ലാം വിഹായസ്സില്‍ ഉയര്‍ന്നുപോങ്ങുന്ന കുമിളകളാണ്. എന്നാല്‍ അനുദിനം ആശകള്‍ ഒടുങ്ങിക്കൊണ്ടിരിക്കുന്ന ഒരുവന് മുക്തിപദം പ്രാപ്യമാണ്. അതുമാത്രമേ ആസക്തികള്‍ നല്‍കുന്ന ദുഖത്തെ ദൂരീകരിക്കാന്‍ ഒരുപായമുള്ളു. 

514 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 514

ഗ്രാഹ്യഗ്രാഹകസംബന്ധ: സ്വാനിഷ്ഠോപി ന ലഭ്യതേ
അസതസ്തു കഥം ലാഭ: കേന ലബ്ധോസിത: ശശീ (6.2/37/6)

വസിഷ്ഠന്‍ തുടര്‍ന്നു: ആശകളാകുന്ന വിഷങ്ങളെ ഇല്ലാതാക്കുന്ന സാധനയാണ്‌ യോഗം. യോഗത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് കൂടുതല്‍ വിശദമാക്കാന്‍ ഞാന്‍ ഒന്നുകൂടി വിവരിക്കാം. എന്തെങ്കിലും വസ്തുവിനായി നീ ആഗ്രഹിച്ചു എന്നിരിക്കിലും ആത്മാവല്ലാതെ യാതൊന്നും ഇല്ല എന്നറിയുക.

നിനക്ക് എന്താണ് ആഗ്രഹിക്കാനുള്ളത്? ബോധം ആകാശം പോലെ അതിസൂക്ഷ്മമാണ്. അവിച്ഛിന്നവും. അത് തന്നെ വിശ്വം. എങ്ങിനെയാണ് നീ ആഗ്രഹിക്കുക? ആഗ്രഹിക്കാനായി മറ്റു വിഷയങ്ങള്‍ ഉണ്ടായിട്ടില്ല തന്നെ.

“വിഷയത്തിനെ ആഗ്രഹിച്ചു നിവര്‍ത്തിച്ചവനും ആ വസ്തുവിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മള്‍ അറിയുന്നില്ല. എങ്ങിനെയാണ് ‘അസത്തായ’ വസ്തുവിനെ ലഭിക്കുക? കറുത്ത ചന്ദ്രനെ ആര്‍ക്കാണ് ലഭിക്കുക?

ഇങ്ങിനെ വിഷയലഭ്യതയെപ്പറ്റിയും അത് ലഭിച്ചയാളെപ്പറ്റിയും വ്യക്തമായി വിശകലനം ചെയ്തറിയുമ്പോള്‍ അവ എവിടെപ്പോയി മറയുന്നു എന്ന്‍ നമുക്കറിയില്ല. 

ദൃഷ്ടാവ്, ദൃക്ക്, ദൃശ്യം എന്നീ ത്രിപുടികള്‍ക്ക് തമ്മില്‍ അന്തരമേതും ഇല്ലാതെയിരിക്കുമ്പോള്‍ അഹംകാരം മുതലായവ ബോധത്തില്‍, അല്ലെങ്കില്‍ ആത്മാവില്‍ വിലയിക്കുന്നു. നിര്‍വാണപദത്തില്‍ കാഴ്ച്ചക്കാരനില്ല. കാഴ്ചയില്‍, ദൃശ്യമില്ല. ഇവയില്‍ ഏതെങ്കിലും ഉള്ളപ്പോള്‍ മുക്തിയുമില്ല.

വിഷയങ്ങളുടെ ഭ്രമാത്മകകാഴ്ചകള്‍കൊണ്ട് പ്രായോഗികമായ യാതൊരു പ്രയോജനവുമില്ല. വെള്ളിപോലെ തിളങ്ങുന്ന ചിപ്പിയ്ക്ക് വെള്ളിയുടെ മൂല്യമില്ലല്ലോ. ഭ്രമാത്മകമായ കാഴ്ചകളെ യഥാര്‍ത്ഥമെന്നു കരുതുമ്പോള്‍ അസന്തുഷ്ടി സഹജം. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം സാക്ഷാത്ക്കരിക്കുമ്പോള്‍ അത് ആനന്ദദായകമാണ്. അവരണ്ടും തമ്മില്‍ കാര്യകാരണബന്ധം പോലും ഇല്ല. കാരണം അനന്തമായ, ഏകമായ അവബോധം മാത്രമാണല്ലോ ഉണ്മ.
കാര്യം, കാരണം എന്നീ രണ്ടു വാക്കുകള്‍ അര്‍ത്ഥരഹിതമത്രേ. ജലത്തിന്റെ ‘നനവെ’ന്ന സ്വഭാവത്തിനും കാറ്റിന്റെ ‘ചലന’മെന്ന സഹജഭാവത്തിനും കാരണം എന്താണ്?
വിശ്വം മുഴുവനും ഭഗവാനാകയാല്‍ ദുഃഖം, സന്തോഷം, എന്നിവയൊന്നും ‘ഉള്ള’വയല്ല. ഉപാധിരഹിതമായ ബോധമല്ലാതെ മറ്റൊന്നും ഇല്ലാത്തപ്പോള്‍ ആശകള്‍ എങ്ങിനെ എവിടെ ഉദിക്കാനാണ്?

രാമന്‍ ചോദിച്ചു: എല്ലാമെല്ലാം ബ്രഹ്മവും  അനന്തമായ ബോധവും ആണെങ്കില്‍ ആശകളും അതുതന്നെ. അപ്പോള്‍ അനുശാസനങ്ങള്‍ക്കും വിലക്കുകള്‍ക്കും എന്താണൊരു ന്യായീകരണം?

വസിഷ്ഠന്‍ പറഞ്ഞു: ഒരിക്കല്‍ സത്യസാക്ഷാത്ക്കാരമായാല്‍പ്പിന്നെ ആശകളും ബ്രഹ്മം തന്നെയാണ്. എന്നാല്‍ രാമാ, ആത്മജ്ഞാനം ഉണ്ടാകുന്ന അതേ മാത്രയില്‍, ജ്ഞാനം ഉണരുന്ന നിമിഷത്തില്‍, സൂര്യോദയത്തില്‍ ഇരുട്ടെന്നപോലെ ആശകള്‍ ഇല്ലാതെയാകുന്നു. ആത്മജ്ഞാനമാകുന്ന സൂര്യോദയം ഉണ്ടാവുമ്പോള്‍ ദ്വന്ദാത്മകതയും അതിന്റെ ഉപാധികളും വാസനകളും എല്ലാം ഇല്ലാതെയാവുന്നു. അത്തരം അവസ്ഥയില്‍ ആശകള്‍ക്ക് എങ്ങിനെ നിലനില്‍ക്കാനാവും?

ആത്മജ്ഞാനിയായ ഒരുവനില്‍ വസ്തുക്കളോട് ആസക്തിയോ വെറുപ്പോ ഇല്ല. ഒന്നിനോടും ആകര്‍ഷണമോ വികര്‍ഷണമോ അവര്‍ക്കില്ല. ഒന്നിലും  പ്രത്യേകിച്ച് അഭിരുചിയും അവരില്‍ സാധാരണ കാണില്ല.    

May 27, 2014

513 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 513

ശാസ്ത്രോപദേശഗുരവ: പ്രേക്ഷ്യന്തേ കിമനര്‍ത്ഥകം
കിമിച്ഛാനനുസംന്ധാനസമാധിര്‍നാധി ഗമ്യതേ (6.2/36/34)
വസിഷ്ഠന്‍ തുടര്‍ന്നു: ഒരു ചെറിയ കുട്ടിയ്ക്കുള്ളില്‍ ഉണ്ടാവുന്ന ഭ്രമക്കാഴ്ചകള്‍  എന്നിലുണ്ടാവുന്നില്ല. എന്നാല്‍ അത് കുട്ടിയെ സംബന്ധിച്ചിടത്തോളം യഥാര്‍ഥമാണവ. എന്റെ ബോധത്തില്‍ സൃഷ്ടിഎന്ന ഒന്ന് ഇല്ലേയില്ല. രൂപം, ദൃശ്യം, ബുദ്ധി, എന്നുവേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമെല്ലാം ശുദ്ധമായ ബോധം മാത്രം. വിശ്വമല്ല നിലനില്‍ക്കുന്നത്.
എന്നില്‍ അഹംകാരപ്രതീതി ഇല്ല. എന്നാല്‍ അനന്തബോധത്തിന്റെ പരമപ്രശാന്തത എന്നില്‍ നിറവായി ഇരിക്കുന്നു. എന്റെ ഈ വാക്കുകള്‍ പോലും ബോധം മാത്രമാണ്. ഈ സംഭാഷണങ്ങള്‍ നിന്റെ ബോധമണ്ഡലത്തിലാണുള്ളത്. 
ആശകള്‍ ഉയരാത്ത അവസ്ഥയാണ് പരമമായ തലം. ആശകളില്‍ നിന്നും സ്വതന്ത്രനായ മുനി മരക്കഷണം കൊണ്ട് നിര്‍മ്മിച്ചതുപോലെ നിര്‍മമനായി നിലകൊള്ളുന്നു. അകത്തും പുറത്തും അയാള്‍ നിശ്ശൂന്യത അറിയുന്നു. ലോകം അയാള്‍ക്ക് ഒരു പൊള്ളയായ മുളംതണ്ടാണ്. ലോകാനുഭവങ്ങളാല്‍ സ്വാധീനിക്കപ്പെടാത്തവര്‍, ബ്രഹ്മസത്തയില്‍ അഭിരമിക്കുന്നവര്‍, പരമമായ പ്രശാന്തിയിലാണ്. അവര്‍ സംസാരസാഗരം തരണ ചെയ്തു കഴിഞ്ഞു.

ആശകളെ പരിത്യജിച്ച്, വാസനകളെ ഉപേക്ഷിച്ച്, മനോപാധികളെ ഇല്ലാതെയാക്കി പറയാനുള്ളത് പറഞ്ഞ് ചെയ്യാനുള്ളത് ചെയ്ത്, സ്പര്‍ശിക്കേണ്ടതിനെ സ്പര്‍ശിച്ചുകൊണ്ട്, വൈവിദ്ധ്യമാര്‍ന്ന സുഗന്ധം നുകര്‍ന്ന്, കാഴ്ചകള്‍ കണ്ട്, സ്വാദുകള്‍ അറിഞ്ഞ് ജീവിക്കുക.

വിഷയങ്ങളുടെ നിരര്‍ത്ഥകതയെ അറിയുമ്പോഴാണ് ആഗ്രഹമെന്ന രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുക. ആശകള്‍ ഉണ്ടാവുമ്പോള്‍ അത് ദുഃഖം. ആശകളൊടുങ്ങുന്നത് സൌഖ്യം. മറ്റൊരു സുഖദുഖങ്ങളും ഈ അനുഭവങ്ങള്‍ക്ക് തുല്യമാവില്ല.

മനസ്സാണ് ആഗ്രഹം. മനസ്സിന്റെ അവസാനമാണ് മോക്ഷം. എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടെയും സാരമിതാണ്. സ്വപ്രയത്നത്തിലൂടെ ആശകളെ വെല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു പോംവഴിയും പ്രയോജനം ചെയ്യുകയില്ല. ആഗ്രഹങ്ങളെ ഒറ്റയടിക്ക് കീഴ്പ്പെടുത്താന്‍ പറ്റില്ലെങ്കില്‍ പടിപടിയായി അതിനു സാധിക്കും. നീണ്ടുകിടക്കുന്ന പാത കണ്ടു യാത്രക്കാരന്‍ പിന്‍വാങ്ങുകയില്ല; അയാള്‍ ഓരോരോ കാല്‍വെപ്പിലൂടെ ആ പാത താണ്ടുകയാണ് ചെയ്യുക. ആശയാണ് സംസാരം, ലോകമെന്ന ഈ വിക്ഷേപം. കാരണം ഒരുവന്റെ ആഗ്രഹമാണ് ലോകമായി വിക്ഷേപിച്ച് അയാള്‍ക്ക് അനുഭവമായിത്തീരുന്നത്. അതിന്റെ അവസാനമാണ് മോക്ഷം. അതുകൊണ്ട് ഒരുവന്‍ ശുഷ്കാന്തിയോടെ ആശകളെ ഇല്ലാതാക്കാന്‍ ശ്രമിക്കണം. മറ്റെല്ലാ പ്രവര്‍ത്തനങ്ങളും വൃഥാവിലാണ്

“എന്തിനാണ് വെറുതെ മനുഷ്യന്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കുകയും ഗുരുക്കന്‍മാരുടെ ഉപദേശങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്നത്? ആശയടങ്ങാതെ സമാധി സാത്യമല്ല!” ഒരാള്‍ക്ക് സ്വപ്രയത്നത്താല്‍ തന്റെ ആഗ്രഹങ്ങളെ മറികടക്കാന്‍ ശക്തിയില്ലെന്ന് വരികില്‍ വേദപഠനവും ഗുരുവില്‍ നിന്നും മറ്റു വിദ്യാഭ്യാസവും കിട്ടിയിട്ടെന്തു കാര്യം? ആശകളാല്‍ ഉണ്ടാവുന്ന അസ്വാസ്ഥ്യം നിയന്ത്രണവിധേയമായാല്‍പ്പിന്നെ ആത്മജ്ഞാനത്തിനായി ചെറിയൊരു പരിശ്രമമേ ആവശ്യമുള്ളു. അതിനാല്‍ എല്ലാവരും ആശയടക്കാനുള്ള മാര്‍ഗ്ഗം തേടട്ടെ. ജനന-ജരാ-മരണങ്ങളുടെ ബീജം ആശയാണ്.

ആശകള്‍ ഉണര്‍ന്നുയരുന്നതാണ് ബന്ധനം. ആശയടങ്ങുന്നതോടെ ബന്ധനത്തില്‍ നിന്ന് മോചനമായി. അതിനാല്‍ ആശയുടെ വിത്തിനെ ഹൃദയത്തില്‍വച്ചുതന്നെ ശാന്തി, സമത, ആത്മനിയന്ത്രണം എന്നീ അഗ്നികള്‍ കൊണ്ട് എരിച്ച്‌ കളയൂ. 

512 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 512

ഉദ്യത്സ്വാപി ജഗത്വേഷ ശാന്തമേവാവതിഷ്ഠതേ
അനിച്ഛ ഏവ മുകുര: പ്രതിബിംബശതേഷ്വിവ (6.2/35/38)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ അനന്തമായ ബോധം എല്ലാടവും നിറഞ്ഞിരിക്കുന്നു. അതിനാല്‍ ബോധത്തിന് ബ്രഹ്മാണ്ഡത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേയ്ക്ക് എത്താന്‍ ഇമവെട്ടുന്ന ഞൊടിയിട മതിയാകും. (സമയം എന്ന ഭാവന തന്നെ വേണ്ട എന്നര്‍ത്ഥം.)
നീയെന്തു കര്‍മ്മങ്ങളില്‍ വ്യാപൃതനായിരുന്നാലും ഉപാധിരഹിതമായ ആത്മാവില്‍ സുദൃഢനായിരിക്കൂ. അജ്ഞാനത്തിന്റെ സ്വഭാവം എന്തെന്നുവച്ചാല്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ അത് അപ്രത്യക്ഷമാവുന്നു എന്നതാണ്. നിരീക്ഷിക്കാനും അറിയാനും ആവുന്നതാണെങ്കില്‍ അതറിവാകും  (ജ്ഞാനം). അജ്ഞാനത്തിനു അസ്തിത്വമില്ല എന്ന സ്ഥിതിയ്ക്ക് ബോധത്തില്‍ ഭിന്നതയും ഉണ്ടാവുകയില്ലല്ലോ.

എകമാണെങ്കിലും അനേകമെന്നപോലെ; ശുദ്ധമെങ്കിലും പങ്കിലമെന്നപോലെ, നിറവുറ്റതെങ്കിലും നിശ്ശൂന്യതയെന്നപോലെ, ചലവും അചലവുമായി, പരിണാമങ്ങളോടു കൂടിയും അല്ലാതെയും, പരമപ്രശാന്തമായും പ്രക്ഷുബ്ദമായും, അസ്തിത്വമുള്ളതായും ഇല്ലാത്തതായും, ചൈതന്യവത്തായും ജഡമായും, ആത്മാവായും അനാത്മാവായും, ആത്മാവായും വിഷയമായും, ശാശ്വതമായും ക്ഷണഭംഗുരമായും, അറിയാവുന്നതെന്നു തോന്നുന്ന അറിവായും അല്ലാതെയും, തമസ്സ് മൂടിയിരിക്കുന്നു എന്നനുമാനിക്കുന്നതായും അല്ലാതെയും, എല്ലാമെല്ലാം സത്താണെങ്കിലും ദൃശ്യമല്ലാതെയും  ബ്രഹ്മം നിലകൊള്ളുന്നു. അത് മാത്രമേയുള്ളു.

അനന്തതയ്ക്ക് ഉപാധികളില്ലാത്തതിനാല്‍ അതിനെ എവിടെയെങ്കിലും ‘കണ്ടെത്തുക’ അസാദ്ധ്യം. അതില്‍ കര്‍ത്താവ്, കര്‍മ്മം, കാര്യം, കാരണം, എന്നിത്യാദി വിഭജനങ്ങള്‍ ഇല്ല. അത് എല്ലാമെല്ലാമായി എല്ലായിടത്തും എല്ലാക്കാലത്തും നിലകൊള്ളുന്നു. അത് അദൃശ്യമെങ്കിലും നിന്റെ തൊട്ടുമുന്നിലുണ്ട്. അതില്‍ ബോധ-ജഡ ഭിന്നതയില്ല. ‘ഞാന്‍’, ‘ഞാനില്ല’, ‘മറ്റാരെ’ങ്കിലും ഉണ്ടെങ്കില്‍ അത്, എല്ലാം ഞാന്‍ തന്നെയാണ്.

ബ്രഹ്മാണ്ഡങ്ങള്‍ അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്നുവെങ്കിലും അത്തരം വിഭജനങ്ങള്‍ സാദ്ധ്യമല്ല. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ ബോധം തന്നെ കാണണമെന്നുറച്ചെന്നപോലെ  സ്വയം കണ്ണാടിയായി മാറി അതില്‍ അനവരതം പ്രതിഫലിക്കുകയാണ്. അങ്ങിനെ ശുദ്ധസത്വത്തിന്റെ പ്രതിഫലനമെന്നോണം വിശ്വം വികസ്വരമാവുന്നു. അനന്തമായ ബോധം തന്നെയാണ് ലോകം.

എല്ലാ വസ്തുക്കളും വിഷയങ്ങളും അതില്‍ ഉയരുന്നു, പ്രോജ്വലിക്കുന്നു, ഒടുവില്‍ അതില്‍ത്തന്നെ വിലയനം പ്രാപിക്കുന്നു. ലോകം ഒരു കാന്‍വാസിലെ ചിത്രപടമാണ്. ബോധമാണതെഴുതാന്‍ എടുത്ത നിറമില്ലാത്ത ചായം. വസ്തുക്കള്‍ സൃഷ്ടി സംഹാരങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ ബോധം ശാശ്വതവും ഉപാധിരഹിതവുമാണ്.

“ആയിരക്കണക്കിന് ലോകങ്ങള്‍ ബോധത്തില്‍ ഉയരുന്നുവെങ്കിലും അത് പ്രശാന്തമാണ്. കാരണം അതില്‍ സൃഷ്ടിവാഞ്ഛയില്ല. കണ്ണാടിയില്‍ എത്രതന്നെ പ്രതിഫലനങ്ങള്‍ ഉണ്ടായാലും അവയതിനെ ബാധിക്കാത്തതുപോലെയാണത്.” 

അനന്തബോധമാണ് അനിച്ഛാപൂര്‍വ്വം, ലോകത്തിന്റെ കാരണവും അകാരണവും ആയിരിക്കുന്നത്. ഇനിയും അതങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും. ബോധം കണ്ണ് തുറക്കുമ്പോള്‍ ലോകം ഉണര്‍ന്നുയരുന്നു. അത് കണ്ണടയ്ക്കുമ്പോള്‍ ലോകം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

May 23, 2014

511 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 511

ബ്രഹ്മൈവാഹം ജഗച്ചാത്ര കുതോ നാശസമുദ്ഭവൌ
അതോ ഹര്‍ഷവിഷാദാനാം കിംത്വേവ കഥമാസ്പദം (6.2/34/22)
വസിഷ്ഠന്‍ തുടര്‍ന്നു: ജീവിതത്തിലെ സുഖദുഖങ്ങള്‍ക്ക് ഉന്മൂലനം വരുത്താന്‍ കഴിയുന്ന വസ്തു സംഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അങ്ങിനെ ഉന്മൂലനം വരാത്ത വസ്തുവിന് നാശമില്ല. ആത്മീയതയുടെ ആകെത്തുക ഇതാണ്. ആശകള്‍ ഉള്ളവന് അഭികാമ്യവും അനഭികാമ്യവുമായ അനുഭവങ്ങള്‍ സഹജം. അത്തരം അനുഭവങ്ങളുടെ പീഡകളില്‍ നിന്നും രക്ഷ നേടണമെങ്കില്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു- ആശകളെ ഒഴിവാക്കുക.
പരമാത്മാവില്‍ ‘ഞാന്‍’, ‘ലോകം’ എന്നിവയുടെ അസ്തിത്വത്തെപ്പറ്റി യാതൊരുവിധ ഭ്രമചിന്തകളുമില്ല. ശുദ്ധശൂന്യമായ പരമപ്രശാന്തതയില്‍ ആരാണീ ഭാവാവിഷ്കാരങ്ങള്‍ ഉണ്ടാക്കി ആരോപിച്ചത്? വാസ്തവത്തില്‍ ‘ഞാനോ’, ‘ലോകമോ’, ‘ബ്രഹ്മ’മോ ഇല്ല. ഇവയെല്ലാം വെറും വാക്കുകളുടെ ഉദീരണങ്ങള്‍ മാത്രം.
പരമസത്തയായ പ്രശാന്തത മാത്രമാണ് ഉണ്മ. ഇത് ഏകമായ സത്തയാകയാല്‍ അതില്‍ ഭിന്നതകളില്ല. കര്‍ത്താവില്ല, അനുഭവിക്കാന്‍ ആരുമില്ല. പഠന സൌകര്യത്തിനായി വാക്കുകളും നിര്‍വചനങ്ങളും രൂപീകരിച്ചു എന്ന് മാത്രം. ആത്മാവ് മാത്രമാണ് സത്യം. അതുമാത്രമേയുള്ളൂ.

അടുത്തടുത്ത് കിടന്നുറങ്ങുന്ന രണ്ടുപേരുടെ ഉള്ളില്‍ ഉദിക്കുന്ന സ്വപ്നദൃശ്യങ്ങള്‍ വെവ്വേറെ ആയിരിക്കുന്നതുപോലെ, അവ പരസ്പരം സംവദിക്കുക അസാദ്ധ്യമായിരിക്കുന്നതുപോലെ, ഒരുവന്റെ ആന്തരാനുഭവം തികച്ചും വ്യക്തിപരവും അനന്യവും ആയിരിക്കും.

തീര്‍ച്ചയായും അനന്താവബോധത്തിന് വിശ്വത്തിലെ എല്ലാത്തിനെപ്പറ്റിയും അറിവുണ്ടാവും. ഞാനാണ് ആ ബോധം. ലോകം, ലോകത്തിലെ എല്ലാം. ഞാന്‍ അവയില്‍ നിന്ന് വേറിട്ട ഒന്നല്ല.  ഒരേയൊരാത്മാവാണ് അവിദ്യയാല്‍ പലതായി കാണപ്പെടുന്നത്.

പരമസൂക്ഷ്മമാകയാല്‍ ആത്മാവ് അതിന്റെ നിജഭാവത്തില്‍ കാണപ്പെടുന്നില്ല. ആത്മാവ് തന്റെയുള്ളില്‍ വിശ്വത്തെ അതിനു നിയതമായ രൂപഭാവങ്ങളുണ്ടെന്ന മട്ടില്‍ ദര്‍ശിക്കുകയാണ്. വാസ്തവത്തില്‍ നാമരൂപരഹിതമാണത്. സചേതനമെന്നും അചേതനമെന്നും ഉള്ള തരംതിരിവ് വാസ്തവത്തില്‍ ഉള്ളതല്ല. അതും സാധകന് പഠനസൌകര്യത്തിനായി ഉണ്ടാക്കിയ പദ സമുച്ചയങ്ങളത്രേ.  

തികച്ചും ആകസ്മികമായി കാകതാലീയ ന്യായത്തിലാണ് (കാക്ക വന്നിരിക്കുന്നതും പനമ്പഴം വീഴുന്നതും തമ്മില്‍ കാരണബന്ധമൊന്നുമില്ല എന്ന ന്യായം) ബ്രഹ്മത്തില്‍ ‘ഞാന്‍’ എന്ന ഭാവം അങ്കുരിക്കുന്നത്. “വാസ്തവത്തില്‍ ഞാന്‍ സത്യം, ഞാന്‍ ബ്രഹ്മം, ലോകം ബ്രഹ്മമാകുന്നു, ആദിമധ്യാന്തങ്ങള്‍ ഒരിക്കലും സത്യമല്ലാത്ത സംജ്ഞകളാണ്. പിന്നെയെന്തിനാണ് ആനന്ദിക്കുന്നതും ആകുലപ്പെടുന്നതും?” ഈശ്വരന്‍ സര്‍വ്വശക്തനായതിനാല്‍ ചിലത് സചേതനമായും മറ്റുചിലത് അചേതനമായും കാണപ്പെടുന്നു. എന്നാല്‍ ബ്രഹ്മത്തില്‍ അത്തരം ഭിന്നതകള്‍ ഒന്നുമില്ല.

സൃഷ്ടി ഭഗവാന്റെ ഒരവയവമാണോ എന്ന് തോന്നും. അതില്‍ കാര്യകാരണ ബന്ധവും തോന്നുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല. കാരണം ബ്രഹ്മത്തില്‍ പ്രകൃതി എന്ന് തിരിച്ചു പറയാവുന്ന ഒന്നും ഇല്ല. ദ്വന്ദ്വാത്മകമായ അനുഭവവും നിലനില്‍പ്പും ബന്ധനമാണ്. അതില്‍ നിന്നുള്ള മോചനമാണ് മോക്ഷം. അത്തരം അനുഭവങ്ങളെ നിരാകരിക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ വിഷയ-വിഷയീ-വിഷയീകരണം എന്നീ ത്രിപുടികള്‍ ഇല്ലാതായി.

ബോധത്തിലെ ചലനമാണ് സൃഷ്ടി. എന്നാല്‍ ആ ചലനംതന്നെ മിഥ്യയാണെന്ന് കാണുമ്പോള്‍ അതാണ്‌ നിര്‍വാണം. ബ്രഹ്മം ഉപാധികളില്ലാത്ത പരിണാമവിധേയമല്ലാത്ത ഉണ്മയാണ്. 

വിശ്വം അവിച്ഛിന്നമായ പരബ്രഹ്മമാകുന്നു. 

510 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 510

വചസാ മനസാ ചാന്ത: ശബ്ദാര്‍ത്ഥവവിഭാവയന്‍
യ അസ്തേ വര്‍ധതേ തസ്യ കല്‍പനോപശമ: ശനൈ:  (6.2/33/4)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ഒരുവന്‍ സ്വപ്രയത്നത്താലും മഹാത്മാക്കളുടെ സത്സംഗത്താലും ജ്ഞാനിയായിക്കഴിഞ്ഞാല്‍പ്പിന്നെ അയാളില്‍ ലോകം എന്ന ധാരണ വികസ്വരമാവുകയില്ല. ഒരുവന്റെ ബോധത്തില്‍ ഒരു ധാരണ ഉയരുന്നു, അതിനു വിരുദ്ധമായി മറ്റൊരു ധാരണയുണ്ടാകുന്നു എന്നിരിക്കട്ടെ. അപ്പോള്‍ ആദ്യത്തെ ധാരണയില്‍ പരിവര്‍ത്തനം സംഭവിക്കുന്നു.
എല്ലാ ഭാവനകളെയും ഉപേക്ഷിക്കുമ്പോഴാണ് മോക്ഷം. അത് സാധിക്കുന്നതോ, സുഖാസക്തികള്‍ നിലയ്ക്കുമ്പോള്‍ മാത്രമാണ്.

“ധാരണകളും ആശയങ്ങളും ഒരുവനില്‍ നിലയ്ക്കുന്നത് ആ വാക്കുകളുടെ -ഈ വാക്കുകള്‍ സ്വയം ഉണ്ടാക്കിയതായാലും മറ്റുള്ളവര്‍ പറഞ്ഞതായാലും- അര്‍ത്ഥതലങ്ങളെപ്പറ്റിയുള്ള ആലോചനകള്‍ മനപ്പൂര്‍വ്വം അവസാനിപ്പിക്കുമ്പോഴാണ്.

അഹംകാരത്തെ ഉപേക്ഷിക്കുന്നത് അജ്ഞാനത്തിന്റെ അവസാനം കുറിക്കുന്നു. അത് തന്നെയാണ് നിര്‍വാണം. ഈ ലോകം ഉണ്ടെന്നു വരികിലും ഇല്ലെന്നു വരികിലും മനസ്സ് അതിനെ അംഗീകരിച്ചുകൊണ്ട്  അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ അത് ദുഖഹേതുവാകുന്നു. എന്നാല്‍ ലോകത്തെ അംഗീകരിക്കാതിരിക്കുമ്പോള്‍ അതാണ്‌ ആനന്ദം. ദേഹമെടുത്ത എല്ലാ ജീവികള്‍ക്കും രണ്ടു തരം അസ്വാസ്ഥ്യങ്ങളുണ്ട്‌. ഒന്ന്‍ ഇഹലോകസംബന്ധിയാണ്. മറ്റേത് മറ്റു ലോകങ്ങളെ സംബന്ധിച്ചും. ഇഹലോകത്ത് ഉണ്ടാവുന്ന അസുഖങ്ങള്‍ ജീവിതമവസാനിക്കുന്നതിനു മുന്‍പേ സുഖപ്പെടുത്താന്‍ അജ്ഞാനിയായ മനുഷ്യന്‍ ശ്രമിക്കുന്നു. എന്നാല്‍ മറുലോകത്തിലെ പ്രശ്നങ്ങള്‍ക്ക് അത്തരം പരിഹാരങ്ങള്‍ ഒന്നുമില്ല. മറുലോകങ്ങളിലെ പ്രശ്നങ്ങള്‍ മാറ്റാമെന്നൊരു പ്രത്യാശപോലും വച്ചുപുലര്‍ത്താന്‍ ആവുകയില്ല. കാരണം അത്തരം പരിഹാരങ്ങള്‍ അവിടെയെങ്ങും ഇല്ല തന്നെ.

ഇഹലോകത്തിലെ അവിദ്യയെന്ന രോഗത്തെ നിവാരണം ചെയ്യാന്‍ ആകുന്നില്ലെങ്കില്‍പ്പിന്നെ ഈ ലോകം വിട്ടു ചെല്ലുന്ന മറുലോകത്തിലെ രോഗപീഢകളെ എങ്ങിനെ തരണം ചെയ്യാനാണ്? ഈ ലോകജീവിതത്തിലെ പ്രശനങ്ങളെ പരിഹരിക്കാനായി സമയം ചിലവഴിക്കുന്നത് തന്നെ  വൃഥാവിലാണ്. എന്നാല്‍ ആത്മജ്ഞാനം കൊണ്ട് മറുലോകത്തിലെ പ്രശ്നങ്ങള്‍തന്നെ (ലോകമെന്ന പ്രശനം തന്നെ) ഇല്ലാതാക്കാമല്ലോ.

സമയം നഷ്ടപ്പെടുത്താതെയിരിക്കൂ. ജീവിതം ഇപ്പോഴും മുന്നോട്ടു കുതിക്കുകയല്ലേ? സ്വയം സുഖാസക്തിയില്‍നിന്നും ഉയര്‍ന്നില്ലെങ്കില്‍ യാതൊരു പരിഹാരവും നിനക്കു ലഭ്യമാവുകയില്ല. കാരണം സുഖത്തിനെ തേടുന്നവന്‍ ദുഖവും നിര്‍ഭാഗ്യവും കൂടെ കൊണ്ടുവരുന്നു.
ഒരുവന്റെ പുരുഷത്വം ചെറുപ്രായത്തിലെ ആര്‍ജ്ജവത്തില്‍ നിന്നും തിരിച്ചറിയാം. അതുപോലെ നിര്‍വാണപദത്തിന്റെ പൂര്‍ണ്ണതയിലേയ്ക്കുള്ള തുടക്കം ആത്മനിയന്ത്രണത്തിലും സുഖാസക്തിയുടെ നിരാസത്തിലും കാണാം. സത്യാന്വേഷിയുടെ ജീവിതത്തിന്റെ സ്വരച്ചേര്‍ച്ചയുള്ള  കാലപ്രവാഹമായിരിക്കും. എന്നാല്‍ അജ്ഞാനിയുടെ ജീവിതനദിയില്‍ അനേകം ചുഴികളും മലരികളും ഉണ്ടാവും.

അനന്താവബോധത്തില്‍ ബ്രഹ്മാണ്ഡങ്ങള്‍ സമുദ്രോപരിയുണ്ടാവുന്ന കുമിളകള്‍ പോലെ ഉണ്ടായി മറയുന്നു. എന്നാല്‍ അവയും ഉപാധിരഹിതമായ അസ്തിത്വത്തില്‍ നിന്നും ഭിന്നമല്ല. ബ്രഹ്മം എല്ലാ വിവരണങ്ങള്‍ക്കും അതീതമാണ്. അതിനു ‘പറയാന്‍ കൊള്ളാവുന്നതായ’ യാതൊരു സ്വഭാവഗുണങ്ങളും ഇല്ല. അതിനാല്‍ ബ്രഹ്മാണ്ഡങ്ങളുടെ വിക്ഷേപം അതിന്റെ സ്വഭാവമാണെന്ന് പറയുന്നതും അസംബന്ധമത്രേ. 

സൃഷ്ടി, ലോകം, ചലനം, ബോധം എന്നെല്ലാമുള്ള വാക്കുകള്‍ വെറും ശബ്ദങ്ങള്‍ മാത്രം. അത്തരം വാക്കുകള്‍ പോലും ഒടുങ്ങി, ‘ലോകവുംഞാനു’മെല്ലാം അലിഞ്ഞില്ലാതെയായി ബോധം മാത്രം നിലകൊള്ളുമ്പോള്‍ അത് ശുദ്ധവും അവിച്ഛിന്നവുമായ ‘ഒന്നാണ്’. ഈ അപരിമേയമായ, ഉപാധിരഹിതമായ ബോധം മാത്രമേ സത്യമായുള്ളൂ. മറ്റൊന്നും, വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ ഒക്കെ ‘ഇല്ലാത്ത’വയാണ്. അത്തരം ഭാവനകള്‍  ഭ്രമാത്മകതയുടെ പരിണിതഫലങ്ങളത്രേ.

May 21, 2014

509 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 509

കോഹം കഥമിദം ദൃശ്യം കോ ജീവ: കിം ച ജീവനം
ഇതി തത്വജ്ഞസംയോഗാദ്യാവജ്ജീവം വിചാരയേത് (6.2/32/18)
വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധത്തില്‍ ചലനമുണ്ടാവുമ്പോള്‍ ‘ഞാന്‍’, ‘ലോകം’ മുതലായ ഭാവനകള്‍ ഉടലെടുക്കുന്നു. ആത്മാവില്‍ നിന്നും അഭിന്നമാണെന്ന് അറിവുണ്ടെങ്കില്‍ ഇവ രണ്ടും വാസ്തവത്തില്‍ നിര്‍ദ്ദോഷകരമാണ്. എന്നാല്‍ അവയ്ക്ക് ഉണ്മ കല്‍പ്പിച്ചു നല്‍കുമ്പോള്‍ അത് നിര്‍ഭാഗ്യകരം തന്നെയാണ്.
വാസ്തവത്തില്‍ അപരിമേയമായ സത്തില്‍ ചലനം ഉണ്ടാവുക എന്നത് അസംഭാവ്യമാണ്. അതിന്റെ ഹേതുവായ ചലനം പോലും അസംഭാവ്യം എന്നിരിക്കെ തജ്ജന്യമായ വസ്തുക്കളുടെ ഉണ്മയെപ്പറ്റി എന്തുപറയാനാണ്‌! വന്ധ്യയുടെ പുത്രന്‍ നൃത്തം ചെയ്യുന്നു എന്ന് പറയുന്നതുപോലെയാണത്. അവിദ്യയിലാണ് അത്തരം ചലനങ്ങള്‍ നിലകൊള്ളുന്നത്. അതുകൊണ്ട് ആ ചലനങ്ങളും അവിദ്യ തന്നെയാണ്. ശരിയായ അറിവിന്റെ വെളിച്ചത്തില്‍ അതവസാനിക്കുന്നു. അഹങ്കാരം ഉദിക്കുന്നത് അസ്തിത്വം എന്ന ധാരണയുണ്ടാവുമ്പോഴാണ്. ആ ധാരണയെ ഉപേക്ഷിച്ചാല്‍പ്പിന്നെ അഹംകാരം ഇല്ലാതെയായി.

ഇതിനാണ് ധ്യാനാവസ്ഥ എന്നും സമാധിസ്ഥിതി എന്നും പറയുന്നത്. അത് അതിബൌദ്ധീകമായ ഒരു തലമത്രേ. അവിടെ ഉപാധിരഹിതമായ ബോധമാണുള്ളത്. ദ്വന്ദതയുടെയും അദ്വൈതത്തിന്റെയും വലകളില്‍ കുടുങ്ങാതിരിക്കൂ. അത്തരം ധ്രുവീകരണങ്ങള്‍ ദുഖത്തിലും നിരാശയിലും നമ്മെ കൊണ്ട് ചെന്നെത്തിക്കും. അയഥാര്‍ത്ഥമായതിനെ, അസ്ഥിരമായതിനെ പിന്തുടരുമ്പോള്‍ അത് ദുഖത്തെ ആനയിക്കുന്നു. അത്തരം ഭാവനകള്‍ ഇല്ലാത്തപ്പോള്‍ ദുഖമില്ല. ദീര്‍ഘനിദ്രയില്‍ ദുഖമെവിടെ?  

ഉപാധികളെ നിരാകരിക്കുന്ന ബോധം സ്വയം ഉപാധിരഹിതമായ പ്രകൃതിയെ അറിയുന്നു. അതാണ്‌ മുക്തി. ശാസ്ത്രശാസനകളിലൂടെ ‘ഞാന്‍’ ഇല്ലേയില്ല, എന്ന അറിവ് സുദൃഢമാവുമ്പോള്‍ നിന്നിലെ അനന്താവബോധനിറവിനെ ആര്‍ക്കും ഇളക്കാനാവില്ല. ലോകവും ഞാനുമെല്ലാം വെറും ഭാവനാ തലത്തിലെ നിര്‍മ്മിതികള്‍ മാത്രമാണ്. ഉണ്മ അവയൊന്നുമല്ല.

‘ഞാന്‍ ആരാണ്’, ‘എങ്ങിനെയാണ് ഈ ലോകം ഉണ്ടായത്?’ എന്നിങ്ങിനെയുള്ള  ചോദ്യങ്ങള്‍ ഉള്ളിലുയരുമ്പോഴാണ് ലോകവും ഞാനും ഇല്ലാതെയാകുന്നത്. ‘ഞാന്‍’ ഇല്ല എന്ന തിരിച്ചറിവാണ് മുക്തി, അല്ലെങ്കില്‍ നിര്‍വാണം. ആ അറിവിന്റെ പ്രകാശത്തില്‍ അവിദ്യയ്ക്ക് അവസാനമായി.

“അതിനാല്‍ ഒരുവന്‍ തന്റെ ജീവിതമവസാനിക്കുന്നതുവരെ ‘ഞാന്‍ ആരാണ്?’, ‘ഈ ലോകമെങ്ങിനെ ഉരുവായി?’, ‘എന്താണ് ജീവന്‍ അല്ലെങ്കില്‍ വ്യക്തിത്വം?’, ‘എന്താണ് ജീവിതം?’, എന്നിത്യാദി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മഹാത്മാക്കളുടെ ഉപദേശമനുസരിച്ച് അന്വേഷിച്ചുകൊണ്ടിരിക്കണം.”

നീ സത്യാസാക്ഷാത്കാരം ലഭിച്ച മഹാത്മാക്കളെ സമീപിക്കുമ്പോള്‍ അവരിലെ  ആത്മജ്ഞാനത്തിന്റെ പ്രഭാപൂരം നിന്നിലെ അജ്ഞാനത്തിന്റെ ഇരുട്ടും അതിന്റെ കൂട്ടായിരിക്കുന്ന അഹംകാരവും ഇല്ലാതാക്കുന്നു. അതുകൊണ്ട് അവരുമായുള്ള സത്സംഗം തുടരുക.

വൈവിദ്ധ്യമാര്‍ന്ന ചിന്താസരണികള്‍ നിന്റെ അറിവിനെ വികലമാക്കിയേക്കാം അല്ലെങ്കില്‍ നിന്നില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം. അതിനാല്‍ ഈ സത്സംഗം പൊതുവായ സ്ഥലങ്ങളില്‍ വെച്ചാവുന്നതിനേക്കാള്‍ നല്ലത് സ്വകാര്യമായി ആകുന്നതാണ്. അറിവ് ആഗ്രഹിക്കുന്നയാള്‍ മഹാത്മാക്കളെ സ്വകാര്യമായി സന്ദര്‍ശിച്ച് അവരില്‍ നിന്നും സത്യജ്ഞാനാമൃതം സ്വീകരിച്ച്‌ അതിനെക്കുറിച്ച് ധ്യാനനിരതനാവണം. ഈ ധ്യാനം ബോധാകാശത്തെ മൂടുന്ന നിഴലുകളായ ഭാവനകള്‍, ധാരണകള്‍ മുതലായവയെ ക്ഷണത്തില്‍ ഇല്ലാതെയാക്കും.  

508 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 508

വാസനൈവേഹ പുരുഷ: പ്രേക്ഷിതാ സാ ന വിദ്യതേ
താം ച ന പ്രേക്ഷതേ കശ്ചിത്തത: സംസാര ആഗത: (6.2/31/16)

വസിഷ്ഠന്‍ തുടര്‍ന്നു: അനന്തബോധം സ്വയം അനന്തമായും ഉപാധിരഹിതമായും ചിന്തിക്കുന്നതാണ് എല്ലാവര്‍ക്കും അനുഭവമാകുന്നത്. എന്നാല്‍ വിഷയങ്ങള്‍ കടന്നുവരുമ്പോള്‍, അവയെപ്പറ്റിയുള്ള ആവര്‍ത്തിച്ചുള്ള ചിന്തകള്‍ അവയ്ക്ക് പ്രബലത നല്‍കുമ്പോള്‍ ബോധം വിഷയങ്ങള്‍ക്ക് സമൂര്‍ത്തഭാവം നല്‍കുന്നു. സ്വപ്നത്തില്‍ ഉണ്ടാകുന്ന വസ്തുക്കള്‍ ഉള്ളില്‍ ഉള്ളവയാണെങ്കിലും അവയ്ക്കൊരു വ്യതിരിക്തത തോന്നുന്നുണ്ടല്ലോ. സ്വപ്നവസ്തു നഷ്ടപ്പെടുമ്പോള്‍ ഒന്നും വാസ്തവത്തില്‍ നഷപ്പെടുന്നില്ല. അതുപോലെ ‘ലോകവും’, ‘ഞാനും’ ഇല്ലാതെയായാല്‍ ഒന്നും നഷ്ടമാവുന്നില്ല. ലോകത്തെയോ അഹംകാരത്തെയോ നിന്ദിച്ചു പറയുന്നതില്‍ കാര്യമില്ല. വെറും ഭ്രമക്കാഴ്ച്ചയെ ആരെങ്കിലും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുമോ?

അന്വേഷണം മാത്രമാണ് ഇവിടെ സമുചിതമായ മാര്‍ഗ്ഗം. അന്വേഷണത്തില്‍ എന്ത് ബാക്കിയാവുന്നുവോ അതാണ്‌ സത്യം. ആ സത്യത്തില്‍ സുദൃഢനാവൂ. ഈ ലോകമെന്ന കാഴ്ച വെറും ഭാവനയാണ്. അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ധാരണകള്‍ മാത്രമാണത്. ധാരണകള്‍ ഇല്ലാതെയായാല്‍ ബാക്കിയാവുന്നത് ബ്രഹ്മം. ലോകമെന്ന വ്യര്‍ത്ഥഭാവനയെ സത്യമെന്ന് കരുതുന്നത് വന്ധ്യയുടെ പുത്രനെ വിശ്വസിച്ച് ജീവിക്കുന്നത് പോലെ അസംബന്ധം.

“വ്യതിരിക്തവ്യക്തിത്വം വാസനയാണ്, മാനസീക ഉപാധികളാണ്. അവ അന്വേഷണത്തില്‍ ഇല്ലാതെയാവുന്നവയാണ്. എന്നാല്‍ അവിദ്യയുടെ തലത്തില്‍ ശരിയായ കാഴ്ചയുടെ അഭാവത്തില്‍ ലോകം എന്ന കാഴ്ച ഉയര്‍ന്നു പൊന്തുകയായി.”

ദേഹങ്ങള്‍ പഞ്ചഭൂതങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന സംഘാതസംയുക്തമായി നിര്‍മ്മിക്കപ്പെടുന്നു. അത് ജഡമാണ്. സ്വയം അതില്‍ ചൈതന്യമില്ല. മനസ്സും ബുദ്ധിയും അഹംകാരവും എല്ലാം ജഡം. പഞ്ചഭൂതാത്മകം. മനോബുദ്ധ്യഹങ്കാരങ്ങളിലെ ജഡത്വം നീക്കിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നതെന്തോ അതാണ്‌ നിത്യശുദ്ധപ്രബുദ്ധമായ അനന്തബോധം. മുക്തിയാണത്. 

വിഷയം വിഷയിയില്‍ വിലയിക്കുന്നു. അവയ്ക്ക് വ്യതിരിക്തമായ നിലനില്‍പ്പില്ല. ഉപാധിസ്ഥമായ അവസ്ഥ എന്നതും സത്യമല്ല. അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ഒന്നാണത്. അത്തരം ഭാവനകളെ ഇങ്ങിനി വരാത്തവണ്ണം എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകയാണുത്തമം. സാധകനില്ല, സാധനാവിഷയമില്ല, യാഥാര്‍ത്ഥ്യമോ അയാഥാര്‍ത്ഥ്യമോ ഇല്ല. പരമപ്രശാന്തത മാത്രമാണുണ്മ.

ഈ പ്രശാന്തതയില്‍ അഭിരമിക്കുന്നവന്‍ കര്‍മ്മനിരതനാണെങ്കിലും അല്ലെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതനാണ്. മനസ്സ് അനന്താവബോധത്തെ പരിമിതപ്പെടുത്തുന്ന എല്ലാ ധാരണാസങ്കല്‍പ്പങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുമ്പോള്‍ പ്രബുദ്ധനായ മുനിയെങ്ങിനെ ദ്വന്ദതയില്‍ നിലകൊള്ളും? പ്രേമമോ, ദ്വേഷമോ ഭയമോ ഇല്ലാതെ അവിച്ഛിന്നമനസ്സോടെ ശാന്തനായി  അയാളിരിക്കുന്നു. 
 
വിഷയിയില്‍ വിഷയം ഉണരുമ്പോള്‍ അത് തന്നില്‍ നിന്നും വിഭിന്നമായി വിഷയിയില്‍ അനുഭവപ്പെടുന്നു. എന്നാല്‍ വിഷയവും വിഷയിയും സ്വപ്നം കാണുന്നവനും സ്വപ്നവസ്തുവും എന്നപോലെ അഭിന്നങ്ങളാണ്. രണ്ടു പാത്രങ്ങളിലായി വച്ചിട്ടുള്ള പാല് പോലെയാണത്. അനന്തമായ ആത്മാവ് എല്ലാ ഭാവനകള്‍ക്കും അതീതമാണ്. ഭാവനകളാണ് വിഷയങ്ങളെ ഉണ്ടാക്കുന്നത്. എന്നാല്‍ ഭാവനകള്‍ ഇല്ലാതെയായാല്‍ വിഷയങ്ങളും അസ്തമിക്കും.

May 19, 2014

507 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 507

ചിത്രസംഗരയുദ്ധസ്യ സൈന്യസ്യാക്ഷുബ്ധതാ യഥാ
തഥൈവ സമതാ ജ്ഞസ്യ വ്യവഹാരവതോപി ച (6.2/30/5)

വസിഷ്ഠന്‍ തുടര്‍ന്നു: ‘ഞാന്‍’ എന്ന ധാരണ വെറും അജ്ഞാനമാണ്. അത് നിര്‍വാണപദത്തിന് വിഘാതമായി നില്‍ക്കുന്നു. മുക്തിയ്ക്ക് തടസ്സമായുള്ളത് ‘ഞാനാ’ണ്. എന്നാല്‍ മൂഢമതികള്‍, ഈ അജ്ഞാനമാകുന്ന  ഇരുട്ടിന്റെ സഹായത്താല്‍ സത്യപ്രകാശത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു!. 

അഹംകാരത്തെപ്പറ്റി അന്വേഷിച്ചുചെല്ലുമ്പോള്‍ അത് സ്വയം അതിന്റെ പരിമിതികളും ഉപാധിസ്ഥമായ സ്വഭാവവും ഒടുവില്‍ അതിന്റെ വ്യര്‍ഥതയും വ്യക്തമാക്കുന്നു. അജ്ഞാനിയാണ് ‘അഹ’ത്തിനെ ‘കണ്ടെത്തുന്നത്’; ജ്ഞാനിയല്ല. സത്യത്തെ അറിഞ്ഞ ജ്ഞാനി മൂര്‍ത്തമോ അമൂര്‍ത്തമോ ആയ അവസ്ഥകളില്‍ ഇരുന്നാലും അവയിലൊന്നും ആശങ്കാലേശമില്ലാതെ അഹംകാരത്തെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു നിലകൊള്ളുന്നു.

“ചിത്രപടത്തിലുള്ള യുദ്ധക്കളത്തിലെ നാശം ഭീതിയുണ്ടാക്കുന്നില്ല. അതുപോലെ സത്യജ്ഞാനി സമതാഭാവത്തില്‍ അഭിരമിക്കുമ്പോള്‍ കര്‍മ്മങ്ങള്‍ അയാളെ ബാധിക്കുന്നില്ല.” പ്രബുദ്ധനായ മുനിയെ സംബന്ധിച്ചിടത്തോളം മൂര്‍ത്തീകരിക്കപ്പെട്ടതും ഉപാധിസ്ഥവും ആയ കാര്യങ്ങള്‍ എല്ലാം സത്യമല്ല എന്ന്‍ നിശ്ചയമുണ്ട്. പെട്രോമാക്സിന്റെ മാന്റില്‍ സ്വയം എരിഞ്ഞു ചാരമായാലും അത് അതിന്റെ ആകാരരൂപം നിലനിര്‍ത്തുന്നതുപോലെ പ്രബുദ്ധനായ മുനിയുടെ വ്യക്തിത്വം വ്യതിരിക്തമല്ല. അയാളുടെ മനസ്സ് നിര്‍മനമാണ്. അയാളിലെ ഉപാധികള്‍ ഉപാധികളല്ല.

അത് ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. പുറമേയ്ക്ക് വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്നമാവുമ്പോഴും ആരൊരുവന്‍ അകമേ പൂര്‍ണ്ണപ്രശാന്തനായി ഇരിക്കുന്നുവോ അവന്‍ മുക്തനത്രേ. ആകാശത്തു പാറിപ്പറക്കുന്നതായി കാണപ്പെടുന്ന ആനയും തേരുമെല്ലാം മേഘങ്ങളുടെ രൂപവിന്യാസങ്ങളാണ്. അതുപോലെയാണ് ലോകങ്ങളും പരമാത്മാവില്‍, അല്ലെങ്കില്‍ ബ്രഹ്മത്തില്‍ കാണപ്പെടുന്നത്.

അയഥാര്‍ത്ഥമായതിനെ ഉണ്മയായി തെറ്റിദ്ധരിച്ചതാണ് ദുഖത്തിന് ഹേതു. ഉണ്മയെ വികലമായിമാത്രം, ഭ്രമാത്മകമായി അറിഞ്ഞതാണ് അത്തരം ധാരണകള്‍ക്ക് കാരണം. അഹംകാരം കൊണ്ട് അജ്ഞാനി തന്റെയുള്ളില്‍ ലോകത്തെ അനുഭവിക്കുന്നു. താന്‍ വാസ്തവത്തില്‍ അനന്തമായ അവബോധമാണെന്നുള്ള കാര്യം വിസ്മരിക്കുന്നു. ഒരു തീക്കൊള്ളി ചുഴറ്റുമ്പോള്‍ ഉണ്ടാകുന്ന തീവലയം ആകാശത്ത് പലവിധ രൂപങ്ങളെ ഉണ്ടാക്കുന്നതുപോലെയാണത്. വാസ്തവത്തില്‍ ഒരേയൊരു തീപ്പൊരിയേ ഉണ്മയായി ഉള്ളു. തീവലയങ്ങള്‍ ഉണ്ടാകുന്നതു പോലെയാണ് വൈവിദ്ധ്യമാര്‍ന്ന നാമരൂപങ്ങള്‍ ഉണ്ടാകുന്നത്. അവ, ഏകാത്മകമായ ബ്രഹ്മത്തിന്റെ, അനന്തമായ ബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ മാത്രമാണ്.

ആദിമദ്ധ്യാന്തങ്ങള്‍, ഉയര്‍ച്ചതാഴ്ചകള്‍, കാലദേശാദികള്‍, എല്ലാമെല്ലാം അങ്ങിനെതന്നെ ഇരുന്നുകൊള്ളട്ടെ. ഉള്ളില്‍ നിറയുന്ന പരമപ്രശാന്തിയാണ് പ്രധാനം. ജഡമായ ജലത്തിന് കപ്പലിനെ താങ്ങി നിര്‍ത്തി മറുകരയണയ്ക്കാന്‍ സാധിക്കുന്നു. സ്വാര്‍ജ്ജിതമായ (ജലമെന്ന) പരിമിതിയെ ജലം അങ്ങിനെ മറികടക്കുന്നു!. അതുപോലെ മനുഷ്യന് ലോകമെന്ന കെട്ടുകാഴ്ചയുടെ മറുകരയണയാന്‍ ഈ ജഡപ്രപഞ്ചംതന്നെ വേണം. ചിന്തകള്‍കൊണ്ട് നിര്‍മ്മിച്ചവയെ ചിന്തകളെക്കൊണ്ട് തന്നെ ഇല്ലാതാക്കാം. 

അതിനാല്‍ ഇതൊന്നും ‘ഞാനും’, ‘മറ്റുള്ളവരും’ അല്ല  എന്ന അറിവിന്റെ നിറവില്‍ നിര്‍ഭയനായിത്തീരൂ. ദേഹമനസ്സുകളെ അന്വേഷിച്ച് ചെല്ലുമ്പോള്‍ ‘ഞാന്‍’ എന്നൊരു സാധനം കിട്ടുകയില്ല. സുഖാനുഭാവാസക്തികളെ ഉപേക്ഷിച്ച് ആത്മാന്വേഷണനിരതനായി സ്വപ്രയത്നത്തില്‍ ജാഗരൂകനായിരിക്കൂ.  

506 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 506

ജ്ഞത്വേന ജ്ഞത്വമാസാദ്യ മുനിര്‍ഭവതി മാനവ:
അജ്ഞത്വാദജ്ഞതാമേത്യ പ്രയാതി പശുവൃക്ഷതാം (6.2/29/66)

അനന്തമായ ബോധം സ്വയം തിരിച്ചറിയുന്നതു തന്നെയാണ് മനസ്സ്. മാനസീകവൈഷമ്യങ്ങളുണ്ടാക്കുന്ന സംസാരമായതും ബന്ധനമായതും അത് തന്നെയാണ്. അനന്താവബോധം സ്വയം തിരിച്ചറിയാതെ അങ്ങിനെതന്നെ നിലനില്‍ക്കുന്ന അവസ്ഥയാണ് മോക്ഷം എന്നുപറയാം.

മനോബുദ്ധികള്‍ ശുദ്ധമായ അവബോധത്തിന്റെ രൂപാന്തരങ്ങളാണ്. അവ വെറും വാക്കുകള്‍ മാത്രം. വാസ്‌തവത്തില്‍ ശുദ്ധവും അവിച്ഛിന്നവുമായ ബോധം മാത്രമേ ഉണ്മയായുള്ളു. അകവും പുറവും ബോധം മാത്രം സത്യമായുള്ളപ്പോള്‍ വിഭജനചിന്തകള്‍ എങ്ങിനെ ഉണ്ടാവാനാണ്? എവിടെയാണ് അത് നടപ്പിലാവുക? ബോധവും ശുദ്ധനിശ്ശൂന്യതയും തമ്മില്‍ അന്തരമുണ്ടോ? അഥവാ ഉണ്ടെങ്കിലും അതിനെ വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം.

സ്വപരിമിതിയെന്ന ധാരണ അവസാനിക്കുമ്പോള്‍ ഞാന്‍ ആകാശംപോലെ അനന്തമാണ്. അത്തരം പരിമിതികള്‍ വെറും ധാരണകളായതുകൊണ്ട് അതിനു അനന്തതയെ പരിമിതപ്പെടുത്താന്‍ കഴിയില്ല. ഈ അറിവ് ഒരുവനില്‍ ഉണരുമ്പോള്‍ ആത്മാവബോധമുണ്ടെങ്കിലും അതും അവസാനിച്ച് ദൃഷ്ടവും ദൃഷ്ടാവും തമ്മില്‍ അന്തരമില്ലാതെയാവുന്നു. നിശ്ശൂന്യതയാണ് പരമസത്യമെന്നപോലെയാണത്.

എന്നാല്‍ അവിദ്യ എന്ന സംജ്ഞ സൂചിപ്പിക്കുന്നത് ഒളിഞ്ഞിരിക്കുന്ന ജ്ഞാനത്തെയാണ്. ഈ ജ്ഞാനം അവിദ്യയെ നശിപ്പിച്ച് വിശ്രാന്തിയടയുന്നു. ഇതാണ് പരമമായ അവസ്ഥ. “അകമേ നിശ്ശബ്ദനായിരിക്കുന്ന മുനി മനുഷ്യനാവുന്നു (മനുഷ്യന്‍ മുനിയാവുന്നു); ജ്ഞാനഹീനനായതുകൊണ്ട് അജ്ഞാനി മൃഗമോ മരമോ ആവുന്നു.”

‘ഞാന്‍ ബ്രാഹ്മണന്‍’, ‘ഇത് ലോകം’, തുടങ്ങിയവ ഭ്രമാത്മകമായ ധാരണകള്‍ മാത്രമാണ്. അന്വേഷിച്ചു ചെല്ലുമ്പോള്‍ അത്തരം കാര്യങ്ങളുടെ പൊള്ളത്തരം വെളിവാകും. വെളിച്ചം ഇരുട്ടന്വേഷിച്ചു പോകുമ്പോള്‍ ഇരുട്ടിനെ എവിടെ  കാണാനാണ്? ശരിയായ അറിവുള്ളതുകൊണ്ട് ഇന്ദ്രിയങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമതമായിരിക്കുമ്പോള്‍ത്തന്നെ പ്രശാന്തനായ മനുഷ്യനില്‍  തെറ്റിദ്ധാരണകള്‍ ഇല്ലാത്തതിനാല്‍ അയാള്‍ അനുഭവങ്ങള്‍ക്ക് വശംവദനാകുന്നില്ല. ദീര്‍ഘനിദ്രയിലെന്നപോലെ അയാള്‍ ജീവിക്കുന്നു. ദീര്‍ഘനിദ്രയില്‍ സ്വപ്നങ്ങളില്ല, അത് സമാധിയിലാണ് അവസാനിക്കുക. 

പ്രതീതികള്‍ക്ക് വിഷയമായ എല്ലാ വസ്തുക്കളും ജ്ഞാനത്തില്‍ വിലയിക്കുന്നു. അപ്പോള്‍ എല്ലാം ഒന്നായി കാണപ്പെടുന്നു. കാണപ്പെടുന്ന വസ്തുക്കളെല്ലാം ഉപാധിസ്ഥമായ മനസ്സിന്റെ അവസ്ഥയാണെന്നു തിരിച്ചറിയുന്നതോടെ ആത്മാവിന്റെ പരിമിതികള്‍ ഇല്ലാതെയാവുന്നു.
ഉപാധികളില്ലാത്തതിനാല്‍ അവിടെ കര്‍ത്തൃത്വവും ഭോക്തൃത്വവും ഇല്ല. സുഖവും ദുഖവും ഇല്ല. പാപവും പുണ്യവും ഇല്ല. ആര്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ല. 

ഇതെല്ലാം ശുദ്ധശൂന്യത. അഹംകാരം എന്ന ഭാവനയും ‘എന്റെ’ എന്ന തോന്നലുമെല്ലാം വ്യര്‍ത്ഥം. എല്ലാ കാഴ്ചകളും ഭ്രമകല്‍പ്പനകള്‍ മാത്രമാകുന്നു. അവയൊന്നും നമ്മില്‍ നിലനില്‍ക്കുന്നില്ല.

ഈ ‘കാഴ്ച’യുള്ളവന്‍ അനിച്ഛാപൂര്‍വ്വം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുകയോ പൂര്‍ണ്ണമൌനത്തില്‍ (കഷ്ടമൌനം) ഒരു തടിക്കഷണം പോലെയിരിക്കുകയോ ചെയ്യും. അയാള്‍ ബ്രഹ്മമാണ്. ദേഹമെടുത്ത ജീവികള്‍ക്ക് പരമപ്രശാന്തിയടയാന്‍ ഇത് മാത്രമേ മാര്‍ഗ്ഗമുള്ളു. 

May 14, 2014

505 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 505

ദ്വിവിധോ ഭവതി പ്രഷ്ടാ തത്വജ്ഞോജ്ഞോധവാപി ച
അജ്ഞസ്യാജ്ഞതയാ ദേയോ ജ്ഞസ്യ തു ജ്ഞതയോത്തര: (6.2/29/32)

വസിഷ്ഠന്‍ തുടര്‍ന്നു: “ചോദ്യകര്‍ത്താക്കള്‍ രണ്ടു തരത്തിലാണുള്ളത്. അജ്ഞാനികളും, പ്രബുദ്ധരും. അജ്ഞാനിക്കുള്ള ഉത്തരം അവനു യോജിച്ചവണ്ണം അവന്റെ നിലയനുസരിച്ചു വേണം നല്‍കാന്‍. പ്രബുദ്ധനുള്ള ഉത്തരം അവന്റെ നിലയ്ക്ക് യോജിച്ചതുമാവണം.”

ഇതുവരെ നീ അജ്ഞാനിയായിരുന്നു. അതുകൊണ്ട് ബുദ്ധിപരമായ ഉത്തരങ്ങള്‍ മതിയായിരുന്നു. ഇപ്പോള്‍ നിനക്ക് സത്യമറിയാം എന്നുള്ളതുകൊണ്ട് ബുദ്ധിപരമോ യുക്ത്യാനുസാരിയോ ആയ ഉത്തരങ്ങള്‍ മതിയാവുകയില്ല.

രാമാ, വാക്കുകള്‍ കൊണ്ട് പറയാവുന്ന എല്ലാം, അവ എത്ര വിശദീകരിച്ചു പറഞ്ഞാലും ചുരുക്കിപ്പറഞ്ഞാലും, എത്ര സൂക്ഷ്മവും അഭൌമവുമാണെങ്കില്‍പ്പോലും യുക്തി, ദ്വന്ദത, ഭിന്നത, എന്നീ പരിമിതികള്‍ ഉള്ളവയാണ്. അത്തരം നിറം പിടിച്ച ഉത്തരങ്ങള്‍ നിനക്ക് നല്‍കാന്‍ വയ്യ. എന്നാല്‍ വാക്കുകള്‍ക്ക്, സ്വയം നിറംപിടിപ്പിക്കാതെ ശുദ്ധസത്യം മാത്രം പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള കഴിവില്ല താനും. 

നിന്നെപ്പോലുള്ളവന് നിര്‍മലമായ സത്യം മാത്രമേ പകര്‍ന്നു നല്‍കാവൂ. എന്നാല്‍ നിര്‍മലസത്യം നിശ്ശബ്ദതയില്‍ മാത്രമേ വെളിപ്പെടുകയുള്ളു. ആ മൌനം യുക്ത്യാനുസാരിയായ എല്ലാ അന്വേഷണങ്ങളില്‍ നിന്നും സ്വതന്ത്രമാണ്. പരമമായ അവസ്ഥയാണത്. അതുകൊണ്ട് മൌനം മാത്രമേ നിന്റെ ചോദ്യത്തിന് ഉത്തരമായി തരാന്‍ കഴിയൂ.

എല്ലാ ഭാവാവിഷ്കാരങ്ങളും അത് പ്രകടിപ്പിക്കുന്നവന്റെ സ്വഭാവത്തില്‍ അധിഷ്ഠിതമാണ്. ഞാന്‍ നിത്യശുദ്ധപ്രബുദ്ധവും അഭേദവുമായ അനന്താവബോധത്തില്‍, പരമാത്മാവില്‍ സുദൃഢനാണ്.  എങ്ങിനെയാണ് വാക്കുകള്‍കൊണ്ട് എന്റെ സഹജഭാവത്തില്‍ കളങ്കം ചാര്‍ത്തുക? വാക്കുകള്‍ക്ക് പകരാനാവാത്ത കാര്യം പറയാന്‍ ശ്രമിച്ച് എന്നിലെ പരിപൂര്‍ണ്ണതയെ ഞാനെന്തിനു വികലമാക്കണം? അതിനാല്‍ അനന്തതയെ എന്റെ മനസ്സിലുയരുന്ന വാക്കുകളിലേയ്ക്ക് ചുരുക്കാന്‍ ഞാന്‍ തുനിയുന്നില്ല.

രാമന്‍ പറഞ്ഞു: വാക്കുകള്‍ ദ്വന്ദതയാലും പരിമിതികളാലും കളങ്കപ്പെട്ടിരിക്കുന്നു എന്നെനിക്കറിയാം. അതങ്ങിനെ ഇരിക്കുമ്പോള്‍ത്തന്നെ ആ പരിമിതികള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ പറയൂ അങ്ങാരാണ്?

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ശുദ്ധാകാശം പോലെ നിര്‍മ്മലമായ ബോധമാണ്. വിഷയാനുബദ്ധങ്ങളായ അനുഭവങ്ങള്‍ക്ക് ഞാന്‍ വശംവദനല്ല. അനന്തമായ നിര്‍മ്മലാവബോധമാണ് ഞാന്‍. നീയും അതുതന്നെ. ലോകം മുഴുവന്‍ അത് തന്നെയാണ്. എല്ലാമെല്ലാം അവിഭാജ്യമായ അദ്വയമായ ബോധമാണ്. ഞാന്‍ ശുദ്ധപ്രബുദ്ധതയാണ്. അതില്‍ നിന്നും വിഭിന്നമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ എന്നെ വേര്‍തിരിച്ചു പറയാന്‍ എനിക്കാവില്ല.

ഒരാള്‍ തന്നെക്കുറിച്ച് വ്യതിരിക്തമായ ഒരു ധാരണയെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു പകരം  അഹംകാരവും തല്‍സംബന്ധിയായ മറ്റെല്ലാം ഉദിച്ചുയരുന്നത്. 

ഒരാളുടെ പരമമായ അവസ്ഥ എന്നത്  ജീവിച്ചിരിക്കുമ്പോഴും ‘മരിച്ച’പോലുള്ള ‘അകര്‍മ്മാ’വസ്ഥയാണ്. എന്നാല്‍ ഈ അഹംകാരം സ്വയം മുക്തിപദം കൈവരിക്കാന്‍ ശ്രമിക്കുക എന്നത് അസംബന്ധമാണ്. കാരണം അഹംകാരത്തിന് സത്യത്തെ അറിയാനാവുന്നതെങ്ങിനെ?

അനന്താവബോധത്തിന് സ്വയം സാക്ഷാത്ക്കരിക്കേണ്ടതായി ഒന്നുമില്ല. എങ്ങിനെ നോക്കിയാലും ജന്മനാ അന്ധനായ ഒരാള്‍ നല്ലൊരു ചിത്രം ‘കാണുന്നതു’പോലെയുള്ള അവസ്ഥയാണിത്. ബോധത്തില്‍ ചലനം ഉണ്ടായാലും ഇല്ലെങ്കിലും പാറപോലെയുറച്ചു നില്‍ക്കുന്ന സാധകന്റെ അവസ്ഥയാണ് മോക്ഷം, അല്ലെങ്കില്‍  നിര്‍വാണം. 

അയാള്‍ ‘മറ്റൊന്നിനെ’ കാണുന്നില്ല. അയാളില്‍ ആശകളോ ആസക്തികളോ ഇല്ല. അയാളില്‍ ‘ഞാന്‍’. ‘നീ’, ‘’അവര്‍’, മുതലായ സത്തകള്‍ ഇല്ല. എല്ലാമെല്ലാം ഒന്നാണ്, എകാത്മകമാണ്. 

504 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 504

യഥാക്രമം യഥാദേശം കുരു ദുഃഖമദുഃഖിത:
ബാഷ്പകന്ദാദിപര്യന്തം ദ്വന്ദ്വയുക്തസുഖാനി ച (6.2/29/4)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, എല്ലായിടത്തുമുള്ള എല്ലാ കര്‍മ്മങ്ങളും ശുദ്ധാവബോധം മാത്രമായിക്കണ്ട് അന്തര്‍മുഖനായി ജീവിക്കൂ. ദുഖത്തിലും ദുരിതത്തിലും, വേദനയിലും എല്ലാം “സ്വയമുള്ളില്‍ ദുഖിതനാകാതെ എന്നാല്‍ ദുഖിതനെപ്പോലെ ആനുകാലികസ്ഥിതിഗതികല്‍ നോക്കി, ആചാരരീതികള്‍ക്കനുസരിച്ച് പെരുമാറുക. വേണ്ടിവന്നാല്‍ ഒരല്‍പം കണ്ണീരു പൊഴിക്കുക. സുഖദുഖങ്ങളെ അനുഭവിക്കുന്ന ഒരുവനെപ്പോലെ സമൂഹത്തില്‍ പെരുമാറുക.”

ഭാര്യാപുത്രന്മാരുമായിരിക്കുമ്പോഴും ഉത്സവാദികളില്‍ പങ്കുകൊള്ളുമ്പോഴും സാധാരണക്കാരെപ്പോലെ, മനോപാധികളില്‍ ചാഞ്ചാടുന്നവനെപ്പോലെ ആഹ്ലാദം പ്രകടിപ്പിക്കുക.

ശവസംസ്കാരചടങ്ങുകളിലും യുദ്ധങ്ങളിലും ചിലപ്പോള്‍ ഒരജ്ഞാനിയെപ്പോലെ, പരിമിതമായ അറിവ് മാത്രമുള്ളവനെപ്പോലെ പങ്കെടുക്കുക. ധനമാര്‍ജ്ജിക്കുക, ശത്രുക്കളെ വെല്ലുക മുതലായ പരിമിതപ്രഭാവന്മാരുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുക. കഷ്ടപ്പെടുന്നവരോടു സഹാനുഭൂതിയുള്ളവനായിരിക്കുക. 

മഹാത്മാക്കളെ പൂജിക്കുക. ആനന്ദാവസ്ഥകളില്‍ ആഹ്ലാദിക്കുക. മറ്റുള്ളവരുടെ ദുഖങ്ങളില്‍ പങ്കുകൊള്ളുക. വീരന്മാരില്‍ അഗ്രഗണ്യനാവുക. ഉള്ളിലേയ്ക്ക് ദൃഷ്ടിയൂന്നി ആത്മാവെന്ന ആനന്ദസമുദ്രത്തില്‍ നീന്തി മനസ്സും ഹൃദയവും പ്രശാന്തമാക്കി നീയെന്തു ചെയ്താലും നീയത് ‘ചെയ്യുന്നില്ല’.  അത് ‘കര്‍മ്മ’മാകുന്നില്ല.

നീയങ്ങിനെ അത്മാഭിരാമനായിരിക്കുമ്പോള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് നിന്നെ മുറിക്കാനാവില്ല. ആത്മജ്ഞാനത്തെ ഒന്നിനും മുറിവേല്‍പ്പിക്കാനാവില്ല. അഗ്നിയ്ക്ക് എരിക്കാനാവില്ല, മഴയ്ക്ക് നനയ്ക്കാനാവില്ല. കാറ്റിന് ഉണക്കാനാവില്ല. 

ആത്മജ്ഞാനമെന്ന ഉറച്ചതൂണില്‍ പിടിച്ചിരിക്കുക. ആത്മാവ് ജനനമരണജരാനരകള്‍ക്ക് അപ്രാപ്യമാണെന്നറിയുക.

ബാഹ്യമായി തികച്ചും കര്‍മ്മോല്‍സുകനായി, അത്മജ്ഞാനത്തില്‍ ഉറച്ചു ജീവിക്കുക. ഒരിക്കലും വാസനകളുടെ ബന്ധനത്തില്‍ വീഴാതിരിക്കുക. ഉള്ളില്‍ ദീര്‍ഘനിദ്രയിലെന്നപോലെയാണെങ്കിലും പുറമേയ്ക്ക് കര്മ്മനിരതനായി നിലകൊള്ളുക. വിഭജനാത്മകചിന്തകളെ ഒരിക്കലും വച്ച്പുലര്‍ത്താതിരികുക. സ്വാവബോധത്തെ ഒരല്‍പം ബാഹ്യലോകത്തില്‍ വച്ചുകൊണ്ട് ആത്മാഭിരാമനായി വര്‍ത്തിക്കുക.

അങ്ങിനെ നിനക്ക് ആഴമേറിയ നിദ്രയിലെന്നപോലെ വിശ്രാന്തനാകാം. പുറമേയ്ക്ക് കര്‍മ്മനിരതനായാലും അല്ലെങ്കിലും എന്തിനെയെങ്കിലും സമാശ്രയിച്ചാലും ഇല്ലെങ്കിലും ഈ വിശ്രാന്തി നിനക്ക് സ്വായത്തമാണ്. എല്ലാ കാലുഷ്യങ്ങളില്‍ നിന്നും നീയപ്പോള്‍ സര്‍വ്വ സ്വതന്ത്രനാണ്. സുഷുപ്തിയവസ്ഥയും ജാഗ്രദവസ്ഥയും നിന്നില്‍ അഭേദമാണപ്പോള്‍.
അങ്ങിനെ ആദിയന്തങ്ങളില്ലാത്ത ആത്മാവബോധം പരിശീലിക്കുന്നതിലൂടെ നിനക്ക് അചിരേണ പരമാത്മബോധതലത്തില്‍ എത്താം. അവിടെ ദ്വന്ദതകളില്ല. എല്ലാ വിഷയീകരണങ്ങള്‍ക്കും അതീതമാണത്. അവിടെ എകത്വവും നാനാത്വവും ഇല്ല. ഉള്ളത് പരമപ്രശാന്തി മാത്രം.

രാമന്‍ ചോദിച്ചു: അഹംകാരത്തെ സംബന്ധിച്ച ഉണ്മ അങ്ങിനെയാണെങ്കില്‍ മഹാമുനേ അങ്ങ് വസിഷ്ഠനെന്ന് നാമധാരിയായി എങ്ങിനെയാണിവിടെ നില്‍ക്കുന്നത്?

രാമന്‍ ഇത് ചോദിക്കേ വസിഷ്ഠന്‍ കുറച്ചു നിമിഷം നിശ്ശബ്ദനായിരുന്നു. സഭാവാസികള്‍ ആശങ്കിതരായി. 

അതുകണ്ട് രാമന്‍ വീണ്ടും ചോദിച്ചു: എന്താണ് മാമുനേ അങ്ങ് മൌനിയായത്? മഹാത്മാക്കളായ ഋഷിവര്യന്മാര്‍ക്ക് ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങളില്ല.

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഉത്തരം പറയാതെ മൌനമവലംബിച്ചത് ഉത്തരം അറിയാഞ്ഞിട്ടല്ല. കാരണം മൌനം മാത്രമാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം എന്നതുകൊണ്ടാണ്.

May 13, 2014

503 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 503

അഥവാ വാസനോത്സാദ ഏവാസങ്ക ഇതി സ്മൃത:
യയാ കയാചിധ്യുക്ത്യാന്ത: സമ്പാദയ തമേവ ഹി (6.2/28/25)
വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാവിലാണ് ഏകത്വവും അനേകത്വവും ഉള്ളത്. എന്നാല്‍ അവ രണ്ടും തമ്മില്‍ പരസ്പരവിപരീതങ്ങളാണെന്ന്‍ പറയുകവയ്യ. ആത്മാവില്‍ എങ്ങിനെയാണ് വൈവിദ്ധ്യത ആരോപിക്കാനാവുക?
ഒരെയോരാത്മാവ് അതിസൂക്ഷ്മവും സര്‍വ്വവ്യാപിയുമായി ആകാശംപോലെ നിലകൊള്ളുന്നു. ദേഹങ്ങളുടെ ജനനമരണങ്ങള്‍ അതിനെ ബാധിക്കുന്നില്ല. അതിനെ വിഭജിക്കുന്നില്ല. ‘ഞാന്‍ ദേഹമാണ്’ എന്ന ധാരണ വെറും ഭ്രമമാണ്. ഉണ്മയല്ല. നീ അവിച്ഛിന്നനിര്‍മലമായ ആത്മാവാണ്, അനന്തമായ അവബോധമാണ്.
കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്നീ ത്രിപുടികള്‍ മനസ്സിന്റെ വരുതിയിലാണ്. എന്നാല്‍ മനസ്സിന് ഇത്തരം വിഭജനങ്ങള്‍ ഇല്ലാത്തതിനാല്‍ അത് ധ്യാനസീമയ്ക്കും അപ്പുറമാണ്.
എല്ലാമെല്ലാം ഒരേയൊരു അവിഭജിതസത്തയായ ബ്രഹ്മം മാത്രം. ലോകത്ത് മറ്റൊന്നുമില്ല. അപ്പോള്‍പ്പിന്നെ എങ്ങിനെയാണ് ഭ്രമചിന്തകള്‍ക്ക് നിലനില്‍പ്പുണ്ടാവുക?

വ്യതിരിക്തലോകമെന്ന ഭ്രമം – അത് സത്യമാണെങ്കിലും ഭാവനയാണെങ്കിലും എന്റെ ഉപദേശം കേട്ടതുമൂലം നിന്നില്‍ അസ്തമിച്ചിരിക്കുന്നു. ഇനി സംസാരബന്ധനമെന്ന ദുഃഖം നിനക്കനുഭവിക്കേണ്ടിവരികയില്ല. അതിന്റെ കാരണങ്ങളുടെ വേരുകള്‍ അറുത്തുകഴിഞ്ഞുവല്ലോ. ഐശ്വര്യത്തിലും ദൌര്‍ഭാഗ്യത്തിലും സ്വതന്ത്രനായി, അഹംകാരരഹിതനായി അനാസക്തനായി ജീവിച്ചാലും.

രാമന്‍ പറഞ്ഞു: ഭഗവാനേ, ഒരിക്കല്‍ക്കൂടി അങ്ങില്‍ നിന്നും കര്‍മ്മങ്ങളെപ്പറ്റിയും വിധിയെന്നു പേരിട്ടു വിളിക്കുന്ന ഈശ്വരേച്ഛയെപ്പറ്റിയും കേള്‍ക്കണമെന്ന് എനിക്കാഗ്രഹം തോന്നുന്നു.

വസിഷ്ഠന്‍ പറഞ്ഞു: ദിവ്യേച്ഛ, വിധി, നിയതി, ദൈവം, കര്‍മ്മം, എന്നിവയെല്ലാം വെറും ഭാവനകള്‍ അല്ലെങ്കില്‍ ധാരണകള്‍ മാത്രമാണ്. സത്യം എന്തെന്നാല്‍ ഇവയെല്ലാം ബോധസഞ്ചാരങ്ങള്‍ മാത്രമാണ്. ബോധസഞ്ചാരമുള്ളപ്പോള്‍ ലോകമെന്ന കാഴ്ച ഉണരുന്നു. അതില്ലാത്തപ്പോള്‍ ലോകമെന്ന പ്രകടനം ഇല്ല. ഈ ചലനവും ബോധവും തമ്മില്‍ യാതൊരു ഭിന്നതയും ഇല്ല. ഒരു ജീവിയും അയാളുടെ കര്‍മ്മവും തമ്മില്‍ വ്യത്യാസമേതുമില്ല. ഒരു ജീവിയുടെ നൈസര്‍ഗ്ഗികമായ പ്രവര്‍ത്തനത്തെ ആ ജീവിയില്‍ നിന്നും വേറിട്ട്‌ കാണുന്നതെങ്ങിനെ?

അതുകൊണ്ട് ദൈവം, കര്‍മ്മം, നരന്‍, തുടങ്ങിയ വാക്കുകള്‍ ബോധത്തിലെ ചലനങ്ങളെ വിവക്ഷിക്കുന്നു എന്നേ പറയാനാവൂ. പരിമിതസ്വഭാവത്തോട് കൂടിയ ബോധചലനമാണ് എല്ലാറ്റിന്റെയും ബീജമാവുന്നത്. എന്നാല്‍ ബോധചലനം അഹേതുകമാണ്.

വിത്തും മുളയും തമ്മില്‍ വ്യത്യാസമേതുമില്ല. അതിനാല്‍ ദേഹാദികള്‍ എല്ലാം ബോധചലനം തന്നെ എന്ന് കാണാം. ബോധചലനം സര്‍വ്വശക്തമായതിനാല്‍ അതിന് ദേവാസുരന്മാരടക്കം വൈവിദ്ധ്യമാര്‍ന്ന ജീവികളേയും സ്ഥാവരജംഗമ വസ്തുക്കളെയും, ചൈതന്യമാര്‍ന്നവയെയും ജഡത്വമുള്ളവയും മൂര്‍ത്തീകരിക്കാന്‍ കഴിയും.

ഒരാളും അയാളുടെ കര്‍മ്മവും വ്യത്യസ്തമാണെന്ന് കരുതുന്നവര്‍ മനുഷ്യവേഷമണിഞ്ഞ മൃഗങ്ങളാണ്. അവര്‍ക്കും നമസ്കാരം! ലോകമായി വികസ്വരമാവുന്നത് സ്വപരിമിതികളും മനോപാധികളുമാണ്. അതിന്റെ വിത്തിനെ അനാസക്തിയാലും സ്വതന്ത്രതാബോധത്താലും ഉണക്കിയെരിച്ചു കളയൂ. അനിച്ഛാപൂര്‍വ്വം ചെയ്യുന്ന കര്‍മ്മങ്ങള്‍ അകര്‍മ്മങ്ങളാണ്. അവ സ്വതന്ത്രമാണ്. അനാസക്തമാണ്.

“വാസനകളെ നിര്‍മാര്‍ജ്ജനം ചെയ്യുകയെന്നത് അനാസക്തകര്‍മ്മമാണ്‌. അത് സ്വാതന്ത്ര്യമാണ്. ഏതു വിധേനെയും ഈ സ്വാതന്ത്ര്യം നെടിയെടുക്കൂ.”

 ഏതിനാണോ നിന്നിലെ വാസനയുടെ വിത്തിനെ നശിപ്പിക്കാനാവുക, അതാണ്‌ ഏറ്റവും അനിയോജ്യമായുള്ളത്. ഇതിനായി സ്വപരിശ്രമമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.

502 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 502

അപേക്ഷൈവ ഘനോ ബന്ധ ഉപേക്ഷൈവ വിമുക്തതാ
സര്‍വ്വശബ്ദാന്വിത തസ്യാം വിശ്രാന്തേന കിമീക്ഷ്യതേ  (6.2/26/36)
വസിഷ്ഠന്‍ പറഞ്ഞു: ലോകമെന്ന ഭ്രമത്തില്‍ ഒരുവന്‍ വീണുകഴിഞ്ഞാല്‍പ്പിന്നെ മഴകഴിയുമ്പോള്‍ ഈയാംപാറ്റകള്‍ എന്നപോലെ അയാളെ എണ്ണമറ്റ അനേകം ഭ്രമക്കാഴ്ച്ചകള്‍ ആര്‍ത്ത് പൊതിയുകയായി.
മനസ്സ് വസന്തകാലത്തെ വനം പോലെയാണ്. അത് പല പല ധാരണകളാലും ഭാവനകളാലും ഇടതൂര്‍ന്നും ഇരുളടഞ്ഞും നിബിഢമായി നില്‍ക്കുന്നു. അജ്ഞാനമെന്ന സ്വപരിമിതികള്‍ മൂലം ജീവികള്‍ക്ക് എണ്ണമറ്റ സുഖ-ദുഖാനുഭവങ്ങള്‍ ഉണ്ടാവുന്നു.    
മഹാമുനിയും ആകാശത്തിലെ ചന്ദ്രനും തമ്മില്‍ ഭേദമൊന്നുമില്ല. അവ രണ്ടും ആഹ്ളാദത്തെ പ്രദാനം ചെയ്യുന്നു. അവര്‍ പ്രശാന്തശീതളമാണ്, അമൃത് നിറഞ്ഞതാണ്‌, നിശ്ചലമാണ്, മാത്രമല്ല അവ രണ്ടും മറ്റുള്ളവരുടെ കാഴ്ച്ചയ്ക്ക് സഹായകരമായ വെളിച്ചം നല്‍കുന്നവയുമാണ്. ഒരു ചെറിയകുട്ടിയും അജ്ഞാനിയും ഒരുപോലെ ഇഷ്ടാനിഷ്ടങ്ങളുടെ വരുതിയില്‍ ചാഞ്ചാടുന്നവരാണ്. അവര്‍ക്ക് എന്താണിതുവരെ ചെയ്തത്, എന്തിനി ചെയ്യണം, എന്താണുചിതം എന്നും മറ്റുമുള്ള ചിന്തകളില്ല. കേവലം പുഴുക്കള്‍ മുതല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് വരെ മനസ്സിനെ പൂര്‍ണ്ണമായി അടക്കാതെ പരമപ്രശാന്തി അടയുക സാദ്ധ്യമേയല്ല.

ബന്ധനത്തിന്റെ സ്വഭാവത്തെപ്പറ്റി കൂടുതല്‍ പഠിക്കുന്നതോടെ അതിന്റെ പിടിമുറുക്കത്തിന് അയവുണ്ടാവുന്നു. അങ്ങിനെയുള്ള സാധകന്റെ മുന്നിലുള്ള തടസ്സങ്ങള്‍ നിഷ് പ്രയാസംതരണം ചെയ്യാന്‍ അയാള്‍ക്കാവുന്നു. ഉണര്‍ന്നു കിടക്കുന്ന, ശ്രദ്ധയുള്ള ഒരാള്‍ക്ക് ഭൂതങ്ങളെ പേടിയുണ്ടാവില്ല.

നീ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ ബാഹ്യലോകം ഇല്ലാതെയാവുന്നു. ബോധത്തില്‍ നിന്നും ലോകമെന്ന ധാരണ നീക്കിയാല്‍ ശുദ്ധബോധം മാത്രം ബാക്കിയാവുന്നു. ഇപ്പോഴും ശുദ്ധമായ അവബോധം മാത്രമേ ബാക്കി നില്‍ക്കുന്നുള്ളൂ. ലോകമെന്നത് മിഥ്യയാണ്. ബോധത്തിലെ ചെറിയൊരു പ്രകമ്പനമാണ്‌ ലോകമായിത്തീര്‍ന്നത്. 

അത് വിശ്വമനസ്സിന്റെ സൃഷ്ടിയാണ്. വിശ്വമനസ്സ് അങ്ങിനെയുള്ള ഒരു സൃഷ്ടിയെ ഭാവന ചെയ്യുന്നു. എന്നാല്‍ അങ്ങിനെയൊരു സൃഷ്ടിക്കായുള്ള വസ്തുക്കള്‍ അതിനു സ്വന്തമായി ഇല്ല.

ലോകമെന്നത് ബ്രഹ്മത്തിന്റെ കാന്‍വാസ്സില്‍ ചായങ്ങളോ സാമഗ്രികളോ ഇല്ലാതെ വരച്ച ഒരു ബ്രഹദ്ചിത്രമാണ്. അപ്പോള്‍പ്പിന്നെ ഈ ലോകം ആരുണ്ടാക്കി? എപ്പോള്‍ ? എങ്ങിനെ? എവിടെ?

‘ഞാന്‍ സന്തുഷ്ടനാണ്’ എന്ന ധാരണ സന്തുഷ്ടിയെ നല്‍കുന്നു. ‘ഞാന്‍ ദുഖിതനാണ്’ എന്ന ഭാവന ദുഖത്തെ പ്രദാനം ചെയ്യുന്നു. ഈ ധാരണകളെല്ലാം ബോധം മാത്രമാകുന്നു. ഭാവനകള്‍ എന്ന നിലയ്ക്ക് അവയ്ക്കൊന്നിനും നിലനില്‍പ്പില്ല. ആത്മാവ് അനന്തവും അപരിമേയവും അനുപാധികവും ആകയാല്‍ അതില്‍ യാതൊരുവിധ ചഞ്ചലതകളും ഇല്ല. ആസക്തികളോ, ആശകളോ, പരാശ്രയമോ ഇല്ലാത്തതിനാല്‍ ആത്മാവില്‍ ചലനമേതും ഉണ്ടാവുന്നില്ല.

“പരാശ്രയത്വമാണ് ബന്ധനം. ആരെയും ഒന്നിനെയും ആശ്രയിക്കേണ്ടിവരാത്ത അവസ്ഥയാണ് മോക്ഷം. ആരാണോ അനന്തമായതില്‍, പൂര്‍ണ്ണമായതില്‍, ‘എല്ലാം’ ആയതില്‍ വിശ്രാന്തിയടയുന്നത് അയാള്‍ക്ക് യാതൊന്നിലും ആഗ്രഹങ്ങള്‍ ഇല്ല.”

ദേഹം സ്വപ്നത്തിലെ ദേഹം പോലെ മിഥ്യയാണെന്നറിയുന്ന ജ്ഞാനി എന്തിനാണ് പിന്നെ ആഗ്രഹിക്കുക? അത്മീയോന്നതിയും ഉണര്‍വ്വും പ്രാപിച്ച മുനി സ്വാനുഭൂതിയില്‍ രമിക്കുന്നു. അയാളിലെ എല്ലാ ആഗ്രഹങ്ങള്‍ക്കും പരിസമാപ്തിയായി.

രാമാ, മാങ്കി ഇതെല്ലാം കേട്ട് ഭ്രമങ്ങളൊഴിഞ്ഞ് അതിതീവ്രമായ ധ്യാനത്തില്‍ ആമഗ്നനായി. അയാള്‍ അനിവാര്യവും ഉചിതവുമായ കാര്യങ്ങള്‍ അനിച്ഛാപൂര്‍വ്വം നിര്‍വഹിച്ച് പുഴയൊഴുകുംപോലെ* ജീവിച്ചു.


*പ്രവാഹപതിതം കാര്യം    

May 12, 2014

501 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 501

വേദനാത്മാ ന  സോസ്ത്യന്യ ഇതി യാ പ്രതിഭാ സ്ഥിരാ
ഏഷാവിദ്യാ ഭ്രമസ്ത്വേഷ സ ച സംസാര ആതത: (6.2/25/8)

വസിഷ്ഠന്‍ പറഞ്ഞു: അനുഭവം, ചിന്തകള്‍, മനോപാധികള്‍, ഭാവനകള്‍, എന്നിവയെല്ലാം വാസ്തവത്തില്‍ അര്‍ത്ഥശൂന്യമത്രേ. അവ മാനസീക ദുരിതങ്ങളുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇന്ദ്രിയാനുഭവങ്ങളും ചിന്തകളുമാണ് ജീവിതത്തിലെ എല്ലാ ദൌര്‍ഭാഗ്യങ്ങളുടെയും ദുരിതങ്ങളുടെയും മൂലഹേതു. വാസനകളാലും മാനസീകോപാധികളാലും നയിക്കപ്പെടുന്നവന്റെ ജീവിതം ഈ ലോകത്ത് വക്രതകളും കഷ്ടപ്പാടുകളും നിറഞ്ഞതാണ്‌. എന്നാല്‍ പ്രബുദ്ധതയാര്‍ജ്ജിച്ച ജ്ഞാനിയില്‍ മനോപാധികള്‍ അവസാനിക്കുന്നതോടെ സംസാരവും നിലയ്ക്കുന്നു. 
വാസ്തവത്തില്‍ ശുദ്ധമായ ബോധമല്ലാതെ മറ്റൊന്നും ഇല്ല. ആകാശത്തില്‍ നിശ്ശൂന്യതയല്ലാതെ മറ്റൊന്നുമില്ല.
 “ശുദ്ധാവബോധത്തില്‍ നിന്നും വേറിട്ട്‌ അനുഭവജ്ഞനായി ഒരാളുണ്ട് എന്ന് കരുതുന്നത് അജ്ഞാനമാണ്. ആ അജ്ഞാനം വികസ്വരമാവുന്നതാണ് സംസാരം, അല്ലെങ്കില്‍ ലോകം.” ശരിയായ നിരീക്ഷണമില്ലാത്തതുകൊണ്ട് ദൃശ്യമായ വസ്തു  ആ വസ്തുവിലേയ്ക്ക് പ്രകാശം കേന്ദ്രീകരിക്കുന്നതോടെ അപ്രത്യക്ഷമാവുന്നു.
അതുപോലെ, പരമാത്മാവിന്റെ പ്രതിഫലനം മാത്രമായ ‘അനുഭവജ്ഞനായ’ ആത്മാവ് ശരിയായ അന്വേഷണത്തില്‍ അപ്രത്യക്ഷമാവുന്നു. വിഷയബോധം ഉണ്ടാക്കിയ വിഭജനം ബോധത്തിന്റെ അവിച്ഛിന്നത ബോധ്യമാവുമ്പോള്‍ ഇല്ലാതെയാവുന്നു.

മണ്ണില്‍ നിന്നും വിഭിന്നമായി മണ്‍കുടത്തിന് അസ്തിത്വമില്ല. വസ്തുക്കളും ബോധം തന്നെയാണ്. അവയെ ‘ബോധവസ്തുക്കള്‍’ എന്ന് തരം തിരിക്കുന്നത് ശരിയല്ല. അറിവിലൂടെ തിരിച്ചറിയപ്പെടുന്നത് അറിവ് തന്നെയാണല്ലോ. അറിയപ്പെടാത്ത കാര്യം എന്നത്, ഇല്ല എന്ന അറിവാണ്!

ഇവയിലെല്ലാം ബോധം എന്നത് പൊതുവായ ഒന്നാണ്. അറിവും അറിയുന്ന വസ്തുവുമാണത്. അറിവോ ബോധമോ അല്ലാതെ മറ്റൊന്നും ഇല്ല. മരവും കല്ലും വാസ്തവത്തില്‍ ബോധസ്വരൂപം തന്നയാണ്. അതുകൊണ്ടാണ് അവയെ തിരിച്ചറിയാന്‍ സാധിക്കുന്നത്. ലോകത്ത് എന്തെല്ലാം ഉണ്ടോ അതെല്ലാം ശുദ്ധമായ ബോധം മാത്രമാണ്. വിവിധവസ്തുക്കള്‍ അവയുടെ വൈവിദ്ധ്യതയോടെ കാണപ്പെടുന്നുവെങ്കിലും അവയെ കാണുന്ന ദൃഷ്ടാവിന്റെ നോട്ടത്തില്‍ അവ അഭിന്നങ്ങളാണ്. ആ ദൃഷ്ടാവ് ബോധമാണ്.

വൈവിദ്ധ്യതയെന്ന ധാരണയെ ഉണ്ടാക്കുന്ന അഹംകാരമാണ് എല്ലാ ഭിന്നതകള്‍ക്കും കാരണം. അഹംകാരമാണ് ബന്ധനം. മോക്ഷത്തിനു തടസ്സം നില്‍ക്കുന്നത് അതാണ്‌. എത്ര എളുപ്പമാണത് അറിയാന്‍! എന്താണിതിലിത്ര ബുദ്ധിമുട്ട്?

കണ്ണിന് അസുഖം ബാധിച്ചവന്‍ ആകാശത്ത് രണ്ടു ചന്ദ്രനെ കാണുന്നു. അതുകൊണ്ട് രണ്ടാമതൊരു ചന്ദ്രന്‍ കൂടി ഉണ്ടായി എന്ന് പറയാന്‍ എങ്ങിനെ സാധിക്കും? അത് തികച്ചും തെറ്റാണല്ലോ.

ബോധവും ജഡവും കൂടി ഒരു ബന്ധം ഉണ്ടാവുക അസാദ്ധ്യം. ബോധത്തിന് ‘അബോധ’മാവുക സാദ്ധ്യമല്ല. എന്നാല്‍ ഈ ബോധം തന്നെയാണ് സ്വയം ജഡമായി ഭാവനചെയ്ത് പരിമിതപ്പെടുന്നത്. എന്നിട്ടത് തട്ടിത്തടഞ്ഞ് ഒരു കല്ല്‌ താഴേയ്ക്ക് വീഴുന്നതുപോലെ വിഷയധാരണകളില്‍ എത്തിച്ചേരുന്നു.