Mar 31, 2014

456 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 456

സുഹൃദ്യാവേദിതം ദുഃഖം പരമായാതി താനവം
ഘനം ജഡം കൃഷ്ണമപി മുക്തവൃഷ്ടിരിവാംബുദ: 6/105/3)
കുംഭന്‍ തുടര്‍ന്നു: രാജാവേ, എന്റെ ദൌര്‍ഭാഗ്യം എന്തെന്ന് ശ്രദ്ധിച്ചു കേട്ടാലും. “ഒരാള്‍ തന്റെ സുഹൃത്തിനോട് തന്റെ ദുഃഖങ്ങള്‍ പറഞ്ഞാല്‍ അതിനൊരാശ്വാസം ഉണ്ടാവും. മഴപെയ്യുന്നതോടെ കനംതൂങ്ങി നില്‍ക്കുന്ന ഇരുണ്ട കാര്‍മേഘങ്ങള്‍ക്ക് ലാഘവത്വം കൈവരുമല്ലോ.”
സുഹൃത്ത് തന്റെ പ്രശ്നങ്ങള്‍ അനുതാപപൂര്‍വ്വം കേള്‍ക്കുമ്പോള്‍ കലക്കവെള്ളത്തില്‍ തുരിശെന്നപോലെ അത് മനസ്സില്‍ തെളിമയുണ്ടാക്കും. ഞാന്‍ അങ്ങയെ വിട്ടുപോയശേഷം സ്വര്‍ഗ്ഗത്തില്‍ എന്റെ ജോലികള്‍ തീര്‍ത്തിട്ട് വൈകുന്നേരമായപ്പോള്‍ അങ്ങയുടെ അടുത്തേയ്ക്ക് മടങ്ങി. ആകാശമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ വഴിയില്‍ ഞാന്‍ ദുര്‍വ്വാസാവ്‌ മഹര്‍ഷിയെ കണ്ടു. സന്ധ്യാ വന്ദനത്തിനായി ധൃതിയില്‍ പോവുകയായിരുന്നു അദ്ദേഹം. കറുത്ത മേഘങ്ങളുടെ വേഷവും ഇടിമിന്നലിന്റെ തൊങ്ങലും അദ്ദേഹം അണിഞ്ഞിരുന്നതുപോലെ തോന്നി. അദ്ദേഹത്തിന്റെ ദൃശ്യം തന്റെ പ്രിയനെ കാണാന്‍ തിടുക്കത്തില്‍പ്പോവുന്ന കാന്തയെ ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തെ നമസ്കരിച്ചശേഷം തമാശയ്ക്ക് ഞാനത് അദ്ദേഹത്തോട് പറയുകയും ചെയ്തു. അദ്ദേഹം എന്റെ അഹമ്മതിയ്ക്ക് ‘നീ എന്നും രാത്രിയില്‍ ഒരു സ്ത്രീയായിത്തീരട്ടെ.’ എന്ന് ശപിച്ചിരിക്കുകയാണ്. ഞാനിനി എല്ലാ രാത്രിയിലും സ്ത്രീയാവണമല്ലോ എന്നോര്‍ത്താണ് എന്റെ വിഷമം. തീര്‍ച്ചയായും ദേവപുത്രന്മാര്‍ക്ക് കാമത്തിനടിമകളായി മാമുനിമാരെ അപമാനിക്കുന്ന സ്വഭാവം പണ്ടേയുണ്ട്. അതിന്റെ ഫലം അവര്‍ അനുഭവിക്കുന്നുമുണ്ട്. എങ്കിലും ഞാനെന്തിനു ദുഖിക്കണം? എന്റെ ആത്മാവിനെ ഇത് ബാധിക്കുകയില്ലല്ലോ?

ശിഖിധ്വജന്‍ പറഞ്ഞു: ഇനി ദുഖിച്ചിട്ടെന്തു ഫലം ദേവപുത്രാ? എന്തുവേണമെങ്കില്‍ വരട്ടെ. നമ്മുടെ ആത്മാവിനു മാറ്റങ്ങള്‍ ഉണ്ടാവുകയില്ലല്ലോ. ശരീരത്തിന്റെ വിധിയാണത്. ആത്മാവിന്റെയല്ല. സന്തോഷസന്താപങ്ങള്‍ ദേഹത്തിനാണ്. അന്തര്യാമിക്കല്ല. അങ്ങുപോലും ഇക്കാര്യത്തില്‍ ദുഖിതനാവുകയാണെങ്കില്‍പ്പിന്നെ അജ്ഞാനികളായ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോ?. അല്ലെങ്കില്‍, ജ്ഞാനിയായ അങ്ങ് ശാപത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ശരിയായ വാക്കുകളും മറ്റും പ്രയോഗിച്ചവെന്നേയുള്ളു., അല്ലെ?

വസിഷ്ഠന്‍ പറഞ്ഞു: അടുത്ത സുഹൃത്തുക്കളായ അവര്‍ പരസ്പരം സമാധാനിപ്പിച്ചു. സൂര്യന്‍ അസ്തമിച്ചു. ഭൂമിയില്‍ ഇരുട്ട് പരന്നു. അവര്‍ സന്ധ്യാവന്ദനം ചെയ്തു. താമസംവിനാ കുംഭന്റെ ശരീരം മാറുവാന്‍ തുടങ്ങി. കണ്ണീരടക്കിപ്പിടിച്ച് ഗദ്ഗദകണ്ഠനായി കുംഭന്‍ പറഞ്ഞു: ‘കഷ്ടം, എന്റെ ശരീരം ലോലമായി ഉരുകിയൊലിച്ചു ഭൂമിയില്‍ നിപതിക്കുന്നതുപോലെ തോന്നുന്നു. മാറിടത്തില്‍ സ്തനദ്വയങ്ങള്‍ മൊട്ടിടുന്നു. എന്റെ എല്ലുകള്‍ പോലും സ്ത്രൈണതയുള്‍ക്കൊള്ളാന്‍ വേണ്ടി മാറുകയാണ്. വേഷഭൂഷാദികളും ആഭരണങ്ങളും എന്നില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഞാന്‍ എന്റെ ലജ്ജയെ എങ്ങിനെയാണ് മറയ്ക്കുക? ഞാന്‍ തികച്ചും ലാവണ്യവതിയായ ഒരു കന്യകയാണിപ്പോള്‍.

ശിഖിധ്വജന്‍ പറഞ്ഞു: അറിയേണ്ടുന്ന കാര്യത്തെ അങ്ങ് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച് എന്തിനു വിഷാദിക്കണം? ഒരുവന്റെ വിധിവിഹിതം ബാധിക്കുന്നത് ദേഹത്തെ മാത്രമാണ്.

കുംഭന്‍ അതിനെ തലകുലുക്കി സമ്മതിച്ചു. ‘ശരിയാണ്. എന്നിലിപ്പോള്‍ വിഷാദമില്ല. പ്രകൃതിയുടെ നിയമം എങ്ങിനെയാണ് ലംഘിക്കുക?’ ഇങ്ങിനെ പറഞ്ഞ് അവര്‍ പതിവുപോലെ ഒരേയിടത്ത് കിടന്നുറങ്ങി. ചൂഡാല പകല്‍ സമയത്ത് യുവമുനിയായും രാത്രിയില്‍ സ്ത്രീയായും ശിഖിധ്വജന്റെകൂടെ ജീവിച്ചു.

Mar 30, 2014

455 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 455

യാവത്തിലം യഥാ തൈലം യാവദ്ദേഹാം തഥാ ദശാ
യോ ന ദേഹദശാമേതി സ ച്ഛിന്നത്യസിനാംബരം (6/104/42)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു നാഴികനേരം അവിടെ ഇരുന്നശേഷം രാജാവും കുംഭനും കൂടി ആ വനത്തില്‍ സ്വതന്ത്രരായി വീണ്ടും ഒരെട്ടു നാളുകള്‍കൂടി വിഹരിച്ചു. മറ്റൊരു വനത്തിലേയ്ക്ക് പോകാമെന്ന കുംഭന്റെ നിര്‍ദ്ദേശം രാജാവ് സമ്മതിച്ചു. പൂര്‍വ്വികരെയും ദേവന്മാരെയും പ്രീതിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ അവര്‍ യഥാവിധി ചെയ്തു. ‘ഇതെന്റെ വീട്’, ‘ഇതെന്റെതല്ല’ തുടങ്ങിയ തെറ്റിദ്ധാരണകള്‍ക്ക് അവരുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. ചിലപ്പോള്‍ രാജകീയമായ വസ്ത്രങ്ങളും മറ്റുചിലപ്പോള്‍ കീറത്തുണികളും ആയിരുന്നു അവരുടെ വസ്ത്രം. ചിലപ്പോള്‍ അവര്‍ ചന്ദനക്കൂട്ടണിഞ്ഞു. മറ്റുചിലപ്പോള്‍ ചാരവും. കുറച്ചുകഴിഞ്ഞപ്പോള്‍ രാജാവിലും കുംഭനിലുള്ളതുപോലെയൊരു തേജസ്സ് കാണായി.

തന്റെ പ്രിയനിലുള്ള ഈ പ്രശോഭ തിരിച്ചറിഞ്ഞ ചൂഡാല ഇങ്ങിനെയാലോചിച്ചു: ‘ഇതാ എന്റെ നാഥന്‍, ശക്തിമാനും ആത്മപ്രകാശത്താല്‍ പ്രശോഭിതനുമായിരിക്കുന്നു. ഈ വനമെത്ര ആനന്ദപ്രദം! ക്ഷീണമെന്തെന്നറിയാത്ത ഒരവസ്ഥയിലാണ് ഞങ്ങളിപ്പോള്‍. എന്നിട്ടും സുഖാനുഭവങ്ങള്‍ക്കായി ഹൃദയത്തില്‍ എന്താണ് ആഗ്രഹം മൊട്ടിടാത്തത്? മുക്തനായ മുനി അനിച്ഛാപൂര്‍വ്വം അതിഥികളായിവന്നെത്തുന്ന അനുഭവങ്ങളെ സ്വീകരിക്കുന്നു. അയാള്‍ ഇക്കാര്യങ്ങളില്‍ ദുര്‍വാശിക്കാരനായി സുഖാനുഭവങ്ങളെ തിരസ്കരിക്കുന്നതും അജ്ഞാനമാണ്. വിഡ്ഢിത്തവും.

ഏതൊരുവളുടെ വികാരങ്ങളാണോ ശക്തിശാലിയും പ്രതാപവാനും ഗുണവാനുമായ കാന്തന്റെ സാമീപ്യത്താല്‍, പൂക്കള്‍ നിറഞ്ഞ നന്ദനോദ്യാനത്തില്‍വെച്ച്പോലും  വിജൃംഭിതമാവാത്തത്, അവള്‍ ജീവച്ഛവം തന്നെ. പ്രയത്നമൊന്നും കൂടാതെ സ്വമേധയാ വന്നുചേരുന്ന സുഖങ്ങളെ തൃണവല്‍ഗണിക്കുന്നതുകൊണ്ട് ആത്മജ്ഞാനിയായ ഒരുവന് എന്താണൊരു നേട്ടം? എന്റെ കാന്തന് ഞാനുമായി ചേര്‍ന്നു രതിസുഖം ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കണം’.  

ഇങ്ങിനെ നിശ്ചയിച്ച് കുംഭന്‍ ശിഖിധ്വജനോടു പറഞ്ഞു: ഇന്ന് ഒരു സുദിനമാണ്. എന്റെ പിതാവിനെ മുഖം കാണിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ പോകണം. ഞാന്‍ വൈകുന്നേരം മടങ്ങിവരാം. അതുവരെ വിടതരിക. സുഹൃത്തുക്കള്‍ പരസ്പരം പൂക്കളര്‍പ്പിച്ചു ബഹുമാനിച്ചു പിരിഞ്ഞുപോയി.

കുംഭന്‍ അവിടം വിട്ട ഉടനെതന്നെ ചൂഡാല തന്റെ പ്രച്ഛന്ന വേഷം ദൂരെക്കളഞ്ഞ് കൊട്ടാരത്തിലേയ്ക്ക് പോയി. തന്റെ രാജകീയ കടമകള്‍ നിര്‍വ്വഹിച്ചു. വീണ്ടും ശിഖിധ്വജന്റെയടുത്ത് കുംഭനായി തിരിച്ചെത്തി. തിരികെ വന്ന കുംഭനില്‍ ഉണ്ടായിരുന്ന മ്ളാനഭാവം ശ്രദ്ധിച്ച രാജാവ് ചോദിച്ചു: എന്താണ് ദേവപുത്രാ അങ്ങയെ വിഷാദിപ്പിക്കുന്നത്? ബാഹ്യസ്വാധീനങ്ങളാല്‍  തങ്ങളുടെ സമതാഭാവം പ്രക്ഷുബ്ദമാക്കാന്‍ മഹാത്മാക്കള്‍ ഇടവരുത്തുകയില്ലല്ലോ?.

കുംഭന്‍ പറഞ്ഞു: സമതാഭാവത്തില്‍ വര്‍ത്തിക്കുമ്പോഴും ദേഹഭാവത്തില്‍ ഇരിക്കുമ്പോള്‍ ആ ദേഹങ്ങളുടെ സ്വാഭാവിക ചോദനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവര്‍ വെറും മര്‍ക്കടമുഷ്ടിക്കാരാണ്. ദുര്‍വാശിക്കാര്‍. “എള്ളുണ്ടോ അവിടെ എണ്ണയുമുണ്ട്. ദേഹമുണ്ടോ അതിന്റെ വൈവിദ്ധ്യമാര്‍ന്ന ചോദനകളും സഹജം. ആരാണോ ദേഹത്തിന്റെ സഹജചോദനകളെ ബലമായി തടഞ്ഞു നിര്‍ത്തുന്നത് അയാള്‍ ആകാശത്തെ പടവാളുകൊണ്ട് തുണ്ടം തുണ്ടമാക്കാന്‍ തുനിയുന്നവനാണ്.”

യോഗനിരതമായ സമത എന്നത് മനസ്സിന്റെ ഭാവമാണ്. ദേഹാവയവങ്ങളുടെ പ്രവര്‍ത്തനമോ അവയുടെ അവസ്ഥാവിശേഷങ്ങളോ സമതാഭാവത്തെ ബാധിക്കുന്നില്ല. ദേഹം നിലനില്‍ക്കുന്നിടത്തോളം നാം അതിന്റെ പ്രവര്‍ത്തനങ്ങളെ സമുചിതമായി അനുവദിക്കുകതന്നെ വേണം. ബുദ്ധിയും ഇന്ദ്രിയങ്ങളും സമതയില്‍ നിലനിന്നുകൊള്ളട്ടെ. അതാണ്‌ ദേവന്മാര്‍ക്കുപോലും ബാധകമായ പ്രകൃതിനിയമം. 

Mar 28, 2014

454 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 454

ദേഹേ യസ്മിംസ്തു നോ ചിത്തം നാപി സത്വം ച വിദ്യതേ
സ താപേ ഹിമവദ്രാമ പഞ്ചത്വേന വിലീയതേ  (6/103/33)

വസിഷ്ഠന്‍ തുടര്‍ന്നു: സത്വം സമതാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ശാരീരികമോ മാനസീകമോ ആയ പ്രശ്നങ്ങള്‍ അനുഭവങ്ങളാകുന്നില്ല. ഈ സത്വത്തെ കാലക്രമം കൊണ്ടല്ലാതെ പൂര്‍ണ്ണമായി പരിത്യജിക്കുക സാദ്ധ്യവുമല്ല.

“മനസ്സോ, ദേഹത്തില്‍ സത്വമോ ലേശം പോലുമവശേഷിക്കാത്തപ്പോള്‍ ചൂടില്‍ മഞ്ഞുരുകുന്നത്പോലെ ശരീരം മൂലഘടകങ്ങളായ പഞ്ചഭൂതങ്ങളിലേയ്ക്ക് വിലയിക്കുന്നു.” ശിഖിധ്വജന്റെ ദേഹം മനസ്സില്‍ നിന്നും മുക്തമായിരുന്നുവെങ്കിലും അദ്ദേഹത്തില്‍ സത്വത്തിന്റെ ഒരു ചെറുകണിക അവശേഷിച്ചിരുന്നു. അതിനാല്‍ ദേഹം മൂലഭൂതങ്ങളിലേയ്ക്ക് തിരികെ ലയിച്ചില്ല.

ഇത് കണ്ട് ചൂഡാല ഇങ്ങിനെ നിശ്ചയിച്ചു: സര്‍വ്വവ്യാപിയായ ശുദ്ധ പ്രജ്ഞയുടെ തലത്തില്‍ അദ്ദേഹത്തില്‍ ദേഹബോധം ഉണര്‍ത്തണം. ഏതായാലും കുറച്ചുകഴിഞ്ഞ് അദ്ദേഹം സ്വയം ഉണരും എന്നുറപ്പാണ്. അപ്പോള്‍പ്പിന്നെ അതുവരെ ഞാനെന്തിനിവിടെ ഒറ്റയ്ക്ക് കഴിയണം?

ചൂഡാല തന്റെ ദേഹം വിട്ട് ശിഖിധ്വജന്റെ ശുദ്ധമനസ്സില്‍ (സത്വത്തില്‍) പ്രവേശിച്ചു. ആ മനസ്സിനെ ഒന്ന് പ്രകമ്പനം കൊള്ളിച്ച് പെട്ടെന്ന് തന്നെ തിരികെ തന്റെ ദേഹത്തിലേയ്ക്ക് തിരിച്ചുവന്നു. അവള്‍ പിന്നെ ആ കുംഭനെന്ന യുവമുനിയുടെ രൂപഭാവത്തിലാവുകയും ചെയ്തു.

കുംഭന്‍ മധുരലോലമായ സ്വരത്തില്‍ സാമഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഇത് കേട്ട ശിഖിധ്വജന്‍ ധ്യാനം വിട്ടുണര്‍ന്നു. യുവമുനിയായ കുംഭനെ മുന്നില്‍ക്കണ്ട ആഹ്ളാദത്തോടെ അദ്ദേഹം പറഞ്ഞു: ഭഗവന്‍, ഭാഗ്യമെന്നുപറയട്ടെ നാം അങ്ങയുടെ ബോധത്തില്‍ വീണ്ടും ഉരുവായിരിക്കുന്നു. എന്നില്‍ അനുഗ്രഹവര്‍ഷം ചൊരിയാന്‍ മാത്രമായി അങ്ങ് വീണ്ടും വന്നിരിക്കുന്നു!

കുംഭന്‍ പറഞ്ഞു: ഞാന്‍ അങ്ങയെവിട്ടു പോയിയെങ്കിലും ഇതുവരെ എന്റെ ഹൃദയം അങ്ങയോടൊപ്പമുണ്ടായിരുന്നു. എനിക്ക് സ്വര്‍ഗ്ഗത്തില്‍പ്പോവാന്‍ ആഗ്രഹമില്ല. അങ്ങയുടെ സാന്നിദ്ധ്യമാണ് അതിലേറെ അഭികാമ്യം. അങ്ങയെക്കൂടാതെ എനിക്കൊരു ശിഷ്യനോ ബന്ധുവോ വിശ്വസ്തനായ ഒരു സഖാവോ ആരുമില്ല.

ശിഖിധ്വജന്‍ പറഞ്ഞു: ഞാന്‍ അതീവ ധന്യനായിരിക്കുന്നു. അങ്ങയെപ്പോലെ പൂര്‍ണ്ണമുക്തനും പ്രബുദ്ധനുമായ ഒരാള്‍ എന്റെ സാമീപ്യം ആഗ്രഹിക്കുന്നു എന്നതെത്ര അനുഗ്രഹപ്രദം! എന്റെകൂടെ ഈ വനത്തില്‍ കഴിഞ്ഞാലും.

കുംഭന്‍ ചോദിച്ചു: പറയൂ അങ്ങ് പരമാവസ്ഥയില്‍ കുറച്ചു നേരം പ്രശാന്തിയടയുകയുണ്ടായോ? ‘ഇത് വിഭിന്നം’, ‘ഇത് സന്താപം’, മുതലായ ചിന്തകള്‍ അങ്ങില്‍ അവസാനിച്ചുവോ? സുഖാനുഭാവങ്ങള്‍ക്കായുള്ള അങ്ങയുടെ ആഗ്രഹങ്ങള്‍ അവസാനിച്ചോ?

ശിഖിധ്വജന്‍ പറഞ്ഞു: അങ്ങയുടെ അനുഗ്രഹത്താല്‍ സംസാരസാഗരത്തിന്റെ മറുകരയില്‍ ഞാന്‍ എത്തിയിരിക്കുന്നു. നേടേണ്ടത് ഞാന്‍ നേടിക്കഴിഞ്ഞു. എല്ലാം ആത്മാവല്ലാതെ മറ്റൊന്നല്ല. അറിഞ്ഞതും ഇനിയും അറിയാന്‍ ബാക്കിയുള്ളതും സാക്ഷാത്ക്കരിച്ചതും പരിത്യജിച്ചതും പരിത്യജിക്കേണ്ടതും എന്നുവേണ്ട എല്ലാമെല്ലാം- ശുദ്ധമനസ്സെന്ന സത്വം പോലും ആത്മാവ് തന്നെ. അപരിമേയമായ ആകാശമെന്നതുപോലെ ഉപാധിരഹിതമായി ഞാന്‍ നിലകൊള്ളുന്നു. 

Mar 27, 2014

453 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 453

പ്രബോധകാരണം യസ്യ ദുര്‍ലക്ഷ്യാണുവപുര്‍ഹൃദി
വിദ്യതേ സത്വശേഷോന്തര്‍ബീജേ പുഷ്പഫലം യഥാ (6/103/24)
വസിഷ്ഠന്‍ തുടര്‍ന്നു: ശിഖിധ്വജന്‍ അങ്ങിനെ ബോധത്തില്‍ യാതൊരുപാധികളുമില്ലാത്ത, നിസ്തന്ദ്രവും ആഴമേറിയതുമായ ധ്യാനത്തില്‍ മുഴുകിയിരിക്കേ ചൂഡാല തന്റെ പ്രച്ഛന്നവേഷം അവസാനിപ്പിച്ച് കൊട്ടാരത്തില്‍ തിരിച്ചെത്തി. രാജ്ഞിയായി തന്റെ ചുമതലകളില്‍ ഏര്‍പ്പെടുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞ് രാജ്ഞി ശിഖിധ്വജന്‍ ധ്യാനിച്ചിരുന്ന വനത്തിലേയ്ക്ക് പോയി. അവിടെ അദ്ദേഹം ധ്യാനം തുടരുന്നതുകണ്ട് ആഹ്ളാദചിത്തയായി.

അവള്‍ ആലോചിച്ചു: അദ്ദേഹത്തെ ലോകബോധത്തിലേയ്ക്ക് തിരികെ കൊണ്ടുവരണം. ഇപ്പോള്‍ എന്തിനാണദ്ദേഹം ശരീരത്തെ ഉപേക്ഷിക്കുന്നത്? അദ്ദേഹം കുറച്ചുകാലം രാജ്യഭരണമൊക്കെ ചെയ്ത് അവസാനം ഞങ്ങള്‍ക്ക് ഒരുമിച്ച് ദേഹത്തെ ഉപേക്ഷിക്കാമല്ലോ.

ഞാന്‍ അദ്ദേഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ ഒന്നും പാഴായിപ്പോവുകയില്ല. യോഗാഭ്യാസത്തിലൂടെ അദ്ദേഹത്തെ ഞാന്‍ ജഗരൂകനാക്കി നിലനിര്‍ത്തും!’

രാജ്ഞി ഒരു സിംഹം അലറുന്നതുപോലെ ശിഖിജനുമുന്നില്‍ ശബ്ദമുണ്ടാക്കി. അതാവര്‍ത്തിച്ചിട്ടും അദ്ദേഹം ധ്യാനത്തില്‍ നിന്നുമുണര്‍ന്നില്ല. അവള്‍ അദ്ദേഹത്തെ തള്ളിമറിച്ചിടാന്‍ നോക്കി. എന്നിട്ടും അദ്ദേഹത്തിന്‍റെ ആത്മാമഗ്നമായ യോഗാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.

അവള്‍ ആലോചിച്ചു: ഹാ! അദ്ദേഹം പൂര്‍ണ്ണമായും ആത്മാവസ്ഥയിലാണ്! എങ്ങിനെയാണദ്ദേഹത്തെ ദേഹബോധത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക? അല്ലെങ്കില്‍ എന്തിനാണ് ഞാനത് ചെയ്യേണ്ടത് ? അദ്ദേഹം വിദേഹനാകട്ടെ. ഞാനും അങ്ങിനെതന്നെ ദേഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മുക്തയാകുന്നതല്ലേ നല്ലത്?

സ്വയം ശരീരത്യാഗം ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ പെട്ടെന്നവള്‍ ആലോചിച്ചു: ഞാന്‍ ശരീരം ഉപേക്ഷിക്കുന്നതിന്നു മുന്‍പേ അദ്ദേഹത്തില്‍ മനസ്സെന്ന ബീജത്തിന്റെ, വാസനയുടെ അംശമെങ്കിലും ബാക്കി നില്‍ക്കുന്നുണ്ടോ എന്നറിയണം. വാസനാലേശം ബാക്കിയുണ്ടെന്നുവരികില്‍ അദ്ദേഹത്തെ ഉണര്‍ത്തുവാന്‍ കഴിയും. അങ്ങിനെയാണെങ്കില്‍ ജീവന്‍മുക്തരായി രണ്ടാള്‍ക്കും ഈ ലോകത്ത് തന്നെ കഴിയാം. അതല്ല, അദ്ദേഹം പൂര്‍ണ്ണമായും മുക്തനായി എങ്കില്‍ ഞാനും ദേഹത്യാഗം ചെയ്ത് മുക്തിപദത്തെ പുല്‍കും.’ അദ്ദേഹത്തിന്‍റെ ദേഹം വീണ്ടും വിശദമായി പരിശോധിക്കേ, വ്യക്തിത്വത്തിന്റെ ബീജം അതില്‍ ഇനിയും സൂക്ഷ്മമായി സ്പന്ദിക്കുന്നതായി അവളറിഞ്ഞു.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മുനിയുടെ ദേഹം വെട്ടിയിട്ട തടിപോലെ നിശ്ചേതനമായി കിടക്കുമ്പോള്‍ അതില്‍ സാത്വികജീവന്റെ തുടിപ്പ് (ശുദ്ധമനസ്സ്) രാജ്ഞിക്കെങ്ങിനെയാണ് കണ്ടുപിടിക്കാന്‍ സാധിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: “അദൃശ്യമായി, അതിസൂക്ഷ്മമായി സത്വത്തിന്റെ കണിക അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. അതാണ്‌ ദേഹബോധം ഉണരുന്നതിനു കാരണം. പൂവും കായും വിത്തില്‍ത്തന്നെ സാദ്ധ്യതാഭാവത്തില്‍ എപ്പോഴും ഉണ്ടല്ലോ.” മനസ്സ് പൂര്‍ണ്ണമായും വിലയനം പ്രാപിച്ച യോഗിവര്യന്റെ മനസ്സില്‍ ചഞ്ചലതകളില്ല. ദ്വൈതാദ്വൈത ചിന്തകളില്ല. അദ്ദേഹത്തിന്‍റെ ബോധം പാറപോലെ ദൃഢീകരിച്ചതാണ്. ശരീരം സമ്പൂര്‍ണ്ണ സമതയിലുമാണ്. അതിനാല്‍ ആ ദേഹത്തില്‍ സുഖദുഖദ്വന്ദങ്ങളില്ല. അതിന് ഉയര്‍ച്ച താഴ്ചകളില്ല. പ്രകൃതിയുമായി സമ്യക്കായ സംതുലിതാവസ്തയിലാണത് നിലനില്‍ക്കുന്നത്. ഏകത, അനേകത തുടങ്ങിയ ധാരണകള്‍ ഉള്ളിടത്തോളമേ മനസ്സ് മാറുന്നതുപോലെ ദേഹവും മാറുകയുള്ളൂ.

ചിന്തകളുടെ സഞ്ചാരമാണ് ലോകമായി കാണപ്പെടുന്നത്. അതുകൊണ്ട് മനസ്സ്, സുഖദുഃഖ ക്രോധമോഹാദി അനുഭവങ്ങള്‍ വേദിച്ച് അനിയന്ത്രിതമായിത്തീരുന്നു. എന്നാല്‍ മനസ്സ് സമതയില്‍ സുദൃഢമായി അഭിരമിക്കുമ്പോള്‍ അത്തരം ശല്യങ്ങള്‍ അതിനെ ബാധിക്കയില്ല. ആ മനസ്സിന്റെയുടമ ആകാശംപോലെ നിര്‍മ്മലനത്രേ.

Mar 26, 2014

452 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 452

ബ്രഹ്മ ചിന്മാത്രമമലം സത്വമിത്യാദിനാമകം
യദ്ഗീതം തദിദം മൂഢാ: പശ്യന്ത്യംഗം ജഗത്തയാ (6/101/55)

കുംഭന്‍ തുടര്‍ന്നു: അങ്ങയുടെ പരമപരിത്യാഗത്താല്‍ അങ്ങ് സത്വത്തിലേയ്ക്ക് പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു. ഉപാധിസ്ഥമായ മനസ്സിനെ അങ്ങ് ഉപേക്ഷിച്ചുകഴിഞ്ഞു എന്നെനിക്ക് ഉറപ്പായിരിക്കുന്നു. അനന്തവിഹായസ്സുപോലെ മനസ്സ് ശുദ്ധമായിരിക്കുന്നു. സമ്പൂര്‍ണ്ണസമതയെന്ന അവസ്ഥയിലാണങ്ങിപ്പോള്‍ ഉള്ളത്. അത് പൂര്‍ണ്ണത്വമല്ലാതെ മറ്റൊന്നല്ല. അത് ബാക്കിയൊന്നും ശിഷ്ടമായി വയ്ക്കാത്ത പൂര്‍ണ്ണസന്യാസം തന്നെയാണ്. തപശ്ചര്യകളാല്‍ എന്ത് തരം  സുഖങ്ങളാണ് അല്ലെങ്കില്‍ ദുഃഖനിവാരണമാണ് സാധ്യമാവുക? നിതാന്തമായ പരമാനന്ദത്തിനു നിദാനം സമ്പൂര്‍ണ്ണ സമതാഭാവം തന്നെയാണ്. സ്വര്‍ഗ്ഗത്തിലെ ആനന്ദം ഏതു തരമാണ്? ആത്മജ്ഞാനം ലഭിക്കാത്തവരാണ് ചെറിയ ചെറിയ സുഖാനുഭവങ്ങള്‍ക്കായി അനുഷ്ഠാനകര്‍മ്മങ്ങള്‍ ചെയ്യുന്നത്.

സ്വന്തമായി സ്വര്‍ണ്ണമില്ലാത്തവന്‍ തന്റെ കൈവശമുള്ള ചെമ്പിന്‍കഷണം ആസക്തിയോടെ ചേര്‍ത്തുപിടിക്കുന്നു. രാജര്‍ഷേ, അങ്ങേയ്ക്ക് ചൂഡാലയുടെ സഹായത്തോടെ നിഷ്പ്രയാസം ജ്ഞാനമാര്‍ജ്ജിക്കുവാന്‍ കഴിയുമായിരുന്നു. അങ്ങെന്തിനാണീ അര്‍ത്ഥരഹിതമായ തപശ്ചര്യകളില്‍ ഏര്‍പ്പെട്ടിരുന്നത്? അവയ്ക്കെല്ലാം ഒരു തുടക്കവും അതുകൊണ്ടുതന്നെ ഒടുക്കവും ഉണ്ടല്ലോ. ആചാരാനുഷ്ഠാനങ്ങള്‍ മൂലം ഇടയിലൊരല്‍പം സുഖവും കണ്ടെന്നുവരാം. എങ്കിലും ഒന്ന് പറയാം, ഈ തപസ്സു തന്നെയാണ് അങ്ങയെ ആത്മസാക്ഷാത്ക്കരത്തില്‍ എത്തിച്ചത്.

ഇനി ആ ജ്ഞാനത്തില്‍ സുദൃഢചിത്തനായി വാണാലും. അനന്തമായ അവബോധത്തിലാണ് സത്തും അസത്തുമായ എല്ലാ ധാരണകളും ഉണ്ടായിമറയുന്നത്. ‘ഇത് കരണീയം’, ‘ഇത് ചെയ്യേണ്ടാത്തത്’ തുടങ്ങിയ ചോദനകളും അനന്തബോധത്തിലെ ചെറുകണങ്ങള്‍ മാത്രം. അതും ഉപേക്ഷിക്കൂ, എന്നിട്ട് എല്ലാ പരിമിതികളെയും അതിജീവിക്കൂ. തപശ്ചര്യകള്‍, ആചാരങ്ങള്‍, ഇവയൊക്കെ വളഞ്ഞ മാര്‍ഗ്ഗങ്ങളാണ്. എന്തുകൊണ്ടാണ് ആത്മജ്ഞാനത്തിന്റെ നേര്‍വഴി മനുഷ്യര്‍ പിന്തുടരാത്തത്?

സത്വം എന്നിവിടെ വിവരിച്ചതിനെയും സത്വത്തിനാല്‍ത്തന്നെ പരിത്യജിക്കണം. അതായത് സത്വത്തോടുപോലും പൂര്‍ണ്ണമായ നിര്‍മമത, അതില്‍ നിന്നുപോലുമുള്ള പൂര്‍ണ്ണമായ മുക്തിയാണ് വേണ്ടത്. രാജാവേ, ഏതു ദുഖങ്ങളായാലും അവയുടെ ഉറവിടം മനസ്സുമാത്രമാണ്. എന്നാല്‍ സമ്പൂര്‍ണ്ണസമതയില്‍ ഇരിക്കുമ്പോള്‍ ചിന്താസഞ്ചാരവും അവയുടെ അചലഭാവവും ജ്ഞാനിക്ക് അഭിന്നമാണ്. അങ്ങിനെ ജ്ഞാനി ശാശ്വതമായ പ്രശാന്തിയിലാണെപ്പോഴും വിരാജിക്കുന്നത്. 

ഒരേയൊരു അനന്താവബോധം മാത്രമേയുള്ളൂ. “ശുദ്ധബോധമായ ബ്രഹ്മം തന്നെയാണ് സത്വം. അജ്ഞാനി അതിനെ ലോകമായി കാണുന്നു.” ചലനമെന്നതും  അനന്തതയിലെ അചലതയെന്നതും ദൃഷ്ടാവിന്റെ മനോധാരണകള്‍ തന്നെയാണ്. അനന്തയുടെ ആകെത്തുകയായ സമഷ്ടിയില്‍ ഇപ്പറഞ്ഞ എല്ലാ ധാരണകള്‍ക്കും ഇടമുണ്ട്. എന്നാല്‍ അനന്തത ഇതൊന്നുമല്ല. അത് വിവരണാതീതമായ, വാക്കുകള്‍ക്കതീതമായ ഒന്നാണ്.

വസിഷ്ഠന്‍ തുടര്‍ന്നു: രാജാവ് പൂക്കളെടുത്ത് അര്‍ച്ചിക്കാന്‍ തുടങ്ങുമ്പോഴേയ്ക്ക് കുംഭന്‍ അപ്രത്യക്ഷനായി. കുംഭന്റെ വാക്കുകള്‍ വീണ്ടും വീണ്ടുമോര്‍ത്ത് ശിഖിധ്വജന്‍ ധ്യാനത്തില്‍ ആമഗ്നനായി. അദ്ദേഹത്തില്‍ ആഗ്രഹങ്ങളും ആസക്തികളും ഇല്ലാതായിരിക്കുന്നു. ഉപാധിരഹിതമായ ഒരതീതതലത്തില്‍ അദ്ദേഹം സുദൃഢനായിരുന്നുവല്ലോ.

Mar 25, 2014

451 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 451

വാസനാത്മസു യാതേഷു മലേഷു വിമലം സഖേ
യദ്വക്തി ഗുരുരന്തസ്ഥദ്വിശതീഷൂര്‍യഥാ വിസേ (6/101/14)

കുംഭന്‍ പറഞ്ഞു: അങ്ങയുടെ ഉള്ളം ആത്മീയമായി ഉണര്‍ന്നിരിക്കുന്നു. അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കുന്നു. കാണേണ്ടത് കണ്ടിരിക്കുന്നു.

ശിഖിധ്വജന്‍ പറഞ്ഞു: ശരിയാണ് മഹാത്മന്‍. അങ്ങയുടെ കാരുണ്യംമൂലം ഞാനാ പരമപദം ദര്‍ശിച്ചു. എന്തുകൊണ്ടാണീ പരമവിജ്ഞാനം ഇതുവരെ എനിക്ക് പിടിതരാതെ ഒഴിഞ്ഞുമാറി നില്‍ക്കാന്‍ കാരണം? 

കുംഭന്‍ പറഞ്ഞു: മനസ്സ് അതിപ്രശാന്തമായിരിക്കുകയും, എല്ലാ ആശകളും അസ്തമിക്കുകയും, ഇന്ദ്രിയങ്ങള്‍ അവയുടെ നിറഭേദങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഗുരുവാക്യം ഒരുവനില്‍ ശരിയായി പതിയുകയുള്ളൂ. എന്നാല്‍ അതിനുമുന്‍പുള്ള പ്രവര്‍ത്തനങ്ങള്‍ വൃഥാവിലല്ല. ആ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂവണിഞ്ഞു എന്ന് കണക്കാക്കിയാല്‍ മതി. അങ്ങയുടെ ശരീരങ്ങളിലെ (കാരണശരീരം, ഭൌതീകശരീരം) അശുദ്ധിയെല്ലാം നീക്കപ്പെട്ടിരിക്കുന്നു.

“അങ്ങിനെയൊരാള്‍ എല്ലാ മനോപാധികളില്‍നിന്നും മുക്തനായി, നിര്‍മ്മലനായിരിക്കുമ്പോള്‍ ഗുരുവാക്യങ്ങള്‍ അയാളുടെ അന്ത:ചേതനയില്‍ ചെന്ന് ചേരുന്നത് താമരപ്പൂക്കുലയില്‍ ഒരമ്പു കൊള്ളുംപോലെ ആയാസരഹിതമായാണ്.” അങ്ങ് ആ നിലയിലുള്ള നിര്‍മ്മലതയെ പ്രാപിച്ചിരിക്കുന്നു. എന്റെ പ്രഭാഷണം അങ്ങയെ പ്രബുദ്ധമാക്കുവാന്‍ കാരണം അതാണ്‌. അങ്ങിലെ അജ്ഞത തീരെ ഇല്ലാതായിരിക്കുന്നു. നമ്മുടെ സത്സംഗം അങ്ങിലെ കര്‍മ്മവാസനകളെ തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു.

ഇന്ന് രാവിലെ വരെ അങ്ങ് ‘ഞാന്‍’, ‘നീ’, എന്നീ തെറ്റിദ്ധാരണകള്‍ക്ക് വശംവദനായിരുന്നുവല്ലോ. എന്റെ വാക്കുകള്‍ കേട്ട് അങ്ങ് ‘നിര്‍മ്മന’മെന്ന അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. മനസ്സുള്ളിടത്തോളമേ അജ്ഞാനത്തിനു നിലനില്‍പ്പുള്ളൂ. അങ്ങ് മുക്തിപദത്തെ പ്രാപിച്ചിരിക്കുന്നു. ആ അനന്തമായ ബോധതലത്തില്‍ ആകുലതകളൊഴിഞ്ഞ്, എല്ലാ നേട്ടങ്ങള്‍ക്കായുള്ള ശ്രമങ്ങളും ഉപേക്ഷിച്ച് നിലകൊണ്ടാലും.

ശിഖിധ്വജന്‍ ചോദിച്ചു: മഹാത്മന്‍, മുക്തനിലും മനസ്സുണ്ടോ? അതില്ലാതെ അയാളെങ്ങിനെ ലൌകീകജീവിതത്തില്‍ പങ്കാളിയാകും?

കുംഭന്‍ പറഞ്ഞു: സത്യത്തില്‍ മുക്തനില്‍ മനസ്സില്ല. എന്താണ് മനസ്സ്? അത് മനോപാധികളാണ്. അത് പരിമിതികളാണ്. മുക്തന് ജനനമരണചക്രങ്ങള്‍ക്ക് കാരണമായ മനസ്സില്ല. മുക്തരായ മാമുനിമാരുടെ അവസ്ഥ അതാണ്‌. ഉപാധിരഹിതമായ മനസ്സാണ് അവര്‍ക്കുള്ളത്. അതിനാല്‍ അവര്‍ക്ക് പുനര്‍ജന്മങ്ങളില്ല. അത് വാസ്തവത്തില്‍ മനസ്സല്ല. ശുദ്ധസത്വമാണത്. 

മുക്തന്‍ വിരാജിക്കുന്നത് ഈ സത്വത്തിലാണ്. മനസ്സിലല്ല. അജ്ഞാനിയുടെ ജഡമനസ്സാണ് മനസ്സ്. ജ്ഞാനിയുടേത് സത്വമാണ്. ജ്ഞാനി സത്വത്തിലും അജ്ഞാനി മനസ്സിലും ജീവിക്കുന്നു. 

Mar 24, 2014

450 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 450

ചിത്തം നാശസ്വഭാവം തദ്വിദ്ധി നാശാത്മകം നൃപ
ക്ഷണനാശോ യത: കല്പചിത്തശബ്ദേന കഷ്യതേ (6/100/11)

ശിഖിധ്വജന്‍ പറഞ്ഞു: പരംപൊരുള്‍ സത്താണെന്നും ലോകം സത്യമാണെന്നുമുണ്ടെങ്കില്‍ പരംപൊരുള്‍ കാരണവും ലോകം കാര്യവുമാണെന്നു ഞാന്‍ കരുതുന്നു.

കുംഭന്‍ പറഞ്ഞു: കാരണം ഉണ്ടെങ്കില്‍ മാത്രമേ കാര്യത്തെ അനുമാനിക്കാന്‍ ആവൂ. എന്നാല്‍ കാരണം ഇല്ലാത്തിടത്ത് കാര്യമെങ്ങിനെ ഉണ്ടാവാനാണ്? ബ്രഹ്മവും വിശ്വവും തമ്മില്‍ കാര്യകാരണ ബന്ധമില്ല. ഉള്ളത് ബ്രഹ്മം മാത്രം. ബീജം പോലും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടായി, അല്ലെങ്കില്‍ ജനിച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം? ബ്രഹ്മം നാമരൂപരഹിതമായതിനാല്‍ അതില്‍ കാരണമെന്ന വിത്തുണ്ടാവാന്‍ സാദ്ധ്യതയേയില്ല. ബ്രഹ്മം കര്‍മ്മരഹിതമായതിനാല്‍ അത് ഒന്നിന്റെയും കാരണമാവാന്‍ വയ്യ. വിശ്വമെന്നു വിളിക്കാവുന്ന ഒരു കാര്യം കാരണമില്ലാതെ എങ്ങിനെയുണ്ടാവും? ബ്രഹ്മം മാത്രമേയുള്ളൂ. ബ്രഹ്മം മാത്രമാണ് അങ്ങ്.

ബ്രഹ്മത്തെ അവിദ്യയില്‍ അറിയുമ്പോള്‍ അത് വിശ്വമായി അനുഭവപ്പെടുന്നു. ബ്രഹ്മശരീരമെന്നതുപോലെയാണ് വിശ്വം നിലകൊള്ളുന്നത്.  അനന്തമായ അവബോധം സ്വയം മറ്റെന്തോ ആയി തെറ്റിദ്ധരിക്കുന്നതാണ് ആത്മാനുഭവം, അല്ലെങ്കില്‍ ആത്മസംഹാരം.

“ആത്മസംഹാരമാണ് മനസ്സ്. അതിന്റെ സ്വഭാവം തന്നെ ആത്മജ്ഞാനത്തെ മൂടുക എന്നതാണ്. അത്തരം ആത്മനാശം നിമിഷനേരത്തേയ്ക്കാണെങ്കില്‍ക്കൂടി ആ മനസ്സ് ഒരു ലോകചക്രത്തിന്റെയത്ര കാലം നീണ്ടു നിലനില്‍ക്കുന്നു.” അത്തരം പ്രാതിഭാസികമായ നിലനില്‍പ്പ്‌ ഇല്ലാതാവാന്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ എല്ലാ ധാരണകളും അവസാനിക്കണം. വെറും പ്രതീതിമാത്രമായ അസ്തിത്വം സത്യമറിയുമ്പോള്‍ സ്വാഭാവികമായും അവസാനിക്കുന്നു.

വിശ്വം കാതലില്ലാത്ത വെറുമൊരു വാക്കായി നില്‍ക്കുമ്പോള്‍ അതിനെ എങ്ങിനെ സത്യമായ വസ്തുവെന്ന് കണക്കാക്കും? അതിന്റെ സ്വതന്ത്രമായ അസ്തിത്വം മരുഭൂമിയിലെ കാനല്‍ജലത്തിന്‍റേതിനു സമമാണ്.

അതെങ്ങിനെ സത്യമാവും? അസത്യമായത് ഒരു ചിന്താക്കുഴപ്പത്തിലെന്നവണ്ണം സത്യമായി തെറ്റിദ്ധരിക്കുന്നതാണ് മനസ്സ്. സത്യത്തെ അറിയാതിരിക്കുന്ന അവസ്ഥയാണ് മനസ്സ്. 

സത്യത്തെ ശരിയായി അറിഞ്ഞുണര്‍വ്വിലെത്തുന്നതാണ് ആത്മജ്ഞാനം, അല്ലെങ്കില്‍ സത്യസാക്ഷാത്കാരം.

‘ഇത് ജലമല്ല’, എന്ന തിരിച്ചറിവ് കാനല്‍ജലത്തെ കാനല്‍ജലമായിത്തന്നെ കാണാന്‍ കഴിയുന്നതുപോലെ, ‘ഇത് ശുദ്ധാവബോധമല്ല, വെറും പ്രാതിഭാസിക ബോധമാണ് (മനസ്സ്) എന്ന അറിവ് മനോനാശം വരുത്തും. അങ്ങിനെ മനസ്സെന്ന  അയാഥാര്‍ത്ഥ്യം സ്ഥിരീകരിച്ചാല്‍പ്പിന്നെ അഹംകാരം, മുതലായവയ്ക്ക് നിലകൊള്ളാന്‍ ഒരിടമില്ല. യഥാര്‍ത്ഥത്തില്‍ ഉള്ളത് ബോധം മാത്രം. അനന്തമായ അവബോധം.

എല്ലാ ധാരണകളും അവിടെ അസ്തമിക്കുന്നു. ധാരണകള്‍ അവസാനിക്കുന്നതോടെ മനസ്സെന്ന വസ്തു ഇല്ലാതാവുന്നു. ‘ഞാനില്ല’, അതുകൊണ്ടുതന്നെ ‘അയാളും’ ഇല്ല. മനസ്സോ ഇന്ദ്രിയങ്ങളോ വാസ്തവത്തില്‍ ഇല്ല. ശുദ്ധമായ ബോധം മാത്രമേയുള്ളൂ.

മൂലോകങ്ങളിലും ജനിച്ചു ജീവിച്ചു മരിക്കുന്ന യാതൊന്നും ഇല്ല. അനന്താവബോധം മാത്രമേയുള്ളൂ. എകാത്മകതയും വൈവിദ്ധ്യതയും, ചിന്താക്കുഴപ്പവും ഭ്രമവും ഒന്നും സത്യമല്ല. ഒന്നും നശിക്കുന്നില്ല, ഒന്നും പരിപോഷിക്കപ്പെടുന്നുമില്ല. എല്ലാമെല്ലാം ആത്മാവ് മാത്രം. സക്തിയായും അനാസക്തിയായും പ്രകടിതമാവുന്ന ചൈതന്യവിശേഷംപോലും ആത്മാവത്രേ.   

Mar 23, 2014

449 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 449

അഹമിത്യേവ സങ്കല്‍പ്പോ ബന്ധായാതിവിനാശിനേ
നാഹമിത്യേവ സങ്കല്‍പ്പോ മോക്ഷായ വിമലാത്മനേ (6/99/11)

ശിഖിധ്വജന്‍ പറഞ്ഞു; എന്നിലെ ഭ്രമചിന്തകള്‍ അവസാനിച്ചിരിക്കുന്നു. അങ്ങയുടെ കൃപയാല്‍ എന്നില്‍ ജ്ഞാനമങ്കുരിച്ചു. എല്ലാ സംശയങ്ങള്‍ക്കും അറുതിയായി. എന്താണ് അറിയാന്‍ യോഗ്യമായ അറിവെന്നെനിക്ക് വെളിവായി. സംസാരമെന്ന മായാസമുദ്രത്തെ ഞാന്‍ തരണം ചെയ്തിരിക്കുന്നു. ‘ഞാന്‍’ ഇല്ലാതെതന്നെ എന്നില്‍ പ്രശാന്തിയും ശുദ്ധജ്ഞാനവും നിറഞ്ഞിരിക്കുന്നു.

കുംഭന്‍ പറഞ്ഞു: ലോകം ഇല്ലാത്തപ്പോള്‍ ‘ഞാനും’ ‘നീയും’ എവിടെയാണുള്ളത്? അതിനാല്‍ സ്വയം പ്രശാന്തമായിരുന്ന്‍ അനിഛാപൂര്‍വ്വമായി അനുനിമിഷം വന്നുചേരുന്ന കര്‍മ്മങ്ങളെ ഉചിതമായി അനുവര്‍ത്തിച്ചാലും. എല്ലാമെല്ലാം ബ്രഹ്മമാണ്. അത് പ്രശാന്തിയാണ്. ‘ഞാന്‍’, ‘നീ’ തുടങ്ങിയ വാക്കുകള്‍ക്ക് അര്‍ത്ഥമില്ല. അത്തരം വാക്കുകളുടെ നിരര്‍ത്ഥകത അറിഞ്ഞുകഴിയുമ്പോള്‍ വിശ്വത്തെ ബ്രഹ്മമായി സാക്ഷാത്കരിക്കാം. സൃഷ്ടാവായ ബ്രഹ്മാവുപോലും വെറുമൊരു സങ്കല്‍പ്പമാണ്. ധാരണയാണ്. അതുപോലെയാണ് ‘ഞാന്‍’, ‘ആത്മാവ്’, എന്നീ പദങ്ങളും. അവയുടെ ശരിയായ തിരിച്ചറിവാണ് ബന്ധനവും മുക്തിയും.   

“ഞാന്‍ ഉണ്ട് എന്ന ധാരണ ബന്ധനത്തിനും ആത്മനാശത്തിനും വഴിയൊരുക്കുന്നു. എന്നാല്‍ ‘ഞാനില്ല’ എന്ന തിരിച്ചറിവ് മുക്തിയിലേയ്ക്കും നിത്യശുദ്ധതയിലേയ്ക്കുമാണ് നയിക്കുക.”

ബന്ധനവും മുക്തിയും ധാരണകള്‍ മാത്രമാണ്. ഈ ധാരണകളെ ധരിക്കുന്നത് അനന്തമായ ബോധമാണ്. അതുമാത്രമാണുള്ളത്. എല്ലാ ദുഖങ്ങളുടെയും ഉറവ, ‘ഞാനുണ്ട്’ എന്ന ധാരണയാണ്. അതിന്റെ അഭാവമാണ് പൂര്‍ണ്ണസ്വാതന്ത്ര്യം. ആ അഹംകാരം ഞാനല്ല എന്ന് തിരിച്ചറിഞ്ഞ് ശുദ്ധബോധത്തില്‍ അഭിരമിച്ചാലും. അത്തരം ശുദ്ധാവബോധം എല്ലാ ധാരണകളെയും അസ്തമിപ്പിക്കുന്നു. അപ്പോള്‍ പൂര്‍ണ്ണതയായി. പൂര്‍ണ്ണാവസ്ഥയുടെ ആ തലത്തില്‍ കാരണങ്ങളോ അവയുടെ പരിണിതഫലമായ വിഷയസൃഷ്ടിയോ ഇല്ല. 

വസ്തുക്കളുടെ അഭാവത്തില്‍ അനുഭവങ്ങളോ അവയുടെ ഭോക്താക്കളോ (അഹമോ) ഇല്ല. അഹമില്ലെങ്കില്‍പ്പിന്നെ ജനനമരണചക്രങ്ങളാകുന്ന സംസാരമെവിടെ? സംസാരം ഇല്ലാത്തപ്പോള്‍പ്പിന്നെ ബാക്കിയാകുന്നത് പരംപൊരുള്‍ മാത്രം. ശിലയില്‍ ഇനിയും  കൊത്തിയുണ്ടാക്കിയിട്ടില്ലാത്ത ശില്‍പ്പങ്ങള്‍ പോലെ വിശ്വം നിലകൊള്ളുന്നു. 

മനസ്സിന്റെ ഇടപെടലുകള്‍ കൂടാതെ ആരൊരുവന്‍ വിശ്വത്തെ കാണുന്നുവോ അയാള്‍ക്ക് ലോകമെന്നൊരു ഭിന്നധാരണ തന്നെയില്ല. അയാള്‍ സത്യദര്‍ശിയാണ്. ആ ദര്‍ശനമാണ് നിര്‍വാണം. സമുദ്രം മാത്രം സത്യമായി പരിലസിക്കുമ്പോള്‍ തിരകള്‍ എന്ന പദത്തിന് തന്നെ മൂല്യമില്ലാതെയാവുന്നു. ബ്രഹ്മം മാത്രം നിലനില്‍ക്കുമ്പോള്‍ ‘സൃഷ്ടി’ എന്ന പദം പോലും അര്‍ത്ഥമില്ലാത്തതാവുന്നു.

ഈ സൃഷ്ടി ബ്രഹ്മം തന്നെ. ബ്രഹ്മത്തിനു മാത്രമേ സൃഷ്ടിയെപ്പറ്റി അവബോധമുള്ളു. സൃഷ്ടി എന്ന പദത്തിന്റെ വാച്യാര്‍ത്ഥം ഉപേക്ഷിച്ചുകഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത് അതിന്റെ ശരിയായ അര്‍ത്ഥം മാത്രം. അത് ശാശ്വതമായ പരബ്രഹ്മമാകുന്നു.

ബ്രഹ്മം എന്ന പദത്തിന്റെ ആന്തരാര്‍ത്ഥത്തിലേയ്ക്ക് അന്വേഷണം നടത്തുന്നവന്‍ എല്ലാം അറിയുന്നു. അതുപോലെ ‘സൃഷ്ടി’ എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുന്നവനും എത്തിച്ചേരുന്നത് ബ്രഹ്മത്തിലത്രേ. എല്ലാറ്റിന്റെയും അടിത്തറയും എല്ലാ ധാരണാ സങ്കല്‍പ്പങ്ങള്‍ക്കും അവയെപ്പറ്റിയുള്ള അവബോധത്തിനും സാദ്ധ്യതയേകുന്ന ബോധം ബ്രഹ്മമാകുന്നു. ഈ പരമസത്യത്തെ സാക്ഷാത്കരിച്ച്‌ അറിവിന്റെയും അറിയലിന്റെയും ദ്വന്ദതകളെ പരിത്യജിച്ചുകഴിഞ്ഞാല്‍ പരമ പ്രാശാന്തിയാണ്. അത് അവാച്യവും അവര്‍ണ്ണനീയവുമാണ്. 

Mar 22, 2014

448 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 448

യത്കിഞ്ചിത്പരമാകാശ ഈഷത്ക ചകചായതേ
ചിദാദര്‍ശേന ജാതത്വാന്ന ചിത്തം നോ ജഗത്ക്രിയാ (6/98/15)
ശിഖിധ്വജന്‍ പറഞ്ഞു: മഹാത്മന്‍, മനസ്സ് എന്നത് ഇല്ലാത്ത ഒന്നാണെന്നുള്ള വസ്തുത എന്നില്‍ സുദൃഢമായിത്തീരാന്‍ ഉതകുന്ന ഉപദേശം എനിക്കായി നല്‍കിയാലും.
കുംഭന്‍ പറഞ്ഞു: രാജാവേ, മനസ്സെന്നൊരു വസ്തു ഒരിക്കലും  ഉണ്ടായിരുന്നിട്ടില്ല. ഇപ്പോഴില്ല, ഇനിയുമില്ല. ഇവിടെ മനസ്സെന്നറിഞ്ഞു  പ്രഭാസിക്കുന്നത് അനന്തമായ ബ്രഹ്മം, അല്ലെങ്കില്‍ ബോധം തന്നെയാണ്.
ആ ബോധത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമാണ് മനസ്സെന്ന 'അവസ്തു'വിനു കാരണം. ഈ കാണായ ലോകത്തിനും അതിലെ പ്രഭൃതികള്‍ക്കും കാരണം ആ അവിദ്യ തന്നെ. മനസ്സും ലോകവും പോലും കേവലം അയഥാര്‍ത്ഥ്യമാണെന്നിരിക്കേ, ‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ക്ക് അങ്ങിനെ സാധുതയുണ്ടാവാനാണ്? വാസ്തവത്തില്‍ ലോകം എന്നൊന്ന് ഇല്ല. കാണപ്പെടുന്ന, എല്ലാം ‘അസൃഷ്ടി’കളത്രേ. എല്ലാം ബ്രഹ്മം മാത്രം.

ഇക്കാര്യം എങ്ങിനെയറിയാനാകും? ഈ അറിയുന്നവന്‍ ആരാണ്? ഈ ലോകചക്രത്തിന്റെ ആരംഭത്തില്‍പ്പോലും ലോകം സൃഷ്ടമായിരുന്നിട്ടില്ല. വിശദീകരിക്കാനുള്ള സൌകര്യത്തിനായി ‘എല്ലാ സൃഷ്ടിയും എന്റേതാണ്’ എന്ന് നാം പറയുന്നതാണ്. കാരണഘടകങ്ങളുടെ അഭാവത്തില്‍ സൃഷ്ടി എന്ന പ്രക്രിയ നടക്കുകയില്ലല്ലോ. അതിനാല്‍ എന്തെല്ലാം ഉണ്ടോ അതെല്ലാം ബ്രഹ്മം മാത്രം. മറ്റൊന്നുണ്ടാവാന്‍ സാദ്ധ്യതയേ ഇല്ല.

നാമരൂപരഹിതനായ ഭഗവാനാണ് ഇതെല്ലാം സൃഷ്ടിച്ചത് എന്ന് പറയുന്നതും യുക്തിഭദ്രമല്ല. സത്യവും അതല്ല. അങ്ങിനെ, ലോകമെന്ന ‘സൃഷ്ടി’ വെറും മിഥ്യയാണെന്ന് കാണുമ്പോള്‍ അത്തരം ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന മനസ്സും മിഥ്യ തന്നെയാണെന്ന് വരുന്നു. മനസ്സ് സത്യത്തെ പരിമിതപ്പെടുത്തുന്ന ഇത്തരം മിഥ്യാധാരണകളുടെ ഭാണ്ഡമത്രേ. വിഭജനം വിഭജനസാദ്ധ്യതയെ ദ്യോതിപ്പിക്കുന്നു. എന്നാല്‍ അനന്താവബോധം വിഭജനാത്മകം അല്ലാത്തതിനാല്‍ അതില്‍ വൈവിദ്ധ്യത ആരോപിക്കാന്‍കൂടി കഴിയില്ല. എന്നാല്‍ മനസ്സോ? അത് ഭിന്നപ്രതീതികളെ ഉണ്ടാക്കുന്നതില്‍ കേമനാണ്. അങ്ങിനെയുള്ള മനസ്സ് എങ്ങിനെ ശാശ്വതമാവാനാണ്?
 
വിശ്വമായി വ്യാപരിച്ചിരിക്കുന്നത് അനന്തമായ ബോധം തന്നെയാണ്. അപ്പോള്‍ എന്തിനാണ് അതിനെ വിശ്വം എന്ന് വേറെയൊരു പേരിട്ടു വിളിക്കുന്നത്?

“അനന്താവബോധത്തിന്റെ ഈ ഒരു തലത്തില്‍ എന്തെല്ലാം കാഴ്ചകള്‍ കാണപ്പെടുന്നുണ്ടോ, അവയെല്ലാം ബോധത്തിന്റെ പ്രതിഫലനം മാത്രമാണ്. അതിനാല്‍ മനസ്സോ ലോകമോ വാസ്തവത്തില്‍ ഉള്ളവയല്ല.” അവിദ്യയിലാണ് കാഴ്ചകളെ ‘ലോകം’ എന്ന് വിവക്ഷിക്കുന്നത്. മനസ്സ് മിഥ്യയാണ്. സൃഷ്ടിയെ ‘നേതി. നേതി’, ഇതല്ല, ഇതല്ല, എന്ന രീതിയിലാണ് തിരസ്കരിക്കേണ്ടത്. ‘ഇതാണ്’ സൃഷ്ടി എന്ന രീതിയില്‍ തിരസ്കരണം സാദ്ധ്യമല്ല.

ലോകമായി, ഉണ്മയായി, കാണപ്പെടുന്ന ലോകം ആദിയില്ലാത്ത, സൃഷ്ടിക്കപ്പെടാത്ത ഒന്നാണ്. പദാര്‍ത്ഥങ്ങളുടെ ഭാവാഭാവങ്ങളെപ്പറ്റിയുള്ള ശാസ്ത്രോദീരണങ്ങളും ഒരുവന്റെ നേരറിവും മറ്റും സാധുതയില്ലാത്ത കാര്യങ്ങളാണെന്ന് പറയാന്‍ വയ്യ. വെറുമൊരജ്ഞാനിക്കേ അങ്ങിനെ തോന്നൂ.

ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പ്രസ്താവനകളെ തിരസ്കരിക്കുന്നവനെ വര്‍ജ്ജിക്കേണ്ടതുമാണ്. അതീന്ദ്രിയമായ സത്യം ശാശ്വതമാണ്. ലോകം അസത്യമല്ല. അസത്യമായുള്ളത് എല്ലാറ്റിനെയും പരിമിതപ്പെടുത്തുന്ന മനസ്സാണ്.
 
അതിനാല്‍ ഇതെല്ലാം, കാണുന്നതും കാണപ്പെടാത്തതുമെല്ലാം, അവിച്ഛിന്നമായ നാമരൂപരഹിതമായ, അപരിമേയമായ, അനന്താവബോധം മാത്രമാണ്. ബ്രഹ്മത്തിന്റെ സ്വ-പ്രതിഫലനം അനന്തകോടി രൂപങ്ങളിലും രൂപരഹിത ഭാവങ്ങളിലും വികസ്വരമായി സൃഷ്ടിസ്ഥിതിസംഹാരചക്രങ്ങളോടുകൂടിയുള്ള വിശ്വമായി പരിലസിക്കുന്നു. ഒരു നിമിഷം വിശ്വമായി തെളിഞ്ഞും പിന്നെ മറഞ്ഞും നിലകൊള്ളുന്നത് ബ്രഹ്മം തന്നെ.

മനസ്സ് എന്നൊന്ന് വാസ്തവത്തില്‍ ഇല്ലേയില്ല.   

Mar 21, 2014

447 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 447

ഉപലംഭസ്തു യശ്ചായമേഷാ ചിത്തചമത്കൃതി:
ചിത്തത്വമാത്രസത്താസ്തി ദ്വിത്വമൈക്യം ച നാസ്ത്യലം (6/97/15)

കുംഭന്‍ പറഞ്ഞു: ഒരു പ്രത്യേക സമയത്ത്, ഒരിടത്ത് അതൊരാഭരണമായി 'മാറ്റി'യെന്ന് സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ നമുക്ക് പറയാം. എന്നാല്‍ ആത്മാവിന്റെ കാര്യത്തില്‍ പരമപ്രശാന്തമായ അതില്‍ നിന്നും ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഒന്നും അതിലേയ്ക്ക് തിരികെ വിലയിക്കുന്നുമില്ല. ബ്രഹ്മം സ്വയം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ബ്രഹ്മം സൃഷ്ടിയുടെ വിത്തോ കാരണമോ അല്ല. ലോകമെന്നത് വെറും അനുഭവം മാത്രമാണല്ലോ. ഈ അനുഭവമില്ലെങ്കില്‍ ലോകമില്ല, അഹംകാരമില്ല. അതിനാല്‍ അനന്തമായ ബോധം മാത്രമേ നിലനില്‍ക്കുന്നതായുള്ളു.

ശിഖിധ്വജന്‍ പറഞ്ഞു: മാമുനേ, ഭഗവാനില്‍ ലോകമോ അഹംകാരമോ ഇല്ലായെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും ലോകവും അഹംകാരവും ഉണ്മതന്നെയാണെന്ന മട്ടില്‍ എങ്ങിനെയാണ് പ്രകാശിച്ചു നില്‍ക്കുന്നത്?

കുംഭന്‍ പറഞ്ഞു: തീര്‍ച്ചയായും അനന്തതതന്നെയാണ് ആദിയും അന്തവുമില്ലാതെ ശുദ്ധമായ അനുഭവമായി, അനുഭവവേദ്യമായ ബോധമായി നിലനില്‍ക്കുന്നത്. അത് തന്നെയാണ് വിശ്വമായി, വികസ്വരമായി നിലകൊള്ളുന്നത്. വിശ്വം പരംപോരുളിന്റെ ദേഹമെന്നമട്ടില്‍ വിരാജിക്കുന്നത്.

ബുദ്ധിയെന്ന മറ്റൊരു വസ്തുവോ, ‘ബാഹ്യ’മെന്ന ഒരിടമോ, ശൂന്യതയോ ഉണ്മയല്ല. (ഇല്ലാത്ത കാര്യങ്ങളാണ്). അസ്തിത്വത്തിന്റെ സാരാംശം ശുദ്ധ അനുഭവമാണ്. ബോധത്തിന്റെ അന്തസത്തയും അതാണ്‌. ജലത്തില്‍ നിന്നും നനവെന്ന നൈസര്‍ഗ്ഗികഗുണത്തെ പിരിക്കാനാവാത്തതുപോലെ ബോധാബോധങ്ങള്‍ നിലകൊള്ളുന്നു. എന്നാല്‍ അത്തരം ചേര്‍ച്ചകള്‍ക്ക് യുക്തിഭദ്രമായ അടിത്തറയില്ല. എന്നാല്‍ അതങ്ങിനെയാണ്. ബോധത്തില്‍ ഭിന്നതകളോ വിരോധാഭാസങ്ങളോ ഇല്ലാത്തതിനാല്‍ അത് സ്വയം പ്രബുദ്ധമാണ്.

അനന്തമായ ബോധം ഏതെങ്കിലും ഒന്നിന്റെ കാരണമാണെന്ന് വരികില്‍ അതിനെ എങ്ങിനെയാണ് അനിര്‍വചനീയമെന്നും അദ്വിതീയമെന്നും പറയുക? അതിനാല്‍ ബ്രഹ്മം ഒരു വിത്തോ കാരണമോ ആവുക വയ്യ. പിന്നെ എന്തിനെയാണ് നാം ‘കാര്യ’മായി കണക്കാക്കുക? അതിനാല്‍ സൃഷ്ടിയെ ബ്രഹ്മവുമായി ബന്ധിപ്പിക്കുന്നത്പോലും അനുചിതമാണ്. ജഡത്തെ അനന്താവബോധവുമായി ബന്ധിപ്പിക്കുന്നത് അതുപോലെതന്നെ അസംബന്ധമാണ്.

ലോകം, അഹങ്കാരം എന്നിങ്ങനെയുള്ള വസ്തുക്കള്‍ ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് വെറും പൊള്ളയായ കളിവാക്കുകള്‍ മാത്രം. ബോധത്തെ സംഹരിക്കാന്‍ കഴിയില്ല. എന്നാല്‍ അത്തരം സംഹാരത്തെപ്പറ്റി ഗ്രഹിക്കാന്‍ കഴിയുന്നുവെങ്കില്‍ ആ ഗ്രഹണശക്തിക്കാധാരമായ ബോധം എല്ലാ സംഹാരങ്ങള്‍ക്കും സൃഷ്ടികള്‍ക്കും അതീതമാണ്.

“അത്തരം സംഹാരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ അത് ബോധത്തിന്റെയൊരു വികൃതിമാത്രമാണ്. അതിനാല്‍ ബോധം മാത്രമേ നിലനില്‍ക്കുന്നുള്ളു. ഒന്നും പലതുമൊന്നും ഇല്ലേയില്ല. ഈ ചര്‍ച്ചയിനി അവസാനിപ്പിക്കാം” 

അത്തരമൊരസ്തിത്വം നിലനില്‍ക്കുന്നില്ലായെങ്കില്‍ അതിനെപ്പറ്റിയുള്ള ചിന്തയ്ക്കും നിലനില്‍പ്പില്ല. ലോകമോ അഹംകാരമോ ഇല്ല. മൂര്‍ത്തമാണെങ്കിലും അല്ലെങ്കിലും, അങ്ങ് സദേഹനെങ്കിലും വിദേഹനെങ്കിലും എല്ലാ മനോപാധികളില്‍ നിന്നും മുക്തനായി പ്രശാന്തിയില്‍ അഭിരമിക്കൂ. ബ്രഹ്മസാക്ഷാത്കാരത്തില്‍ ആകാംക്ഷയ്ക്കും ആകുലതയ്ക്കും ഇടമില്ല.  

Mar 19, 2014

446 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 446

കേവലം പരമേ വേത്ഥം പരമം ഭാസതേ ശിവം
അതോ ജഗദഹന്താദി പ്രശ്ന ഏവാത്ര നോചിത:  (6/96/41)

കുംഭന്‍ പറഞ്ഞു: ഹേതുരഹിതവും അവര്‍ണ്ണനീയവും ആയ ഒന്ന് മറ്റൊന്നിന്റെ കാരണമാവുക അസാദ്ധ്യം. അതില്‍ നിന്നും മറ്റൊന്ന് ഉണ്ടാവാന്‍ സാധിക്കുകയില്ല. അതിനാല്‍ ആത്മാവ് കര്‍മ്മകര്‍ത്താവോ, കര്‍മ്മമോ കര്‍മ്മോപകരണമോ അല്ല.

അത് സത്യമാകുന്നു, അനന്തമായ അവബോധമാകുന്നു. സ്വരൂപജ്ഞാനമാകുന്നു. പരബ്രഹ്മത്തില്‍ സൃഷ്ടികള്‍ ഒന്നുമില്ല.

സമുദ്രോപരിയുണ്ടാവുന്ന അലകളുടെ അസ്തിത്വം നമിക്കൊരുപക്ഷേ യുക്തിഭദ്രമായി വിശദീകരിക്കാനാവും. കാരണം ഒരല ഉണ്ടായ സമയം, അതുണ്ടാവാന്‍ വേണ്ട ഇടം എല്ലാം നമുക്ക് കണ്ടറിയാം. എന്നാല്‍ ബ്രഹ്മാവും സൃഷ്ടിയും തമ്മിലുള്ള ബന്ധമറിയാന്‍ ആര്‍ക്കു കഴിയും? കാരണം ബ്രഹ്മത്തില്‍ കാലദേശങ്ങള്‍ എന്ന പരിമിതികള്‍ (ഉപാധികള്‍) ഇല്ല. വാസ്തവത്തില്‍ ലോകമെന്ന സങ്കല്‍പ്പത്തിന് ഉണ്മയില്ല. 

ശിഖിധ്വജന്‍ പറഞ്ഞു: തീര്‍ച്ചയായും കടലിലെ അലകളെപ്പറ്റി നമുക്കറിയാം. പക്ഷേ ഈ ലോകവും അഹംകാരവും അഹേതുകമാണെന്ന്‍ എനിക്ക് തെളിഞ്ഞു മനസ്സിലായിട്ടില്ല.

കുംഭന്‍ പറഞ്ഞു: ഇപ്പോള്‍ അങ്ങേയ്ക്ക് സത്യം മനസ്സിലായിക്കഴിഞ്ഞു രാജാവേ. കാരണം ലോകം, അഹങ്കാരം എന്നീ വാക്കുകള്‍ക്ക് ഉണ്മയൊന്നും ഇല്ല.

ശൂന്യത അല്ലെങ്കില്‍ ദൂരമെന്ന ധാരണ, ആകാശവുമായി അഭിന്നമാണല്ലോ. അതുപോലെ ഈ ലോകമെന്ന പ്രകടനം പരബ്രഹ്മത്തില്‍, അനന്താവബോധത്തില്‍ നിലകൊള്ളുന്നു. ഒരു ഭാവത്തില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാവത്തില്‍ അത് കാണപ്പെടുന്നതായി തോന്നുന്നു.

അങ്ങിനെ ഈ ലോകത്തിന്റെ യഥാര്‍ത്ഥവസ്തുത ശരിയായി അറിഞ്ഞു കഴിഞ്ഞാല്‍ പരമാത്മാവായ ശിവനെ സാക്ഷാത്ക്കരിച്ചു എന്നര്‍ത്ഥം. ശരിയായ അറിവില്‍ വിഷംപോലും അമൃതസമം. എന്നാല്‍ ശരിയായ അറിവിന്റെ അഭാവത്തില്‍ അത് ദുഃഖദായിയായ ലോകമാണ് (അശിവം). ബോധം സ്വയം എന്ത് ധരിക്കുന്നുവോ അത് സ്വയം ആയിത്തീരുന്നു. ആത്മാവിലെ ചെറിയൊരിളക്കമാണ് ബോധത്തെ മൂര്‍ത്തരൂപങ്ങളുള്ള ലോകമായിക്കാണുന്നത്.

“പരമാത്മാവ്‌ തന്നെയാണ് പരംപൊരുളായി, ശിവമായി വിളങ്ങുന്നത്. അതിനാല്‍ ലോകം, അഹങ്കാരം തുടങ്ങിയവയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ തന്നെ അപ്രസക്തങ്ങളാണ്.” ചോദ്യങ്ങള്‍ ഉചിതമാവണമെങ്കില്‍ അവ യഥാര്‍ത്ഥത്തില്‍ ഉള്ള വസ്തുക്കളെപ്പറ്റിയാവണമല്ലോ. അല്ലാതെ അസ്ഥിത്വം ഇനിയും തെളിയിച്ചിട്ടില്ലാത്തവയെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്? ലോകത്തിനും അഹംകാരത്തിനും പരബ്രഹ്മത്തെ വിട്ട് സ്വതന്ത്രമായ ഒരസ്തിത്വമില്ല. അവയുടെ നിലനില്‍പ്പിനു കാരണമൊന്നും ഇല്ലാത്തതിനാല്‍ ബ്രഹ്മം മാത്രമേ വാസ്തവത്തില്‍ ഉള്ളു എന്ന് വരുന്നു. ബ്രഹ്മത്തിന്റെ ചൈതന്യം – മായയാണ് പഞ്ചഭൂതാത്മകമായ ലോകം എന്ന മായക്കാഴ്ചയെ ഉണ്ടാക്കി, നടത്തി, നശിപ്പിക്കുന്നത്.

എന്നാല്‍ ബോധം അങ്ങിനെതന്നെ നിലനില്‍ക്കുന്നു. വൈവിധ്യതഎന്ന പ്രതീതി വിവിധ നാമരൂപങ്ങളെ സങ്കല്‍പ്പത്തില്‍ ഉണ്ടാക്കുകയാണ്. പൂര്‍ണ്ണത്തില്‍ (അനന്തതയില്‍) നിന്നും പൂര്‍ണ്ണം ഉയരുന്നു. പൂര്‍ണ്ണം പൂര്‍ണ്ണത്തെ സൃഷ്ടിക്കുന്നു. പൂര്‍ണ്ണം പൂര്‍ണ്ണമായിത്തന്നെ നിലകൊള്ളുന്നു. ബോധം ബോധമായി പ്രഭാസിക്കുന്നു.

Mar 18, 2014

445 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 445

തത്സാരമേകമേവേഹ വിദ്യതേ ഭൂപതേ തതം
എകമേകാന്തചിത്കാന്തം നൈകമപ്യദ്വിതാവശാത് (6/96/24)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ആത്മീയമായി ഉണര്‍ന്ന ശിഖിധ്വജന്‍ പെട്ടെന്ന് തന്നെ തീവ്രധ്യാനത്തില്‍ ആമഗ്നനായി. എന്നാല്‍ ആ ധ്യാനത്തില്‍ നിന്നും കുംഭന്‍ അദ്ദേഹത്തെ കളിപറഞ്ഞുണര്‍ത്തി. ‘രാജാവേ, അങ്ങ് പ്രബുദ്ധനായിക്കഴിഞ്ഞു. ഉണര്‍ന്നാലും.’

ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്തായാലും ചെയ്തുതന്നെ തീരണം. ലോകം എന്ന കാഴ്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനവന്റെ കര്‍ത്തവ്യം നിറവേറ്റുക തന്നെ വേണം. ഒരിക്കല്‍ ആ പരമപ്രകാശം – ആത്മതേജസ്സ് കാണാന്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ അനഭിമതങ്ങളില്‍ നിന്നും ഉപാധികളില്‍ നിന്നും ക്ഷണത്തില്‍ മോചനമായി. ജീവിച്ചിരിക്കെ മുക്തനുമായി.’

ആത്മപ്രകാശത്തിന്റെ പ്രഭയില്‍ തിളങ്ങിനിന്ന ശിഖിധ്വജന്‍ വീണ്ടും കുംഭനോട് കൂടുതല്‍ അറിവ് പകര്‍ന്നുതരാന്‍ അഭ്യര്‍ഥിച്ചു. ‘സത്യം വാസ്തവത്തില്‍ അവിച്ഛിന്നമായ അനന്താവബോധമാണെന്നിരിക്കെ എങ്ങിനെയാണ് ദൃക്, ദൃശ്യം, ദൃഷ്ടി എന്നീ ത്രിപുടികള്‍ അതില്‍ ഉയര്‍ന്നുവരുന്നത്?

കുംഭന്‍ പറഞ്ഞു: നല്ല ചോദ്യം, മഹാരാജന്‍. ഇതാണ് അങ്ങില്‍ അറിയാനായി ഇനി ബാക്കിയുള്ളത്. ഈ ലോകചക്രം അവസാനിക്കുമ്പോള്‍ അവശേഷിക്കുന്നത് സത്ത് മാത്രമായിരിക്കും. അത് പ്രകാശമോ ഇരുട്ടോ അല്ല. അത് ശുദ്ധമായ അവബോധമാണ്. പരമപ്രശാന്തവും അനന്തവുമാണത്. അത് ബുദ്ധിപരമായ അറിവിനും യുക്തിയ്ക്കും അതീതമാണ്. അതാണ്‌ ബ്രഹ്മം അല്ലെങ്കില്‍ നിര്‍വ്വാണപദം. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വിശ്വം വെറും ഒരണു മാത്രം. ‘ഞാന്‍’ എന്ന് സ്ഫുരിക്കുന്നതും വിശ്വാത്മാവായി തുടിക്കുന്നതും വിശ്വമായി നിലനില്‍ക്കുന്നതും അത് തന്നെ.

വിശ്വത്തിന്റെ ആത്മാവും വിശ്വവും അഭിന്നമാണ്. കാറ്റും അതിന്റെ ചലനവും തമ്മില്‍ ഭിന്നതയൊന്നുമില്ലല്ലോ? കടലിലെ ജലവും അലകളും തമ്മില്‍ കാലദേശാദിയായ കാര്യകാരണബന്ധമുണ്ടെന്നു ചിലര്‍ പറയുന്നു. എന്നാല്‍ വിശ്വത്തിന്റെ ആത്മാവും അനന്തതയും തമ്മില്‍ അങ്ങിനെയൊരു ബന്ധമില്ല. വിശ്വത്തിനു കാരണമില്ല. (കാര്യമില്ല എന്നതുകൊണ്ട്‌). ആ അനന്താവബോധത്തില്‍ വിശ്വം വെറുമൊരു ധൂളീകണമായി പാറി നടക്കുന്നു. അതില്‍ ലോകമെന്ന വാക്ക് യാഥാതഥമായിമാറി പ്രത്യക്ഷപ്പെടുന്നു.

“അനന്തമായ ബോധം മാത്രമാണുണ്മ. അത് സര്‍വ്വവ്യാപകമാണ്. എകമാണത്, ബോധമാണത്. അതെല്ലാത്തിനെയും സമഞ്ജസമായി ചേര്‍ത്തുവയ്ക്കുന്നു. എങ്കിലും അതിനെ ‘ഒന്ന്‍’ എന്ന് പറഞ്ഞു കൂടാ. കാരണം അതില്‍ ഭിന്നതയോ വിഭജനസാദ്ധ്യതയോ വൈവിദ്ധ്യതയോ ഇല്ലല്ലോ.”

അതിനാല്‍ ആത്മാവ് മാത്രമാണ് സത്യമായുള്ളത് എന്നറിയുക. ദ്വന്ദതയെന്ന ധാരണ ഉള്ളില്‍ ഉണരാതിരിക്കട്ടെ. എല്ലായിടത്തും ഭിന്നരൂപങ്ങളില്‍ കാണപ്പെടുന്നത് അത് മാത്രമാണ്. അത് ഇന്ദ്രിയഗോചരമല്ല. മനസ്സിന് പ്രാപ്യമല്ല. അത് നേടിയെടുക്കാനുള്ള വസ്തുവല്ല. അതിനാല്‍ അതൊരിക്കലും കാര്യമോ കാരണമോ അല്ല. അതീവ സൂക്ഷ്മമാണത്. അത് അനുഭവിക്കുന്നവനും അനുഭവത്തിനും അതീതമായ ശുദ്ധാനുഭവമാണ്. ഇങ്ങിനെയതിനെ വിശദീകരിക്കുമ്പോഴും അത് വിവരണാതീതമാണെന്നറിയുക. അത് ‘ഇതാ’ണെന്നോ, ‘ഇത്’ അല്ലെന്നോ പറയുക വയ്യ. അപ്പോള്‍പ്പിന്നെ സൃഷ്ടിയ്ക്ക് കാരണമായി അതിനെ എങ്ങിനെ പറയും?

Mar 15, 2014

444 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 444

ഏവം ജഗദ്‌ഭ്രമസ്യാസ്യ ഭാവനം താവദാതതം
ശിലീഭൂതസ്യ ശീതേന ശലിലസ്യേവ രൂക്ഷതാ (6/95/2)

 ശിഖിധ്വജന്‍ ചോദിച്ചു: ഇക്കാണുന്ന തൂണുമുതല്‍ സൃഷ്ടാവ് വരെ എല്ലാം അസത്താണെങ്കില്‍ എങ്ങിനെയാണ് ദുഃഖം എന്ന സത്യം ഉണ്ടായത്?

കുംഭന്‍ പറഞ്ഞു: “ഈ ലോകമെന്ന ഭ്രമാത്മകാസ്തിത്വം വികസ്വരമായി നിലനില്കുന്നത് ആവര്‍ത്തിച്ചുള്ള പ്രമാണീകരണം കൊണ്ടാണ്. ജലം മഞ്ഞുകട്ടയായാല്‍ അതൊരിരിപ്പിടമാക്കാന്‍ കൂടി സാധിക്കുമല്ലോ?”

അജ്ഞാനം ഇല്ലാതാകുമ്പോള്‍ മാത്രമേ ഒരുവനില്‍ സത്യം സാക്ഷാത്കരിക്കപ്പെടുകയുള്ളു. അപ്പോള്‍ മാത്രമേ കലര്‍പ്പില്ലാത്ത മൂലസ്ഥിതി ദൃശ്യമാവൂ. നാനാത്വമെന്ന പ്രതീതി ഇല്ലാതാവുമ്പോള്‍ സംസാരം (ലോകം) എന്ന അനുഭവവും ഇല്ലാതെയാകുന്നു. അപ്പോള്‍ സ്വരൂപം ഉപാധികളില്ലാതെ പ്രഭാസിക്കുന്നു.

അനാദിയായ പരമപുരുഷനാണ് നീ. ഈ ദേഹവും രൂപഭാവങ്ങളുമെല്ലാം അജ്ഞാനത്തിന്റെയും തെറ്റിദ്ധാരണയുടെയും ഫലമായി ഉളവായതാണ്. സൃഷ്ടികര്‍ത്താവ്, സൃഷ്ടികള്‍ എന്നീ ധാരണകള്‍ ഒരിക്കലും സംശയലേശമന്യേ സത്യമെന്ന് ആരും ദൃഷ്ടാന്തപ്പെടുത്തിയിട്ടില്ല. അതായത്, കാരണം പ്രമാണീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍പ്പിന്നെ കാര്യത്തിനെന്തു പ്രമാണമാണുള്ളത്?  മരുമരീചികയിലെ ജലമെന്നപോലെ ജീവജാലങ്ങളെല്ലാം വെറും കാഴ്ച്ചമാത്രമാണ്. ഇത്തരം കാഴ്ച്ചകളുടെ സത്യം ആരാഞ്ഞുചെന്നാല്‍ അവ അപ്രത്യക്ഷമാവുന്നു.

ശിഖിധ്വജന്‍ ചോദിച്ചു: അപ്പോൾ സൃഷ്ടാവ് എന്ന 'കാര്യ'ത്തിന്റെ കാരണം പരം പൊരുള്‍ (ബ്രഹ്മം) അല്ലെങ്കില്‍ അനന്താവബോധമാണെന്നു പറയുന്നത് ശരിയാവില്ലേ?

കുംഭന്‍ പറഞ്ഞു: ബ്രഹ്മം അല്ലെങ്കില്‍ പരംപൊരുള്‍ എന്നത് രണ്ടാമതൊന്നില്ലാത്ത വസ്തുവാണ്. ബ്രഹ്മം കാര്യകാരണങ്ങള്‍ക്ക് വിധേയമല്ല. അതില്‍ സൃഷ്ടിക്കാനോ എന്തെങ്കിലും കര്‍മ്മം ചെയ്യാനോ ഉള്ള ആവശ്യമോ ചോദനയോ ഇല്ല. അത് കര്‍ത്താവല്ല, കര്‍മ്മമല്ല, കര്‍മ്മോപകരണമല്ല. അത് കര്‍മ്മത്തിനു ബീജവുമല്ല. അതുകൊണ്ട് സൃഷ്ടാവിന്‍റെ കാരണമായി ബ്രഹ്മത്തെ കരുതാന്‍ വയ്യ. സൃഷ്ടി എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഇല്ലേയില്ല. നീ അതുകൊണ്ട് കര്‍മ്മങ്ങളുടെ കര്‍ത്താവോ ഭോക്താവോ അല്ല. നീ സര്‍വ്വസ്വമാണ്, സര്‍വ്വപ്രശാന്തനാണ്. ഇനിയും ജനിച്ചിട്ടില്ലാത്ത പരിപൂര്‍ണ്ണനാണ്.

സൃഷ്ടിയ്ക്ക് കാരണം ഇല്ല എന്ന് പറഞ്ഞല്ലോ. കാരണമില്ലാതെ കാര്യമില്ലാ എന്നതുകൊണ്ട്‌ സൃഷ്ടിയും ഇല്ല. ലോകമെന്ന പ്രതീതിയും 'ഇല്ലാത്ത'താണ്. ലോകമെന്ന കാഴ്ച ഭ്രമാത്മകം മാത്രം. ലോകത്തിന്റെ അസ്തിത്വത്തെ ഇങ്ങിനെ അസത്തായ, ഭ്രമാത്മകദൃശ്യമെന്നു തിരിച്ചറിഞ്ഞാല്‍പ്പിന്നെ ആര്, എന്തനുഭവിക്കാനാണ്? അതിനാല്‍ നീ ശുദ്ധനും നിര്‍മ്മലനുമാണ്. ബന്ധനം, മുക്തി എന്നിവ വെറും വാക്കുകള്‍ മാത്രം.

ശിഖിധ്വജന്‍ പറഞ്ഞു: അങ്ങയുടെ വിജ്ഞാനപ്രദവും കാര്യകാരണയുക്തവുമായ വാക്കുകള്‍ കേട്ട് എന്റെയുള്ളം പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു. കാരണം ഇല്ലാത്തതുകൊണ്ട് ബ്രഹ്മം ഒന്നിന്റെയും കര്‍ത്താവല്ല, ഒന്നിന്റെയും സൃഷ്ടാവുമല്ല. അതുകൊണ്ട് മനസ്സും അഹംകാരവും ഒന്നും സത്യമായി 'ഉള്ള' വസ്തുക്കളല്ല. 

സത്യം അങ്ങിനെയായിരിക്കെ ഞാന്‍ ‘നിത്യശുദ്ധന്‍, പ്രബുദ്ധന്‍’ എന്ന് തിരിച്ചറിയുന്നു. ഞാന്‍ എന്നെ വന്ദിക്കുന്നു. എന്റെ ബോധത്തിന് വിഷയമായി ഇപ്പോള്‍ ഒന്നുമില്ല. 

Mar 14, 2014

443 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 443

കാരണം യസ്യ കാര്യസ്യ ഭൂമിപാല ന വിദ്യതേ
വിദ്യതേ നേഹ തത്കാര്യം തത്സംവിത്തിസ്തു വിഭ്രമ: (6/94/54)
ശിഖിധ്വജന്‍ പറഞ്ഞു: എന്റെ സ്വരൂപം ശുദ്ധനിര്‍മ്മലമായ ബോധമാണെന്നു ഞാനറിയുന്നു. എന്നാല്‍ ഈ മാലിന്യം എന്നില്‍ എങ്ങിനെ അടിഞ്ഞുകൂടിയെന്ന് എനിക്കറിയില്ല. എന്റെ അസ്വസ്ഥതയ്ക്ക് കാരണം അസത്തും അനാത്മവസ്തുവുമായ ഈ മനോമാലിന്യം എന്നില്‍ നിന്ന് കളയാന്‍ പറ്റാത്തതാണ്.
കുംഭന്‍ ചോദിച്ചു: ഞാനൊന്നു ചോദിക്കട്ടെ, ഈ മാലിന്യമാണ് അങ്ങയെ അജ്ഞാനത്തില്‍, സംസാരത്തോടു ആസക്തിപുലര്‍ത്തി നിലനിര്‍ത്തുന്നതെന്ന് പറഞ്ഞുവല്ലോ, അത് യഥാര്‍ത്ഥ്യമാണോ?

ശിഖിധ്വജന്‍ പറഞ്ഞു: ആ മാലിന്യം അഹംകാരമാണ്. ചിത്തമെന്ന വന്മരത്തിന്റെ വിത്ത്. അതിനെ എന്നെന്നേയ്ക്കുമായി പരിത്യജിക്കുന്നതില്‍ ഞാന്‍ വിജയിക്കുന്നില്ല. ഓരോ തവണ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും അത് എന്നിലേയ്ക്ക് തന്നെ തിരിച്ചു വരുന്നതാണനുഭവം.

കുംഭന്‍ പറഞ്ഞു: സത്തായ ഒരു കാരണത്തില്‍ നിന്നുമുണ്ടാവുന്ന കാര്യം എല്ലായിടത്തും എക്കാലത്തും സുവിദിതമായിരിക്കും. കാരണം അസത്താണെങ്കില്‍ കാര്യവും അങ്ങിനെതന്നെയാവും. കണ്ണില്‍ അസുഖമുള്ളവന്‍ രണ്ടാമതൊരു ചന്ദ്രബിംബത്തെ കാണുന്നുവെങ്കില്‍ അത് സത്യമാവാന്‍ തരമില്ലല്ലോ. സംസാരമെന്ന ലോകം മുളപൊട്ടി വളര്‍ന്നത് അഹംകാരമെന്ന വിത്തില്‍ നിന്നാണ്. ഈ കാരണത്തില്‍ ധ്യാനമുറപ്പിച്ച് ഇനി പറയൂ,

ശിഖിധ്വജന്‍ പറഞ്ഞു: മുനേ, അനുഭവമാണ് അഹംകാരത്തിന്റെ കാരണമെന്ന് ഞാനറിയുന്നു. എങ്കിലും എങ്ങിനെയാണതിനെയും പരിത്യജിക്കുകയെന്നു പറഞ്ഞു തന്നാലും.

കുംഭന്‍ വീണ്ടും ചോദിച്ചു: ആഹാ, അങ്ങേയ്ക്ക് കാര്യങ്ങളുടെ കാരണം കണ്ടെത്താന്‍ കഴിയുന്നുണ്ട്. ആകട്ടെ, അത്തരം അനുഭവങ്ങളുടെ കാരണമെന്താണ്? അതുകൂടി പറഞ്ഞു കഴിഞ്ഞാല്‍ ആ കാരണത്തെ എങ്ങിനെ ഉപേക്ഷിക്കാം എന്ന് പറഞ്ഞു തരാം.

ബോധംതന്നെയാണ് അനുഭവവും അനുഭവിക്കലും; അനുഭവം എന്ന ‘വസ്തു’വിന് കാരണമായി ഒന്നും ഇല്ലാ താനും. പിന്നെയെങ്ങിനെ അനുഭവങ്ങള്‍ ഉണ്ടായി? 

ശിഖിധ്വജന്‍ പറഞ്ഞു: തീര്‍ച്ചയായും ദേഹാദികളായ വസ്തുസത്തയാണതിനു കാരണം. വസ്തുസത്തകളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളുടെ അസ്തിത്വത്തെ നിരാകരിക്കാന്‍ എനിക്കാവുന്നില്ല.

കുംഭന്‍ പറഞ്ഞു: ഈ അനുഭവങ്ങള്‍ ദേഹം മുതലായ വസ്തുക്കളില്‍ അധിഷ്ഠിതമാണെന്നു പറഞ്ഞുവല്ലോ. അപ്പോള്‍പ്പിന്നെ ദേഹം മുതലായ വസ്തുക്കള്‍ യാഥാര്‍ത്ഥ്യമല്ല എന്ന് വന്നാല്‍ ഈ അനുഭവങ്ങള്‍ക്ക് എവിടെയാണ് നിലനില്‍പ്പ്‌?

“ഒരു കാര്യത്തിന് കാരണമില്ലാതെയിരിക്കുകയോ ആ കാരണം അസത്താവുകയോ ചെയ്‌താല്‍ ആ കാര്യം മൂലമുണ്ടാകുന്ന അനുഭവങ്ങള്‍ ഭ്രമം മാത്രമാണ്. അവ അയാഥാര്‍ത്ഥ്യമാണ്.” എന്നാല്‍ ദേഹം മുതലായവയുടെ കാരണം എന്താണ്?

ശിഖിധ്വജന്‍ പറഞ്ഞു: ആദ്യം പറഞ്ഞ ഉദാഹരണത്തില്‍ കണ്ണ്ദീനക്കാരന്റെ ‘രണ്ടാമത്തെ ചന്ദ്രന്‍’ വാസ്തവത്തില്‍ അസത്യമെന്ന് പറഞ്ഞു കൂടാ. കാരണം അയാളുടെ അസുഖമാണല്ലോ ആ അനുഭവത്തെ ഉണ്ടാക്കിയത്? എന്നാല്‍ വന്ധ്യയുടെ പുത്രന്‍ എന്നത് യാഥാര്‍ത്ഥ്യമല്ല. അയാളെ ആരും കണ്ടിട്ടില്ല. ഈ ദേഹത്തിന്റെ കാരണം അതിന്റെ പിതാവാണ്, എന്നെന്തുകൊണ്ട് പറഞ്ഞുകൂടാ?

കുംഭന്‍ പറഞ്ഞു: പക്ഷെ പിതാവും യാഥാര്‍ത്ഥ്യമല്ല. യാഥാര്‍ത്ഥ്യമല്ലാത്ത വസ്തുവില്‍ നിന്നും ഉണ്ടായതൊന്നും യാഥാര്‍ത്ഥ്യമല്ല. ആദ്യസൃഷ്ടികര്‍ത്താവാണ് പിന്നീടുവന്ന എല്ലാറ്റിന്റെയും മൂലകാരണം എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. കാരണം സൃഷ്ടാവ് സ്വയം പരമസത്തയില്‍ നിന്നും വിഭിന്നനല്ല. അതിനാല്‍ ആ സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ട എല്ലാം, എല്ലാ പ്രകടിതഭാവങ്ങളും  അസത്തയാണ്, ഭ്രമമാണ്. അജ്ഞാനത്തെയും അഹംകാരത്തെയും പരിത്യജിക്കാന്‍  ഈ തിരിച്ചറിവ് ഒരുവനെ പര്യാപ്തനാക്കും.

Mar 13, 2014

442 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 442

ത്യാഗസ്തസ്യാതിസുകര: സുസാദ്ധ്യ: സ്പന്ദനാദപി
രാജ്യാദപ്യധികാനന്ദ: കുസുമാദപി സുന്ദര: (6/94/6)

ശിഖിധ്വജന്‍ പറഞ്ഞു: ഈ ചിത്തത്തിന്റെ ശരിയായ സ്വഭാവമെന്തെന്നും അതെങ്ങിനെ ഇനിയൊരിക്കലും തിരികെ വരാത്തവണ്ണം പരിത്യജിക്കാനാവുമെന്നും പറഞ്ഞു തന്നാലും.

കുംഭന്‍ (ചൂഡാല) പറഞ്ഞു: ചിത്തത്തിന്റെ സ്വഭാവം പൂര്‍വ്വവാസനയാണ്. പഴയ സംഭവങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളുടെ ശകലങ്ങള്‍, ഉപാധികള്‍ എല്ലാം വാസനകളാണ്. “ചിത്തത്തെ പരിത്യജിക്കുക എളുപ്പമാണ്. ക്ഷിപ്രസാദ്ധ്യം. ഒരു സാമ്രാജ്യം നേടുന്നതിനേക്കാള്‍ ഹര്‍ഷദായിയാണത്. ഒരു പൂവിനേക്കാള്‍ സുന്ദരവുമാണത്”

വെറുമൊരു വിടുവായക്കാരന് രാജ്യം ഭരിക്കാനാവില്ലായെന്നതുപോലെ ഒരു മൂഢന് ചിത്തത്തെ ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നത് സത്യമാണ്. മനസ്സ് തീരെ ഇല്ലാതാവുമ്പോള്‍ സംസാരവും (സൃഷ്ടിചക്രം) ഇല്ലാതാവുന്നു. അതുകൊണ്ട് ‘ഞാന്‍’ എന്ന ധാരണ ബീജമായുള്ള വൃക്ഷത്തിനെ വേരോടെ പിഴുതെറിയൂ. അതിന്റെ ശിഖരങ്ങളും കായ്കളും ഇലകളുമെല്ലാം എല്ലാം അതോടെ ഇല്ലാതായി ഹൃദയാകാശത്തില്‍ വിശ്രാന്തിയടഞ്ഞാലും. ‘ഞാന്‍’ എന്ന ധാരണയുണ്ടാവുന്നത് ആത്മജ്ഞാനത്തിന്റെ അഭാവത്താലാണ്. മനസ്സെന്ന മരത്തിന്റെ വിത്താണീ ‘ഞാന്‍’.

പരമാത്മാവിന്റെ ക്ഷേത്രത്തില്‍, മായയെന്ന മിഥ്യാശക്തിയുടെ പ്രഭാവത്താല്‍  അത് വളരുന്നു. അങ്ങിനെ ക്ഷേത്രവും അനുഭവവും എന്ന ഭിന്നത ഉണ്ടാവുന്നു. അതില്‍ നിന്നും വിവേചനപ്രോക്തമായ ബുദ്ധിയും ഉണ്ടാവുന്നു. ഇവയ്ക്കൊന്നും വ്യതിരിക്തമായ മൂര്‍ത്തരൂപങ്ങള്‍ ഇല്ല. അവയൊക്കെ വിത്തില്‍ അടങ്ങിയിരിക്കുന്നു. വിത്തിന്റെ സ്ഥൂലഭാവങ്ങളാണിവ. അതിന്റെ സ്വഭാവം ധാരണാത്മകമാണ്. മനസ്സ്, ജീവന്‍, ശൂന്യം എന്നെല്ലാമിത് അറിയപ്പെടുന്നു. ഈ മരത്തിന്റെ തടിയാണ് ദേഹം. മരത്തില്‍ മാനസീകോപാധികളാകുന്ന  ഊര്‍ജ്ജപ്രവാഹം ആ തടിയെ വളര്‍ത്തുന്നു. അതിന്റെ ശിഖരങ്ങള്‍ നീളമേറിയവയാണ്, ദൂരവ്യാപകമാണ്. അവ ഭാവാഭാവങ്ങളായി അറിയപ്പെടുന്ന, പരിമിതങ്ങളായ ഇന്ദ്രിയാനുഭവങ്ങളാണ്. 
 
മരത്തിലെ കായ്കനികള്‍, സുഖം,ദുഃഖം; ആഹ്ളാദം,വേദന, എന്നിങ്ങിനെയുള്ള   നന്മ-തിന്മ ദ്വന്ദങ്ങളാണ്. അതൊരു ക്രൂരവൃക്ഷ്മാണ്. വേരറുത്തും ശിഖരങ്ങള്‍ മുറിച്ചും അതിനെ നശിപ്പിക്കാന്‍ ഓരോനിമിഷവും നാം പരിശ്രമിക്കേണ്ടതുണ്ട്. ഉപാധികള്‍, ധാരണകള്‍, സങ്കല്‍പ്പങ്ങള്‍ എല്ലാം നിറയെ ഫലം കായ്ച്ചുകിടക്കുന്ന മരച്ചില്ലകള്‍ തന്നെ.

താങ്കളുടെ ആത്മബോധത്തിന്റെ ശക്തികൊണ്ട് ആ ഫലങ്ങളോട് ആസക്തി രഹിതനായി അവയുമായി താദാത്മ്യം പ്രാപിക്കാതെ അവയെപ്പറ്റി വേവലാതികള്‍ ഒന്നുമില്ലാതെയിരിക്കുന്നപക്ഷം ഈ വാസനകള്‍ ക്രമേണ ക്ഷീണിച്ചു വരും. അപ്പോള്‍ ആ മരത്തിനെ വേരോടെ പിഴുതെറിയാന്‍ അങ്ങേയ്ക്ക് കഴിയും. ശിഖരങ്ങളെ നശിപ്പിക്കലല്ല പ്രധാനം, മരത്തിന്റെ വേരറുക്കലാണ്.

എന്നാല്‍ എങ്ങിനെയാണ് ഈ മരത്തിന്റെ വേര് നശിപ്പിക്കുക? ‘ഞാന്‍ ആര്’, എന്ന ആത്മാന്വേഷണത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണിത് സാധിക്കുക. അത്മാന്വേഷണത്തിന്റെ അഗ്നിയില്‍ ചിത്തത്തിന്റെ ബീജവും, മനസ്സെന്ന വുക്ഷത്തിന്റെ വേരുമെല്ലാം ഒന്നൊഴിയാതെ കത്തിയമരും.

Mar 12, 2014

441 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 441

സ്ഥിതം സര്‍വ്വം പരിത്യജ്യ യ: ശേതേസ്നേഹദീപവത്
സ രാജതെ പ്രകാശാത്മാ സമ: സസ്നേഹദീപവത് (6/93/52)

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: എല്ലാറ്റിന്റെയും ഏകഹേതുവായതും, എല്ലാമടങ്ങുന്നതും എല്ലാറ്റിന്റെയും പൊരുളായതുമായ ആ വസ്തുവിന്റെ പരിത്യാഗം മാത്രമേ സമ്പൂര്‍ണ്ണ സന്യാസത്തിനു വഴിതെളിക്കൂ.
ശിഖിധ്വജന്‍ പ്രാര്‍ത്ഥിച്ചു: മഹാത്മാവേ, എന്താണീ വസ്തുവെന്ന് എന്നെ പ്രബോധിപ്പിച്ചാലും.
ബ്രാഹ്മണന്‍ പറഞ്ഞു: പുണ്യാത്മാവേ, ആ വസ്തു മനസ്സാണ്. ജീവന്‍, പ്രാണന്‍, ചിത്തം, എന്നെല്ലാം അതറിയപ്പെടുന്നു. അത് ജഡമോ അജഡമോ അല്ല. അതെപ്പോഴും ചിന്താക്കുഴപ്പത്തിന്റെ രീതിയില്‍ എല്ലാത്തിന്റെയും എല്ലാമായി നിലകൊള്ളുന്നു. ചിത്തമാണീ സംഭ്രാന്തി, അല്ലെങ്കില്‍ ലോകം എന്നറിയപ്പെടുന്നത്. അതാണ് മനുഷ്യന്‍. അതാണ്‌ സാമ്രാജ്യങ്ങളുടെ, ദേഹത്തിന്റെ, ഭാര്യാ പുത്രാദികളുടെയെല്ലാം മൂലബീജം. ഈ ബീജത്തെ പരിത്യജിച്ചാല്‍ പൂര്‍ണ്ണ സന്യാസമായി. അതോടെ വര്‍ത്തമാനവും ഭാവിയുമെല്ലാം ത്യജിച്ചു കഴിഞ്ഞു.

ഇക്കാണുന്നതെല്ലാം- നന്മ, തിന്മ, കാട്, നാട്, സാമ്രാജ്യങ്ങള്‍- എല്ലാം ചിത്തമുള്ള ഒരുവനില്‍ സംഭ്രമം ഉണ്ടാക്കുന്നു. എന്നാല്‍ മനസ്സില്ലാത്ത ഒരുവന് അവ ആനന്ദസ്രോതസ്സാണ്. മരത്തെ കാറ്റ് പിടിച്ചു കുലുക്കുന്നതുപോലെ ദേഹത്തെ പ്രകമ്പനം കൊള്ളിക്കുന്നത്‌ മനസ്സാണ്. ജനന, മരണ, ജരാനരകള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍, പരമപൂജനീയരായ മഹാത്മാക്കളുടെ നിശ്ചയദാര്‍ഢ്യം, എന്നുവേണ്ട, എല്ലാമെല്ലാം മനോവ്യാപാരങ്ങളാണ്.

മനസ്സ് തന്നെയാണ് ബുദ്ധി, വിശ്വം, അഹങ്കാരം, പ്രാണന്‍, എന്നെല്ലാം അറിയപ്പെടുന്നതും. അതിനാല്‍ മനസ്സിന്റെ പൂര്‍ണ്ണനിരാസമാണ് സന്യാസം. മനസ്സിനെ പരിത്യജിക്കുമ്പോള്‍ സത്യദര്‍ശനമായി. വൈവിദ്ധ്യം, ഏകാത്മകത തുടങ്ങിയ ധാരണകള്‍ക്ക് അവസാനമായി. പ്രശാന്തിയാണ് പിന്നെ. എന്നാല്‍ തന്റേതല്ലാത്ത  വസ്തുവിനെ ത്യജിക്കുന്നതിലൂടെ ‘തന്റെ, നിന്റെ’, എന്ന മട്ടിലുള്ള ഭിന്നത നാം സ്വയം ഉള്ളില്‍ സൃഷ്ടിക്കുകയാണ്. ഒരുവന്‍ എല്ലാം പരിത്യജിക്കുമ്പോള്‍ അനന്താവബോധം എന്ന നിശ്ശൂന്യതയില്‍ എല്ലാമെല്ലാം അടങ്ങിയിരിക്കുന്നു.

“എണ്ണയില്ലാത്ത വിളക്കെന്നപോലെ ഒരുവന്‍ സമ്പൂര്‍ണ്ണ സന്യാസാവസ്ഥയില്‍ അഭിരമിക്കുമ്പോള്‍ അയാള്‍ നിറയെ എണ്ണയിട്ടു കത്തിച്ച നിലവിളക്കുപോലെ ജാജ്വല്യപ്രഭയാര്‍ന്നു വിളങ്ങുന്നു.” രാജ്യമെല്ലാം ഉപേക്ഷിച്ചിട്ടും അങ്ങ് നിലനില്‍ക്കുന്നു. അതുപോലെ മനസ്സുപേക്ഷിച്ചാലും അനന്തബോധം നിലനില്‍ക്കും. ഈ വസ്തുക്കളെല്ലാം കത്തിച്ചു കളഞ്ഞിട്ടും അങ്ങേയ്ക്ക് മാറ്റമൊന്നുമില്ല. മനസ്സിനെ മുഴുവനും ഉപേക്ഷിച്ചാലും അങ്ങിലെ പൊരുളിന് മാറ്റമേതുമില്ല. എല്ലാമെല്ലാം പരിത്യജിച്ചവന് ജരാനരാദി ഭയങ്ങളോ ജീവിത സംഭവങ്ങളോ ബാധകമല്ല.

അത് മാത്രമാണ് പരമാനന്ദാവസ്ഥ. മറ്റെല്ലാം കൊടുംദുഃഖങ്ങള്‍!
ഓം!

ഈ സത്യം അറിയൂ. ഇനി അങ്ങേയ്ക്കിഷ്ടംപോലെ ചെയ്യാം. ആ സമ്പൂര്‍ണ്ണസന്യാസത്തില്‍ ഏറ്റവും ഉന്നതജ്ഞാനമായ ആത്മജ്ഞാനമുണ്ട്. നിശ്ശൂന്യശൂന്യത എന്ന കുടത്തിലാണ് വിലപ്പെട്ട രത്നക്കല്ലുകള്‍ ഉള്ളത്. സഖ്യമുനി (ബുദ്ധന്‍) ഇങ്ങിനെയാണ്‌ സംശയങ്ങള്‍ക്കെല്ലാം അതീതമായ പ്രബുദ്ധാവസ്ഥയെ പ്രാപിച്ചത്. അദ്ദേഹമാ അവസ്ഥയില്‍ സുദൃഢമായി വിരാജിക്കുകയും ചെയ്തു. അതുകൊണ്ട് രാജാവേ അങ്ങും ആ സമ്പൂര്‍ണ്ണ സന്യസ്താവസ്ഥയെ പ്രാപിച്ചാലും. അവിടെ അങ്ങേയ്ക്ക് സ്വരൂപത്തെ കണ്ടെത്താം. ‘ഞാന്‍ എല്ലാം പരിത്യജിച്ചിരിക്കുന്നു’ എന്ന ചിന്തയെപ്പോലും ത്യജിക്കണം. അങ്ങിനെ പരമപ്രശാന്തിയടയാം.

Mar 11, 2014

440 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 440

തവാസ്ത്യേവാപരിത്യക്ത: സര്‍വസ്മാദ്ഭാഗ ഉത്തമ:
യം പരിത്യജ്യ നി:ശേഷം പരമായാസ്യശോകതാം (6/93/13)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ തന്റെ പൂര്‍വ്വ സങ്കൽപ്പത്തിനനുസരിച്ചുണ്ടാക്കിയ പര്‍ണ്ണശാലയെ  അഗ്നി വിഴുങ്ങി. വസ്ത്രങ്ങള്‍ അടക്കം എല്ലാം അദ്ദേഹം അഗ്നിയ്ക്ക് കൊടുത്തു. പൊടുന്നനെ ഈ തീ കണ്ടു മൃഗങ്ങള്‍ അവിടം വിട്ടോടിപ്പോയി.
ശിഖിധ്വജന്‍ ബ്രാഹ്മണനോടു പറഞ്ഞു: ദേവപുത്രനായ അങ്ങ് ഉപദേശിച്ചപ്രകാരം ഞാന്‍ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നില്‍ ഏറെക്കാലമായി അടിഞ്ഞുകൂടിയിരുന്ന പൂര്‍വ്വധാരണകളും ഞാന്‍ വേണ്ടെന്നു വെച്ചു. ഞാന്‍ ശുദ്ധനിര്‍മ്മലമായ ആത്മജ്ഞാനത്തിലാണിപ്പോള്‍ അഭിരമിക്കുന്നത്.
ബന്ധനഹേതുക്കള്‍ എന്ന് തോന്നുന്ന എല്ലാറ്റില്‍ നിന്നും മനസ്സ് വിമുഖമായി  സമതയില്‍ നിലകൊള്ളുന്നു. ഞാന്‍ എല്ലാം ത്യജിച്ചുകഴിഞ്ഞു. ഞാന്‍ എല്ലാ കെട്ടുകളും അറുത്തുമാറ്റിയിരിക്കുന്നു. എന്നില്‍ പ്രശാന്തിയുണ്ടിപ്പോള്‍. ഞാന്‍ ആനന്ദവിജയം  നേടിയിരിക്കുന്നു. അംബരമാണെന്റെ വസ്ത്രം. ആകാശമാണെന്റെ വസതി. ഞാന്‍ അകാശസമാനനാണ്. ഇതില്‍പ്പരം ഇനിയെന്താണ് മഹാത്മാവേ ഞാന്‍ ഉപേക്ഷിക്കേണ്ടത്?

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ഇനിയും അങ്ങ് എല്ലാം ഉപേക്ഷിച്ചിട്ടില്ല രാജാവേ, അതുകൊണ്ട് അങ്ങ് ആത്മാനന്ദം അനുഭവിക്കുന്നു എന്ന മട്ടിലുള്ള ഈ നാട്യം അവസാനിപ്പിക്കൂ. “അങ്ങില്‍ എന്തോ ഉണ്ട്. അതങ്ങ് കളഞ്ഞിട്ടില്ല. അതാണ്‌ സംന്യസിക്കാന്‍ ഉചിതമായ വസ്തു. ഇനിയും ഒരു തരിപോലും അവശേഷിക്കാതെ അങ്ങതുപേക്ഷിക്കുകയാണെങ്കില്‍ പരമാനന്ദാവസ്ഥയായി. ദുഖദുരിതങ്ങള്‍ക്കവിടെ സ്ഥാനമില്ല.

കുറച്ചുനേരം ആലോചിച്ചശേഷം ശിഖിധ്വജന്‍ പറഞ്ഞു: ദേവപുത്രാ എന്‍റേതായി ഇനി ഉപേക്ഷിക്കാന്‍ ഇനിയുള്ളത് ഈ ശരീരം മാത്രം. ഇന്ദ്രിയങ്ങളാകുന്ന എന്ന പാമ്പുകള്‍ ഇഴയുന്ന രക്തമാംസാദി സംഘാതമായ ഈ ദേഹത്തെയും ഞാന്‍ ഉപേക്ഷിക്കാം. അങ്ങിനെ എന്‍റെ സന്യാസം പൂര്‍ണ്ണമാകട്ടെ. 

ഇത്രയും പറഞ്ഞ് അദ്ദേഹം ദേഹത്യാഗത്തിനു പുറപ്പെട്ടപ്പോള്‍ ബ്രാഹ്മണന്‍ പറഞ്ഞു: രാജാവേ, എന്തിനാണ് വെറുതെ ഈ നിരപരാധിയായ ദേഹത്തെ നശിപ്പിക്കുന്നത്? ഈ ക്രോധം അവസാനിപ്പിക്കൂ. സ്വന്തം കിടാവിനെ കൊല്ലാന്‍ ശ്രമിക്കുന്ന കാളക്കൂറ്റന്റെ  പോലുള്ള കൊപമാണിത്. ഈ ദേഹം വെറും ജഡമല്ലേ? സ്വയം ചൈതന്യരഹിതമല്ലേ? അതിനെ നശിപ്പിക്കാന്‍ ശ്രമിക്കാതിരിക്കൂ. ദേഹത്തിന്റെ സ്ഥിതിയ്ക്ക് മാറ്റമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. അത് ജഡമായിത്തന്നെ തുടര്‍ന്നും നിലകൊള്ളും.

ദേഹത്തെ നിയന്ത്രിച്ചു ചൈതന്യവത്താക്കുന്നത് മറ്റൊരു ശക്തിയാണ്. ദേഹം അനുഭവിക്കുന്ന സുഖദുഖങ്ങള്‍ക്ക് അത് സ്വയം ഉത്തരവാദിയല്ല. ദേഹത്തെ നശിപ്പിക്കുന്നത് കൊണ്ട് സംപൂര്‍ണ്ണമായ ത്യാഗം ആവുകയുമില്ല. വാസ്തവത്തില്‍ അങ്ങയെ പൂര്‍ണ്ണസന്യാസത്തിലേയ്ക്ക് നയിക്കാന്‍ സഹായിക്കുന്ന ഒരുപാധിയാണ്‌ ദേഹം. 

ഈ ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്ന, അതിനെ സ്പന്ദിപ്പിക്കുന്ന ആ ശക്തിയെക്കൂടി ത്യജിക്കാന്‍ ആകുമെങ്കില്‍ അങ്ങിലെ പാപപുണ്യാദികളെയും ഉപേക്ഷിച്ചുകഴിഞ്ഞു എന്നർത്ഥം . അതാണ്‌ പരമസന്യാസാവസ്ഥ. ആ സന്യാസാവസ്ഥയില്‍ ദേഹമടക്കം എല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിലെത്തിയില്ലെങ്കില്‍ പാപപുണ്യാദികള്‍ താല്‍ക്കാലികമായി അടങ്ങിയേക്കാമെങ്കിലും അവ വീണ്ടും മുളച്ചു പൊന്തും.