Aug 31, 2013

368 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 368

പുഷ്ടസങ്കല്‍പ്പമാത്രേണ യദിദം ദുഃഖമാഗതം
തദസങ്കല്‍പ്പമാത്രേണ ക്ഷയി കാത്ര കദര്‍ഥനാ   (6/33/34)

അനന്താവബോധത്തില്‍ എങ്ങിനെയാണ് ദ്വന്ദതയുണ്ടായത് എന്നും ഈ ദ്വന്ദത യുഗപര്യന്തം ആവര്‍ത്തിച്ചുറപ്പിക്കുക മൂലം പ്രബലപ്പെട്ടതെങ്ങിനെയെന്നും ഉള്ള വസിഷ്ഠന്റെ ചോദ്യങ്ങള്‍ക്കുത്തരമായി ഭഗവാന്‍ ഇങ്ങിനെ പറഞ്ഞു: ആകെയുള്ളത് ആ അനന്താവബോധമായ പരബ്രഹ്മം മാത്രമാകയാല്‍ ദ്വന്ദതയും വൈവിദ്ധ്യതയും തികച്ചും അസാദ്ധ്യവും യുക്തിഹീനവുമത്രേ. ഒന്ന് എന്ന ചിന്തയുണ്ടാവുന്നത് രണ്ടെന്നുള്ള ധാരണമൂലമാണ്. തിരിച്ചും അത് ബാധകമാണ്. എന്നാല്‍ ഈ വൈവിദ്ധ്യതയും ബോധമാണെന്നു തിരിച്ചറിയുമ്പോള്‍ അതും ബോധം തന്നെ. കാര്യവും കാരണവും വാസ്തവത്തില്‍ ഒന്നുതന്നെ. അതിന്റെ വസ്തുത കാര്യകാരണങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ ആവുന്നതല്ല.     

ബോധത്തിന്റെ വിഷയവും ബോധം മാത്രമാണ്. അവയില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ഉപാധികള്‍ വൃഥാചിന്തകള്‍ മാത്രം. സമുദ്രോപരി പര്‍വ്വതസമാനം തിരകള്‍ ഉയര്‍ന്നുപൊങ്ങിയെന്നിരിക്കിലും അവ സമുദ്രത്തില്‍ നിന്നും ബാഹ്യമായാണോ ഉള്ളത്?

ബോധമാണ് ‘അതും, ഇതും, മാറ്റങ്ങള്‍ക്കു വിധേയമായി മദ്ധ്യേയുള്ളതും’ ആയി വിരാജിക്കുന്നത്. അതേ അനന്താവബോധം തന്നെയാണ് ബ്രഹ്മം, സത്യം, ദൈവം,ശിവന്‍, ശൂന്യം, ഏകം, പരമാത്മാവ് എന്നെല്ലാം അറിയപ്പെടുന്നത്. നിത്യശുദ്ധമായ ‘ഞാന്‍’ എല്ലാ നാമരൂപധാരണകള്‍ക്കും ഉപരിയായി, പരമാത്മാവായി വാക്കുകള്‍ക്കതീതമായി നിലകൊള്ളുന്നു. അത് അവിഛിന്നമത്രേ. 

ഈ ബോധം രണ്ടാമതൊരു ദര്‍ശനത്തിനായി സ്വയം സമര്‍പ്പിക്കുമ്പോള്‍ (ഉപനയനം –വേദപഠനത്തിന്റെ പവിത്രമായ ചരട് എന്നും അര്‍ത്ഥം.) അത് ദ്വന്ദതയെ അറിയുന്നു. അത് സ്വയം അജ്ഞാനകല്‍പ്പനകളില്‍ മുഴുകി ബന്ധനത്തിലാവുന്നു. ഈ സങ്കല്‍പ്പങ്ങള്‍ ബലവത്തായി വിഷയവസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യഭാവം കൈവരുന്നു.

അതുകഴിയുമ്പോള്‍ അഹംഭാവവും വേരുറച്ചു സുദൃഢമാവുന്നു. അത് കര്‍ത്താവും ഭോക്താവും ആയി അനുഭവങ്ങളെ വേദിക്കുന്നു. അങ്ങിനെ ഒരിക്കല്‍ ആകസ്മികമായി വന്നുചേര്‍ന്ന ഒരു ധാരണാപ്പിശക് സുദൃഢമായ ഒരു വസ്തുതയെന്നപോലെയായിത്തീരുന്നു.

പിശാചിനെ സൃഷ്ടിക്കുന്നത് പിശാചുണ്ടെന്ന വിശ്വാസമാണ്. ദ്വന്ദതയുണ്ടാക്കുന്നതും അങ്ങിനെ വിശ്വസിക്കുന്നത് കൊണ്ടാണ്. അദ്വൈതമായതിനെ അറിഞ്ഞാല്‍പ്പിന്നെ ദ്വൈതം ക്ഷണത്തില്‍ ഇല്ലാതെയാവും. വിശ്വാസമാണ് എല്ലാ വൈവിദ്ധ്യങ്ങള്‍ക്കും കാരണമാവുന്നത്. ആ വിശ്വാസം ഇല്ലാതായാല്‍ വിഭിന്നതയും ഇല്ലാതായി. ചിന്ത, സങ്കല്‍പ്പം, വിശ്വാസം എന്നിവയാണ് ദുഖകാരണങ്ങള്‍ . എന്നാല്‍ അവയെ ഉപേക്ഷിക്കുക എന്നത് വേദനാജനകമൊന്നുമല്ല എന്നറിഞ്ഞാലും .  

“ഈ ദുഖത്തെ ഉണ്ടാക്കിയത് ചിന്തകളും വിശ്വാസങ്ങളുമാണ്. അവ ഇല്ലാതായാല്‍ ദുഖവും അവസാനിച്ചു. ഇതിനെന്താണ് ബുദ്ധിമുട്ട്?” എല്ലാ ചിന്തകളും വിശ്വാസങ്ങളും ദുഖത്തിലവസാനിക്കുന്നു. എന്നാല്‍ ചിന്താരഹിതമായ അവസ്ഥ ആനന്ദദായകമാണ്.

അതിനാല്‍ വിവേകത്തിന്റെ അഗ്നിയില്‍ വിശ്വാസങ്ങളുടെ ജലത്തെ ആവിയാക്കി മാറ്റി ഇല്ലാതാക്കുക. അങ്ങിനെ പ്രശാന്തതയെ പുല്‍കി പരമാനന്ദം അറിയുക. ഏകമായ അനന്താവബോധത്തെ അറിയൂ. ‘ഞാന്‍ രാജാവ്’ എന്ന വസ്തുത മറന്നിരിക്കുന്ന സമയത്തോളമേ രാജാവിന് ദുരിതമനുഭവിക്കേണ്ടി വരുന്നുള്ളൂ. താന്‍ രാജാവാണെന്നുള്ള തിരിച്ചറിവുണ്ടായാല്‍ എല്ലാ ദുഖവും അവസാനിച്ചു. മഴക്കാലം കഴിഞ്ഞു ശരത്കാലമാവുമ്പോള്‍ ആകാശത്തിനു മുഖംമൂടിയായി കൂടുതല്‍ മേഘങ്ങളെ സംഘടിപ്പിക്കാന്‍ കഴിയാത്തതുപോലെ ഒരിക്കല്‍ അനന്താവബോധത്തെ സാക്ഷാത്കാരിച്ചാല്‍പ്പിന്നെ അവിദ്യയുടെ മേഘങ്ങള്‍ക്ക്  അവിടെ പ്രവേശനമില്ല.

Aug 25, 2013

367 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 367

വാസനാ വിമലാ യേഷാം ഹൃദയാന്നാപസര്‍പതി
സ്ഥിരൈകരൂപജീവാസ്തേ ജീവന്‍മുക്താശ്ചിരായുഷ: (6/32/35)

ഭഗവാന്‍ പരമശിവന്‍ പറഞ്ഞു: മനസ്സിനെയും പ്രാണനെയും സംബന്ധിച്ചിടത്തോളം ദേഹമെന്നത് വെറും ജഡപിണ്ഡം മാത്രമാണ്. ഒരു ഇരുമ്പുകഷണം കാന്തത്തിന്റെ ആകര്‍ഷണവരുതിയില്‍പ്പെട്ട് അങ്ങുമിങ്ങും നീങ്ങുന്നതുപോലെ അനന്തമായ, സര്‍വ്വവ്യാപിയായ, ബോധത്തിന്റെ സാന്നിദ്ധ്യമാത്രംകൊണ്ട് ജീവന്‍ ചലനത്തിലാണെപ്പോഴും. ദേഹം ജഡവും അസ്വതന്ത്രവുമാണ്. ബോധമാണതിനെ പ്രവര്‍ത്തനോന്മുഖമാക്കി താന്‍ പ്രാണവായുവിനെപ്പോലെയൊരു സത്വമാണെന്ന് വിശ്വസിപ്പിക്കുന്നത്. അങ്ങിനെ കര്‍മ്മാത്മാവാണ് ദേഹത്തെ ചലിപ്പിച്ചു നിലനിര്‍ത്തുന്നത്. മനസ്സും പ്രാണനും ചേര്‍ന്നാണ് ഇപ്രകാരത്തില്‍ ദേഹത്തെ ജീവത്താക്കി നിലനിര്‍ത്തുന്നതെങ്കിലും വാസ്തവത്തില്‍ പരമാത്മാവാണ് ഇതും നടപ്പിലാക്കാന്‍ ഇടയാക്കുന്നത്.

ബോധം തന്നെയാണ് ജഡമായി വര്‍ത്തിച്ചു ജീവനെന്ന രീതിയില്‍ , മനസ്സിനെ ആര്‍ജ്ജവമുള്ളതാക്കുന്നത്. ഈ പരിമിതിയോടെ മുന്നോട്ട് പോകുന്നതിനാൽ അതിന്റെ പരിണിതഫലങ്ങള്‍ ജീവനെ പിന്തുടരുകയായി. അവയാണ് മാനസീകവും ശാരീരികവുമായ അസുഖങ്ങൾ . സമുദ്രോപരി ആദ്യത്തെ ഒരലയുണ്ടായി, അത് പിന്നീട് മറ്റ് ഓളങ്ങളെ ക്രമാനുഗതമായി ഉണ്ടാക്കുന്നതുപോലെയാണിത്‌.. ബോധം ജീവഭാവത്തില്‍ സ്വാത്മബോധം വെടിഞ്ഞ് അസ്വതന്ത്രമായി വര്‍ത്തിക്കുന്നു!.

അജ്ഞാനത്തിന്റെ കട്ടിപിടിച്ച ഒരു മറയ്ക്കുള്ളില്‍ക്കിടന്നു വലഞ്ഞും താന്‍ സ്വയം വരുത്തിവെച്ച ദുരിതങ്ങളെ തിരിച്ചറിയാതെയും ജീവന്‍ മൂഢത്വത്തിനടിമയായിത്തീരുന്നു. മദ്യംകഴിച്ചു മദോന്മത്തനായ ഒരുവന്‍ വാളെടുത്ത് സ്വന്തം കാലു മുറിക്കാന്‍ തുടങ്ങുന്നതുപോലെയുള്ള അവസ്ഥയാണിത്. എന്നാല്‍ മദ്യത്തിന്റെ വീര്യമടങ്ങുമ്പോള്‍ അയാള്‍ക്ക്‌ സ്വബോധം വീണ്ടുകിട്ടുന്നതുപോലെ ബോധത്തിനും തന്റെ സ്വരൂപസ്ഥിതി – ആത്മബോധം- ക്ഷണത്തിൽ തിരിച്ചുകിട്ടാവുന്നതേയുള്ളു. 

മനസ്സിന്റെ താങ്ങ് - താൽക്കാലികമായ ഉപാധി - പോയാല്‍പ്പിന്നെ അവശേഷിക്കുന്നത് ആത്മാവ് മാത്രമാണ്. എല്ലാ ഉപാധികളും നഷ്ടമാകുമ്പോള്‍ പൂര്യഷ്ടകം, അതായത് - മനസ്സെന്ന സൂക്ഷ്മശരീരം, പ്രശാന്തമായ ഒരവസ്ഥയെ പ്രാപിച്ച് ചലനരഹിതമാവുന്നു. ബോധം വിഷയീകരണപ്രവണതകാരണം മോഹവിഭ്രാന്തമാവുന്നു. അപ്പോഴാണ്‌ പൂര്‍വ്വാര്‍ജ്ജിതവാസനകള്‍ പ്രബലമായി വര്‍ത്തിക്കുന്നത്. അവയുമായി തതാത്മ്യം പ്രാപിക്കുന്നതിനാലാണ് ബോധം തന്റെ സ്വരൂപത്തെ മറന്നുപോവുന്നത്. 

ഹൃദയ കമലം തുറക്കുമ്പോള്‍ പൂര്യഷ്ടകം പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഈ താമര കൂമ്പിയടയുമ്പോള്‍ മനസ്സ് -പൂര്യഷ്ടകം- തന്റെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുന്നു. ദേഹത്തില്‍ പൂര്യഷ്ടകം പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍  മാത്രം ദേഹം ജീവിക്കുന്നു. മനസ്സിന്റെ അഭാവത്തില്‍ ദേഹത്തിനു മരണം സംഭവിക്കുന്നു. അന്തരാ ഉണ്ടാവുന്ന ഉണര്‍വ്വും ജഡത്തിലെ മാലിന്യവും തമ്മിലുള്ള സംഘര്‍ഷം മൂലവും പൂര്യഷ്ടകത്തിന്റെ വിരാമം സംഭവിക്കാം. 


“എന്നാല്‍ നിര്‍മ്മലമായ വാസനകള്‍ ഒരുവന്റെ ഹൃദയം നിറയുമ്പോള്‍ എല്ലാ സംഘര്‍ഷങ്ങളും അവസാനിക്കുന്നു. അവിടെ സമതയും ഐക്യവും സ്വാതന്ത്ര്യവും ദീര്‍ഘായുസ്സും സഹജമായുണ്ട് .” അല്ലെങ്കില്‍ പൂര്യഷ്ടകത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ശരീരം മരിക്കുന്നു. പിന്നീട് സൂക്ഷ്മശരീരം ഉചിതമായ മറ്റൊരു ദേഹത്തെ തിരഞ്ഞുപിടിച്ച് തന്റെ വാസനകളെ പൂര്‍ത്തീകരിക്കാന്‍ വഴി കണ്ടെത്തുന്നു. ഈ വാസനകളുടെ ബലത്താല്‍ പൂര്യഷ്ടകം എന്ന മനസ്സ് വീണ്ടും തന്റെ ആത്മബോധസ്വരൂപത്തെ മറന്നുകൊണ്ട് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു.

എന്നാല്‍ ബോധം സര്‍വ്വവ്യാപിയായതിനാല്‍ പൂര്യഷ്ടകത്തിനു അനന്തമായി എവിടെയും സഞ്ചരിക്കാനാവുന്നു. മരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു പുതിയവ തളിര്‍ത്തുവരുന്നതുപോലെ ജീവന്‍ ഓരോരോ ദേഹങ്ങളെടുത്ത്, കുറച്ചുകാലമതില്‍ക്കഴിഞ്ഞ്‌ അവയെ ഉപേക്ഷിച്ച് മറ്റുള്ളവയെ വരവേല്‍ക്കുന്നു. ജ്ഞാനികള്‍ ഈ ഗതിവിഗതികള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കുന്നില്ല. 

Aug 18, 2013

366 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 366

യത്ര പ്രാണോ മരുധ്യാതി മനസ്തത്രൈവ തിഷ്ഠതി
യത്രയത്രാനുസരതി രഥസ്‌തത്രൈവ സാരഥി: (6/31/47)

ഭഗവാന്‍ തുടര്‍ന്നു: ഇനിയും ശുദ്ധീകരിച്ചിട്ടില്ലാത്ത സ്വര്‍ണ്ണം ചെമ്പിനുസമമായി  കാണപ്പെടുന്നതുപോലെ വിഷയങ്ങളുമായി താതാത്മ്യം പ്രാപിക്കുകമൂലം ബോധം ചിന്തയുടെയും  ആകുലതയുടെയും തലത്തിലേയ്ക്ക് ചുരുങ്ങിയതുപോലെ കാണപ്പെടുന്നു. അനന്താവബോധത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു 'വീഴ്ചയായ' സ്വയംമറവി കാരണമാണ് വിശ്വം ഉണ്ടാവുന്നത്. എന്നാല്‍ ആത്മജ്ഞാനമാര്‍ജ്ജിക്കുന്നതോടെ അസത്തായതെല്ലാം ഇല്ലാതെയാകുന്നു.

ബോധം, സ്വന്തം അസ്തിത്വത്തെപ്പറ്റി തിരിച്ചറിയുമ്പോള്‍ അഹംഭാവം ഉണരുന്നു. (അതും വാസ്തവത്തില്‍ ബോധം തന്നെയത്രേ.) എന്നാല്‍ ഒരല്‍പം ചഞ്ചലത്വമുണ്ടാവുമ്പോള്‍ മലഞ്ചെരുവില്‍ നിന്നും ഉരുളന്‍കല്ലുരുണ്ടു വീഴുന്നതുപോലെ അത് താഴെപ്പോവുന്നു. ബോധം തന്നെയാണ് എല്ലാത്തരം  അനുഭവങ്ങള്‍ക്കും നിദാനമാവുന്നത്. പുറത്തുണ്ടെന്ന് കരുതപ്പെടുന്ന വസ്തുവിന്റെ ദര്‍ശനം ഉള്ളില്‍ സാധിതമാവുന്നത് പ്രാണന്റെ ചലനം മൂലമാണ്. എന്നാല്‍ ദര്‍ശനം എന്ന അനുഭവം, കാണല്‍ , എന്നത് ശുദ്ധമായ പരമാവബോധം തന്നെയാണ്. കേവലം ജഡമെന്നു കരുതപ്പെടുന്ന വായു വസ്തുക്കളുമായി സ്പര്‍ശനാസ്പദമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ഇടയാക്കുമ്പോള്‍ ത്വക്കിന്ദ്രിയം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സ്പര്‍ശം എന്ന അനുഭവവും അനന്താവബോധം തന്നെ.

അതുപോലെതന്നെ പ്രാണവായു തന്നെയാണ് ഉചിതമായ മാറ്റങ്ങളോടെ മൂക്കിനു ഗന്ധമാസ്വദിക്കാനുള്ള ആര്‍ജ്ജവമേകുന്നത്. ഗന്ധമറിയുന്നത് ബോധം തന്നെയാണ്. മനസ്സ് കേള്‍വിശക്തിയുമായി ചേരുമ്പോള്‍ മാത്രമേ കേള്‍വി അനുഭവമാകുന്നുള്ളു. ശുദ്ധമായ ബോധമാണ് കേള്‍ക്കുന്നത്.   

കര്‍മ്മങ്ങള്‍ ചിന്തകളുടെ തുടര്‍ച്ചയാണ്. ചിന്തകള്‍ മനസ്സിന്റെ പ്രവര്‍ത്തനമാണ്. മനസ്സെന്നത് ഉപാധിസ്ഥമായ ബോധമാണ്. എന്നാല്‍ ബോധം സ്വയം ഉപാധിരഹിതവുമാണ്. വിശ്വം എന്നത് സ്ഫടികനിര്‍മ്മിതമായ മായാഗോളത്തിലെ കാഴ്ച്ചകളെന്നപോലെ ബോധത്തിലെ വിക്ഷേപങ്ങള്‍ മാത്രമാണ്. എന്നാല്‍ ആ വിക്ഷേപങ്ങള്‍ക്ക് ഒന്നും ബോധത്തെ ബാധിക്കുവാന്‍ കഴിയില്ല. ജീവനാണ് ബോധത്തിന് വാഹനമാകുന്നത്. അതുപോലെ അഹങ്കാരം ജീവനും, ബുദ്ധി അഹംകാരത്തിനും, മനസ്സ് ബുദ്ധിക്കും, പ്രാണന്‍ മനസ്സിനും, ഇന്ദ്രിയങ്ങള്‍ പ്രാണനും, ഇന്ദ്രിയങ്ങള്‍ക്ക് ദേഹവും വാഹനങ്ങളാകുന്നു. ചലനമാണ് ദേഹത്തിന്റെ വാഹനം. കര്‍മ്മത്തിന്റെ ഗതിവിഗതികള്‍ ഇങ്ങിനെയൊക്കെയാണ്.

പ്രാണന്‍ മനസ്സിന്റെ വാഹനമാകയാല്‍ പ്രാണന്‍ പോകുന്നിടത്തേയ്ക്ക് മനസ്സെത്തും. എന്നാല്‍ മനസ്സ് ആത്മാഭിമുഖമായാല്‍ പിന്നെ പ്രാണന് ചലനമില്ല. പ്രാണന്റെ നിരോധത്തില്‍ മനസ്സും പ്രശാന്തമാവുന്നു. “സവാരിക്കാരന്‍ പോവുന്നത് വണ്ടി പോവുന്നിടത്തേയ്ക്കാണെന്നതുപോലെ പ്രാണനെ മനസ്സ് പിന്തുടര്‍ന്നു പോവുന്നു.” 

ബോധത്തിന്റെ പ്രസ്ഫുരണമാണ് പൂര്യഷ്ടകം എന്ന മനസ്സ്. പഞ്ചഭൂതങ്ങള്‍ , മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തപ്രാണന്‍, കര്‍മ്മേന്ദ്രിയങ്ങള്‍ , ജ്ഞാനേന്ദ്രിയങ്ങള്‍ , അവിദ്യ, ആഗ്രഹങ്ങള്‍ , കര്‍മ്മങ്ങള്‍ എന്നിങ്ങനെ മനസ്സിനെ പലരും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അതിനു ലിംഗശരീരം – സൂക്ഷ്മശരീരം എന്നും പേരുണ്ട്.


എന്നാല്‍ ഇപ്പറഞ്ഞതെല്ലാം ബോധത്തിലുദിച്ച്  ബോധത്തില്‍ നിലകൊണ്ട്, ബോധത്തില്‍ വിലയിക്കുന്നത് കൊണ്ട്  വാസ്തവത്തില്‍ എല്ലാത്തിലും സത്തായത് ബോധം മാത്രം.    

Aug 17, 2013

365 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 365

അമൃതാപി മൃതാസ്മീതി വിപര്യസ്ഥസ്തമതിര്‍വധൂ:
യഥാ രോദിത്യനഷ്ടൈവ നഷ്ടാസ്മീതി തഥൈവ ചിത്  (6/31/2)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ഭ്രാന്ത് പിടിച്ച ഒരു സ്ത്രീ സ്വയം താന്‍  ദുരിതമനുഭവിക്കുന്നു എന്ന് വിചാരിക്കുന്നതുപോലെ  ‘ഞാന്‍ അസന്തുഷ്ടന്‍’ എന്ന് ബോധം തെറ്റിദ്ധരിക്കുന്നു. “ഒരുവന്‍ ‘അയ്യോ ഞാന്‍ ചത്തേ’ എന്ന് നിലവിളിക്കുന്നതുപോലെയും, നേര്‍വഴിപോയ്ക്കൊണ്ടിരിക്കുന്നവന്‍ ‘എനിക്ക് വഴി തെറ്റിയെന്ന്’ വിലപിക്കുന്നതുപോലെയും തെറ്റിദ്ധാരണമൂലം ബോധം സ്വയം താന്‍ പരിമിതപ്പെടിരിക്കുന്നുവെന്നും, ദുരിതപ്പെടുന്നുവെന്നും സങ്കല്‍പ്പിക്കുന്നു”. വാസ്തവത്തിൽ അത്തരം ചിന്തകള്‍ക്ക്‌ യാതൊരടിസ്ഥാനമോ ന്യായീകരണമോ ഇല്ല.     

അഹംകാരത്തിന്റെ തെറ്റായ അനുമാനങ്ങള്‍ മൂലം ലോകമെന്ന ഈ കാഴ്ച സത്യമാണെന്ന് ബോധം വൃഥാ ചിന്തിച്ചുറപ്പിക്കുന്നു. ഈ ലോകം ഉണ്മയാണെന്ന അനുഭവം ഉണ്ടാകുന്നതിന്റെ മൂലകാരണം മനസ്സുതന്നെയാണ്. എന്നാല്‍ ഇത് ശരിയായ ഒരു  'കാരണം' ആവുക വയ്യ. എന്തെന്നാല്‍ ശുദ്ധാവബോധമല്ലാതെ, അതിൽ നിന്ന് വേറിട്ട ഒരു മനസ്സുണ്ടാവുക അസാദ്ധ്യം.

 ലോകപ്രതീതികളെ നല്‍കുന്ന മനസ്സ് അസത്താണെന്ന് അറിഞ്ഞാല്‍പ്പിന്നെ ആ മനസ്സില്‍ പ്രതീതികളുണ്ടാക്കിയ ലോകവും അസത്താകണമല്ലോ! കരിങ്കല്ലില്‍ എണ്ണയില്ലാത്തതുപോലെ ബോധത്തില്‍ വിവിധങ്ങളായ ദൃശ്യങ്ങളോ, കാഴ്ചക്കാരനോ, കര്‍ത്താവോ, അറിവോ, അറിയുന്നവനോ, വിഷയമോ, വിഷയിയോ ഒന്നും നിലനില്‍ക്കുന്നില്ല.
    
‘ഞാന്‍’, ‘നീ’ എന്നീ ഭിന്നതകളുംമറ്റും വെറും കല്‍പ്പന മാത്രം. ഏകം, അനേകം എന്നിവ തമ്മിലുള്ള വ്യത്യാസം വെറും വാക്കില്‍ മാത്രമാണ്. സൂര്യവെളിച്ചത്തില്‍ ഇരുട്ടില്ലാത്തതുപോലെ ബോധത്തില്‍ വിവിധവിഷയങ്ങള്‍ നിലകൊള്ളുക സാധ്യമല്ല. യാഥാര്‍ത്ഥ്യം, അയാഥാര്‍ത്ഥ്യം; ശൂന്യതയും അതിന്റെ അഭാവവും, എന്നുവേണ്ട എല്ലാം വെറും ധാരണകള്‍ മാത്രം. ഒരുവന് നിസ്തന്ദ്രമായ അന്വേഷണത്തിലൂടെ മാറ്റങ്ങള്‍ക്കു വിധേയമാകാത്ത ശുദ്ധാവബോധം മാത്രമാണുണ്മയായുള്ളത് എന്ന് വെളിവാകും. കാരണം ബോധം ഒരിക്കലും പരിവര്‍ത്തനത്തിന് വിധേയമായിട്ടില്ല, ആകുന്നുമില്ല. അതൊരിക്കലും അശുദ്ധമാകുന്നില്ല. അശുദ്ധിയെന്നു പറയുന്നത് തന്നെ വെറും സങ്കല്‍പ്പം മാത്രം. ഈ അറിവുറയ്ക്കുമ്പോള്‍ സങ്കല്‍പ്പങ്ങള്‍ ഇല്ലാതാകുന്നു. അതോടെ അശുദ്ധിയെന്ന ധാരണപോലും നശിക്കുന്നു.

എന്നാല്‍ ഈദൃശമായ സാക്ഷാത്കാരം നേടിയവര്‍പോലും അശുദ്ധിയുടെ വലയില്‍ കുടുങ്ങിയെന്നുവരാം. സങ്കല്‍പ്പങ്ങളെ പാടേ ഉപേക്ഷിക്കുന്നതില്‍ വരുന്ന വീഴ്ചയാണിതിനു ഹേതു. എന്നാല്‍ സ്വപ്രയത്നത്താല്‍ ഇത് സാദ്ധ്യമാണ്. വെറുമൊരു വയ്ക്കോല്‍ത്തുരുമ്പ് ഉപേക്ഷിക്കുന്നതുപോലെ അനായാസമായി മൂന്നു ലോകങ്ങളെയും നമുക്ക് തൃണവല്‍ഗണിക്കാനാവും. സ്വപ്രയത്നത്താല്‍ നേടാന്‍ കഴിയാത്തതായി എന്തുണ്ട്? അകത്തുദിച്ചു പ്രകാശം പരത്തുന്ന ആത്മപ്രഭയില്‍ അദ്വയവും ഉപാധിരഹിതവുമായ അനന്താവബോധത്തെ സാക്ഷാത്കരിക്കുവാന്‍ നമുക്ക് സാധിക്കും. നിര്‍മലം, ശാശ്വതം, പുരാതനം, നിര്‍മനം, നിരഹങ്കാരം, അകളങ്കം ഒക്കെയായ അത് എല്ലാ വസ്തുക്കളുടെയും സത്തയാണ്.

എല്ലാത്തിലും സാക്ഷിഭാവത്തില്‍ അചലമായി ബോധം നിലകൊള്ളുന്നു. വിളക്കിന്റെ ധര്‍മ്മം പ്രകാശിക്കുകയെന്നതാണ്. എന്നാല്‍ അത് വിളക്കിന്റെ 'കര്‍മ്മ'മല്ല. ബോധത്തില്‍ കറപുരണ്ടുവെന്നുതോന്നിക്കുന്നുവെങ്കിലും ജഡവസ്തുക്കളില്‍ അത് അജഡചൈതന്യമാണ്. വസ്തുവകകളിലെ ഘടകങ്ങളെപ്പോലെ വിഭജിച്ചുപോകാതെ ബോധം സര്‍വ്വവ്യാപിയായി നിലകൊള്ളുന്നു. ധാരണാമാലിന്യങ്ങളില്ലാത്ത അനന്തബോധം അതീവസൂക്ഷ്മമാകയാല്‍ അത് ആത്മാവായി അറിയുന്നു.

വെരുമൊരോര്‍മ്മത്തെറ്റുപോലെ ഈ ബോധം ചിന്തകളെയും ധാരണകളെയും പരിപോഷിപ്പിച്ച് പ്രതീതികളെ അനുഭവിപ്പിക്കുന്നു. ഉണ്മയല്ലെങ്കിലും ഇതെല്ലാം സാധിതമാവുന്നത് ഈ അനന്തബോധത്തിന്റെ സാന്നിദ്ധ്യത്തിലാണ്. അവബോധമായി നിലകൊള്ളുക എന്നത് ബോധത്തിന്റെ നൈസര്‍ഗ്ഗികസ്വഭാവമാണ്. ഉറക്കത്തില്‍ ആണ്ടുമുഴുകിയവനും അകമേ ഉണര്‍ന്നിരിക്കുകതന്നെയാണല്ലോ. 

Aug 15, 2013

364 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 364

ചിദസ്തി ഹി ശരീരേഹ സര്‍വ്വഭൂതമയാന്മികാ
ചാലോന്മുഖാത്മികൈകാ തു നിര്‍വികല്‍പാ പരാ സ്മൃതാ (6/30/67)

വസിഷ്ഠന്‍ തുടര്‍ന്നു: അതുകഴിഞ്ഞപ്പോള്‍ ഞാന്‍ ഭഗവാനോട് ചോദിച്ചു: ഈ ബോധം സര്‍വ്വവ്യാപിയാണെങ്കില്‍ ഒരുവന്‍ ചൈതന്യവത്തും ജഡവും ആകുന്നതെങ്ങിനെയാണ്? ഒരിക്കല്‍ ചൈതന്യവത്തായിരുന്നതിന്റെ ചൈതന്യം  എങ്ങിനെയാണ് നഷ്ടമാവുന്നത്?

ഭഗവാന്‍ എന്റെ ചോദ്യത്തെ ശ്ലാഘിച്ചശേഷം ഇങ്ങിനെ മറുപടി പറഞ്ഞു: “സര്‍വ്വവ്യാപിയായ ബോധം ഈ ശരീരത്തിലെ എല്ലാമെല്ലാമായി, ചരവും അചരവുമായും, മാറ്റങ്ങള്‍ക്ക് വിധേയമായും അല്ലാതേയും, അനശ്വരമായും എല്ലാം നിലകൊള്ളുന്നു.” ഒരു സ്ത്രീ സ്വപ്നത്തില്‍ താന്‍ മറ്റൊരു സ്ത്രീയാണെന്നും, അവള്‍ക്കു മറ്റൊരാള്‍ ഭര്‍ത്താവായുണ്ടെന്നും കാണുന്നു. അതുപോലെ ബോധം സ്വയം മറ്റൊരാളായി താദാത്മ്യം പ്രാപിക്കുകയാണ്.   

അതീവക്രോധത്തിനടിപ്പെട്ട ഒരുവന്റെ പെരുമാറ്റം സാധാരണയില്‍ നിന്നും തുലോം വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ ബോധം മറ്റു ഭാവങ്ങള്‍ സ്വീകരിച്ചു തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. പടിപടിയായി അതിന്റെ ചൈതന്യം നഷ്ടമായി ഒടുവില്‍ ജഡമാവുന്നു. ബോധം അങ്ങിനെ അതിന്റെ ബോധവിഷയമായ വസ്തുവായി മാറുന്നു. അങ്ങിനെയാണ് ആകാശവും പിന്നീട് അതത്‌ ഗുണഗണങ്ങളോടെ വായു മുതലായവയും ആയി മാറുന്നത്. മറ്റു പഞ്ചഭൂതങ്ങളും അപ്രകാരം തന്നെയാണ്  ഉണ്ടാവുന്നത്. അതേസമയം ആത്മാവില്‍ത്തന്നെ അത് കാലവും ദേശവുമായി പരിണമിച്ച് ഒരു ജീവനാവുന്നു. അതേത്തുടര്‍ന്ന് ജീവനില്‍ വ്യക്തിഗതമായ ബുദ്ധിയും മനസ്സും സംജാതമാവുന്നു.

ഇതില്‍ നിന്ന് പ്രത്യക്ഷമായ ഈ ചാക്രികലോകത്തിന്റെ ആവിര്‍ഭാവമായി, ‘ഞാനൊരു ചണ്ഡാളന്‍’, തുടങ്ങിയ ധാരണകള്‍ ഉടലെടുക്കുന്നു. പരിമിതമായ അളവിലുള്ള ജലം ഘനീഭവിക്കുന്നതുപോലെ, ഈ ബോധം സ്വയം ജഡസമാനമാവുന്നു. പിന്നെ മനസ്സ് ഭ്രമാത്മകമായി ആസക്തികളെ പരിപോഷിപ്പിക്കുന്നു. എന്നിട്ട് കാമക്രോധാദികളാല്‍ വലഞ്ഞ്, ഐശ്വര്യവും ദുരിതവും സുഖദുഖങ്ങളും അനുഭവിച്ച്, പ്രത്യാശകളില്‍ കടിച്ചുതൂങ്ങി, ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍പ്പെട്ടു  ഭ്രമിക്കുന്നു. 

അങ്ങിനെ മോഹഭ്രമങ്ങളില്‍ വലഞ്ഞ് തെറ്റില്‍നിന്നും തെറ്റിലേയ്ക്കും അജ്ഞാനത്തില്‍നിനും കൂടുതല്‍ അജ്ഞാനത്തിലേയ്ക്കും ജീവൻ നീങ്ങുകയാണ്. ബാല്യത്തില്‍ വിഭ്രമാത്മകമായ ഈ ബോധം പൂര്‍ണ്ണമായും മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നു. യൌവ്വനത്തില്‍ സമ്പത്തിനുപിറകേ ഓടി നടന്ന് ആകുലപ്പെടുന്നു. വാര്‍ദ്ധക്യത്തില്‍ ദുഖദുരിതത്തിന് വശംവദരായി സ്വകര്‍മ്മമനുസരിച്ച് മരണത്തിനു കീഴടങ്ങുന്നു. ആ കര്‍മ്മത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ചു ജീവന്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പാതാളത്തിലോ ഭൂമിയിലോ പുനര്‍ജനിച്ചു മനുഷ്യനോ അതിമാനുഷനോ ഉപമാനുഷനോ, ചിലപ്പോള്‍ ജഡവസ്തുവോ ആയിത്തീരുന്നു. 
 
അതേ ബോധം തന്നെയാണ് ബ്രഹ്മാവിഷ്ണുശിവന്‍മാരാകുന്നത്. അതാണ്‌ സൂര്യചന്ദ്രന്മാര്‍ , കാറ്റ്, രാത്രിപകലുകള്‍ , ഋതുക്കള്‍ , എന്നിവയാകുന്നതും, വിത്തുകളിലെ ജീവശക്തിയും വസ്തുക്കളിലെ നൈസര്‍ഗ്ഗികഗുണങ്ങളും അതേ ബോധം തന്നെ.
 
ഈ ബോധം സ്വപരിമിതികളാല്‍ ആത്മാവിനെ ഭയപ്പെട്ടുകഴിയുന്നു. ഇതൊക്കെയാണ് ജീവബോധത്തിന്റെ സത്യസ്ഥിതി. അതിനു കര്‍മ്മാത്മാ എന്നും പേരുണ്ട്. അതായത്‌ കര്‍മ്മ-പ്രതികര്‍മ്മങ്ങളുടെ ചക്രത്തില്‍ കുടുങ്ങിയ ആത്മാവാണത്. അജ്ഞാനത്തിന്റെയും തമസ്സിന്റെയും ശക്തിയെത്ര പ്രബലമാണെന്ന് നോക്കൂ!

സ്വന്തം അവസ്ഥ, അതായത്‌ സ്വരൂപത്തെ മറക്കുകമൂലം ബോധം പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി ദുഖമനുഭവിച്ച് സ്വയം അധപ്പതിക്കുന്നു. എത്ര കഷ്ടം!   

Aug 14, 2013

363 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 363

ശരീരപങ്കജഭ്രാന്ത മനോഭ്രമരസംഭൃതാം
ആസ്വാദയതി സങ്കല്‍പമധുസത്താം ചിദീശ്വരീ (6/30/34)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ചിലയിടങ്ങളില്‍ ചിലപ്പോള്‍ ഈ ഭഗവാന്‍ ആകാശമായും ജീവനായും കര്‍മ്മങ്ങളായും വിഷയവസ്തുക്കളായും പല വിധത്തില്‍ അനിച്ഛാപൂര്‍വമെങ്കിലും പ്രവര്‍ത്തനനിരതമായി കാണപ്പെടുന്നു. വിവിധ സമുദ്രങ്ങളെല്ലാം വാസ്തവത്തില്‍ ജലത്തിന്റെ അവിച്ഛിന്നമായ ഒരു മഹാനിവഹമാണെന്നതുപോലെ ബോധവും പലവിധത്തില്‍ പ്രകടമാകുന്ന ഒരേയൊരു വിശ്വമഹാബോധം തന്നെയാണ്.
  
 “താമരപ്പൂവില്‍നിന്ന് തേനീച്ച തേന്‍ എടുക്കുന്നതുപോലെ അശാന്തമായ മനസ്സ് ദേഹത്തിലൂടെ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുന്നതും ഈ ബോധത്തിനാലാണ്.ജലസമുദ്രത്തില്‍ പ്രത്യക്ഷമാകുന്ന മലരികളും ചുഴികളുമെന്നപോലെ ദേവതകള്‍, അസുരന്മാര്‍, പര്‍വതങ്ങള്‍ സമുദ്രങ്ങള്‍ എന്നിങ്ങിനെയുള്ള കാഴ്ചകള്‍ പ്രത്യക്ഷമാകുന്നത് ബോധസമുദ്രത്തിലാണ്.

 ഈ ബോധത്തിന്റെ ചൈതന്യം എപ്പോഴും ചലനാത്മകമായതിനാല്‍ ജനനമരണങ്ങള്‍ക്ക് ഹേതുവാകുന്ന അവിദ്യയുടെ ചാക്രികചലനം പോലും നടക്കുന്നത് ബോധത്തിലാണ്.

ഭൂമിയില്‍നിന്നുയര്‍ന്നു പൊങ്ങുന്ന താപത്തിനറുതി വരുത്തുന്നതും എന്നാൽ  ഇടിവേട്ടോടുകൂടിയ പേമാരിയെ അണിയിച്ചൊരുക്കുന്നതുമായ മഴവില്ലിനു സമാനമായി നാല് കൈകളുള്ള ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍  അസുരന്മാരെക്കൊന്നൊടുക്കിയത് ഈ ബോധമായാണ്. 

ശിവപാര്‍വതിമാരായും ബ്രഹ്മാവായും മറ്റ് അനേകമനേകം ജീവജാലങ്ങളായതും ഈ ബോധം തന്നെ. തന്റെയുള്ളില്‍, ആത്മാവില്‍ മാറ്റങ്ങളേതും ബാധിക്കപ്പെടാതെ വെറും പ്രതിഫലനമായി ഛായകളെ സൂക്ഷിക്കുന്ന കണ്ണാടിയെന്നപോലെയാണ് ബോധം. സ്വയം മാറ്റങ്ങള്‍ക്കു വിധേയമാകാതെ ഈ വിശ്വം മുഴുവന്‍ നിറഞ്ഞു വിളങ്ങുന്ന വൈവിദ്ധ്യമാര്‍ന്ന വസ്തുവിഷയങ്ങളായി കാണപ്പെടുന്നത് ബോധം തന്നെയാണ്. 

അനന്താവബോധം, പടര്‍ന്നു കയറുന്ന ഒരു വള്ളിച്ചെടിപോലെയാണ്. അതില്‍ എണ്ണമറ്റ ജീവജാലങ്ങളുടെ വാസനകള്‍ കുടഞ്ഞു തളിച്ച് വളംവച്ച് ആശകളാകുന്ന മുളപൊട്ടിയിരിക്കുന്നു. സചേതനവും അചേതനവുമായ ജീവജാലങ്ങള്‍ ഈ ചെടിയുടെ ഭാഗങ്ങളാകുന്നു. ആ 'ഒന്ന്‍' പലതായി കാണപ്പെടുന്നു എങ്കിലും അതൊരിക്കലും പലതായിട്ടില്ല.
   
അനന്താവബോധത്തിന്റെ നിറവിലാണ് ഇപ്പറഞ്ഞതെല്ലാം ആലോചിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സൂര്യനായി ജ്വലിക്കുന്നത് ഈ ബോധമാണ്. കേവലം ജഡമായ വസ്തുവകകളാകുന്നതും അവയുടെ ചാര്‍ച്ചയില്‍ വേദ്യമാകുന്ന അനുഭവങ്ങളാകുന്നതും ബോധംതന്നെ. സ്വന്തം പ്രഭാവത്തിലെന്നപോലെ മണല്‍ത്തരികളും പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങി വട്ടംചുറ്റുമ്പോള്‍ ചുഴലിക്കാറ്റിനെപ്പറ്റി നാം അറിയുന്നു, എന്നാല്‍ ചുഴലിക്കാറ്റിനെ മാത്രമായി നമുക്ക് കാണാനാവുന്നില്ല. അതുപോലെയാണ് ബോധം.
  
സ്വയം ഒരു നിഴലുണ്ടാക്കുന്നപോലെ, ബോധം, തമസ്സിനെയും മന്ദതയെയും ഉണ്ടാക്കുന്നു’. ചിന്തകളും ധാരണകളും നല്‍കി ഈ ശരീരത്തെ കര്‍മ്മോന്മുഖമാക്കുന്നതും ഈ ബോധമാണ്. ബോധത്തിന്റെ അഭാവത്തില്‍ തന്റെ  തൊട്ടുമുന്നിലുള്ള വസ്തുവിനെപ്പോലും ആര്‍ക്കും അനുഭവിക്കാന്‍ കഴിയില്ല. ദേഹത്തിനു നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും ബോധം ഉണ്ടെങ്കിലേ സാധിക്കൂ. അതാണ്‌ ആഹാരം കഴിക്കുന്നതും, വളരുന്നതും തളരുന്നതും എല്ലാം. ചരാചരങ്ങളായ എല്ലാറ്റിന്റെയും സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ഹേതുവായിരിക്കുന്നത് ഈ ബോധമാണ്. കാരണം ഈ അനന്താവബോധമല്ലാതെ മറ്റൊന്നും ഇല്ല. ബോധത്തിലാണ് ബോധം ബോധമായിത്തന്നെ ഉദിച്ചുയര്‍ന്നത്. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം പലതായി കാണപ്പെടുന്നു. 

Aug 6, 2013

362 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 362

ന സ ദൂരേ സ്ഥിതോ ബ്രഹ്മന്ന ദുഷ് പ്രാപ: സ കശ്യചിത്

സംസ്ഥിത: സ സദാ ദേഹേ സര്‍വത്രൈവ ച ഖേ തഥാ (6/30/21)

ഭഗവാന്‍ തുടര്‍ന്നു: ആത്മസ്വരൂപമായ ആ ഭഗവാനെ പൂജിക്കുന്നതാണ് ശരിയായ ആരാധന. അതുകൊണ്ട് എല്ലാം സ്വായത്തമാക്കാം. അവിച്ഛിന്നവും അദ്വയവും അദ്വൈതവും അജവും, അസൃഷ്ടവും ആയ ഭഗവാനെ ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും നേടാവുന്നതല്ല. എന്നാല്‍ അദ്ദേഹത്തെ ആരാധിക്കുന്നതുതന്നെ ആനന്ദദായകമത്രേ. ബാഹ്യമായ പൂജാവിധികള്‍ കല്‍പ്പിച്ചിരിക്കുന്നത് അപക്വമതികള്‍ക്കായാണ്. അവരുടെ ബുദ്ധി ചെറുബാലന്മാരുടെതുപോലെ ഇനിയും വളര്‍ച്ചയെത്തിയിട്ടില്ലാത്തതിനാല്‍ അവര്‍ക്കാ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ട്. 

ആത്മാവിനെ ബാഹ്യമായ ഒരു രൂപത്തില്‍ ആരാധിക്കുന്നത് വാസ്തവത്തില്‍ വൃഥാപ്രവര്‍ത്തിയാണ്. ആത്മസംയമനമില്ലാത്തവനാണ് പൂക്കള്‍കൊണ്ട് മൂര്‍ത്തികളെ അര്‍ച്ചിക്കുന്നത്. അതിനു ഫലമൊന്നുമില്ല. എന്നാല്‍ അപക്വമതികളെങ്കിലും അവര്‍ സ്വയം ഉണ്ടാക്കിയ ഒരു മൂര്‍ത്തിയെ പൂജിച്ചു ആരാധിക്കുന്നതില്‍ സംതൃപ്തിയടയുന്നുണ്ട്. അതില്‍നിന്നും പ്രത്യേകിച്ച് വിലയൊന്നുമില്ലാത്ത കുറച്ചു പുണ്യങ്ങളും അവര്‍ക്ക് ലഭിച്ചേക്കാം.

എന്നാല്‍ താങ്കളെപ്പോലെ പ്രബുദ്ധനായ ഒരു സാധകന് അനുഷ്ഠിക്കാവുന്ന ഉചിതമായ പൂജാക്രമത്തെ ഞാന്‍ പറഞ്ഞു തരാം. പൂജയ്ക്ക് അര്‍ഹനായ ഭഗവാന്‍ എല്ലാ സൃഷ്ടികള്‍ക്കും അടിസ്ഥാനമാണ്. എല്ലാ ചിന്തകള്‍ക്കും ധാരണകള്‍ക്കും അതീതനാണ്. ‘എല്ലാം, സമഷ്ടി’, എന്നൊക്കെയുള്ള ആശയങ്ങള്‍ക്കും അതീതമാണാ പരംപൊരുള്‍ . കാലദേശാദികളാല്‍ വിഭിന്നമാക്കാന്‍ കഴിയാത്തതെന്താണോ, എന്തിന്റെ പ്രഭയാണ് വസ്തുക്കളെയും വിഷയങ്ങളെയും പ്രകാശിപ്പിക്കുന്നത്, എന്താണോ നിത്യശുദ്ധമായ ബോധമായിരിക്കുന്നത്, അതിനെ മാത്രമേ ‘ദൈവം’ എന്ന് വിളിക്കുവാന്‍ പറ്റൂ.

വൈവിദ്ധ്യമാര്‍ന്ന ഭാഗങ്ങളുടെ ബുദ്ധിശക്തികള്‍ എല്ലാം ചേര്‍ന്നാലും അതിന്റെ മേധാശക്തിക്ക് തുല്യമാവില്ല. എല്ലാത്തിന്റെയും സത്യത്തെ മറയ്ക്കുന്നതും എല്ലാത്തിലും ഒളിഞ്ഞിരിക്കുന്നതും, എല്ലാത്തിന്റെയും എല്ലാമായിരിക്കുന്നതും ആ ഭാഗവാനാണ്. ഭാവാഭാവങ്ങളുടെ മദ്ധ്യേയാണ് പരബ്രഹ്മം. ‘ഓം’ എന്നറിയപ്പെടുന്ന സത്യമായ പരംപൊരുളാണത്. ഒരു ചെടിയുടെ അന്തസത്തപോലെ അതെല്ലാടവും നിറഞ്ഞിരിക്കുന്നു. എന്നിലും നിന്നിലും എല്ലാ ദേവീദേവന്മാരിലും കുടികൊള്ളുന്ന ശുദ്ധബോധമാണ് ആ സത്യം. മഹര്‍ഷേ മറ്റു മൂര്‍ത്തങ്ങളായ ദേവന്മാരും അത് തന്നെ. വിശ്വം മുഴുവന്‍ ശുദ്ധ ബോധമാണ്. അതാണ്‌ ദൈവം. എല്ലാം ഞാനാണ്. എല്ലാം പ്രാപിക്കുന്നത് അതില്‍നിന്നാണ്. അതിലൂടെയാണ്. അതായിത്തന്നെ എല്ലാം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.  

“ഭഗവാന്‍ ആരില്‍ നിന്നും അകലെയല്ല. മഹര്‍ഷേ, അദ്ദേഹം ആര്‍ക്കും അപ്രാപ്യനല്ല. അദ്ദേഹം ഈ ദേഹത്തിലും മറ്റെല്ലായിടത്തും ആകാശമെന്നപോലെ വ്യാപരിച്ചു നിലകൊള്ളുന്നു.” അദ്ദേഹമാണെല്ലാം ചെയ്യുന്നത്. അദ്ദേഹം ഭുജിക്കുന്നു, എല്ലാത്തിനെയും ഒരുമിച്ചു നിര്‍ത്തുന്നു, പോവുന്നു, ശ്വസിക്കുന്നു, ദേഹാവയവങ്ങളെയെല്ലാം അറിയുന്നു. അദ്ദേഹമാണ് എല്ലാ അവയവങ്ങളെയും പ്രവര്‍ത്തനക്ഷമമാക്കുന്ന ചൈതന്യം. കൈകാലുകള്‍ക്ക് ചലനശേഷി നല്‍കുന്ന ഊര്‍ജ്ജം. സര്‍വ്വഭൂതങ്ങളുടെയും ഹൃദയഗുഹയിലാണ് അദ്ദേഹത്തിന്‍റെ അധിവാസം. 


മനസ്സിനും ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്നതിനാല്‍ അതിനെ അറിയാനോ വിവരിക്കാനോ സാധ്യമല്ല. എങ്കിലും ബോധമെന്ന സംജ്ഞയാല്‍ അത് വിവക്ഷിക്കപ്പെടുന്നത് പഠനസൌകര്യത്തിനായി മാത്രമാണ്. അത് എല്ലാമെല്ലാം ‘ചെയ്യുന്നു’ എന്ന് തോന്നുമെങ്കിലും വാസ്തവത്തില്‍ അതൊന്നുമേ ‘ചെയ്യുന്നില്ല’. പൂച്ചെടികള്‍ തളിര്‍ക്കാനായി വസന്തഋതു  എന്തുചെയ്യുന്നുവോ അതുപോലെ ശുദ്ധബോധം ലോകത്തിലെ എല്ലാ പ്രവര്‍ത്തങ്ങളും ‘ചെയ്യുന്നു’ എന്ന് പറയാം.   

Aug 5, 2013

361 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 361

ആകാരാദിപരിഛിന്നേ മിതേ വസ്തുനി തത്കുത:
അകൃത്രിമമനാദ്യന്തം ദേവനം ചിച്ഛിവം വിദു: (6/29/122) 

ഭഗവാന്‍ എന്നോടു ചോദിച്ചു: ‘ആരാണീ ദൈവം എന്ന് നിനക്കറിയാമോ?’

ദൈവം വിഷ്ണുവോ ശിവനോ ബ്രഹ്മാവോ അല്ല. വായുവോ സൂര്യചന്ദ്രന്മാരോ അല്ല. ബ്രാഹ്മണരോ രാജാക്കന്മാരോ അല്ല. ഞാനോ നീയോ അല്ല. ലക്ഷ്മിയോ, മനോബുദ്ധികളോ അല്ല.

“ഈശ്വരന്‍ രൂപരഹിതനും അവിച്ഛിന്നനുമാണ്. ആ ദിവ്യത ഒരിക്കലും സൃഷ്ടിക്കപ്പെട്ടതോ ആദിയന്തങ്ങള്‍ ഉള്ളതോ അല്ല. ദൈവം എന്നറിയപ്പെടുന്നത് ആല്ലെങ്കില്‍ പരമശിവന്‍ എന്നുപറയപ്പെടുന്നത് ശുദ്ധമായ ബോധമാണ്” അതുമാത്രമേ പൂജാര്‍ഹമായുള്ളു. എല്ലായിടത്തും എല്ലാക്കാലവുമുള്ള എല്ലാം അതുമാത്രമാണ്. ഈ ബോധശിവനെ പൂജിക്കാന്‍ ഒരു സാധകന് കഴിയില്ല എന്നുവരികില്‍ രൂപഭാവങ്ങളുള്ള ഒന്നിനെ പൂജിക്കാം. പക്ഷെ അതുകൊണ്ട് പരിമിതമായ, നിയതമായ ഫലങ്ങളേ ഉണ്ടാവൂ. എന്നാല്‍ നാമരൂപരഹിതമായ ബോധശിവനെ ആരാധിക്കുന്നവന് അനന്തമായ ആനന്ദാവസ്ഥയെ പ്രാപിക്കാം.

അനന്തമായ ആനന്ദത്തെ ഉപേക്ഷിച്ച് പരിമിതമായ ഫലങ്ങളെ സ്വീകരിക്കുന്നവര്‍ നന്ദനോദ്യാനത്തെ വേണ്ടെന്നുവച്ച് മുള്‍ച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാടിനെ ആശ്രയിക്കുന്നവരാണ്. എങ്കിലും മാമുനിമാര്‍ വെറുമൊരു ലീലയായി നാമരൂപങ്ങളെ ആരാധിക്കുന്നു.

ഈ പൂജകള്‍ക്കായി ഉപയോഗിക്കുന്ന സാമഗ്രികളെപ്പറ്റി ഇനി പറയാം. വിവേകം, ആത്മസംയമനം, സകലജീവജാലങ്ങളിലും ആത്മാവിനെ ദര്‍ശിക്കല്‍ , എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനമായവ. വിവേകമാകുന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന ചെയ്യാന്‍ ഏറ്റവും യോഗ്യനായുള്ളത് സ്വാത്മാവുതന്നെയായ ശിവനത്രേ.

ഞാനപ്പോള്‍ ഭഗവാനോട് ചോദിച്ചു: പരമേശ്വരാ, ഭഗവാനേ, എങ്ങിനെയാണീ കാണപ്പെടുന്ന ലോകം അനന്താവബോധമായി മാറുന്നത്? ജീവജാലങ്ങളും മറ്റുമായി  ഈ അവബോധം എങ്ങിനെയാണ് ലോകമായി പ്രകടമാകുന്നത്?

ഭഗവാന്‍ തുടര്‍ന്നു: വിശ്വപ്രളയശേഷവും ആകെ അവശേഷിക്കുന്നത് ആ അനന്താവബോധം മാത്രമാണ്. ഇപ്പോഴും ഉള്ളത് അതുമാത്രം. വിഷയനിബദ്ധമല്ല അത്. ബോധത്തില്‍ സ്വയം പ്രകാശിക്കുന്ന ധാരണകളും ആശയങ്ങളുമാണ് ഈ സൃഷ്ടി. നിദ്രയില്‍ സ്വപ്നമെന്നതുപോലെ, സൃഷ്ടികള്‍ ഉണ്ടാവുന്നത് ബോധത്തിലെ ഊര്‍ജ്ജചലനം (ചൈതന്യം) മൂലമാണ്. അങ്ങിനെയല്ലാതെ സര്‍വ്വവ്യാപിയായ ബോധത്തിന് വെളിയില്‍ യാതൊന്നിനും, വിഷയപ്രതീതികളായി നിലനില്‍ക്കുക സാദ്ധ്യമല്ല.
 

ഇക്കാണുന്ന പര്‍വ്വതങ്ങളും ലോകങ്ങളും, ആകാശവും, ആത്മാവും, ജീവനും വ്യക്തിത്വവും, ഈ ലോകത്തെ നിർമ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകങ്ങളും  എല്ലാം ഈ ശുദ്ധബോധമല്ലാതെ മറ്റൊന്നല്ല. ഈ ‘സൃഷ്ടികള്‍ ’ ഉണ്ടാവും മുന്‍പ്‌, ശുദ്ധബോധം മാത്രം ഉണ്ടായിരുന്നപ്പോള്‍ സ്വര്‍ഗ്ഗം മുതലായവ എവിടെയായിരുന്നു? ആകാശം, പരമാകാശം, ബ്രഹ്മാകാശം, സൃഷ്ടി, ബോധം, എന്നിവയെല്ലാം വെറും വാക്കുകളാണ്. എല്ലാം വിവക്ഷിക്കുന്നത് ആ ‘ഒന്നിനെ’യാണ്. ആ സത്യത്തെയാണ്. സ്വപ്നത്തിലെ അന്യത എന്ന ദ്വന്ദവും സ്വപ്നത്തിലെത്തന്നെ ഭ്രമകല്‍പ്പനയാണെന്നതുപോലെ ഈ സൃഷ്ടിയിലെ ദ്വന്ദതയും വെറും കല്‍പ്പനമാത്രമാണ്. 

സ്വപ്നലോകത്ത് വസ്തുക്കള്‍ ഉണ്ടായി നിലനിന്നു പ്രവര്‍ത്തനോന്മുഖമാവുന്നതുപോലെ ജാഗ്രദിലെ ലോകത്തിലും വസ്തുക്കള്‍ക്ക് നിലനില്‍പ്പുണ്ടെന്നു തോന്നുകയാണ്. സ്വപ്നത്തിലും ജാഗ്രത്തിലും വാസ്തവത്തില്‍ ഒന്നും സംഭവിക്കുന്നില്ല. ബോധം മാത്രമാണ് സ്വപ്നത്തിലും ജാഗ്രദിലും നിലനില്‍ക്കുന്ന ഉണ്മ. അതാണ്‌ ഈശ്വരന്‍, ദൈവം, പരമസത്യം, നീ, ഞാന്‍, എന്നുവേണ്ട സകലവും.