Jan 31, 2013

264 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 264

ഗാധേ സ്വാധി വിധുതസ്യ സ്വരൂപസ്യൈതദാത്മകം
ചേതസോദൃഷ്ടത്വസ്യ  യത്പശ്യത്യുരുവിഭ്രമം   (5/48/48)
വസിഷ്ഠന്‍ തുടര്‍ന്നു: ആ ഗ്രാമത്തില്‍ താനുമായി, തന്റെ ‘ജീവിതവുമായി’ ബന്ധപ്പെട്ടിരുന്ന പല സാധനസാമഗ്രികളെയും ഗാധി തിരിച്ചറിഞ്ഞു. താനെവിടെയാണ് കുടിച്ചു മദോന്മത്തനായി മയങ്ങിക്കിടന്നത്, ഏതു വേഷമാണ് താന്‍ ധരിച്ചിരുന്നത്, എന്താണ് ആഹാരമായി കഴിച്ചിരുന്നത് എന്നെല്ലാം ഗാധിയുടെ ചിന്താമണ്ഡലത്തില്‍ പൊങ്ങിവന്നു. അവിടെനിന്നും ഗാധി കേര രാജ്യത്തേയ്ക്കാണു പോയത്. അവിടെ തലസ്ഥാനനഗരിയില്‍ ചെന്ന് നാട്ടുകാരോടു കാര്യങ്ങള്‍ തിരക്കി.

‘ഈ നാട് കുറേകാലം മുന്‍പ് ഒരു ചണ്ഡാളന്‍  ഭരിച്ചിരുന്നുവോ?’ അവര്‍ ആവേശത്തോടെ പറഞ്ഞു: തീര്‍ച്ചയായും. അയാള്‍ എട്ടുവര്‍ഷം രാജ്യം ഭരിച്ചു. ഇവിടുത്തെ രീതിയനുസരിച്ച് കൊട്ടാരത്തിലെ ആനയാണ് അദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. പക്ഷെ അയാളുടെ തനിനിറം പുറത്തുവന്നപ്പോള്‍ രക്ഷയില്ലാതെ അയാള്‍ ആത്മഹത്യചെയ്തു.! അതൊരു പന്ത്രണ്ടുകൊല്ലം മുന്‍പാണ്.’ ഇത് പറഞ്ഞു നില്‍ക്കുമ്പോഴേയ്ക്ക് അതാ രാജാവ് പരിവാരസമേതം കൊട്ടാരത്തില്‍ നിന്ന് പുറത്തേയ്ക്കെഴുന്നള്ളുന്നു. അത്ഭുതം! അത് രാജാവിന്റെ വേഷത്തില്‍ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ തന്നെയായിരുന്നു.

ഇതെല്ലാം കണ്ട ഗാധി വിസ്മയംകൂറി ഇങ്ങിനെ ചിന്തിച്ചു: ഞാന്‍ അടുത്തകാലത്ത് ഭരിച്ചിരുന്ന കീരരാജ്യമാണല്ലോ. എന്നാല്‍ അതെന്റെ പോയ ജന്മത്തിലെപ്പൊഴോ സംഭവിച്ചതുപോലെയാണ് ഞാനിപ്പോള്‍ കാണുന്നത്. അതൊരു സ്വപ്നമായിരുന്നു എന്നാല്‍ ജാഗ്രദവസ്ഥയില്‍ എന്റെ കണ്‍മുന്നില്‍ നടന്നതുപോലെയാണെല്ലാം. അഹോ കഷ്ടം ഞാനേതോ മായാവിദ്യയ്ക്കടിമയായിരിക്കുന്നു. ശരിയാണ്! എനിയ്ക്ക് മായാദര്‍ശനം ലഭിക്കുമെന്നാണല്ലോ വിഷ്ണുഭഗവാന്‍ വരം തന്നത്! അതിതു തന്നെയാണ്!  

അദ്ദേഹം ആ നിമിഷം നഗരം വിട്ടുപോയി ഒരു മലമുകളിലെ ഗുഹയ്ക്കുള്ളില്‍ തീവ്രമായ തപസ്സനുഷ്ഠിച്ചു. താമസംവിനാ വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം എന്തുവേണമെന്നാരാഞ്ഞു. ഗാധി ഭഗവാനോട് ചോദിച്ചു: ഭഗവാനേ, ഞാന്‍ സ്വപ്നത്തില്‍ കണ്ട, അല്ലെങ്കില്‍ മായക്കാഴ്ചയില്‍ അറിഞ്ഞ കാര്യങ്ങള്‍ ജാഗ്രദിലും അങ്ങിനെതന്നെ സംഭവിക്കാന്‍ എന്താണ് കാരണം?

ഭഗവാന്‍ പറഞ്ഞു: “ഗാധി! നീയിപ്പോള്‍ കാണുന്നതും ഒരു മായക്കാഴ്ച തന്നെ. എന്നാല്‍ സത്യത്തില്‍ അത് ആത്മാവുതന്നെയാണ്. മറ്റൊന്നല്ല. എന്നാല്‍ മനസ്സതിനെ മറ്റേതോ 'വസ്തുക്കളായി' കാണുന്നത് ജീവന് പരിശുദ്ധിയില്ലാത്തതിനാലും അതിനിതുവരെ സത്യദര്‍ശനം ലഭിച്ചിട്ടില്ലാത്തതിനാലുമാണ്.”  

ആത്മാവില്‍ നിന്നും ബാഹ്യമായി മറ്റൊന്നുമില്ല. ഒരു ചെറുവിത്തിനുള്ളില്‍ വന്‍മരമുള്ളതുപോലെ ഇതെല്ലാം മനസ്സില്‍ നേരത്തെതന്നെ ഉള്ളതാണ്. എന്നാല്‍ മനസ്സ് അതെല്ലാം ബാഹ്യമെന്ന മട്ടില്‍ കാണുന്നു എന്നുമാത്രം. മനസ്സാണിതെല്ലാം. ഇപ്പോള്‍കാണുന്നതും ഭാവിയിലേയ്ക്കുള്ളതെന്നമട്ടില്‍  സങ്കല്‍പ്പിക്കുന്നതും കഴിഞ്ഞകാര്യങ്ങളെന്ന മട്ടില്‍ ഓര്‍ത്തുവയ്ക്കുന്നതും എല്ലാം. മനസ്സാണ് സ്വപ്നമായും ഭ്രമകല്‍പ്പനയായും, അസുഖങ്ങളായുമെല്ലാം പ്രകടമാവുന്നത്.
   
മനസ്സില്‍ എണ്ണമൊടുങ്ങാത്ത ‘സംഭവങ്ങള്‍ ’ മരത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളെപ്പോലെ നിറതിങ്ങി നില്‍ക്കുന്നു. എന്നാല്‍ വെരറ്റുപോയ മരത്തില്‍ പൂക്കളുണ്ടാകാത്തതുപോലെ ധാരണകളും ആശാസങ്കല്‍പ്പങ്ങളുമൊഴിഞ്ഞ മനസ്സ് വീണ്ടും വീണ്ടും ജനിക്കേണ്ടതായി വരുന്നില്ല. എണ്ണമറ്റ ചിന്താരൂപങ്ങള്‍ നിറഞ്ഞ മനസ്സിനു ‘ഞാന്‍ ചണ്ഡാളനാണ് ’ എന്നൊരു തോന്നലുണ്ടാക്കാന്‍ എത്ര എളുപ്പം! അതുപോലെ ‘ഞാന്‍’ തന്നെയാണ് നിന്റെയടുത്തു വന്നു കഥ പറഞ്ഞ ആ അതിഥി ബ്രാഹ്മണനും. ‘ഞാന്‍ ഭൂതമണ്ഡലത്തില്‍ പോകുന്നു' എന്നും ‘ഞാനിപ്പോള്‍ കീരരാജ്യത്തിലാണെന്നും’ എല്ലാം സങ്കല്‍പ്പിച്ചുണ്ടാക്കുന്നത് ആ മനസ്സാണ്. ഇതൊക്കെ വെറും ഭ്രമചിന്തകളായിരുന്നു! 

അങ്ങ് രണ്ടു തരത്തിലുമുള്ള ഭ്രമകല്‍പ്പനകള്‍ കണ്ടു കഴിഞ്ഞു. ഒന്ന്, അങ്ങ് സ്വയം ഭ്രമകല്‍പ്പനയെന്നു നിശ്ചയിച്ചു കണ്ട കാഴ്ചകള്‍ . മറ്റേത്, യാഥാര്‍ത്ഥ്യമെന്നു സ്വയം കല്‍പ്പിച്ചുകണ്ട ഭ്രമക്കാഴ്ചകള്‍ . രണ്ടും വാസ്‌തവത്തില്‍ വെറും ഭ്രമം മാത്രമായിരുന്നു ! അങ്ങ് ആ ബ്രാഹ്മണനായി അതിഥി സല്‍ക്കാരമൊന്നും നടത്തിയിട്ടില്ല. അങ്ങെങ്ങും യാത്ര പോയുമില്ല. എല്ലാം ഭ്രമകല്‍പ്പനയിലെ മായക്കാഴ്ചകള്‍ മാത്രം. അങ്ങ് ഭൂതമണ്ഡത്തിലോ കീരരാജ്യത്തിലോ പോയിട്ടില്ല. അവയും വെറും മായ. ഉണരൂ മഹര്‍ഷേ! അങ്ങ് ഇവിടെയിപ്പോള്‍ ഉചിതമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും. കാരണം കര്‍മ്മങ്ങളെക്കൂടാതെ ആരും ഈ ജീവിതത്തില്‍ മൂല്യവത്തായി ഒന്നും നേടിയിട്ടില്ല എന്നറിയുക.

Jan 30, 2013

263 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 263


മനോരാജ്യമപി പ്രാജ്ഞാ ലഭന്തേ വ്യവസായിന:
ഗാധിനാ സ്വപ്നസംദൃഷ്ടം ഗത്വാ ലബ്ധമഖണ്ഡിതം  (5/47/37)

വസിഷ്ഠന്‍ തുടര്‍ന്നു: അതിനുശേഷം ഗാധി തന്റെ ഭ്രമാത്മകദര്‍ശനത്തില്‍ നിന്നും സ്വതന്ത്രനായി ഉണര്‍ന്നു. ബോധമുണര്‍ന്ന അദ്ദേഹം ‘ഞാന്‍ ഗാധിയാണ്’ എന്ന് തിരിച്ചറിഞ്ഞു. തന്റെ അനുഷ്ഠാനങ്ങള്‍ ചെയ്തുതീര്‍ത്ത് ഗാധി നദിയില്‍ നിന്നും കരയ്ക്ക്‌ കയറി. അദ്ദേഹം ‘ഞാന്‍ ആരാണ്?, എന്താണ് ഞാന്‍ കണ്ടത്? എങ്ങിനെയാണാ ദര്‍ശനം എന്നിലുണ്ടായത്?’ എന്നെല്ലാം ചിന്തിക്കാന്‍ തുടങ്ങി. ക്ഷീണിച്ച് അവശമായിരുന്നതു കൊണ്ടാണ് തന്റെ മനസ്സ് ഇങ്ങിനെയൊരു വിസ്മയവിദ്യ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം വിചാരിച്ചുറച്ചു.

അവിടെനിന്നും തിരികെ നടക്കുമ്പോഴും താന്‍ കണ്ട ദര്‍ശനത്തെപ്പറ്റിയും അതില്‍ തന്റെ ബന്ധു മിത്രാദികളായിരുന്നവരെപ്പറ്റിയും അതിലെ മാതാപിതാക്കളെപ്പറ്റിയും അദ്ദേഹം ആലോചിച്ചുകൊണ്ടിരുന്നു.

അദ്ദേഹം ആലോചിച്ചു: തീര്‍ച്ചയായും ഞാന്‍ കണ്ടതെല്ലാം വെറും ഭ്രമദൃശ്യങ്ങള്‍ മാത്രം. കാരണം ഇപ്പോള്‍ എനിക്കൊന്നിനെപ്പറ്റിയും ആശയസങ്കല്‍പ്പങ്ങളും ധാരണകളും ഇല്ലല്ലോ. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബ്രാഹ്മണന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഗാധി അതിഥിയെ സല്‍ക്കരിച്ച് ഉപചാരങ്ങള്‍ നല്‍കി. അദ്ദേഹം അതിഥിയോട് ചോദിച്ചു: അങ്ങെന്താണ് പരിക്ഷീണനായിരിക്കുന്നത്? എന്തുപറ്റി? അതിഥി പറഞ്ഞു: ഞാന്‍ ഉള്ളത് പറയാം. അങ്ങ് വടക്ക് കീര എന്നൊരു രാജ്യമുണ്ട്. അവിടെ ഞാനൊരുമാസം സുഖഭോഗങ്ങളോടെ നഗരവാസികളുടെ അതിഥിയായി കഴിഞ്ഞു. അപ്പോള്‍ ഞാനൊരു കഥ കേട്ടു. അതി വിചിത്രമായ ഒരു കഥ.

ഒരു ചണ്ഡാളനായ കാട്ടുജാതിക്കാരന്‍ എട്ടുകൊല്ലം ആ രാജ്യം ഭരിച്ചു എന്നും എന്നാല്‍ അവസാനം അയാളുടെ തനിനിറം അവര്‍ക്ക് ബോധ്യപ്പെട്ടു എന്നും അവര്‍ പറഞ്ഞു. അയാളുടെ ഭരണമേല്‍പ്പിച്ച അപമാനത്താല്‍ അനേകം ബ്രാഹ്മണര്‍ ആത്മാഹുതി ചെയ്തുവത്രേ.

അതുകേട്ടിട്ട് എനിക്കും സ്വയം ആകെ അശുദ്ധി വന്നതുപോലെയൊരു തോന്നല്‍ . അതുകൊണ്ട് ഞാനുടനെ പ്രയാഗ എന്ന പുണ്യസ്ഥലത്ത് പോയി കഠിനമായ തപസ്സിലേര്‍പ്പെട്ടു. കൂടുതല്‍ കാലം ഉപവസിച്ചതിനാലാണു ഞാനിങ്ങിനെ ക്ഷീണിതനായിരിക്കുന്നത്. ഞാനിന്നാണാവ്രതം അവസാനിപ്പിക്കുന്നത്. അന്ന് രാത്രി അവിടെ ഗാധിയുടെ അതിഥിയായിക്കഴിഞ്ഞശേഷം ബ്രാഹ്മണന്‍ അവിടം വിട്ടുപോയി.

ഗാധി വീണ്ടുമിങ്ങിനെ ആലോചിച്ചു. ഞാനെന്റെ ഭ്രമകല്‍പ്പനയില്‍ കണ്ട ദൃശ്യം എന്റെ അതിഥിയ്ക്ക് യാഥാര്‍ത്ഥ്യമായിരുന്നു! എന്നാലീ കഥയുടെ പുറകിലെ കാര്യമെന്തെന്ന് സ്വയം കണ്ടുപിടിച്ചിട്ട് തന്നെ കാര്യം!. അങ്ങിനെ നിശ്ചയിച്ചുറച്ച് ഗാധി ഭൂതമണ്ഡലമെന്ന പ്രദേശത്തേയ്ക്ക് പോയി. “ഗാധി തന്റെ ഭ്രമകല്‍പ്പനയില്‍ കണ്ടതെല്ലാം അവിടെയും കണ്ടു. ഉയര്‍ന്നു വികസിച്ച അവബോധമുള്ളവര്‍ക്ക് സ്വപ്രയത്നഫലമായി മനസാ സങ്കല്‍പ്പിച്ചതെല്ലാം നടപ്പിലാക്കാന്‍ കഴിയും.” അവിടെ അദ്ദേഹം താമസിച്ചിരുന്ന ഗ്രാമം കണ്ടു. അതദ്ദേഹത്തിന്റെ ബോധതലത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടന്നിരുന്നുവല്ലോ. അവിടെ തന്റെ കുടിലില്‍ (നായാട്ടുകാരന്റെ കുടിലില്‍ താനുപയോഗിച്ചിരുന്ന സാമഗ്രികളെല്ലാം അങ്ങിനെതന്നെയുണ്ടായിരുന്നു. എന്നാല്‍ വീട് വളരെ മോശം അവസ്ഥയിലായിരുന്നു. 

കുടുംബാംഗങ്ങള്‍ മാംസം തിന്നിട്ടവശേഷിപ്പിച്ച നിരവധി മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍ അവിടെക്കണ്ടു. ഒരു ശ്മശാനംപോലെ തോന്നിച്ച ആ സ്ഥലം അദ്ദേഹം വിസ്മയത്തോടെ നോക്കി നിന്നു. അവിടെനിന്നും മറ്റൊരു ഗ്രാമത്തില്‍പ്പോയി അദ്ദേഹം ആ നാട്ടുകാരോടിങ്ങിനെ ചോദിച്ചു: 'അവിടെ ഭൂതമണ്ഡല ഗ്രാമത്തിലെ ഇന്ന വീട്ടില്‍ താമസിച്ചിരുന്ന ആ നായാട്ടുകാരനെപ്പറ്റി നിങ്ങള്‍ക്കെന്തെങ്കിലും അറിയാമോ?' അവര്‍ പറഞ്ഞു: മഹാത്മന്‍, തീര്‍ച്ചയായും ഞങ്ങള്‍ക്കറിയാം. അവിടെ ഭീകരനായ ഒരു ചണ്ഡാളനാണ് വസിച്ചിരുന്നത്. അയാള്‍ ഏറെ വയസ്സാവുന്നതുവരെ ജീവിച്ചിരുന്നു. അയാളുടെ ബന്ധുക്കളെല്ലാം മരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം കീര എന്നൊരു രാജ്യത്ത് ചെന്ന് അവിടുത്തെ രാജാവായി എട്ടുകൊല്ലം ഭരിച്ചു. അദ്ദേഹം കാരണം അനേകം പേര്‍ മരണപ്പെട്ടതറിഞ്ഞു അദ്ദേഹവും സ്വയം മരണത്തിനു വിട്ടുകൊടുത്തു. അങ്ങെന്താണ് അയാളെപ്പറ്റി ചോദിച്ചത്? അങ്ങയുടെ ബന്ധുവായിരുന്നോ അയാള്‍ ? അല്ലെങ്കില്‍ അയാളുമായി ബന്ധമുള്ള ആരെയെങ്കിലും അങ്ങേയ്ക്കറിയാമോ?

ഇതുകേട്ട് ഗാധി വീണ്ടും വിസ്മയചകിതനായി.

Jan 29, 2013

262 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 262


കിം മേ ജീവിതദു:ഖേന മരണം മേ മഹോത്സവ:
ലോക നിന്ധ്യസ്യ ദുര്‍ജന്തോര്‍ജീവിതാന്‍മരണം വരം(5/46/43)
വസിഷ്ഠന്‍ തുടര്‍ന്നു: മന്ത്രിമാരാലും സുന്ദരികളായ ദാസിമാരാലും ഭക്ത്യാദരവോടെ പരിസേവിതനായ ഗാവലരാജാവ് തന്റെ എളിമയാര്‍ന്ന പൂര്‍വ്വകാലം അപ്പാടെ മറന്നുപോയി. എട്ടുകൊല്ലങ്ങള്‍ കടന്നുപോയി. അദ്ദേഹം കുറ്റമറ്റരീതിയില്‍ നീതിപൂര്‍വ്വം, ദയാദാക്ഷിണ്യപൂര്‍വ്വം രാജ്യം ഭരിച്ചു. ഒരുദിവസം അദ്ദേഹം ആഭരണങ്ങളോ രാജകീയ വസ്ത്രങ്ങളോ ധരിക്കാതെ സാധാരണ വേഷത്തില്‍ അന്തപ്പുരത്തില്‍ ഉലാത്തുകയായിരുന്നു. സ്വന്തം പ്രാഭവത്തില്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് ബാഹ്യവേഷഭൂഷാദികളില്‍ വലിയ താല്‍പ്പര്യമുണ്ടാവുകയില്ലല്ലോ. 
കൊട്ടാരത്തിനു വെളിയില്‍ നോക്കിയപ്പോള്‍ ചില ചണ്ഡാളന്മാര്‍ കൂട്ടംകൂടി നിന്ന്  തനിക്കു പരിചിതമായ ചില പാട്ടുകള്‍ പാടുന്നു. അദ്ദേഹവും കൊട്ടാരത്തിനു വെളിയില്‍ ഇറങ്ങി  ആ കൂട്ടത്തില്‍ ചേര്‍ന്നു പാട്ടുകള്‍ പാടാന്‍ തുടങ്ങി. കൂട്ടത്തില്‍ പ്രായമായ ഒരാള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ‘എടാ കടഞ്ചാ നീയെന്താണിവിടെ? നിന്റെ പാട്ടിനു സമ്മാനമായി ഇവിടുത്തെ രാജാവ് നിനക്ക് എന്തൊക്കെ തന്നു? തന്നെക്കണ്ടിട്ടെനിക്ക് സന്തോഷമായി. പഴയ കൂട്ടുകാരെ കാണുന്നതില്‍ ആരാണ് സന്തോഷിക്കാത്തത്?’

ഗാവലന്‍, കിഴവന്റെ ഈ സന്തോഷപ്രകടനം കണ്ടില്ലെന്നു നടിച്ച് കൊട്ടാരത്തിനുള്ളിലേയ്ക്ക് വേഗം തിരിച്ചുപോയി. എന്നാല്‍ രാജകൊട്ടാരത്തിലെ വനിതകളും പ്രമാണിമാരും ദൂരെനിന്നിതു കാണുന്നുണ്ടായിരുന്നു. അവര്‍ അത്ഭുതപ്പെട്ടു.  

അവരുടെ അമ്പരപ്പ് മാറിയില്ല. തങ്ങളുടെ രാജാവ് അസ്പര്‍ശ്യനായ വെറുമൊരു ചണ്ഡാളനാണെന്ന്  അവര്‍ക്ക് വിശ്വസിക്കാനായില്ല. അവര്‍ അദ്ദേഹത്തെ അവഗണിക്കാന്‍ തുടങ്ങി. നാറുന്നൊരു ശവത്തെയെന്നപോലെ രാജാവിനെ അവര്‍ വെറുത്തു തുടങ്ങി. മന്ത്രിമാരും രാജ്ഞിമാരും ദാസികളുമെല്ലാം അദ്ദേഹത്തെ അവഗണിച്ചു. ഗാവലന്‍ തന്റെ പൂര്‍വ്വരൂപത്തിലായി. കറുത്തിരുണ്ട്, ഗര്‍ഹണീയനായ ഒരു കാട്ടുജാതിക്കാരന്‍. തന്നെ.

നഗരവാസികളാരും അദ്ദേഹത്തെ വകവെച്ചില്ല. അദ്ദേഹത്തെ കാണുമ്പോഴേ അവര്‍ വഴിമാറി നടന്നു. കൊട്ടാരത്തില്‍ ആളുകള്‍ക്കിടയില്‍ വസിക്കുമ്പോഴും അദ്ദേഹം തികച്ചും ഒറ്റപ്പെട്ടിരുന്നു. രാജാവാണെങ്കിലും താന്‍ ഒരഗതിയായി എന്ന് അദ്ദേഹത്തിനു തോന്നി. ആരും രാജാവിനോട് മിണ്ടാതെയായി. അദ്ദേഹത്തിന്‍റെ ഉത്തരവുകള്‍ നടപ്പിലാക്കാതെയായി.

നഗരത്തിലെ നേതാക്കന്മാര്‍ യോഗംകൂടി ഇങ്ങിനെ പറഞ്ഞു.’കഷ്ടം! നായകളെ വേവിച്ചു തിന്നുന്ന ഈ കാട്ടുജാതിക്കാരനെ സ്പര്‍ശിക്കുകയാല്‍ നാമെല്ലാം അശുദ്ധരായിരിക്കുന്നു. മരണത്താലല്ലാതെ ഈ അശുദ്ധി നമ്മില്‍ നിന്നകലുകയില്ല. നമുക്കൊരു വന്‍ചിതയൊരുക്കി അതില്‍ചാടി ഈ നശിച്ച ജീവിതമാവസാനിപ്പിക്കാം. അങ്ങിനെ നമ്മുടെ ആത്മാവിനെ പരിശുദ്ധമാക്കാം.’ ഇങ്ങിനെ നിശ്ചയിച്ച് അവര്‍ വലിയൊരു ചിത കൂട്ടി. ഓരോരുത്തരായി അവര്‍ ചിതയില്‍ച്ചാടി. അങ്ങിനെ നാട്ടിലെ മുതിര്‍ന്നവരൊക്കെ ജീവനൊടുക്കിക്കഴിഞ്ഞപ്പോള്‍ നാട്ടില്‍ അരാജകത്വം നടമാടി.

ഗാവല രാജാവാലോചിച്ചു. “കഷ്ടം! ഞാന്‍ കാരണമാണിതൊക്കെ വന്നു കൂടിയത്! “ഞാനിനിയെന്തിനു ജീവിക്കാണം? മരണമാണെനിക്കഭികാമ്യം. മാറ്റുള്ളവരാല്‍ അപമാനിതനായി ജീവിക്കുന്നതിലും ഭേദം മരണം വരിക്കുകയാണ്.” ഇങ്ങിനെ പറഞ്ഞു ഗാവലനും നിശ്ശബ്ദനായി ചിതയില്‍ച്ചാടി മരണം വരിച്ചു. അഗ്നി ഗാവലന്റെ ശരീരത്തെ ആഹരിച്ചു തുടങ്ങിയപ്പോള്‍ ജലത്തില്‍ മുങ്ങി ധ്യാനമഗ്നനായി നാമം ജപിച്ചിരുന്ന ഗാധിയ്ക്ക് തന്റെ ബോധം വീണ്ടുകിട്ടി.

ഒരു ദിനംകൂടി അവസാനിച്ചു. കഥ പറച്ചില്‍ നിര്‍ത്തി സഭ പിരിഞ്ഞു.

Jan 28, 2013

261 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 261


ഏവം സ ശ്വപചോ രാജ്യം പ്രാപ കീരപുരാന്തരേ
ആരണ്യം ഹരിണം പുഷ്ടമപ്രാണമിവ വായസ:   (5/45/44)

വസിഷ്ഠന്‍ തുടര്‍ന്നു: ജലത്തില്‍ അപ്പോഴും മുങ്ങിയിരുന്ന ഗാധി താന്‍ ഭൂതമണ്ഡലം എന്ന ഒരിടത്തെ ഒരു ഗോത്രവനിതയുടെ ഗര്‍ഭത്തില്‍ ഭ്രൂണഭാവത്തില്‍ കിടക്കുന്നതായിക്കണ്ടു. ആ സ്ത്രീശരീരത്തിനകത്തെ ഗര്‍ഭത്തിനുള്ളില്‍ മാംസവും ചോരയും മറ്റു വൃത്തികേടുകളും  തന്നെ വലയം ചെയ്തിരിക്കുന്നതായി ഗാധിയറിഞ്ഞു. കാലക്രമത്തില്‍ ആ സ്ത്രീ ഒരു ബാലനെ പ്രസവിച്ചു. കുറച്ചുസമയം ആ കുട്ടി സ്വന്തം മലത്തില്‍ കിടന്നുരുണ്ടു !. അച്ഛനമ്മമാരെപ്പോലെ കറുത്ത ദേഹം. കുട്ടി വീട്ടിലെ ഓമനയായി വളര്‍ന്നു. അങ്ങിനെ അയാളൊരു സുന്ദര തരുണനായിത്തീര്‍ന്നു. നല്ലൊരു വേട്ടക്കാരനായിരുന്നു അയാള്‍ . ഒരു ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടിയെ അയാള്‍ വിവാഹവും ചെയ്തു. കാട്ടിലയാള്‍ സ്വതന്ത്രനായി വിഹരിച്ചു ജീവിച്ചു .

അയാളുടെ ജീവിതം ഊര് ചുറ്റുന്ന നാടുതെണ്ടികളുടേതായിരുന്നു. ചിലപ്പോള്‍ കുറ്റിച്ചെടികള്‍ക്കിടയിലയാള്‍ ഒളിച്ചു. ചിലപ്പോള്‍ ഗുഹകളില്‍ അഭയം തേടി. അയാള്‍ താമസംവിനാ ഒരു പിതാവായി. അയാളെപ്പോലെതന്നെ ദുഷ്ടസ്വഭാവികളും ക്രൂരവിനോദികളുമായിരുന്നു അയാളുടെ മക്കള്‍ .

അയാള്‍ക്ക്‌ വലിയൊരു കുടുംബമുണ്ടായിരുന്നു. അനേകം ബന്ധുക്കളും സുഹൃത്തുക്കളും. അയാള്‍ക്ക്‌ വയസ്സായി. ബന്ധുമിത്രാദികള്‍ ഓരോരുത്തരായി മരിച്ചു. അയാളെ മരണം കൊണ്ടുപോവാത്തതുകൊണ്ടയാള്‍ അന്യരാജ്യങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. പലയിടങ്ങളിലും സഞ്ചരിച്ചു. അങ്ങിനെ നടക്കുമ്പോള്‍ ഐശ്വര്യസമ്പന്ന സമ്പൂര്‍ണ്ണമായ ഒരു വലിയ നഗരത്തിലെത്തിച്ചേര്‍ന്നു. നെറ്റിപ്പട്ടം കെട്ടിയ ഒരാന തലസ്ഥാന നഗരവാതില്‍ക്കല്‍ നില്‍ക്കുന്നു. ഈ ആനയ്ക്കൊരു പ്രത്യേക ദൗത്യമുണ്ടായിരുന്നു. നഗരത്തിലെ രാജാവ് അവകാശികളായി മക്കളില്ലാതെ അടുത്തയിടയ്ക്ക് മരണപ്പെട്ടിരുന്നു. ആ രാജ്യത്തിലെ രീതിയനുസരിച്ച് ഈ രാജകീയനായ ആനയാണ് അടുത്ത രാജാവിനെ തിരഞ്ഞെടുക്കേണ്ടത്.

ആഭരണവ്യാപാരി രത്നക്കല്ല് തേടുംപോലെ ആന  രാജപദവിക്കു യോജിച്ച ഒരാളെ തിരഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് കാട്ടുജാതിക്കാരനായ അയാളവിടെയെത്തുന്നത്. വേട്ടക്കാരനായ ഗാധി ആനയെ സാകൂതം സൂക്ഷിച്ചു നോക്കി. പെട്ടെന്ന് ആന ഗാധിയെ തുമ്പിക്കൈകൊണ്ട് തൂക്കിയെടുത്ത് അതിന്റെ പുറത്തിരുത്തി. ഉടനെ തന്നെ നഗരത്തില്‍ പെരുംപറയും ശബ്ദകോലാഹലങ്ങളും തുടങ്ങി. ‘മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്ന് വിളിച്ചുപറഞ്ഞു ജനം ഓടിക്കൂടി. ആനയങ്ങിനെ  രാജാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞു.

കേവലം കാട്ടുജാതിക്കാരനും നായാട്ടുകാരനുമായ ഗാധി ഇപ്പോള്‍ കൊട്ടാരത്തിലാണ്. സുന്ദര തരുണികള്‍ അദ്ദേഹത്തെ കുളിപ്പിച്ച് അണിയിച്ചൊരുക്കി. വിലയേറിയ ആഭാരണങ്ങള്‍ അണിയിച്ചു. മാലയിട്ടു. സുഗന്ധം പൂശി. വെറുമൊരു വേടനായിരുന്നവന്‍ പൊടുന്നനവേ ഒരു രാജാവായി തിളങ്ങി. രാജകീയ ഛിഹ്നങ്ങളും കിരീടവും അണിഞ്ഞു. സിംഹാസനത്തില്‍ അദ്ദേഹം ആസനസ്ഥനായി.

 “അങ്ങിനെ ഗോത്രവര്‍ഗ്ഗക്കാരനായ ഒരു വേടന്‍ കിരാപുരമെന്ന രാജ്യത്തിന്റെ രാജാവായി.” രാജഭോഗങ്ങളെല്ലാം അദ്ദേഹം ആസ്വദിച്ചു തുടങ്ങി. കാലക്രമത്തില്‍ രാജഭരണം അയാള്‍ക്ക്‌ വശമായി. അദ്ദേഹം ഗാവലന്‍ എന്ന പേരില്‍ പ്രശസ്തനായ ഒരു രാജാവായി ഏറെക്കാലം ഭരണം നടത്തി.

Jan 27, 2013

260 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 260


രാമാ പര്യവസാനേയം മായാ സംസൃതിനാമികാ
ആത്മചിത്തജയേനൈവ ക്ഷയമായാതി നാന്യഥാ (5/44/1)


വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, ഈ ജനനമരണചക്രം അവസാനമില്ലാത്ത ഒന്നാണ്. മനസ്സിനെ പൂര്‍ണ്ണമായും വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ഈ മായക്കാഴ്ച്ചയ്ക്ക് അവസാനമുണ്ടാവുകയുള്ളു.” 

ഇത് വ്യക്തമാക്കാന്‍ ഞാന്‍ ഒരു കഥ പറയാം. കോസലം എന്നൊരു രാജ്യത്ത് ഗാധി എന്നുപേരായ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അതീവ ധര്‍മ്മിഷ്ഠനും പണ്ഡിതനുമായിരുന്നു ഗാധി. ചെറുപ്പത്തിലെ തന്നെ നിര്‍മമത, സന്യാസത്തോടുള്ള അഭിനിവേശം തുടങ്ങിയ ഗുണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു. തപസ്സനുഷ്ഠിക്കാനായി അദ്ദേഹം ഒരിക്കല്‍ കാട്ടില്‍പ്പോയി. വിഷ്ണുപ്രീതിയ്ക്കായി അവിടെയൊരു നദിയിലിറങ്ങിനിന്ന് മന്തോച്ചാരണങ്ങളോടെ അദ്ദേഹം തപം ചെയ്ത് മനസ്സിനെ പരിശുദ്ധമാക്കി.

എട്ടു മാസങ്ങളങ്ങിനെ കഴിഞ്ഞപ്പോള്‍ വിഷ്ണു ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ‘നിനക്കെന്തു വരമാണ് വേണ്ടത്?’ ഭഗവാന്‍ ചോദിച്ചു.

ഗാധി പറഞ്ഞു: ഭഗവാനെ, എല്ലാ ജീവജാലങ്ങളെയും അവിദ്യയില്‍ അടക്കി നിര്‍ത്തുന്ന മായാശക്തിയെ എനിക്കൊന്നു നേരില്‍ക്കാണണം. ഭഗവാന്‍ പറഞ്ഞു: നീ മായയെ കണ്ടുകഴിഞ്ഞാല്‍പ്പിന്നെ നിന്റെയുള്ളിലെ മായക്കാഴ്ചകളും വിഷയ-വസ്തുബോധവും ധാരണകളുമെല്ലാം നീ ക്ഷണത്തിലുപേക്ഷിക്കും. ഭഗവാന്‍ അപ്രത്യക്ഷനായി. ഗാധി വെള്ളത്തില്‍ നിന്നും എഴുന്നേറ്റു. അദേഹം സംപ്രീതനും സന്തുഷ്ടനുമായിരുന്നു.

പിന്നീട് കുറേക്കാലം ഗാധി പലവിധത്തിലുള്ള പവിത്ര കര്‍മ്മങ്ങളിലേര്‍പ്പെട്ടിരുന്നു. വിഷ്ണുഭഗവാന്റെ ദര്‍ശനത്തില്‍ നിന്നുണ്ടായ ആനന്ദാതിരേകം അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഭഗവാന്റെ വാക്കുകളെ മനനം ചെയ്തുകൊണ്ട് ഒരുദിനം അദ്ദേഹം കുളിക്കാനായി നദിക്കരയില്‍ച്ചെന്നു. ജലത്തില്‍ മുങ്ങവേ അദ്ദേഹം താന്‍ മരിച്ചുപോയതായും ചുറ്റും ആളുകള്‍ ശോകാര്‍ത്തരായി കരയുന്നതായും കണ്ടു. ശരീരം ചേതനയറ്റ് വിളറിവീണു പോയിരുന്നു. അനേകം ബന്ധുമിത്രാദികള്‍ ചുറ്റും നിന്നു വിതുമ്പുന്നു. ഭാര്യയുടെ കണ്ണീര്‍ അണപൊട്ടിയതുപോലെ ഒഴുകുന്നു. അവള്‍ കാലില്‍ കെട്ടിപ്പിടിച്ചു കരയുമ്പോള്‍ അമ്മ തന്റെ മുഖം ചേര്‍ത്തു പിടിച്ചു തേങ്ങുന്നു. അനേകം ബന്ധുക്കള്‍ ചുറ്റിലും ദു:ഖാര്‍ത്തരായി വിലപിക്കുന്നു. താനവരുടെ മദ്ധ്യത്തില്‍ ദീര്‍ഘ നിദ്രയിലോ ധ്യാനത്തിലോ എന്നവണ്ണം പ്രശാന്തനായി കിടക്കുന്നതും അദ്ദേഹം കണ്ടു. വിലാപങ്ങളെല്ലാം കേട്ട് എന്താണിതെന്റെ അര്‍ത്ഥം എന്നദേഹം അത്ഭുതപ്പെട്ടു. ബന്ധുതയുടെയും മിത്രഭാവത്തിന്റെയും സവിശേഷതകളെപ്പറ്റി അദ്ദേഹം ആലോചിച്ചു. താമസംവിനാ ശരീരം ശ്മശാനത്തിലേയ്ക്ക് ദാഹിപ്പിക്കാനായി കൊണ്ടുപോയി. ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ ശരീരം ചിതയിലേയ്ക്ക് വച്ചു. ചിതയ്ക്ക് തീകൊളുത്തിയതോടെ അഗ്നി അതിനെ ആര്‍ത്തിയോടെ വിഴുങ്ങി. ഗാധിയുടെ ശരീരത്തിനന്ത്യമായി.  

Jan 26, 2013

259 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 259


ഇതാദപ്യാത്മനൈവാത്മാ ഫലമാപ്നോതി ഭാഷിതം
ഹരിപൂജാക്രമാഖ്യേന നിമിത്തേനാരിസൂദന  (5/43/33)

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ വിഷ്ണുവിനെയും മറ്റു ദേവതകളെയും പൂജിക്കുന്നതുപോലെ നിനക്ക് ആത്മപൂജയും ചെയ്യാമല്ലോ? വിഷ്ണു എല്ലാവരുടെയും ഉള്ളിന്റെയുള്ളില്‍ സ്ഥിതി ചെയ്യുന്നു. അകത്തുള്ള ഈ വിഷ്ണുവിനെ ഉപേക്ഷിച്ച് പുറത്തുള്ള മറ്റേതോ വിഷ്ണുവിനെ തിരഞ്ഞുപോകുന്നത് കേവലം നികൃഷ്ടരായവര്‍ മാത്രമാണെന്ന് പറയാം. എല്ലാ ജീവികളുടെയും ഹൃദയ ഗുഹയിലാണ് ഭഗവാന്റെ വാസം. അതാണ്‌ ഭഗവാന്റെ ശാശ്വതമായ ദേഹവും ഗേഹവും. ശംഖുചക്രഗദാധാരിയായി കാണപ്പെടുന്ന ആ രൂപം ആപേക്ഷികമായിപ്പറഞ്ഞാല്‍ വെറും രണ്ടാംതരമത്രേ. ആത്യന്തികമായ സത്യവസ്തുവിനെ ഉപേക്ഷിച്ച്, താഴെക്കിടയിലുള്ള വസ്തുക്കളെ സമാശ്രയിക്കുന്നത് തികച്ചും ഫലപ്രദമായ ഒരൌഷധത്തെ വേണ്ടെന്നു വെച്ച് മറ്റു വിഫല ചികിത്സാമാര്‍ഗ്ഗങ്ങള്‍ക്ക് പിറകെ ഓടുന്നതുപോലെ അപഹാസ്യമാണ് . 
  
സ്വയം എകാഗ്രചിത്തത്തോടെ അന്തര്യാമിയായ ആത്മാവിനെ ധ്യാനിക്കാനും അങ്ങിനെ ആത്മജ്ഞാനമാര്‍ജ്ജിക്കുവാനും കഴിയാത്തവര്‍ വിഷ്ണുഭഗവാന്റെ ബാഹ്യരൂപത്തെ പൂജിച്ചു കഴിയുന്നതു നല്ലതാണ്. കാരണം ഈ ആചാരങ്ങള്‍ ഉചിതമായി അനുഷ്ഠിക്കുമ്പോള്‍ മനസ്സ് ക്രമേണ പരിശുദ്ധി പ്രാപിച്ച് നിറഭേദങ്ങളൊടുങ്ങി പ്രശാന്തമാവുന്നു. അങ്ങിനെ മനസ്സ് പാകപ്പെട്ട് ആനന്ദത്തോടെ ആത്മജ്ഞാനത്തിനു യോഗ്യമാവുന്നു. 
 
“വാസ്തവത്തില്‍ അന്തിമ ഫലപ്രാപ്തിയുണ്ടാവുന്നത് ഞാന്‍ പറഞ്ഞതുപോലെ  ആത്മനിഷ്ഠമായിത്തന്നെയാണ്. വിഷ്ണുപൂജയെന്നൊക്കെ പറയുന്നത് അതിനുള്ള രൊഴികഴിവു  മാത്രമാണ്.” വിഷ്ണുപൂജ വഴി ലഭിക്കുന്ന വരങ്ങളും അനുഗ്രഹങ്ങളുമെല്ലാം വാസ്തവത്തില്‍ ഒരുവന്റെ ആത്മാന്വേഷണത്തിന്റെ ഫലമായി ആത്മാവില്‍നിന്നുതന്നെ ഉപലബ്ധമാവുന്നതത്രേ. എല്ലാവിധത്തിലുള്ള ഭക്ഷണസാമഗ്രികളുടെയും അടിസ്ഥാനം ഭൂമിയാണെന്നതുപോലെ വിവിധ പൂജാപദ്ധതികളും അവയുടെ പരിണിതഫലങ്ങളും ഒരുവന്റെ മനോനിയന്ത്രണത്തെയും അറിവിനെയും അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. മണ്ണുഴുതുമറിക്കുന്നതിനും കല്ലുകള്‍ മാറ്റി നിലം പാകമാക്കുന്നതിനും പോലും മനോനിയന്ത്രണം കൂടിയേ തീരൂ എന്നതും ഒരനുബന്ധമായിപ്പറയാം.          

പരിപൂര്‍ണ്ണ മനോനിയന്ത്രണം വന്നു മനസ്സില്‍ പരമപ്രശാന്തിയും സമതാബുദ്ധിയും കളിയാടിയാലല്ലാതെ ജനനമരണചക്രത്തില്‍ ആയിരം തവണ ചുറ്റിയാലും ഈ ആവര്‍ത്തനത്തിനൊരവസാനമുണ്ടാകയില്ല. വഴിവിട്ടുവികലമായ മനസ്സിന്നുടമയായ ഒരുവനെ അതുണ്ടാക്കുന്ന ദുരിതാനുഭവങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ദേവന്മാര്‍ക്കോ ത്രിമൂര്‍ത്തികള്‍ക്ക് പോലുമോ ഇത്രിലോകത്തിലും സാധിക്കുകയില്ല. അതുകൊണ്ട് രാമാ, അകത്തുള്ളതായാലും പുറത്തുള്ളതായാലും വിഷയവസ്തുക്കളുടെ സമൂര്‍ത്തഭാവമെന്ന പ്രതിഭാസത്തില്‍ ഭ്രമിക്കാതിരിക്കൂ. നിരന്തരവും നിത്യസത്യവുമായ ബോധത്തെക്കുറിച്ചുള്ള ധ്യാനം ആവര്‍ത്തിച്ചു ചുറ്റുന്ന ജനനമരണചക്രം നിര്‍ത്താന്‍ അനിവാര്യമാണ്.  
  
ആ നിത്യശുദ്ധബോധത്തെ അനുഭവിച്ചറിയൂ. സത്യത്തില്‍ അതുമാത്രമാണെല്ലാടവും നിലകൊള്ളുന്നത്. എല്ലാവിധ വിഷയബോധവും, ധാരണകളും ആശാസങ്കല്‍പ്പങ്ങളും ഉറച്ച മനസ്സോടെ നിരാകരിച്ച് അനന്തവും അചലവും മാറ്റങ്ങള്‍ക്ക് വശംവദമാവാത്തതുമായ ആ അനന്താവബോധത്തെ ധ്യാനിക്കൂ. നിനക്കങ്ങിനെ തീര്‍ച്ചയായും പ്രത്യക്ഷലോകമെന്ന ഈ നദിയുടെ മറുകരയണയാന്‍ കഴിയും. പുനര്‍ജന്മങ്ങളില്‍നിന്ന് മുക്തിയും സാദ്ധ്യമാവും.   

Jan 25, 2013

258 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 258


ആരാദ്ധ്യാത്മനാത്മാനമാത്മനാത്മാനമര്‍ച്ചയാ
ആത്മനാത്മനമാലോക്യ സംതിഷ്ഠസ്വാത്മനാത്മനി (5/43/19)

രാമന്‍ ചോദിച്ചു: മഹാത്മന്‍, അങ്ങു പറഞ്ഞു വിഷ്ണുഭഗവാന്റെ കൃപയാലാണ് പ്രഹ്ലാദന് പ്രബുദ്ധത കൈവന്നതെന്ന്. എല്ലാക്കാര്യങ്ങളും സ്വപരിശ്രമങ്ങളാലാണ് സാധിക്കുകയെങ്കില്‍ വിഷ്ണു കൃപ കൂടാതെ തന്നെ അദ്ദേഹത്തിനു പ്രബുദ്ധനാവാന്‍ കഴിയുമായിരുന്നില്ലേ?

വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും പ്രഹ്ലാദന്‍ എന്തെല്ലാം നേടിയോ അതെല്ലാം സ്വപ്രയത്നഫലമായാണ്. കാരണം വിഷ്ണു ആത്മാവാണ്. ആത്മാവ് വിഷ്ണുവും. വാക്കുകള്‍ അവയുടെ സ്വതവേയുള്ള പരിമിതികളോടെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ധാരണാ വ്യത്യാസമാണ് ഈ ചിന്താക്കുഴപ്പത്തിന് കാരണം. പ്രഹ്ലാദനിലെ ആത്മാവാണല്ലോ അദ്ദേഹത്തില്‍ വിഷ്ണുഭക്തി ഉണ്ടാക്കിയത്. പ്രഹ്ലാദന്‍ വിഷ്ണുഭാഗവാനില്‍ നിന്നും, അതായത് തന്റെ തന്നെ ആത്മാവില്‍ നിന്നും ആത്മാന്വേഷണത്വര ഉണ്ടാകണം എന്നൊരു വരമാണ്  വാങ്ങിയത്. കാരണം അപ്രകാരമുള്ള അന്വേഷണമാണല്ലോ ആത്മജ്ഞാനത്തില്‍ കലാശിക്കുക.

ചിലപ്പോള്‍ ഇപ്രകാരം ഉള്ള സ്വപ്രയത്നത്താല്‍ ജ്ഞാനോദയമുണ്ടാവും. മറ്റു ചിലപ്പോള്‍ ഈ പ്രയത്നം വിഷ്ണുവിനോടുള്ള തീവ്രഭക്തിയായും പ്രകടമാവും അങ്ങിനെയും പ്രബുദ്ധത കൈവരിക്കാം. ഏറെക്കാലം വിഷ്ണുഭക്തിയോടെ ജീവിച്ചാലും ആത്മജ്ഞാനനിരതനല്ലാത്ത ഒരാള്‍ക്ക് പ്രബുദ്ധതയെന്ന വരം അദ്ദേഹം കൊടുക്കുകയില്ല. അതുകൊണ്ട് ആത്മജ്ഞാനത്തിനു ആദ്യമായി വേണ്ടത് ആത്മാന്വേഷണം തന്നെയാണ്. ആനുഗ്രഹം, കൃപ തുടങ്ങിയ കാര്യങ്ങളെല്ലാം രണ്ടാമത് വരുന്നവയാണ്. അതുകൊണ്ട് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആത്മീയപാതയില്‍ സഞ്ചരിച്ച് മനസ്സിനെ അത്മാന്വേഷണത്തിലേയ്ക്ക് ഉന്മുഖമാക്കിയാലും.

സ്വപ്രയത്നത്തെ ആശ്രയിച്ച് സംസാരസാഗരത്തെ കടന്നു മറുകരയെത്തുക. സ്വപ്രയത്നം കൂടാതെ തന്നെ വിഷ്ണുദര്‍ശനം കിട്ടുമെന്നാണ് നീ കരുതുന്നതെങ്കില്‍ പക്ഷിമൃഗാദികള്‍ക്ക് ആ ദര്‍ശനം അദ്ദേഹം നല്‍കാത്തതെന്തുകൊണ്ടാണ്? ഗുരുകൃപ കൊണ്ട് മാത്രം ഒരുവനെ ഉയര്‍ത്തിക്കൊണ്ടുവരാം എന്നുണ്ടെങ്കില്‍ ആ ഗുരു എന്തുകൊണ്ടാണ് ഒരു കാളയ്ക്കോ ഒട്ടകത്തിനോ ഈ സൌഭാഗ്യം നല്‍കാത്തത്? മനസ്സിനെ പൂര്‍ണ്ണമായി അടക്കി സ്വപ്രയത്നം കൊണ്ട് മാത്രമേ എന്തും നേടുവാനാവൂ. ഈശ്വരന്‍, ഗുരു, ധനം എന്നല്ല, മറ്റൊന്നിനും സ്വപ്രയത്നത്തിനു പകരം നില്‍ക്കാനാവില്ല. എല്ലാ മാനസീകോപാധികളുടേയും നിറഭേദങ്ങളൊഴിഞ്ഞ മനസ്സും ഉറച്ച ആത്മനിയന്ത്രണവും വഴി നേടാന്‍ കഴിയാത്ത ആ തലം മറ്റൊരു മാര്‍ഗ്ഗം വഴിയും സ്വായത്തമാക്കാന്‍ കഴിയുകയില്ല തന്നെ.

"അതുകൊണ്ട് ആത്മാവിനെ ആത്മാവില്‍ത്തന്നെ ആദരിക്കുക. പൂജിക്കുക. അങ്ങിനെ ആത്മാവില്‍ത്തന്നെ ആത്മാവായി സ്വയം അടിയുറപ്പിക്കുക.” ആത്മാന്വേഷണ പാതയില്‍ നിന്നും വ്യതിചലിച്ചും, ശാസ്ത്രപഠനത്തില്‍ വിമുഖരായും നില്‍ക്കുന്നവരെ നന്മയിലേയ്ക്ക് തിരിക്കാനാവണം വിഷ്ണു ഭഗവാനോടുള്ള ഭക്തിയും അതിനുള്ള പൂജകളും ഒരു പ്രസ്ഥാനമായി മഹാത്മാക്കള്‍ സ്ഥാപിച്ചിരിക്കുന്നത്. നിസ്തന്ദ്രമായ, മനസ്സുറപ്പുള്ള, ആത്മാന്വേഷണമാണ് ഉത്തമം. അതില്ലാത്ത പക്ഷം മറ്റു മാര്‍ഗ്ഗങ്ങളാവാം എന്ന് മാത്രം.  

ഇന്ദ്രിയങ്ങള്‍ പൂര്‍ണ്ണമായും വരുതിയിലായാല്‍പ്പിന്നെ  പൂജാദികള്‍കൊണ്ടെന്തു കാര്യം? ആത്മാന്വേഷണം വഴിയുണ്ടാവുന്ന പ്രശാന്തത കൂടാതെ വിഷ്ണുഭക്തിയോ ആത്മജ്ഞാനമോ ഉണ്ടാവുക അസാദ്ധ്യം. അതുകൊണ്ട് ആത്മാന്വേഷണം തുടരുക. അനാസക്തി പരിശീലിക്കുക. അങ്ങിനെ ആത്മാവിനെ പൂജിക്കുക. ഇതില്‍ എത്രത്തോളം വിജയിക്കുന്നുവോ നിനക്ക് അത്രതന്നെ പൂര്‍ണ്ണത്വം പ്രാപിക്കാം. അതില്ലെങ്കില്‍ നിന്റെ ജീവിതം ഒരു കാട്ടുകഴുതയുടേതില്‍ നിന്നും വിഭിന്നമല്ല.

Jan 24, 2013

257 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 257


ആത്മാവലോകനേനാശു മാധവ: പരിദൃശ്യതേ
മാധവാരാധനേനാശു സ്വയമാത്മാവലോക്യതേ (5/42/21)

വസിഷ്ഠന്‍ തുടര്‍ന്നു: അത്രയും പറഞ്ഞ് വിഷ്ണുഭഗവാന്‍ അസുരന്മാരുടെ അടുത്തുനിന്നും വിടവാങ്ങി. ഭഗവല്‍പ്രസാദത്താല്‍ ദേവന്മാരും അസുരന്മാരും മനുഷ്യരുമെല്ലാം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സന്തോഷമായി കഴിഞ്ഞുവന്നു. ഇതാണ് പ്രഹ്ലാദ ചരിതം. രാമാ, ഹൃദയത്തിലെ ആശുദ്ധികളെ ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണിക്കഥ. പാപികളായാലും ദുഷ്ടരായാലും ഈ കഥ കേട്ട് അതിനെക്കുറിച്ചു മനനം ചെയ്‌താല്‍ അവരുടെ ബോധം ഉയര്‍ന്ന തലങ്ങളിലെത്തിച്ചേരും. ഈ കഥയിലേയ്ക്ക് അല്‍പ്പമാത്രം ശ്രദ്ധ ചെലുത്തിയാല്‍ത്തന്നെ ഒരുവന്റെ പാപമെല്ലാം നശിക്കുന്നു. എന്നാലാ ശ്രദ്ധ യോഗമാര്‍ഗ്ഗത്തിലാണെങ്കിലോ, അവന്‍ ഉയര്‍ന്ന ബോധതലത്തെ പ്രാപിക്കും, നിശ്ചയം. പാപം എന്നത് അജ്ഞാനമാണ്. അന്വേഷണത്തില്‍ അത് പാടേ നശിക്കുന്നു. അതുകൊണ്ട് നാം അന്വേഷണം ഒരിക്കലും ഉപേക്ഷിക്കരുത്.

രാമന്‍ ചോദിച്ചു: മഹാത്മന്‍, അതീന്ദ്രിയ ധ്യാനാവസ്ഥയിലിരുന്ന പ്രഹ്ലാദന്‍ എങ്ങിനെയാണ് ശംഖുനാദം കേട്ടപ്പോള്‍ ഉണരാനിടയായത്?

വസിഷ്ഠന്‍ പറഞ്ഞു: മുക്തിയെന്നത് രണ്ടുതരമാണ് രാമാ. ഒന്ന്‍ ദേഹത്തോട് കൂടിയതും (ജീവന്മുക്തി) മറ്റേത് ദേഹമില്ലാതെയും (വിദേഹമുക്തി). ജീവന്മുക്തനില്‍ മനസ്സ് പരിപൂര്‍ണ്ണമായും അനാസക്തമാണ്. യാതൊന്നിനോടും, നേടാനോ, ത്യജിക്കാനോ ഉള്ള കര്‍മ്മങ്ങളോടുപോലും ബന്ധമില്ലാത്ത അവസ്ഥ. എന്നാല്‍ ശരീരം വീണുകഴിഞ്ഞുള്ള അവസ്ഥയാണ് വിദേഹമുക്തി. ജീവന്മുക്തനില്‍ എല്ലാ വാസനകളും മനോപാധികളും വറുത്തെടുത്ത വിത്തുപോലെ ഇനിയുമൊരിക്കലും മുളപൊട്ടാത്തവയാണ്. ഇനിയൊരു ജന്മമെടുക്കാന്‍ അവ അവസരമുണ്ടാക്കുന്നില്ല. എന്നാല്‍ നിര്‍മലത, ആത്മജ്ഞാനം, വിശാലബുദ്ധി, തുടങ്ങിയ മനോപാധികള്‍ അയാളില്‍ നിലനില്‍ക്കുന്നുണ്ട്. അവ ദീര്‍ഘസുഷുപ്തിയിലുള്ളവന്റെ മനോവ്യാപാരങ്ങള്‍പോലെ നിര്‍ലീനമാണ്.      

ഈ മനോപാധികളുടെ അംശം ജീവന്മുക്തയോഗികളില്‍ ഉള്ളിടത്തോളം കാലം, നൂറിലേറെ കൊല്ലങ്ങള്‍ കഴിഞ്ഞാല്‍പ്പോലും  അവരെ ലോകബോധത്തിലേയ്ക്ക് തിരികെ ഉണര്‍ത്താന്‍ കഴിയും. ശംഖനാദം മുഴങ്ങിയപ്പോള്‍  പ്രഹ്ലാദന്റെ അവസ്ഥ അതായിരുന്നു. മാത്രമല്ല, ഭഗവാന്‍ വിഷ്ണു എല്ലാവരുടെയും ആത്മാവ് തന്നെയായതുകൊണ്ട് അവിടുത്തെ ഇച്ഛ നടപ്പാവാന്‍ കാലതാമസം ഉണ്ടാവുകയില്ലല്ലോ. അവിടുത്തെ അവതാരത്തിന് കാരണമൊന്നും വേണ്ട. എന്നാലാ അവതാരങ്ങള്‍ ഈ പ്രപഞ്ചത്തില്‍ അനന്തമായ മറ്റ്‌ ജീവജാലങ്ങളെ സൃഷ്ടിക്കാനായി ഉടലെടുക്കുന്നവയാണ്.     

“ആത്മജ്ഞാനമാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ ഭഗവാന്‍ വിഷ്ണുവിനെ പ്രാപിച്ചു എന്നര്‍ത്ഥം. വിഷ്ണുപൂജ കൊണ്ട് ആത്മസാക്ഷാത്കാരം പ്രാപ്യമാണ് .” രാമാ, നിസ്തന്ദ്രമായ അന്വേഷണത്തിലൂടെ പ്രഹ്ലാദന്റെ സ്ഥിതിയെ പ്രാപിക്കൂ. അങ്ങിനെ നിനക്കും പരംപൊരുളിനെ സാക്ഷാത്കരിക്കാം. ഹൃദയത്തില്‍ ആത്മാന്വേഷണത്തിന്റെ സൂര്യന്‍ ഉദിക്കാതിരുന്നാല്‍ മാത്രമേ ലോകം നിന്നെ ഭ്രമിപ്പിക്കുകയുള്ളു. വിഷ്ണുകൃപയും ആത്മജ്ഞാനവും ഉള്ളവനെ പ്രത്യക്ഷലോകമെന്ന സത്വത്തിന് ഭ്രമിപ്പിക്കാന്‍ കഴിയില്ല.

Jan 23, 2013

256 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 256


ഇദം സുഖ മിദം ദു:ഖമിദം നാസ്തീദമസ്തി മേ
ഇതി ദോളായിതം ചേതോ മുഢമേവ ന പണ്ഡിതം (5/41/12)

പ്രഹ്ലാദന്‍ പറഞ്ഞു: ഭഗവാനേ തളര്‍ച്ച കൊണ്ട് ഞാന്‍ ഒന്ന് മയങ്ങിപ്പോയി. അങ്ങയുടെ കൃപയാല്‍ ധ്യാനത്തിനും ധ്യാനത്തിലല്ലാത്ത അവസ്ഥയ്ക്കും തമ്മില്‍ അന്തരമൊന്നുമില്ലെന്നു എനിക്കറിവുണര്‍ന്നിരിക്കുന്നു.

അങ്ങയെ എന്റെയുള്ളില്‍ ഞാന്‍ ഏറെക്കാലമായി കണ്ടുകൊണ്ടിരിക്കുന്നു. ഭാഗ്യാതിരേകമെന്നു പറയട്ടെ, ഇപ്പോള്‍ ഇതാ അങ്ങെന്റെ മുന്നിലും വന്നിരിക്കുന്നു. ഈ പ്രത്യക്ഷലോകത്തെ ഭയപ്പെടാതെ, ശരീരമുപേക്ഷിക്കാന്‍ ആശയൊന്നുമില്ലാതെ, അനാസക്തിയെപ്പറ്റി ആകുലതകളില്ലാതെ, ഭ്രമചിന്തകളോ ദു:ഖങ്ങളോ അലട്ടാതെ, ഞാനാ അനന്താവബോധം എന്ന സത്യത്തെ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ആ എകാത്മകതയെ അറിഞ്ഞാല്‍പ്പിന്നെ ദു:ഖമെവിടെ? നാശമെവിടെ? ശരീരവും കാണപ്പെടുന്ന ഈ ലോകവുമെവിടെ? അവ നഷ്ടപ്പെട്ടാലുണ്ടാവുന്ന ഭയമെവിടെ? പൊടുന്നനെ എന്നിലുളവായ ആ അഭൗമബോധതലത്തിലായിരുന്നു ഞാനിത്രയും നാള്‍ .

‘ഈ ലോകമെത്ര നികൃഷ്ടം! ഞാനിതുപേക്ഷിക്കാന്‍ പോവുന്നു’ എന്ന് ചിന്തിക്കുന്നത് അജ്ഞാനികള്‍ മാത്രം. ശരീരമുള്ളപ്പോള്‍ ദു:ഖമുണ്ടെന്നും അതില്ലാത്തപ്പോള്‍ ദു:ഖനിവൃത്തിയായെന്നും ഉള്ള ചിന്തയും അജ്ഞത തന്നെയാണ്. “ഇത് സുഖം, ഇത് ദു:ഖം, ഇതതാണ്, ഇതതല്ല, എന്നെല്ലാമുള്ള ചാഞ്ചാട്ടം അജ്ഞാനിയുടെ ഉള്ളില്‍ മാത്രമേയുള്ളു. ജ്ഞാനിക്കതില്ല.” 

‘ഞാന്‍’, ‘മാറ്റുള്ളവര്‍ ’ എന്ന ധാരണകള്‍  വിവേകം ഇല്ലാതെ അജ്ഞാനികളായി തുടരുന്നവരില്‍ മാത്രമേയുള്ളു. അതുപോലെ ‘ഇതെനിക്ക് നേടണം’, ഇതെനിക്ക് ത്യജിക്കണം’ എന്നീ ചിന്തകളും അജ്ഞാനിക്കുണ്ട്. എല്ലാടവും നീ നിറഞ്ഞു വിളങ്ങുമ്പോള്‍ ‘മറ്റെന്താണ്’ നേടാനും കളയാനുമുള്ളത്? വിശ്വം മുഴുവനും നിറഞ്ഞുനില്‍ക്കുന്നത് ബോധമാണ്. അപ്പോള്‍പ്പിന്നെ എന്താണു 'നേടാനും കളയാനു'മുള്ളത്? ഞാന്‍ എന്നില്‍ത്തന്നെ ഇപ്രകാരമുള്ള മനനത്തോടെ ധ്യാനത്തില്‍  അഭിരമിക്കുകയായിരുന്നു. ഭാവാഭാവങ്ങളില്ലാതെ ത്യാജ്യ-ഗ്രാഹ്യ ധാരണകളില്ലാതെ ഞാനല്‍പ്പനേരം വിശ്രമത്തിലായിരുന്നു. എന്നില്‍ ആത്മജ്ഞാനം ഉണര്‍ന്നിരിക്കുന്നു. അങ്ങയെ പ്രസാദിപ്പിക്കാനായി എന്തുംചെയ്യാന്‍ ഞാനിതാ ഒരുങ്ങിനില്‍ക്കുന്നു. എന്റെ പ്രാര്‍ത്ഥന കൈക്കൊണ്ടാലും.

പ്രഹ്ലാദന്റെ പൂജയ്ക്ക് ശേഷം ഭഗവാന്‍ ഇങ്ങിനെ അരുളി: എഴുന്നേല്‍ക്കൂ പ്രഹ്ലാദാ, ദേവന്മാരും മാമുനിമാരും നിന്നെ വാഴ്ത്തുന്ന ഈ അവസരത്തില്‍ നിന്നെ പാതളചക്രവര്‍ത്തിയായി ഞാന്‍ അവരോധിക്കുന്നു. സൂര്യച്ന്ദ്രന്മാരുള്ളിടത്തോളം കാലം നീയീ പദവി അലങ്കരിച്ചാലും. കാമക്രോധലോഭാദികളുടെ വരുതിയില്‍പ്പെടാതെ സമതാഭാവത്തോടെ ഇവിടം സംരക്ഷിച്ചു വസിച്ചാലും. ദേവലോകത്തും മനുഷ്യലോകത്തും ആവശ്യമില്ലാത്ത ആശങ്കകളൊന്നുമുണ്ടാക്കാതെ ഐശ്വര്യരാജഭോഗങ്ങളെല്ലാം ആസ്വദിച്ചു ജീവിച്ചാലും.

ആലോചനകളിലും ഉദ്ദേശലക്ഷ്യങ്ങളിലും കാലം കളയാതെ ഉചിതമായ കര്‍മ്മങ്ങളിലേര്‍പ്പെടുമ്പോള്‍ അവ ‘കര്‍മ്മ’ങ്ങളല്ല. അവ നിന്നെ ബന്ധിക്കുകയില്ല. നിനക്കെല്ലാം അറിയാവുന്നതാണ്. ഞാനിനി പറഞ്ഞുതരേണ്ടതായി ഒന്നുമില്ല. ഇനിമുതല്‍ ദേവന്മാരും അസുരന്മാരും സൌഹൃദത്തില്‍ കഴിയുക. ദേവത്വവും അസുരത്വവും രമ്യതയിലാവട്ടെ. രാജന്‍, അജ്ഞാനത്തെ അടുപ്പിക്കാതെ അകലത്തു നിര്‍ത്തുക. എന്നിട്ട് പ്രബുദ്ധതയോടെ ഏറെക്കാലം ഈ ലോകം ഭരിച്ചാലും. 

Jan 22, 2013

255 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 255


ദേഹസംസ്ഥോപ്യദേഹത്ത്വാദദേഹോസി വിദേഹദൃക്  
വ്യോമസംസ്ഥോപ്യ സക്തത്വാദവ്യോമേവ ഹി മാരുത: (5/40/4)

ഭഗവാന്‍ തുടര്‍ന്നു: ദേഹം നിലനിന്ന്‍  അതിന്റെ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു ജീവിതം എന്ന് പറയുന്നു. ഈ ദേഹത്തെ മറ്റൊരു ദേഹം ലഭിക്കുവാനായി ഉപേക്ഷിക്കുന്നതിനു മരണം എന്നും പറയുന്നു. പ്രഹ്ലാദാ നീയീ രണ്ടവസ്ഥകളില്‍നിന്നും സ്വതന്ത്രനാണെന്നറിയുക. നിനക്ക് ജീവിതവും മരണവും തമ്മില്‍ അന്തരമേതുമില്ല. പൊതുവേയുള്ള ചില ധാരണകള്‍ ഞാന്‍ പറഞ്ഞുവെന്നേയുള്ളു. വാസ്തവത്തില്‍ ആരും ജീവിക്കുന്നും മരിക്കുന്നുമില്ല. “നീയീ ശരീരത്തില്‍ നിലകൊള്ളുമ്പോഴും നിനക്കൊരു ദേഹബോധമില്ലാത്തതിനാല്‍ നീ വിദേഹനാണ്. സാക്ഷിയായ നീ വസ്തുനിഷ്ഠമല്ലാത്ത ബോധമാണ്. വായു ആകാശത്തു നിലകൊള്ളുമ്പോഴും അത് ആകാശത്തോടൊട്ടി നില്‍ക്കാത്തതുപോലെയും, ആകാശത്താല്‍ പരിമിതപ്പെടാത്തതു പോലെയുമായാണാ ബോധം ശരീരത്തില്‍ നിലകൊള്ളുന്നത്.”      

എന്നാല്‍ പറഞ്ഞുവരുമ്പോള്‍ നീ ദേഹവുമാണ്. കാരണം ഇന്ദ്രിയങ്ങള്‍ സംവദിക്കുന്നത് നീയറിയുന്നുണ്ടല്ലോ. ആകാശം ചെടികള്‍ക്ക് വൃക്ഷമായി വളരാന്‍ ഇടം നല്‍കുന്നു. എന്നാല്‍ ആകാശമതിന്റെ വളര്‍ച്ചയെ നിജപ്പെടുത്തുന്നില്ലല്ലോ. നീ പ്രബുദ്ധനത്രേ. നിന്നില്‍ ദേഹം അല്ലെങ്കില്‍ മൂര്‍ത്തീഭാവമെന്നത് എന്താണ്? നിനക്കൊരു രൂപമുണ്ടെന്നു തോന്നുന്നത് അജ്ഞാനികളുടെ കണ്ണില്‍ മാത്രമാണ്. നീയെന്നും എപ്പോഴും എല്ലാമെല്ലാമായ ആ  പരമബോധപ്രകാശമാണ്. നിന്നെ സംബന്ധിച്ചിടത്തോളം ദേഹമോ ദേഹമില്ലായ്മയോ എന്താണ്? നിനക്ക് തള്ളാനും കൊള്ളാനും എന്താണുള്ളത്? വസന്തകാലമാണങ്കിലും  പ്രളയദിനമാണെങ്കിലും ജീവസംബന്ധിയായ എല്ലാ ആശയധാരണകള്‍ക്കും അതീതമായി വര്‍ത്തിക്കുന്നവനെന്ത് വ്യത്യാസം? എല്ലാ അവസ്ഥകളിലും അവന്‍ ആത്മജ്ഞാനത്തില്‍ ഉറച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും നാശമോ ഉയര്‍ച്ചയോ ഉണ്ടായിക്കൊള്ളട്ടെ, അവന്‍ ആത്മനിഷ്ഠനാണ്.

മാറ്റങ്ങള്‍ക്കു വിധേയമാകാതെയും മരണത്തിനു തൊടാന്‍ കഴിയാതെയും ഈ  ദേഹത്ത് പരമപുരുഷന്‍ കുടികൊള്ളുന്നു. ‘ഞാനീ ശരീരത്തിന്റെതാണെന്നോ, ഈ ശരീരം എന്റെതാണ്’ എന്നോ ഉള്ള ധാരണകളില്ലാതെയായാല്‍പ്പിന്നെ, ‘ഞാനിതുപേക്ഷിക്കും’, ‘ഞാനിതുപേക്ഷിക്കില്ല’; ‘ഞാനിത് ചെയ്തു’, ‘ഇനി ഞാനിത് ചെയ്യും’ തുടങ്ങിയ പ്രസ്താവനകള്‍ക്ക് യാതൊരര്‍ത്ഥവുമില്ല. പ്രബുദ്ധരായവര്‍ സദാ കര്‍മ്മനിരതരായിരിക്കുമ്പോഴും ഒന്നും ‘ചെയ്യുന്നില്ല’. കര്‍മ്മം ചെയ്യാതെയല്ല അവരീ കര്‍മ്മരഹിതമായ അവസ്ഥയെ പ്രാപിക്കുന്നത്. ഈ ‘കര്‍മ്മരാഹിത്യം നിന്നെ അനുഭവങ്ങളില്‍ നിന്നും സ്വതന്ത്രനാക്കും. വിത്തിടാതെയിരുന്നാല്‍  വിളവെടുക്കേണ്ടതായി വരികയില്ലല്ലോ. 
     
അങ്ങിനെ ‘ഞാന്‍ ചെയ്യുന്നു’, ‘ഞാന്‍ അനുഭവിക്കുന്നു’ തുടങ്ങിയ ധാരണകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ പ്രശാന്തിയായി, മുക്തിയായി. അങ്ങിനെയുള്ളയാള്‍ക്ക് എന്ത് സംന്യസിക്കാന്‍? എന്ത് നേടാന്‍? വിഷയ-വിഷയീ ഭാവങ്ങളില്ലാതെയായാല്‍ മാത്രമേ മുക്തിയുള്ളു. അങ്ങിനെ നിത്യമുക്തരായ നിന്നെപ്പോലുള്ളവര്‍ സദാ സുഷുപ്തിയിലെന്നവണ്ണം ഇഹലോകത്ത് വാഴുന്നു. പ്രഹ്ലാദാ, പകുതി ഉറക്കത്തിലെന്നപോലെ ഈ ലോകത്തെ കാണൂ. പ്രബുദ്ധര്‍ സന്തോഷത്തില്‍ അമിതമായി ആഹ്ലാദിക്കയോ ദു:ഖത്തില്‍ അമിതമായി വിലപിക്കുകയോ ചെയ്യുകയില്ല. അടുത്തുള്ള വസ്തുക്കളെ പ്രതിഫലിപ്പിക്കുന്ന സ്ഫടികം പ്രത്യേക ശ്രമമൊന്നും കൂടാതെ അനിച്ഛാപൂര്‍വ്വമാണല്ലോ പ്രവര്‍ത്തിക്കുന്നത്.

അവര്‍ ജ്ഞാനത്തില്‍ പൂര്‍ണ്ണമായും ഉണര്‍ന്നവരാണ്. എന്നാലവര്‍ ലോകദൃഷ്ടിയില്‍ ഉറക്കത്തിലെന്നവണ്ണം കഴിയുന്നു. അഹംകാരത്തെയും അതിന്റെ പരിവാരങ്ങളെയുംകൊണ്ട് നടക്കാത്ത അവര്‍ ശിശുക്കളെപ്പോലെ സ്വതന്ത്രരായി വര്‍ത്തിക്കുന്നു. പ്രഹ്ലാദാ നീ വിഷ്ണുപദം പ്രാപിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ ഒരുദിവസം മാത്രമായ ഒരുലോകചക്രത്തോളം നീ പാതാളലോകം വാണാലും. 

Jan 21, 2013

254 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 254


സ്ഥാതവ്യമിഹ ദേഹേന കല്‍പം യാവദനേന തേ
വയം ഹി നിയതിം വിദ്മോ യഥാഭൂതാമനിന്ദിതാം (5/39/24)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ തീരുമാനിച്ച് വിഷ്ണുഭഗവാന്‍ പാതാളലോകത്തെത്തി. വിഷ്ണുപ്രഭയില്‍ അസുരന്മാര്‍ക്കുണര്‍വ്വുണ്ടായി. എന്നാലാ പ്രഭയുടെ തിളക്കം താങ്ങാന്‍ കഴിയാതെ അവര്‍ ഓടിപ്പോയി. പ്രഹ്ലാദന്റെ അടുക്കല്‍പ്പോയി ഭഗവാന്‍ ഇങ്ങിനെ അലറി വിളിച്ചു: ‘മഹാത്മാവേ ഉണരൂ’, ഒപ്പം ആ തിരുശംഖനാദവും മുഴങ്ങി. ദേവന്മാരിതുകേട്ടു സന്തോഷിച്ചുവെങ്കിലും അസുരന്മാര്‍ അവിടെ കുഴഞ്ഞുവീണു. പ്രഹ്ലാദന്റെ മകുടത്തില്‍ ജീവശക്തി പ്രവഹിക്കാന്‍ തുടങ്ങി. ആ പ്രാണന്‍ പിന്നെ ദേഹം മുഴുവന്‍ വ്യാപരിച്ചു. ഇന്ദ്രിയങ്ങളില്‍ ഊര്‍ജ്ജം നിറഞ്ഞു. അവ തങ്ങളുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പര്യാപ്തമായി. അതതു വിഷയങ്ങളെ അവ തിരിച്ചറിയാന്‍ തുടങ്ങി. മനസ്സ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നാഡികള്‍ കമ്പനം ചെയ്തു തുടങ്ങി. മനസ്സ് തന്റെ ദേഹരൂപകാലങ്ങളെപ്പറ്റി അറിഞ്ഞു. ഭൌതീകശരീരത്തിന്റെ അസ്തിത്വം വെളിവായി. ചുറ്റുപാടുകളിലേയ്ക്ക് പൂര്‍ണ്ണമായും ഉണര്‍ന്ന പ്രഹ്ലാദന്‍ ഭഗവാനെ കണ്ടു.  

വിഷ്ണുഭഗവാന്‍ പ്രഹ്ലാദനോടു പറഞ്ഞു: പാതാളലോകത്തെ ചക്രവര്‍ത്തിയെന്നുള്ള നിന്റെ വ്യക്തിത്വത്തിലേയ്ക്കുണര്‍ന്നാലും. നിനക്ക് ഇനിയൊന്നും നേടാനോ നഷ്ടപ്പെടാനോ ഇല്ല. എഴുന്നേല്‍ക്കൂ. “ഈ ലോകചക്രം കഴിയുംവരെ നീ ഈ ദേഹത്തില്‍ത്തന്നെ കഴിയണം. ഇതനിവാര്യമാണെന്നു ഞാനറിയുന്നു. കാരണം, എനിയ്ക്കീ ലോകത്തിന്റെ ക്രമമെന്തെന്നു നന്നായറിയാം. അതുകൊണ്ട് നീ എല്ലാവിധ ഭ്രമകല്‍പ്പനകളില്‍ നിന്നും മുക്തികൈവന്ന മാമുനിയെന്നപോലെ ഇവിടം ഭരിക്കുക. വിശ്വപ്രളയത്തിനിനിയും സമയമായിട്ടില്ല. പിന്നെയീ ശരീരത്തെ ഉപേക്ഷിക്കാന്‍ നീ ധൃതി കാണിക്കുന്നതെന്തിനാണ്? ഞാന്‍ നിലനില്‍ക്കുന്നു. ഈ ലോകവും അതിലെ ജീവികളും നിലകൊള്ളുന്നു. അതുകൊണ്ട് ഈ ദേഹമുപേക്ഷിക്കാനുള്ള ചിന്ത ഇപ്പോള്‍ വേണ്ട.

മരിക്കാന്‍ പാകമായവന്‍ അജ്ഞാനത്തിലും ദു:ഖത്തിലും മുങ്ങുന്നു. ‘ഞാന്‍ ദുര്‍ബ്ബലന്‍, ഞാനൊരു മന്ദന്‍, അല്ലെങ്കില്‍ അവശന്‍’ എന്ന് ചിന്തിക്കുന്നവനും മരിക്കാന്‍ അനുയോജ്യനാണ്. എണ്ണിയാലൊടുങ്ങാത്ത ആശകളും പ്രത്യാശകളും കൊണ്ട് മനസ്സ് ചഞ്ചലപ്പെട്ടവനും മരിക്കാന്‍ യോഗ്യന്‍ തന്നെ. സുഖ-ദു:ഖങ്ങളെന്ന ദ്വന്ദഭാവങ്ങള്‍ക്കടിമയായവര്‍ , ദേഹത്തോട് ആസക്തിയുള്ളവര്‍ , മാനസീകമായും ശാരീരികമായും വ്യാധിക്കടിമപ്പെട്ടവര്‍ , കാമക്രോധങ്ങളുടെ തീയില്‍പ്പെട്ട് ഹൃദയം വരണ്ടുണങ്ങിയവര്‍ എല്ലാം മരണയോഗ്യരാണ്. 

ഒരുവന്‍ ശരീരമുപേക്ഷിക്കുന്നതിനെ ആളുകള്‍ മരണമെന്ന് കരുതുന്നു. എന്നാല്‍ ആത്മജ്ഞാനത്താല്‍ മനോനിയന്ത്രണം വരുത്തി സത്യബോധത്തോടെ കഴിയുന്നവര്‍ക്ക് മാത്രമേ ജീവിതം പറഞ്ഞിട്ടുള്ളു.  അഹംഭാവം വെച്ചുപുലര്‍ത്താത്ത, ഒന്നിനോടും ആസക്തിയില്ലാത്ത ഇഷ്ടാനിഷ്ടവിവേചനമില്ലാത്ത, മന:ശാന്തി കൈവന്നവരാണ് (അല്ലെങ്കില്‍ മനോനിഗ്രഹം പ്രാപിച്ചവരാണ്) ജീവിക്കേണ്ടത്. സത്യത്തില്‍ അറിവോടെ അഭിരമിച്ച് ഇഹലോകത്ത് ലീലയായി ജീവിച്ച്, ബാഹ്യസംഭവങ്ങളില്‍ അമിതാഹ്ലാദമോ ദു:ഖമോ ഇല്ലാതെ, യാതൊന്നും നേടാനും ഉപേക്ഷിക്കാനുമില്ലാതെ കഴിയുന്നവര്‍ ജീവിക്കുകതന്നെ വേണം. അവരുടെ ചരിതം തന്നെ മറ്റുള്ളവര്‍ക്ക് ആനന്ദപ്രദമാണ്. അങ്ങിനെയുള്ളവരുടെ ജീവിതമാണ് അഭികാമ്യം. മരണം അവര്‍ക്ക് ചേരില്ല.

Jan 20, 2013

253 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 253


ദൈത്യോദ്ധ്യോഗേന വിബുധാസ്തതോ യജ്ഞതപ:ക്രിയാ:
തേന സംസാരസംസ്ഥാനം ന സംസാരക്രമോന്യഥാ  (5/38/16)

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ മനനം ചെയ്തു ധ്യാനിച്ചിരുന്ന പ്രഹ്ലാദന്‍ പരമാനന്ദത്തിന്റെ അഭൌമതലത്തിലേയ്ക്ക് പ്രവേശിച്ചു. ചിന്താസഞ്ചാരങ്ങളുടെ ശല്യമോ മനോപാധികളോ ഇല്ലാത്തൊരു അതീതതലമത്രേ അത്. അദ്ദേഹമവിടെയൊരു പ്രതിമപോലെയിരുന്നു. കാലമേറെ കടന്നുപോയി. അസുരന്മാരദ്ദേഹത്തിനെ ശല്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ആയിരം കൊല്ലം കഴിഞ്ഞു. അദ്ദേഹത്തിന്‍റെ അന്ത്യമായിയെന്നു അസുരന്മാര്‍ കരുതി. പാതാളലോകങ്ങളില്‍ നാഥനില്ലാത്ത അവസ്ഥ സംജാതമായി. ഹിരണ്യകശിപു അന്തരിച്ചു. അദ്ദേഹത്തിന്‍റെ പുത്രന്‍ ’മരിച്ചതിനാല്‍ ’ (ലോകത്തെ സംബന്ധിച്ചിടത്തോളം) സിംഹാസനമേല്‍ക്കാന്‍ ആരുമുണ്ടായില്ല. അസുരന്മാര്‍ അവരുടെ തന്നിഷ്ടം പോലെ ജീവിച്ചു.

എല്ലായിടത്തും ക്രമസമാധാനം തകരാറിലായി. സമുദ്രത്തിലെ ചെറുജീവികളെ വന്‍സ്രാവുകള്‍ തിന്നുന്നപോലെ അവശരായവരെ ബലവാന്മാര്‍ കീഴടക്കി. അങ്ങിനെയിരിക്കെ വിശ്വപാലകനായ മഹാവിഷ്ണു പാല്‍ക്കടലില്‍ അനന്തസര്‍പ്പം എന്ന പള്ളിമെത്തയില്‍ ചാരിക്കിടന്ന് വിശ്വാവലോകനം ചെയ്തു. സ്വര്‍ഗ്ഗത്തും നരകത്തിലും സ്ഥിതിഗതികള്‍ മനസാ നന്നെന്നു കണ്ട് ഭഗവാന്‍ സന്തോഷിച്ചു. പിന്നീടദ്ദേഹം പാതാളലോകം ദര്‍ശിച്ചു. പ്രഹ്ലാദന്‍ ദീര്‍ഘദ്ധ്യാനത്തില്‍ ആമഗ്നനായിരിക്കുന്നു. അസുരവര്‍ഗ്ഗത്തില്‍ നിന്നും യാതൊരു ശല്യവുമില്ലാത്തതിനാല്‍ ദേവന്മാര്‍ ഐശ്വര്യ സമൃദ്ധികള്‍ ആവോളം ആസ്വദിക്കുകയാണ്.

ഭഗവാന്‍ ആലോചിച്ചു.: പ്രഹ്ലാദന്‍ അതീന്ദ്രിയ ധ്യാനത്തിലാകയാല്‍ അസുരവര്‍ഗ്ഗത്തിനു നാഥനില്ലാത്ത അവസ്ഥയാണിപ്പോള്‍ .  അവരുടെ ശക്തിയെല്ലാം നഷ്ടമായിരിക്കുന്നു.  

അസുരന്മാരുടെ ഭീഷണിയില്ലാത്തപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദേവന്മാര്‍ക്കൊന്നും പേടിക്കാനില്ല. അതുകൊണ്ടുതന്നെ ഒന്നും വെറുക്കാനുമില്ല. രാഗദ്വേഷങ്ങളെന്ന ദ്വന്ദശക്തികളില്ലെങ്കില്‍ അവരും അതീന്ദ്രിയതലത്തിലേയ്ക്കുയരും. അവര്‍ക്ക് മുക്തിപദവും ലഭിക്കും. അപ്പോള്‍ ദേവന്മാരുടെ അഭാവത്തില്‍ ഭൂമിയിലുള്ളവര്‍ക്ക് ധര്‍മ്മാചരണങ്ങള്‍ അര്‍ത്ഥരഹിതമായി അനുഭവപ്പെടും. കാരണം അത്തരം കര്‍മ്മങ്ങളില്‍ പ്രീതികൈക്കൊണ്ടു പങ്കെടുക്കാന്‍ ദേവതമാരുണ്ടാകയില്ലല്ലോ. സ്വാഭാവികമായ പ്രളയകാലംവരെ ഈ വിശ്വം നിലനില്‍ക്കണം. ഇപ്പോഴത്തെ സ്ഥിതി അനുവദിച്ചാല്‍ വിശ്വസ്ഥിതി പൊടുന്നനെ അവതാളത്തിലാവും. ഇതില്‍ ഞാനൊരു നന്മയും കാണുന്നില്ല. അസുരന്മാര്‍ അവരുടെ സഹജഭാവം തുടരട്ടെ.

“അസുരന്മാര്‍ ദേവവൈരികളായി തുടര്‍ന്നാല്‍ മാത്രമേ ധാര്‍മ്മികതയും അതോടനുബന്ധിച്ച കര്‍മ്മങ്ങളും ഈ സൃഷ്ടിചക്രത്തില്‍ പുഷ്ടിപ്രാപിച്ചു നിലനില്‍ക്കകയുള്ളു.” അതുകൊണ്ട് ഞാനുടനെതന്നെ പാതാളലോകത്തു ചെന്ന് കാര്യങ്ങളെ പഴയപടിയാക്കി തീര്‍ക്കുന്നതാണ്. പ്രഹ്ലാദന് ചക്രവര്‍ത്തിപദം അഭികാമ്യമല്ലെങ്കില്‍ ഞാന്‍ മറ്റൊരാളിനെ അതിനായി കണ്ടെത്തും. പ്രഹ്ലാദന്റെ അവസാന ജന്മമാണിത്. എന്നാലീ ലോകചക്രം തീരുംവരെ അദ്ദേഹം ഈ ദേഹത്തില്‍ കഴിയണമെന്നത് ലോകധര്‍മ്മം മാത്രമാണല്ലോ.

ഞാന്‍ പാതാളലോകത്തുചെന്നു പ്രഹ്ലാദനെ അലറിവിളിച്ചുണര്‍ത്താന്‍ പോവുന്നു. മുക്തിപദത്തിലിരുന്നുകൊണ്ട് തന്നെ ഭരണം കയ്യാളാന്‍ ഞാനദ്ദേഹത്തെ ആഹ്വാനം ചെയ്യും. അങ്ങിനെ സ്വാഭാവികപ്രളയം വരെ അദ്ദേഹത്തിലൂടെ ഈ ലോകചക്രത്തെ മുന്നോട്ടു നയിക്കാന്‍ കഴിയും. 

Jan 19, 2013

252 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 252


ത്വദാലോകേക്ഷണോത്ഭൂതാ ത്വദാലോകേക്ഷണക്ഷയാ
മൃതേവ ജാതാ ജാതേവ മൃതാ കേനോപലക്ഷ്യതേ   (5/36/71)

പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: ആത്മാവേ, നീയുള്ളതുകൊണ്ട് മാത്രമാണ് സുഖദു:ഖങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. അവനിന്നിലാണുണ്ടാവുന്നത്. എന്നാലവയ്ക്ക് നിന്നില്‍നിന്നും  വേറിട്ടൊരസ്തിത്വമില്ല എന്നറിയുമ്പോള്‍ അവയുടെ അനന്യത്വം ഇല്ലാതെയാവുന്നു. കണ്ണടച്ചു തുറക്കുന്ന നിമിഷത്തില്‍ ദൃശ്യവിസ്മയങ്ങള്‍ ഇല്ലാതാവുംപോലെ  സുഖദു:ഖങ്ങളെന്ന ഭ്രമകല്‍പ്പനകള്‍ കണ്ണടച്ചുതുറക്കുംമുമ്പ് ഉണ്ടായി മറയുകയാണ്.     

“അവ പ്രത്യക്ഷപ്പെടുന്നത് ഉണര്‍വ്വിന്റെ ഉള്‍പ്രകാശത്താലാണ്. എന്നാല്‍ ആ പ്രകാശസ്രോതസ്സില്‍നിന്നും  വിഭിന്നമല്ല എന്നറിയുമ്പോള്‍ അവ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അവ മരിച്ചയുടനെ ജനിച്ചവയാണ്. ജനിച്ചയുടനെ മരിച്ചവയുമാണ്. ആരാണീ മാസ്മരീകതയെ എല്ലാമറിയുന്ന സത്ത?” എല്ലാമെല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ കേവലം ക്ഷണഭംഗുരമായ കാരണങ്ങളാല്‍ ശാശ്വതമായ കാര്യങ്ങള്‍ എങ്ങിനെ സംഭവിക്കുവാനാണ്? കടലലകള്‍ ചിലപ്പോള്‍ പൂക്കളായി തോന്നിയേക്കാം. എന്നാലവകൊണ്ടൊരു മാലകോര്‍ക്കാനാവുമോ? യാതൊരടിസ്ഥാനവുമില്ലാത്തതും നശ്വരവുമായ കാരണങ്ങളാല്‍ ദൃഢതയുള്ള കാര്യങ്ങള്‍ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നതെത്ര വിഡ്ഢിത്തമാണ്? മിന്നല്‍ പിണരുകള്‍ കൊരുത്തൊരു മാലയുണ്ടാക്കി അത് കണ്ഠാഭാരണമാക്കാന്‍ കഴിയുമോ?

അല്ലയോ ആത്മാവേ, സമതയിലഭിരമിക്കുന്ന ആത്മജ്ഞാനിയുടെ ഉണര്‍വ്വാര്‍ന്ന ജാഗ്രതയില്‍ നീ സുഖദു:ഖങ്ങളെ യാഥാര്‍ത്ഥ്യമെന്നവണ്ണം സ്വീകരിച്ച് ആസ്വദിക്കുന്നു, അനുഭവിക്കുന്നു. എന്നാല്‍ അജ്ഞാനിയായ ഒരുവനില്‍ നീ എങ്ങിനെയാണ് സുഖദു:ഖങ്ങളെ അനുഭവിക്കുന്നതെന്നു പറയുക അസാദ്ധ്യം! ആത്മാവേ നീ സത്യത്തില്‍ ഒന്നിനോടും ആസക്തിയില്ലാത്ത, യാതൊരാശകളും ഇല്ലാത്ത, അഹംകാരമസ്തമിച്ച അവിച്ഛിന്നസ്വരൂപമാണ്. കേവലം സത്യമായാലുമല്ലെങ്കിലും, ഭ്രമകല്‍പ്പനകളായാലുമല്ലെങ്കിലും നീ തന്നെയാണ് കര്‍ത്താവും ഭോക്താവുമായി വൈവിദ്ധ്യതയാര്‍ന്ന് നിലകൊള്ളുന്നത്.
     
ജയ ജയ ആത്മന്‍ ജയജയ.! അനന്തവിശ്വമായി പ്രകടമായ ആത്മാവ് ജയിക്കട്ടെ. പരമപ്രശാന്തമായ ആത്മാവ് ജയിക്കട്ടെ. ശാസ്ത്രങ്ങള്‍ക്കുപോലും അതീതമായ ആത്മാവ് ജയിക്കട്ടെ. വേദശാസ്ത്രങ്ങള്‍ നിന്നെയാണാധാരമാക്കുന്നത്. നീയാണാ ശാസ്ത്രഗ്രന്ഥങ്ങളില്‍ വിരാജിക്കുന്നത്. ഇനിയും ജനിച്ചിട്ടില്ലാത്ത ആത്മാവിനു നമസ്കാരം. ഒരേസമയം മാറ്റങ്ങള്‍ക്കും നാശങ്ങള്‍ക്കും വിധേയവും അല്ലാത്തതുമായ ആത്മാവ് ജയിക്കട്ടെ. അസ്തിത്വവും അനസ്തിത്വവുമായ ആത്മാവ് ജയിക്കട്ടെ. ഒരേസമയം കീഴടക്കാനും പ്രാപിക്കാനുമാവുന്നതും എന്നാല്‍ അജയ്യനും അപ്രാപ്യനുമായ ആത്മാവേ നീ ജയിക്കുമാറാകട്ടെ.

ഞാന്‍ ആഹ്ലാദചിത്തനാണ്. ഞാന്‍ സമതയിലഭിരമിക്കുന്നു. എന്നില്‍ എല്ലാം സംതുലിതാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഞാന്‍ അചലന്‍... ഞാന്‍ ജയന്‍..ജയിക്കാനായി ജീവിക്കുന്നവനാണ് ഞാന്‍. എനിക്ക് നമസ്കാരം. നിനക്ക് നമസ്കാരം.

നിത്യശുദ്ധസത്തയായി നീയുള്ളപ്പോള്‍ ബന്ധനമെവിടെ? സൌഭാഗ്യ-ദൌര്‍ഭാഗ്യങ്ങളെവിടെ? ജനന-മരണങ്ങളെവിടെ? ഞാന്‍ ശാശ്വതമായ പരമപ്രശാന്തതയില്‍ സദാ അഭിരമിക്കുന്നു.

Jan 18, 2013

251 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 251


ഭാവാനയമയം ചാഹംത്വം ശബ്ദൈരേവമാദിഭി:
സ്വയമേവാത്മനാത്മാനം ലീലാര്‍ത്ഥം സ്തൌഷി വക്ഷി ച  (5/36/56)

പ്രഹ്ലാദന്‍ ധ്യാനം തുടര്‍ന്നു: ക്രോധവും ലോഭവും, പൊങ്ങച്ചവും അക്രമവാസനയും പോലുള്ള അധമഗുണങ്ങള്‍ മഹാത്മാക്കള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അവയെ ഉപെക്ഷിക്കൂ. പണ്ടത്തെ ദു:ഖാനുഭവങ്ങള്‍ വീണ്ടും വീണ്ടുമോര്‍ത്ത് ‘ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എങ്ങിനെ ഉണ്ടായി?’ എന്ന് പ്രസന്നഭാവത്തില്‍ മനനം ചെയ്ത് അവകളില്‍ നിന്നും നിവൃത്തി നേടുക. കഴിഞ്ഞതെല്ലാം കഴിഞ്ഞു. നിന്നെ തപിപ്പിച്ചിരുന്ന ദു:ഖാശങ്കകളെല്ലാം ശമിച്ചിരിക്കുന്നു.

ഇന്ന് നീ ദേഹമെന്ന നഗരത്തിന്റെ സര്‍വ്വാധിപത്യം നേടിയിരിക്കുന്നു. ആകാശത്തെ ആര്‍ക്കും കൈക്കുടന്നയിലൊതുക്കാന്‍ ആവാത്തതുപോലെ ദു:ഖങ്ങള്‍ക്ക് നിന്നില്‍ കൈവെക്കാനാവില്ല. ഇപ്പോള്‍ നീ നിന്നിലെ  ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും നാഥനായി ആഹ്ലാദിക്കുന്നു. ഭഗവാനേ  അങ്ങ് സുഷുപ്തിയിലെന്നവണ്ണമിരിക്കുന്നു. എന്നാല്‍ അനുഭവങ്ങളെ ജാഗ്രതയോടെ അറിയാന്‍ അങ്ങ് സ്വന്തം ചൈതന്യവിശേഷം മൂലം ഉണരുകയും ചെയ്യുന്നതായി തോന്നുന്നു.   

വാസ്തവത്തില്‍ ഈ ചൈതന്യമാണ് അനുഭവങ്ങളുമായി സംവദിക്കുന്നതെങ്കിലും നീ സ്വയം ആ അനുഭവങ്ങളെ സ്വാംശീകരിക്കുന്നു. പ്രാണായാമത്തിലൂടെ ശിരോമകുടത്തിലെ ബ്രഹ്മപദമെത്തിയവര്‍ അവരുടെ ഭൂതഭാവികാലങ്ങളിലെ ഓരോ നിമിഷവും ബ്രഹ്മാവിന്റെ സവിധത്തിലാണ് കഴിയുന്നത്. ആത്മാവേ, ശരീരമെന്നറിയപ്പെടുന്ന പൂവിലെ സുഗന്ധമാണ് നീ. ശരീരമാകുന്ന ചന്ദ്രബിംബത്തിലെ അമൃതാണ് നീ. ദേഹമാകുന്ന ഔഷധച്ചെടിയുടെ മൂല്യവസ്തു നീയാണ്. ശരീരമെന്ന മഞ്ഞുകട്ടയുടെ തണുപ്പ് നീയാണ്.       

പാലില്‍ വെണ്ണയെന്നതുപോലെ ദേഹത്തില്‍ സൌഹൃദവും ആസക്തിയും സഹജമായുണ്ട്. വിറകില്‍ തീയെന്നപോലെ നീ ദേഹത്തില്‍ കുടികൊള്ളുന്നു. പ്രോജ്വലങ്ങളായ എല്ലാ വസ്തുക്കളിലെയും തിളക്കം നീയാണ്. 

വിഷയവസ്തുക്കളെക്കുറിച്ചുള്ള അറിവ് നല്‍കുന്ന ഉള്‍വെളിച്ചം നീയാണ്. മനോമത്തേഭത്തിന്റെ ശക്തി നീയാണ്. ആത്മജ്ഞാനത്തിന്റെ അഗ്നിയും പ്രകാശവും നീയല്ലേ? എല്ലാ വാക്കുകളും നിന്നില്‍ അവസാനിക്കുന്നു. എന്നിട്ടത് മറ്റെവിടെയോ വീണ്ടും പ്രത്യക്ഷമാവുന്നു.    വൈവിദ്ധ്യമാര്‍ന്ന ആഭരണങ്ങള്‍ സ്വര്‍ണ്ണത്തില്‍ പണിഞ്ഞുണ്ടാക്കിയതുപോലെ, എണ്ണമില്ലാത്ത സൃഷ്ടികള്‍ ഉണ്ടായത്, ഉണ്ടാക്കിയത്, നിന്നില്‍ നിന്നാണ്. അവകളിലെ വ്യത്യാസങ്ങള്‍ നാമരൂപങ്ങളില്‍ മാത്രമാണ്.

“ഇത്ഞാന്‍, ഇത് നീ,  എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നിന്റെ പ്രഭാവത്തെ പ്രകീര്‍ത്തിക്കാനും ആദരിക്കാനും മാത്രമായുള്ളതത്രേ.” വലിയൊരു കാട്ടുതീ ക്ഷണനേരത്തെയ്ക്ക് പലപല രൂപങ്ങളും കൈക്കൊള്ളുമെങ്കിലും അതോരൊറ്റ അഗ്നിനാളമാണ്. അതുപോലെ നിന്റെ അദ്വിതീയസത്വം പലതായി വിശ്വത്തില്‍ കാണപ്പെടുന്നു എന്നുമാത്രം. ലോകങ്ങള്‍ മുഴുവന്‍ കോര്‍ത്തിണക്കുന്ന നാരാണു നീ. നീയാണ് സത്യത്തിന്റെ അടിത്തറ. അതിന്മേലാണല്ലോ ലോകമിരിക്കുന്നത്. ലോകങ്ങളെല്ലാം നിന്നില്‍ സാദ്ധ്യതകളായി കുടികൊള്ളുന്നു. പാചകക്കാരന്‍ വൈവിദ്ധ്യമാര്‍ന്ന രുചിഭേദങ്ങളോടെ ഭക്ഷ്യവസ്തുക്കളുണ്ടാക്കുംപോലെ ആ സാദ്ധ്യതകളുടെ ഒഴിയാക്കലവറയില്‍ നിന്നും നീ ലോകങ്ങളെ സൃഷ്ടിച്ചു പ്രകടമാക്കുന്നു. എന്നാലീ  ലോകങ്ങളുടെ നിലനില്‍പ്പ്‌ നീയുള്ളപ്പോള്‍ മാത്രമേയുള്ളു. കാരണം അവകളിലെ ഉണ്മ നീയാണല്ലോ. ഈ ദേഹമൊരു പാഴ്ത്തടിപോലെ ജീവനറ്റുവീഴാനുള്ളതാണ്. വെളിച്ചമടുത്തെത്തുമ്പോള്‍  ഇരുട്ടെന്നപോലെ സുഖദു:ഖങ്ങള്‍ നിന്റെ സവിധത്തില്‍ ഇല്ലാതാവുന്നു. എന്നാല്‍ ആഹ്ലാദം മുതലായ അനുഭവങ്ങള്‍ സാദ്ധ്യമാവുന്നത് നിന്നില്‍ നിന്നുമാര്‍ജ്ജിക്കുന്ന ഉണര്‍വ്വിന്റെ വെളിച്ചത്തില്‍ മാത്രമാണ്. 

Jan 17, 2013

250 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 250


ഹംസി പാസി ദദാസി ത്വമവസ്ഫുര്‍ജസി വല്‍ഗസി
അനഹംകൃതിരൂപോപി ചിത്രേയം തവ മായിതാ (5/36/36)   

പ്രഹ്ലാദന്റെ ധ്യാനം തുടര്‍ന്നു: ആത്മാവേ നിന്റെ പരിശുദ്ധിയല്ലേ സൂര്യനില്‍ തിളങ്ങുന്നത്? നിന്നിലുള്ള അമൃതസമാനമായ ശീതളിമ ചന്ദ്രനില്‍ പരിലസിക്കുന്നു. പര്‍വ്വതങ്ങളുടെ ദാര്‍ഢ്യം, കാറ്റിന്റെ ഗതിവേഗം എല്ലാം നിന്നില്‍ നിന്നുദ്ഭവിച്ചത്. നീയുള്ളതിനാല്‍ ഭൂമിക്ക് ഉറപ്പും ആകാശത്തിനു ശൂന്യതയും സഹജം. ഭാഗ്യം കൊണ്ട് ഞാന്‍ നിന്നെ കണ്ടെത്തി. ഞാന്‍ നിന്റേതായി. ഭാഗ്യം കൊണ്ട് നാം തമ്മില്‍ യാതൊരന്തരവുമില്ല. ഞാന്‍ ആത്മാവാണ്. ആത്മാവ് ഞാനാണ്. ഞാനെന്നു പറയപ്പെടുന്നതും നീയെന്നു വിവക്ഷിക്കപ്പെടുന്നതും ഒന്നാണ്. അവയില്‍  വിത്തേതായാലും വൃക്ഷമേതായാലും ഞാനതിനെ വീണ്ടും വീണ്ടും നമസ്കരിക്കുന്നു.
     
അഹംകാരരഹിതവും അനന്തവുമായ ആത്മാവിനു നമോവാകം. രൂപരഹിതമായ ആത്മാവിനു നമസ്കാരം. ആത്മാവായി നീയെന്നില്‍ നിലകൊള്ളുമ്പോള്‍ ആകെ സമതുലനമാകുന്നു. അവിടെ കാലദേശാനുബന്ധമില്ലാത്ത, പരിമിതികളില്ലാത്ത ശുദ്ധമായ സാക്ഷീബോധമുദിക്കുന്നു. പിന്നെ മനസ്സ് ചഞ്ചലപ്പെട്ട് ഇന്ദ്രിയങ്ങള്‍ക്കിളക്കമുണ്ടാവുന്നു. അങ്ങിനെ ഊര്‍ജ്ജപ്രവാഹമുണ്ടായിട്ട്  പ്രാണന്‍, അപാനന്‍ എന്നീ രണ്ടുജീവശക്തികള്‍ ചലനം തുടങ്ങുന്നു. ആശകളുടെ ആകര്‍ഷണത്തില്‍പ്പെട്ട് മനസ്സെന്ന സാരഥി മാംസാസ്ഥിരക്തചര്‍മ്മ നിര്‍മ്മിതമായ ശരീരത്തെ മൂര്‍ത്തീകരിക്കുന്നു.
    
ഞാനേതായാലും ശുദ്ധ അവബോധമാണ്. ഞാന്‍ ശരീരമായോ മറ്റെന്തെങ്കിലുമായോ ബന്ധനത്തിലും ബന്ധത്തിലുമല്ല. ആഗ്രഹങ്ങളുടെ ചഞ്ചലതയ്ക്കനുസരിച്ച് ദേഹം വളരുകയോ തളരുകയോ ചെയ്യട്ടെ. വിശ്വസൃഷ്ടിയും പ്രളയവും എന്നപോലെ കാലക്രമത്തില്‍ അഹംഭാവം ഉയര്‍ന്നുപൊങ്ങി ക്രമേണ അതിനു നാശവും വന്നുകൊള്ളട്ടെ. എന്നാല്‍ ഏറെത്തവണ ആവര്‍ത്തിച്ച ജനനമരണ ചക്രത്തിനൊടുവിലാണെനിക്ക് ഈ പ്രശാന്തി കൈവന്നത്. ഈ പ്രപഞ്ചവിശ്വവും സ്വന്തം ചാക്രികപഥങ്ങള്‍ പലതവണ താണ്ടിയശേഷം അതിനു വിരാമമായി വിശ്രമിക്കുന്നുണ്ടല്ലോ. എല്ലാത്തിനും  അതീതമായി വര്‍ത്തിക്കുന്ന, എല്ലാമെല്ലാമായ, എനിക്കും നിനക്കും നമസ്കാരങ്ങള്‍ . നമ്മെക്കുറിച്ചു സംസാരിക്കുന്ന എല്ലാവര്ക്കും നമസ്കാരം.

സാക്ഷീഭാവത്തിലുള്ള പരമപുരുഷനെ അതുമായി ബന്ധപ്പെട്ടെന്ന് പറയപ്പെടുന്ന  അനുഭവങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ തീരെ ബാധിക്കുന്നില്ല. പൂക്കളില്‍ സുഗന്ധംപോലെ എള്ളുമണിയില്‍ എണ്ണപോലെ, ആത്മാവ് എല്ലാടവും എപ്പോഴും എല്ലാറ്റിലും നിലകൊള്ളുന്നു.

“അല്ലയോ ആത്മാവേ, അഹംഭാവരഹിതമെങ്കിലും നീ സര്‍വ്വ സ്വാതന്ത്ര്യത്തോടെ വിരാജിക്കുന്നു. നീ നല്‍കുകയും, നശിപ്പിക്കുകയും, അലറിയുറയുകയും, സംരക്ഷിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതൊരത്യദ്ഭുതം തന്നെ.” ആത്മാവിന്റെ വെളിച്ചമായതിനാല്‍ ഞാന്‍ കണ്ണുതുറക്കുമ്പോള്‍ പ്രപഞ്ചമുണരുന്നു. കണ്ണടയ്ക്കുമ്പോള്‍ ലോകം ഇല്ലാതാവുകയും ചെയ്യുന്നു. വലിയൊരാല്‍മരത്തിന്റെ വിത്തില്‍ ആ വന്മരം നേരത്തേതന്നെ ഒരു സാദ്ധ്യതയായി ഉള്ളതുപോലെ   ആത്മാവേ, നീയെന്ന അണുവില്‍ ലോകംമുഴുവനും നിലകൊള്ളുന്നു. ആകാശത്തിലെ മേഘവിതാനങ്ങളില്‍ ആന, കുതിര, മറ്റ് മൃഗങ്ങള്‍ എന്നിവയെ കാണാനാകുമെന്നതുപോലെ നീ അനന്തവിഹായസ്സില്‍ എണ്ണമില്ലാത്ത ചരാചരവസ്തുക്കളായി, ഒന്നില്‍ നിന്നും മറ്റൊന്ന് തികച്ചും വ്യത്യസ്ഥമായി, വൈവിദ്ധ്യപൂര്‍ണ്ണമായി  കാണപ്പെടുന്നു. നീ സ്വയം ചരമോ അചരമോ അല്ലെങ്കിലും അങ്ങിനെയൊക്കെയാണ് കാണപ്പെടുന്നത്.        

Jan 16, 2013

249 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 249


വാച്യവാചകദൃഷ്ട്യൈവ  ഭേദോ യോയമിഹാവയോ:
അസത്യാ കല്‍പ്പനൈവൈഷാ വീചിവീച്യംഭസോരിവ (5/36/8)

പ്രഹ്ലാദന്റെ ധ്യാനം തുടര്‍ന്നു: അങ്ങിനെ അവസാനം എല്ലാ അവസ്ഥകള്‍ക്കും ബോധമണ്ഡലങ്ങള്‍ക്കും അതീതമായുള്ള ആത്മാവിനെ ഞാന്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നു. അല്ലയോ ആത്മാവേ എന്റെ സൌഭാഗ്യം മൂലം നിന്നെ  കണ്ടെത്തിയിരിക്കുന്നു. നിനക്ക് നമസ്കാരം. നമോവാകം. നിന്നെ ഞാനൊന്ന് മാറോടണയ്ക്കട്ടെ. നീയല്ലാതെ മൂന്നുലോകങ്ങളിലും ആരെനിക്കു സുഹൃത്തും ബന്ധുവുമായുണ്ട്? എല്ലാത്തിനെയും നശിപ്പിക്കുന്നത് നീയാണ്. എല്ലാം നല്‍കുന്നതും സംരക്ഷിക്കുന്നതും ഉയര്‍ത്തുന്നതും ചലിക്കുന്നതുമെല്ലാം നീയാണ്. നിന്നെ കണ്ടെത്തിയിരിക്കുന്നു; പ്രാപിച്ചിരിക്കുന്നു. ഇനി നീയെന്തുചെയ്യാന്‍? ഇനി നീയെന്നെവിട്ടെങ്ങു പോവാന്‍?

ലോകമായി കാണപ്പെടുന്നതെല്ലാം നീയാണ്. നിന്റെ സത്തയാണ് ലോകം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നത്. അല്ലയോ ആത്മാവേ ഇനി നീയെവിടെപ്പൊയൊളിക്കാന്‍? അനാദികാലം മുതലേ എനിക്കും നിനക്കുമിടയില്‍  അജ്ഞാനത്തിന്റെ വലിയൊരു മതില്‍ക്കെട്ടുണ്ടായിരുന്നു. ഇപ്പോളിതാ ആ ചുവരിടിഞ്ഞു വീണു. നാം തമ്മില്‍ അകലമേതുമില്ല എന്നറിവായി. നേടാന്‍ യോഗ്യമായുള്ളതെല്ലാം ഞാന്‍  നേടിക്കഴിഞ്ഞു. എല്ലാ കര്‍മ്മത്തിന്റെയും ശരിയായ  കര്‍ത്താവും ഭോക്താവുമായ ആത്മാവിനു നമസ്കാരം. ആത്മാവ് തന്നെയാണ് നിത്യശുദ്ധമായ ഈശ്വരന്‍... ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് എന്റെ നമസ്കാരം.

“അല്ലയോ ആത്മാവേ, നീയും ഞാനും തമ്മിലുള്ള അന്തരം കേവലം വാക്കുകളില്‍ മാത്രമല്ലേ? വാക്കും അതുണ്ടാക്കുന്ന അര്‍ത്ഥവും തമ്മിലുള്ളതുപോലെ, തിരയും തിരയിലെ ജലവും തമ്മിലുള്ളതുപോലെ നാം തമ്മിലുള്ള അന്തരം വെറും കല്‍പ്പനയാണ്; അസത്യമാണ്.”

ദൃഷ്ടാവായും അനുഭവഭോക്താവായും നിലകൊള്ളുന്ന ആ ഏകസത്തയ്ക്ക്  നമസ്കാരം. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളേയും സൃഷ്ടിച്ച് അവയായിത്തന്നെ വിടര്‍ന്നു വികസിച്ചു നിലകൊള്ളുന്ന ആത്മാവിനെന്റെ നമോവാകം. സര്‍വ്വവ്യാപിയും എല്ലാത്തിന്റെയും അന്തര്യാമിയുമായ   ആത്മാവിനെന്റെ നമസ്കാരം.

ശരീരങ്ങളും പദാര്‍ത്ഥങ്ങളുമായി മൂര്‍ത്തീകരിക്കുകയും അവയുമായി താദാത്മ്യം പുലര്‍ത്തുകയും ചെയ്യുക നിമിത്തം ആത്മാവെന്ന നീ നിന്റെ സ്വരൂപത്തെയും ഭാവത്തെയും മറന്നുവെന്നപോലെയായിരുന്നു. കഷ്ടം! അതിനാല്‍ നിനക്ക് ആത്മജ്ഞാനമില്ലാതെ അന്തമില്ലാത്ത ദുരിതാനുഭവങ്ങളും ബാഹ്യധാരണകളും ജന്മജന്മാന്തരങ്ങളായി സഹിക്കേണ്ടതായി വന്നു. ബാഹ്യമായി കാണപ്പെടുന്ന ഈ ലോകമെന്നത് വെറും കല്ലും മണ്ണും മരവും മാത്രം. നീയല്ലാതെ അവയിലൊന്നും യാതൊരു സത്തയുമില്ല.

ആത്മജ്ഞാനമുണ്ടായാല്‍പ്പിന്നെ മറ്റെന്തിനെയാണ് ആഗ്രഹിക്കുക? ഭഗവാനേ അങ്ങയെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ആ സവിധത്തില്‍ ഞാനെത്തിയിരിക്കുന്നു. ഇനി എനിക്ക് വിഭ്രാന്തിയില്ല. നിനക്ക് നമോവാകം. ഭഗവാനേ ഈ ആത്മാവ് കണ്ണിന്റെ കണ്ണാണ്. അതീ ദേഹം മുഴുവന്‍ വ്യാപരിച്ചിരിക്കുന്ന  മേധാശക്തിയായിട്ടുമെന്തേ എനിക്കു ദൃശ്യമാകുന്നില്ല? അനുഭവമാകുന്നില്ല?

സ്പര്‍ശനാനുഭവം മുതലായ ഇന്ദ്രിയാനുഭവങ്ങളെയെല്ലാം, വസ്തുക്കളെ അറിയുന്ന ആ മേധാശക്തിക്ക് എന്തുകൊണ്ടാണ് തിരിച്ചറിയാനാകാത്തത്? ഒരാളില്‍ നിന്നും അതിനു ദൂരെപ്പോകാന്‍ കഴിയുമോ? അതുതന്നെയല്ലേ ഗ്രഹണശക്തിയും ഘ്രാണശക്തിയുമെല്ലാമായി നമ്മില്‍ രോമാഞ്ചമുണ്ടാക്കുന്നത്? മറ്റുള്ള വസ്തുക്കളുടെ മധുരിമയുടെ സ്വാദനുഭവിച്ചറിയുന്ന അതിന് എന്തുകൊണ്ടാണ് സ്വന്തം മേധാശക്തിയുടെ മാധുര്യത്തെ അറിയാന്‍ കഴിയാത്തത്? അതുപോലെ അതിന്റെ മണം സ്വന്തമായി അനുഭവിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്?

വേദശാസ്ത്രങ്ങള്‍ പ്രകീര്‍ത്തിക്കുന്ന അതിന്റെ മഹിമ അതു സ്വയം മറന്നത് എന്തുകൊണ്ടാണ്? അല്ലയോ ആത്മാവേ നിന്നെ സാക്ഷാത്കരിച്ചിരിക്കുന്നു. ഇതുവരെ ഞാന്‍ ആഹ്ലാദിച്ചനുഭവിച്ചിരുന്ന ഇന്ദ്രിയസുഖങ്ങളില്‍ ഇപ്പോളെനിക്ക് യാതൊരു താല്‍പ്പര്യവുമില്ല.