Nov 30, 2012

203 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 203

യഥാ രജോഭിർഗഗനം യഥാ കമലമംബുഭി:
ന ലിപ്യതേ ഹി സംശ്ലിഷ്ടൈർദേഹൈരാത്മാ തഥൈവ ച (5/5/31)

വസിഷ്ഠൻ തുടർന്നു: ദേഹവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിന്നിലുള്ള ചിന്താക്കുഴപ്പത്തെ മാറ്റിയാൽപ്പിന്നെ ശാന്തിയായി. ചെളിക്കുണ്ടിൽ വീണാലും സ്വർണ്ണക്കട്ടയ്ക്ക് കളങ്കമേൽക്കുന്നില്ലല്ലോ. അതുപോലെ ആത്മാവിനെ മലീമസമാക്കുവാൻ ശരീരത്തിനാവുകയില്ല. കൈകളുയർത്തി ഞാനിതാ ആവർത്തിച്ചു പ്രസ്താവിക്കുന്നു: ‘താമരയും വെള്ളവും പോലെ ആത്മാവും ശരീരവും തികച്ചും വിഭിന്നങ്ങളാണ്‌..’ എന്നാൽ കഷ്ഠം, ആരും ഇതു ചെവിക്കൊള്ളുന്നില്ല. ജഢമായ ഈ മനസ്സ് സുഖാനുഭവങ്ങളുടെ പിറകേ പോകുന്നിടത്തോളം കാലം ലോകമെന്ന ഈ മായാപ്രപഞ്ചം ഇല്ലാതാവുകയില്ല. എന്നാൽ ഇതിൽനിന്നുണർന്നാലുടൻ, അത്മാന്വേഷണമാരംഭിച്ചാൽത്തന്നെ ഈ മായയുടെ മുഖംമൂടി ഇല്ലാതാവും. അതിനാൽ എല്ലാവരും ശരീരത്തിൽ സ്ഥിതിചെയ്യുന്ന ഈ മനസ്സിനെ ഉണർത്താൻ പരിശ്രമിക്കണം. കാരണം അങ്ങിനെയാണ്‌ നാം എല്ലാ പരിണാമപ്രക്രിയകൾക്കുമതീതരായി വർത്തിക്കുക. പരിണാമങ്ങൾ ദു:ഖപൂരിതമാണല്ലോ.

“അന്തരീക്ഷത്തിൽ പൊങ്ങിക്കിടക്കുന്ന പൊടിപടലങ്ങൾ ആകാശത്തിനെ ബാധിക്കാത്തതുപോലെ ശരീരം ആത്മാവിനെ ബാധിക്കുന്നില്ല.” സുഖദു:ഖങ്ങൾ ആത്മാവിനാണനുഭവവേദ്യമാകുന്നതെന്ന തെറ്റായ ചിന്ത, ആകാശത്തിനെ പൊടിപടലങ്ങൾ മലീമസമാക്കുന്നു എന്നു പറയും പോലെ അസംബന്ധമാണ്‌.. വാസ്തവത്തിൽ സുഖദു:ഖങ്ങൾ ശരീരത്തിന്റേതോ ആത്മാവിന്റേതോ അല്ല. അവ വെറും അജ്ഞാനത്തിന്റേതാണ്‌.. അവയുടെ ലാഭനഷ്ടങ്ങൾ ആരേയും ബാധിക്കുന്നില്ല. അവയ്ക്കാരുമായും സംബന്ധവുമില്ല.

എല്ലാമെല്ലാം ആത്മാവുമാത്രം. പരമപ്രശാന്തം, അനന്തം. രാമാ, ഈ സത്യം സാക്ഷാത്കരിക്കൂ. ആത്മാവും ലോകവും ഒന്നല്ല; അവ രണ്ടും വെവ്വേറെയാണെന്നും പറയുക വയ്യ. ഇതെല്ലാം സത്യാന്വേഷണചിന്തകൾ മാത്രം. അദ്വിതീയമായ ബ്രഹ്മം മാത്രമേ ഉണ്മയായുള്ളു. ‘ഞാൻ ഇതിൽ നിന്നു വിഭിന്നമാണ്‌’ എന്ന തോന്നൽ വെറും ഭ്രമം. രാമാ ഇതുപേക്ഷിക്കൂ. ഒരേയൊരാത്മാവ്, ആത്മാവിൽത്തന്നെ ആത്മാവിനെ അനന്താത്മാവായി അറിയുന്നു. അതിനാൽ ദു:ഖം, മോഹം, ജനനം, സൃഷ്ടി, ജീവികള്‍ എന്നുവേണ്ട ഒന്നും വാസ്തവത്തില്‍ ഇല്ല. ഇള്ളതോ സത്യവസ്തു മാത്രം. രാമാ, ദു:ഖമൊഴിവാക്കിയാലും. ദ്വന്ദത ഒഴിവാക്കിയാലും; സ്വന്തം ക്ഷേമത്തിൽ പോലും ആശങ്കയില്ലാതെ ആത്മാവിൽ ദൃഢചിത്തനാവൂ. സ്വയം ശാന്തിയെ പ്രാപിക്കൂ. മനസ്സിനെ സുദൃഢമാക്കൂ.

നിന്റെ മനസ്സിൽ ദു:ഖത്തിനിടമില്ല. ആന്തരീകമായുള്ള നിശ്ശബ്ദതയിലഭിരമിക്കൂ. ഏകാന്തനായിരുന്ന് സ്വയമിനിയും ചിന്താധാരണകള്‍  പുതുതായൊന്നുമുണ്ടാക്കാതിരിക്കൂ. ധീരതയോടെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും അടക്കൂ. ആഗ്രഹലേശമില്ലാതെ, കിട്ടുന്നതുകൊണ്ട് സംതൃപ്തിയടയൂ. യാതൊന്നും കയ്യടക്കാതെയും യാതൊന്നും വിട്ടുകൊടുക്കാതെയും ആയാസരഹിതമായി ജീവിക്കൂ. മനോവൈകല്യങ്ങളെ ഒഴിവാക്കി മോഹാന്ധകാരത്തെ ഇല്ലാതാക്കൂ. ആത്മാഭിരാമനാവൂ. അങ്ങിനെ ദു:ഖനിവൃത്തനാവൂ. നിറസമുദ്രമെന്നപോലെ സർവ്വവ്യാപിത്വമാർന്ന് ആത്മാവിൽ അഭിരമിക്കൂ. ചാന്ദ്രശീതളിമയിലെന്നപോലെ ആത്മാവിനാൽ ആത്മാനന്ദമറിഞ്ഞ് ജീവിക്കൂ. 

Nov 29, 2012

202 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 202

ഹേ ജനാ അപരിജ്ഞാത ആത്മാ വോ ദു:ഖസിദ്ധയേ
പരിജ്ഞാതസ്ത്വനന്തായ സുഖായോപശമായ ച (5/5/23)

വസിഷ്ഠൻ പറഞ്ഞു: രാമാ, വിശ്വപ്രളയത്തെക്കുറിച്ചും പരമശാന്തിയടയുന്നതിനെക്കുറിച്ചുമുള്ള ഈ പ്രഭാഷണം കേട്ടാലും. ഈ പ്രത്യക്ഷലോകത്തെ താങ്ങി നിലനിർത്തുന്നത് രാജസീകതയും (മലിനത) താമസീകതയും (മന്ദത) ആണ്‌...  ഒരു കെട്ടിടത്തെ താങ്ങി നിർത്തുന്ന സ്തംഭങ്ങൾ പോലെയാണവ. ഒരു പാമ്പ് പടം പൊഴിക്കുന്നതുപോലെ നിർമ്മലരായവർ ഈ ലോകത്തെ നിഷ് പ്രയാസം  ഉപേക്ഷിക്കുന്നു. സാത്വീകതയും (നിർമ്മലത) കർമ്മപടുത്വവും (രാജസീയത) ഉള്ളവർ യാന്ത്രികമായി വെറുതേ ജീവിക്കുന്നവരല്ല. അവർ ഈ ലോകത്തിന്റെ ഉത്ഭവത്തെപ്പറ്റിയും പ്രകടനാത്മകതയെപ്പറ്റിയും കൂലങ്കഷമായി ആലോചിച്ച് അന്വേഷിക്കുന്നവരാണ്‌..  ഈ അന്വേഷണങ്ങൾ ശരിയായ ശാസ്ത്രപഠനങ്ങളിലൂടെയും മഹത്തുക്കളായ ഗുരുവരന്മാരുടെ സഹായത്താലും നടത്തുന്ന പക്ഷം അവരിൽ സത്യസാക്ഷാത്കാരമുണ്ടാവും. സത്യം വിളക്കിന്റെ വെളിച്ചത്തിലെന്നവണ്ണം അവർക്കു സ്വരൂപമായി തെളിഞ്ഞു കാണാകുന്നു. സ്വാത്മാവിൽ ആത്മപ്രയത്നത്താൽ സ്വയം അന്വേഷിച്ചു കണ്ടെത്തിയാലല്ലാതെ ഈ സത്യം തെളിയുകയില്ല.

രാമാ, നീ തീർച്ചയായും ശുദ്ധനൈർമ്മല്യം തന്നെയാണ്‌..  അതിനാൽ നീ സത്യാന്വേഷണം ചെയ്താലും. സത്യവും മിഥ്യയുമെന്തെന്നാരാഞ്ഞ് സത്യത്തിനായി സ്വയം സമർപ്പിക്കുക. ആദ്യമേ തന്നെ ഇല്ലാത്തതും കുറേക്കാലത്തിനപ്പുറം നിലനിൽക്കാത്തതുമായതിനെ എങ്ങിനെയാണു സത്യമെന്നെണ്ണുക? എന്നെന്നും ഉണ്ടായിരുന്ന, നിലനില്‍ക്കുന്ന ഒന്നിനെ മാത്രമേ സത്യമെന്നു കരുതാനാവൂ. ജനനം എന്നതും, വളർച്ചയെന്നതും മനസ്സിനാണു രാമാ. ഈ സത്യം തെളിഞ്ഞുറച്ചാല്‍പ്പിന്നെ മനസ്സാണ്‌ സ്വയമുണ്ടാക്കിയ പരിമിതിയായ അജ്ഞാനത്തിൽ നിന്നും സ്വതന്ത്രമാവുന്നത്. അതുകൊണ്ട് മനസ്സിനെ ശാസ്ത്രപഠനങ്ങളാകുന്ന തയ്യാറെടുപ്പോടെ  ധർമ്മത്തിന്റെ പാതയിലേയ്ക്കു നയിക്കുക. സദ്സംഗം, അനാസക്തി പരിശീലനം എന്നിവയും ഇതിനുള്ള തയ്യാറെടുപ്പുതന്നെയാണ്‌..  ഇങ്ങിനെ സ്വയം പക്വതയാർജ്ജിച്ച ശേഷം പരിപൂർണ്ണ ജ്ഞാനിയായ ഒരു ഗുരുവിന്റെ പാദങ്ങളെ ശരണം പ്രാപിക്കുക. ഗുരു അരുളിത്തരുന്ന ശാസ്ത്രപാഠങ്ങൾ ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ പിന്തുടരുന്നതിലൂടെ കാലക്രമത്തിൽ ശിഷ്യൻ പരിപൂർണ്ണ പരിശുദ്ധിയെ പ്രാപിക്കുന്നു.

രാമാ, ഈ നിർമ്മലതയിൽ ആത്മാവിനെ ആത്മാവുകൊണ്ടറിയുക. ചന്ദ്രന്റെ ശീതളിമയാര്‍ന്ന പ്രഭ  ആകാശത്തെ മുഴുവൻ കാണിച്ചുതരുന്നുവല്ലോ. മായികമായ സംസാരസമുദ്രത്തിൽ ഒരു വയ്ക്കോൽത്തുരുമ്പുപോലെ നമ്മുടെ ജീവിതം തട്ടിക്കളിച്ചുകൊണ്ടിരിക്കുന്നു. അതിനൊരവസാനം വരണമെങ്കിൽ ആത്മാന്വേഷണമെന്ന വഞ്ചിയിൽ കയറുക എന്ന ഒരൊറ്റ പോംവഴിയേയുള്ളു. നദികളിൽ പൊങ്ങിയൊഴുകി നീങ്ങുന്ന മണൽത്തരികൾ അടിയുന്നത് പ്രശാന്തമായ ജലത്തിലാണല്ലോ. ആത്മവിദ്യാനിരതനായ ഒരുവന്റെ മനസ്സിൽ സത്യം പ്രശാന്തതയോടെ അറിവായുറയ്ക്കുന്നു. ഒരിക്കലുറച്ചാൽ നശിക്കാത്ത അറിവാണത്. ചാരം മൂടിക്കിടക്കുന്നുവെങ്കിലും ഒരുകഷണം സ്വർണ്ണം കണ്ടെത്താൻ സ്വർണ്ണപ്പണിക്കാരന്‌ വിഷമങ്ങളേതുമില്ല. സത്യം കണ്ടെത്തുംവരെ മാത്രമേ ചിന്താക്കുഴപ്പങ്ങളുള്ളു. സത്യത്തിന്റെ അറിവുറച്ചാൽപ്പിന്നെ എല്ലാം വ്യക്തമായി തെളിഞ്ഞുകാണാം. “ആത്മാവിനെക്കുറിച്ചുള്ള അജ്ഞതയാണ്‌ നിന്റെ ദു:ഖത്തിനു കാരണം. എന്നാൽ ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനം നിനക്കു പ്രശാന്തിയും പ്രഹർഷവുമേകും.” 

Nov 28, 2012

201 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 201

യദ്യദ് രാഘവ സംയാതി മഹാജനസപര്യയാ
ദിനം തദിഹ സാലോകം ശേഷാസ്ത്വന്ധാ ദിനാലയ: (5/4/12)

വാല്‍മീകി തുടർന്നു: നേരം പുലർന്നപ്പോൾ രാമനും മറ്റുള്ളവരും എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ ചെയ്ത ശേഷം വസിഷ്ഠമുനിയുടെ  ഗൃഹത്തിലേക്കുചെന്നു. മഹർഷി ഗാഢമായ ധ്യാനത്തിലായിരുന്നു. അദ്ദേഹം ധ്യാനമുണർന്നപ്പോൾ എല്ലാവരുംകൂടി ഒരു  തേരിൽ കയറി ദശരഥന്റെ രാജധാനിയിലേക്കുപോയി. രാജാവവരെ സ്വീകരിക്കാൻ ഉപചാരപൂർവ്വം മൂന്ന് അടിവെച്ചു. അതുകഴിഞ്ഞ് സഭാവാസികളോരോരുത്തരായി ആസനസ്ഥരായി. അവരിൽ ദേവന്മാരും ഉപദേവതമാരും മഹർഷിമാരും ഉണ്ടായിരുന്നു.

ദിനാരംഭത്തിനു നാന്ദികുറിച്ച് ദശരഥരാജൻ ഇങ്ങിനെ പറഞ്ഞു: ഭഗവൻ, ഇന്നലത്തെ തുടർച്ചയായ പ്രഭാഷണപരമ്പരയ്ക്കുശേഷം അങ്ങേക്ക് ഉചിതമായ വിശ്രമം ലഭിച്ചുവെന്നു കരുതുന്നു. അങ്ങയുടെ പരമവിജ്ഞാനപ്രദമായ പ്രഭാഷണം ഞങ്ങളെ അറിവിന്റെ ഉന്നതശിഖരങ്ങളിലെത്തിച്ചിരിക്കുന്നു. തീർച്ചയായും പ്രബുദ്ധരായ മാമുനിമാരുടെ വാക്കുകൾ ജീവജാലങ്ങളുടെ ദു:ഖനിവാരണം വരുത്തുവാനുതകുന്നതും അവരിൽ ആനന്ദാനുഗ്രഹം ചൊരിയുന്നവയുമാണ്‌. നമ്മുടെ സ്വയംകൃതാനർത്ഥങ്ങളെ നീക്കി മനസ്സിനെ നിർമ്മലമാക്കാൻ അവയ്ക്കു കഴിയുന്നു. ലൗകീകാസക്തി, അത്യാഗ്രഹം തുടങ്ങിയ ദുഷ്ച്ചിന്തകളെ ക്ഷീണിപ്പിക്കാൻ ആ വാക്കുകൾക്കാവുന്നു. ഞങ്ങൾ മോഹത്തിനടിപ്പെട്ട് ഈ പ്രത്യക്ഷലോകത്തെ യാഥാർത്ഥ്യമെന്നു കരുതിയാണിരുന്നത്. ആ വിശ്വാസത്തിനൊരു വെല്ലുവിളിയാണവിടുത്തെ വാക്കുകൾ.  “രാമാ, ജ്ഞാനികളായ മാമുനിമാരെ പൂജിച്ചുബഹുമാനിക്കുന്ന ദിനങ്ങളെ മാത്രമേ ഫലപ്രദമായി നമുക്കു കണക്കാക്കുവാനാകൂ. മറ്റു ദിനങ്ങൾ വെറും അന്ധകാരം മാത്രം”. ഇതു നിനക്കുള്ള സുവർണ്ണാവസരമാണ്‌.. ഈ മഹർഷിയിൽ നിന്നും നിനക്ക് വേണ്ട ജ്ഞാന വിജ്ഞാനാദികള്‍ ആരാഞ്ഞറിയൂ. പഠനയോഗ്യമായ കാര്യങ്ങൾ എന്തെന്നറിയൂ.

വസിഷ്ഠൻ പറഞ്ഞു: രാമാ, ഞാൻ നിനക്കുപദേശിച്ച കാര്യങ്ങൾ നീ ഗാഢമായി  ധ്യാനിക്കുകയുണ്ടായോ? രാത്രിയിൽ നീ അവയെക്കുറിച്ച് ചിന്തിച്ചുവോ? നിന്റെ ഹൃദയഭിത്തിയിൽ അവ തെളിഞ്ഞുകിടക്കുന്ന രേഖാചിത്രങ്ങളായിത്തീർന്നുവോ? നീയോർക്കുന്നുവോ മനുഷ്യൻ മനസ്സാണെന്നു ഞാൻ പറഞ്ഞത്? ഈ ലോകസൃഷ്ടികളെപ്പറ്റി ഞാൻ വിശദമായിപ്പറഞ്ഞത് നീ ഓർത്തുവോ? തുടർച്ചയായി ഇവയെല്ലാം ആവർത്തിച്ചോർക്കുന്നതുകൊണ്ടു മാത്രമേ ഈദൃശമായ ആശയങ്ങൾക്കു തെളിമയുണ്ടാവൂ.

രാമൻ പറഞ്ഞു: ഭഗവൻ, ഞാൻ അങ്ങുപറഞ്ഞതുമാത്രമാണ്‌ രാത്രിയിൽ ചെയ്തത്. നിദ്രയുപേക്ഷിച്ച് രാത്രിമുഴുവൻ അങ്ങയുടെ പ്രബുദ്ധമായ ഉപദേശങ്ങളെ ഞാൻ ധ്യാനിക്കുകയായിരുന്നു. അവയിലൂടെ അങ്ങു കാണിക്കാൻ ശ്രമിച്ച സത്യത്തെ കാണാൻ ഞാൻ ശ്രമിച്ചു. ആ സത്യമിപ്പോൾ എന്റെയുള്ളിൽ ചിരപ്രതിഷ്ഠമാണ്‌. ഏറ്റവും ഉയർന്ന തലത്തിലുള്ള ആനന്ദത്തെ പ്രദാനം ചെയ്യുമെന്നറിഞ്ഞാൽപ്പിന്നെ ആരെങ്കിലും അങ്ങയുടെ വാക്കുകളെ ശിരസാവഹിക്കാതിരിക്കുമോ? അവ കേൾക്കാൻ അതീവ മധുരിമയാർന്നവയത്രേ. അവ നമ്മിലുണർത്തുന്നത് അതിപാവനമായ ഒരു പവിത്രതാ ഭാവമാണ്. അത്  നമ്മെ നയിക്കുന്നതോ, സമാനതകളില്ലാത്ത ഒരനുഭവമേഘലയിലേയ്ക്കുമാണ്‌. ഭഗവൻ, അങ്ങ്  പ്രഭാഷണം തുടർന്നാലും. 

Nov 27, 2012

200 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 200

ഭാഗം അഞ്ച് - ഉപശമ പ്രകരണം ആരംഭം.

ഭോഗാസ്ത്യക്തും ന ശക്യന്തേ തത്യാഗേന വിനാ വയം
പ്രഭവാമോ ന വിപദാമഹോ സങ്കടമാഗതം (5/2/21)

വാല്‍മീകി തുടർന്നു: ദേവന്മാരും ഉപദേവന്മാരും മഹർഷിമാരും മറ്റു സഭാവാസികളും വസിഷ്ഠമുനിയുടെ വിവേകവിജ്ഞാനഭരിതമായ വാക്കുകൾ പരിപൂർണ്ണശ്രദ്ധയോടെ സാകൂതം കേട്ടിരുന്നു. ദശരഥരാജാവും മന്ത്രിമാരുമെല്ലാം തൽക്കാലത്തേയ്ക്ക് അവരുടെ ഔദ്യോഗീക ജോലികളും ഉല്ലാസപ്രവൃത്തികളും നിർത്തിവച്ച് മാമുനിയുടെ പ്രഭാഷണത്തിൽ നിന്നുള്ള അറിവുനേടാൻ ജാഗരൂകരായിരുന്നു. മദ്ധ്യാഹ്നസമയമറിയിക്കുന്ന ശംഖുനാദം മുഴങ്ങിയപ്പോൾ സഭാവാസികൾ ചെറിയൊരിടവേള എടുത്തു. വൈകുന്നേരങ്ങളിൽ പ്രഭാഷണം കഴിയുമ്പോൾ അവർ വിശ്രമത്തിനായി പിരിയുകയും ചെയ്തു. രാജാക്കന്മാരും മറ്റും സഭയിൽ നിന്നു മടങ്ങുമ്പോൾ അവരുടെ വസ്ത്രാഭരണങ്ങൾ മിന്നിത്തിളങ്ങി. പ്രപഞ്ചത്തിന്റെ ഒരു ചെറുപകർപ്പായി രാജസഭ കാണപ്പെട്ടു. സഭ പിരിഞ്ഞു കഴിഞ്ഞപ്പോൾ ദശരഥരാജാവ് മുനിമാർക്ക് അർഘ്യം നല്കി പൂജിച്ച് അവരുടെ അനുഗ്രഹാശിസ്സുകൾ നേടി. രാമനും അനുജന്മാരും മുനിമാരെ കൽക്കൽവീണു നമസ്കരിച്ചു. വസിഷ്ഠമുനിയോട് വിട വാങ്ങി അവർ വിശ്രമത്തിനായി അന്തപ്പുരത്തിലേക്കു പോയി. അന്നത്തെ പഠനം സമാപിച്ചു. രാത്രിയിൽ രാമനൊഴികെ എല്ലാവരും നിദ്രയിലാണ്ടു.

രാമൻ വസിഷ്ഠമുനിയുടെ വാക്കുകളോർമ്മിച്ചു ധ്യാനിച്ചു: ഈ ലോകമെന്ന പ്രകടനം എന്താണ്‌? ആരാണീ നാനാവിധത്തിൽ കാണപ്പെടുന്ന മനുഷ്യരും ജീവജാലങ്ങളും? എങ്ങിനെയാണവരിവിടെ കാണപ്പെടുന്നത്? എവിടെ നിന്നാണവർ വന്നെത്തിയത്? എങ്ങോട്ടാണവരുടെ യാത്ര? മനസ്സിന്റെ സ്വഭാവങ്ങളെന്തൊക്കെയാണ്‌? എങ്ങിനെയതിനെ പ്രശാന്തമാക്കാം? പ്രപഞ്ചത്തിലെ ചിന്താക്കുഴപ്പത്തിനു കാരണമായ മായ എങ്ങു നിന്നാണുത്ഭവിച്ചത്? എപ്പോഴാണതിനൊരറുതി വരിക? ഈ മായയുടെ അവസാനമെന്നത് അഭികാമ്യമോ അല്ലയൊ? അനന്താവബോധത്തിൽ എങ്ങിനെയാണ്‌ പരിമിതിയെന്ന ധാരണ ഉദിച്ചത്? ഇന്ദ്രിയ സംയമനത്തിനായും മനോ നിയന്ത്രണത്തിനായും വസിഷ്ഠമുനി ഉപദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എങ്ങിനെയാണു കൃത്യമായി നടപ്പാക്കേണ്ടത്?

”സുഖാസ്വാദനം ഉപേക്ഷിക്കുക അസാദ്ധ്യം. എന്നാൽ ദു:ഖനിവാരണത്തിന്‌ അത്തരം ആസ്വാദനം അവസാനിപ്പിക്കാതെ സാദ്ധ്യവുമല്ല. ഇതൊരു പ്രശ്നം തന്നെ!.“ എന്നാൽ മനസ്സ് ഇതിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌.. ആയതിനാൽ മനസ്സ് ഒരിക്കൽ ലോകത്തിന്റെ മായികതയിലൊന്നും പെടാതെ പരമശാന്തി അനുഭവിച്ചു കഴിഞ്ഞാൽപ്പിന്നെ അതുപേക്ഷിച്ച് ഇന്ദ്രിയസുഖത്തിനു പിറകേ പായുകയില്ല. എന്റെ മനസ്സ് എന്നാണു നിർമ്മലമാവുക? എന്നാണതിനു പരമ്പൊരുളിൽ അഭിരമിക്കാനാവുക? സമുദ്രത്തിൽ അലകളടങ്ങുന്നതുപോലെ എന്റെ മനസ്സെന്നാണ്‌ അനന്തതയിൽ അഭിരമിച്ചു ശാന്തമാവുക? എന്നിൽ ആസക്തികളെന്നാണവസാനിക്കുക? സമതാദർശനമെന്ന അനുഗ്രഹത്തിനു ഞാൻ പാത്രമാവുന്നതെപ്പോൾ? ലൗകീകതയെന്ന ഈ തീവ്രജ്വരത്തിൽ നിന്നെനിക്കു മുക്തി എപ്പോഴാണുണ്ടാവുക? മനസ്സേ മാമുനിമാർ അരുളിത്തന്ന ജ്ഞാനത്തിന്റെ തെളിമയിൽ നീ ഉറച്ചുനിൽക്കുമോ? മേധാശക്തീ, നീ എന്റെ സുഹൃത്താണല്ലോ. വസിഷ്ഠമുനി തന്ന പാഠങ്ങൾ നമുക്ക് ധ്യാനിച്ചുറപ്പിക്കാം.  അങ്ങിനെ നമുക്ക് രണ്ടാൾക്കും ലൗകീകാസ്തിത്വത്തിൽ നിന്നും തത്ജന്യമായ ദു:ഖദുരിതങ്ങളിൽ നിന്നും രക്ഷനേടാം. 

Nov 26, 2012

199 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 199

തവ തുല്യമതിര്യ: സ്യാത്സുജന: സമദർശന:
യോഗ്യൗസൗ ജ്ഞാനദൃഷ്ടീനാം മയോക്താനാം സുദൃഷ്ടിമാൻ (4/62/9)

വസിഷ്ഠൻ തുടർന്നു: രാമ, ബുദ്ധിയും വിവേകവുമുള്ള ഒരുവൻ സത്യാന്യോഷണത്തിനുള്ള പ്രാപ്തിയുള്ളപക്ഷം സദ് വൃത്തനും ജ്ഞാനിയുമായ ഒരാളെ സമീപിച്ച് വേദശാസ്ത്രപഠനം ചെയ്യണം. സത്യസാക്ഷാത്കാരത്തിന്റെ നേരനുഭവം കിട്ടിയിട്ടുള്ള ഈ ഗുരു ലൗകീകസുഖാസക്തികളെ വിജയിച്ചയാളായിരിക്കണം. അദ്ദേഹത്തിന്റെ സഹായത്തോടെയാണ്‌ ശാസ്ത്രം പഠിക്കേണ്ടത്. മഹത്തായ യോഗാഭ്യാസസാധനയിലൂടെ ഒരാൾക്ക് പരമപദപ്രാപ്തി സാധ്യമാണ്‌. രാമാ, നിനക്ക് ആത്മീയകാര്യങ്ങളിൽ നെടുനായകസ്ഥാനമുണ്ടല്ലോ. നീയാണെങ്കില്‍ നന്മയുടെ ഇരിപ്പിടവുമാണ്‌. ശോകത്തിൽ നിന്നും നിനക്ക് മുക്തിയും ലഭിച്ചിരിക്കുന്നു. സമതാ ദർശനം നിനക്കു സ്വായത്തം. ബോധത്തിന്റെ, മേധാശക്തിയുടെ, ഏറ്റവും ഉയർന്നതലത്തിൽ വിരാജിക്കുന്ന നിനക്ക് മായാമോഹങ്ങളെ ഉപേക്ഷിക്കാനാവും. ലോകവസ്തുക്കളെപ്പറ്റിയുള്ള എല്ലാ ആശങ്കകളും അവസാനിക്കുമ്പോൾ നിനക്ക് അദ്വൈതമായ അനന്താവബോധത്തെ സാക്ഷാത്കരിക്കാനാവും. അതാണ്‌ മുക്തിപദം. ഇതിനു സംശയമേതുമില്ലെന്നറിയുക. ആത്മവിദ്യാനിരതരായ മാമുനിമാർപോലും നിന്നെ അനുകരിക്കും. നീ കാണിച്ച പാത പിന്തുടരും.

“രാമാ, നിന്നെപ്പോലെ ബുദ്ധിമാനും, സമദർശനം പരിശീലിച്ചവനും, നന്മയെ വ്യതിരിക്തമായി അറിഞ്ഞു ദർശിക്കുന്നവനും മാത്രമേ ഞാനീപ്പറഞ്ഞ വിവേകദർശനവും വിജ്ഞാനവും ലഭിക്കുകയുള്ളു. "  രാമാ, ഈ ശരീരമുള്ളിടത്തോളം കാലം ഇഷ്ടാനിഷ്ടങ്ങളുടെ ചാഞ്ചല്യത്തിനടിമയാവാതെ, ആകർഷണവികർഷണങ്ങൾക്ക് വശംവദനാകാതെ, നീ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റരീതിക്കനുസൃതമായി ജീവിക്കൂ. എന്നാൽ ആശകളും ആസക്തികളും നിന്നെ ബാധിക്കാതെ നോക്കുക. പരമസത്യമെന്തെന്നറിയാൻ നിരന്തരം പരിശ്രമിക്കുക. ദിവ്യരായ മഹർഷിമാരങ്ങിനെയാണ്‌..

മഹാത്മാക്കളുടെ പെരുമാറ്റരീറ്റി പിന്തുടരുന്നത് പരമപദത്തിലേയ്ക്കുള്ള പാത സുഗമമാക്കും. അങ്ങിനെയാണ്‌ വിവേകികൾ തങ്ങളുടെ ലക്ഷ്യപ്രപ്തിയിലേക്കുള്ള പുരോഗതി ഉറപ്പുവരുത്തുന്നത്. ഈ ജീവിതത്തിലെ സ്വഭാവങ്ങളാണ്‌ ഈ ജീവിതകാലം കഴിഞ്ഞാലും ഒരു ജീവനു ‘സമ്പാദ്യ’മായി ഉണ്ടാവുക. എന്നാൽ ഇത്തരം പ്രവണതകളിൽ നിന്നും വാസനകളില്‍ നിന്നും രക്ഷപ്പെടാൻ ആരോണോ കഠിനമായി പരിശ്രമിക്കുന്നത്, അതിനു ഫലമുണ്ടാവുകതന്നെ ചെയ്യും. തമസ്സിൽ നിന്നും മനോമാന്ദ്യത്തിൽനിന്നും കരേറി ശുദ്ധമാവാനായി അയാൾ പരിശ്രമിക്കണം. വിവേകവിജ്ഞാനങ്ങളോടെയുള്ള ഉചിതമായ പരിശ്രമങ്ങൾ ഒരുവനെ നിർമ്മലതയുടെയും പ്രബുദ്ധതയുടെയും ഉന്നതശൃംഗങ്ങളിലേയ്ക്ക് നയിക്കുന്നു.

കഠിനപരിശ്രമംകൊണ്ടേ നല്ലൊരു ശരീരം ലഭിക്കൂ. തീവ്ര പരിശ്രമംകൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല. ബ്രഹ്മചര്യമനുഷ്ഠിച്ച്, ധീരതയോടെ, സഹനശക്തിയോടെ, നിർമമതയോടെ, സാമാന്യബുദ്ധിയോടെയുള്ള അഭ്യാസങ്ങളിലൂടെ ഒരാൾക്ക് താൻ അന്വേഷിക്കുന്ന ആത്മവിദ്യ സാക്ഷാത്കരിക്കാം. രാമാ, നീ ഇപ്പോഴെ മുക്തിയെപ്രാപിച്ചവനാണ്‌.. അതിനുയോജിച്ചരീതിയിൽ ജീവിച്ചാലും!

സ്ഥിതി പ്രകരണം എന്ന നാലാം ഭാഗം അവസാനിച്ചു . 

Nov 25, 2012

198 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 198

യൈവ ചിദ് ഭുവനാഭോഗേ ഭൂഷണേ വ്യോമ്നി ഭാസ്കരേ
ധരാവിവരകോശസ്ഥേ  സൈവ ചിത്കീടകോദരേ (4/61/18)

വസിഷ്ഠൻ തുടർന്നു: പ്രത്യക്ഷമായ ഈ ലോകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞപ്പോൾ അതൊരു പാത്രത്തിൽ നിറച്ച വെള്ളം പോലെയായി. അതിൽ അനേകം ജീവികൾ പൊങ്ങിയും താണും വന്നുകൊണ്ടിരുന്നു. അവകളെയെല്ലാം ബന്ധിപ്പിച്ചിരുന്നത് ജീവത്വരയാകുന്ന കയറാണ്‌.. അനന്താവബോധമെന്ന സമുദ്രത്തിൽ അലകളും ഓളങ്ങളും പോലെയുണ്ടായ ഈ ജീവജാലങ്ങൾ ഭൗതീകമണ്ഡലത്തിൽ പ്രവേശിച്ചു. വായു, ജലം, ഭൂമി തുടങ്ങിയ മൂലഘടകങ്ങൾ ഉണ്ടായപ്പോൾ അവയുമായി ഈ ജീവജാലങ്ങൾ ബന്ധപ്പെട്ടു. അപ്പോൾ ജനന മരണ ചക്രമുരുളാൻ ആരംഭിച്ചു. ജീവജാലങ്ങൾ ചന്ദ്രരംശികളിൽ കരേറി വൃക്ഷലതാദികളിൽ പ്രവേശിക്കുന്നതുപോലെയായിരുന്നു. അവ അതതു ചെടികളിൽ കായായിത്തീർന്നു. സൂര്യപ്രകാശത്തിലും ചൂടിലും കായ്കൾ പഴുത്തുപാകം വന്നു ഫലങ്ങളായി. അപ്പോൾ അവ പുനർജനിക്കാൻ പക്വമായി.

സൂക്ഷ്മരൂപത്തിൽ ആശയങ്ങളും ധാരണകളും ഇനിയും ജനിച്ചിട്ടില്ലാത്ത ജീവനുകളിൽപ്പോലും നിർലീനമത്രേ. ജനനസമയത്ത് അവയെ പൊതിഞ്ഞിരിക്കുന്ന ആവരണങ്ങൾ നീങ്ങിപ്പോകുന്നു. ചിലർ ജന്മനാ സാത്വികരും ശുദ്ധമനസ്കരുമാണ്‌.. അവർ തങ്ങളുടെ പൂർവ്വ ജന്മത്തിൽ ഇന്ദ്രിയസുഖങ്ങളുടെ ആകർഷണത്തെ വിജയകരമായി ചെറുത്തുനിന്നവരാണ്‌.. എന്നാൽ മറ്റുള്ളവർ ജനിക്കുന്നത് വീണ്ടും വീണ്ടും ജനിച്ചുമരിച്ച് ഈ ചാക്രികചലനം തുടരുന്നതിനുമാത്രമാണ്‌.. അവരിൽ ശുദ്ധാശുദ്ധങ്ങളും ആന്ധ്യവും ഇടകലർന്നിരിക്കുന്നു. ഇനിയും ചിലർ നിർമ്മലരെങ്കിലും അവരിൽ കളങ്കത്തിന്റെ ചെറിയൊരംശം ബാക്കി നിൽക്കുന്നുണ്ട്. അവർ സത്യാർത്ഥികളും സദ് വൃത്തരുമാണ്‌.. അജ്ഞാനത്തിന്റെ പിടിയിൽപ്പെടാതെ ജീവിക്കുന്ന ഇത്തരക്കാർ തുലോം വിരളമത്രേ. കല്ലും മലയും പോലെ ഉറച്ചുപോയ അജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവങ്ങളായ, മന്ദതയും തമോഗുണവും നിറഞ്ഞ വേറേ ചിലരുമുണ്ട്.

അൽപ്പം കളങ്കമവശേഷിച്ചിട്ടുണ്ടെങ്കിലും കൂടുതൽ സാത്വീകഭാവമുള്ള സാത്വീക-രാജസീക സ്വഭാവമുള്ളവർ പൊതുവേ സന്തുഷ്ടരും പ്രബുദ്ധരുമാണ്. അവർ പെട്ടെന്നു ദു;ഖത്തിനടിമപ്പെട്ടു വ്യാകുലചിത്തരാകുന്നില്ല. അവർ നിസ്വാർത്ഥരായ വൃക്ഷങ്ങൾപോലെയാണ്‌.. സ്വാർജ്ജിത പൂർവ്വകർമ്മങ്ങളുടെ ഫലമനുഭവിക്കുകയാണവർ. അവർ പുതുതായി ആർജ്ജിതകർമ്മങ്ങളിൽ ഏർപ്പെടുന്നില്ല. അവർ ആഗ്രഹങ്ങൾക്കതീതരാണ്‌.. അവർ സ്വയം പ്രശാന്തരാണ്‌.. എത്ര ദുരിതമുണ്ടായാലും അവർ തങ്ങൾ കണ്ടെത്തിയ പ്രശാന്തതയെ കൈവെടിയുന്നില്ല. അവർ എല്ലാവരേയും സമതാ ഭാവത്തിൽ സ്നേഹിക്കുന്നു. അവർ ശോകസമുദ്രത്തിൽ മുങ്ങിത്താഴാനിടയാകുന്നില്ല. ഒരു കാരണവശാലും സംസാരമെന്ന ഈ ശോകസമുദ്രത്തിൽ മുങ്ങാതിരിക്കാനാണ്‌ എല്ലാവരും ശ്രമിക്കേണ്ടത്. ആത്മസ്വരൂപാന്വേഷണത്തിലൂടെ ഇതു സാദ്ധ്യമാണ്‌. “ഞാൻ ആരാണ്‌? ഈ മായാ ലോകം എങ്ങിനെയാണുണ്ടായത്?” എന്നിങ്ങനെ മനസ്സ് നിരന്തരം ധ്യാനനിരതമായിരിക്കണം.

അങ്ങിനെ ഒരുവൻ ദേഹാഭിമാനവും ലോകാസക്തിയും ഉപേക്ഷിക്കണം. ഇട്യ്ക്കൊരു മന്ദിരം നിലകൊള്ളുന്നു എന്നതുകൊണ്ട് ആകാശത്തിന്‌ വിഭജനങ്ങളോ അതിരുകളോ ഉണ്ടാകുന്നില്ലെന്ന് അപ്പോൾ അറിവുറയ്ക്കും. “ഭാസുരദീപ്തിയുള്ള സൂര്യനിൽ കുടികൊള്ളുന്ന അതേ അവബോധമാണ്‌ ഭൂമിയിലെ ഒരു ചെറുകുഴിയിൽ ഞുളയ്ക്കുന്ന പുഴുവിലും ഉള്ളത്”. 

Nov 24, 2012

197 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 197

മോഹ എവം മയോ മിഥ്യാ ജഗത: സ്ഥിരതാം ഗത:
സങ്കല്പനേന മനസാ കല്പിതോചിരത: സ്വയം (4/59/31)

വസിഷ്ഠൻ തുടർന്നു: രാമാ, ഈ ജീവിതത്തിൽ ആഹാരം നീഹാരം, മൈഥുനം ഇവയല്ലാതെ മറ്റെന്തുണ്ട്? അതുകൊണ്ടുതന്നെ ജ്ഞാനിക്ക് ഇവിടെനിന്നു ലഭിക്കാനെന്തുണ്ട്? അയാൾക്കിവിടെ ആരായാനനുയോഗ്യമായ എന്താണുള്ളത്? പഞ്ചഭൂത നിർമ്മിതമായ ഈ ലോകവും രക്ത-മാംസ-രോമാദികളാൽ നിർമ്മിക്കപ്പെട്ട ദേഹവും അജ്ഞാനിയെ സംബന്ധിച്ചിടത്തോളം അവന്റെ ഉല്ലാസത്തിനായാണ്‌ നിലനിൽക്കുന്നത്. ജ്ഞാനി അസ്ഥിരവും അയാഥാർത്ഥ്യവുമായ ഇതിലെല്ലാം ഒരു കൊടിയ വിഷമാണു ദർശിക്കുന്നത്.

രാമൻ ചോദിച്ചു: എല്ലാ ധാരണകളും ഇല്ലാതായി മനസ്സ് സൃഷ്ടാവിന്റെ തലത്തിൽ നിൽക്കുമ്പോൾപ്പിന്നെ വീണ്ടും ലോകമെന്ന ആശയം എങ്ങിനെയാണുദിച്ചു പൊങ്ങുന്നത്?

വസിഷ്ഠൻ തുടർന്നു: രാമാ, ആദ്യമുണ്ടായ സൃഷ്ടാവ് അനന്താവബോധത്തിന്റെ ഗർഭത്തിൽനിന്നും പുറത്തുവന്ന ഉടനേ ‘ബ്രഹ്മാവ്’ എന്നു ശബ്ദിച്ചു. അങ്ങിനെ അയാൾ ബ്രഹ്മാവ് എന്ന സൃഷ്ടികർത്താവായി അറിയപ്പെട്ടു. ബ്രഹ്മാവിൽ വെളിച്ചമെന്ന ധാരണ ഉദിച്ചപ്പോൾ വെളിച്ചമുണ്ടായി. ആ വെളിച്ചത്തിൽ അദ്ദേഹം തന്റെ ദേഹത്തെ മനസ്സിൽ കണ്ടതും അതപ്രകാരം ഉണ്ടായി. പ്രോജ്ജ്വലിക്കുന്ന സൂര്യൻ മുതൽ ആകാശം നിറഞ്ഞ എല്ലാ വൈവിദ്ധ്യമാർന്ന വസ്തുക്കളും ഉണ്ടായി. ആ പ്രകാശത്തെ അനന്തമായ കിരണങ്ങളുള്ളതായി സങ്കൽപ്പിച്ചു ധ്യാനിച്ചപ്പോൾ അവ വൈവിദ്ധ്യമാർന്ന ജീവജാലങ്ങളായി. വിശ്വമനസ്സാണ്‌ ബ്രഹ്മാവായും മറ്റു ജീവജാലങ്ങളായും മാറിയത്. ഈ ബ്രഹ്മാവു സൃഷ്ടിച്ച എല്ലാമിപ്പോഴുമുണ്ട്. “ഈ അയാഥാർത്ഥ്യമായ ലോകത്തിനു അസ്തിത്വഭാവം നൽകുന്നത് തുടർച്ചയായുള്ള നിലനിൽപ്പെന്ന ധാരണ ഉള്ളതുകൊണ്ടാണ്‌.. ”

എല്ലാ ജീവജാലങ്ങളും ഈ വിശ്വത്തിൽ നിലകൊള്ളുന്നത് അവയുടെ സ്വന്തം ധാരണകളാലും ആശയങ്ങളാലുമാണ്‌.. സ്വന്തം ചിന്താശക്തികൊണ്ട് വിശ്വനിർമ്മിതി ചെയ്തശേഷം ബ്രഹ്മാവ് ഇങ്ങിനെ ആലോചിച്ചു: ‘പ്രപഞ്ചമനസ്സിലുണ്ടായ ചെറിയൊരിളക്കം, കാലുഷ്യം ഹേതുവായാണ്‌ ഞാനീ സൃഷ്ടികളെയെല്ലാമുണ്ടാക്കിയത്. എനിക്കു മതിയായി. കാരണം ഇവ സ്വയം പ്രത്യുൽപ്പാദനം നടത്തി പെരുകിക്കൊള്ളൂം. ഞാനിനി വിശ്രമിക്കട്ടെ.’ ഇങ്ങിനെ ധ്യാനിച്ച് ബ്രഹ്മാവ് തീവ്രമായ ധ്യാനാവസ്ഥയിൽ വിലീനനായി വിശ്രമിച്ചു. എന്നാൽ തന്റെ സൃഷ്ടികളോട് ദയാവായ്പ്പുതോന്നി അദ്ദേഹം ആത്മവിദ്യയെ പ്രകാശിപ്പിക്കാനായി വേദശാസ്ത്രങ്ങളെ വെളിപ്പെടുത്തി. എന്നിട്ടു വീണ്ടും അദ്ദേഹം തന്റെ യോഗനിദ്രയിലേയ്ക്കു തിരിച്ചുപോയി. ബ്രഹ്മാവ്‌ നില കൊള്ളുന്ന ഈ ബ്രാഹ്മിസ്ഥിതി എന്നത്, എല്ലാ ധാരണകൾക്കും ആശയങ്ങൾക്കുമതീതമായ ഒരു തലമത്രേ. അന്നുമുതൽ സൃഷ്ടിക്കപ്പെട്ട എല്ലാത്തിനും അതുമായി ബന്ധപ്പെടുന്നവയുടെ സവിശേഷസ്വഭാവങ്ങൾ ഉണ്ടായി. നന്മയുമായി ചേർന്നപ്പോള്‍ അവ നന്മയുള്ളവയായി. ലൗകീകമായവയോടു ചേർന്നവ അങ്ങിനെയായി. അങ്ങിനെ ഇഹലോകത്തിൽ ബന്ധിക്കപ്പെടുവാനും അതിൽ നിന്നു സ്വതന്ത്രനാവാനും ഒരു ജീവനു സാധിക്കും. 

Nov 23, 2012

196 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 196

കിം കരോമി ക്വ ഗച്ഛാമി കിം ഗൃഹ്ണാമി ത്യജാമി കിം
ആത്മനാ പൂരിതം വിശ്വം മഹാകൽപ്പാംബുനാ യഥാ (4/58/5)
ദു:ഖമാത്മാ സുഖം ചൈവ ഖമാശാസുമഹത്തയാ
സർവമാത്മമയം ജ്ഞാതം നഷ്ടകഷ്ടോഹമാത്മനാ (6)
സബാഹ്യാഭ്യന്തരേ ദേഹേ അധശ്ചോർദ്ധ്വം ച ദിക്ഷു ച
ഇത ആത്മാ തതശ്ചാത്മാ നാസ്ത്യനാത്മമയം ക്വചിത് (7)
സർവത്രൈവ സ്ഥിതോ ഹ്യാത്മാ സർവമാത്മമയം സ്ഥിതം
സർവമേവേദ മാത്മൈവ മാത്മന്യേവ ഭവാമ്യഹം (8)
യന്നാമ നമ തത്കിംചിത് സർവമേവാഹമാന്തര:
അപൂരീതാ പാരനഭാ: സർവത്ര സന്മയ: സ്ഥിത: (9 )
പൂർണസ്തിഷ്ഠാമി മോദാത്മാ സുഖമേകാർണവോപമ:
ഇത്യേവം ഭാവയംസ്തത്ര കനകാചലകുഞ്ചകേ (10)
ഉച്ചാരയന്നോംകാരം ച ഘണ്ടാസ്വനമിവ ക്രമാത്
ഓംകാരസ്യ കലാമാത്രം പാശ്ചാത്യം ബാലകോമളം
നാന്തരസ്ഥോ ന ബഹ്യാസ്ഥോ ഭാവയൻപരമേ ഹൃദി (11)

വസിഷ്ഠൻ തുടർന്നു: ഇതോടനുബന്ധിച്ച് ദേവഗുരുവിന്റെ പുത്രൻ കചൻ ആലപിച്ച പ്രചോദനാത്മകമായ ഒരു ഗാനം ഞാനോർക്കുന്നു. കചൻ ആത്മവിദ്യയിൽ അടിയുറച്ച ജ്ഞാനിയായിരുന്നു. മേരു പർവ്വതത്തിലെ ഒരു ഗുഹയിലാണദ്ദേഹം വസിച്ചിരുന്നത്. മനസ്സ് പരമവിജ്ഞാനത്താൽ സാന്ദ്രമായതിനാൽ പഞ്ചഭൂതാത്മകമായ യാതൊരു ലൗകീകവസ്തുവിനും അദ്ദേഹത്തെ ബാധിക്കാൻ കഴിഞ്ഞില്ല.

വിഷാദഭാവം നടിച്ച്, അർത്ഥവത്തായ ആ ഗാനം,  കചൻ ഇങ്ങിനെ പാടി. കേട്ടാലും:
ഈ ഗാനം ആലപിച്ചു കേള്‍ക്കൂ

ഞാനെന്തുചെയ്യുവാൻ, എങ്ങു ഞാൻ പോകുവാൻ?
എന്തിനെ ഞാൻ വീണ്ടുമാശ്രയിക്കാൻ?
എന്താണെനിക്കു ത്യജിക്കുവാനായുള്ളു?
എന്തുമെല്ലാടവും ഞാനല്ലയോ?
വിശ്വം നിറഞ്ഞു വിളങ്ങുന്നതാത്മാവ്
സന്തോഷ സന്താപ ദ്വന്ദങ്ങളും
സങ്കൽപ്പമിഹലോക സുഖദുഖ മിഥ്യകൾ
ആശകളോ വെറും നിശ്ശൂന്യശൂന്യത
അകത്തും പുറത്തും താഴെയും മുകളിലും
അവിടേയുമിവിടേയുമെല്ലാടവും
ദേഹഗേഹത്തിലും സാർവ്വ ഭൗമത്തിലും
സർവ്വത്തിലും ഉണ്മയാത്മാവു താൻ
അനാത്മ വസ്തുക്കളായൊന്നുമില്ലെവിടെയും
ജഗജാലവൃന്ദമൊരേയാത്മാവു താന്‍
‘ആത്മാവിതെല്ലാം’ ഇതറിവായുണർന്നാൽ
സർവ്വസ്വതന്ത്രൻ സ്വയംപ്രഭൻ ഞാൻ
ആത്മാവിലെല്ലാമടങ്ങുന്നു നിൽക്കുന്നു
ആത്മാവിലാത്മസ്വരൂപനാം ഞാൻ
എല്ലാടവും ഘനസാന്ദ്രമായ് നിറതിങ്ങുമാത്മാവു
ഞാൻ പരിപൂർണ്ണനല്ലോ,
അനശ്വരൻ ഞാൻ പരമാനന്ദ കേവലൻ
അദ്വയൻ ആദിമദ്ധ്യാന്തരഹിതൻ
വിശ്വപ്രപഞ്ച സമുദ്രമായാമഗ്ന-
മദ്വൈതമുണ്മ ഞാൻ ആത്മാവുതാൻ
----------------------------------
ഞാൻ എന്തു ചെയ്യട്ടെ? ഞാനെങ്ങോട്ടാണു പൊവേണ്ടത്? ഞാൻ എന്തിനെയാണ്‌ സമാശ്രയിക്കേണ്ടത്? എന്താണു ഞാൻ ന്യസിക്കേണ്ടത്? ഈ വിശ്വം മുഴുവൻ ഒരേയൊരാത്മാവിനാൽ വ്യാപൃതം. ദു:ഖവും അസന്തുഷ്ടിയും ആത്മാവുതന്നെ.
സന്തോഷമെന്നതും ആത്മാവ്. എല്ലാ അശകളും പൊള്ളയായ നിശ്ശൂന്യത
ഇതെല്ലാം ആത്മാവെന്നറിഞ്ഞാൽ ഞാൻ സ്വതന്ത്രൻ. ഈ ശരീരത്തിൽ, അകത്തും പുറത്തും, താഴെയും മുകളിലും, അവിടെയുമിവിടെയും എല്ലാടത്തും ഒരേയൊരാത്മാവു മാത്രം. അനാത്മാവായി ഒന്നുമില്ല. ആത്മാവാണെല്ലാടവും. എല്ലാം ആത്മാവിൽ നിലകൊള്ളുന്നു.
സത്യമായും ഇതെല്ലാം ആത്മാവു തന്നെ. ഞാൻ ആത്മാവിലാത്മാവായി നിലകൊള്ളുന്നു.
ഞാൻ അനശ്വരനായി, എന്നെന്നും എല്ലായിടവും ഉണ്മയായുണ്ട്. ഞാൻ പരിപൂർണ്ണൻ. ഞാൻ സ്വയം ആനന്ദമാണ് . വിശ്വം മുഴുവൻ ഞാൻ പ്രപഞ്ചസമുദ്രമെന്നപോലെ നിറഞ്ഞിരിക്കുന്നു...

ഇത്രയും പാടിയിട്ട് അദ്ദേഹം ഓം എന്ന മന്ത്രം ഒരു മണിനാദം പോലെ മന്ത്രിച്ചു. ജീവസത്തയെമുഴുവൻ ആ ഓംകാരത്തിലദ്ദേഹം വിലയിപ്പിച്ചു. അദ്ദേഹം ഒന്നിന്റേയുമുള്ളിലോ പുറത്തോ ആയിരുന്നില്ല. അദ്ദേഹം പരിപൂർണ്ണമായും ആത്മാഭിരാമനായി അവിടെ വിരാജിച്ചു. 

Nov 22, 2012

195 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 195

യദിത്വമാത്മനാത്മാനം അവിഗച്ഛസി തം സ്വയം
എതത്പ്രശ്നോത്തരം സാധു ജനാസ്യത്ര ന സംശയ: (4/57/15)

രാമൻ ചോദിച്ചു: മഹാമുനേ എങ്ങിനെയാണ്‌ ഈ അയാഥാർത്ഥ്യമായ ലോകം പരമ്പൊരുളായ ബ്രഹ്മത്തിൽ സ്ഥിതിചെയ്യുന്നത്? സൂര്യതാപത്തിൽ മഞ്ഞിനെങ്ങിനെ നിലനിൽക്കാനാകും?

വസിഷ്ഠൻ പറഞ്ഞു: ഈ ചോദ്യമുന്നയിക്കാനുള്ള അവസരമിതല്ല. നിനക്കതിന്റെ ഉത്തരം ഇപ്പോൾ മനസ്സിലാവുകയില്ല. പ്രണയചാപല്യത്തിന്റെ കഥകൾ ചെറിയൊരു ബാലന്‌ താൽപ്പര്യപ്രദമാവുകയില്ലല്ലോ. എല്ലാ മരങ്ങളും അതതിന്റെ കാലത്ത് പൂവിട്ടു കായ്ക്കും. ഫലം തരും. അതുപോലെ ഞാൻ നിനക്കുപദേശിക്കുന്ന ഈ കാര്യങ്ങളും ഫലപ്രദമാവുകതന്നെ ചെയ്യും. “നീ സ്വയം സ്വപ്രയത്നത്താൽ നിന്റെ ആത്മാവിനെ ആത്മാവിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെങ്കിൽ നിനക്കാ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും”.

ഞാൻ കർത്തൃത്വത്തെപ്പറ്റിയും അകർത്തൃത്വത്തെപ്പറ്റിയും ചർച്ചചെയ്തു വിവരിച്ചത് മനോപാധികളെപ്പറ്റി, ധാരണകളെപ്പറ്റി, ആശയങ്ങളെപ്പറ്റി നിനക്കു വ്യക്തമാക്കി മനസ്സിലാക്കിത്തരാനാണ്‌.. ബന്ധനം എന്നത് ഈ ധാരണകളും ഉപാധികളുമായുള്ള ബന്ധനമാണ്‌.. സ്വാതന്ത്ര്യം എന്നത് അവയിൽ നിന്നെല്ലാമുള്ള സ്വാതന്ത്ര്യവും. എല്ലാ ധാരണകളേയും, സ്വാതന്ത്ര്യമെന്ന ആശയത്തെപ്പോലും ഉപേക്ഷിക്കൂ.

ആദ്യം തന്നെ സൗഹൃദം മുതലായ സദ് ബന്ധങ്ങളുണ്ടാക്കി വിഷയങ്ങളോടും ആസക്തികളോടുമുള്ള താൽപ്പര്യം ഇല്ലാതാക്കുക. പിന്നീട്. സൗഹൃദത്തിൽ വർത്തിക്കുമ്പോഴും സൗഹൃദം പോലുള്ള ധാരണകൾ കൂടി അവസാനിപ്പിക്കുക. എല്ലാ ആഗ്രഹങ്ങളും ഇല്ലാതാക്കുക. എന്നിട്ട് അനന്താവബോധമെന്ന ആശയത്തെ ധ്യാനിക്കുക. അതുപോലും മാനസീകോപാധികളുടെ ഭാഗമാണെന്നറിയുക. കാലക്രമത്തിൽ ഈ സൂക്ഷ്മധാരണകള്‍ പോലും ഉപേക്ഷിക്കുക. അവസാനം ഇതെല്ലാമുപേക്ഷിച്ചശേഷവും എന്തു നിലനില്ക്കുന്നുവോ അതിൽ അഭിരമിക്കുക. എന്നിട്ട് ഇപ്പറഞ്ഞവയെ എല്ലാം സംത്യജിച്ച 'ആളെ'യും ത്യജിക്കുക. അങ്ങിനെ അഹംകാരമെന്ന ധാരണപോലും ഇല്ലാതായാൽ നീ അനന്താകാശം പോലെയാണ്‌.. അങ്ങിനെ ഹൃദയാകാശത്തിൽ നിന്നെല്ലാം സംത്യജിച്ചവൻ സ്വയം പരംപൊരുൾ തന്നെയാണ്‌.. അയാൾ കർമ്മനിരതമായ ഒരു ജീവിതം നയിച്ചാലും സദാ സമയം ധ്യാനനിമഗ്നനായാലും വ്യത്യാസമൊന്നുമില്ല. കർമ്മവും അകർമ്മവും അയാൾക്കൊരുപോലെ നിഷ്പ്രയോജനമാണ്‌..

രാമാ, ഞാൻ എല്ലാ ശാസ്ത്രങ്ങളും പഠിച്ച് സത്യമെന്തെന്ന് ഗവേഷണം നടത്തിയിട്ടുണ്ട്. എല്ലാ ധാരണകളുടേയും ഉപാധികളുടേയും സമ്പൂർണ്ണമായ ന്യാസത്തിലൂടെ മാത്രമല്ലാതെ മുക്തിയില്ല. ഈ നാമരൂപനിർമ്മിതമായ ലോകം ഹിതവും അഹിതവുമായ പദാർത്ഥങ്ങളുടെ സമ്മിശ്രമാണ്‌.. ഈ വസ്തുക്കൾക്കായി ആളുകൾ കഷ്ടപ്പെട്ടു പണിയുന്നു. എന്നാൽ ആത്മജ്ഞാനത്തിനായി ആരും പരിശ്രമിക്കുന്നില്ല. ആത്മജ്ഞാനമാർജ്ജിച്ച ഋഷികൾ മൂന്നുലോകങ്ങളിലും വിരളമാണ്‌.. ഒരാൾ ലോകചക്രവർത്തിയോ സ്വർഗ്ഗത്തിലെ രാജാവോ ആയിരിക്കാം. എന്നാൽ ഇവയെല്ലാം പഞ്ചഭൂതനിർമ്മിതികൾ മാത്രം! കഷ്ടം! ആളുകൾ ഈ നിസ്സാര വസ്തുക്കൾക്കായി ജീവിതത്തെ നശിപ്പിക്കുന്നു.എത്ര ലജ്ജാകരം! അവരൊന്നും ഉത്തമനും  ആത്മവിദ്യാ സമ്പന്നനുമായ ഒരു ഋഷിയെ സമീപിക്കുന്നില്ല. സൂര്യചന്ദ്രന്മാർക്കുപോലും പ്രവേശനമില്ലാത്ത പരമപദത്തിലാണല്ലോ ആത്മജ്ഞാനി വിരാജിക്കുന്നത് (സുഷുമ്നയാണോ ഇത്?) . അതുകൊണ്ട് ആത്മജ്ഞാനിയെ വശീകരിക്കാൻ ഈ വിശ്വം മുഴുവനും നൽകുന്ന ലൗകീകസുഖങ്ങൾക്കും നേട്ടങ്ങൾക്കും കഴിയുകയില്ല. 

Nov 21, 2012

194 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 194

കർത്താ നാസ്മി ന ചാഹമസ്മി സ ഇതി ജ്ഞാത്വൈവമന്ത: സ്ഫുടം
കർത്താ ചാ സ്മി സമഗ്രമസ്മി തദിതി ജ്ഞാത്വാഥവാ നിശ്ചയം
കോപ്യേവാസ്മി ന കിഞ്ചിദേവമിതി വാ നിർണീയ സർവോത്തമേ
തിഷ്ഠ ത്വം സ്വപദേ സ്ഥിതാ: പദവിദോ യത്രോത്തമം സാധവ: (4/56/49)

വസിഷ്ഠൻ തുടർന്നു: മാമുനിയുടെ വാക്കുകൾകേട്ട് ഞാൻ ആകാശത്തുനിന്നും കദംബവൃക്ഷത്തിന്റെ മുകളിലെ ഒരു ശിഖരത്തില്‍ വന്നിറങ്ങിയിരുന്നു. കുറെയേറെസമയം ഞങ്ങൾ മൂവരും ആത്മവിദ്യയെപ്പറ്റി സംസാരിച്ചിരുന്നു. ഞാനവരിൽ പരമവിജ്ഞാനത്തിന്റെ തിരി തെളിയിക്കുകയും ചെയ്തിട്ടാണ് അവിടെനിന്നും പോയത്. രാമാ ഇക്കഥ പ്രത്യക്ഷലോകത്തിന്റെ സ്വഭാവമെന്തെന്നു കാണിക്കാനായി മാത്രം പറഞ്ഞതാണ്‌.. അതിനാൽ ഈ ലോകമെത്ര സത്യമാണോ അതുപോലെതന്നെയാണ്‌. ഇക്കഥ. അത്ര ഉണ്മയേ നീ ഇക്കഥയില്‍  കാണാവൂ.

നീ ഈ ലോകത്തെയും നിന്നെയും സത്യമെന്നു (ഉണ്മയെന്ന്‍ ) ദൃഢമായി  വിശ്വസിച്ചാൽ ഒരു കുഴപ്പവുമില്ല. അങ്ങിനെയെങ്കില്‍ നീ നിന്റെ ആത്മാവിൽ സ്വയം വിശ്വാസമുറപ്പിച്ചു  വേണം ജീവിക്കാന്‍. പക്ഷേ ഈ ലോകം സത്തും അസത്തും ചേർന്ന സങ്കരമാണെന്നാണു നീ കരുതുന്നതെങ്കിൽ മാറ്റങ്ങൾക്കു വിധേയമായ ഈ ലോകത്തിൽ മാറ്റങ്ങൾക്കനുസൃതമായി മനോഭാവങ്ങളെ ക്രമീകരിച്ചു ജീവിക്കുക. എന്നാൽ ഈ ലോകം അസത്താണെന്ന്‍ നീ ഉറച്ചു വിശ്വസിക്കുന്നുവെങ്കിൽ അനന്താവബോധത്തിൽ ദൃഢമായി മനസ്സുറപ്പിക്കുക. അതുപോലെ ഈ ലോകത്തിനൊരു സൃഷ്ടാവുണ്ടെന്നു നീ വിശ്വസിച്ചാലും ഇല്ലെങ്കിലും അതു നിന്റെ നേരറിവിനെ മലീമസമാക്കാതിരിക്കട്ടെ.

ആത്മാവ് ഇന്ദ്രിയാതീതമത്രേ. ഒരാൾ കർമ്മനിരതനായാലും അതിനെ അവയൊന്നും ബാധിക്കുന്നില്ല. അരാളുടെ ജീവിതകാലം കേവലം നൂറുവർഷം മാത്രം. അപ്പോള്‍പ്പിന്നെ ഈ അനശ്വരനായ ആത്മാവ് ഈ ചെറിയൊരു കാലയളവിൽ ഇന്ദ്രിയസുഖാനുഭവങ്ങൾക്കായി അലയുന്നതെന്തിനാണ്‌? ഈ ലോകവും അതിലെ വസ്തുക്കളും സത്യമാണെങ്കില്‍പ്പോലും ബോധസ്വരൂപമായ ആത്മാവ് ജഢവിഷയങ്ങൾക്കുപുറകേ അലയുന്നു എന്നത് യുക്തിസഹമല്ല. മാത്രമല്ല, ലോകമെന്നത് ഉണ്മയല്ലെങ്കിൽ ദു:ഖമല്ലാതെ യാതൊന്നും ഈ പ്രവർത്തനങ്ങൾകൊണ്ട് ലഭിക്കുകയുമില്ല. നിന്റെ ഹൃദയത്തിലുയരുന്ന ആശകളെ ഉപേക്ഷിച്ചാലും. നീ ഈ ലോകത്തിൽ നീ മാത്രമാണ്‌... ഈ തെളിഞ്ഞ അറിവോടെ ലോകത്ത് വെറുമൊരു ലീലയായി ജീവിച്ച് വിരാജിക്കൂ.

ആത്മാവിന്റെ സാന്നിദ്ധ്യത്തിലാണ്‌ ലോകത്തിലെ എല്ലാം സംഭവിക്കുന്നത്. വിളക്കിന്റെ സാന്നിദ്ധ്യത്തിൽ വെളിച്ചം സഹജമാണല്ലോ. വിളക്കിന്‌ പ്രകാശിക്കുക എന്ന ‘ആഗ്രഹം’ ഇല്ല. എന്നാൽ സ്വയം ഒന്നും ചെയ്യാനാഗ്രഹിക്കുന്നില്ലെങ്കിലും അതിന്റെ സാന്നിദ്ധ്യത്തിലാണെല്ലാം സംഭവിക്കുന്നത്. രണ്ടു മനോഭാവങ്ങളിൽ ഏതെങ്കിലും നിനക്കു സ്വീകരിക്കാം. ഒന്ന്‌: ‘ഞാൻ സർവ്വവ്യാപിയാണ്‌; എനിക്കുചെയ്യേണ്ടതായി ഒന്നുമില്ല’. രണ്ട്: ‘ഞാനാണീ കർമ്മങ്ങളെല്ലാം ചെയ്യുന്നത്; എന്റെ ധർമ്മമാണിതെല്ലാം’. രണ്ടു രീതിയിൽ ചിന്തിച്ചാലും നിനക്ക് പരിപൂർണ്ണമായ ശാന്തിയിൽ, അനശ്വരതയിൽ അഭിരമിക്കാനാവും. രാഗദ്വേഷങ്ങൾ, ആസക്തി-അനാസക്തി തുടങ്ങിയ ദ്വന്ദങ്ങൾ നിന്നെ ബാധിക്കയില്ല. ‘അയാൾ എന്നെ സേവിച്ചു; അയാളെന്നെ ഉപദ്രവിച്ചു’ തുടങ്ങിയ മൂഢചിന്തകൾ നിനക്കുണ്ടാവുകയില്ല.

“അതുകൊണ്ട് രാമാ, ‘ഞാനല്ല ഇതൊന്നും ചെയ്യുന്നത്, ഞാൻ എന്നൊരു വ്യക്തിസത്ത ഇല്ല’ എന്നോ ‘ഞാനാണെല്ലാ കർമ്മങ്ങളും ചെയ്യുന്നത്, ഞാനാണെല്ലാം’ എന്നോ നിനക്കു കരുതാം. അല്ലെങ്കിൽ ‘ഞാൻ ആരാണ്‌?’ എന്ന ആത്മവിചാരംചെയ്ത് എന്നിൽ ആരോപിക്കപ്പെട്ട ഒന്നും 'ഞാൻഅല്ല’ എന്ന സത്യം സാക്ഷാത്കരിക്കാം. ഏറ്റവും ഉയർന്ന ബോധതലമായ ആത്മാവിൽ അഭിരമിച്ചാലും. ആ ബോധതലത്തിലാണ്‌ മഹാത്മാക്കളായ മാമുനിമാരിലെ അഗ്രഗണ്യന്മാർ നിലകൊള്ളുന്നത്.” 

Nov 20, 2012

193 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 193

മാ സങ്കൽപ്പയ സങ്കൽപ്പം ഭാവം ഭാവയ മാ സ്ഥിതൗ
എതാവതൈവ ഭാവേന ഭവ്യോ ഭവതി ഭൂതയേ (4/54/12)

ആ ചെറുപ്പക്കാരൻ ചോദിച്ചു: അച്ഛാ എങ്ങിനെയാണീ ധാരണ, ചിന്ത, സങ്കൽപ്പം, ആശയം, എന്നിവ ഉണ്ടാവുന്നത്? വളരുന്നത്? ഒടുവിൽ ഇല്ലാതാവുന്നത്?

ദാസുരമുനി പറഞ്ഞു: മകനേ അനന്താവബോധത്തിൽ, ഈ ബോധം സ്വയം തന്നെത്തന്നെ തിരിച്ചറിയുമ്പോൾ ആശയത്തിന്റെ വിത്തു പാകിക്കഴിഞ്ഞു. അതീവ സൂക്ഷ്മമാണത്. എന്നാൽ അചിരേണ അതു വളർന്ന് ആകാശം നിറയ്ക്കുന്നതുപോലെ സ്ഥൂലമായേക്കാം. ഈ വിധം ബോധം ആശയഗ്രസ്തമായിരിക്കുമ്പോൾ വിഷയവും വിഷയിയും രണ്ടാണെന്ന ചിന്തയുണ്ടാവുന്നു. ആശയങ്ങൾ സ്വയം പെറ്റുപെരുകുന്നു. അത് ദു:ഖത്തിനു കാരണമാകുന്നു. സുഖാനുഭവമല്ല അതു നൽകുന്നത്. ഈ ആശയ ധാരണകൾ മാത്രമാണ്‌ ദു:ഖത്തിനു കാരണം. ഈ ആശയരൂപീകരണം തികച്ചും ആകസ്മികമായാണുണ്ടാകുന്നത്. കാക്കയും പനമ്പഴവും പോലെ. പനമ്പഴം വീഴുന്നതിന്‌ കാക്കയുമായി സംബന്ധമൊന്നുമില്ലെങ്കിലും അവ തമ്മില്‍  ഒരു 'കാര്യ-കാരണബന്ധം' ആരോപിക്കപ്പെടുന്നുണ്ട്. ഇപ്രകാരം അസത്താണെങ്കിലും ഈ ‘അവസ്തു’വിന്‌ വളർച്ച സാദ്ധ്യമാണ്‌... നിന്റെ ജനനവും നിലനിൽപ്പും  ഒന്നും സത്യമല്ല. നിന്നിൽ ഈ അറിവ് സാക്ഷാത്കരിക്കുമ്പോൾ അയഥാർത്ഥ്യമായ വസ്തു തന്നെ  ഇല്ലാതാവും.

“ഈ ആശയങ്ങളെ പോഷിപ്പിക്കാതിരിക്കുക. നിന്റെ അസ്തിത്വത്തിനെക്കുറിച്ചുള്ള ധാരണകളിൽ അഭിരമിക്കാതിരിക്കുക. കാരണം ഭാവിജീവിതം മൂർത്തമാവുന്നതുതന്നെ ഈദൃശ ചിന്തകളുള്ളതിനാലാണ്‌.” ആശയരൂപീകരണം അവസാനിക്കുന്നതിനെ ഭയപ്പെടേണ്ടതില്ല. ചിന്തകളില്ലാതാവുമ്പോൾ ധാരണകളും ആശയങ്ങളും അസ്തമിക്കുന്നു. മകനേ കൈവെള്ളയിലിരിക്കുന്ന ഒരു പൂവു ഞെരിച്ചു കളയുന്നതിനേക്കാൾ എളുപ്പമാണ്‌ ധാരണകൾ അവസാനിപ്പിക്കാൻ. എത്ര ക്ഷിപ്രസാദ്ധ്യമെങ്കിലും അതിനും പ്രയത്നം ആവശ്യമുണ്ടല്ലോ. എന്നാല്‍ ധാരണകളവസാനിപ്പിക്കാൻ പ്രയത്നമാവശ്യമില്ല. ഇങ്ങിനെ എല്ലാ മനോവ്യാപാരങ്ങളുമവസാനിക്കുമ്പോൾ പരമശാന്തിയായി. ദു:ഖങ്ങൾക്കറുതിയായി.

ഈ ലോകത്തിലെ എല്ലാം ഒരാശയമോ ധാരണയോ മാത്രമാണ്‌.. അതിനു പല നാമങ്ങളുണ്ട്. മനസ്സ്, ജീവൻ, ജീവാത്മാവ്, ബോധം, ഉപാധി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ഇതിനു സത്യത്തിൽ ഉണ്മയില്ല. അതുകൊണ്ട് എല്ലാ ചിന്തകളുമകറ്റി ശാന്തനായാലും. നിന്റെ ജീവിതവും പ്രയത്നവും വെറുതേ കളയാതിരിക്കുക. ധാരണകളുടെ തീവ്രത കുറയുന്നമുറയ്ക്ക് സുഖദു:ഖങ്ങൾ ഒരുവനെ ബാധിക്കാതെയാകുന്നു. പദാർത്ഥങ്ങളുടെ (അ)യാഥാർത്ഥ സ്വഭാവം അറിയുന്നതിനാൽ അയാൾക്ക് അവയോട് ആസക്തിയുമില്ല. പ്രതീക്ഷകൾ വച്ചുപുലർത്താത്തവന്‌ അമിതാഹ്ളാദമോ വിഷാദമോ ഉണ്ടാവുന്നതെങ്ങിനെ? ബോധതലത്തിൽ പ്രതിബിംബിക്കുന്ന മനസ്സാണ്‌ ജീവൻ. മനസ്സ് ആകാശത്ത് കോട്ടകളുണ്ടാക്കുന്നു. അത് ഭൂത-വർത്തമാന-ഭാവി കാലങ്ങളിലേയ്ക്ക് നീണ്ടു പരന്നു കിടക്കുന്നു.

ആശയധ്രുവീകരണം എന്ന സമസ്യയെ മനസ്സിലാക്കുക അസാദ്ധ്യം. എന്നാൽ ഒന്നുപറയാം; ഇന്ദ്രിയാനുഭവങ്ങൾ അവയെ വർദ്ധിപ്പിക്കുന്നു. ഇന്ദ്രിയാനുഭവങ്ങളുടെ നിരാസം ധാരണകളുടെ ഒഴുക്കവസാനിപ്പിക്കുന്നു. എന്നാൽ ഈ ധാരണകൾ യാഥാർത്ഥ്യവും, കൽക്കരിത്തുണ്ടിലെ കറുപ്പുനിറം പോലെ സുസ്ഥിരവുമാണെങ്കിൽ അവയെ നീക്കംചെയ്യുക അസാദ്ധ്യം. എന്നാൽ ധാരണകൾക്ക് ഉണ്മയില്ല. അവയെ നശിപ്പിക്കാനാവും. 

Nov 19, 2012

192 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 192

അസത്സ ത്സദ സത്സർവം സങ്കൽപ്പാദേവ നാന്യത:
സങ്കൽപ്പം സദസച്ചൈവമിഹ സത്യം കിമുച്യതാം (4/53/45)

ദാസുരമുനി തുടർന്നു: അങ്ങിനെയാണ്‌ ഈ വിശ്വത്തിന്റെയും മനുഷ്യന്റെയും സൃഷ്ടിയെപ്പറ്റി വിശദീകരിക്കാനാവുക. ആ മഹത്തായ ശൂന്യതയിൽ നിന്നുണ്ടായ ഖൊത്തൻ എന്നത് ഒരാളല്ല. അതൊരു സങ്കൽപ്പമോ ധാരണയോ പ്രതീതിയോ ആണ്‌.. നിശ്ശൂന്യതയിൽ ഈ ധാരണയുണ്ടാവുന്നത് സ്വയമേവയാണ്‌.. അതില്ലാതാവുന്നതും അപ്രകാരം തന്നെ. ഈ വിശ്വം മുഴുവനും, അതിലുള്ള എല്ലാ വസ്തുക്കളും ഈ ധാരണയുടെ സൃഷ്ടിയാണ്‌.. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ആകുന്ന ത്രിമൂർത്തികൾപോലും ഈ ധാരണയുടെ അവയവങ്ങളത്രേ. അതേ ധാരണയാണ്‌ മൂന്നു ലോകങ്ങളും പതിന്നാലു സ്വർഗ്ഗനരകങ്ങളും ഏഴു സമുദ്രങ്ങൾക്കും കാരണം. രാജാവുണ്ടാക്കിയ നഗരം വിവിധ സ്വഭാവസവിശേഷതകളോടുകൂടിയ അംഗങ്ങളും ശരീരവുമുള്ള ജീവനല്ലാതെ മറ്റൊന്നുമല്ല. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട സത്വങ്ങളിൽ ചിലവ ഉയർന്ന തലങ്ങളിൽ ദേവന്മാരായി വിരാജിക്കുന്നു. മറ്റു ചിലവ അധമതലങ്ങളിലാണ്‌.. ഇങ്ങിനെയൊരു സാങ്കൽപ്പിക നഗരം നിർമ്മിച്ചതിനുശേഷം രാജാവ് ഭൂതങ്ങളെയാണതിനു കാവലേൽപ്പിച്ചത്. അഹംകാരമാണീ ഭൂതങ്ങൾ.

രാജാവ് ഈ ദേഹത്തിലിരുന്ന് ലോകമെന്ന വേദിയിൽ ലീലയാടി രസിക്കുന്നു. ഒരുനിമിഷം അദ്ദേഹം ഈ ലോകത്തെ ജാഗ്രദവസ്ഥയിൽ ദർശിക്കുന്നു. എന്നാൽ കുറച്ചുകഴിഞ്ഞ് അയാൾ തന്റെ ദൃഷ്ടി ലോകത്തിൽപ്പതിപ്പിക്കുന്നു. അതയാൾ ആസ്വദിക്കുന്നത് സ്വപ്നാവസ്ഥയിലാണ്‌.. അയാള്‍ ഒരു നഗരത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക്- ഒരു ദേഹത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് വാസം മാറ്റുന്നു. ഒരു തലത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് സംക്രമിക്കുന്നു. ഇങ്ങിനെയുള്ള അനവധി സഞ്ചാരങ്ങൾക്കുശേഷം അയാൾക്ക് വിവേകമുദിക്കുന്നു. ലൗകീക ജീവിതത്തിലും സുഖ-ദു:ഖാനുഭവങ്ങളിലും പെട്ടുഴറിവലഞ്ഞ് അയാൾ അലച്ചിലെല്ലാം അവസാനിപ്പിക്കുന്നു. ധാരണകളെല്ലാം അങ്ങിനെ ഒടുങ്ങുന്നു. ഒരുനിമിഷം അയാൾ ജ്ഞാനത്തിലാമഗ്നനായും ഉടനേ തന്നെ ആ ജ്ഞാനമെല്ലാം നഷ്ടപ്പെട്ട് വീണ്ടും സുഖാസക്തനായും ഒരു ശിശുവിനേപ്പോലെ ചഞ്ചലപ്പെടുന്നു. ഈ ധാരണകൾ ഒന്നുകിൽ അതീവ തമസ്സിലേയ്ക്ക്, അതായത് അജ്ഞാനത്തിലേയ്ക്കും അധമയോനികളിലെ ജനനത്തിലേയ്ക്കും നയിക്കുന്നു. അല്ലെങ്കിൽ, അവ ശുദ്ധപ്രഭയാർന്ന് സുതാര്യമായ ലോകത്തേയ്ക്ക്, അതായത്, ജ്ഞാനത്തിലേയ്ക്ക്, സത്യസവിധത്തിലേയ്ക്ക്, നയിക്കുന്നു. മൂന്നാമത്തെ കൂട്ടർ ധാരണാമാലിന്യം മൂലം ലൗകീകതയിൽ മുങ്ങുന്നു. ഇപ്രകാരമുള്ള എല്ലാ ധാരണകളുടേയും അവസാനമാണ് മുക്തി.

ഒരുവൻ ഏതൊരാത്മീയ സാധനയിലേർപ്പെട്ടുവെന്നാലും, അവനു ഗുരുവായി ദേവതമാർ തന്നെ ഉണ്ടായിരുന്നുവെന്നാലും, ഈ ധാരണകളുടെ അന്ത്യംകൊണ്ടുമാത്രമേ മുക്തി സാദ്ധ്യമാവൂ. “സത്ത്, അസത്ത്, സത്താസത്തുകളുടെ സമ്മിശ്രം എല്ലാം വെറും ധാരണകളല്ലാതെ മറ്റൊന്നുമല്ല. ഈ ധാരണകൾ സ്വയം സത്തോ അസത്തോ അല്ല. അങ്ങിനെയിരിക്കേ ഈ പ്രപഞ്ചത്തിൽ നാമെന്തിനെയാണ്‌ ഉണ്മയെന്ന്, സത്തെന്നു പറയുന്നത്?” അതുകൊണ്ട് പ്രിയപ്പെട്ട മകനേ, എല്ലാ ചിന്തകളും, സങ്കൽപ്പങ്ങളും, ധാരണകളും ഉപേക്ഷിക്കൂ. അവയെല്ലാമൊടുങ്ങുമ്പോൾ മനസ്സ് സ്വയമേവ മനസ്സിനതീതമായുള്ള അനന്താവബോധസീമയിലേയ്ക്ക് ഉന്മുഖമാവുകതന്നെ ചെയ്യും. 

Nov 18, 2012

191 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 191

ജയതി ഗച്ഛതി വൽഗതി ജൃംഭതേ
സ്ഫുരതി ഭാതി ന ഭാതി ച ഭാസുര:
സുത മഹാമഹിമാ സ മഹീപതി:
പതിരപാംവി വാതരയാകുല: (4/52/29)

വസിഷ്ഠൻ തുടർന്നു: ഈ സമയത്ത് ഞാനാ മരത്തിനുമുകളിലൂടെ ആകാശ ഗമനത്തിലായിരുന്നതിനാൽ മഹർഷി തന്റെ മകനോട് പറഞ്ഞതു ഞാൻ കേട്ടു.

ദാസുരമുനി പറഞ്ഞു: ഇഹലോകത്തെപ്പറ്റി എനിക്കു പറയാനുള്ളത് എളുപ്പം നിനക്കു മനസ്സിലാക്കാൻ ഞാനൊരു കഥ പറയാം. ഒരിടത്ത് മൂന്നുലോകങ്ങളും കീഴടക്കാനുള്ളത്ര അതിശക്തിമാനായ ഒരു രാജാവുണ്ടായിരുന്നു. ഖൊത്തൻ എന്നാണദ്ദേഹത്തിനെ പേര്‌.. പ്രപഞ്ചശക്തികളെ നിയന്ത്രിക്കുന്ന ദേവതകളെല്ലാം അദ്ദേഹത്തിന്റെ ആജ്ഞയ്ക്കു കാത്തുനിന്നു. അദ്ദേഹം ചെയ്യുന്ന എണ്ണമറ്റ കര്‍മ്മങ്ങള്‍ സന്തോഷവും ദു:ഖവും ഒരുപോലെ പ്രദാനംചെയ്തു. അദ്ദേഹത്തിന്റെ ശൗര്യത്തെ വെല്ലുവിളിക്കാൻ ആർക്കുമാവില്ല. ആയുധങ്ങൾകൊണ്ടോ അഗ്നികൊണ്ടോ ഒന്നും അദ്ദേഹത്തോടെതിരിടുന്നത് ആകാശത്തെ കൈമുഷ്ടികൊണ്ട് പ്രഹരിക്കുംപോലെ  അസംബന്ധം. ഇന്ദ്രൻ, വിഷ്ണു, ശിവൻ, ഇവർക്കൊന്നും അദ്ദേഹത്തിന്റെയത്ര സാഹസീകത ഉണ്ടായിരുന്നില്ല. ഈ രാജാവിന്‌ മൂന്നു ശരീരങ്ങളായിരുന്നു - ഉത്തമം, മദ്ധ്യമം, അധമം. ഈ മൂന്നു ശരീരങ്ങൾ ലോകത്തെ മുഴുവനായി ഗ്രസിച്ചിരുന്നു. രാജാവ് ആകാശത്തിലാണധിവസിച്ചിരുന്നത്. അവിടെയദ്ദേഹം പതിന്നാലു വീഥികളും മൂന്നു വൃത്തഖണ്ഡങ്ങളുമുണ്ടാക്കി. നന്ദനോദ്യാനങ്ങൾ, കായികവിനോദങ്ങൾക്കായി പർവ്വതശൃംഘങ്ങൾ,വള്ളിച്ചെടികളും മുത്തുകളും നിറഞ്ഞ ഏഴു തടാകങ്ങൾ, എന്നിവ അവിടെയുണ്ടായിരുന്നു. അവിടെ രണ്ടു പ്രകാശഗോളങ്ങൾ. ഒരിക്കലും കെടാത്ത അവയിലൊന്നിൽ ചൂടും മറ്റേതിൽ തണുപ്പുമായിരുന്നു.ആ നഗരിയിൽ രാജാവ് അനേകം തരം ജീവികളെ സൃഷ്ടിച്ച് അവയ്ക്ക് ആവാസമേകി. അവയിൽ ചിലത് ഉയരത്തിൽ, ചിലത് താഴെ, മറ്റുള്ളവ മദ്ധ്യത്തിൽ നിവസിച്ചു, ചില ജീവികൾക്ക് ദീർഘായുസ്സായിരുന്നു. മറ്റുള്ളവയ്ക്ക് ക്ഷണികമായ ജീവിതമേ ഉണ്ടായിരുന്നുള്ളു. അവയെല്ലാം കറുത്ത തലമുടിയുള്ളവരായിരുന്നു. അവയില്‍  ഒൻപതു ദ്വാരങ്ങളിലൂടെ വായു സഞ്ചാരം നടത്തി. അവയ്ക്ക് അഞ്ചു ദീപങ്ങളും മൂന്നു സ്തംഭങ്ങളും ഉണ്ട്. വെളുത്ത മരക്കാലുകളിലാണവ നില്‍ക്കുന്നത്. മൃദുലമായ കളിമണ്ണു തേച്ചു മിനുക്കിയ ദേഹമാണവയ്ക്ക്. രാജാവിന്റെ മായികശക്തിയായ മായയാണ്‌ ഈ ജീവികളെയെല്ലാം സൃഷ്ടിച്ചത്.

രാജാവ് സ്വയം ലീലയാടുന്നത് ഭൂതപിശാചുക്കളുമായിച്ചേർന്നാണ്‌.. അവയ്ക്കാണെങ്കിൽ അന്വേഷണങ്ങളേയും പരിശോധനകളേയും ഭയമാണ്‌.. വിവിധ മന്ദിരങ്ങളെ (ദേഹങ്ങളെ) സംരക്ഷിക്കുകയെന്നതാണ്‌ അവയുടെ ജോലി. അദ്ദേഹം ഒരിടത്തുനിന്നും നീങ്ങാനാഗ്രഹിക്കുമ്പോൾ സ്വയം പുതിയൊരു നഗരത്തെ വിഭാവനം ചെയ്യുന്നു. അതിലേയ്ക്കു താമസം മാറ്റാൻ ചിന്തിക്കുന്നു. പഴയ നഗരമുപേക്ഷിച്ച്, ഭൂതങ്ങളുമായി കുതിച്ചു ചെന്ന് പുതിയ നഗരിയെ തന്റെ വാസസ്ഥലമാക്കുന്നു. ഒരു മായാജാലംപോലെയാണീ പുതുനഗരങ്ങളുണ്ടാവുന്നത്. പിന്നെ  ആ നഗരത്തെ സംഹരിക്കാനാലോചിക്കുമ്പോൾ സ്വയം അങ്ങിനെ സംഭവിക്കുകയാണ് .

ചിലപ്പോൾ “ഞാനിനി എന്തുചെയ്യും? ഞാൻ അജ്ഞാനിയാണ് , ഞാൻ നികൃഷ്ടൻ” എന്നിങ്ങനെ അയാള്‍ വിലപിക്കുന്നു. ചിലപ്പോളയാള്‍ സന്തോഷവാൻ. ചിലപ്പോൾ ശോചനീയമായ ദു:ഖത്തിനടിമ. “മകനേ, അങ്ങിനെ ജീവിച്ചും, കീഴടക്കിയും, നടന്നും, പുഷ്ടിപ്പെട്ടും, തിളങ്ങിയും, തിളങ്ങാതെയും പ്രത്യക്ഷലോകമെന്ന ഈ സാഗരത്തിൽ ഈ രാജാവങ്ങിനെ അമ്മാനമാടുന്ന പന്തുപോലെ മേലോട്ടും താഴോട്ടും സ്വയം കളിക്കുകയാണ്‌.. കളിപ്പിക്കപ്പെടുകയുമാണ്‌ ” 

Nov 17, 2012

190 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 190

ജ്ഞാനം ത്വമേവാസ്യ വിഭോ കൃപയോപദിശാധുനാ
കോ ഹി നാമ കുലേ ജാതം പുത്രം മൗർഖ്യേണ യോജയേത് (4/51/28)

വസിഷ്ഠൻ തുടർന്നു: അപ്പോൾ മുനി തന്റെ മുന്നിൽ ഒരു വലിയ കദംബവൃക്ഷം ഗാംഭീര്യത്തോടെ നില്‍ക്കുന്നതായിക്കണ്ടു. അതിന്റെ കയ്കൾ (ശാഖകൾ) തന്റെ പ്രിയപ്പെട്ട ആകാശത്തിന്റെ കണ്ണീരൊപ്പി (മഴത്തുള്ളികൾ) നിൽക്കുന്നതായിത്തോനി. സ്വർഗ്ഗത്തിനും ഭൂമിയ്ക്കുമിടക്കുള്ള ഇടം മുഴുവനും വ്യാപരിച്ച്, തന്റെ ആയിരം കരങ്ങൾ (ശാഖകൾ) വിരിച്ച് സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളുമായി ഭഗവാന്റെ വിശ്വരൂപം പോലെ  അതങ്ങിനെ വിരാജിക്കുകയാണ്‌.  ആകാശചാരികളായ ദിവ്യ മഹർഷിമാർക്കുമേൽ ഈ വൃക്ഷം പുഷ്പവൃഷ്ടി ചെയ്യുന്നു . ആ മരത്തിലധിവസിക്കുന്ന തേനീച്ചകളാണെങ്കിൽ മഹർഷിമാരെ പ്രകീർത്തിക്കുന്ന ഗാനാലാപനത്തിൽ മുഴുകിയുമിരിക്കുന്നു. (അതീവ മനോഹരമായ വർണ്ണനയാണീ മരത്തെക്കുറിച്ച് മൂലത്തിലുള്ളത്)

സ്വർഗ്ഗത്തിനും ഭൂമിക്കുമിടയ്ക്കുള്ള ഒരു തൂണുപോലെ നില്‍ക്കുന്ന ആ മരത്തിലേയ്ക്ക് മുനി വലിഞ്ഞു കയറി അതിന്റെ ഏറ്റവും മുകളിലൊരു ശാഖയിൽ ഇരിപ്പുറപ്പിച്ചു. അല്പനേരം അദ്ദേഹത്തിന്റെ ദൃഷ്ടി ചുറ്റുമുള്ള എല്ലായിടത്തും പതിച്ചു. വിശ്വപുരുഷന്റെ ദർശനം അദ്ദേഹത്തിനവിടെ ലഭിച്ചു. (ഈ ദർശനത്തെപറ്റിയും മൂലത്തിൽ മനോഹരമായ ഒരു വിവരണമുണ്ട്). കദംബ വൃക്ഷം തന്റെ ഇരിപ്പിടമാക്കിയതിനാൽ അദ്ദേഹത്തിന്‌ കദംബദാസുരൻ എന്ന പേരും വന്നു. മരക്കൊമ്പിലിരുന്ന് അദ്ദേഹം തന്റെ തപശ്ചര്യകൾ നടത്തി. വേദശാസ്ത്രോചിതങ്ങളായ കർമ്മങ്ങൾ ചെയ്താണദ്ദേഹത്തിനു പരിചയം. അങ്ങിനെയുള്ള കർമ്മങ്ങൾ തന്നെയാണദ്ദേഹം ഇവിടെയിരുന്നും അനുഷ്ടിച്ചത്. എന്നാൽ ഇപ്പോൾ മനസാ ആണെന്നുമാത്രം. മനസാ ഉള്ള തപശ്ചര്യകളും ഒരേപോലെ ഫലപ്രദമാകയാൽ മുനിയുടെ മനസ്സും ഹൃദയവും അതീവനിർമ്മലമായി. അദ്ദേഹത്തില്‍ ശുദ്ധജ്ഞാനം സാക്ഷാത്കരിച്ചു.

ഒരുദിവസം പുഷ്പങ്ങൾകൊണ്ടുള്ള വസ്ത്രവുമണിഞ്ഞ് ഒരപ്സരസ്സ് അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായി. അതീവസുന്ദരി. അദ്ദേഹം ചോദിച്ചു: അല്ലയോ സുന്ദരീ, കാമദേവനെപ്പോലും മയക്കാൻപോന്ന സൗന്ദര്യമാർന്ന നീയാരാണ്‌?. അവൾ പറഞ്ഞു: ഞാൻ വനദേവതയാണ്‌.. ഈ ലോകത്തിൽ അങ്ങയെപ്പോലെയുള്ള ജ്ഞാനികളുടെ സാന്നിദ്ധ്യമാത്രേണ സാധിക്കാത്ത യാതൊരു കാര്യവുമില്ല. ഞാനിവിടെ വനത്തിലെ ഒരുൽസവത്തിനു പോയിരുന്നു. അവിടെ ഞാൻ അനേകം ദേവതമാരെ അവരുടെ കുഞ്ഞുങ്ങളുമായി കണ്ടു. എന്നാൽ ഞാൻ മാത്രം പുത്രഭാഗ്യമില്ലാത്തവളായിപ്പോയി. ഞാൻ ദു:ഖിതയാണ്‌.. എന്നാൽ അങ്ങീ വനത്തിലുള്ളപ്പോൾ ഞാനെന്തിനു ദു:ഖിക്കണം? എനിക്കൊരു പുത്രനെത്തരൂ. അതുസാധിച്ചില്ലെങ്കിൽ ഞാനെന്റെയീ ശരീരം ഭസ്മമാക്കും. മുനിയൊരു വള്ളിച്ചെടി പൊട്ടിച്ചെടുത്ത് അവൾക്കു കൊടുത്തിട്ടു പറഞ്ഞു: ഈ ചെടി ഒരുമാസത്തിനുള്ളിൽ പൂവിടും. നീയൊരു പുത്രനു ജന്മം നല്കുകയും ചെയ്യും. സന്തോഷമായി പോയാലും. വനദേവത നന്ദിയോടെ യാത്രയായി.

അവൾ പന്ത്രണ്ടുകൊല്ലം കഴിഞ്ഞ് അത്രയും പ്രായമുള്ള മകനുമായി മുനിയെക്കാണാൻ വന്നു. ഭഗവൻ, ഇതാ അങ്ങയുടെ പുത്രൻ. ഞാനവന്‌ എല്ലാത്തരം വിദ്യാഭ്യാസവും നൽകിയിട്ടുണ്ട്. “അങ്ങവന്‌ ആത്മജ്ഞാനം നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. തന്റെ മകനൊരു മൂഢനായിക്കാണാൻ ആരാണാഗ്രഹിക്കുക?” മാമുനി അതു സമ്മതിച്ചു. വനദേവത വന്നവഴിയേ  മടങ്ങിപ്പോയി. അന്നുമുതൽ മുനി ആത്മവിദ്യയിലെ എല്ലാ ശാഖകളും കുമാരനെ പഠിപ്പിക്കാനാരംഭിച്ചു. 

Nov 16, 2012

189 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 189

ക്രിയാവിശേഷബഹുലാ ഭോഗൈശ്വര്യഹതാശയാ:
നാപേക്ഷന്തേ യദാ സത്യം ന പശ്യന്തി ശഠാസ്തദാ (4/48/1)

വസിഷ്ഠൻ തുടർന്നു: "രാമ, സുഖത്തിനും അധികാരത്തിനും വേണ്ടി ലോകത്തിലെ വിവിധങ്ങളായ കാര്യങ്ങളിൽ ആമഗ്നരായിക്കഴിയുന്നവർക്ക് സത്യാന്വേഷണത്വരയുണ്ടാവുകയില്ല. കാരണം അവരതു കണുന്നില്ലല്ലോ." ജ്ഞാനിയെങ്കിലും ഇന്ദ്രിയസുഖസമ്പാദനാസക്തി തീരെ വിട്ടുപോവാത്തവൻ സത്യം കാണുന്നുണ്ടെങ്കിലും  അതോടൊപ്പം അയാള്‍  ഭ്രമദൃശ്യങ്ങളും കണുന്നുണ്ട് . എന്നാൽ ലോകത്തിന്റെയും ജീവന്റെയും സഹജസ്വഭാവം മുഴുവനായി മനസ്സിലാക്കിയ ഒരുവൻ പ്രത്യക്ഷലോകത്തെ ഉപേക്ഷിച്ചവനാണ്‌.. അവന്‌ ഇനി ജനന മരണങ്ങളില്ല. അവനാണ്‌ മുക്തൻ. അജ്ഞാനി ജീവിക്കുന്നത് സ്വന്തം ദേഹത്തിന്റെ സംരക്ഷയ്ക്കായാണ്‌.. അത്മാവല്ല അവന്റെ വിഷയം. രാമ, അജ്ഞാനിയാവാതെ ജ്ഞാനനിഷ്ഠനാവൂ. ഇതിനെക്കുറിച്ച് രസകരമായ ഒരു കഥ ഞാൻ പറയാം.

നന്ദനോദ്യാനങ്ങൾ കൊണ്ടു നിറഞ്ഞ മഗധരാജ്യത്ത് ദാസുരൻ എന്ന പേരുള്ള ഒരു മഹർഷി ജീവിച്ചിരുന്നു. ശ്വാസമടക്കിയും മറ്റും കഠിനമായ തപ:ശ്ചര്യയിലേർപ്പെട്ടിരുന്നു അദ്ദേഹം. വലിയ തപസ്വിയായ അദ്ദേഹത്തിന്‌ ലൗകീകസുഖങ്ങളിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ശാസ്ത്രജ്ഞാനിയുമായിരുന്നു. സാരലോമനെന്ന മറ്റൊരു മഹർഷിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌..  കഷ്ടമെന്നു പറയട്ടേ, ചെറുപ്രായത്തിലേ അദ്ദേഹത്തിന്റെ അച്ഛനമ്മമാർ മരിച്ചുപോയിരുന്നു. വനദേവതമാർക്ക് അനുകമ്പ തോന്നി അവർ അദ്ദേഹത്തോടിങ്ങിനെ പറഞ്ഞു: അല്ലയോ ജ്ഞാനിയായ ബാലാ, എന്തിനാണിങ്ങിനെ അജ്ഞാനികളെപ്പോലെ കരയുന്നത്? നീയൊരു മഹർഷിയുടെ മകനല്ലേ? ഈ പ്രത്യക്ഷലോകത്തിന്റെ ക്ഷണികതയെപ്പറ്റി നിനക്കറിയാമല്ലോ. ഈ ലോകത്തിന്റെ സ്ഥിതി അതാണ്‌.. വസ്തുക്കൾ പ്രത്യക്ഷമായി, പ്രകടമായി, കുറച്ചുകാലം നിലനിന്ന് ഇല്ലാതാകുന്നു. എന്തൊക്കെ കാണപ്പെടുന്നുവോ അവയെല്ലാം ആപേക്ഷികമാണ്‌. ബ്രഹ്മാവായാൽപ്പോലും അതങ്ങിനെതന്നെയാണ്‌. അവയുടെയെല്ലാം അന്ത്യം അനിവാര്യവുമാണ്‌.. ഇതു സംശയലേശമില്ലാത്ത സത്യമാണ്‌.. അതുകൊണ്ട് നീ അച്ഛനമ്മമാരുടെ മരണത്തിൽ വൃഥാ വിലപിക്കേണ്ടതില്ല. ഇതുകേട്ട്  ദു:ഖശാന്തി കൈവന്ന ബാലൻ അച്ഛനമ്മമാര്‍ക്കു വേണ്ട അന്ത്യകർമ്മങ്ങൾ എല്ലാം ചെയ്തു.

പിന്നീട് അയാൾ വളരെ നിഷ്കർഷതയോടെയുള്ള ആത്മീയജീവിതം നയിക്കാനാരംഭിച്ചു. അനേകം കർമ്മങ്ങളുള്ളതിനെ അദ്ദേഹം ചെയ്യേണ്ടവയെന്നും ചെയ്യരുതാത്തവയെന്നും രണ്ടായി തരം തിരിച്ചു. സത്യമിനിയും സാക്ഷാത്കരിക്കാതിരുന്നതുകൊണ്ട് അദ്ദേഹം യഗാദികളും മറ്റും അവയുടെ എല്ലാ നിയതക്രമങ്ങളുമനുസരിച്ച് ചെയ്തുവന്നു. ഈ കർമ്മങ്ങളുടെ ഫലമായി ലോകം മുഴുവൻ മാലിന്യം നിറഞ്ഞതാണെന്നൊരു ധാരണ അദ്ദേഹത്തിലുടലെടുത്തു. നിർമ്മലമായ ഒരിടം തേടി അവസാനം അദ്ദേഹം ഒരു മരമുകളിൽ വസിക്കാമെന്നു തീരുമാനിച്ചു. അതിനായി അദ്ദേഹം തീവ്രമായ ഒരു യാഗം നടത്തി. തന്റെ തലയറുത്ത് യാഗാഗ്നിയിൽ ഹോമിച്ചു. ഉടനേതന്നെ അഗ്നിഭഗവാൻ പ്രത്യക്ഷപ്പെട്ട് അഭീഷ്ടസിദ്ധി വരമായി നല്കി. 'നിന്റെ ഹൃദയാഭീഷ്ടം നടപ്പിലാവട്ടെ'. ദാസുരന്റെ അർഘ്യം സ്വീകരിച്ച് അഗ്നി അപ്രത്യക്ഷനായി. 

Nov 15, 2012

188 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 188

നിദർശനാർഥം സൃഷ്ടേസ്തു മയൈകസ്യ പ്രജാപതേ:
ഭവതേ കഥിതോത്പത്തിർ ന തത്ര നിയമ: ക്വചിത് (4/47/47)

വസിഷ്ഠൻ തുടർന്നു: അല്ലയോ രാമ, ബ്രഹ്മാ-വിഷ്ണു-ശിവന്മാരും ഇന്ദ്രനും മറ്റും ലക്ഷക്കണക്കിനുണ്ടായിട്ടുണ്ട്. എന്നാലും ദേവതമാരുടെ സൃഷ്ടികളും എല്ലാം മായയുടെ വെറും കളിയാണെന്നറിയുക. ചിലപ്പോൾ സൃഷ്ടികളുണ്ടാവുന്നത് ബ്രഹ്മാവിൽ നിന്നുമാണ്‌.; മറ്റു ചിലപ്പോൾ ശിവനിൽ നിന്നും നാരായണനിൽ നിന്നും മാമുനിമാരിൽ നിന്നുമാകാം. ബ്രഹ്മാവുണ്ടായതോ, ചിലപ്പോൾ താമരപ്പൂവിൽ നിന്നും, ചിലപ്പോൾ ജലത്തിൽ നിന്നും മറ്റുചിലപ്പോൾ ഒരണ്ഡത്തിൽ നിന്നോ ആകാശത്തുനിന്നോ ആകാം. ചില ലോകങ്ങളിൽ ബ്രഹ്മാവാണ്‌ പരമദൈവതം. മറ്റിടങ്ങളിൽ സൂര്യൻ, ഇന്ദ്രൻ, നാരായണൻ, ശിവൻ എന്നിങ്ങനെ പലരെയാണ്‌ പരമപൂജ്യരായി കണക്കാക്കുന്നത്. ചില ലോകങ്ങളിൽ ഭൂമി മുഴുവൻ വൃക്ഷനിബദ്ധമാണ്‌..  മറ്റുലോകങ്ങളിൽ ഉള്ളത് മനുഷ്യരും മലകളുമാവാം. ചിലയിടങ്ങളിലെ മണ്ണ്‌ പശിമയുള്ള കളിമണ്ണാണ്‌. മറ്റിടങ്ങളിൽ ചെമ്പുനിറവും സ്വർണ്ണവർണ്ണമുള്ള പാറക്കല്ലുകളുണ്ട്. ഒരുപക്ഷേ സൂര്യകിരണങ്ങളെത്രയെന്ന് എണ്ണാൻ കഴിഞ്ഞാലും എത്ര ലോകങ്ങളാണുള്ളതെന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. ഈ സൃഷ്ടിയ്ക്ക് ആദിയില്ല. അന്തവും.

ബ്രഹ്മം എന്ന നഗരത്തിൽ അതായത് അനന്താവബോധത്തിൽ, ഹൃദയാകാശത്തിലെ ബോധത്തിൽ, ഈ ലോകങ്ങൾ ഉണ്ടായി മറിഞ്ഞുകൊണ്ടേയിരിക്കുന്നു. അനന്തവാബോധത്തിൽ നിന്നും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. അനന്താവബോധത്തിൽ നിന്നുദ്ഭൂതമായ സൂക്ഷ്മ ഘടകങ്ങളാൽ (ഭൂതങ്ങളാൽ) കൊരുക്കപ്പെട്ട മാലകളാണ്‌ സ്തൂലവും സൂക്ഷ്മവുമായ എല്ലാ സൃഷ്ടിവിശേഷങ്ങളും. ചിലപ്പോൾ ആകാശമാണാദ്യം ഉണ്ടാവുക- അപ്പോൾ സൃഷ്ടികർത്താവ് ആകാശത്തുനിന്നും ജനിച്ചു എന്നു പറയുന്നു. ചിലപ്പോൾ വായുവാകാം ആദ്യമുണ്ടാവുന്നത്. മറ്റുചിലപ്പോൾ ജലം, അഗ്നി, ഭൂമി എന്നിങ്ങനെ ആദ്യമുണ്ടാകുന്ന ഘടകത്തിനനുസരിച്ച് സൃഷ്ടാവിന്‌ 'നാമരൂപ' വ്യക്തിത്വമുണ്ടാവുന്നു. സൃഷ്ടാവിന്റെ ശരീരത്തിൽ നിന്നും ‘ബ്രാഹ്മണൻ’, ‘പൂജാരി’, തുടങ്ങിയ വാക്കുകളുണ്ടായി അവ ജീവനുള്ള സത്വങ്ങളായി പരിണമിക്കുന്നു. ഇതെല്ലാം സ്വപ്നസദൃശമായ അയാഥാർത്ഥ്യമാണെന്ന് തീർച്ചയായും മറക്കാതിരിക്കുക. അതുകൊണ്ട് 'ഇക്കാണായതെല്ലാം അനന്താവബോധത്തിൽ എങ്ങിനെ ഉദ്ഭൂതമായി?' എന്ന ചോദ്യം തന്നെ ബാലിശവും അപക്വവുമാണ്‌.. മനസ്സിന്റെ ഉദ്ദേശങ്ങളും സങ്കൽപ്പങ്ങളുനുസരിച്ചാണ്‌ സൃഷ്ടി നടക്കുന്നതായി തോന്നുന്നത്. ഇത് തീർച്ചയായും വിസ്മയകരം തന്നെ.

”സത്യത്തിനെ ഉദാഹരിക്കാനുമായുള്ള ഒരുപാധിയായാണ്‌ ഞാനിതു നിനക്കു വിവരിച്ചു തന്നത്. യഥാർത്ഥത്തിൽ ഇപ്പറഞ്ഞപോലുള്ള യാതൊരു ക്രമവും സൃഷ്ടിക്കില്ല.“ സൃഷ്ടിയെന്നാൽ മനസ്സിന്റെ സൃഷ്ടിയെന്നർത്ഥം. ഇതാണു സത്യം. മറ്റെല്ലാം വെറും വിചിത്രമായ ഭാവനകൾ കൊണ്ടു മെനഞ്ഞ വിവരണങ്ങൾ മാത്രം. തുടർച്ചയായുള്ള സൃഷ്ടിയും വിലയനവും കാരണം അണുവിടമുതൽ യുഗപര്യന്തമുള്ള കാലയളവുകൾക്കായി സമയം എന്ന സങ്കൽപ്പം ഉണ്ടായി. എന്നാൽ ഈ വിശ്വം നിലകൊള്ളുന്നത് അനന്താവബോധത്തിൽ മാത്രമാണ്‌.. ചുട്ടുപഴുത്ത ലോഹത്തിലടങ്ങിയ തീപ്പൊരിപോലെ ഒരു സാദ്ധ്യതാ സാന്നിദ്ധ്യമാണത്. ശുദ്ധദൃഷ്ടിയുള്ള ജ്ഞാനിക്ക് എല്ലാം ബ്രഹ്മം മാത്രം. ലോകമെന്ന ഒരു വ്യതിരിക്ത സത്ത അയാളെ സംബന്ധിച്ചിടത്തോളം ഇല്ല. എണ്ണമറ്റ ലോകങ്ങളുടെ അനന്തമായ സൃഷ്ടിയും വിലയനവും, അവയ്ക്കുളിലെ സൃഷ്ടികർത്താക്കളുമെല്ലാം അജ്ഞാനിയുടെ മനസ്സിലെ വിചിത്രസങ്കൽപ്പങ്ങൾ മാത്രം. അവ കേവലം മിഥ്യയത്രേ.

Nov 14, 2012

187 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 187

അനാഗതാനാം ഭോഗാനാമവാഞ്ഛനമകൃത്രിമം
ആഗതാനാം ച സംഭോഗ ഇതി പണ്ഡിത ലക്ഷണം (4/46/8)

വസിഷ്ഠൻ തുടർന്നു: ഈ വിശ്വപ്രപഞ്ചത്തിലെ എല്ലാം - ധനം, ഭാര്യ, പുത്രൻ എന്നുവേണ്ട എല്ലാമെല്ലാം മനസ്സിന്റെ മായാജാലം മാത്രമാണെന്നറിയുന്ന ഒരുവൻ അവയുടെ നഷ്ടത്തിൽ ദു:ഖിക്കുകയോ അവയുടെ ഉല്‍ക്കര്‍ഷത്തില്‍ അമിതാഹ്ളാദം കൊള്ളൂകയോ ചെയ്യുകയില്ല. വാസ്തവത്തില്‍ അവയുടെ അഭിവൃദ്ധി ഒരുവനില്‍ അസന്തുഷ്ടിയാണുണ്ടാക്കേണ്ടത്. കാരണം അജ്ഞാനത്തിന്റെ സാന്ദ്രത കൂട്ടുവാനാണല്ലോ അതുപകരിക്കുക. മന്ദബുദ്ധിയിൽ ആസക്തിയും സംഗവും ജനിപ്പിക്കുന്ന അതേ കാര്യം ജ്ഞാനിയിൽ വിരക്തിയും നിർമമതയുമാണുണ്ടാക്കുന്നത്.

“പ്രയത്നം കൂടാതെ കിട്ടാനിടയില്ലാത്ത അനുഭവങ്ങൾക്കായി ആഗ്രഹിക്കാതിരിക്കുകയും പ്രയത്നലേശമില്ലാതെ സ്വമേധയാ വന്നുചേർന്നവയെ അനുഭവിക്കുന്നതുമാണ്‌ പണ്ഡിതന്റെ ലക്ഷണം.” സംസാരസാഗരമെന്ന മായക്കാഴ്ച്ചയിൽ മുങ്ങിത്താഴാതെയിരിക്കാൻ കഴിയണമെങ്കിൽ ഏതെങ്കിലും വിധത്തിൽ ഇന്ദ്രിയ സുഖാനുഭാവാസക്തികളിൽ നിന്നും പിന്തിരിഞ്ഞാൽ മാത്രമേ സാധിക്കൂ. വിശ്വത്തിന്റെ ഏകതാത്മകത്വം അറിഞ്ഞ ഒരുവൻ ആഗ്രഹനിവൃത്തിക്കുവേണ്ടിയും ആഗ്രഹനിരാസത്തിനായും ഉള്ള എല്ലാ പ്രവർത്തനങ്ങൾക്കും അതീതനത്രേ. അതുകൊണ്ട് രാമാ, സത്തിനും അസത്തിനും അതീതമായി എല്ലാടവും നിറഞ്ഞു വിളങ്ങുന്ന സർവ്വവ്യാപിയായ ആത്മാവിനെ, അനന്താവബോധത്തെ സാക്ഷാത്കരിച്ചാലും. അകത്തുള്ളതും പുറത്തുള്ളതുമായ ഒന്നിനേയും ഉപേക്ഷിക്കുകയോ അവയിൽ കടിച്ചു തൂങ്ങുകയോ ചെയ്യേണ്ടതില്ല. ഈദൃശമായ ആത്മവിദ്യയിൽ അഭിരമിക്കുന്ന ജ്ഞാനിയുടെ മനസ്സിനു പരിമിതികളില്ല. അതിന്‌ നിറഭേദമോ ഉപാധികളോ ബാധകവുമല്ല. അയാൾ ആകാശം പോലെ, എന്തൊക്കെ സംഭവിച്ചാലും യാതൊന്നിനാലും മലിനപ്പെടാതെ ഇരിക്കുന്നു.

ഇന്ദ്രിയവിഷയങ്ങളിൽ ‘എന്റേത്’ എന്ന ധാരണ വച്ചു പുലർത്താതിരിക്കുക. അപ്പോൾ കർമ്മനിരതനാണെങ്കിലും അല്ലെങ്കിലും നീ അജ്ഞാനത്തിൽ ആണ്ടു പോവുകയില്ല. ഇന്ദ്രിയസുഖങ്ങൾ അഭിലഷണീയമാണെന്ന്‍ നിന്റെ ഹൃദയത്തിൽ തോന്നുന്നില്ലെങ്കിൽ നീ അറിയാനുള്ളതെന്തോ അതറിഞ്ഞിരിക്കുന്നു. നിനക്ക് ജനനമരണചക്രത്തിൽ ചുറ്റേണ്ടതായി വരില്ല. ശരീരബോധത്തോടെയോ അല്ലാതെയോ, ഇഹലോകത്തിലേയോ പരലോകത്തിലേയോ സുഖാനുഭവങ്ങളിൽ ആകർഷിക്കപ്പെടാത്ത ഒരുവന്‌ മുക്തിപദം അവനാഗ്രഹിച്ചാലുമില്ലെങ്കിലും സ്വയമേവ വന്നുചേരുന്നതാണ്.

രാമാ, ഈ മനോപാധികളാകുന്ന അജ്ഞാനസാഗരത്തെ താണ്ടുവാനുതകുന്ന ആത്മജ്ഞാനമെന്ന ചങ്ങാടം കണ്ടെത്തിയവൻ പിന്നെയതില്‍ മുങ്ങിപ്പോകുകയില്ല. ആത്മജ്ഞാനമാർഗ്ഗം അറിയാത്തവന്‍ അതിൽ തീർച്ചയായും മുങ്ങുകതന്നെ ചെയ്യും. അതുകൊണ്ട് രാമാ, മൂർച്ചയേറിയ വായ്ത്തല പോലെയുള്ള മേധാശക്തികൊണ്ട് അത്മാവിന്റെ സ്വരൂപത്തെ അറിയൂ, എന്നിട്ട് ആ സ്വരൂപത്തിൽ ആത്മജ്ഞാനത്തോടെ അഭിരമിക്കൂ. അങ്ങിനെ ആത്മജ്ഞാനമാർജ്ജിച്ച മഹർഷിമാരുടെ ജീവിതം നിനക്കും നയിക്കാം. അവർക്ക് അനന്താവബോധത്തെയും ലോകമെന്ന ഈ വിക്ഷേപത്തേയും നന്നായറിയാം. അവർ കർമ്മങ്ങളിൽ അഭിരമിക്കുകയോ കർമ്മങ്ങളെ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. രാമാ, നീയും ആത്മജ്ഞാനത്തെ കൈവരിച്ചിരിക്കുന്നു. നീ പ്രശാന്തനായിരിക്കുന്നു. 

Nov 13, 2012

186 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 186

അസദിദമഖിലം മയാ സമേതം
ത്വിതി വിഗണയ്യ വിഷാദിതാസ്തു മാ തേ
സദിഹ ഹി സകലം മയാ സമേതം
ത്വിതി ച വിലോക്യ വിഷാദിതാസ്തു മാ തേ (4/45/50)

വസിഷ്ഠൻ തുടർന്നു: രാമ: ഈ വിശ്വമിങ്ങനെ നിലനില്‍ക്കുന്നതായി തോന്നുന്നുണ്ടെങ്കിലും 'വിശ്വ'മായി ഒന്നും തന്നെ സത്യത്തിൽ ഇല്ല. അനന്താവബോധത്തിന്റെയൊരു വിക്ഷേപം മാത്രമാണു നാമീക്കാണുന്ന പ്രപഞ്ചം. ബോധത്തിൽ പ്രത്യക്ഷപ്പെടുന്ന വിശ്വസൃഷ്ടി എന്നത് ഒരു സ്വപ്നദൃശ്യം മാത്രം. അനന്തശൂന്യതയായ സത്യം മാത്രമാണുണ്മ. അതിലാണല്ലോ ഈ ദൃശ്യപ്രപഞ്ചം കാണപ്പെടുന്നത് . കണ്ണു മുതലായ ഇന്ദ്രിയങ്ങൾക്ക് ഗോചരമായതിനാലാണ്‌ ലോകമുണ്ടെന്നു നാം ധരിക്കുന്നത്. അതുപോലെ നാം ചിന്തിക്കുന്നതുകൊണ്ടാണ്‌ ലോകത്തിന്‌ നമ്മുടെ മനസ്സിൽ ഒരസ്തിത്വം ഉണ്ടാവുന്നത്. മനസ്സ്, അതിനു വസിക്കാനായാണ്‌ ഈ ദേഹത്തെ വിഭാവനം ചെയ്തുണ്ടാക്കിയത്. മനസ്സിന്റെ എല്ലാ കഴിവുകളും അനന്താവബോധത്തിൽ നിന്നും ഉദ്ഭൂതമായതാണ്‌. അനന്താവബോധം തന്നെയാണ്‌. മനസ്സ്. അത് സർവ്വശക്തമാണെന്ന് മഹർഷിമാർ പറയുന്നത് ഈ അർത്ഥത്തിലാണ്‌.. ദേവകളേയും, രാക്ഷസന്മാരേയും മനുഷ്യരേയുമെല്ലാം മനസ്സു തന്നെ പടച്ചുണ്ടാക്കിയതാണ്‌. എപ്പോഴാണോ മനസ്സിൽ ഈ ധാരണകൾക്ക് അവസാനമകുന്നത്, അപ്പോൾ ഇവരെല്ലാം ഇല്ലാതാവും. എണ്ണയില്ലാതെ വിളക്കു കത്തുന്നതെങ്ങിനെ?

ജ്ഞാനിയെ സംബന്ധിച്ചിടത്തോളം ലൗകീക പദാർത്ഥങ്ങൾ സുഖസമ്പാദനത്തിനുള്ളതാണ് എന്ന മിഥ്യാധാരണയില്ല. കാരണം അവയ്ക്ക് ഉണ്മയില്ലെന്ന് അയാൾക്കറിയാം. സ്വന്തം മനസ്സുണ്ടാക്കിയ വസ്തുക്കളിൽ സുഖം തിരയുന്നവനു ദു;ഖമാണനുഭവം. ആശയാലാണ്‌ ഈ ലോകം തന്നെ ഉരുത്തിരിഞ്ഞത്. അതുകൊണ്ട് തന്നെ ആശയുടെ അന്ത്യത്തിൽ മാത്രമേ ഈ ലോകമില്ലാതെയാവൂ. അതിനെതിരായി പ്രവർത്തിച്ചാലോ അതിനോട് വെറുപ്പുണ്ടായതുകൊണ്ടോ ലോകമസ്തമിക്കില്ല. ലോകമസ്തമിക്കുമ്പോൾ യാതൊന്നും തന്നെ നശിക്കുന്നില്ല താനും. അയദാർത്ഥമായ ഒരു വസ്തു ഇല്ലാതാവുമ്പോൾ എന്താണു നഷ്ടമാവുക? അത് തികച്ചും അയദാർത്ഥമാണെങ്കിൽ ഇല്ലാത്ത ഒന്നിനെ എങ്ങിനെ നശിപ്പിക്കാനാകും? മാത്രമല്ല, ഇല്ലാത്ത ഒന്ന് നഷ്ടമായാൽ എന്തിനാണു നാം വിലപിക്കുന്നത്? മറിച്ച് അത് ഉണ്മയാണെന്നിരിക്കട്ടെ. അതിനെ ആർക്കും ഇല്ലാതാക്കാനോ അസത്താക്കാനോ സാദ്ധ്യമല്ല. ഇങ്ങിനെ നോക്കുമ്പോൾ ജഗത്തും ബ്രഹ്മം തന്നെ. പരമസത്യം. അപ്പോള്‍ ദു:ഖത്തിനെവിടെയാണു സ്ഥാനം?

അതുപോലെ അയദാർത്ഥമായതിന്‌ വളരാനോ പുഷ്ടിപ്പെടാനോ ആവുന്നതെങ്ങിനെ? അപ്പോൾപ്പിന്നെ എന്താണ്‌ നാം ആഘോഷിക്കുന്നത്? എന്തിനായാണ്‌ നാം ആശിക്കുന്നത്? എല്ലാമെല്ലാം അനന്തമായ അവബോധം മാത്രമാവുമ്പോൾ നമുക്ക് സംന്യസിക്കാൻ എന്താണുള്ളത്?

തുടക്കത്തിൽ ഇല്ലാതിരുന്ന വസ്തു; ഒടുവിലും ഇല്ല. അതുകൊണ്ടുതന്നെ മദ്ധ്യത്തിൽ, (അതായത് വർത്തമാന കാലത്തിൽ) അത് സത്യമാവുക എന്നത് അസംബന്ധം. തുടക്കത്തിൽ ഉണ്മായുള്ളത്, അവസാനവും ഉണ്മ തന്നെ. അതിപ്പോഴും സത്താണ്‌., ഉണ്മയാണ്‌...  “ഞാനടക്കം എല്ലാം അയാദാർത്ഥമാണ്‌ എന്നു കണ്ടാൽപ്പിന്നെ ശോകമില്ല. അല്ലെങ്കിൽ ഞാനടക്കം എല്ലാം യാദാർത്ഥമാണ്‌ എന്നു കണ്ടാലും ശോകം നമ്മെ തീണ്ടുകയില്ല.”

വസിഷ്ഠമുനി ഇത്രയും പറഞ്ഞു തീർന്നപ്പോൾ ഒൻപതാം ദിവസത്തെ പ്രഭാഷണം അവസാനിക്കുകയും സഭ പിരിയുകയും ചെയ്തു. 

Nov 12, 2012

185 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 185

സ്വഭാവ കല്പിതോ രാമ ജീവാനാം സർവദൈവ ഹി
അമോക്ഷപദസംപ്രാപ്തി സംസാരോസ്ത്യാത്മനോന്തരേ (4/44/6)

വസിഷ്ഠൻ തുടർന്നു: ഏതായാലും ഈ സൃഷ്ടികളെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ മാത്രമേ സംഭവിക്കുന്നുള്ളു. കാരണം ഈ സൃഷ്ടികൾ സത്യമല്ല; സത്യമാണെന്നൊരു പ്രതീതിയുണ്ടായി എന്നുമാത്രം. അജ്ഞാനത്തെ മുഴുവനായി നീക്കിയ, മനോപാധികൾ നിലച്ചവനാണല്ലോ  ഋഷി. അയാൾക്ക് ഈ സ്വപ്ന സമാനമായ പ്രത്യക്ഷലോകത്തെപ്പറ്റി ‘അറിവ്’ ഉള്ളതായി നമുക്ക് തോന്നിയേക്കാം. എന്നാൽ അയാൾ അതിനെ ലോകമായല്ല കാണുന്നത്.

“ജീവന്‌ മുക്തിയാകും വരെ എല്ലാ ജീവജാലങ്ങളിലും എല്ലാ കാലത്തും ഈ പ്രത്യക്ഷലോകം സഹജമായി ആവിഷ്ക്കരിക്കപ്പെടുകയാണ്‌.” എല്ലാ ജീവനിലും ഒരു സാദ്ധ്യതയായി ഈ സ്തൂലശരീരമുണ്ട്. അത് ഭൗതീകമായി ഉണ്ടെന്നല്ല, ഒരു സംഭാവ്യസാദ്ധ്യതയായി, ഇച്ഛയായി, ചിന്തയായി നിലകൊള്ളുന്നു എന്നർത്ഥം.

എങ്ങിനെയാണ്‌ സൃഷ്ടാവായ ബ്രഹ്മാവ് അനന്താവബോധത്തിൽ ഉദ്ഭൂതമായതെന്ന് ഞാൻ ഒന്നു കൂടി വിശദമാക്കാം. അതുപോലെ എണ്ണമറ്റ ജീവജാലങ്ങൾ എങ്ങിനെയാണ്‌ ബോധമണ്ഡലത്തിലുദിച്ചുയർന്നതെന്നും പറയാം. കാലദേശബന്ധിതമല്ലാത്ത അനന്താവബോധം ഒരു ലീലയായി, ഈ ജീവജാലങ്ങളായി, സ്വയം അനുമാനിക്കുകയാണ്‌.. അങ്ങിനെ വിശ്വപുരുഷന്‍ സ്വയം സംജാതനായി. ഈ വിശ്വപുരുഷനാകട്ടെ വിശ്വമനസ്സും ജീവനുമാണ്‌.. ഈ പുരുഷൻ ശബ്ദത്തെ അനുഭവിക്കാനിച്ഛിക്കുമ്പോൾ ശബ്ദമുണ്ടായി. ആകാശമുണ്ടാവാൻ ഇച്ഛിക്കുമ്പോൾ ആകാശമുണ്ടായി. ശബ്ദപ്രസരണമാണ്‌ ആകാശത്തിന്റെ സഹജസ്വഭാവം. ആ പുരുഷന്‌ സ്പർശനം അനുഭവിക്കാൻ ഇച്ഛയുണ്ടായപ്പോള്‍ വായു ഉണ്ടായി. ദൃഷ്ടിഗോചരമല്ലാത്തത്ര സൂക്ഷ്മമാണത്. കാഴ്ച്ച ഇച്ഛിച്ച് വിശ്വപുരുഷൻ അഗ്നിയെ ഉണ്ടാക്കി. ഈ അഗ്നിയാണ്‌ എണ്ണമറ്റ പ്രകാശസ്രോതസ്സുകളായത്. സ്വാദനുഭവിക്കാനിച്ഛിക്കയാൽ വിശ്വപുരുഷൻ ജലമുണ്ടാക്കി. അത് അഗ്നിക്കു പ്രതിവിധിയുമായി. ഘ്രാണാനുഭവസിദ്ധിക്കായി ഇച്ഛിക്കവേ ഭൂമിയും തൽസ്വഭാവമായ ഗന്ധവും ഉണ്ടായി. ഇത്ര വൈവിദ്ധ്യമായ വിഭൂതികളുണ്ടെങ്കിലും ഈ വിശ്വപുരുഷൻ അതീവ സൂക്ഷ്മവും അവിച്ഛിന്നവുമാണ്‌..

ഈ സത്യത്തെ സ്വയം മറന്ന് വിശ്വപുരുഷൻ ആകാശത്ത് അനന്തമായ സ്ഫുലിംഗങ്ങളായി മാറി. അത് അനന്തമായ സ്ഫുലിംഗങ്ങളിൽ ഓരോന്നുമായി താദാത്മ്യം പ്രാപിക്കുമ്പോൾ അഹംകാരമായി. ഈ അഹംകാരത്തിൽ സഹജമായ ബുദ്ധിയും പ്രജ്ഞയുമുണ്ട്. ആയതുകൊണ്ട് പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ സ്വയം അതൊരു ദേഹത്തെ സങ്കൽപ്പിച്ചുണ്ടാക്കുന്നു. ഇതു നാം നേരത്തെ ചർച്ച ചെയ്തതാണല്ലോ. സ്തൂലമായ ഈ ശരീരം  - ഭൌതീക വസ്തു- അങ്ങിനെ സംജാതമായി. ഈ വിശ്വപുരുഷനത്രേ ബ്രഹ്മാവ്. അദ്ദേഹം എണ്ണമറ്റ സൃഷ്ടികൾക്ക് കാരണമാവുന്നു എന്നു തോന്നുന്നു. അവരുടെ സംരക്ഷകനും ബ്രഹ്മാവത്രേ.

അദ്ദേഹം ആദ്യം അവതരിച്ചത് അനന്താവബോധത്തിലാണ്‌. എന്നാൽ അത് സ്വയം പരിമിതഭാവമുൾക്കൊണ്ട് അനന്തതയെ മറന്ന് ഭ്രൂണാവസ്ഥയിലെന്നപോലെ കഴിഞ്ഞ്, പ്രാണശക്തിയുടെ ഉത്തേജനത്താൽ, പദാർത്ഥങ്ങളുടെ ഒരു നിർമ്മിതിയായി ദേഹാഭിമാനമാർജ്ജിക്കുന്നു. എന്നാൽ അദ്ദേഹം സ്വയം തന്റെ ഉദ്ഭവത്തെപ്പറ്റി അന്വേഷണം തുടങ്ങുമ്പോൾ സ്വരൂപത്തെപ്പറ്റി ബോധമുണരുന്നു. അങ്ങിനെ സ്വയമുണ്ടാക്കിയ പരിമിതികളിൽനിന്നും മുക്തനാവുന്നു. 

Nov 11, 2012

184 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 184

വിഹരന്തി ജഗത്കേചിന്നിപതന്ത്യുത് പതന്തി ച
കന്ദുകാ ഇവ ഹസ്തേന മൃത്യുനാവിരതം ഹതാ: (4/43/25)

വസിഷ്ഠൻ തുടർന്നു: ഇങ്ങിനെ അനന്താവബോധത്തിന്റെ ശക്തിയാൽ ആകസ്മികമായി പ്രത്യക്ഷ പ്രകടമായത് അനേകം ജീവജാലങ്ങളാണ്‌.. എണ്ണമറ്റ ഈ ജീവജാലങ്ങൾ അവരവരുടെ മനോപാധികളുടെ പരിമിതിയിൽ കുടുങ്ങി കഴിയുന്നു. അവരെ എല്ലാ രാജ്യങ്ങളിലും, അണ്ഡകടാഹത്തിലെ എല്ലായിടത്തും ആലോചിക്കാൻ കഴിയുന്ന എല്ലാ അവസ്ഥകളിലും കാണാം. അതിൽ ചിലർ ഈ യുഗത്തിലെ പുതിയ സൃഷ്ടികളാണ്‌.. മറ്റു ചിലർ പുരാതനമായുള്ളതുമാണ്‌.. ചിലർക്ക് വെറും ഒന്നോ രണ്ടോ ജന്മങ്ങളേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവർ അനേക ജന്മങ്ങൾ എടുത്തിരിക്കുന്നു. ചിലർ മുക്തിപദം പ്രാപിച്ചുകഴിഞ്ഞു. പിന്നെച്ചിലർ അദമ്യമായ ദുരിതക്കടലിലാണ്ടു കഴിയുന്നു. ചിലർ ഗഗനചാരികളായ യക്ഷകിന്നരന്മാരാണ്‌.. ചിലർ, ഉപദേവന്മാർ. ഇനിയും ചിലർ ഈ പ്രത്യക്ഷവിശ്വത്തിൽ വെവ്വേറെ തനത് വിഷയങ്ങളുടെ ആദ്ധ്യക്ഷം വഹിക്കുന്ന ദേവതകളുമാണ്‌.. ചിലർ രാക്ഷസർ, ചിലർ പിശാചുക്കൾ. ചിലർ മനുഷ്യകുലത്തിലെ നാലു വർണ്ണാശ്രമങ്ങളിൽപ്പെട്ടവർ. ചിലർ അപരിഷ്കൃതരായ ആദിവാസവർഗ്ഗത്തിൽപ്പെട്ടവർ. ചില ജീവജാലങ്ങൾ ചെടികളും പുൽവർഗ്ഗങ്ങളുമത്രേ. മറ്റുചിലവ വേരായും, കായായും ഇലയായും, വള്ളിച്ചെടികളായും പൂക്കളായും ജീവിക്കുന്നു.

ചിലർ രാജവേഷഭൂഷകൾ അണിഞ്ഞ രാജാക്കന്മാർ, മന്ത്രിമാർ എന്നിങ്ങനെ. ചിലർ കീറിപ്പറിഞ്ഞ വേഷങ്ങളില്‍, മരവുരി ചുറ്റിയ മനുഷ്യർ. അവർ ഭിക്ഷക്കാരോ ആശ്രമവാസികളോ ആവാം. ചിലവ പാമ്പുകൾ, കീടങ്ങൾ, സിംഹങ്ങൾ, പുലികൾ. മറ്റുചിലവ പക്ഷികളും ആനകളും കഴുതകളും. ചിലർ ഐശ്വര്യസമ്പൂർണ്ണമായ ജീവിതം നയിക്കുന്നു. മറ്റുള്ളവർ കഷ്ടപ്പെട്ടുഴറുന്നു. ചിലർ സ്വർഗ്ഗത്തിൽ . ചിലർ നരകത്തിൽ. ചിലർ അങ്ങുയരെ നക്ഷത്രങ്ങളുടെ ലോകത്ത്. മറ്റുചിലർ ഉണക്കമരത്തിന്റെ പൊത്തിലൊളിച്ചു കഴിയുന്നു. ചിലർ ജീവിച്ചിരിക്കുമ്പോൾത്തന്നെ ദേഹാഭിമാനബോധത്തിൽ നിന്നുയർന്ന് മുക്തിപദം നേടിയവരാണ്‌.. അവരുടെയൊപ്പം കഴിയാൻ ഭാഗ്യം സിദ്ധിച്ച ചിലരും ഇക്കൂട്ടത്തിലുണ്ട്. ചിലർ ബുദ്ധിശാലികൾ. മറ്റുചിലർ അതീവമന്ദബുദ്ധികൾ.

രാമാ, ഈ വിശ്വത്തിൽ അനന്തം ജീവജാലങ്ങളുള്ളതുപോലെ മറ്റു വിശ്വങ്ങളിലും എണ്ണമറ്റ ജീവജാലങ്ങൾ വൈവിദ്ധ്യമാർന്നതെങ്കിലും അനുയോജ്യമായ ദേഹവസ്ത്രമെന്ന പുറംതോടിനുള്ളിൽ കഴിയുന്നുണ്ട്. എന്നാൽ അവയെല്ലാം തന്താങ്ങളുടെ മനോപാധികളാൽ ബന്ധിതരാണ്‌.. “ഈ ജീവജാലങ്ങൾ ചിലപ്പോൾ ഉയർന്നുയർന്ന് അല്ലെങ്കിൽ താഴോട്ടു നിപതിച്ച് വിശ്വമാകെ അലയുന്നു. മരണം, പന്തുതട്ടിക്കളിക്കും പോലെ അവരെയിട്ടു കളിപ്പിക്കുന്നു.” സ്വന്തം മനോപാധികളാൽ പരിമിതപ്പെട്ട്, എണ്ണമറ്റ ആശകളാലും ആസക്തികളാലും സ്വാധീനിക്കപ്പെട്ട് അവ ഒരു ശരീരത്തിൽനിന്നും മറ്റൊന്നിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിനെക്കുറിക്കുന്ന -സ്വയം അനന്താവബോധമാണെന്ന, സത്യം സാക്ഷാത്കരിക്കുന്നതുവരെ അവരീ യാത്ര തുടർന്നുകൊണ്ടേയിരിക്കും. ആത്മജ്ഞാനമാർജ്ജിച്ചുകഴിഞ്ഞാൽപ്പിന്നെ അവർക്ക് മോഹവിഭ്രാന്തികളിൽ നിന്നു മോചനമായി. പിന്നീട് അവർ ജനന-മരണ ചക്രത്തിന്റെ തലത്തിലേയ്ക്ക് തിരിച്ചു വരുന്നില്ല. 

Nov 10, 2012

183 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 183

ശുഭാശുഭ പ്രസര പരാഹതാകൃതൗ
ജ്വലജ്ജരാമരണവിഷാദമൂർച്ഛിതേ
വ്യഥേഹ യസ്യ മനസി ഭോ ന ജായതേ
നരാകൃതിർ ജഗതി സ രാമ രാക്ഷസ: (4/42/52)

വസിഷ്ഠൻ തുടർന്നു: അനന്താവബോധം എങ്ങിനെയാണ്‌ വൈവിദ്ധ്യമാർന്ന് ജീവനും മറ്റുമായിത്തീർന്നതെന്ന് ഞാൻ ഒന്നുകൂടി വിശദമാക്കാം. ഒരു സമുദ്രത്തിൽ നോക്കിയാൽ ചിലയിടങ്ങൾ പ്രശാന്തവും മറ്റിടങ്ങൾ പ്രക്ഷുബ്ധവുമാണെന്നു കാണാം. അതുപോലെ അനന്താവബോധം ചിലയിടത്ത് വൈവിദ്ധ്യത്തെ സ്വീകരിക്കുന്നതായും മറ്റിടങ്ങളിൽ അദ്വൈതഭാവത്തിൽ നിലകൊള്ളുന്നതായും നമുക്കറിയാനാകുന്നു. സർവ്വശക്തിമത്തായ അനന്താവബോധം അനന്തമായ വിഭൂതികളോടെ പ്രകടമാവുന്നത് സഹജമെന്നുവേണം കരുതാൻ. എന്നാൽ ഈ പ്രകടനം നടപ്പിലാക്കാൻ സമയം, ആകാശം (ദൂരം), കാര്യകാരണങ്ങൾ എന്നിവയുടെ സഹായം അനിവാര്യമാണ്‌.  അങ്ങിനെയാണ്‌ അനന്തമായ നാമരൂപങ്ങൾ ഉദ്ഭൂതമായത്. എന്നാൽ ഈ പ്രകടമായ കാഴ്ച്ചാവിശേഷങ്ങളെല്ലാം അനന്താവബോധത്തിൽ നിന്നും വിഭിന്നവുമല്ല. നാമരൂപങ്ങളായി, കാലദേശങ്ങളായി, കാര്യ-കാരണങ്ങളായി, പ്രത്യക്ഷപ്പെടുന്നവയെ അനന്തതയുമായി ബന്ധിപ്പിക്കുന്ന സത്തയ്ക്ക് സാക്ഷിബോധം (ക്ഷേത്രജ്ഞൻ) എന്നു പറയുന്നു.

ഈ ശരീരം ക്ഷേത്രമാണ്‌..  അതിന്റെ അകവും പുറവും സമ്യക്കായി അറിയുന്നവനാണ് ക്ഷേത്രജ്ഞൻ, അല്ലെങ്കിൽ സാക്ഷിബോധം. ഈ സാക്ഷിബോധമാണ്‌ ലീനവാസനകളാൽ പ്രചോദിതമായി അഹംകാരത്തെ ഉണ്ടാക്കുന്നത്. ഈ അഹംകാരം ധാരണകളും വിവക്ഷകളും ഉളവാക്കുമ്പോൾ അത് ബുദ്ധിയെന്നറിയപ്പെടുന്നു. ആലോചനയ്ക്കുള്ള ഉപാധിയാവുമ്പോൾ ഇത് മനസ്സെന്ന് അറിയപ്പെടുന്നു. ഈ പ്രജ്ഞ, മാറ്റങ്ങൾക്കു വിധേയമാവുകയോ വികൃതമാവുകയോ ചെയ്യുമ്പോൾ അത് പഞ്ചേന്ദ്രിയങ്ങളാവുന്നു. ഇവയെല്ലാം ചേർന്ന് ശരീരമാവുന്നു. പക്വതയാകുന്ന മുറ്യ്ക്ക് വലുപ്പത്തിലും നിറത്തിലും ഫലത്തിലുണ്ടാവുന്ന മാറ്റങ്ങൾ പോലെ ബോധം മാറ്റങ്ങൾക്കു വിധേയമാകുന്നതായി തോന്നുന്നു. അതോടെ അജ്ഞാനം ആഴത്തിലാഴത്തിൽ വളരുകയും ചെയ്യുന്നു. മൂഢൻ തന്റെ സത്യാന്വേഷണം അവസാനിപ്പിച്ച് സ്വയം അജ്ഞാനത്തെ ആനന്ദമെന്ന് തെറ്റിദ്ധരിച്ച് അതിനെ ആവേശത്തോടെ പുല്‍കുന്നു. കര്‍മ്മങ്ങള്‍ എന്ന, സ്വയം ഉണ്ടാക്കിയ വലയിൽ കുടുങ്ങി, താനാണ്‌ എല്ലാം ചെയ്യുന്നതെന്ന് കരുതി അവന്‍ അന്തമില്ലാത്ത ദുരിതങ്ങൾക്കു വശംവദനാകുന്നു. ഇവയെല്ലാം സ്വയംകൃതവും സ്വാഭീഷ്ടപ്രദവുമായാണ്‌ കൈവന്നതെന്ന്‍  അവനറിയുന്നതേയില്ല.

രാമാ, ഈ ലോകത്ത് ശോകത്തിന്റെ ഒരേയൊരു കാരണം മനസ്സാണ്‌.. മനസ്സ് മുഴുവൻ ദു:ഖങ്ങളും, വിപത്തുക്കളും, ആസക്തികളും, മോഹവിഭ്രമങ്ങളുമാണ്‌.. ആത്മജ്ഞാനത്തെ മറന്ന് മനസ്സ് ആഗ്രഹങ്ങളെയും ക്രോധത്തെയുമുണ്ടാക്കുന്നു. അത് ദുഷ്ച്ചിന്തകളേയും ആസക്തികളേയും വളർത്തി മനുഷ്യനെ ഇന്ദ്രിയവിഷയങ്ങളാകുന്ന എരിതീയിലേയ്ക്ക് ആട്ടിത്തെളിക്കുന്നു. രാമാ, മനസ്സിനെ ഈ അജ്ഞാനചക്രത്തിൽ നിന്നു കരകേറ്റിയാലും. “രാമാ, മനസ്സിന്റെ മലിനാവസ്ഥയിൽ സ്വയം പരിതപിക്കാത്തവൻ മനുഷ്യരൂപത്തിലുള്ള രാക്ഷസനത്രേ. നന്മയും തിന്മയും മാറിമാറിയാണ്‌ അവന്റെ മനസ്സിലെ ചിന്തകൾ. അവന്‌ ജരാനരയും, മരണവും വ്യസനവും സഹജമാണ്‌” 

Nov 9, 2012

182 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 182

കുതോ ജാതേയമിതി തേ രാമ മാസ്തു വിചാരണാ
ഇമാം കഥമഹം ഹന്മീത്യേഷാ തേസ്തു വിചാരണാ (4/41/32)

രാമൻ ചോദിച്ചു: ഭഗവൻ, വൈവിദ്ധ്യമുണ്ടാവണമെന്ന, സ്വയം പലതാവണമെന്ന, ഇച്ഛ അനന്താവബോധത്തിൽ എങ്ങിനെയാണ്‌ ഉണ്ടാകാനിടയായത്?

വസിഷ്ഠൻ പറഞ്ഞു: രാമാ, ഞാൻ പറഞ്ഞതിൽ വിരോധാഭാസമായി ഒന്നുമില്ലെന്നറിയുക.നിനക്ക് സ്വയം അനുഭവവേദ്യമാവുമ്പോള്‍ ഞാൻ പറഞ്ഞുതന്ന സത്യത്തിന്റെ സൗന്ദര്യം നിനക്കു വെളിവാകും. സൃഷ്ടിയെപ്പറ്റി ശാസ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നത് ശിഷ്യരെ പഠിപ്പിക്കാനായി ഉപയോഗിക്കുന്ന വെറും വാക്കുകളുടെ കസർത്താണ്‌. അവ നിന്റെ വീക്ഷണത്തെയും മനസ്സിനെയും നിറം പിടിപ്പിക്കാതിരിക്കട്ടെ. വാക്കുകൾകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് പിടികിട്ടിക്കഴിഞ്ഞാൽ സ്വാഭാവികമായും നീ വാക്കുകളുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നു തീർച്ച.

അനന്താവബോധത്തിൽ അങ്ങിനെ മേൽപ്പറഞ്ഞപോലെ ഒരിച്ഛയോ ഭ്രമത്തിന്റെ മൂടുപടമോ ഇല്ല. എന്നാൽ അവ നിന്റെ മുന്നിൽ ലോകമായി പ്രത്യക്ഷപ്പെട്ട് നിലകൊള്ളുകയാണ്‌.. ഇതറിയണമെങ്കിൽ അജ്ഞാനം ഇല്ലാതെയാകണം. അതില്ലാതെയാകണമെങ്കിലോ നാമുപയോഗിച്ചതുപോലെയുള്ള വാക്കുകളും വിവരണങ്ങളും വേണം താനും. അജ്ഞത സ്വയം നശിക്കുന്നതിലൂടെയാണ്‌ സത്യജ്ഞാനത്തിന്റെ വെളിച്ചം പരക്കുന്നത്. ആയുധങ്ങൾ നശിക്കുന്നത് ആയുധങ്ങൾകൊണ്ടു തന്നെയാണ്‌.. ദേഹത്തു പുരണ്ട ചെളി മാറ്റിക്കളയാൻ മറ്റുതരം  ചെളികള്‍ തന്നെ വേണം. ഒരു വിഷത്തിന്റെ പ്രതിവിധി മറ്റൊരു വിഷം. ഒരു ശത്രുവിന്റെ എതിരാളി ഇനിയൊരു ശത്രു. അങ്ങിനെ സ്വയം നശിക്കുന്നതിൽ മായ അഭിരമിക്കുന്നു. ഈ മായയെപ്പറ്റി എപ്പോൾ അറിവാകുന്നുവോ അപ്പോൾത്തന്നെ അത് അപ്രത്യക്ഷമാവുന്നു. ഈ മായയാണ്‌ സത്യത്തെ മറച്ച് ഈ വൈവിദ്ധ്യങ്ങളെ ഉണ്ടാക്കുന്നത്. എന്നാൽ കഷ്ടം! അതിന്‌ സ്വന്തം അസ്തിത്വം എന്തെന്നറിയില്ല.

ഈ അജ്ഞാനത്തിന്റെ, മായയുടെ, സ്വഭാവത്തെപ്പറ്റി അന്വേഷിക്കുന്നതുവരെ അത് നമ്മെ ഭരിക്കുന്നു. എന്നാൽ അന്വേഷണം തുടങ്ങിയാലോ അത് ഇല്ലാതാവുകയും ചെയ്യുന്നു. മായ സത്യത്തിൽ 'ഉള്ള' വസ്തുവേയല്ല. എന്നാൽ ഈ സത്യം അനുഭവജ്ഞാനമാകുന്നതുവരെ നീ എന്റെ വാക്കുകൾ വിശ്വസിച്ചാലും. പരബ്രഹ്മം മാത്രമേ സത്തായുള്ളു എന്നറിഞ്ഞവൻ മുക്തനത്രേ. മറ്റെല്ലാ അറിവുകളും നമ്മെ അജ്ഞതയിൽ ബന്ധിച്ചു നിർത്തുന്നവയാണ്‌... ആത്മജ്ഞാനത്താലല്ലാതെ അജ്ഞത ഇല്ലാതാവുകയില്ല. ആത്മജ്ഞാനം ഉണ്ടാവാൻ ശാസ്ത്രഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനം അനിവാര്യമാണ്‌... ഈ അജ്ഞതയുടെ ഉറവിടം എന്തായിരുന്നാലും അതും ആത്മാവിൽത്തന്നെ നിലകൊള്ളുന്നതു തന്നെയാണ്‌.. “അതുകൊണ്ട് രാമാ ‘എന്തുകൊണ്ടാണ്‌ ഈ അജ്ഞാനം ഉണ്ടായത്?’ എന്ന് അന്വേഷിക്കുന്നതിനു പകരം ‘ ഈ അജ്ഞാനത്തെ എനിക്കെങ്ങിനെ ഇല്ലായ്മ ചെയ്യാം’ എന്നന്വേഷിച്ചാലും”

ഈ മായ (അജ്ഞാനം) ഇല്ലാതായിക്കഴിയുമ്പോൾ അതെങ്ങിനെ ഉണ്ടായി എന്നു നിനക്കറിയുവാനാവും. അജ്ഞത സത്തായ ഒന്നായിരുന്നില്ല എന്നു നീ അറിയും. അജ്ഞത അവിവേകതയുടെ  ഒരു തലത്തിൽ മാത്രമേ ഉണ്ടാവുന്നുള്ളു. എത്ര പണ്ഡിതനായാലും, വീരനായാലും അജ്ഞാനത്തിന്റെ സ്വാധീനത്തിൽപ്പെടാതെ നിവൃത്തിയില്ല. എല്ലാ ദു:ഖങ്ങൾക്കും ഉറവിടമാണത്. അതിനെ വേരോടെ പിഴുതെറിയൂ, നശിപ്പിക്കൂ. 

Nov 8, 2012

181 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 181

ബ്രഹ്മ ചിദ്ബ്രഹ്മ ച മനോ ബ്രഹ്മ വിജ്ഞാനവസ്തു ച
ബ്രഹ്മാർഥോ ബ്രഹ്മ ശബ്ദശ്ച ബ്രഹ്മ ചിദ്ബ്രഹ്മ ധാതവ: (4/40/29)

വസിഷ്ഠൻ തുടർന്നു: രാമ, ഇക്കാണായ ലോകമെന്ന സൃഷ്ടി മുഴുവൻ അനന്താവബോധത്തിലെ (പരബ്രഹ്മത്തിലെ) ചിത്ശക്തിയിലുളവായ ഇച്ഛ ആകസ്മീകമായി പ്രകടിതമായതുമൂലം ഉണ്ടായതാണ്‌..  ഈ ഇച്ഛതന്നെയാണ്‌ സാന്ദ്രതയാർന്ന്, മനസ്സായി ഉദിച്ച്, ഇച്ഛാവസ്തുവിന്‌ അസ്തിത്വം നല്കുന്നത്.  വസ്തുപ്രപഞ്ചത്തിലെന്നപോലെ, മനസ്സതിനെ ക്ഷണത്തിൽ പുനർനിർമ്മിക്കുന്നു. ഈ അവസരത്തിൽ അനന്താവബോധം തന്റെ സഹജഭാവം ഉപേക്ഷിച്ചപോലെ ഒരു പ്രതീതിയുണ്ടാവുന്നുണ്ട്. ഈ അനന്താവബോധം സ്വയം ഒരു ശുദ്ധശൂന്യമായ ഇടത്തെ കണ്ടുപിടിച്ചെന്നപോലെ ചിത്-ശക്തി അവിടെ ആകാശത്തിന്‌ ഒരസ്തിത്വം നല്കുന്നു. അതേ ചിത്-ശക്തിയിൽ സ്വയം പലതാവാനുള്ള ഇച്ഛ ഉണ്ടാവുന്നു. ഈ ഇച്ഛതന്നെയാണ്‌ പിന്നീട് ബ്രഹ്മാവായും പരിവാരസൃഷ്ടികളായുള്ള അനേകം ജീവികളായും കണക്കാക്കപ്പെടുന്നത്. അങ്ങിനെയാണ്‌ അനന്താവബോധത്തിന്റെ ആകാശത്ത് പതിന്നാലു ലോകങ്ങൾ പ്രത്യക്ഷമായത്. അവയിൽ ചിലത് സാന്ദ്രമായ അന്ധകാരത്തിൽ മുങ്ങിയവയാണ്‌..  ചിലത് പ്രബുദ്ധതയിലെത്താൻ വെമ്പിനിൽക്കുന്നു. ഇനിയും ചിലത് പൂർണ്ണമായ പ്രബുദ്ധതയുടെ നിറവായി നിലകൊള്ളുന്നു.

രാമാ, ഈ ലോകത്ത് പല ജീവജാലങ്ങളും ഉണ്ടെങ്കിലും മനുഷ്യനു മാത്രമേ സത്യത്തെ സാക്ഷാത്കരിക്കാനുള്ള യോഗ്യതയുള്ളു. ഈ മനുഷ്യവർഗ്ഗത്തിൽത്തന്നെ പലരും ശോകത്തിനും ഭ്രമത്തിനും, വെറുപ്പിനും ഭയത്തിനും വശംവദരാണ്‌..  ഇവയെപ്പറ്റി ഞാനിനി വിശദമായി പറഞ്ഞുതരാം.

ആരാണീ ലോകം സൃഷ്ടിച്ചതെന്നും എങ്ങിനെയിതു സംഭവിച്ചുവെന്നും എല്ലാമുള്ള വിവരണങ്ങൾ ഗ്രന്ഥരചനയ്ക്കും വ്യാഖ്യാനാഖ്യാനങ്ങൾക്കും വേണ്ടി മാത്രമാണ്‌. ഇതൊന്നും സത്യസംബന്ധിയല്ല. അനന്താവബോധത്തിൽ മാറ്റങ്ങളുണ്ടാവുക, വിക്ഷേപങ്ങൾ സംഭവിക്കുക എന്നതൊന്നും സത്യമല്ല, സാംഭവ്യവുമല്ല. എന്നാൽ അവ സത്യമെന്നപോലെ തോന്നുന്നു. സങ്കൽപ്പത്തിൽപ്പോലും അനന്താവബോധമല്ലാതെ മറ്റൊന്നും എങ്ങുമില്ല. അതിനെ വിശ്വ സൃഷ്ടാവെന്നു വിളിക്കുന്നതും  വിശ്വം സൃഷ്ടിക്കപ്പെട്ടു എന്നു ധരിക്കുന്നതും ശുദ്ധ  അസംബന്ധമാണ്‌..  ഒരു ദീപത്തിൽ നിന്നും മറ്റൊരു ദീപം കൊളുത്തുമ്പോൾ അവ തമ്മിൽ സൃഷ്ടി-സൃഷ്ടാവ് ബന്ധം ഉണ്ടാവുന്നതെങ്ങിനെ? അഗ്നി ഒന്നല്ലേയുള്ളു ?. സൃഷ്ടിയെന്നത് കേവലം ഒരു വാക്കുമാത്രം. അതിനനുസൃതമായി, ഉണ്മയായി യാതൊന്നുമില്ല.

“ബോധം ബ്രഹ്മമാണ്‌; മനസ്സ് ബ്രഹ്മമാണ്‌; ബുദ്ധി ബ്രഹ്മമാണ്‌.; ബ്രഹ്മം മാത്രമേ സത്യമായുള്ളു. ശബ്ദവും വാക്കും ബ്രഹ്മമാണ്‌... സകലതിന്റെയും ഘടകങ്ങളും ബ്രഹ്മമല്ലാതെ മറ്റൊന്നല്ല.” എല്ലാം ബ്രഹ്മം മാത്രം. ലോകമെന്നത് വെറും മിത്ഥ്യ. മാലിന്യം നീങ്ങുമ്പോൾ വസ്തു വെളിപ്പെടുന്നതുപോലെ, ഇരുട്ടിലാണ്ടുകിടന്ന പദാർത്ഥങ്ങൾ ഇരുളകലുന്നതോടെ തെളിഞ്ഞു കാണാനാകുന്നതുപോലെ, അജ്ഞതനീങ്ങിയാൽ സത്യത്തെ സാക്ഷാത്കരിക്കാം. 

Nov 7, 2012

180 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 180

അജ്ഞസ്യാർധപ്രബുദ്ധസ്യ സർവം ബ്രഹ്മേതി യോ വദേത്
മഹാനരകജാലേഷു സ തേന വിനിയോജിത: (4/39/24)

വസിഷ്ഠൻ തുടർന്നു: രാമാ, പരബ്രഹ്മം സർവ്വശക്തമായതിനാൽ അതിലെ അനന്തമായ സാദ്ധ്യതകളാണ്‌ ഈ കാണപ്പെടുന്ന പ്രപഞ്ചമായി പ്രത്യക്ഷമാകുന്നത്. എല്ലാ വൈവിദ്ധ്യങ്ങളും - സത്തായതും അസത്തായതും, ഏകത്വവും നാനാത്വവും, തുടക്കവും ഒടുക്കവും എല്ലാം ബ്രഹ്മത്തിലാണു സ്ഥിതിചെയ്യുന്നത്. സമുദ്രോപരി കാണപ്പെടുന്ന തിരകളെന്നപോലെ വ്യക്തിഗതമായി പരിമിതപ്പെട്ട അവബോധവുമായി ജീവൻ പ്രത്യക്ഷമാവുന്നതും ഈ ബ്രഹ്മത്തിലത്രേ. ഈ ജീവനാകട്ടേ ഉത്തരോത്തരം കൂടുതൽ ആഴത്തിലുള്ള ഉപാധികളുടെ സ്വാധീനത്താൽ തദനുസാരിയായ കർമ്മങ്ങളിലേർപ്പെട്ട് അവയുടെ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.

രാമൻ ചോദിച്ചു: ഭഗവൻ, ബ്രഹ്മം ദു:ഖരഹിതമാണെന്നു പറഞ്ഞു. എന്നാൽ ഒരു ദീപത്തിൽ നിന്നു കൊളുത്തിയ മറ്റൊരു ദീപം പോലെ, ബ്രഹ്മത്തിൽ നിന്നുദ്ഭൂതമായ ലോകം എന്തുകൊണ്ടാണ്‌ ദു:ഖപൂരിതമായിരിക്കുന്നത്? അതെങ്ങിനെ പറ്റി?

വാൽമീകി പറഞ്ഞു: രാമന്റെ ഈ ചോദ്യംകേട്ട് വസിഷ്ഠൻ കുറച്ചുനേരം ചിന്താമഗ്നനായിരുന്നു: രാമന്റെ മനസ്സിലെ മാലിന്യം മുഴുവനും ഇല്ലാതായിട്ടില്ല. അതിനാലാണീ സംശയം. എന്നാൽ ഇതിന്റെ ഉത്തരം കണ്ടെത്തുംവരെ ആ മനസ്സിൽ സമാധാനം ഉണ്ടാവുകയില്ലല്ലോ. മനസ്സ് സുഖസന്തോഷചിന്തകളിൽ ആന്ദോളനംചെയ്യുന്നിടത്തോളം സത്യമെന്തെന്നറിയാൻ അതിനു കഴിയുകയില്ല. നിർമ്മലമായ മനസ്സിൽ ഈ അറിവ് ക്ഷണനേരത്തിൽ ഉണർവ്വാവും. അതുകൊണ്ടാണ്‌ "ആരൊരുവൻ അജ്ഞാനികളെ ‘ഇതെല്ലാം ബ്രഹ്മമാണ്‌’ എന്നു പഠിപ്പിക്കുന്നുവോ അവൻ നരകത്തിൽപ്പോവും എന്നിങ്ങിനെ ഒരു ചൊല്ലുള്ളത്.” ഉത്തമനായ ഗുരു ആദ്യം തന്നെ തന്റെ ശിഷ്യനെ ആത്മസംയമനവിദ്യയില്‍ നിരതനാക്കി പ്രശാന്തമനസ്സിനുടമയാക്കുന്നു. എന്നിട്ട് ശിഷ്യന്റെ ജാഗ്രതയെ പരീക്ഷിച്ചറിഞ്ഞതിനുശേഷം മാത്രമേ സത്യജ്ഞാനം പകർന്നു നൽകൂ.

വസിഷ്ഠൻ പറഞ്ഞു: പരബ്രഹ്മം ദു:ഖമുക്തമോ അല്ലയോ എന്ന് നിനക്ക് സ്വയം കണ്ടെത്തുവാനാകും. അല്ലെങ്കിൽ കാലക്രമത്തിൽ നിന്നെ ഞാനതിനു സഹായിക്കാം. ഇപ്പോള്‍  ഇത്രയും മനസ്സിലാക്കുക: പരബ്രഹ്മം സർവ്വശക്തവും സർവ്വവ്യാപിയും എല്ലാവരുടെയുള്ളിലും കുടികൊള്ളുന്ന ചൈതന്യവുമാണ്‌... വിശദീകരണങ്ങൾക്കതീതമായ മായാശക്തിയിലൂടെയാണ്‌ പരബ്രഹ്മം സൃഷ്ടികളെ സാക്ഷാത്കരിച്ചത്. ഈ മായയുടെ പ്രഭാവത്തിലാണ്‌ അസത്ത് സത്തായും, തിരിച്ചും പ്രത്യക്ഷമാകുന്നത്. നിശ്ശൂന്യമായ ആകാശത്തിനു നീലനിറം നൽകുന്നതും ഈ മായാശക്തിയത്രേ.

നോക്കൂ രാമാ, വിപുലമായ വൈവിദ്ധ്യത ഈ ലോകത്തിലെ ജീവജാലങ്ങളിൽത്തന്നെ നിനക്കു ദർശിക്കാമല്ലോ. അതാണ്‌ ഭഗവാന്റെ അനന്തമായ ശക്തിവിശേഷം. പ്രശാന്തതയെ കൈവരിക്കൂ. ആന്തരീകമായി ശാന്തതയുള്ളവർക്ക് സത്യം വെളിപ്പെടുന്നു. മനസ്സ് അശാന്തമാണെങ്കിലോ ലോകം വൈവിദ്ധ്യങ്ങൾ നിറഞ്ഞതും, ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതും ആണ്‌.... എന്നാൽ ഈ ലോകമെന്നത് ഭഗവാന്റെ അനന്തസാദ്ധ്യതകളുടെ പ്രത്യക്ഷപ്രകടനമായ വിക്ഷേപം മാത്രമാണ്. പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വസ്തുക്കളുടെ കാഴ്ച്ച സ്വാഭാവികമാണെന്നതുപോലെ സർവ്വശക്തനായ ഭഗവദ്സാന്നിദ്ധ്യത്തിൽ ലോകമെന്ന കാഴ്ചയും സഹജമായി ആ ഭഗവാനിൽ നിന്നും ഉദ്ഭൂതമായതാണ്‌.. ലോകം പ്രത്യക്ഷമായതിനൊപ്പം തന്നെ അജ്ഞാനവും ഉണ്ടായി. അതാണ്‌ ശോകത്തിനു കാരണം. അജ്ഞാനത്തെ ഉപേക്ഷിക്കൂ, അങ്ങിനെ സ്വതന്ത്രനാവൂ. 

Nov 6, 2012

179 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 179

നാനന്ദം ന നിരാനന്ദം ന ചലം നാചലം സ്ഥിരം
ന സന്നാസന്ന ചൈതേഷാം മദ്ധ്യം ജ്ഞാനിമനോ വിദു: (4/38/10)

വസിഷ്ഠൻ തുടർന്നു: 'ഞാൻ ഇതു ചെയ്യുന്നു' എന്ന് തോന്നുന്ന കർത്തൃത്വഭാവം സന്തോഷത്തെയും ദു:ഖത്തെയും ഉണ്ടാക്കുന്നവയോ യോഗികൾക്കുമാത്രം കിട്ടുന്ന പ്രശാന്തതയെ നല്കുന്നതോ ആയേക്കാം. എന്നാൽ ജ്ഞാനിക്ക് അത് വെറും സാങ്കല്‍പ്പീകമായ ഒന്നത്രേ. അജ്ഞാനിയെ സംബന്ധിച്ചിടത്തോളം അത് സത്യമാണെന്നാണ്‌ അനുഭവം. എന്നാൽ എന്താണീ തോന്നലിന്റെയെല്ലാം ഉറവിടം? എന്തെങ്കിലും നേടണമെന്ന ആഗ്രഹവുമായി മനസ്സ് അതിനായി പരിശ്രമം നടത്തുമ്പോഴാണ്‌ ഈ ധാരണ ഉടലെടുക്കുന്നത്. ആ കർമ്മത്തിന്റെ ഫലഭോക്താവായി മനസ്സ് സ്വയം അവരോധിക്കുന്നു. കർമ്മഫലങ്ങൾ അനുഭവിക്കേ 'ഞാൻ ഇതാസ്വദിക്കുന്നു' എന്ന ധാരണ ഉണ്ടാവുന്നു. ഈ രണ്ടു ധാരണകളും (കർത്തൃത്വം, ഭോക്തൃത്വം) ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്‌.. കർമ്മത്തിലേർപ്പെട്ടാലുമില്ലെങ്കിലും, സ്വർഗ്ഗത്തിലാണെങ്കിലും നരകത്തിലാണെങ്കിലും, മാനസീകോപാധികൾ എന്തുതന്നെയായിരുന്നാലും അതെല്ലാം അനുഭവവേദ്യമാവുന്നത് മനസ്സിലത്രേ. അതിനാൽ അജ്ഞാനിയിൽ, ഉപാധികളാൽ പരിമിതപ്പെട്ടവനിൽ, 'ഞാൻ ഇതു ചെയ്യുന്നു' എന്ന ധാരണ എന്തെങ്കിലും ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും സഹജമാണ്‌.. എന്നാൽ ഉപാധികളുടെ പരിമിതികളേതുമില്ലാത്ത, പ്രബുദ്ധനും, ജ്ഞാനിയുമായ ഒരുവനിൽ അത്തരം ധാരണകൾ ഉണ്ടാവുന്നതേയില്ല.

ഇതിനെക്കുറിച്ചുള്ള സത്യം  അറിവാവുമ്പോൾ ഉപാധികളുടെ പ്രാഭവം കുറഞ്ഞുവരുന്നു. അതുകൊണ്ട് വിവേകശാലിയായ ഒരുവൻ സജീവമായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും കർമ്മഫലങ്ങളിൽ താൽപ്പര്യമൊന്നും ഇല്ലാത്തവനായി ഇരിക്കുന്നു. അയാൾ തന്റെ ജീവിതത്തിലൂടെ കർമ്മങ്ങളെ പ്രവര്‍ത്തികളാക്കുന്നുവെങ്കിലും കർമ്മഫലങ്ങളിൽ അയാൾക്ക് താൽപ്പര്യം ഒന്നുമില്ല. വന്നുചേരുന്ന കർമ്മഫലങ്ങൾ തന്റെ സ്വരൂപത്തിൽ നിന്നും, ആത്മാവിൽ നിന്നും വിഭിന്നമായി അയാൾ കാണുന്നുമില്ല. എന്നാൽ വൈവിദ്ധ്യമാര്‍ന്ന മാനസീകാവസ്ഥകളിൽ മുഴുകി മുങ്ങിയിരിക്കുന്നവരുടെ ഭാവം ഇതല്ല. മനസ്സ് എന്തുചെയ്യുന്നുവോ അതാണ്‌ കർമ്മം. അതിനാൽ മനസ്സാണ്‌ കർമ്മങ്ങളുടെ കർത്താവ്. ശരീരമല്ല. മനസ്സാണ്‌ ഈ ലോകമെന്ന കാഴ്ച്ച. അവിടെയാണതുയർന്നത്. അവിടെയാണത് നിലകൊള്ളുന്നത്. എന്നാൽ വിഷയങ്ങളും അനുഭവവേദ്യമായ മനസ്സും പ്രശാന്തമാവുമ്പോൾ ബോധം മാത്രം അവശേഷിക്കുന്നു.

"പ്രബുദ്ധന്റെ മനസ്സ് ആനന്ദത്താൽ നിറഞ്ഞതോ ആനന്ദലേശമില്ലാത്തതോ ആയ അവസ്ഥയിൽ അല്ലെന്നാണ്‌ വിജ്ഞാനികൾ പറയുന്നത്. ചലമോ അചലമോ അല്ല അത്. സത്തോ  അസത്തോ അല്ല അത്. ഈ രണ്ടിനും ഇടയ്ക്കുള്ള അവസ്ഥയിലത്രേ ആ മനസ്സ്." അയാളുടെ അപരിമേയമായ അവബോധം ആനന്ദപൂർവ്വം ഈ പ്രത്യക്ഷലോകത്ത് തന്റെ ഭാഗം ഒരു നാടകത്തിലെന്നപോലെ ഭംഗിയായി അഭിനയിക്കുന്നു. മാനസീകോപാധികൾ അജ്ഞാനിയിലാണല്ലോ ഉള്ളത്. അവയാണ്‌ കർമ്മങ്ങളുടെയും തൽഫലങ്ങളുടെയും ഗതിവിഗതികൾ നിശ്ചയിക്കുന്നത്. ഉപാധികളേതുമില്ലാത്തതുകൊണ്ട് ജ്ഞാനി എന്നും ആനന്ദത്തിലാണ്‌... അവന്റെ കർമ്മങ്ങൾ, ‘കർമ്മങ്ങൾ’അല്ല. അവയിലൂടെ അവൻ പാപപുണ്യങ്ങൾ ആർജ്ജിക്കാനിടയാകുന്നില്ല. അവൻ ഒരു ശിശുവിനേപ്പോലെ പെരുമാറുന്നു. ദു:ഖിതനെപ്പോലെ കാണപ്പെടുമ്പോഴും അവൻ ദു:ഖത്തിനടിമയല്ല. അവൻ ഈ കാണപ്പെടുന്ന ലോകത്തോട് യാതൊരുവിധ ആസക്തിയും ഇല്ലാത്തവനാണ്‌. മനസ്സിന്റെയോ ഇന്ദ്രിയങ്ങളുടെയോ പ്രവർത്തനങ്ങളിലും അവന്‌ ഇഷ്ടാനിഷ്ടങ്ങളില്ല. മുക്തിയെന്നോ ബന്ധനമെന്നോ ഉള്ള ധാരണകൾ അവൻ വെച്ചുപുലർത്തുന്നില്ല. അവൻ ആത്മാവിനെ കാണുന്നു. ആത്മാവിനെ മാത്രം. 

Nov 5, 2012

178 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 178

യേന ശബ്ദം രസം രൂപം ഗന്ധം ജാനാസി രഘവ
സോയമാത്മാ പരം ബ്രഹ്മ സർവമാപൂര്യ സംസ്ഥിത: (4/37/7)

വസിഷ്ഠൻ തുടർന്നു: ഈ ലോകത്തിന്റെ പ്രത്യക്ഷപ്പെടലും ഇല്ലാതാവലും അനന്താവബോധത്തിന്റെ സഹജ സ്വഭാവം തന്നെയാണ്‌.. സ്വയം അനന്താവബോധത്തിൽ നിന്നും വിഭിന്നമല്ല എന്നുള്ളതുകൊണ്ട് ലോകത്തിന്‌ അതുമായി ഒരു കാര്യ-കാരണ ബന്ധമാണുള്ളത്. ലോകമുണ്ടാവുന്നത് അതിലാണ്‌.. നിലകൊള്ളുന്നത് അതിലാണ്‌. . വിലയിക്കുന്നതും അതിലാണ്‌.. ആഴമേറിയ സമുദ്രത്തേപ്പോലെ പ്രശാന്തമാണെങ്കിലും സമുദ്രോപരിയുള്ള തിരകൾ പോലെ അതിന്‌ വിക്ഷോഭമുള്ളതായി പുറമേ കാണപ്പെടുന്നു. ലഹരിക്കടിമപ്പെട്ട് ഒരാൾ സ്വയം മറ്റൊരാളാണെന്നു കരുതുമ്പോലെ അനന്താവബോധം സ്വയം  മറ്റെന്തോ ആണെന്നു തെറ്റിദ്ധരിക്കുകയാണ്‌.. ഈ വിശ്വം സത്തോ അസത്തോ അല്ല. അത് ബോധത്തിലാണു നിലകൊള്ളുന്നത് എന്നാൽ അതു സ്വതന്ത്രമായി ബോധത്തിൽ മറ്റൊരു  വസ്തുവായി നിലകൊള്ളുന്നുമില്ല. അനന്താവബോധത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതാണിതെന്ന് തോന്നുമെങ്കിലും അത് ബോധത്തെ അതിശയിക്കുന്നില്ല. സ്വർണ്ണവും ആഭരണങ്ങളും തമ്മിലുള്ള ബന്ധം പോലെയാണിത്.

"രാമാ, ഈ ആത്മാവ്, അതായത് എല്ലായിടവും നിറഞ്ഞിരിക്കുന്ന പരബ്രഹ്മം, ഒന്നു മാത്രമാണ്‌ നിനക്ക് ശബ്ദ, രസ, രൂപ, ഗന്ധങ്ങളെ അനുഭവവേദ്യമാക്കുന്നത്." അതീന്ദ്രിയവും സർവ്വവ്യാപിയുമത്രേ അത്. അദ്വൈതവും പരിശുദ്ധവുമാണത്. അതിൽ ‘മറ്റൊന്ന്’ എന്നൊരു ധാരണപോലുമില്ല. സ്ഥിതിയും അതിന്റെ നിരാസവും, നന്മയും തിന്മയും, തുടങ്ങി എല്ലാ വിഭിന്നതകളും നാനാത്വങ്ങളും അജ്ഞാനികളുടെ സങ്കൽപ്പസൃഷ്ടികളത്രേ. ഈ സങ്കൽപ്പങ്ങൾ ആത്മാവിനെ സംബന്ധിച്ചതാണോ അനാത്മാവിനെ സംബന്ധിച്ചതാണോ എന്നുള്ളത് വിഷയമേയല്ല. കാരണം അത്മാവല്ലാതെ മറ്റൊന്നുമില്ലാത്തതുകൊണ്ട് മറ്റൊന്നിനായുള്ള ആശ എങ്ങിനെയുണ്ടാകാനാണ്‌? അതുകൊണ്ട് ആത്മാവിനെ സംബന്ധിച്ചിടത്തോളം, ‘ഇതഭികാമ്യം’, ഇതഭികാമ്യമല്ല‘ എന്നുള്ള തരം ഭേദചിന്തകൾക്കു സ്ഥാനമില്ല. ആത്മാവിന് ആശകളില്ല. കർമ്മങ്ങളിലേർപ്പെടുന്ന ഉപകരണവും (അല്ലെങ്കിൽ കർമ്മി) കർമ്മം തന്നെയും ആത്മാവ് തന്നെയാണ്. അദ്വൈതമാകയാൽ (രണ്ടല്ലാത്തത്) ആത്മാവ് കർമ്മത്തിൽ ഇടപെടുന്നില്ല. സത്തായി സ്ഥിതിചെയ്യുന്ന വസ്തുവും, ആ വസ്തു സ്ഥിതിചെയ്യുന്ന ഇടവും ഒന്നാകയാൽ ഇതും ശരിയായ ഒരു ധാരണയല്ല. ആഗ്രഹങ്ങൾ ലവലേശമില്ലാത്തതു കാരണം, ആത്മാവ് കർത്താവാണെന്നോ, കർമ്മരഹിതൻ ആണെന്നോ ഉള്ള ധാരണകൾക്കും സാധുതയില്ല.

രാമാ, നീയല്ലതെ മറ്റൊന്നല്ല, ഈ പരമ്പൊരുളിന്റെ അസ്തിത്വം. അതിനാൽ എല്ലാവിധ ദ്വന്ദചിന്തകളും അകറ്റി കർമ്മനിരതമായ ഒരു ജീവിതം നയിച്ചാലും. പലേവിധങ്ങളായ കർമ്മങ്ങൾ ആവർത്തിക്കുന്നതുകൊണ്ട് നീയെന്താണു നേടുന്നത്? അതുപോലെ കർമ്മങ്ങളുപേക്ഷിച്ചാലും നീയെന്താണു നേടുന്നത്? അതുമല്ല, വേദശാസ്ത്രങ്ങളെ അക്ഷരം പ്രതി പിന്തുടർന്നതുകൊണ്ട് എന്താണു നേട്ടം? രാമാ, കാറ്റടിച്ചു വിക്ഷുബ്ധമാകാത്ത, പ്രശാന്തമായ കടൽ പോലെയാവൂ. എല്ലാടവും നിറഞ്ഞുവിളങ്ങുന്ന ആത്മാവിനെ ’കിട്ടാൻ‘ അങ്ങുമിങ്ങും അലഞ്ഞിട്ടു കാര്യമില്ല. നിന്റെ മനസ്സിനെ ലൗകീക വിഷയങ്ങളിൽ അലയാൻ അനുവദിക്കാതിരിക്കുക എന്ന ഒരു മാര്‍ഗ്ഗമേയുള്ളൂ

നീ പരമാത്മാവ് തന്നെയാണ്‌.. അനന്താവബോധമാണ്‌ . നീ മറ്റൊന്നുമല്ല! 

Nov 4, 2012

177 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 177

കിച്ചിനോതി ചിതം ചേത്യം തേനേദം സ്ഥിതമാത്മനി
അജ്ഞേജ്ഞേ ത്വന്യദായാതമന്യദസ്തീതി കല്പനാ (4/36/11)

രാമൻ ചോദിച്ചു: ഭഗവൻ, അനന്താവബോധം അതീന്ദ്രിയമാണ്‌. അപ്പോൾ അതിലെങ്ങിനെ ഈ വിശ്വം നിലകൊള്ളും എന്നു പറഞ്ഞുതന്നാലും.

വസിഷ്ഠൻ പറഞ്ഞു: രാമാ, പ്രശാന്തമായ ഒരു സമുദ്രത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരകൾ സാദ്ധ്യതകളായി എങ്ങിനെ നിലകൊള്ളുന്നുവോ അങ്ങിനെയാണ്‌ അനന്താവബോധത്തിൽ ഈ വിശ്വത്തിന്റെ നിലനിൽപ്പ്. സത്യത്തിൽ വ്യത്യാസമൊന്നുമില്ലെങ്കിലും വിഭിന്നങ്ങളായ സാദ്ധ്യതകള്‍ അതിലടങ്ങിയിരിക്കുന്നു. ആകാശം എല്ലായിടവും നിറഞ്ഞു തിങ്ങിയിരിക്കുന്നുവെങ്കിലും അത് പ്രകടമല്ല. ദൃഷ്ടിഗോചരമല്ല. അതുപോലെയാണ്‌ അവബോധം. അതു പ്രത്യക്ഷമല്ല. ഒരു പളുങ്കുമണിയിൽ പ്രതിഫലനമായി കാണുന്ന വസ്തു സത്യമോ മിഥ്യയോ എന്നുറപ്പിച്ചു പറയാനാവില്ല. അതുപോലെയാണീ വിശ്വം. അനന്താവബോധത്തിലെ ഒരു പ്രതിഫലനമാണിത്. ആകാശത്തു മേഞ്ഞു നടക്കുന്ന മേഘക്കീറുകൾ ആകാശത്തെ ബാധിക്കാത്തതുപോലെ അനന്താവബോധത്തിനെ ലോകത്തിലുണ്ടാവുന്ന മാറ്റങ്ങൾ ബാധിക്കുന്നില്ല. ആകാശമില്ലെങ്കിൽ മേഘങ്ങളില്ല; അനന്താവബോധമില്ലെങ്കിൽ ലോകവുമില്ല. വെളിച്ചം തിരിച്ചറിയാൻ അതിനെ വികിരണംചെയ്യാനുള്ള ഒരുപാധികൂടിയേ തീരൂ. അതുപോലെ അനന്താവബോധം വെളിപ്പെടുന്നത് വിവിധ ശരീരങ്ങളിലൂടെയാണ്‌.. നാമ രൂപരഹിതമാണതെങ്കിലും അതുണ്ടാക്കുന്ന പ്രതിഫലനങ്ങൾക്ക് നാമരൂപങ്ങളുണ്ട്.

"അവബോധം അവബോധത്തിൽ പ്രതിഫലിച്ച് അവബോധമായി പ്രോജ്ജ്വലിച്ച് അവബോധമായിത്തന്നെ നിലകൊള്ളുന്നു. എന്നാൽ സ്വയം ബുദ്ധിമാനും വിവേകിയുമാണെന്നു കരുതുന്നവർപോലും അജ്ഞതയില്‍പ്പെട്ട് ലോകമെന്ന 'ധാരണ'യ്ക്ക് വശംവദരാവുന്നു. അനന്താവബോധത്തിൽ നിന്നും വ്യത്യസ്ഥമായാണ്‌ ലോകം നിലനില്‍ക്കുന്നതെന്നു ധരിച്ചുവശാവുന്നു." അജ്ഞാനിക്ക് അനന്താവബോധം പ്രത്യക്ഷമാവുന്നത് ഭീതിജന്യമായ ലോകമെന്ന നിലയിലാണ്‌.. എന്നാൽ ജ്ഞാനിക്കോ, അതേ അവബോധം ആത്മാവായി പ്രത്യക്ഷമാണ്. അനന്താവബോധമാണ്‌ ശുദ്ധമായ അനുഭവം എന്നു പറയുന്നത്. അതിനാലാണ്‌ സൂര്യൻ ജ്വലിക്കുന്നത്; ജീവജാലങ്ങൾ ജീവിതമാസ്വദിക്കുന്നത്.

അന്താവബോധം എന്നത് 'സൃഷ്ടിക്കപ്പെട്ട' ഒന്നല്ല. അതിനു നാശമില്ല. സനാതനമായ അതിനുമുകളിൽ പ്രത്യക്ഷലോകം, തിരകൾ സമുദ്രത്തിനുമേലെയെന്നപോലെ നിലകൊള്ളുന്നു. ആ ബോധം സ്വയം ആലോചിച്ചപ്പോൾ ‘ഞാൻ’ എന്നൊരു ധാരണ ഉദയം ചെയ്തു. ഈ ധാരണയാണ്‌ നാനാത്വത്തിനു കാരണം. അനന്താവബോധം, വിത്തിനു മുളപൊട്ടാനിടം കൊടുക്കുന്ന ആകാശമാണ്‌; മുളയെ വളരാൻ സഹായിക്കുന്ന വായുവാണ്‌; അതിനു പോഷകമേകുന്ന ജലമാണ്‌; സുസ്ഥിരതനല്കുന്ന ഭൂമിയാണ്‌; പുതുജീവനെ വെളിപ്പെടുത്തുന്ന വെട്ടമാണ്‌.

വിത്തിനുള്ളിലെ ബോധമാണ്‌ കാലക്രമത്തിൽ ഫലങ്ങളായി പ്രത്യക്ഷമാവുന്നത്. അതുതന്നെയാണ്‌ വ്യത്യസ്ഥ സ്വഭാവസവിശേഷതകളോടുകൂടിയ ഋതുക്കളാവുന്നതും. വിശ്വപ്രളയംവരെയും അനന്തമായ ജീവജാലങ്ങൾക്കു കാരണമാവുന്നതും അവയ്ക്കെല്ലാം അടിസ്ഥാനമാവുന്നതും ഈ അനന്താവബോധം തന്നെയാണ്‌..

Nov 3, 2012

176 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 176

വിചാരണാസമധിഗതാത്മദീപകോ
മനസ്യലം പരിഗലിതേവ ധിരധീ:
വിലോകയൻ ക്ഷയഭവനീരസാ ഗതീർ-
ഗതജ്വരോ വിലസതി ദേഹപത്തനേ (4/35/69)

വസിഷ്ഠൻ തുടർന്നു: മനസ്സു തന്നെയാണ്‌ ജീവൻ. സ്വയം സങ്കൽപ്പിച്ചു വിക്ഷേപണം ചെയ്തവയെ മനസ്സിൽ അനുഭവിക്കുകയാണ്‌.. അതിലൂടെ ബന്ധിക്കപ്പെടുകയും ചെയ്യുന്നു. മനസ്സിന്റെ അവസ്ഥയാണ്‌ ജീവന്റെ പുനർജന്മങ്ങളുടെ ഗതിവിഗതികളെ നിശ്ചയിക്കുന്നത്. രാജാവാകാൻ ആഗ്രഹിക്കുന്ന ഒരാൾ താൻ രാജാവായി എന്നു സ്വപ്നത്തിൽ കാണുന്നു. ഒരാൾ തീക്ഷ്ണമായി എന്താഗ്രഹിക്കുന്നുവോ അത് ഉടനെ തന്നെയോ അല്ലെങ്കിൽ കുറേക്കഴിഞ്ഞോ അവനതു ലഭ്യമാകുന്നു. മനസ്സ് മലിനമാണെങ്കിൽ അതിന്റെ പരിണിതഫലവും അങ്ങിനെതന്നെയായിരിക്കും. അതുപോലെ നിർമ്മലമായ മനസ്സിന്റെ ഫലം നിർമ്മലമായിരിക്കും. ഉത്തമനായ ഒരുവൻ എത്ര കഷ്ടപ്പാടുണ്ടെങ്കിലും തന്റെ ആത്മാന്വേഷണത്വര ഉപേക്ഷിക്കുകയില്ല. സത്യത്തിൽ ബന്ധനവും മുക്തിയും ഒന്നും ഉണ്മയല്ല. അനന്താവബോധത്തിൽ ‘ഞാൻ ഈ ദേഹം’ എന്നൊരു ചിന്തയുണ്ടായി. അതാണ്‌ ബന്ധനമായിത്തീർന്നത്. എന്നാൽ ഈ ‘കാണുന്നതെല്ലാം’ സത്യമല്ല എന്നറിയുമ്പോൾ ഒരുവൻ അനന്താവബോധമായി പ്രോജ്വലിക്കുന്നു.

മനസ്സ് സദ്ചിന്തകളാലും തദൃശപ്രവൃത്തികളാലും നിർമ്മലമാക്കുമ്പോൾ അത് അനന്തതയുടെ സ്വഭാവം ആർജ്ജിക്കുന്നു. ശുഭ്രമായ തുണിയിൽ ചായം മുക്കാൻ എളുപ്പമാണല്ലോ. ശുദ്ധമനസ്സിൽ ദേഹം, ആത്മജ്ഞാനം, നിർമമത തുടങ്ങിയ ധാരണകൾ ഉദയം ചെയ്യുമ്പോൾ ലോകമെന്ന ‘കാഴ്ച്ച’ പ്രകടമാവുന്നു. മനസ്സ് പുറംലോകത്തിൽ ആമഗ്നമാവുമ്പോൾ വിശ്വമനസ്സ് അവിടെ നിന്നു പിൻവലിയുന്നു. എന്നാൽ മനസ്സ് എപ്പോൾ വിഷയ-വിഷയി ബന്ധത്തെ ഉപേക്ഷിക്കുന്നുവോ അതപ്പോൾ അനന്തതയിൽ വിലയിക്കുന്നു. മനസ്സിന് അനന്താവബോധത്തിൽ നിന്നും വിട്ട് ഒരു നിലനിൽപ്പില്ല. അത് ആദിയിൽ ഉണ്ടായിരുന്നില്ല. അന്ത്യത്തിലും അതില്ല. വാസ്തവത്തിൽ ഇപ്പോഴും നിലനിൽക്കുന്നില്ല. മനസ്സുണ്ട് എന്നു ചിന്തിക്കുന്നവന്‌ ദു:ഖം ഉറപ്പാണ്‌.. ഈ ലോകം സത്യത്തിൽ ആത്മാവുതന്നെ എന്നറിയുന്നവൻ ദു:ഖത്തിന്റെ മറുകര കണ്ടവനാണ്‌.. അവന്‌ ലോകം ആനന്ദവും മുക്തിയും നല്കുന്നു.

മനസ്സ് എന്നത് ആശയങ്ങളും ധാരണകളും തന്നെയാണ്‌.. അങ്ങിനെയുള്ള മനസ്സില്ലാതായാൽ ആരാണ്‌ ദു:ഖിക്കുക? ദൃഷ്ടിക്കും ദൃഷ്ടാവിനുമിടയ്ക്കുള്ള ഈ അവബോധമാണ്‌ ഉണ്മ. മനസ്സീ പൊരുളിനെ മറയ്ക്കുകയാണ്‌.. മനസ്സു നിലച്ചാൽ സത്യ സാക്ഷാത്കാരമായി. മനോപാധികൾ ഇല്ലാതായാൽപ്പിന്നെ അജ്ഞാനം, ആർത്തി, ആസക്തികൾ, ആശകൾ, വെറുപ്പ്, ഭ്രമം, മൂഢത്വം, ഭയം, സങ്കൽപ്പങ്ങൾ തുടങ്ങി എല്ലാത്തിനും അവസാനമായി. പരിശുദ്ധി, പവിത്രത, നന്മ എന്നിവ ഉദയം ചെയ്ത് അങ്ങിനെയുള്ളയാൾ ആത്മജ്ഞാനത്തിൽ അഭിരമിക്കുന്നു.

“ഏതൊരുവന്റെ ബുദ്ധിമണ്ഡലം എല്ലാ കളങ്കങ്ങളും നീങ്ങി പരിശുദ്ധമാവുകയും, ഹൃദയം ആത്മാന്വേഷണംകൊണ്ടുണ്ടായ പ്രഭയിൽ ദീപ്തമാവുകയും, ധാരണയിൽ ജനനമരണങ്ങളുടെ വ്യർത്ഥതയെപ്പറ്റി അറിവുറയ്ക്കുകയും ചെയ്യുന്നുവോ അവന്‌ പേടിയോ അകാംക്ഷയോ കൂടാതെ ദേഹമെന്ന ഈ നഗരത്തിൽ സുഖമായി വസിക്കാം.“ 

Nov 2, 2012

175 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 175

ശ്രൂയതാം ജ്ഞാനസർവസ്വം ശ്രുത്വാ ചൈവാവധാര്യതാം
ഭോഗേഛാമാത്രകോ ബന്ധസ്ത ത്യാഗോ മോക്ഷ ഉച്യതേ (4/35/3)

വസിഷ്ഠൻ തുടർന്നു: രാമാ, അജ്ഞതയും മോഹവും നിറഞ്ഞ മനസ്സിനെ കീഴടക്കി നിയന്ത്രിച്ചവർ തന്നെയാണ്‌ യഥാർത്ഥത്തിൽ വീരനായകന്മാർ. ഈ പ്രത്യക്ഷലോകമെന്ന ജനന മരണചക്രങ്ങളോടുകൂടിയ പ്രകടനത്തിൽ അനുഭവവേദ്യമായ ദു:ഖദുരിതങ്ങൾക്കുള്ള ഏക ഔഷധം മന:സംയമനം മാത്രമാണ്‌. “ഞാൻ എല്ലാ വിജ്ഞാനങ്ങളുടെയും സാരസത്തയായ കാര്യം നിനക്കു പറഞ്ഞു തരാം. അതുകേട്ട് നിന്റെ ജീവിതത്തെ മുഴുവൻ സുഗന്ധപൂരിതമാക്കിയാലും. ബന്ധനം എന്നത് സുഖാസ്വാദനത്തിനുള്ള ആസക്തിയാണ്‌.. അതിന്റെ നിരാസമാണ്‌ മുക്തി.” അതുകൊണ്ട് ലോകത്തിലെ എല്ലാ സുഖഭോഗശാലകളേയും വിഷം വമിക്കുന്ന ഇടങ്ങളായി കരുതുക. എന്നാൽ അന്ധമായ സംത്യജിക്കൽ അഭികാമ്യമല്ല. തീവ്രമായി, ആഴത്തിൽ ഇന്ദ്രിയസുഖങ്ങളുടെ സ്വഭാവത്തെപ്പറ്റി അന്വേഷിക്കൂ, എന്നിട്ട് അവയോടുള്ള ആസക്തികളെല്ലാം ഉപേക്ഷിച്ചാലും. അപ്പോൾ നിനക്ക് ആനന്ദത്തോടെ ജീവിക്കാം.

പവിത്രഗുണങ്ങളെ വളർത്തിയെടുക്കുന്നതിലൂടെ എല്ലാ തെറ്റിദ്ധാരണകളും നീങ്ങുന്നു. മനസ്സ് ആഗ്രഹമുക്തമാവുന്നു. എല്ലാവിധ ദ്വന്ദങ്ങളുടേയും ശല്യമില്ലാതെയാവുന്നു. അശാന്തിയും ഭയവും മോഹവുമകന്ന് മനസ്സ് പ്രശാന്തമാവുന്നു. ആ മനസ്സ് നിർമ്മലമാണ്‌.. ദുഷ്ചിന്തകളോ വികാരങ്ങളോ ആശാപാശങ്ങളോ ദു:ഖമോ അവിടെയില്ല. ആ മനസ്സ്, തന്റെ സംശയം എന്നുപേരായ ദുര്‍പ്പുത്രനേയും അവന്റെ ഭാര്യയായ ആസക്തിയേയും പുറത്താക്കുന്നു. വിരോധാഭാസമെന്നു പറയട്ടേ, പ്രബുദ്ധമായ മനസ്സ് അതിന്റെ വളർച്ചയ്ക്കു കാരണമായിരുന്ന ആഗ്രഹങ്ങളേയും ചിന്തകളെയും (പ്രബുദ്ധതയ്ക്കായുള്ള അഭിവാഞ്ഛ പോലും) ഇല്ലാതാക്കുന്നു.

സ്വരൂപത്തെപ്പറ്റി അന്വേഷിക്കുന്നതിലൂടെ മനസ്സ് ദേഹാഭിമാനം ഉപേക്ഷിക്കുന്നു. അജ്ഞതനിറഞ്ഞ മനസ്സ് വളരുന്നു, വലുതാവുന്നു. എന്നാൽ വിവേകമുദിക്കുമ്പോൾ മനസ്സില്ലാതെയാകുന്നു. മനസ്സു മാത്രമാണീ വിശ്വം; പർവ്വതശിഖരങ്ങളും, ആകാശവും ഈശ്വരനും, സുഹൃത്തും ശത്രുവും എല്ലാം മനസ്സു തന്നെ.

അനന്താവബോധം സ്വയം മറന്ന് മാറ്റങ്ങൾക്കു വിധേയമായി ഉപാധികൾക്കു വശംവദമായി ‘മനസ്സ്’ ആവുന്നു. അതാണ്‌ ജനന-മരണങ്ങൾക്ക് ഹേതുവാകുന്നത്. ഇതാണ്‌ ജീവൻ എന്നറിയപ്പെടുന്നത്. അതായത് അനന്താവബോധത്തിന്റെ ഒരു ഭാഗം ബോധവസ്തുവിന്റെ സ്വഭാവം കൈക്കൊണ്ട്, മാനസീകോപാധികൾ കൊണ്ട് പൊതിഞ്ഞ് സംജാതമായി. ഈ ജീവനാണ്‌, അനന്താവബോധമെന്ന സത്യത്തിൽനിന്നു അകന്നകന്ന് ഉപാധികൾക്കു വിധേയമായി ലോകമെന്ന ഈ പ്രകടനത്തിൽ ആമഗ്നമാവുന്നത്. സത്യത്തിൽ ആത്മാവെന്നത് ഈ ജീവനോ, ദേഹമോ അതിന്റെ ഘടകങ്ങളോ ഒന്നുമല്ല. ആത്മാവ് ആകാശം  പോലെയാണ്‌... ഇവയിൽ നിന്നുമെല്ലാം സർവ്വസ്വതന്ത്രം. 

Nov 1, 2012

174 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 174

സമ്യഗാലോകനാത്സത്യാദ്വാസനാ പ്രവിലീയതേ
വാസനാവിലയേ ചേത: ശമമായാതി ദീപവത് (4/34/28)

വസിഷ്ഠൻ തുടർന്നു: അല്ലയോ രാമ: ശംഭരനെ ദാമൻ, വ്യാളൻ, കടൻ എന്നീ രാക്ഷസന്മാർ ഉപേക്ഷിച്ചുപൊയ്ക്കഴിഞ്ഞപ്പോൾ അവർ അഹംഭാവത്തിനടിമപ്പെട്ടുപോയ കാര്യം അയാൾ മനസ്സിലാക്കി. അതുകൊണ്ടയാൾ കൂടുതൽ രാക്ഷസന്മാരെ ഉണ്ടാക്കാൻ തീരുമാനിച്ചു. പക്ഷേ ഇത്തവണ അവർക്ക് ആത്മജ്ഞാനവും വിവേകവും നൽകി. കാരണം ദാമാദികളെപ്പോലെ ‘അഹം ഭാവമെന്ന’ കെണിയിൽ അവർ വീണുപോകരുതല്ലോ. ശംഭരൻ തന്റെ മായാശക്തികൊണ്ട് ഭീമൻ, ഭാസൻ, ദൃഢൻ എന്നിങ്ങനെ മൂന്നുപേരെ സൃഷ്ടിച്ചു. അവർ സർവ്വശക്തരും ആത്മജ്ഞാനനിരതരും, നിർമമതരും പാപരഹിതനും ആയിരുന്നു. അവർ വിശ്വത്തെമുഴുവൻ തൃണസമാനമായി കരുതി. അവർ ദേവസേനകളുമായി യുദ്ധം തുടങ്ങി. ഏറെക്കാലം പൊരുതിയിട്ടും അവരെ അഹംഭാവം തീണ്ടിയില്ല. ഏപ്പോഴെല്ലാം അഹംഭാവം തലയുയർത്താൻ തുടങ്ങിയോ അപ്പോഴെല്ലാം അവർ ‘ഞാനാരാണ്‌’ എന്ന അന്വേഷണത്തിലൂടെ അതിനെ മറികടന്നു. അവർക്കതിനാൽ മരണഭയമുണ്ടായിരുന്നില്ല. അപ്പപ്പോള്‍ തങ്ങളുടെ മുന്നിലുള്ള കർമ്മമെന്തോ അത് യാതൊരുവിധ ആസക്തികളും കൂടാതെ അവർ ചെയ്തുവന്നു. ‘ഞാനാണ്‌ ഇതു ചെയ്തത്’ എന്നവർക്കു തോന്നിയതേയില്ല. തങ്ങളുടെ നാഥനായ ശംഭരൻ ഇച്ഛിച്ച പണികളെല്ലാം യാതൊരാഗ്രഹങ്ങളും ഇല്ലാതെ, സമബുദ്ധിയോടെ അവർ ചെയ്തുവന്നു.

ദേവസൈന്യം പെട്ടെന്നുതന്നെ പരജയപ്പെട്ടു. അവർ ഭഗവാൻ വിഷ്ണുവിനെ ശരണം പ്രാപിച്ചു. അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം അവർ പുതിയൊരിടംകണ്ടെത്തി അവിടെ വാസമുറപ്പിച്ചു. അതുകഴിഞ്ഞ് ഭഗവാൻ സ്വയം ശംഭരനുമായി യുദ്ധംചെയ്ത് അവനെ വധിച്ച് വിഷ്ണുപദം പൂകിച്ചു. ഭഗവാൻ സ്വയം ഭീമനേയും ഭാസനേയും ദൃഢനേയും വധിച്ചു. ദേഹം വീണമാത്രയിൽ അവർ പ്രബുദ്ധരായി. കാരണം അവരിൽ അഹംഭാവം ഉണ്ടായിരുന്നില്ലല്ലോ.

രാമ, ഉപാധികളിൽപ്പെട്ട മനസ്സുതന്നെയാണ്‌ ബന്ധനം. “മനസ്സ് ഉപാധികളിൽ നിന്നു മോചനമാവുമ്പോൾ മുക്തിയായി. സത്യം സാക്ഷാത്കരിക്കുമ്പോൾ, അല്ലെങ്കിൽ വ്യക്തമായി അറിയുമ്പോൾ മനോപാധികൾ കൊഴിഞ്ഞു പോവുന്നു. ഉപാധികളില്ലാത്ത മനസ്സുമൂലം ബോധമണ്ഡലം അതീവനിർമ്മലമാവുന്നു. ജ്വാലയണച്ച വിളക്കുപോലെ പ്രശാന്തമാവുന്നു. ”

ആത്മാവാണ്‌ സകലതും - ഒരുവന്‌ ആലോചിക്കാവുന്നതെല്ലാം അത്മാവുതന്നെയെന്ന് അറിയുന്നതാണ്‌ പ്രബുദ്ധത. ഉപാധി, മനസ്സ്, എന്നൊക്കെയുള്ള വാക്കുകൾക്ക് സത്യത്തിൽ അർത്ഥമൊന്നുമില്ല. കാരണം സത്യാന്വേഷണവേളയിൽ ഈ വാക്കുകളുടെ വ്യർത്ഥത വെളിവാകുന്നു. അതാണ്‌ പ്രബുദ്ധത. ഈ പ്രബുദ്ധതയുടെ ഉദയം തന്നെയാണ്‌ മുക്തി.

ദാമൻ, വ്യാളൻ, കടൻ എന്നിവർ അഹംഭാവമെന്ന ഉപാധിയാൽ പരിമിതപ്പെട്ട മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. ഭീമൻ, ഭാസൻ, ദൃഢൻ എന്നിവർ ഉപാധികളില്ലാത്ത മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. രാമാ, നാമെല്ലാം ആദ്യത്തെക്കൂട്ടരെപ്പോലെയാകാതെ ഭീമാദികളെപ്പോലെയാവണം. അതിനാലാണ്‌ ഇക്കഥ അതിബുധിമാനും എനിക്കുപ്രിയപ്പെട്ടവനുമായ നിനക്കു ഞാൻ പറഞ്ഞു തന്നത്.