Jul 30, 2012

098 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 098


അകൃത്രിമം സുഖം കീര്‍ത്തിമായുശ്ചൈവാഭിവാഞ്ഛതാ
സര്‍വാഭിമതദാനേന പൂജനീയാ ഗുണാന്വിതാ:  (3/77/26)


വസിഷ്ഠന്‍ തുടര്‍ന്നു: കാര്‍ക്കടിക്ക്‌ പഴയ ഭീകരരൂപം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും അവളിലെ രാക്ഷസീയത തീരെ ഇല്ലാതായിപ്പോയിരുന്നു. അവളുടെ അവബോധം അതിഭൌതീകമായി നിലകൊണ്ടു. അവള്‍ അതേയിടത്ത്‌ പത്മാസനത്തിലിരുന്ന് ധ്യാനനിരതയായിക്കഴിഞ്ഞു. ആറുമാസം കഴിഞ്ഞപ്പോഴെയ്ക്ക്‌ അവള്‍ക്ക്‌ പുറം ലോകത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ബോധമുണ്ടായി. ഉടനേ അവള്‍ക്ക്‌ വിശപ്പനുഭവപ്പെട്ടു. ശരീരമുള്ളിടത്തോളം അതിന്റെ നിയത നിയമങ്ങള്‍ - വിശപ്പ്‌, ദാഹം എന്നിവയടക്കം- ബാധകമാകാതെ വയ്യല്ലോ. കാര്‍ക്കടി ആലോചിച്ചു: ഞാന്‍ എന്താണു തിന്നേണ്ടത്‌? ആരെയാണു ഞാന്‍ വിഴുങ്ങേണ്ടത്‌? ജീവികളെ സ്വജീവസന്ധാരണത്തിനായി കൊല്ലുന്നത്‌ വിവേകശാലികളായ മാമുനിമാര്‍ വിലക്കിയിട്ടുണ്ട്‌. അപ്പോള്‍ ഈ നിഷിദ്ധഭക്ഷണം കഴിക്കാതിരുന്നാല്‍ ഞാന്‍ എന്റെ ശരീരം ഉപേക്ഷിക്കുന്നു എന്നര്‍ത്ഥം. ഞാനതില്‍ തെറ്റൊന്നും കാണുന്നില്ല. ഉത്തമമല്ലാത്ത ഭക്ഷണം വിഷത്തിനു സമം. മാത്രമല്ല, പ്രബുദ്ധതയിലഭിരമിക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക്‌ ജീവിതവും മരണവും തമ്മില്‍ വ്യത്യാസമൊന്നുമില്ല.'

കാര്‍ക്കടി ഇപ്രകാരം ചിന്തിക്കേ ഒരശരീരി ആകാശത്തില്‍നിന്നു കേള്‍ക്കായി. "കാര്‍ക്കടീ, നീ അജ്ഞാനികളേയും മോഹവിഭ്രാന്തരേയും സമീപിച്ച്‌ അവരില്‍ വിവേകമുണ്ടാക്കിയാലും. പ്രബുദ്ധതയിലേക്കുണര്‍ന്നവര്‍ക്ക്‌ ചെയ്യാന്‍ ഇതല്ലാതെ മറ്റ്‌ കര്‍മ്മങ്ങളൊന്നുമില്ല. അങ്ങിനെ നീ സമീപിച്ചുനോക്കിയിട്ടും സത്യത്തിലേയ്ക്കുണരാന്‍ കൂട്ടാക്കാത്തവരെ നിനക്കു ഭക്ഷണമാക്കാം. അങ്ങിനെയുള്ളവരെ പാപഭീതിയൊന്നും കൂടാതെ നിനക്ക്‌ വിഴുങ്ങാം." 

ഇതുകേട്ട്‌ കാര്‍ക്കടി മലയിറങ്ങിവന്ന് ഒരു നിബിഢവനത്തില്‍ പ്രവേശിച്ചു. അവിടെ ആദിവാസികളായ നായാട്ടുകാരാണു വസിച്ചിരുന്നത്‌.. രാത്രിയായി. അവരുടെ രാജാവാണ്‌ വിക്രമന്‍.രാത്രി തന്റെ മന്ത്രിയോടൊപ്പം കാട്ടില്‍ , ഇരുട്ടിന്റെമറവില്‍പ്പോയി തന്റെ പ്രജകളെ ദ്രോഹിക്കുന്ന കൊള്ളക്കാരേയും പിടിച്ചുപറിക്കാരേയും കീഴടക്കുന്നത്‌ വിക്രമന്റെ പതിവായിരുന്നു. ഈ രണ്ടു ധീരയോധാക്കള്‍ -രാജാവും മന്ത്രിയും- വനദേവതമാര്‍ക്കു പൂജ ചെയ്യുന്നത്‌ കാര്‍ക്കടി കണ്ടു. അവളാലോചിച്ചു: എന്റെ വിശപ്പുമാറ്റാനാണ്‌ ഇവരിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്‌.. അവര്‍ അജ്ഞരും ഭൂമിക്കൊരു ഭാരവുമാണ്‌.. അവര്‍ ഇഹജന്മത്തിലും പരജന്മത്തിലും ദുരിതമനുഭവിക്കുന്നു. ദുരിതം മാത്രമാണവരുടെ ജന്മലക്ഷ്യമെന്നു തോന്നുന്നു. മരണം അവര്‍ക്കൊരനുഗ്രഹമായിരിക്കും, കാരണം അവര്‍ക്കീ ദുരിതത്തില്‍നിന്നു മോചനമാകുമല്ലോ. മാത്രമല്ല മരണശേഷം ചിലപ്പോള്‍ അവര്‍ക്ക്‌ വിവേകബോധമുദിക്കാനും മുക്തിപദം പ്രാപിക്കാനും അവസരം ലഭിച്ചേക്കാം. പക്ഷേ അവര്‍ രണ്ടാളും നല്ല ജ്ഞാനികളാണെങ്കിലോ? ജ്ഞാനികളെ കൊല്ലുന്നത്‌ എനിക്കിഷ്ടമല്ല. "കറപുരളാത്ത ആനന്ദം ആഗ്രഹിക്കുന്നവര്‍ ഏതുവിധേനെയും സദ്ജനങ്ങളെ വന്ദിച്ചു ബഹുമാനിക്കണം. അവര്‍ക്ക്‌ ഹിതമായതെല്ലാം ആവുന്നത്ര കൊടുക്കുകയുംവേണം". അവരുടെ ജ്ഞാനത്തെ ഒന്നു പരീക്ഷിച്ചുകളയാം. അവര്‍ ജയിച്ചാല്‍ ഞാനവരെ ഉപദ്രവിക്കുകയില്ല. വിവരമുള്ള സദ്ജങ്ങള്‍ മാനവീകതയ്ക്കൊരനുഗ്രമാണല്ലോ.

097 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 097


വിദിതപരമകാരണാദ്ധ്യ ജാതാ
സ്വയമനുചേതന സംവിദം വിചാര്യ
സ്വമനനകലനാനുസാര ഏക
സ്ത്വിഹ ഹി ഗുരു: പരമോ ന രാഘവാന്യ:   (3/74/28)


വസിഷ്ഠന്‍ തുടര്‍ന്നു: ഹിമാലയത്തില്‍ സൂചിക മറ്റൊരു പര്‍വ്വതശിഖരം പോലെ നില്‍ക്കുന്നത്‌ വായു കണ്ടു. അവള്‍ ആഹാരമൊന്നും കഴിക്കാതിരുന്നതുകൊണ്ട്‌ ദേഹം ഏതാണ്ടു മുഴുവനായിത്തന്നെ ഉണങ്ങി വരണ്ടിരുന്നു. വായു അവളുടെ വായില്‍ക്കയറിയപ്പോഴൊക്കെ അവളതിനെ പുറത്തേയ്ക്കു കളഞ്ഞു. പ്രാണവായുവിനെ ശിരസ്സിലേയ്ക്കു വലിച്ച്‌ ഉത്തമയായ ഒരു യോഗിനിയായി അവള്‍ നിലകൊണ്ടു. അവളെക്കണ്ട്‌ വായു അത്ഭുതസ്തബ്ധനായിപ്പോയി. അവളോടൊന്നു സംസാരിക്കാന്‍ പോലും വായുവിനായില്ല. തീവ്രതപസ്സില്‍ നിന്നവളെ ഇളക്കുക അസാദ്ധ്യമെന്നു കണ്ട്‌ വായു സ്വര്‍ഗ്ഗത്തിലേയ്ക്ക്‌ തിരിച്ചു ചെന്ന് ഇന്ദ്രനെ വിവരങ്ങള്‍ അറിയിച്ചു. "ജംബുദ്വീപ ഭൂഖണ്ഡത്തില്‍ സൂചിക അനിതരസാധാരണമായ ഒരു തപസ്സിലാണ്‌. . അവള്‍ വായിലേയ്ക്ക്‌ കാറ്റിനെപ്പോലും കടത്തിവിടുന്നില്ല. വിശപ്പിനെ അതിജീവിക്കാന്‍ അവള്‍ തന്റെ വയറിനെ കട്ടിലോഹമാക്കി മാറ്റി. ദയവായി അങ്ങെഴുന്നേറ്റ്‌ പോയി ബ്രഹ്മാവിനെ സമീപിച്ച്‌ അവള്‍ക്കുവേണ്ട വരം കൊടുത്ത്‌ ഈ കൊടുംതപം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ആ താപത്തില്‍ നാമെല്ലാം എരിഞ്ഞടങ്ങും." 

ഇന്ദ്രന്റെ അഭ്യര്‍ത്ഥനമാനിച്ച്‌ ബ്രഹ്മാവ്‌ സൂചിക തപസ്സനുഷ്ഠിച്ചിരുന്നയിടത്തു ചെന്നു. അപ്പോഴേയ്ക്ക്‌ സൂചികയാകട്ടെ പരിപൂര്‍ണ്ണ നിര്‍മ്മലയായിക്കഴിഞ്ഞിരുന്നു. സ്വന്തം നിഴലും തപശ്ചര്യകളുടെ അഗ്നിയും അവള്‍ക്ക്‌ സാക്ഷികളായിരുന്നു. സാമീപ്യംകൊണ്ട്‌ അവള്‍ക്കു ചുറ്റുമുള്ള പൊടിപടലങ്ങളും കാറ്റും പരമമോക്ഷപദം പൂകി. "അപ്പോളവളുടെ മേധാശക്തിയുടെ പ്രഭാവത്തില്‍ എല്ലാത്തിന്റേയും അഹൈതുകഹേതുവിനെപ്പറ്റി അവള്‍ക്ക്‌ നേരറിവുണ്ടായി. തീര്‍ച്ചയായും ബോധതലത്തില്‍ അവനവന്റെ ചിന്താഗമനങ്ങളെ ആത്മാന്വേഷണത്തിലൂടെ അറിയുന്ന പ്രക്രിയ മഹാഗുരു തന്നെ. രാമ, മറ്റാരുമല്ല അതുനേടിത്തരുന്നത്‌". .

ബ്രഹ്മാവ്‌ അവളോടു പറഞ്ഞു: നിനക്കെന്തു വരം വേണം, ചോദിച്ചാലും. (അവള്‍ക്ക്‌ ഇന്ദ്രിയങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഇതവള്‍ സ്വയം അനുഭവിച്ചറിയുകയാണുണ്ടായത്‌).. ഇതിനു മറുപടിപറയാന്‍ അവള്‍ കുറച്ചാലോചിച്ചു: ഞാന്‍ പരം പൊരുളിനെ സാക്ഷാത്കരിച്ചിരിക്കുന്നു. എന്നില്‍ യാതൊരു സംശയങ്ങളും ആവശ്യങ്ങളും ഇല്ല. വരം കിട്ടിയിട്ട്‌ ഞാന്‍ എന്തു ചെയ്യാനാണ്‌? ഞാന്‍ അജ്ഞാനം നിറഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നപ്പോള്‍ ആശകള്‍ എന്ന പിശാചെന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആത്മജ്ഞാനത്തിലൂടെ ആശാപിശാചിനെ ഞാന്‍ അടക്കം ചെയ്തു കഴിഞ്ഞു. 

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ താപസശ്രേഷ്ഠേ, ശാശ്വതമായ ലോകനിയമം മാറ്റാന്‍ കഴിയില്ല. അതിനാല്‍ നീ പഴയ രൂപം ധരിക്കേണ്ടതുണ്ട്‌. ഏറെക്കാലം സന്തോഷത്തോടെ ജീവിച്ച്‌ മുക്തിപദം പ്രാപിച്ചാലും. നീ പ്രബുദ്ധമായ ജീവിതമാണിനി നയിക്കുക. ദുഷ്ടരേയും പാപികളേയും മാത്രം ബാധിച്ച്‌, വളരെക്കുറച്ചുമാത്രം ദുരിതം വിതച്ച്‌ - അതും എന്റെ വിശപ്പടാക്കാന്‍ മാത്രം - നിനക്കു കഴിയാം. സൂചിക ബ്രഹ്മാവിന്റെ അനുഗ്രഹമായി ഇതു സ്വീകരിച്ചു. ഉടനേ തന്നെ സൂചികയുടെ ദേഹം വളര്‍ന്നുപൊന്തി പര്‍വ്വതാകാരമായി. 

Jul 28, 2012

096 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 096


സതി ധര്‍മിണീ ധര്‍മ്മാ ഹി സംഭവന്തീഹ നാസതി
ശരീരം വിദ്ധ്യതേ യസ്യ തസ്യ തത്കില തൃപ്തതി (3/73/32) 


ഇന്ദ്രന്റെ അഭ്യര്‍ത്ഥനയനുസരിച്ച്‌ നാരദന്‍ കാര്‍ക്കടിയുടെ കഥ വിവരിച്ചു: ഈ നികൃഷ്ടയായ കാര്‍ക്കടി ജീവനുള്ള ഒരു സൂചിയായി ലോഹസൂചിയുടെ രൂപത്തില്‍ ഇരിക്കുന്നു. പാപപങ്കിലരായ ആളുകളുടെ പേശികളെ കുത്തിത്തുളച്ച്‌ അവരുടെ സന്ധികളേയും രക്തത്തേയും ദുഷിപ്പിക്കുന്നു. അവള്‍ കാറ്റുപോലെ ശരീരങ്ങളില്‍ക്കടന്ന് കുത്തിപ്പിളര്‍ക്കുന്ന, തുളച്ചുകയറുന്നതരം വേദനയുളവാക്കുന്നു. ശുദ്ധമല്ലാത്ത, മാംസം മുതലായ ഭക്ഷണങ്ങളാല്‍ പരിപോഷിക്കപ്പെട്ട ശരീരങ്ങളിലവള്‍ ഈ വേദനയുമായി ആഴ്ന്നിറങ്ങുന്നു. കഴുകന്‍ മുതലായ ജീവികളുടെ ശരീരത്തിലും അവള്‍ പ്രവേശിച്ച്‌ അവയെ ആര്‍ത്തിയോടെ ആഹരിക്കുന്നു. തീവ്രതപസ്സനുഷ്ഠിച്ചതിന്റെ ഫലമായി തന്റെ ഇരകളുടെ മനസ്സിലും ഹൃദയത്തിലും അവള്‍ക്കു പ്രവേശനമുണ്ട്‌. അതുകൊണ്ട്‌ ആതിഥേയന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയാവുന്നു. സ്വയം വായുപോലെ സൂക്ഷ്മരൂപിയും അഗോചരവും ആണെങ്കില്‍ ഒരാള്‍ക്ക്‌ എന്താണസാദ്ധ്യം? എങ്കിലും അവള്‍ക്ക്‌ തന്റെ വാസനാമാലിന്യം കാരണം ചിലജീവികളോട്‌ ഏറെ പ്രിയവും മറ്റുചിലതിനോട്‌ അപ്രിയവും ഉണ്ടായി. അവയോട്‌ ബന്ധപ്പെട്ട്‌, അവള്‍ അവരെച്ചുറ്റിപ്പറ്റി നിന്നു. അവള്‍ സ്വതന്ത്രയായി ചുറ്റി നടന്നുവെങ്കിലും ചിലപ്പോളൊക്കെ തന്റെ സൂചികാ രൂപത്തിലേയ്ക്കവള്‍ മടങ്ങിവന്നു. അവിവേകികളങ്ങിനെയാണല്ലോ കുഴപ്പങ്ങളില്‍പ്പെടുന്നത്‌. .

"അസ്തിത്വമുള്ളതിനു മാത്രമേ അനുഭവങ്ങളിലൂടെ കടന്നുപോവാന്‍ കഴിയൂ. ശരീരമില്ലാത്ത ഒരു സത്വത്തിന്‌ എങ്ങിനെയാണ്‌ സംതൃപ്തിയെന്ന അനുഭവം ഉണ്ടാവുക?" അങ്ങിനെ സൂചിക അതീവ ദു:ഖിതയായിരുന്നു. തന്റെ ഭീമാകാരരൂപം തിരികെകിട്ടാന്‍ അവള്‍ വീണ്ടും തപസ്സു തുടര്‍ന്നു. അവള്‍ ഒരു കഴുകന്റെ ശരീരത്തില്‍ക്കയറി. കഴുകന്‍ അവളെ ഹിമാലയത്തില്‍ ഉപേക്ഷിച്ചു പറന്നുപോയി. ഖരരൂപത്തിലുള്ള ആ സൂചിയെ അവലംബമാക്കി ഇപ്പോഴും അവള്‍  തപസ്സു തുടരുന്നു. അല്ലയോ ഇന്ദ്രാ, അവളുടെ തപസ്സിനു വിഘ്നം വരുത്തിയില്ലെങ്കില്‍ തപശ്ശക്തികൊണ്ട്‌ അവള്‍ ലോകം മുടിക്കും. 

വസിഷ്ഠന്‍ തുടര്‍ന്നു: ഇതുകേട്ട്‌ കാര്‍ക്കടി തപസ്സുചെയ്യുന്ന ഇടം കൃത്യമായി കണ്ടുപിടിക്കാന്‍ ഇന്ദ്രന്‍ വായുവിനെ നിയോഗിച്ചു. പ്രപഞ്ചമെല്ലാം, വിവിധ സൌരയൂഥങ്ങളിലുമെല്ലാം ചുറ്റിയടിച്ചുവന്ന കാറ്റ്‌ അവസാനം ഭൂമിയില്‍ ഹിമാലയ പരിസരത്ത്‌ വന്നു. അവിടം സൂര്യതാപം കൊണ്ട്‌ ചെടികളൊന്നുമില്ലാതെ ഉണങ്ങിവരണ്ട്‌ മരുഭൂമിപോലെ ആയിരുന്നു.

Jul 27, 2012

095 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 095


ആപതദ്ദ്ധി മനോ മോഹം പൂര്‍വ്വമാപത്പ്രയച്ഛതി
പാശ്ചാദനര്‍ദ്ധവിസ്ഥാരരൂപേണ പരിജൃംഭാതേ (3/71/12)



വസിഷ്ഠന്‍ തുടര്‍ന്നു: ഇപ്രകാരം ഏറെക്കാലം കഴിഞ്ഞ കാര്‍ക്കടി രാക്ഷസിക്ക്‌ മോഹഭംഗവും മന:പരിവര്‍ത്തനവും വന്നു. അവള്‍ അളുകളെ തിന്നണമെന്ന തന്റെ മൂഢമോഹത്തെപ്പറ്റിയോര്‍ത്ത്‌ പശ്ചാത്തപിച്ചു. ഈ ആര്‍ത്തി തീരാന്‍വേണ്ടി താന്‍ ആയിരംകൊല്ലം തപസ്സുചെയ്തു, വിഷൂചികയായി അധമജീവിതം നയിക്കുകയും ചെയ്തു. അവള്‍ സ്വയംകൃതാനര്‍ത്ഥത്തെച്ചൊല്ലി വേവലാതി പറഞ്ഞു: എന്റെ പര്‍വ്വതാകാര ശരീരമെവിടെ? ഈ സൂചിയെവിടെ? ചിലപ്പോള്‍ ചെളിയിലും മലത്തിലുമാണു ഞാന്‍.. ആളുകള്‍ എന്നെ ചവിട്ടി മെതിക്കുന്നു. എന്തുചെയ്യണമെന്നെനിക്കറിയില്ല. എനിക്കാരും കൂട്ടുകാരായില്ല. എന്നില്‍ ആര്‍ക്കും അനുകമ്പയുമില്ല. എനിക്കു  വീടില്ല, കാണാന്‍ തക്ക വലുപ്പത്തില്‍ ഒരു ശരീരം പോലുമില്ല. എന്റെ മനസ്സും ഇന്ദ്രിയങ്ങളും വൃഥാവിലായിരിക്കുന്നു. 

"കൊടും ദുരിതത്തിലേയ്ക്കു നടന്നടുക്കുന്നവര്‍ ആദ്യം മോഹവിഭ്രമവും ദുഷ്ടതയും സൃഷ്ടിക്കുന്നു. അവയാണ്‌ പിന്നീട്‌ ദു:ഖവും നിര്‍ഭാഗ്യവുമാവുന്നത്‌.". ഞാന്‍ ഒരിക്കലും സ്വതന്ത്രയല്ല. മറ്റുള്ളവരുടെ ദയവിലാണ്‌ എന്റെ അസ്തിത്വം. അവര്‍ എന്നേക്കൊണ്ടു ചെയ്യിക്കുന്നതൊക്കെ ഞാന്‍ ചെയ്തു കൂട്ടുകയാണ്‌.. എല്ലാവരേയും തിന്നൊടുക്കാനുള്ള അത്യാര്‍ത്തിയെന്ന പിശാചിനെ പ്രീണിപ്പിക്കാനായി ചെയ്ത മരുന്ന് രോഗത്തേക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ എന്നെ എത്തിച്ചിരിക്കുന്നു. മുന്‍പത്തേതിലും വലിയ പിശാച്‌ ഉണ്ടായിരിക്കുന്നു. തീര്‍ച്ചയായും ഞാനൊരു ബുദ്ധിയില്ലാത്ത മൂഢ. വലിയൊരു ശരീരം വേണ്ടെന്നുവച്ചിട്ട്‌ ഈ സൂചിപോലെ (വൈറസ്സ്‌)?)  വൃത്തികെട്ട രൂപമെടുത്തുവല്ലോ!. പുഴുവിനേക്കാള്‍ കഷ്ടമായുള്ള എന്റെയീ അവസ്ഥയില്‍നിന്നും ആരാണെന്നെ മോചിപ്പിക്കുക? മാമുനിമാരുടെ ഉള്ളിലൊന്നും എന്നേപ്പോലൊരു നികൃഷ്ടജീവിയെപ്പറ്റി ആലോചനകളേയുണ്ടാവില്ല. എനിക്കിനിയെന്നാണ്‌ പണ്ടത്തെപ്പോലെ ഭീമാകാരം പൂണ്ട്‌ വലിയ വലിയ ജീവികളുടെ രക്തം കുടിക്കുവാനാവുക? ഞാന്‍ വീണ്ടും തപസ്സുചെയ്യാന്‍ പോവുന്നു..

കാര്‍ക്കടി, ജീവജാലങ്ങളെ ഭക്ഷിക്കാനുള്ള കൊതിയെല്ലാമുപേക്ഷിച്ച്‌ ഹിമാലയപര്‍വ്വതത്തില്‍പ്പോയി തീവ്രതപസ്സു തുടങ്ങി. ഒറ്റക്കാലിലാണവള്‍ നിന്നത്‌.. തീവ്രതപം കൊണ്ട്‌ അവളുടെ തലയില്‍നിന്നും പുക വമിക്കാന്‍ തുടങ്ങി. അതുമൊരു സൂചികയായി, അവളുടെ സഹചാരിയായി. അവളുടെ നിഴലും മറ്റൊരു സൂചികയായി. മറ്റൊരു സുഹൃത്ത്‌. , മരങ്ങളും വള്ളിച്ചെടികളും അവളുടെ തപസ്സുകണ്ട്‌ അഭിനന്ദനപൂര്‍വ്വം അവള്‍ക്ക്‌ ഭക്ഷണമായി പാരഗവിതരണം ചെയ്തു. എന്നാല്‍ അവള്‍ ഭക്ഷണമേതും കഴിച്ചില്ല. അവള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. സ്വര്‍ഗ്ഗാധിപന്‍ അവള്‍ നിന്നിടത്ത്‌ മാംസത്തിന്റെ ചെറുതുണ്ടുകള്‍ ഇട്ടുകൊടുത്തു. അതുമവള്‍ തൊട്ടില്ല. അങ്ങിനെയവള്‍ കാറ്റിലോ, കാട്ടുതീയിലോ മഴയിലോ കൂസലൊന്നും കൂടാതെ ഏഴായിരം കൊല്ലം തപസ്സുചെയ്തു. അവളിലെ പപപങ്കിലമായ എല്ലാ വാസനകളും ഇല്ലാതായി. കാര്‍ക്കടിയുടെ സമഗ്രജീവന്‍ നിര്‍മ്മലമായി ഭവിച്ചു. അവളില്‍ പരമജ്ഞാനോദയമുണ്ടായി. അവളിലെ തപോര്‍ജ്ജം ഹിമാലയപര്‍വ്വതത്തെ ജാജ്വല്യമാനമാക്കി. ദേവരാജാവായ ഇന്ദ്രന്‍ നാരദമുനിയില്‍നിന്നും കാര്‍ക്കടിയുടെ അനിതരസാധാരണമായ ഈ തപസ്സിനെപ്പറ്റി അറിഞ്ഞു. 

Jul 26, 2012

094 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 094


വിനാ പരാപകാരേണ തീക്ഷ്ണാ മരണമീഹതേ
വേദനാദ്രോധിതാ സൂചീ കര്‍മപാശോ പ്രലംബതേ (3/70/66)


വസിഷ്ഠന്‍ തുടര്‍ന്നു: നിലത്തുള്ള ചെളിയിലും പൊടിയിലും, വൃത്തിഹീനമായ വിരലുകളില്‍ , തുണികളിലെ നൂലിഴകളില്‍ , ദേഹത്തിലെ പേശികള്‍ക്കുള്ളില്‍ , പൊടികൊണ്ടുമൂടിയ വൃത്തിഹീനമായ തൊലിപ്പുറത്ത്‌, കൈകള്‍ വിണ്ടുകീറിയ ഇടങ്ങളില്‍ , ജരബാധിച്ച ശരീരഭാഗങ്ങളില്‍ , ഈച്ചയാര്‍ക്കുമിടങ്ങളില്‍ , ശവശരീരങ്ങളില്‍ , ജീര്‍ണ്ണിച്ച ഇലകള്‍ കൂട്ടിയിട്ടയിടങ്ങളില്‍ , നല്ല മരങ്ങളില്ലാത്തയിടങ്ങളില്‍ , വൃത്തിയില്ലത്ത വസ്ത്രം ധരിക്കുന്നവരില്‍ , ആരോഗ്യശീലം ഇല്ലാത്തവരില്‍ , കാടുവെട്ടിത്തെളിച്ച്‌ ബാക്കിയായ മരകുറ്റികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍പെരുകി കൃമികീടങ്ങളുണ്ടായതില്‍ , കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ , മലിനജലത്തില്‍ , നഗരവീഥിയ്ക്കു നടുവിലെ തുറന്ന ഓടകളില്‍ , വഴിയാത്രക്കാര്‍ തങ്ങുന്ന സത്രങ്ങളില്‍ , ആനയും കുതിരയും ഏറെയുള്ള നഗരങ്ങളില്‍ എല്ലാം സൂചിക ഒളിച്ചുതാമസിക്കുന്നു. 


സ്വയം അവളൊരു സൂചി -തുന്നാനുള്ളത്‌))-- ---ആയതിനാല്‍ പാതയോരത്തുകിടക്കുന്ന അഴുക്കുതുണികള്‍ കൂട്ടിത്തുന്നി അവളണിയുന്നു. രോഗികളുടെ ദേഹത്തിലവളോടിക്കളിക്കുകയാണ്‌..  തുന്നല്‍ക്കാരന്റെ സൂചിയും കഠിനമായ , തുടര്‍ച്ചയായ അദ്ധ്വാനംകാരണം തളര്‍ച്ച അനുഭവപ്പെട്ട്‌ നിലത്തുവിഴാം.  അതുപോലെ സൂചികയ്ക്കും ഈ നശീകരണം മടുത്തു. സൂചിയുടെ സ്വഭാവം കുത്തിത്തുളയ്ക്കലാണെന്നതുപോലെ സൂചികയുടെ സ്വഭാവം ക്രൂരതയാണ്‌..  തന്നിലൂടെ കടന്നുപോവുന്ന നൂലിനെ സൂചി വിഴുങ്ങുന്നതുപോലെ സൂചിക അവളുടെ ഇരകളെ നശിപ്പിച്ചുകൊണ്ടേയിരുന്നു. അതിക്രൂരരായവര്‍ പോലും ചിലപ്പോള്‍ മറ്റുള്ളവരുടെ പട്ടിണിയും ദയനീയാവസ്ഥയും ഏറെനാള്‍ കണ്ടുകണ്ട്‌ ദയയുള്ളവരാകുന്നതായി കാണാറുണ്ട്‌. സൂചികയും എണ്ണമറ്റ നൂലുകള്‍ തന്റെ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്‌ (അവളുടെ കര്‍മ്മ സഞ്ചയം). അതവളെ അലോസരപ്പെടുത്തി. അവളുടെ മുഖം അവള്‍തന്നെ തുന്നിയ ഒരു കറുത്തതുണികൊണ്ട്‌ മൂടപ്പെട്ടതായി അവള്‍ക്കു തോന്നി. അവളുടെ കണ്ണൂകള്‍ കെട്ടിയിരുന്നു. 'ഈ കണ്‍കെട്ട്‌ ഞാനെങ്ങിനെ കീറിക്കളയും?' എന്നവള്‍ ആലോചിച്ചു. അവള്‍ സൂചിയെന്നനിലയില്‍  ശുഭ്ര വസ്ത്രത്തിലും (സദ്ജനങ്ങള്‍ ) ജീര്‍ണ്ണവസ്ത്രത്തിലും (ദുര്‍ജ്ജനങ്ങള്‍ ) യഥേഷ്ടം കയറിയിറങ്ങി. വിഡ്ഢികളോ ദുഷ്ടന്മാരോ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാറില്ലല്ലോ. 

"ആരുടേയും ശല്യമോ പ്രകോപനമോ കൂടാതെ സൂചിക മറ്റുള്ളവരുടെ നാശത്തിനും മരണത്തിനുമായി പ്രവര്‍ത്തിക്കുന്നു. ആപത്കാരിയായ ഈ നൂലിന്റെ ബന്ധനംകൊണ്ട്‌ അതും തൂക്കിയിട്ട്‌ അവള്‍ അലയുന്നു"

ജീവസൂചിക എന്നും അവള്‍ അറിയപ്പെടുന്നു. എല്ലാ ജീവജാലങ്ങളിലും പ്രാണന്റേയും അപാനന്റേയും സഹായത്താല്‍ ജീവശക്തിയായി അവള്‍ ജീവനെ ദുരിതപ്പെടുത്തുന്നു. തീവ്രവും സൂചി കുത്തുന്നതുപോലെയുമുള്ള വേദനകൊണ്ട്‌ (വാതം, രക്തവാതം മുതലായവ) ഒരുവന്റെ മനസ്സു കെടുത്തുന്നു. കാലുകളില്‍ (സൂചിപോലെ) തുളഞ്ഞുകയറി രക്തം കുടിക്കുന്നു. എല്ലാ ദുഷ്ടരേയും പോലെ അന്യരുടെ ദുരിതത്തില്‍ അവള്‍ സന്തോഷിക്കുന്നു. 

വസിഷ്ഠന്‍ ഇത്രയും പറഞ്ഞപ്പോഴേയ്ക്ക്‌ മറ്റൊരു ദിനം കൂടി കഴിഞ്ഞു. സന്ധ്യാ വന്ദനത്തിനുള്ള സമയമായി. സഭ അടുത്തദിവസം കൂടുവാനായി പിരിഞ്ഞു. 

Jul 25, 2012

093 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 093


സ്വാര്‍ത്ഥക്രിയോഗ്രസാമര്‍ദ്ധ്യാതി ഭാവനയാന്യതാം
പദാര്‍ത്ഥോഭിമതാം ശാഠൃോ നി:ശ്വാസേനേവ ദര്‍പ്പണ: (3/70/19)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ആ പര്‍വ്വതാകാരയായിരുന്ന രാക്ഷസി ചുരുങ്ങിച്ചുരുങ്ങി ഒരു സൂചിയുടെയത്ര (സൂചിക) ചെറുതായി. അവളുടെ രൂപം ഭാവനയില്‍ മാത്രം കാണാവുന്ന തരത്തില്‍ അതി സൂക്ഷ്മമായിരുന്നു. നട്ടെല്ലിന്റെ അടിമുതല്‍ ശിരസ്സിന്റെ മുകളറ്റംവരെ ബന്ധിപ്പിക്കുന്ന സുഷുമ്നാ നാഡിപോലെ അവള്‍ അതിസൂക്ഷ്മമായി നിലകൊണ്ടു. അവള്‍ ബുദ്ധമതക്കാര്‍ പറയുമ്പോലെ 'അലയ' ബോധത്തിലായിരുന്നു. അവളുടെ മറ്റേ രൂപമായ വിഷൂചിക (കോളറ) അനവരതം അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവള്‍ അതിസൂക്ഷ്മവും അദൃശ്യയും ആയിരുന്നുവെങ്കിലും അവളിലെ രാക്ഷസീയതയ്ക്ക്‌ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ ആവശ്യപ്പെട്ട വരം ലഭിച്ചുവെങ്കിലും എല്ലാ ജീവികളേയും ആഹരിക്കണമെന്ന അവളുടെ ആഗ്രഹം നടപ്പായില്ല. കാരണം അവള്‍ രൂപത്തില്‍ സൂചിയുടെയത്ര ചുരുങ്ങിപ്പോയിരുന്നല്ലോ. എത്ര വിചിത്രം! മോഹവിഭ്രമത്തില്‍പ്പെട്ടവര്‍ക്ക്‌ ദീര്‍ഘവീക്ഷണം എങ്ങിനെയുണ്ടാവാനാണ്‌?

"സ്വാര്‍ത്ഥന്റെ, തന്‍കാര്യം നേടാനുള്ള ഉഗ്രകര്‍മ്മങ്ങള്‍ അവനെ മറ്റുഫലങ്ങളിലേയ്ക്കു നയിക്കുന്നു. ഒരാള്‍ ഏറെദൂരം ഓടിക്കിതച്ചുവന്ന് മുഖക്കണ്ണാടി നോക്കിയാല്‍ തന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയില്ല. കാരണം അവന്റെ ഉഛ്വാസനീരാവി കണ്ണാടിയില്‍ മങ്ങലുണ്ടാക്കുമല്ലോ." ഈ രാക്ഷസിക്ക്‌ വലിയൊരു രൂപമുണ്ടായിരുന്നു. അവളാ രൂപമുപേക്ഷിച്ചത്‌ സൂക്ഷ്മരൂപിയാകാനാണ്‌. അതിനായി അവള്‍ മരിച്ചു!. സ്വാര്‍ത്ഥലാഭത്തില്‍ ഇത്തരം അത്യാസക്തിയുള്ളപ്പോള്‍ മരണം പോലും അഭിലഷണീയമായിത്തോന്നും. വിഷൂചിക പ്രഭായോലുന്നതും പുഷ്പഗന്ധം പോലെ സൂക്ഷ്മവുമായിരുന്നു. മറ്റുള്ള ജീവനുകള്‍ കൊണ്ട്‌ അവള്‍ കര്‍മ്മനിഷ്ഠയായി വാണു. സൂചികയും വിഷൂചികയുമായി അവള്‍ എല്ലാവരേയും ബാധിച്ചുകൊണ്ട്‌ ലോകം മുഴുവന്‍ ചുറ്റിനടന്നു. അവളുടെ സ്വേഛപ്രകാരമാണ്‌ അവള്‍ സൂക്ഷ്മരൂപിയായത്‌. എന്താവണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നുവോ, ഒരുവന്‍ അതായിത്തീരുന്നു. ഹീനചിന്തയുള്ളവര്‍ തുലോം തുച്ഛമായ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഈ രാക്ഷസി ആഗ്രഹിച്ചത്‌ ക്രൂരയായ സൂചിയാകാനാണല്ലോ. ഒരാളുടെ ജന്മസ്വഭാവം തപസ്സുകൊണ്ടുപോലും മാറ്റുക ദുഷ്കരം!

നേരത്തേതന്നെ സ്ഥൂലശരീരമുള്ളവരുടേയും രോഗങ്ങള്‍ക്കടിപ്പെട്ടവരുടേയും ദേഹത്ത്‌ സൂചിക പ്രവേശിച്ച്‌ സ്വയം വിഷൂചികയായി പരിണമിക്കുന്നു. സൂചിക ഏത്‌ അരോഗദൃഢഗാത്രന്റേയും ഹൃദയത്തില്‍ പ്രവേശിച്ച്‌ അവന്റെ ബുദ്ധിയെ വഴിതെറ്റിക്കുന്നു. ചിലരുടെ കാര്യത്തില്‍ , ചികില്‍സകാരണംകൊണ്ടോ മന്ത്രബലംകൊണ്ടോ മരുന്നുകൊണ്ടോ അവള്‍ രോഗിയെ ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതയാവുന്നു. അങ്ങിനെ അവള്‍ ഏറെക്കാലം ഭൂമിയില്‍ ചുറ്റി നടന്നു.

(കോളറാ വൈറസ്സിനെപറ്റിയാവണം ഈ വിവരണം. ഭക്ഷണം, ജീവിതരീതി എന്നിവയുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്‌ രസകരമാണ്‌.)

092 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 092

അഥ വര്‍ഷസഹസ്രേണ താം പിതാമഹ ആയയൌദാരുണം ഹി തപ: സിദ്ധയൈ വിഷാഗ്നിരപി ശീതള: (3/69/1)


വസിഷ്ഠന്‍ തുടര്‍ന്നു: ഇതിനെ സംബന്ധിച്ച്‌ പഴയൊരൈതീഹ്യമുള്ളത്‌ ഞാന്‍ നിനക്ക്‌ പറഞ്ഞു തരാം. ഹിമാലയ പര്‍വ്വതസാനുക്കള്‍ക്കും വടക്കായി ഒരിടത്ത്‌ കാര്‍ക്കടി എന്നുപേരായ ഒരു രാക്ഷസി ജീവിച്ചിരുന്നു. കറുത്തിരുണ്ടതും വലിപ്പമേറിയതും കാണുവാന്‍ ഭയങ്കരവുമായിരുന്നു അവളുടെ രൂപം. ആവശ്യത്തിനു ഭക്ഷണം ലഭിക്കാഞ്ഞ്‌ എപ്പോഴും വിശപ്പായിരുന്നു അവള്‍ക്ക്‌..  അവള്‍ വിചാരിച്ചു: 'ജംബുദ്വീപില്‍ നിവസിക്കുന്ന എല്ലാവരേയും ഒന്നിച്ചു തിന്നാന്‍ കിട്ടിയിരുന്നുവെങ്കില്‍ എന്റെ വിശപ്പ്‌ പെരുമഴയ്ക്കുശേഷം മരീചികയെന്നപോലെ അപ്രത്യക്ഷമായേനെ! എന്നാല്‍ അത്തരം ഒരു പ്രവര്‍ത്തനം ഒരുവന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഉചിതമാവുകയില്ല. മാത്രമല്ല ജംബുദ്വീപിലെ നിവാസികള്‍ ധര്‍മ്മിഷ്ഠരും സഹാനുഭൂതിയുള്ളവരും ഈശ്വരഭക്തിയുള്ളവരും പച്ചമരുന്നുകളെപ്പറ്റി അറിവുള്ളവരുമാണ്‌. ഇങ്ങിനെ സമാധാനമായി ജീവിക്കുന്നവരെ ഉപദ്രവിക്കുന്നത്‌ ശരിയല്ല. അതുകൊണ്ട്‌ ഞാന്‍ ഒരു തപസ്സിലേര്‍പ്പെടാന്‍ പോവുകയാണ്‌..  കിട്ടാന്‍ വളരെ ദുഷ്കരമായ കാര്യം സാദ്ധ്യമാക്കാന്‍ തപസ്സിനോളം ഉത്തമമായി മറ്റൊന്നുമില്ല.'

കാര്‍ക്കടി, മഞ്ഞുമലയുടെ ഉത്തുംഗശിഖരങ്ങളിലൊന്നില്‍പ്പോയി ഒറ്റക്കാലില്‍ തപസ്സു തുടങ്ങി. അവളുടെ തീരുമാനം കല്ലുപോലെ ഉറച്ചതും ശ്രദ്ധ സുദൃഢവുമായതിനാല്‍ ദിവസങ്ങളും മാസങ്ങളും കടന്നുപോയത്‌ അവളറിഞ്ഞില്ല. കാലക്രമത്തില്‍ അവളുടെ ദേഹം ശോഷിച്ച്‌ സുതാര്യമായ ചര്‍മ്മത്തില്‍ പൊതിഞ്ഞ അസ്ഥിപഞ്ചരം മാത്രമായി.അവളങ്ങിനെ ഒരായിരംകൊല്ലം തപസ്സുചെയ്തു. "ആയിരംകൊല്ലം കഴിഞ്ഞപ്പോള്‍ ബ്രഹ്മാവ്‌ അവളില്‍ സം പ്രീതനായി പ്രത്യക്ഷപ്പെട്ടു. തീവ്രതപസ്സുകൊണ്ട്‌ ഒരുവന്‌ എന്തും നേടാം. വിഷപ്പുകപോലും നിര്‍വ്വീര്യമാക്കി അണയ്ക്കാം." മനസാ ബ്രഹ്മാവിനെ വന്ദിച്ച്‌ എന്തു വരമാണു ചോദിക്കേണ്ടതെന്ന് അവള്‍ ചിന്തിച്ചു. 'ഓ കിട്ടിപ്പോയി!', അവള്‍ ആലോചിച്ചു: എനിക്കൊരു ജീവനുള്ള സൂചികയാവണം (ഇരുമ്പു സൂചി- രോഗത്തിന്റെ മൂര്‍ത്തിമദ്‌ ഭാവം) എന്ന വരം ആവശ്യപ്പെടാം. ഈ വരം ലഭിച്ചാല്‍ അതുമായി എനിക്ക്‌ എല്ലാജീവജാലങ്ങളുടേയും ഹൃദയത്തില്‍ക്കയറി എന്റെ ആഗ്രഹം നടപ്പാക്കാം, എന്റെ വിശപ്പും തീരും. 

ബ്രഹ്മാവു പറഞ്ഞു: നിന്റെ തപസ്സില്‍ നാം സംപ്രീതനാണ്‌. നിന്റെ ആഗ്രഹമെന്താണ്‌? അവള്‍ തന്റെ ആഗ്രഹമറിയിച്ചു. 'തഥാസ്തു!' ബ്രഹ്മാവു പറഞ്ഞു. അങ്ങിനെയാവട്ടെ, നിനക്ക്‌ വിഷൂചികയും ആവാം. സൂക്ഷ്മമായിനിലകൊണ്ട്‌ മോശപ്പെട്ട ആഹാരം കഴിക്കുന്നവരിലും ദുര്‍ന്നടത്ത ശീലമാക്കിയവരിലും അവരുടെ ഹൃദയത്തില്‍ക്കയറി നിനക്ക്‌ ആധിയുണ്ടാക്കാം. എന്നാല്‍ ഇനിപ്പറയുന്ന മന്ത്രം ജപിക്കുന്നവര്‍ക്ക്‌ ഈ ദുരിതത്തില്‍നിന്നു മോചനം ലഭിക്കും.

"ഹിമാദ്രേര്‍ ഉത്തരേ പാര്‍ശ്വേ കാര്‍ക്കടീ നാമ രാക്ഷസീ
വിഷൂചികാഭിധാന സാനാംനാപ്യന്യയാബാധികാ
ഓം ഹ്രാം ഹ്രീം ശ്രീം രം വിഷ്ണുശക്തയേ  നമോ ഭഗവതീ
വിഷ്ണുശക്തി  ഏഹി ഏനം ഹര ഹര ദാഹ ദാഹ ഹാന ഹാന പച പച
മാത മാത ഉത്സദായ ഉത്സദായ ദൂരേ കുരു കുരു സ്വാഹ വിഷൂചികേ
ത്വാം ഹിമവന്തം ഗഛ ഗഛ ജീവസാര ചന്ദ്രമണ്ഡലം ഗതോ സി സ്വാഹ

ഈ മന്ത്രത്തില്‍ പ്രാവീണ്യം നേടിയയാള്‍ അതു തന്റെ ഇടതുകരത്തില്‍ ധരിച്ച്‌ ചന്ദ്രനെ ധ്യാനിച്ച്‌ ആ കൈ രോഗിയുടെമേല്‍ വെച്ചാല്‍ ആ ക്ഷണം അയാള്‍ സുഖപ്പെടും.

Jul 23, 2012

091 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 091

യഥാ സംപധ്യതേ ബ്രഹ്മാ കീട: സംപധ്യതേ തദാ
കീടസ്തു രൂഠഭൂതൌഘവലനാത്തുച്ഛകര്‍മക: (3/67/69)

വസിഷ്ഠന്‍ തുടര്‍ന്നു: പലേവിധ കാരണങ്ങള്‍ കൊണ്ട്‌ ചിന്തകളുടെ ചലനം ഉണ്ടാവുന്നു. ചിലര്‍ ഒരേയൊരുജന്മം കൊണ്ട്‌ ഇതില്‍നിന്നും മോചിതരാവുന്നു. മറ്റുചിലര്‍ ആയിരം ജന്മംകഴിഞ്ഞ്‌ മുക്തരാവുന്നു. ചിന്തകള്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യദര്‍ശനം സാദ്ധ്യമല്ല,കാരണം അപ്പോളവിടെ 'ഞാന്‍' ഉണ്ട്‌, 'ഇതെന്റേതാണ്‌' തുടങ്ങിയ ധാരണകള്‍ അപ്പോള്‍  നിലവിലുണ്ടല്ലോ. 

കാണപ്പെടുന്ന ലോകം അവബോധത്തിന്റെ ജാഗ്രതാവസ്ഥയാണ്‌.. അഹംകാരം അതിന്റെ സ്വപ്നാവസ്ഥയാണ്‌.. മനസ്സെന്ന വസ്തുവാണതിന്റെ സുഷുപ്തി അവസ്ഥ. ശുദ്ധബോധമാണ്‌ നാലാമത്തെ അവസ്ഥ. അത്‌ വൈരുദ്ധ്യമേതുമില്ലാത്ത, നിഷേധിക്കാനരുതാത്ത സത്യമത്രേ. ഈ നാലാമത്തെ അവസ്ഥയ്ക്കുമപ്പുറം ബോധത്തിന്റെ പരമനൈര്‍മ്മല്യമുണ്ട്‌.. ഈ സത്യത്തില്‍ ദൃഢീകരിച്ചവനെ ദു:ഖം തീണ്ടുകയില്ല. കാണപ്പെടുന്ന ഈ ലോകത്തിന്റെ കാരണമായി പരബ്രഹ്മത്തിനെ പറയുന്നു. ഒരു വൃക്ഷം വളര്‍ന്നു വലുതാവാനുള്ള കാരണം ആകാശമാണെന്നു പറയുന്നതുപോലെയാണത്‌.. (അകാശം മരത്തിന്റെ വളര്‍ച്ചയെ തടയുന്നില്ല;അതുകൊണ്ട്‌ ആകാശം വളര്‍ച്ചക്കു ഹേതുവാകുന്നു). സമഗ്രമായ അന്വേഷണത്തിലൂടെ, വാസ്തവത്തില്‍ ബ്രഹ്മം സജീവമായി യതൊന്നിനും ഹേതുവായി വര്‍ത്തിക്കുന്നില്ല എന്നറിയാന്‍ കഴിയും. മണ്ണുകുഴിച്ചുനീങ്ങുന്നവന്‍ അവസാനം കണ്ടെത്തുന്നത്‌ ശൂന്യമായ ആകാശമാണെന്നതുപോലെ അന്വേഷണം തുടരുമ്പോള്‍ ഇതെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല എന്നറിയുന്നു. 

രാമന്‍ ചോദിച്ചു: ഈ സൃഷ്ടിജാലങ്ങള്‍ ഇത്ര ബ്രഹത്തായതെങ്ങിനെയെന്ന് ദയവായി പറഞ്ഞു തരൂ. 

വസിഷ്ഠന്‍ തുടര്‍ന്നു: ബോധത്തിലെ ആന്ദോളനവും അനന്താവബോധത്തിലെ കമ്പനങ്ങളും വ്യത്യസ്ഥമല്ല. ആന്ദോളനങ്ങളില്‍നിന്നും ജീവന്‍ പ്രത്യക്ഷമാവുന്നതുപോലെ ജീവനില്‍ മനസ്സുണ്ടാവുന്നത്‌ ചിന്തകളുള്ളതുകൊണ്ടാണ്‌.. മനസ്സ്‌ സ്വയം പഞ്ചഭൂതങ്ങളാണെന്ന  ധാരണ പുലര്‍ത്തി അവയായിത്തീരുന്നു. മനസ്സ്‌ എന്തു ചിന്തിക്കുന്നുവോ അതുമാത്രം കാണുന്നു. അതുകഴിഞ്ഞ്‌ ഓരോന്നോരോന്നായി ജീവന്‍ - നാവ്‌, കണ്ണുകള്‍ , മൂക്ക്‌, സ്പര്‍ശം തുടങ്ങിയ ഇന്ദ്രിയങ്ങളെ ആര്‍ജ്ജിക്കുന്നു. ഇതില്‍ ഇന്ദ്രിയങ്ങളും മനസ്സും തമ്മില്‍ കാര്യ കാരണബന്ധമില്ല. എന്നാല്‍ കാക്കയും പനമ്പഴവും പോലുള്ള ആകസ്മികതയാണ്‌ ചിന്തകളും ഇന്ദ്രിയങ്ങളുടെ ആവിര്‍ഭാവവും. ഒരു കാക്ക പറന്നുവന്ന് പനയില്‍ ഇരിക്കുന്ന നിമിഷം നിലത്തുവീഴുന്ന പനമ്പഴം കാക്ക കൊത്തിയിട്ടതാണെന്നു കാണികള്‍ക്കു തോന്നാം, അത്രമാത്രം. അങ്ങിനെയാണ്‌ ആദ്യത്തെ വിശ്വജീവന്‍ ഉണ്ടായത്‌.

രാമന്‍ ചോദിച്ചു: അവിദ്യയെന്നത്‌ സത്യത്തില്‍ നിലനില്‍പ്പില്ലാത്ത ഒന്നാണല്ലോ. അപ്പോള്‍പ്പിന്നെ എന്തിനാണു നാം മുക്തിയെപ്പറ്റിയും ആത്മാന്വേഷണത്തെപ്പറ്റിയും ആലോചിച്ച്  വിഷമിക്കുന്നത്‌? 

വസിഷ്ഠന്‍ പറഞ്ഞു: രാമ: ആ ചോദ്യം അതുയരേണ്ട സമയത്തുയരണം, ഇപ്പോഴല്ല. പൂക്കള്‍ വിടരുന്നതും കായ്കള്‍ പഴുക്കുന്നതും അതതിന്റെ സമയത്താണല്ലോ. ഈ വിശ്വജീവന്‍ 'ഓം' എന്നുരുവിട്ട്‌ ശുദ്ധമായ ഇഛകൊണ്ട്‌ ഇക്കാണായതെല്ലാം സൃഷ്ടിക്കുന്നു. "ബ്രഹ്മാവിനെ ഇഛയാല്‍ എങ്ങിനെ സൃഷ്ടിച്ചുവോ അങ്ങിനെതന്നെയാണ്‌ ഒരു പുഴുവിനെ സൃഷ്ടിച്ചതും. പുഴുവില്‍ മാലിന്യമുള്ളതുകൊണ്ട്‌ അതിനു തുഛമായ കര്‍മ്മമേ അനുഷ്ഠിക്കാനുള്ളു." ഇവ തമ്മിലുള്ള അന്തരം വെറും ഭാവനമാത്രം. സത്യത്തില്‍ സൃഷ്ടിയേ ഇല്ല, അതിനാല്‍ ഭിന്നതയും ഇല്ല.

090 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 090


ചിദ്ഘനേനൈകതാമേത്യ യദാ തിഷ്ഠതി നിശ്ചല:
ശാമ്യന്വയവഹരന്വാപി തദാ സംശാന്ത ഉച്യതെ (3/66/12)


വസിഷ്ഠന്‍ തുടര്‍ന്നു: രാമാ ആ 'ഒന്ന്' ഒരിക്കലും പലതായിട്ടില്ല. ഒരു തിരിയില്‍നിന്നും മറ്റുതിരികളിലേയ്ക്ക്‌ ദീപം കൊളുത്തുമ്പോള്‍ അതെല്ലാം ഒരേ ദീപനാളം തന്നെ. ഒരേ ബ്രഹ്മം പലതായി കാണപ്പെടുന്നു. ഈ നാനാത്വത്തിന്റെ അയാഥാര്‍ഥ്യത്തെപ്പറ്റി ബോധ്യമാവുമ്പോള്‍ അവന്‌ ദു:ഖനിവൃത്തിയുണ്ടാവുന്നു. ജീവനെന്നത്‌ പരിമിതപ്പെട്ട ബോധം മാത്രം. പരിമിതികള്‍ ഇല്ലാതാവുമ്പോള്‍ ശാന്തി അനുഭവിക്കുമാറാകുന്നു. പാദരക്ഷ ധരിച്ചവന്‌ ഭൂമി മുഴുവന്‍ തോലുപൊതിഞ്ഞപോലെയാണല്ലോ.

എന്താണു ലോകം? അതൊരു പ്രകടനം മാത്രം. വാഴത്തട എന്നുപറയുന്നത്‌ ഇലകള്‍ അല്ലാതെ മറ്റൊന്നുമല്ലല്ലോ. മദ്യപാനം ഒരുവനെ ശൂന്യാകാശത്ത്‌ മായക്കാഴ്ചകള്‍ കാണുമാറാക്കുന്നതുപോലെ മനസ്സിന്‌ ഒന്നിനെ പലതായി കാണാന്‍ കഴിയുന്നു. കുത്തനെ നില്‍ക്കുന്ന ഒരു സ്തംഭം ചലിക്കുന്നതായി മദ്യപനു തോന്നുന്നതു പോലെ അജ്ഞാനിക്കു ലോകത്തില്‍ ചലനങ്ങള്‍ ദൃശ്യമാകുന്നു. മനസ്സ്‌ ദ്വന്ദഭാവം കൈക്കൊള്ളൂമ്പോള്‍ ദ്വന്ദതയും അതിന്റെ പ്രതിരൂപമായ ഏകതയും ഉണ്ട്‌. . മനസ്സില്‍നിന്നും ഈ ധാരണ മാറുമ്പോള്‍ ദ്വന്ദതയോ ഏകതയോ ശേഷിക്കുന്നില്ല. "അനന്താവബോധത്തിന്റെ ഏകാത്മകതയില്‍ ദൃഢീകരിച്ചുകഴിഞ്ഞാല്‍ ഒരുവന്‍ നിശ്ശബ്ദനായി, നിഷ്ക്രിയനായിരുന്നാലും കര്‍മ്മങ്ങളില്‍ സജീവമായി മുഴുകിയാലും അയാള്‍ സ്വയം പ്രശാന്തനാണ്‌." ഇപ്രകാരം പരമപദത്തെ പ്രാപിച്ചവന്‍ അനാത്മാവസ്ഥയിലാണെന്നു പറയപ്പെടുന്നു. അത്‌ നിശ്ശൂന്യതയെക്കുറിച്ച്‌ അറിയുന്ന ഒരു തലമാണ്‌..

മനസ്സിലെ പ്രക്ഷോഭങ്ങളാണ്‌ ബോധത്തെ അറിവിനു വിധേയമായ വസ്തുവാണെന്ന തോന്നലുണ്ടാക്കുന്നത്‌.. പിന്നീട്‌, മനസ്സില്‍ 'ഞാന്‍ ജനിച്ചു' മുതലായ തെറ്റിദ്ധാരണകള്‍ ഉദിക്കുന്നു. ആ അറിവും മനസ്സുതന്നെയാണ്‌.. അതുകൊണ്ട്‌ അതിനെ 'അവിദ്യ' അല്ലെങ്കില്‍ ഭ്രമം എന്നു വിളിക്കുന്നു. ഒരുവന്‌ സംസാരമെന്ന ഈ രോഗത്തില്‍നിന്നു മുക്തിയേകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. കയറില്‍ പാമ്പിനെ കണ്ടതിനു പ്രതിവിധി ശരിയായ അറിവുണ്ടാവുകമാത്രമാണ്‌.. അത്തരം അറിവുറയ്ക്കുമ്പോള്‍ മനസ്സില്‍ ഇന്ദ്രിയസുഖങ്ങളോടുള്ള ആസക്തി ഇല്ലാതാവുന്നു. അതാണല്ലോ അജ്ഞതയെ പെരുപ്പിക്കുന്നത്‌.അതുകൊണ്ട്‌ ആസക്തികളെ, ആര്‍ത്തികളെ പ്രീണിപ്പിക്കാതിരിക്കുക. എന്താണതിനു ബുദ്ധിമുട്ട്‌?

മനസ്സ്‌ വിഷയ (പദാര്‍ത്ഥ) ധാരണയിലിരിക്കുമ്പോള്‍ പ്രക്ഷുബ്ധമാണ്‌.. എന്നാല്‍ വിഷയങ്ങളോ ആശയങ്ങളോ മഥിക്കാത്ത മനസ്സില്‍ ചിന്തകളില്ല. ചലനമില്ല. ലോകമെന്ന ദൃശ്യവിക്ഷേപവും അവിടെയില്ല. ചിന്തകളുടെ സഞ്ചാരമാണ്‌ ജീവന്‍.. കാരണവും കര്‍മ്മവും. അതാണ്‌ ലോകദൃശ്യത്തിന്റെ വിത്ത്‌.. പിന്നീടുള്ളത്‌ ശരീരസൃഷ്ടിയാണ്‌.

Jul 22, 2012

089 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 089


ബ്രാഹ്മണ സ്പുരണം കിഞ്ചിദ്യദവാതാംബുധേരിവ
ദീപസ്യേവാപ്യവാതസ്യ തം ജീവം വിദ്ധി രാഘവം  (3/64/8)

രാമന്‍ ചോദിച്ചു: അനന്തമായ അവബോധവും അതിന്റെ ചാലക ഊര്‍ജ്ജവും മാത്രം സത്യമായിരിക്കേ ഈ 'ഏകാദ്വയ'ത്തില്‍നിന്നും ജീവന്‍ എങ്ങിനെയാണ്‌ താന്‍ യാഥാര്‍ഥ്യമാണെന്ന ധാരണ ഉരുത്തിരിക്കുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനിയുടെ മനസ്സില്‍ മാത്രമേ ജീവന്‍ എന്ന ഈ ഭൂതം ഒരു പ്രതിഫലനമായി സ്ഫുടീകരിക്കുന്നുള്ളു. ഇതെന്താണെന്നു കൃത്യമായിപ്പറയാന്‍ വിവേകവിജ്ഞാന വിചക്ഷണരായ മഹാത്മാക്കള്‍ക്കുപോലും കഴിയില്ല. കാരണം അതിനു സ്വഭാവസൂചനകള്‍ ഒന്നുമില്ല. അനന്താവബോധമെന്ന കണ്ണാടിയിലെ പ്രതിബിംബങ്ങളാണ്‌ ലോകമായി കാണപ്പെടുന്നത്‌..  "ജീവന്‍ എന്നത്‌ ബ്രഹ്മസമുദ്രോപരി മന്ദസ്പന്ദനം പോലെയുള്ള അലകളാണ്‌.. അല്ലെങ്കില്‍ കാറ്റില്ലാത്തൊരു മുറിയില്‍ വച്ചിട്ടുള്ള ദീപനാളത്തിന്റെ ലോലമായ ചലനമാണ്‌." അനന്തതയിലെ ആ മന്ദചലനം. അനന്താവബോധത്തെ ആഛാദനം ചെയ്യുമ്പോള്‍ ബോധത്തിനു പരിമിതിയുള്ളതായി തോന്നുകയാണ്‌.. ഇതുപോലും അനന്തതയില്‍ സഹജം. അങ്ങിനെ പരിമിതപ്പെട്ട ബോധമാണ്‌ ജീവന്‍.. ഒരു ദീപനാളത്തില്‍ നിന്നു തെറിക്കുന്ന തീപ്പൊരി സ്വതന്ത്രമായ മറ്റൊരു നാളമാവും പോലെ ഈ പരിമിതബോധം നിര്‍ലീനവാസനകളാലും ഓര്‍മ്മകളാലും പ്രേരിതമായി, അഹംകാരമായി, - ഞാന്‍ - ആയി സ്ഫുടീകരിക്കുന്നു. ഈ 'ഞാന്‍' എന്ന ഭാവം ദൃഢമായ യാഥാര്‍ഥ്യമൊന്നുമല്ല. പക്ഷേ ജീവന്‍ അതിനെ സത്തായിക്കാണുന്നു. ആകാശത്തിന്റെ നീലനിറം പോലെയാണത്‌..

അഹംകാരം സ്വയം ധാരണകളുണ്ടാക്കി മനസ്സ്‌ എന്ന 'വസ്തു' സംജാതമാവുന്നു. വ്യക്തിഗത ജീവന്‍, മനസ്സ്‌, മായ, പ്രപഞ്ചമെന്ന ഭ്രമം, അവയുടെ സ്വഭാവസവിശേഷതകള്‍ തുടങ്ങിയ ആശയങ്ങള്‍ ഭാവിതമാവുന്നു. ഈ ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന മേധാശക്തി പഞ്ചഭൂതങ്ങളെ (ഭൂമി,ജലം,അഗ്നി,വായു,ആകാശം) ആവാഹനം ചെയ്തുണ്ടാക്കുന്നു. ഇതോടുചേര്‍ന്ന് ആ ബുദ്ധി സ്വയം പ്രകാശകണമായിത്തിരുന്നു. ഇതും വിശ്വദീപ്തിതന്നെയാണ്‌. അതു പിന്നീട്‌ എണ്ണമറ്റ രൂപഭാവങ്ങളെ പ്രാപിക്കുന്നു. ചിലയിടത്ത്‌ വൃക്ഷാദികള്‍ , ചിലയിടത്ത്‌ പക്ഷിമൃഗാദികള്‍ , ചിലയിടത്ത്‌ ഭൂതപിശാചുക്കള്‍ , മറ്റുചിലയിടത്ത്‌ ദേവതകള്‍ ഇങ്ങിനെയെല്ലാം ആയിത്തീരുന്നു.

ഇതിലെ ആദ്യത്തെ രൂപീകൃതസത്വം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ്‌. ഈ ബ്രഹ്മാവാണ്‌ ചിന്തകളും ഇച്ഛാശക്തിയുംകൊണ്ട്‌ മറ്റു ജീവജാലങ്ങളെ സൃഷ്ടിക്കുന്നത്‌. . ബോധത്തിലെ സ്പന്ദനം മാത്രമാണു ജീവന്‍.. കര്‍മ്മവും, ദൈവവും, മറ്റ്‌ എല്ലാം സ്പന്ദനമാണ്‌. . മനസ്സിന്റെ സൃഷ്ടിയെന്നത്‌ ബോധത്തിന്റെ ചലനമാണ്‌. ലോകം നിലനില്‍ക്കുന്നതോ, മനസ്സിലാണ്‌. . ദര്‍ശനത്തിലെയും അറിവിലേയും അപൂര്‍ണ്ണതയാണ്‌ മനസ്സിന്റെ നിലനില്‍പ്പിനു കാരണം. അതൊരു ദീര്‍ഘനിദ്രയേക്കാള്‍ സാംഗത്യമുള്ള ഒന്നുമല്ല. ഈ അറിവുറച്ചാല്‍ എല്ലാ ദ്വന്ദഭാവവും ഇല്ലാതാവും. ബ്രഹ്മം, ജീവന്‍, മനസ്സ്‌, മായ, കര്‍മ്മി, കര്‍മ്മം, ലോകം എന്നിവയെല്ലാം ആ അവിച്ഛിന്നവും അദ്വയവുമായ അനന്താവബോധത്തിന്റെ പര്യായങ്ങളാണെന്ന സാക്ഷാത്കാരവും  ഉണ്ടാവും.

088 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 088


അസ്തീഹ നിയതി ബ്രാഹ്മീ ചിച്ഛക്തി: സ്പന്ദ രൂപിണീ
അവശ്യഭവിതവൈൃകസത്താ സകലകല്‍പഗാ (3/62/8) 


രാമന്‍ ചോദിച്ചു: ബ്രഹ്മം മാത്രമേ സത്യമായുള്ളു എന്നത്‌ നിശ്ചയം! മഹര്‍ഷേ അങ്ങിനെയെങ്കില്‍ എന്തിനാണീ ലോകത്ത്‌ സത്യത്തിന്റെ പൊരുളറിഞ്ഞ മഹാത്മാക്കളും ഋഷിവര്യന്മാരും ദൈവനിയോഗത്താലെന്നവണ്ണം വര്‍ത്തിക്കുന്നത്‌? എന്താണ്‌ ഈ ദൈവം?

വസിഷ്ഠന്‍ പറഞ്ഞു: "രാമാ, അനന്താവബോധത്തിന്റെ ചൈതന്യം, ഊര്‍ജ്ജം, എല്ലായിടത്തും എല്ലായ്പ്പോഴും ചലിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ അനിവാര്യമായ ഭാവിസംഭവങ്ങള്‍ക്കും പിന്നിലെ സത്യം അതാണ്‌.. കാരണം ആ ഊര്‍ജ്ജം കാലാതീതമായി യുഗങ്ങളേയും ഭേദിച്ച്‌ നിലകൊള്ളുന്നു." ആ ശക്തിയാലാണ്‌ പ്രപഞ്ചത്തിലെ ഓരോ വസ്തുവിന്റേയും സ്വാഭാവികത ക്രമീകൃതമായിരിക്കുന്നത്‌... 'ചിത്ശക്തി' എന്നറിയപ്പെടുന്ന ഇതിന്‌ മഹാസത്ത എന്നും പേരുണ്ട്‌.മഹാചിതി (മഹാബുദ്ധി); മഹാശക്തി, മഹാദൃഷ്ടി, മഹാക്രിയ, മഹോദ്ഭാവം, മഹാസ്പന്ദം എന്നെല്ലാം ഇതറിയപ്പെടുന്നു. ഈ ശക്തിയാണ്‌ എല്ലാറ്റിനും ഗുണഗണങ്ങള്‍ നല്‍കുന്നത്‌. എന്നാല്‍ ഇത്‌ പരബ്രഹ്മത്തില്‍ നിന്നും സ്വതന്ത്രമല്ല. 'ആകാശത്തിലെ അപ്പം' പോലെ 'യാഥാര്‍ഥ്യം'ആണത്‌ (വ്യാവഹാരികമായി, തോന്നുന്നു എന്നര്‍ത്ഥം). മഹര്‍ഷിമാര്‍ ബ്രഹ്മത്തിനും ഈ ശക്തിക്കും തമ്മില്‍ വാക്കുകള്‍ കൊണ്ടു മാത്രം ഒരു വ്യതിരിക്തത കല്‍പ്പിച്ചിരിക്കുന്നു. എന്നിട്ടു പറയുന്നു, ഈ ശക്തിയാണ്‌ സൃഷ്ടിക്കു കാരണമെന്ന്. ശരീരവും അതിന്റെ ഭാഗങ്ങളും എന്നു പറയുമ്പോള്‍ അവ തമ്മിലെ വിവേചനം വാക്കുകളില്‍മാത്രമാണല്ലോ. 

അനന്താവബോധം സഹജമായ ശക്തിയെ തിരിച്ചറിയുന്നത്‌ ഒരുവന്‍ സ്വശരീരത്തിലെ അവയവങ്ങളെ തിരിച്ചറിയുംപോലെയാണ്‌. ഈ 'അറിവിന്‌', 'നിയതി' എന്നു പേര്‌. ഇതാണ്‌ പരമ്പൊരുളിന്റെ ശക്തി. ഇതിനാലാണ്‌ എല്ലാറ്റിന്റേയും സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നത്‌. ഇത്‌ ദൈവം, ദിവ്യനിയോഗം എന്നെല്ലാം അറിയപ്പെടുന്നു. നീ ഇപ്പോള്‍ എന്നോടീ ചോദ്യങ്ങള്‍ ചോദിച്ചത്‌ ഇപ്പറഞ്ഞ നിയതിയുടെ നിയോഗം മൂലമാണ്‌.. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച്‌ നീ കര്‍മ്മോന്മുഖനാവുന്നതും നിയതിയുടെ നിയോഗമാണ്‌.. ഒരുവന്‍ 'എനിക്കു ദൈവം ഭക്ഷണം കൊണ്ടുതരും അതിനാല്‍ ഞാന്‍ ജോലിയൊന്നും ചെയ്യുന്നില്ല' എന്നു പറഞ്ഞിരിക്കുന്നതും നിയതിയാലാണ്‌.. രുദ്രനുപോലും നിയതിയെ മാറ്റി വെയ്ക്കാനാവില്ല. എന്നാല്‍ വിവേകശാലിയായ മനുഷ്യനെ ഇതൊന്നും സ്വപ്രയത്നത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. കാരണം നിയതി പ്രാവര്‍ത്തികമാവണമെങ്കില്‍ സ്വപ്രയത്നത്തിലൂടെ മാത്രമേ സാധിക്കൂ. 

നിയതിക്ക്‌ രണ്ടുതലങ്ങളുണ്ട്‌. മാനുഷീകവും അതിമാനുഷികവും. സ്വപ്രയത്നം ഫലപ്രദമാവുന്നത്‌ മാനുഷീക തലത്തിലും ഫലപ്രദമാവാത്തത്‌ അതിമാനുഷീക തലത്തിലുമാണ്. 'എല്ലാം ദൈവഗത്യം' എന്നു പറഞ്ഞ്‌ കര്‍മ്മരഹിതനായിരിക്കുന്നവന്റെ ജീവന്‍ താമസംവിനാ ശരീരം വിട്ടകലുന്നു. കാരണം ജീവന്‍ എന്നുപറഞ്ഞാല്‍ അതു കര്‍മ്മമാണ്‌.. അവന്‌ ശ്വാസമടക്കിപ്പിടിച്ച്‌ അത്യുന്നതമായ ബോധതലത്തിലെത്തി മുക്തിപദത്തെ പ്രാപിക്കാം. പക്ഷേ അതിന്‌ വളരെ കഠിനമായ പ്രയത്നം കൂടിയേ തീരൂ. അനന്താവബോധം തന്നെയാണ്‌ ഒരിടത്തൊന്നായും മറ്റൊരിടത്ത്‌ വേറൊന്നായും കാണപ്പെടുന്നത്‌.. ആ ബോധവും അതിന്റെ ശക്തിയും തമ്മില്‍ ഭിന്നതകളില്ല. ജലവും ഓളങ്ങളും തമ്മില്‍ വ്യത്യാസമില്ല. ശരീരവും അവയവങ്ങള്‍ തമ്മിലും വ്യതാസമില്ല. അജ്ഞാനികള്‍ മാത്രമേ അവയില്‍ ഭിന്നത ദര്‍ശിക്കൂ. 

Jul 16, 2012

087 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 087


നാസ് തമേ തി ന ചോടെതി ക്വചിത് കിഞ്ചിത് കദാചന
സര്‍വം ശാന്തമജം ബ്രഹ്മ ചിദ്ഘനം സുശിലാഘനം (3/61/31)


വസിഷ്ഠന്‍ തുടര്‍ന്നു: അതേസമയം, ആ അനന്തബോധത്തില്‍ കാലയളവിന്റെ ഏകകമായി (യൂണിറ്റ്‌ )  ഇമവെട്ടാനെടുക്കുന്ന സമയത്തിന്റെ പത്തുലക്ഷത്തിലൊന്ന് എന്നൊരു ധാരണയുണ്ടായി. ഇതില്‍നിന്നാണ്‌ ചതുര്യുഗം വരെയുള്ള കാലമാപിനി (ടൈം സ്കൈയില്‍ ) ഉണ്ടായത്‌. ചതുര്യുഗങ്ങളുടെ പല ആവര്‍ത്തനങ്ങള്‍ കഴിഞ്ഞാലാണ്‌ വിശ്വസൃഷ്ടിയുടെ ഒരായുസ്സുകാലം ആവുന്നത്‌. എന്നാല്‍ അനന്താവബോധം കാലത്തിന്റെ സ്വഭാവമായ വിക്ഷേപം, ആവരണം എന്നിവകളില്‍ തീരെ നിമഗ്നമായിരുന്നില്ല. കാരണം അതിന്‌ ആദിമദ്ധ്യാന്തങ്ങളില്ല. പ്രബുദ്ധവും ജാഗ്രത്തുമായ അനന്താവബോധം മാത്രമേ ഉണ്മയായുള്ളു. സൃഷ്ടികാര്യത്തിലും അതപ്രകാരമാണ്‌..അതു തന്നെയാണ്‌ അവിദ്യാകൃതമായ സൃഷ്ടിപ്രകടനവും. പ്രളയശേഷവും അതങ്ങിനെത്തന്നെ അനന്തമായി നിലകൊള്ളൂം. 

ഒരുവന്‍ തന്റെ ആത്മാവിനെ ആത്മാന്വേഷണത്തിലൂടെ സാക്ഷാത്കരിക്കുമ്പോള്‍ അവന്റെ ബോധതലം പരബ്രഹ്മം തന്നെയാണ്‌..  അപ്പോളവന്‍ എല്ലാം അനുഭവിക്കുന്നു. ശരീരത്തിന്റെ ഒരേ ഊര്‍ജ്ജം തന്നെയാണല്ലോ അവയവങ്ങളിലും പ്രസരിക്കുന്നത്‌.. ഈ പ്രത്യക്ഷലോകം നേരനുഭവത്തിന്റെ വെളിച്ചത്തില്‍ ബോധത്തിന്റെയൊരു പ്രകടനമാണെന്നതുകൊണ്ട്‌ സത്യമാണെന്ന് ഒരാള്‍ക്ക്‌ വേണമെങ്കില്‍ പറയാം. എന്നാല്‍ അതിനെ മനസ്സുകൊണ്ടും ഇന്ദ്രിയങ്ങള്‍കൊണ്ടും അറിയുമ്പോള്‍ അത്‌ യാഥാര്‍ഥ്യമല്ല. വായുവിനെ അറിയുന്നത്‌ (കാറ്റായി) അതിന്റെ ചലനം-ഗമനം കൊണ്ടാണ്‌. എന്നാല്‍ ചലനമില്ലാത്തപ്പോള്‍ വായു ഉള്ളതായി തോന്നുന്നേയില്ല. അതുപോലെ ഈ പ്രത്യക്ഷലോകം ഉള്ളതായും ഇല്ലാത്തതായും കണക്കാക്കാം. 


കാനല്‍ ജലം പോലെ കാണപ്പെടുന്ന ത്രിലോകങ്ങള്‍ നിലകൊള്ളുന്നത്‌ പരബ്രഹ്മത്തില്‍നിന്നും വിഭിന്നമായല്ല. ബ്രഹ്മത്തില്‍ സൃഷ്ടിയുള്ളത്‌ വിത്തില്‍ മുളയിരിക്കുന്നതുപോലെ, ജലത്തിനു നനവുള്ളതുപോലെ, പാലിനു മധുരമുള്ളതുപോലെ മുളകിനെരിവുള്ളതുപോലെ സഹജമായാണ്‌. എന്നാല്‍ അവിദ്യയില്‍ ഇവ ബ്രഹ്മത്തില്‍നിന്നും സ്വതന്ത്രമാണെന്നു തോന്നുന്നു. ഈ ലോകനിര്‍മ്മിതിക്ക്‌ കാരണമൊന്നും ഇല്ല. അത്‌ പരബ്രഹ്മത്തിന്റെ നിര്‍മ്മല-പ്രതിഫലനം മാത്രം.

'സൃഷ്ടി' എന്നൊരു ധാരണയുള്ളപ്പോള്‍ സൃഷ്ടി ഉള്ളതായിത്തോന്നുന്നു. എന്നാല്‍ സ്വപ്രയത്നംകൊണ്ട്‌ സൃഷ്ടിയുടെ 'അയാഥാര്‍ഥ്യ തലം' അറിഞ്ഞവന്‌ ലോകം ഇല്ല. "യാതൊന്നും ഒരിടത്തും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. അതിനാല്‍ത്തന്നെ യാതൊന്നിനും നാശമുണ്ടാവുകയുമില്ല. പരബ്രഹ്മമാണെല്ലാം. അതു പരമശാന്തമാണ്‌, അജമാണ്‌, നിര്‍മ്മലബോധമാണ്‌. ശാശ്വതവുമാണ്‌." ഒരോ അണുവിലും ലോകങ്ങള്‍ക്കുള്ളില്‍ ലോകങ്ങള്‍ കാണാകുന്നു. ഈ വിക്ഷേപങ്ങള്‍ക്ക്‌ കാരണമെന്താണ്‌? 'ഞാന്‍', 'ഈ ലോകം' എന്നീ ധരണകള്‍ ഇല്ലാത്തപ്പോള്‍ ഒരുവന്‍ മുക്തനാണ്‌. എന്നാല്‍ 'ഞാന്‍ ഇതാണ്‌' തുടങ്ങിയ ധാരണകളാണ്‌ നമ്മുടെ ഒരേയൊരു ബന്ധനം. ആരൊരുവന്‍ അനന്താവബോധത്തിനെ, വിശ്വത്തിന്റെ നാമരൂപങ്ങളില്ലാത്ത അടിസ്ഥാനമായി അറിയുന്നുവോ അവന്‌ സംസാരമെന്ന ആവര്‍ത്തനചക്രത്തിനെ മറികടക്കാം.

086 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 086


സമസ്ഥാ: സമതൈവാന്താ: സംവിദോ ബുദ്ധ്യതേ യത:
സര്‍വഥാ സര്‍വദാ സര്‍വം സര്‍വാത്മകമജസ്തത: (3,61,2) 


രാമന്‍ ചോദിച്ചു: മഹാത്മന്‍, കാരണമൊന്നും കൂടാതെ, ഈ 'ഞാന്‍', 'ലോകം', എന്നീ ഭ്രമധാരണകള്‍ എങ്ങിനെയുണ്ടായിയെന്ന് ഒരിക്കല്‍ക്കൂടി ചെറുതായൊന്നു വിവരിച്ചു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: "എല്ലാ വസ്തുക്കളുടേയും (ജീവജാലങ്ങളടക്കം) അന്തര്യാമിയായ പ്രജ്ഞ ഏവരിലും ഒരേരീതിയില്‍ കുടികൊള്ളുന്നു. അതുകൊണ്ട്‌ എല്ലായ്പ്പോഴും അസ്പഷ്ടമായ അതുതന്നെയാണ്‌ എല്ലാറ്റിന്റേയും ആത്മസത്ത." എല്ലാ വസ്തുക്കളും എന്ന് ആലങ്കാരികമായി പറഞ്ഞുവെന്നേയുള്ളു. വാസ്തവത്തില്‍ ബ്രഹ്മം മാത്രമേ ഉള്ളു. അത്‌ അനന്തമായ ബോധമാണ്‌. സ്വര്‍ണ്ണത്തിനും സ്വര്‍ണ്ണാഭരണത്തിനും തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെ, ജലത്തിനും അലകള്‍ ക്കും തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെ, വസ്തുപ്രപഞ്ചവും അനന്താവബോധവും വിഭിന്നങ്ങളല്ല. ഒരുമനുഷ്യനും അവന്റെ അവയവങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്നു പറയുമ്പോലെ എല്ലാജീവജാലങ്ങളേയും അനന്തബോധത്തിന്റെ സാന്നിദ്ധ്യം എന്നു വിളിക്കാം. അവ തമ്മില്‍ അന്തരമില്ല എന്നര്‍ത്ഥം. 

അനന്തതയെ സ്വയം തിരിച്ചറിയാതിരിക്കുന്ന അവസ്ഥ അനന്തബോധത്തില്‍ സഹജമായി വരുമ്പോള്‍ അത്‌ 'ഞാന്‍' ആയും 'ലോകം' ആയും പ്രകടമാവുന്നതായി തോന്നുന്നു. ഒരു വെണ്ണക്കല്ലില്‍ ഇനിയുംകൊത്തിയിട്ടില്ലാത്ത ശില്‍പ്പത്തിനേപ്പോലെ അനന്താവബോധത്തില്‍ 'ഞാനും' 'ലോകവും' നിര്‍ലീനമാണ്‌. പ്രശാന്തമായ സമുദ്രത്തിലും തിരകള്‍ ഒരു സാദ്ധ്യതാ സാന്നിദ്ധ്യമായിനിലകൊള്ളുന്നപോലെ ലോകം ഒരു സാദ്ധ്യതയായി അനന്തതയില്‍ എപ്പോഴുമുണ്ട്‌. അതിനെയാണ്‌ സൃഷ്ടിയെന്നു പറയുന്നത്‌. 'സൃഷ്ടി' എന്ന പദത്തിന്‌ മറ്റ്‌ യാതൊരര്‍ത്ഥവും കല്‍പ്പിക്കേണ്ടതില്ല. പരം പൊരുളില്‍ സൃഷ്ടിയൊന്നും സംഭവിക്കുന്നില്ല; അനന്താവബോധം സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയുമല്ല. അവ തമ്മില്‍ വിഭജിച്ചുള്ള ഒരു നിലനില്‍പ്പുമില്ല. തമ്മില്‍ വ്യത്യാസമൊന്നുമില്ലെങ്കിലും, അനന്തബോധം, സ്വപ്രജ്ഞയെ സ്വന്തം ഹൃദയത്തില്‍ സ്വാംശീകരിക്കുന്നു; കാറ്റും അതിന്റെ ഗതിവിഗതിയും തമ്മില്‍ അന്തരമേതുമില്ലാത്തതുപോലെയത്രേ ഇത്‌. 

യാഥാര്‍ത്ഥ്യമല്ലാത്ത ആ 'വിഭജനം' നടക്കുന്ന ക്ഷണത്തില്‍ത്തന്നെ, ബോധത്തില്‍ 'ആകാശം' എന്ന ധാരണ ഉദിക്കുന്നു. അത്‌ ബോധത്തിന്റെ തന്നെ ബലം കൊണ്ട്‌ സൂക്ഷ്മാകാശം (വിയത്ത്‌) എന്ന മൂല ഘടകമായി പ്രകടമാവുന്നു. അതു പിന്നീട്‌ സ്വയം വായുവായും അഗ്നിയായും ഭാവിക്കുന്നു. ഈ ധാരണയില്‍നിന്നാണ്‌ അഗ്നി, ജ്വാലയായും വെളിച്ചമായും പ്രത്യക്ഷമാവുന്നത്‌. അതുതന്നെയാണ്‌ പിന്നീട്‌ സഹജസ്വഭാവമായ സ്വാദോടുകൂടിയ ജലമായും ദൃഢതയും ഗന്ധവും സഹജമായ ഭൂമിയായും ഭാവന ചെയ്യുന്നത്‌. അങ്ങിനെ ഭാവനയിലെ ജലതത്വവും ഭൂ തത്വവും അതതു മൂലഘടകങ്ങളായി പ്രകടിതമാവുന്നു.

Jul 15, 2012

085 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 085


തീവ്രവേഗവതീ യാ സ്യാതത്ര സംവിദകമ്പിതാ
സൈവായാതി പരം സ്ഥൈര്യമാമോക്ഷം ത്വേകരൂപിണീ (3/60/53) 


വസിഷ്ഠന്‍ തുടര്‍ന്നു: ഒരുവന്റെ മാനസീകഭാവങ്ങളാണ്‌ മധുരമുള്ളതിനെ കയ്പ്പു നിറഞ്ഞതാക്കുന്നതെന്നും, കയ്പ്പിനെ മധുരമുള്ളതാക്കുന്നതെന്നും യോഗിക്കറിയാം അങ്ങിനെ തന്നെയാണ്‌ സുഹൃത്തിനെ ശത്രുവാക്കുന്നതും ശത്രുവിനെ സുഹൃത്താക്കുന്നതും. അതുപോലെ സ്വയം നമ്മുടെ ദൃഷ്ടികോണ്‍ ഒന്നു മാറ്റിയും നിരന്തരമായ അഭ്യാസം കൊണ്ടും നേരത്തേ തീരെ താത്പ്പര്യമില്ലാതിരുന്ന വേദശാസ്ത്രങ്ങളിലേയ്ക്കും പൂജാദികളിലേയ്ക്കും മറ്റും നമ്മുടെ ശ്രദ്ധയെ തിരിക്കാന്‍ സാധിക്കും. കാരണം സ്വഭാവങ്ങള്‍ വിഷയങ്ങളില്‍ അല്ല. നമ്മുടെ ചിന്തകളിലാണുള്ളത്‌. കടല്‍ച്ചൊരുക്കു ബാധിച്ചവന്‌ ലോകം മുഴുവന്‍ ചുറ്റുന്നതായി തോന്നുന്നതുപോലെ അജ്ഞാനിക്ക്‌ വിഷയവസ്തുക്കളിലാണ്‌ സ്വഭാവസവിശേഷതകള്‍ കുടികൊള്ളുന്നതെന്നു തോന്നുകയാണ്‌.. മദ്യപിച്ചു മതികെട്ടവന്‌ ചുമരുള്ളിടത്ത്‌ ശൂന്യകാശം കാണാകുന്നു. മോഹവിഭ്രമം ബാധിച്ചവനെ നിലവിലില്ലാത്ത പിശാചുക്കള്‍ പിടികൂടി കൊല്ലുന്നു.

ഈ ലോകമെന്നത്‌ ആകാശത്തില്‍ ബോധത്തിന്റെ കമ്പനങ്ങള്‍ മാത്രമാണ്‌.. അജ്ഞാനിക്ക്‌ ഭൂതപിശാചുക്കളെന്നപോലെ, കാണപ്പെടുന്നുണ്ടെങ്കിലും 'ഇല്ലാത്ത'താണത്‌..  ഇതെല്ലാം മായയാണ്‌.. അതിനാല്‍ അനന്താവബോധവും വിശ്വത്തിന്റെ പ്രകടിതമായ അസ്തിത്വവും തമ്മില്‍ പൊരുത്തക്കേടൊന്നുമില്ല തന്നെ. ഉണര്‍ന്നു കിടക്കുന്നവന്റെ മഹത്തായ സ്വപ്നം പോലെയാണത്‌. രാമ:, ശിശിരത്തില്‍ മരങ്ങളിലെ ഇലകള്‍ കൊഴിയുന്നു. വസന്തത്തില്‍ അതേ മരങ്ങളില്‍ ഇലകള്‍ തളിര്‍ത്തു വളരുന്നു. അവ മരത്തിനുള്ളില്‍ ലീനമായി ഉണ്ടായിരുന്നതുതന്നെയാണ്‌. അതുപോലെ അനന്താവബോധത്തില്‍ അനുസ്യൂതമായി സൃഷ്ടി തുടര്‍ന്നുകൊണ്ടിരിക്കുന്നു. അത്‌ സ്പഷ്ടമായി കാണുന്നില്ല എന്നുമാത്രം. സ്വര്‍ണ്ണം ദ്രാവകാവസ്ഥയില്‍ കാണുന്നത്‌ അത്ര സാധാരണമല്ലല്ലോ. ഒരു യുഗത്തിലെ ബ്രഹ്മാവ്‌ മുക്തിപദം പ്രാപിച്ച്‌ അടുത്ത യുഗത്തിലെ ബ്രഹ്മാവ്‌ ഓര്‍മ്മയില്‍ നിന്നും പുതിയൊരു ലോകത്തെ വിക്ഷേപിക്കുമ്പോള്‍ ആ ഓര്‍മ്മപോലും അനന്താവബോധം മാത്രമാണ്‌.

രാമന്‍ ചോദിച്ചു: അങ്ങിനെയെങ്കില്‍ രാജാവും നഗരവാസികളും എങ്ങിനെയാണ്‌ ഒരേ വിഷയവസ്തുക്കളെ വസ്തുനിഷ്ഠമായി അനുഭവിക്കാനിടയായത്‌? 

വസിഷ്ഠന്‍ പറഞ്ഞു: എല്ലാ ജീവന്റെയും മേധാശക്തി അനന്താവബോധത്തിനെ ആശ്രയിച്ചായതുകൊണ്ടാണിങ്ങിനെ സംഭവിക്കുന്നത്‌. രാമാ, നഗരവാസികളും അദ്ദേഹം അവരുടെ രാജാവാണെന്നു തന്നെ ചിന്തിച്ചു. ചിന്തകളുടെ ആന്ദോളനം അനന്താവബോധത്തില്‍ സഹജമാണ്‌. എന്നാല്‍ അത്‌ യാതൊരു പ്രേരണകള്‍ക്കും വശംവദമായല്ല സംഭവിക്കുന്നത്‌. വജ്രത്തിനു തിളക്കം സഹജം. രാജാവിന്റെ ബുദ്ധിയില്‍ 'ഞാന്‍ വിഥുരഥ രാജാവ്‌' എന്ന ചിന്തയുണ്ടാവുന്നു. അപ്രകാരം ജീവജാലങ്ങള്‍ക്കും വിശ്വത്തിനു മുഴുവനും 'അഹം' ചിന്തയുണ്ടാവുന്നു. "ഒരുവന്റെ പ്രജ്ഞ അനന്താവബോധത്തെക്കുറിച്ചുള്ള ഈ സത്യസ്ഥിതിയില്‍ സ്ഥിരപ്രതിഷ്ഠമായാല്‍ അത്‌ പരമമായ മുക്തിപദത്തില്‍ എത്തിച്ചേരുന്നു." ഇത്‌ ഒരുവന്റെ സ്വപ്രയത്നത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യനെ ഒരേസമയം രണ്ടു ശക്തികള്‍ വിവിധ ദശകളിലേയ്ക്കു വലിക്കുകയാണ്‌. ഒന്ന് ബ്രഹ്മത്തെ പരമസത്യമായി സാക്ഷാത്കരിക്കുന്നതിനുതകുന്നതും മറ്റേത്‌ ലോകത്തെ ഉണ്മയായി സ്വീകരിക്കുന്ന അജ്ഞതയിലേയ്ക്കുള്ളതുമാണ്‌. ഏതു ദിശയിലേയ്ക്കാണൊരുവന്‍ തന്റെ തിവ്ര പ്രയത്നമര്‍പ്പിക്കുന്നത്‌, ആ ദിശയ്ക്കു വിജയമുണ്ടാവുന്നു. ഒരിക്കല്‍ അവിദ്യ നീങ്ങിക്കഴിഞ്ഞാല്‍ അസത്തായ ഭ്രമദൃശ്യങ്ങള്‍ എന്നെന്നേയ്ക്കുമായി ഇല്ലാതാവുന്നു.

Jul 12, 2012

084 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 084


ദു:ഖിതസ്യ നിശാകല്‍പ: സുഖിതസൈവ ച ക്ഷണ:
ക്ഷണ സ്വപ്നേ ഭവേത്കല്‍പ:  കല്‍പശ്ച ഭവതി ക്ഷണ: (3/60/22)


വസിഷ്ഠന്‍ തുടര്‍ന്നു: രാജാവിനു വേണ്ട വരമെല്ലാം നല്‍കി സരസ്വതി അവിടേനിന്നും അപ്രത്യക്ഷയായി. രാജാവും രാജ്ഞിയും ആലിംഗനബദ്ധരായി. ഉറക്കമുണര്‍ന്ന സേവകര്‍ രാജാവിനു ജീവന്‍ തിരിച്ചുകിട്ടിയതറിഞ്ഞ്‌ ആഹ്ലാദചിത്തരായി. രാജ്യം മുഴുവന്‍ അഘോഷങ്ങളുണ്ടായി. ലീലരാജ്ഞിയുടെ തിരിച്ചുവരവിനെപ്പറ്റിയും രാജാവിനായി മറ്റൊരു ലീലയെ നല്‍കിയതിനെപ്പറ്റിയും രാജ്യത്തിനകത്തും പുറത്തുള്ള ആളുകള്‍ കഥകള്‍ പറഞ്ഞു നടന്നു. പ്രബുദ്ധയായ ലീലയില്‍നിന്നും തന്റെ പൂര്‍വ്വജന്മവൃത്താന്തങ്ങളെല്ലാം രാജാവ്‌ കേട്ടറിഞ്ഞു.അദ്ദേഹം ഏറെക്കാലം ത്രിലോകങ്ങളുടെ അനുഗ്രഹങ്ങളോടെ സരസ്വതീ ദേവിയുടെ കൃപയാല്‍ ആനന്ദപൂര്‍വ്വം രാജ്യം ഭരിച്ചു. എന്നാല്‍ ഇതെല്ലാം അദ്ദേഹത്തിന്റെ സ്വപരിശ്രമം കൊണ്ടുനേടിയതാണെന്നതിനു സംശയമൊന്നുമില്ല. 

രാമ: ഇതാണ്‌ ലീലോപാഖ്യാനം. ഞാനിത്‌ വിശദമായിത്തന്നെ നിനക്കു പറഞ്ഞു തന്നു. കാണപ്പെടുന്ന വിഷയങ്ങളെ സത്യമെന്നു ധരിക്കുന്ന അജ്ഞതയെ ദൂരീകരിക്കാന്‍ ഈ കഥയെകുറിച്ച്‌ ധ്യാനിക്കുന്നതിലൂടെ നിനക്കു കഴിയും. സത്തായി, ഉള്ളതിനെ മാത്രമല്ലേ നീക്കിമാറ്റാന്‍ കഴിയുകയുള്ളു? സത്തല്ലാത്തതിനെ എങ്ങിനെ മാറ്റാനാണ്‌? ഒന്നും നീക്കി മാറ്റാനായി ഇല്ല. എല്ലാം - ഭൂമിയും മറ്റും- നിന്റെ കണ്ണിലെ വെറും ഭ്രമദൃശ്യങ്ങളത്രേ. എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നല്ല. എന്തെങ്കിലും 'സൃഷ്ടിച്ചിട്ട്‌' അതിനുപകരം മറ്റൊന്ന് സ്ഥാപിച്ചാലും അത്‌ അനന്തതയില്‍ത്തന്നെയാണു നിലകൊള്ളുന്നത്‌. എല്ലാം എങ്ങിനെ എപ്രകാരമുണ്ടോ അങ്ങിനെത്തന്നെ നിലനില്‍ക്കുന്നു. ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. വിഷയലോകം സൃഷ്ടിക്കപ്പെട്ടു എന്നു നമുക്കു തോന്നുന്നത്‌ മായാശക്തിയുടെ സര്‍ഗ്ഗവൈഭവമാണെന്നു നാം പറഞ്ഞേക്കാം. എന്നാല്‍ ഈ മായയും ഉണ്മയല്ല.

രാമന്‍ പറഞ്ഞു: പരമസത്യത്തെപ്പറ്റി എത്ര ഉദാത്തമായ ഉള്‍ക്കാഴ്ച്ചയും വീക്ഷ്ണവുമാണ്‌ അങ്ങെനിക്കു തന്നത്‌! എന്നാല്‍ മഹര്‍ഷേ അങ്ങയുടെ അമൃതസമാനമായ വാക്കുകള്‍ക്കായി എന്നില്‍ ഇനിയും ദാഹമുണ്ട്‌.. . ദയവായി കാലത്തിന്റെ രഹസ്യവും ഗൂഢാര്‍ത്ഥവും എന്തെന്നു പറഞ്ഞു തരൂ. ലീലയുടെ കഥയിലൊരു ജീവിതകാലം മുഴുവന്‍ കടക്കാന്‍ ചിലപ്പോള്‍ എട്ടു ദിവസം മാത്രമെടുക്കുന്നു. മറ്റുചിലപ്പോള്‍ ഒരു മാസമെടുക്കുന്നു! ഇതെന്നെ കുഴക്കുന്നു! വിവിധ പ്രപഞ്ചങ്ങളില്‍ കാലമാപിനി വ്യത്യസ്തമാണോ? 

വസിഷ്ഠന്‍ പറഞ്ഞു: രാമ: ഒരുവന്‍ തന്റെ മേധാശക്തികൊണ്ട്‌ എന്തു ചിന്തിക്കുന്നുവോ അതാണവന്‍ അനുഭവിക്കുന്നത്‌.. അമൃതുപോലും വിഷമായിമാറും അമൃതിനെ വിഷമായി ഭാവന ചെയ്താല്‍ .   സുഹൃത്തുക്കളെ  ശത്രുക്കളാക്കാനും ശത്രുക്കളെ സുഹൃത്തുക്കളാക്കുവാനും നമ്മുടെ മനോഭാവത്തിനു കഴിയും. വിഷയത്തെ അനുഭവിക്കുന്നത്‌ അതിനോടു നമുക്കുള്ള മനോഭാവത്തെ ആശ്രയിച്ചു മാത്രമാണിരിക്കുന്നത്‌. "ദു:ഖിതന്‌ ഒരു രാത്രി ഒരു യുഗം പോലെ ദൈര്‍ഘ്യമേറിയതാണ്‌. എന്നാല്‍ ആഹ്ലാദത്തില്‍ മുങ്ങിയ ഒരു നിശ, ക്ഷണനേരമേയുള്ളൂ എന്നു തോന്നുന്നു. സ്വപ്നത്തില്‍ ക്ഷണനേരവും യുഗങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല." മനുവിന്റെ ഒരു ജീവിതകാലം -ആയുസ്സ്‌)))- - ബ്രഹ്മാവിന്റെ ഒന്നര മണിക്കൂറാണ്‌. .  ബ്രഹ്മാവിന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ഒരു ദിവസമാണ്‌. വിഷ്ണുവിന്റെ ആയുസ്സോ?പരമശിവന്റെ ഒരു ദിവസം മാത്രം. എന്നാല്‍ സീമകള്‍ക്കതീതമായ ബോധമുണര്‍ന്നവന്‌ രാത്രിയോ പകലോ ഇല്ല.

Jul 10, 2012

083 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 083

സദ്‌ വാസനസ്യ രൂഠായാമാതിവാഹിക സംവിദി ദേഹോവിസ്മൃതിമായാതി ഗര്‍ഭസംസ്ഥേവ യൌവനേ (3/58/16)

വസിഷ്ഠന്‍ തുടര്‍ന്നു: അപ്പോഴേയ്ക്കും വിഥുരഥന്റെ ജീവന്‍ പദ്മ രജാവിന്റെ ശരീരത്തിലേയ്ക്കു പ്രവേശിക്കുന്നതില്‍ നിന്നും സരസ്വതീ ദേവി തടഞ്ഞു. പ്രബുദ്ധയായ ലീല സരസ്വതിയോടു ചോദിച്ചു: ദേവീ ഞാനിവിടെ ധ്യാനത്തിലിരുന്നിട്ട്‌ എത്ര കാലം കടന്നുപോയി?.

'വത്സേ, നിന്റെ ധ്യാനം തുടങ്ങിയിട്ട്‌.. ഇപ്പോള്‍ മാസം ഒന്നു കഴിഞ്ഞിരിക്കുന്നു  പ്രാണായാമം ചെയ്തുണ്ടായ താപം കാരണം നിന്റെ ശരീരം ആദ്യത്തെ പതിനഞ്ചുദിവസം കൊണ്ട്‌ ബാഷ്പീകരിച്ചു. പിന്നെയത്‌ ഉണങ്ങിയ കരിയിലപോലെ കൊഴിഞ്ഞുവീണു. പിന്നെ കട്ടിപിടിച്ച്‌ തണുത്തുറഞ്ഞു. നീ സ്വന്തം ഇഷ്ടപ്രകാരം മരണം വരിച്ചതാണെന്ന് മന്ത്രിമാര്‍ കരുതി. അവരാകട്ടെ നിന്നെ ദഹിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നീ നിന്റെ ആഗ്രഹപ്രകാരം സൂക്ഷ്മശരീരിയായി വന്നിരിക്കുന്നു. നിന്നില്‍ , പോയ ജന്മത്തില്‍നിന്നും കൊണ്ടുവന്ന ഓര്‍മ്മകളോ വാസനകളോ ലീനമായി അവശേഷിക്കുന്നില്ല.

"യൌവ്വനദശയില്‍ സ്വന്തം ഭ്രൂണാവസ്ഥയെപ്പറ്റി ഓര്‍മ്മകളൊന്നുമില്ലാത്തതു പോലെ സൂക്ഷ്മശരീരത്തെപ്പറ്റി ദൃഢബുദ്ധിയുറച്ചുകഴിഞ്ഞാല്‍ ഭൌതീകശരീരം വിസ്മൃതിയായി." ഇന്ന് മുപ്പത്തിയൊന്നാം ദിനമാണ്‌ നീയിവിടെയിരിക്കുന്നത്‌.....  ... വരൂ നമുക്ക്‌ മറ്റേ ലീലയുടെ അടുക്കല്‍പോയി നമ്മളാരെന്നു വെളിപ്പെടുത്താം. 

രണ്ടാമത്തെ ലീല അവരെക്കണ്ടപ്പോള്‍ അവരുടെ കാല്‍ക്കല്‍ വീണ്‌ നമസ്കരിച്ചു. സരസ്വതി അവളോടു ചോദിച്ചു: പറയൂ എങ്ങിനെയാണ്‌ നീയിവിടെ വന്നത്‌? ലീല പറഞ്ഞു: വിഥുരഥന്റെ കൊട്ടാരത്തില്‍ ഞാന്‍ മോഹാലസ്യപ്പെട്ടു വീണപ്പോള്‍ എനിക്കൊന്നിനെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. പിന്നീട്‌ എന്റെ സൂക്ഷ്മശരീരം ആകാശത്തേക്കുയര്‍ന്നു. ഒരു വിമാനമാണ്‌ എന്നെ ഇവിടെയെത്തിച്ചത്‌. ഇവിടെ വിഥുരഥന്‍ ഒരു പൂമെത്തമേല്‍ കിടന്നുറങ്ങുന്നതാണ്‌ ഞാന്‍ കണ്ടത്‌. അദ്ദേഹം യുദ്ധത്തിന്റെ ക്ഷീണത്തില്‍ തളര്‍ന്നുറങ്ങുകയായതുകൊണ്ട്‌ ഞാന്‍ വീശുകയാണ്‌. . സരസ്വതി പെട്ടെന്ന് വിഥുരഥന്റെ ശരീരത്തിലേയ്ക്ക്‌ ജീവനെ കടത്തിവിട്ടു. അപ്പോള്‍ത്തന്നെ രാജാവ്‌ ഉറക്കത്തില്‍നിന്നെന്നവണ്ണം എഴുന്നേറ്റു. രണ്ടു ലീലമാരും അദ്ദേഹത്തെ നമിച്ചു.

രാജാവ്‌ പ്രബുദ്ധയായ ലീലയോടു ചോദിച്ചു: നീയാരാണ്‌? ആരാണു മറ്റേ വനിത?എവിടെനിന്നാണവര്‍ വന്നത്‌? പ്രബുദ്ധലീല പറഞ്ഞു: പ്രഭോ ഞാന്‍ കഴിഞ്ഞജന്മത്തിലെ അവിടുത്തെ ഭാര്യയാണ്‌. വാക്കും അര്‍ത്ഥവും പോലെ അവിടുത്തെ സന്തതസഹചാരിയും പ്രിയതമയും ഞാനായിരുന്നു. ഈ ലീല, അവിടുത്തെ മറ്റേ ഭാര്യയാണ്‌. എന്റെതന്നെ പ്രതിഫലനമാണവള്‍ .  അങ്ങയുടെ സന്തോഷത്തിനുവേണ്ടി ഞാനുണ്ടാക്കിയതാണവളെ. അവിടെ സുവര്‍ണ്ണസിംഹാസനത്തില്‍ ഇരിക്കുന്നത്‌ സാക്ഷാല്‍ സരസ്വതീ ദേവിയാണ്‌. നമ്മുടെയെല്ലാം സൌഭാഗ്യംകൊണ്ടാണ്‌ ദേവി ഇവിടെ സന്നിഹിതയായിരിക്കുന്നത്‌. ഇത്രയും കേട്ടപ്പോള്‍ എണീറ്റിരുന്ന് രാജാവ്‌ സരസ്വതീദേവിയെ അഭിവാദ്യം ചെയ്തു. ദേവി അദ്ദേഹത്തിന്‌ ഐശ്വര്യ സമ്പല്‍സമൃദ്ധികളും, ദീര്‍ഘായുസ്സും, സ്വരൂപസാക്ഷാത്കാരലബ്ധിയും നല്‍കി അനുഗ്രഹിച്ചു.

082 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 082

ദേഹാദ് ദേഹാന്തര പ്രാപ്തി: പൂര്‍വ്വ ദേഹം വിനാ സദാ 
ആതിവാഹികദേഹേസ്മിന്‍ സ്വപ്നേഷ്വിവ വിനശ്വരീ (3/57/22)

വസിഷ്ഠന്‍ തുടര്‍ന്നു: അവിടെ പദ്മരാജാവിന്റെ ശരീരത്തിനടുക്കല്‍ തന്റെ ഭര്‍ത്താവിനെ ഒരു വിശറികൊണ്ട്‌ വീശിക്കൊണ്ട്‌ പതിഭക്തിയോടെ മറ്റേ ലീല ഇരിക്കുന്നു! സരസ്വതീ ദേവിയും ആദ്യത്തെ ലീലയും അവളെ കണ്ടെങ്കിലും അവള്‍ക്ക്‌ അവരെ കാണാനായില്ല.

രാമന്‍ ചോദിച്ചു: ആദ്യം അങ്ങുപറഞ്ഞു ആദ്യത്തെ ലീല അവളുടെ ശരീരം തല്‍ക്കാലത്തേയ്ക്കുപേക്ഷിച്ചിട്ടാണ്‌ സരസ്വതിയുടെ കൂടെ സൂക്ഷ്മശരീരിയായി യാത്രപോയതെന്ന്. എന്നാല്‍ ഇപ്പോള്‍ അങ്ങ്‌ ആ ലീലയുടെ ശരീരത്തെപ്പറ്റി ഒന്നും പറയുകയുണ്ടായില്ലല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: ആദ്യത്തെ ലീല, പ്രബുദ്ധയായിത്തീര്‍ന്നതുകൊണ്ട്‌ അവളുടെ സൂക്ഷ്മശരീരത്തിന്റെ അഹംകാരഭാവം ഇല്ലാതായി. അപ്പോള്‍ അതിനു സ്ഥൂലശരീരവുമായുള്ള ബന്ധവും മഞ്ഞുരുകും പോലെ വിട്ടകന്നുപോയി. വസ്തവത്തില്‍ സൂക്ഷ്മശരീരിയായ ലീലയുടെ അജ്ഞാനമാണ്‌ അവള്‍ക്കൊരു സ്ഥൂലശരീരമുണ്ടെന്ന തോന്നലുണ്ടാക്കിയത്‌. ഒരാള്‍ ഉറക്കത്തില്‍ 'ഞാനൊരു മാനാണ്‌' എന്നു സ്വപ്നംകാണുന്നു എന്നിരിക്കട്ടെ. ഉറക്കമുണരുമ്പോള്‍ ആ മാനിനെ കാണാനില്ലെന്നുപറഞ്ഞ്‌ അയാള്‍ തിരഞ്ഞു നടക്കുമോ? അതുപോലെയാണ്‌ ലീലയുടെ സ്ഥൂലശരീരവും.

ഭ്രമബാധിതന്റെ മനസ്സിലെ ഭാവനകള്‍ അങ്ങിനെതന്നെ മൂര്‍ത്തീകൃതമാവുന്നു. എന്നാല്‍ ഭ്രമം വിട്ടകന്നുകഴിഞ്ഞാല്‍ ഭാവനയിലുണ്ടായതെല്ലാം അതോടെ ഇല്ലാതാവുന്നു. കയറില്‍ പാമ്പിനെകണ്ടയാള്‍ കയറെന്ന സത്യാവസ്ഥ മനസ്സിലാക്കിയല്‍ അതിനുശേഷം 'പാമ്പിനു' സാംഗത്യം ഒന്നുമില്ലല്ലോ. ആവര്‍ത്തിച്ചുള്ള ഭ്രമകല്‍പ്പനമൂലം അസത്തിനെ സത്തെന്നു തെറ്റിദ്ധരിക്കുന്ന രീതി നമ്മില്‍ രൂഢമൂലമായിരിക്കുന്നു! "ഒരു സൂക്ഷ്മശരീരത്തില്‍ നിന്നും മറ്റൊന്നിലേയ്ക്കുള്ള കൂടുമാറ്റത്തിന്‌ ആദ്യത്തേതിനെ നശിപ്പിക്കേണ്ടതില്ല. സ്വപ്നത്തില്‍ നാമൊരു രൂപമെടുത്തിട്ട്‌ മറ്റൊന്നിലെയ്ക്കു മാറുമ്പോള്‍ ആദ്യത്തെ രൂപം ഉപേക്ഷിക്കേണ്ടതില്ലല്ലോ." 

യോഗിയുടെ ശരീരം സത്യത്തില്‍  സൂക്ഷ്മവും അദൃശ്യവുമത്രേ. എന്നാല്‍ അജ്ഞാനികള്‍ക്ക്‌ അതു പ്രത്യക്ഷമായി തോന്നുകയാണ്‌. അങ്ങിനെയുള്ള അജ്ഞാനികളാണു പറയുന്നത്‌ 'ആ യോഗി അന്തരിച്ചു' എന്ന്. എവിടെയാണ്‌ ശരീരം? എന്താണു നിലനില്‍ക്കുന്നത്‌? എന്താണു നശിക്കുന്നത്‌? എന്തുണ്മയാണോ അതുമാത്രം ഉണ്ട്‌. ഇല്ലാതാവുന്നതോ, ഭ്രമം മാത്രം!.

രാമന്‍ ചോദിച്ചു: മഹാത്മന്‍, യോഗിയുടെ ഭൌതീകശരീരം പിന്നെ സൂക്ഷ്മശരീരമായി മാറുമോ? 

വസിഷ്ഠന്‍ പറഞ്ഞു: എത്ര തവണ ഞാന്‍ പറഞ്ഞു രാമാ, എന്നിട്ടും നിനക്ക്‌ മനസ്സിലാകുന്നില്ലല്ലോ! സൂക്ഷ്മശരീരം മാത്രമേ ഉള്ളൂ. തുടര്‍ച്ചയായ ഭാവനകൊണ്ട്‌ അതൊരു ഭൌതീകശരീരവുമായി ബന്ധിക്കപ്പെട്ടതായി തോന്നുകയാണ്‌. അജ്ഞാനിയായ ഒരുവന്‍ മരിച്ചിട്ട്‌ ദേഹം തീയിലെരിച്ചുകളയുമ്പോള്‍ സൂക്ഷ്മശരീരം അവശേഷിക്കുന്നു. എന്നാല്‍ യോഗി, സ്വയം പ്രബുദ്ധനായതുകൊണ്ട്‌ ജീവിച്ചിരിക്കേ തന്നെ സൂക്ഷ്മശരീരിയാണ്‌. ഭൌതീക ശരീരം ഭാവനയാണ്‌. സത്തല്ല. ശരീരവും അവിദ്യയും ഒന്നുതന്നെ. അവ രണ്ടും വേറെയാണെന്നുള്ള ചിന്തയാണ്‌ സംസാരം, അഥവാ ആവര്‍ത്തന ചരിത്രം!