May 31, 2012

049 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 049


ഏവം ബ്രഹ്മ മഹാജീവോ വിദ്യതേന്താദിവർജിത:
ജീവകോടി മഹാകോടി ഭവത്യഥ ന കിംചന (3/14/35)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ഞാന്‍ നേരത്തേ പറഞ്ഞപോലെ,  അഹംകാരവും അനുഭവദായികളായ അസംഖ്യം വസ്തുക്കളും നിറഞ്ഞ ഈ ലോകം സത്യത്തിൽ ഇല്ലാത്തതാണ്‌.  ഉള്ളത്‌ , പരം പൊരുളായ ബ്രഹ്മം മാത്രം. അതിനുമാത്രമേ നിലനില്‍പ്പുള്ളു. ശാന്തമായ സമുദ്രോപരി അന്തര്‍സംഘര്‍ഷത്താലും മറ്റും കാണപ്പെടുന്ന അലകള്‍പോലെ പരമ്പൊരുള്‍ താന്‍ 'ജീവന്‍ ' ആണെന്നു ചിന്തിച്ച്‌ സ്വയം ജീവഭാവം ഉയിര്‍ക്കൊള്ളുന്നു. ഉറങ്ങിക്കിടക്കുന്നയാള്‍ തനിക്കുള്ളില്‍ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികളെ (സ്വപ്നത്തില്‍ ) ഉണ്ടാക്കുന്നത്‌ ഒരിക്കലും തന്റെ സ്വത്വത്തെ നിരാകരിച്ചിട്ടല്ലാത്തതുപോലെ വെറുമൊരു ചിന്താശകലംകൊണ്ട്‌ (അല്ലെങ്കില്‍ ഇച്ഛകൊണ്ട്‌) പരബ്രഹ്മം എണ്ണമറ്റ സൃഷ്ടികള്‍ നടത്തുമ്പോഴും സ്വയം യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാവുന്നില്ല. യാതൊരു കുറവും അതിനുണ്ടാവുന്നുമില്ല.

പദാര്‍ത്ഥങ്ങളുടെ രൂപവല്‍ക്കരണം തുടങ്ങിയ 'കറ'യൊന്നും പുരളാത്ത ശുദ്ധബോധസ്വരൂപമത്രെ വിശ്വാവബോധത്തിന്റെ വിരാട്‌ രൂപം. നിര്‍മ്മലബോധത്തില്‍ നിന്നുണ്ടായ ഈ വിരാട്‌ രൂപം ഉറങ്ങിക്കിടക്കുന്നവന്റെയുള്ളിലെ അന്തമില്ലാത്ത ഒരു സ്വപ്നത്തോടുപമിക്കാം. അതില്‍ രാജകൊട്ടാരങ്ങളും മറ്റു ജീവികളും ഉണ്ട്‌. ബ്രഹ്മാവു പോലും ഈ പരബ്രഹ്മത്തിന്റെ വെറുമൊരു ചിന്തയാണ്‌. വിശ്വാവബോധം സ്വന്തം അസ്തിത്വത്തെപ്പറ്റി ചിന്തിക്കുന്നതും മറ്റ്‌ പ്രത്യക്ഷമായ ദൃക്‌-ദൃശ്യ ദ്വന്ദങ്ങളും എല്ലാം വെറും സങ്കല്‍പ്പങ്ങള്‍ മാത്രം. അവയെല്ലാം നാമമാത്രമാണ്‌. അവ പെറ്റുപെരുകുന്നതും നാമങ്ങളില്‍ മാത്രം. ഈ വിരാട്‌ രൂപം വിശ്വാവബോധത്തില്‍ ചിന്താബന്ധുരമായി ഉദ്ഭവിച്ചതുപോലെ  മറ്റെല്ലാം ആ വിരാട്ടിന്റെ ചിന്തയിലാണുണ്ടായത്‌. ഒരു വിളക്കിലെ ദീപനാളത്തില്‍ നിന്നും കൊളുത്തുന്ന മറ്റുവിളക്കുകള്‍പോലെയത്രേ ഇത്‌. ആരുടെ ചിന്താ-സ്പ്ന്ദനങ്ങളാണോ ഇവയെ സൃഷ്ടിച്ചത്‌ അതുമായി ഇവയ്ക്ക്‌ വ്യത്യാസമൊന്നുമില്ല. വിരാട്‌ പുരുഷന്‍ എന്നത്‌ പരബ്രഹ്മം തന്നെ. അതുതന്നെയാണീ സൃഷ്ടികളെല്ലാം. സൃഷ്ടിയുടെ ഭാഗമാണ്‌ ജീവനും പഞ്ചഭൂതങ്ങളും അവയുടെ അവയുടെ അസംഖ്യം സമ്മിശ്രണങ്ങളും.

രാമന്‍ പറഞ്ഞു: ഭഗവന്‍ , പ്രാപഞ്ചികമായി ഒരേ ഒരു ജീവനേ ഉള്ളോ അതോ അനേകം ജീവനുകള്‍ ഉണ്ടോ?

വസിഷ്ഠന്‍ മറുപടിയായി പറഞ്ഞു: രാമ: ഒരു ജീവനോ, അനേകം ജീവനുകളോ അവയുടെ സമുച്ചയങ്ങളോ ഒന്നും യദാര്‍ത്ഥത്തില്‍ ഇല്ല. ജീവന്‍ എന്നത്‌ ഒരു നാമം മാത്രം. നിലനില്‍ ക്കുന്നത്‌ ബ്രഹ്മം മാത്രം. പരബ്രഹ്മം സര്‍വ്വശക്തമാകയാല്‍ അവന്റെ ചിന്തകള്‍ മൂര്‍ത്തീകരിക്കുന്നു. വിളക്കെടുത്ത്‌ ഇരുട്ടിനെക്കുറിച്ചുള്ള സത്യമന്വേഷിക്കാന്‍ പോവുമ്പോള്‍ അപ്രത്യക്ഷമാവുന്ന ഇരുട്ടുപോലെ അവിദ്യയാല്‍ കാണപ്പെടുന്ന നാനാത്വം അന്വേഷണമാത്രയില്‍ ഇല്ലാതാവുന്നു. "ബ്രഹ്മം മാത്രമാണ്‌ വിശ്വാത്മാവും (മഹാജീവന്‍) മറ്റ്‌ കോടിക്കണക്കായ ജീവനുകളും. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല."

May 30, 2012

048 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 048


അസത്യം സത്യസംകാശം ബ്രഹ്മാസ്തേ ജീവശബ്ദവത്
ഇത്ഥം സ ജീവശബ്ദാർത്ഥ: കലനാകുലതാം ഗത: (3/13/33)


വസിഷ്ഠന്‍ തുടര്‍ന്നു: ജീവന്‍ (ജീവാത്മാവ്‌) എങ്ങിനെ ഈ ശരീരത്തില്‍ നിവസിക്കാനിടയായി എന്നു ഞാന്‍ ഇനി പറഞ്ഞു തരാം. ജീവന്‍ ചിന്തിച്ചു: 'എനിക്ക്‌ അണു സ്വഭാവവും സ്ഥാനവും ആണുള്ളത്‌'. അങ്ങിനെ ജീവന്‍ അണുസ്വഭാവം കൈക്കൊണ്ടു. തെറ്റായി സങ്കല്‍പ്പിച്ചതിനാലാണ്‌ ജീവന്‍ അണുഭാവത്തില്‍ പ്രകടമായത്‌. ഒരുവന്‍ സ്വപ്നത്തില്‍ താന്‍ മരിച്ചതായും തനിക്ക്‌ മറ്റൊരു ശരീരമുള്ളതായും കാണുമ്പോലെ അതീവ സൂക്ഷ്മമായ ശുദ്ധ അവബോധഭാവത്തിലുള്ള ജീവാത്മാവ്‌ ഘനഭാവത്തോട്‌ താദാത്മ്യം പ്രാപിക്കുകമൂലം ഘനസാന്ദ്രമാര്‍ന്ന് നിലകൊണ്ടു.

കണ്ണാടിയില്‍ നിഴലിച്ചു കണുന്ന മല കണ്ണാടിയില്‍ നിലകൊള്ളുന്നതായി തോന്നും പോലെ ജീവന്‍ പുറത്തുള്ള വസ്തുക്കളേയും പ്രവര്‍ത്തനങ്ങളേയും പ്രതിഫലിപ്പിക്കുന്നു. അചിരേണ, ആ വസ്തുക്കള്‍ തനിക്കുള്ളിലാണെന്നു ചിന്തിക്കാന്‍ തുടങ്ങുന്നു. സ്വയം താനാണ്‌ 'കര്‍ത്താവ്‌' എന്നും അനുഭവങ്ങളുടെ 'ഭോക്താവ്‌' എന്നും കരുതുന്നു. ജീവനു കാണാന്‍ തോന്നിയപ്പോള്‍ ഘനശരീരത്തില്‍ കണ്ണുകള്‍ ഉണ്ടായി. അതുപോലെ ത്വക്ക്‌, ചെവി, നാക്ക്‌, മൂക്ക്‌, കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവ അതാത്‌ ആഗ്രഹങ്ങള്‍ ജീവനില്‍ ഉയരുകമൂലം സംജാതമായി. അവബോധമെന്ന അതിസൂക്ഷ്മശരീരമായ ജീവന്‍ , ബാഹ്യമായി ശാരീരികാനുഭവങ്ങളും, അന്തരീകമായി മാനസീകാനുഭവങ്ങളും സങ്കല്‍പ്പിച്ചാണ്‌ ഈ ശരീരത്തില്‍ നിവസിക്കുന്നത്‌. "അങ്ങിനെ അയദാര്‍ത്ഥമായതിനെ യാദാര്‍ത്ഥ്യമായിക്കണ്ട്‌ പരബ്രഹ്മം, സംഭ്രാന്തിയോടെ ജീവഭാവത്തില്‍ പ്രത്യക്ഷമായിരിക്കുന്നു."

പരിമിതപ്രഭാവവും ശരീരവുമുള്ള ജീവനെന്നു സ്വയം കരുതി പരബ്രഹ്മം പുറം ലോകത്തെ അജ്ഞാനത്തിന്റെ മറയിലൂടെ വിഷയവസ്തുവായി മനസ്സിലാക്കുന്നു. ചിലര്‍ അവനെ ബ്രഹ്മാവെന്നും മറ്റുചിലര്‍ വേറെപേരുകളിലും വിളിക്കുന്നു. ഇങ്ങിനെ ജീവന്‍ സ്വയം 'അതുമിതും' ആയി സങ്കല്‍പ്പിച്ച്‌ പ്രത്യക്ഷലോകമെന്ന മായാജാലവുമായി ബന്ധിക്കപ്പെടുന്നു. എന്ന്നാല്‍ ഇതെല്ലാം സങ്കല്‍പ്പങ്ങളും ചിന്തകളും മാത്രമാണ്‌. ഇപ്പോഴും ഒന്നും സൃഷിക്കപ്പെട്ടിട്ടില്ല; ശുദ്ധവും അനന്തവുമായ ആകാശം മാത്രമേ ഉണ്മയായുള്ളു. സൃഷ്ടാവായ ബ്രഹ്മാവിന്‌ മഹാപ്രളയത്തിനു മുന്‍പത്തേപ്പോലെ ലോകസൃഷ്ടിചെയ്യാന്‍ കഴിയില്ല, കാരണം ബ്രഹ്മാവ്‌ അപ്പോഴേ മുക്തിപദം പ്രാപിച്ചിരുന്നു. വിശ്വാവബോധം മാത്രമേ അന്നുമിന്നും ഉള്ളു. അതില്‍ ലോകങ്ങളില്ല, സൃഷ്ടികളുമില്ല. ബോധ സത്തിൽ സ്വയം പ്രതിഫലിക്കുന്നതാണ്‌ സൃഷ്ടികളായി കാണപ്പെടുന്നത്‌. തികച്ചും അയദാര്‍ത്ഥമായ ദു:സ്വപ്നം ഭവിഷത്തുകള്‍ ഉണ്ടാക്കുന്നതുപോലെ അവിദ്യയില്‍ ഈലോകം ഉണ്മയാണെന്നുള്ള തോന്നലുണ്ടാവുന്നു. ശരിയായ അറിവുണരുമ്പോള്‍ ഈ സാങ്കല്‍പ്പികലോകം മറഞ്ഞുപോകുന്നു. 

May 29, 2012

047 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 047

ജഗത: പംചകം ബീജം പംചകസ്യ ചിദവ്യയാ
യദ്ബീജം തത്ഫലം വിദ്ധി തസ്മാദ്ബ്രഹ്മമയം ജഗത് (3/13/9)

വസിഷ്ഠന്‍ തുടര്‍ന്നു: ആ പരംപുരുഷനില്‍ നിലകൊണ്ട  സ്പന്ദനം ഒരേസമയം ക്ഷോഭിതവും സമതുലിതവും ആയിരുന്നു. അതു കാരണം ആകാശവും വെളിച്ചവും ജഢത്വവും - അവ സൃഷ്ടിക്കപ്പെട്ടില്ല എങ്കിലും- അതില്‍ പ്രകടമായി. ബോധതലത്തില്‍ സംഭവിക്കുന്നവയായതിനാല്‍ ഇവയ്ക്ക്‌ 'അറിയപ്പെടുന്നതിന്റെ' ഗുണഗണങ്ങള്‍ സ്വായത്തമാണ്‌. അതേസമയം അവയെ 'അറിയപ്പെടുന്നവനും' സംജാതനായി. എല്ലാറ്റിനേയും പ്രകാശിപ്പിക്കുക എന്നത്‌ ബോധത്തിന്റെ സഹജശക്തിയാണ്‌. അതുകൊണ്ടതിനെ വിശ്വസാക്ഷി എന്നു വിളിക്കുന്നു. ഈ ബോധം സ്വയം 'അറിവും' 'അറിവാളി'യുമത്രേ. 

ഇത്തരം പരസ്പരബന്ധമുണ്ടാവുമ്പോള്‍ 'ഞാന്‍ ജീവന്‍ , ജീവാത്മാവ്‌' എന്ന തോന്നല്‍ ബോധത്തിലുദയം ചെയ്യുന്നു. 'അറിവിനു' വിധേയമായവയുമായി തുടര്‍ച്ചയായ താദാത്മ്യം മൂലം ശുദ്ധബോധത്തില്‍ 'അഹം'കാര ഭാവം ഉണ്ടാവുന്നു. പിന്നെ വിവേചന ബുദ്ധിയും യുക്തിവിചാരവും ഉണ്ടാവുന്നു. മനസ്സും മൂലഘടകങ്ങളും ഉണ്ടാവുന്നു. ഈ മൂലഭൂതങ്ങളുടെ ആവര്‍ത്തിച്ചുള്ള സങ്കലനം കൊണ്ട്‌ ലോകങ്ങള്‍ ഉണ്ടാവുന്നു. സ്വപ്നത്തിലെ നഗരദൃശ്യങ്ങള്‍ പോലെ ക്രമാനുഗതമായോ യാദൃശ്ചീകമായോ ഉണ്ടാവുന്ന മാറ്റങ്ങളിലൂടെ ഇക്കാണുന്ന എണ്ണമറ്റ രൂപങ്ങള്‍ ആവര്‍ത്തിച്ചു മൂര്‍ത്തീകരിക്കുകയാണ്‌. ഈ നിര്‍മ്മിതികള്‍ക്കൊന്നും ഉപകരണങ്ങളോ മണ്ണ്‍, ജലം, അഗ്നി തുടങ്ങിയ വസ്തുക്കളോ ആവശ്യമില്ല. കാരണം ബോധത്തിന്റെ സഹജഭാവമാണിതെല്ലാം. ബോധമാണിതിനെയെല്ലാം സ്വപ്നത്തിലെ നഗരങ്ങളെന്നവണ്ണം സൃഷ്ടിക്കുന്നത്‌. ഇത്‌ ശുദ്ധബോധം മാത്രമാണ്‌.

"പ്രപഞ്ചവൃക്ഷത്തിന്റെ വിത്തുകളാണ്‌ പഞ്ചഭൂതങ്ങള്‍ . അനാദ്യന്തമായ ബോധമാണ്‌ പഞ്ചഭൂതങ്ങളുടെ വിത്ത്‌. വിത്ത്‌ ഏതുപോലെയാണോ, അതുപോലെ ഫലവും (വൃക്ഷവും). അതിനാല്‍ വിശ്വം എന്നത്‌ പരബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല." ഇങ്ങിനെ വിശ്വാവബോധം അതിന്റെ അനന്തപ്രഭാവത്താല്‍ വിശ്വനഭസ്സില്‍ നടത്തുന്ന ഒരിന്ദ്രജാലമാണീ പ്രപഞ്ചം. ഇതു സത്തല്ല. ഇതൊരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടുമില്ല. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ പരസ്പരമുള്ള സങ്കലനം കൊണ്ട്‌ വസ്തുക്കളെ സൃഷ്ടിച്ചതായി കാണപ്പെടുന്നുവെങ്കിലും അവയെല്ലാം ആകാശക്കോട്ടകള്‍ പോലെ വെറും തോന്നല്‍ മാത്രമാണ്‌. അവയുടെ നിലനില്‍പ്പ്‌ വിശ്വാവബോധമെന്ന അടിത്തറയിലാണ്‌. അതുമാത്രമേ സത്യമായുള്ളു. 

പഞ്ചഭൂതാത്മകമായ ഈ ലോകം ആ ഘടകവസ്തുക്കളുടെ സൃഷ്ടിയാണെന്നു തെറ്റിദ്ധരിക്കരുത്‌. പരമാവബോധത്തിന്റെ സഹജപ്രഭാവം പഞ്ചഭൂതങ്ങളായി പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. ഭൂമി മുതലായ ഭൂതങ്ങള്‍ ബോധത്തില്‍ നിന്നു സ്വപനവസ്തുക്കള്‍പോലെ ഉയര്‍ന്നുവന്നു എന്നോ ഇവ അവിദ്യ കാരണം വിശ്വാവബോധത്തില്‍ ആരോപിക്കപ്പെടുന്ന വെറും കാഴ്ച്ചകള്‍ മാത്രമാണെന്നോ പറയാം. മഹാത്മാക്കള്‍ ഇങ്ങിനെയൊക്കെയാണ്‌ സത്യത്തെ ദര്‍ശിക്കുന്നത്‌ (സാക്ഷാത്കരിക്കുന്നത്‌).

May 28, 2012

046 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 046


വിവർത്തമേവ ധാവന്തി നിർവിവർത്താനി സന്തി ച
ചിദ്വേധിതാനി സർവാണി ക്ഷണാത് പിംഡീഭവന്തി ച (3/12/30)


വസിഷ്ഠന്‍ പറഞ്ഞു: ഉറങ്ങിക്കിടക്കുന്നവന്റെയുള്ളില്‍ സ്വപ്നങ്ങള്‍ പ്രത്യക്ഷമാവുന്നതുപോലെ അവിച്ഛിന്നമായ വിശ്വസത്ത്വത്തില്‍ സൃഷ്ടി പ്രകടിതമായതെങ്ങിനെയെന്ന് ഞാന്‍ വിശദമാക്കാം. ശാശ്വതഭാസുരമായ അനന്താവബോധത്തില്‍ നിന്നു സ്വയം ഉദ്ഭൂതമാണീ പ്രപഞ്ചം. ആ സത്തയില്‍ സ്വയം 'അറിയുന്ന വസ്തു' (ആത്മാവ്‌) അതിന്റെ 'സ്വരൂപത്തെ'ക്കുറിച്ച്‌ ആരാഞ്ഞതിന്റെ ഫലമായി ആകാശം എന്ന 'ഇടം' സംജാതമായി. കാലമേറെക്കഴിഞ്ഞ്‌ സൃഷ്ടിബോധം അനന്ത സത്തയില്‍ ശക്തിപ്രാപിക്കേ ജീവനായി വിശ്വാത്മാവ്‌ - ഹിരണ്യഗര്‍ഭം- അതില്‍ നിന്നുദ്ഭൂതമായി. അനന്തത അതിന്റെ പൂര്‍ണ്ണതയെ വെടിഞ്ഞ്‌ സ്വയം ജീവാത്മാവായി പരിമിതപ്പെട്ടതുപോലെ ആയിത്തീര്‍ന്നു.

അപ്പോഴും ബ്രഹ്മം മാറ്റമേതുമില്ലാതെ, അനന്തമായിത്തന്നെ നിലകൊണ്ടു. അകാശത്തില്‍ ശബ്ദം സ്വയമേവ മാറ്റൊലിക്കൊണ്ടു. പിന്നീട്‌ ജീവനില്‍ തുടര്‍സൃഷ്ടിക്കനിവാര്യമായ 'അഹങ്കാരം' ഉണര്‍ന്നു. അതേസമയം, 'കാല'വും ഉണ്ടായി. ഇതെല്ലാം ഉണ്ടാവുന്നത്‌ അനന്തതയില്‍ യാഥാർഥ്യത്തിലുണ്ടായ വ്യതിയാനങ്ങളായല്ല. ഹിരണ്യഗര്‍ഭത്തിലെ സൃഷ്ട്യുന്മുഖചിന്തയില്‍ മാത്രമാണീ സൃഷ്ടി. അതേപോലെ സൃഷ്ടിവിചാരത്താല്‍ വായുവുണ്ടായി; വേദങ്ങളും പിന്നീടുണ്ടായി. ഇതിനെയെല്ലാം വലയംചെയ്യുന്ന ബോധം ജീവാത്മാവായി മറ്റെല്ലാവിധ ഭൂതങ്ങള്‍ക്കും കാരണമായി. നിവാസികളോടുകൂടിയ പതിന്നാലുതരം ജീവിതാസ്തിത്വങ്ങളുണ്ട്‌. അവയും ബോധത്തിന്റെ സര്‍ഗ്ഗസൃഷ്ടികളാണ്‌. ഈ ബോധം 'ഞാന്‍ വെളിച്ചം' എന്നാലോചിക്കേ പ്രകാശസ്രോതസ്സുകളായ സൂര്യനും മറ്റും ഞൊടിയിടയില്‍ സൃഷ്ടമായി. അതുപോലെ ജലവും ഭൂമിയും സൃഷ്ടിക്കപ്പെട്ടു. 

ഈ അടിസ്ഥാന ഘടകങ്ങള്‍ (പഞ്ചഭൂതങ്ങള്‍ ) ഒന്നൊന്നിന്മേലും തിരിച്ചും പ്രവര്‍ത്തനം തുടങ്ങി അവ ക്രമത്തിൽ അനുഭവവങ്ങളും അനുഭവിക്കുന്നവരുമായി  മാറി. സമുദ്രോപരി കാണുന്ന വര്‍ത്തുളമായ അലകള്‍ പോലെ സകലമാന സൃഷ്ടികളും  അങ്ങിനെ  ഉണ്ടായി. വിശ്വപ്രളയത്തിനുമുന്‍പ്‌ , വേര്‍തിരിച്ചു വിടര്‍ത്തിയെടുക്കാനാവാത്തവണ്ണം ആ ഘടകങ്ങള്‍ പരസ്പരം നൂലിഴപാകിയിരുന്നു. "ഈ പ്രകടിത വസ്തുക്കള്‍ (പഞ്ചഭൂതങ്ങള്‍ ) എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാവുമ്പോഴും ആ പരമസത്തയ്ക്കു മാറ്റമൊന്നുമില്ല. ബോധവുമായി നിരന്തരബന്ധം കൊണ്ട്‌ ഘടകവസ്തുക്കള്‍ ക്ഷണത്തില്‍ കൂടുതല്‍ പ്രത്യക്ഷസ്വഭാവമുള്ള ഭൌതീകവസ്തുക്കളായിത്തീരുന്നു." എങ്കിലും ഇതെല്ലാം ആ അനന്തബോധം തന്നെയാണ്‌. അത്‌ മാറ്റങ്ങള്‍ക്ക്‌ വിധേയമല്ല. 

May 27, 2012

045 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 045


അദാവേവ ഹി യന്നാസ്തി കാരണാസംഭവാത്സ്വയം
വർത്തമാനേപി തന്നാസ്തി നാശ: സ്യാത്തത്ര കീദൃശ: (3/11/13)


രാമന്‍ പറഞ്ഞു: ഭഗവന്‍ , വിശ്വപ്രളയസമയത്ത്‌ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ലോകം എവിടെപ്പോയി മറയുന്നു?

വസിഷ്ഠന്‍ പറഞ്ഞു: വന്ധ്യയുവതിയുടെ പുത്രന്‍ എവിടെയാണ്‌? അവന്‍ എവിടെപ്പോയി മറഞ്ഞു?. വന്ധ്യയുടെ പുത്രന്‌ അസ്തിത്വമില്ല. ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഈ സാദൃശ്യം നിന്നെ അമ്പരപ്പിക്കുന്നുവെങ്കില്‍ അത്‌ നീയീ ലോകത്തെ വാസ്തവമായി കണ്ടതുകൊണ്ടാണ്‌. ഉദാഹരണത്തിന്‌ ഒരു സ്വര്‍ണ്ണമാലയില്‍ 'മാലത്വം '  അല്ലെങ്കിൽ 'ആഭരണത്വം' എന്നൊരു സത്യവസ്തു ഉണ്ടോ അതോ അതിലുള്ളത്‌ 'സ്വര്‍ണ്ണം' എന്ന സത്യവസ്തുവാണോ? ശൂന്യതയില്‍ നിന്നു സ്വതന്ത്രമായി ആകാശമുണ്ടോ? അതുപോലെ പരബ്രഹ്മത്തില്‍ നിന്നും വിഭിന്നമായി ലോകം എന്നൊരു 'വസ്തു' ഇല്ല. മഞ്ഞുകട്ടയില്‍നിന്നും തണുപ്പ്‌ വേര്‍തിരിക്കാവുന്നതല്ല, എന്നതുപോലെ ബ്രഹ്മത്തില്‍ നിന്നും വേറെയല്ല ലോകം. മരീചികയിലെ ജലം  ' ഉണ്ടായി '  ഇല്ലാതാവുന്നില്ല. അതുപോലെ ലോകം പരം പൊരുളില്‍ നിന്നുദ്ഭവിച്ച്‌ എങ്ങുംപോയി മറയുന്നില്ല. 

"ഈ ലോകത്തിന്റെ സൃഷ്ടിക്ക്‌ കാരണമൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതിന്‌ ആദിയില്ല. ഇപ്പോഴും ഇതു നിലനില്‍ക്കുന്നില്ല. പിന്നെങ്ങിനെ ഇതിനു നാശമുണ്ടാവും?". ബ്രഹ്മത്തില്‍നിന്നും 'ഉണ്ടായതല്ല' ലോകം എന്നു നീ സമ്മതിക്കുകയും, ലോകത്തിന്റെ പ്രത്യക്ഷഭാവത്തിനു നിലനില്‍ക്കാനാവുന്നത്‌ ആ ബ്രഹ്മത്തിനെ ഉപാധിയാക്കിയാണെന്നുറപ്പിക്കുകയും ചെയ്യുമ്പോള്‍ ലോകമെന്ന ഒന്നിനു നിലനില്‍പ്പില്ല എന്നും ബ്രഹ്മം മാത്രമേ ഉണ്മയായി ഉള്ളൂ എന്നുമറിയാം.

അതൊരു സ്വപ്നം പോലെയാണ്‌. അജ്ഞാനാവസ്ഥയില്‍ ഒരുവന്റെ  ധിഷണ, സ്വയം പല സ്വപ്നസാമഗ്രികളായി അവന്റെയുള്ളില്‍ പ്രത്യക്ഷപ്പെടുന്നു. അവയെല്ലാം ആ ധിഷണ (ബുദ്ധി) മാത്രമാണല്ലോ. അതുപോലെ സൃഷ്ടിയാരംഭത്തില്‍ ഇത്തരമൊരു 'പ്രത്യക്ഷപ്പെടല്‍ ' സംഭവിച്ചു. എങ്കിലും ഇതു ബ്രഹ്മത്തില്‍ നിന്നും സ്വതന്ത്രമല്ല. ബ്രഹ്മത്തില്‍ നിന്നു വേറിട്ട്‌ അതിനൊരസ്തിത്വമില്ല. അതിനാലത്‌ നിലനില്‍ക്കുന്നില്ല.

രാമന്‍ പറഞ്ഞു: മഹാത്മാവേ അങ്ങിനെയാണെങ്കില്‍ , ഈ ലോകത്തിന്‌ ഇത്രയേറെ തന്മയീഭാവം വന്നതെങ്ങിനെ? 'കാണുന്നവന്‍ ' ഉള്ളിടത്തോളം 'കാണപ്പെടുന്നതുണ്ട്‌'. 'കാണപ്പെടുന്നത്‌' ഉള്ളിടത്തോളം 'കാണുന്നവനുമുണ്ട്‌'. ഇതു രണ്ടും ഇല്ലാതാവുമ്പോള്‍ മാത്രമാണ്‌ മുക്തി. ചെളിപുരളാത്ത ഒരു കണ്ണാടി എപ്പോഴും ഒന്നിനെയല്ലെങ്കില്‍ മറ്റൊന്നിനെ പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കും. അതുപോലെ സാധകനില്‍ ഈ സൃഷ്ടി പ്രക്രിയ തുടര്‍ ന്നുകൊണ്ടേയിരിക്കും. എന്നാല്‍ 'സൃഷ്ടി' അവാസ്തവീകമാണെന്നു സാക്ഷാത്കരിച്ചു കഴിഞ്ഞാല്‍ പിന്നെ സാധകന്‍ ഇല്ല. പക്ഷേ ഈയൊരു സാക്ഷാത്കാരനിറവിലെത്തുക എളുപ്പമേയല്ല.

വസിഷ്ഠന്‍ പറഞ്ഞു: നിന്റെ സംശയങ്ങള്‍ കഥകളിലൂടെ ഞാന്‍ മാറ്റിത്തരാം. അതുമൂലം നിനക്ക്‌ സൃഷ്ടിയുടെ യാഥാര്‍ത്ഥ്യം സാക്ഷാത്കരിച്ച്‌ പ്രബുദ്ധമായ ഒരു ജീവിതം നയിക്കാം. 

May 26, 2012

044 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 044


പൂർണ്ണാത് പൂർണ്ണം പ്രസരതി സംസ്ഥിതം പൂർണ്ണമേവ തത്
അതോ വിശ്വമനുത്പന്നം യച്ചോത്പന്നം തദേവ തത് (3/10/29)


രാമന്‍ പറഞ്ഞു: മഹാത്മന്‍ , അതിനെ എങ്ങിനെയാണ്‌ ശൂന്യമല്ലെന്നും, പ്രകാശമാനമല്ലെന്നും, ഇരുട്ടല്ലെന്നും മറ്റും പറയാന്‍ കഴിയുക? അങ്ങു പറയുന്ന പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ എന്നില്‍ ചിന്താക്കുഴപ്പമുണ്ടാക്കുന്നു.

വസിഷ്ഠന്‍ പറഞ്ഞു: രാമ: നീയിപ്പോള്‍ പക്വതയില്ലാത്തവര്‍ ചോദിക്കുന്ന തരം ചോദ്യമാണു ചോദിച്ചത്‌. എങ്കിലും ഞാന്‍ അതിനു ശരിയായ ഉത്തരം വിശദീകരിച്ചുതന്നെ നല്‍കാം. ഇതുവരെ കൊത്തിയെടുത്തിട്ടില്ലെങ്കില്‍പ്പോലും ഒരു ശിലയില്‍ ശില്‍പ്പം എന്നും ഉണ്ടായിരുന്നു. അതുപോലെ ലോകമെന്നത്‌ നീ സത്തായോ അസത്തായോ കണക്കാക്കിയാലുമില്ലെങ്കിലും അതു പരബ്രഹ്മത്തില്‍ സഹജമായി ലീനമത്രേ. അതുകൊണ്ട്‌ അതിനെ 'ഇല്ലാത്തത്‌' എന്നു പറയാന്‍ കഴിയില്ല. ശാന്തസമുദ്രത്തില്‍ തിരകള്‍ കാണുന്നില്ല എന്നതുകൊണ്ട്‌ അവ ഇല്ല എന്നു പറയാന്‍ കഴിയാത്തതുപോലെ പരബ്രഹ്മം ലോകശൂന്യം എന്നു പറയുക വയ്യ. ഈ ഉദാഹരണങ്ങള്‍ക്ക്‌ പരിമിതമായ ഉപയോഗമേയുള്ളു എന്നറിയുക. 

സത്യത്തില്‍ ഈ ലോകം പരബ്രഹ്മത്തില്‍ നിന്നും ഉദ്ഭൂതമായി തിരികെ അതില്‍ ത്തന്നെ വിലീനമാവുന്നു എന്നുപറഞ്ഞാല്‍ അതും ശരിയല്ല. കാരണം പരബ്രഹ്മം മാത്രമേ എക്കാലവും നിലനില്‍ക്കുന്നുള്ളു. ഒരുവന്‍ അതിനെ ശൂന്യമെന്നു ചിന്തിക്കുന്നത്‌ അത്‌ ശൂന്യമല്ല എന്ന ധാരണ അവനുള്ളതുകൊണ്ടാണ്‌. അതുപോലെ അതിനെ ശൂന്യമായ ഒന്നല്ല എന്നൊരുവന്‍ ചിന്തിക്കുന്നത്‌ അതു ശൂന്യമാണെന്നൊരു ധാരണ അവനുള്ളതുകൊണ്ടാണ്‌. പരം പൊരുളിനെ ഭാസുരമാക്കാന്‍ സൂര്യപ്രഭപോലെയുള്ള വസ്തുശ്രോതസ്സുകള്‍ക്കൊന്നും കഴിയില്ല. കാരണം പരം പൊരുള്‍ അവസ്തുവത്രേ. അതു സ്വയം പ്രഭമാണ്‌. അതിനാല്‍ അത്‌ ജഢമോ ഇരുട്ടോ അല്ല. പരം പൊരുളിനെ സാക്ഷാത്കരിക്കാന്‍ 'മറ്റൊരു' വസ്തുവിനാവില്ല. അതിനു സ്വയം സാക്ഷാത്കരിക്കാനേ കഴിയൂ. അനന്തമായ അവബോധം അനന്തമായ അകാശത്തേക്കാള്‍ പവിത്രം. ലോകം ഈ അനന്തതപോലെയത്രേ. 

കപ്പല്‍ മുളകിന്റെ സ്വാദുനോക്കാത്തവന്‌ അതറിയാത്തപോലെ വസ്തുനിഷ്ഠമായ പഠനം കൂടാതെ ഒരുവന്‌ അനന്തതാവബോധം അനുഭവവേദ്യമാവുകയില്ല. അങ്ങിനെ ഈ ബോധം ജഢമായും ചേതനാഹീനമായും തോന്നുന്നു. ലോകങ്ങളും അതുപോലെയത്രേ. പ്രത്യക്ഷമായ സമുദ്രത്തില്‍ അലകള്‍ പ്രകടമെന്നതുപോലെ രൂപഭാവരഹിതമായ ബ്രഹ്മത്തില്‍ ലോകങ്ങളും രൂപഭാവങ്ങളില്ലാതെ നിലകൊള്ളുന്നു.

"അനന്തതയില്‍ നിന്നും അനന്തത ഉയര്‍ന്നുദ്ഭവിച്ചു അനന്തമായിത്തന്നെ നിലനില്‍ക്കുന്നു. അതിനാല്‍ ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല. അത്‌ എന്തില്‍നിന്നുദ്ഭവിച്ചുവോ അതായിത്തന്നെ നിലനില്‍ക്കുകയാണ്‌." (പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം). ആശയങ്ങളാകുന്ന ഇന്ധനം മനസ്സില്‍ ചിന്തകളുണ്ടാക്കുന്നു. അവയെ പിന്‍വലിച്ചുകഴിഞ്ഞാല്‍ 'ആത്മാവ്‌' എന്ന ധാരണയ്ക്ക്‌ അന്ത്യമായി. അപ്പോള്‍ എന്തുണ്ടോ അതാണ്‌ അനന്തം. ഏതാണോ ഉറക്കമോ ജഢമോ അല്ലാത്തത്‌ അതാണനന്തം. ഈ അനന്തതയിലാണ്‌ അറിവ്‌, അറിയുന്നവന്‍ , അറിയപ്പെടുന്നവസ്തു എന്നീ ത്രിപുടികള്‍ ധിഷണയുടെ അഭാവത്തില്‍ ഒന്നായി നിലനില്‍ക്കുന്നത്‌.

May 25, 2012

043 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 043


ദൃഷ്ടൃദർശനദൃശ്യാനാം മധ്യേ യദ് ദർശനം സ്ഥിതം
സാധോ തദവധാനേന സ്വാത്മാനമവബുദ്ധ്യസേ (3/9/75)


രാമന്‍ പിന്നേയും ചോദിച്ചു: ഭഗവന്‍ , എന്റെ ധാരണ പിഴച്ചിരിക്കുന്നു. അങ്ങു പറഞ്ഞ ആ അവസ്ഥ എങ്ങിനെയാണെനിക്കു സ്വാംശീകരിക്കാനാവുക?

വസിഷ്ഠന്‍ പറഞ്ഞു: രാമ: മുക്തി എന്നുപറഞ്ഞാല്‍ അത്‌ നിരുപാധികമായ ബ്രഹ്മമാണ്‌. അതുമാത്രമാണ്‌.  'ഞാന്‍ ', 'നീ' എന്നീ ധാരണകള്‍ , വെറും ധാരണകള്‍ മാത്രമാണ്‌. അവ ഒരിക്കലും ഉണ്ടായിട്ടേയില്ല. ബ്രഹ്മമാണ്‌ ഇക്കാണപ്പെടുന്ന എല്ലാമായത്‌ എന്നു നമുക്കെങ്ങിനെ പറയാനാവും? രാമ: ആഭരണങ്ങളില്‍ ഞാന്‍ സ്വര്‍ണ്ണം മാത്രം കാണുന്നു. അലകളില്‍ ഞാന്‍ ജലം കാണുന്നു. വായുവില്‍ ഞാന്‍ ചലനം മാത്രം കാണുന്നു. ആകാശത്തില്‍ ഞാന്‍ ശൂന്യത ദര്‍ശിക്കുന്നു. മരീചികയില്‍ ഞാന്‍ താപത്തെ തിരിച്ചറിയുന്നു. അതുപോലെ ഞാന്‍ ബ്രഹ്മത്തെയാണറിയുന്നത്‌. വിശ്വത്തെയല്ല.

പ്രപഞ്ചമെന്ന ധാരണ അനാദിയായ അവിദ്യ തന്നെയാണ്‌. എങ്കിലും സത്യാന്വേഷണം കൊണ്ട്‌ അപ്രത്യക്ഷമാവുന്നതാണീ അവിദ്യ. തുടങ്ങിയതിനു മാത്രമേ അവസാനമുള്ളു. ഈ ലോകം ഒരിക്കലും ഉണ്ടായിട്ടില്ല; പക്ഷേ അങ്ങിനെ കാണപ്പെടുകയാണ്‌. ഈ സത്യത്തെയാണ്‌ ഈ അദ്ധ്യായത്തില്‍ വിശദീകരിച്ചു പറയുന്നത്‌. 

ഇക്കഴിഞ്ഞ വിശ്വപ്രളയത്തിനു മുന്‍പ്‌ കാണപ്പെട്ടവയെല്ലാം പ്രളയത്തില്‍ അപ്രത്യക്ഷമായി. അതോടെ അനന്തത മാത്രം അവശേഷിച്ചു. അത്‌ ശൂന്യമോ രൂപമുള്ളതോ അല്ല. ദൃഷ്ടിയോ ദൃഷ്ടാവോ അല്ല. അതുണ്ടെന്നോ ഇല്ലെന്നോ പറയാനും വയ്യ. കണ്ണൂം നാക്കും ചെവിയും അതിനില്ലെങ്കിലും അതു കാണുന്നു, ഭക്ഷിക്കുന്നു, കേള്‍ക്കുന്നു. അതിനു കാരണമൊന്നുമില്ല. അത്‌ ജനിക്കാത്തതാന്‌. എന്നാല്‍ അതാണ്‌ എല്ലാറ്റിന്റേയും കാരണമായി, ജലം തിരകള്‍ക്കെന്നപോലെ, വര്‍ത്തിക്കുന്നത്‌.

എല്ലാത്തിന്റേയും സത്തയായിരിക്കുന്നത്‌ ഈ അനന്തവും ശാശ്വതവുമായ പ്രഭാവിശേഷമത്രേ. ഈ പ്രഭയിലാണ്‌ മൂന്നു ലോകങ്ങളും ഒരു മരീചികയിലെന്നപോലെ തിളങ്ങിവിളങ്ങുന്നത്‌. ഈ അനന്തത സ്പന്ദിതമാവുമ്പോള്‍ ലോകങ്ങള്‍ പ്രകടിതമായി കാണപ്പെടുന്നു. ആ സ്പന്ദനം  നിലയ്ക്കുമ്പോള്‍ ലോകങ്ങള്‍ അപ്രത്യക്ഷവുമാവുന്നു. ഒരു തീക്കൊള്ളി ചുഴറ്റുമ്പോള്‍ ഉണ്ടാവുന്ന അഗ്നിചക്രം, ചുഴറ്റല്‍ നിര്‍ത്തുമ്പോള്‍ അപ്രത്യക്ഷമായി തീക്കൊള്ളി അചലമായി നിലകൊള്ളുന്നതുപോലെയാണിത്‌.  പ്രകടനാത്മകമാണെങ്കിലും  അല്ലെങ്കിലും അത്‌ എല്ലായിടത്തും എപ്പോഴും ഒരുപോലെ നിലകൊള്ളുന്നു. ഈ സത്യമറിയാത്തപ്പോള്‍ മോഹവിഭ്രാന്തിയും അറിയുമ്പോള്‍ എല്ലാ ആസക്തിയില്‍ നിന്നും ആശങ്കകളില്‍നിന്നും വിടുതലും ലഭിക്കുന്നു.

അതാണ്‌ കാലവും, പ്രകടിതവസ്തുക്കളെക്കുറിച്ചുള്ള ധാരണയും, വസ്തുക്കളും, കര്‍മ്മവും, രൂപവും. സ്വാദും, മണങ്ങളും, ശബ്ദങ്ങളും, സ്പര്‍ശവും, ചിന്തകളുമെല്ലാം. നാമറിയുന്നതെല്ലാം അതാണ്‌. അതിനാലാണ്‌ നാമറിയുന്നതും. "അതാണ്‌ ദൃഷ്ടാവും ദൃഷ്ടിയും ദൃശ്യവും (കാണലും, കാണുന്നതും കാണുന്നവനും). നീ ഇതറിയുമ്പോള്‍ ആത്മസാക്ഷാത്കാരമായി."

May 24, 2012

042 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 042


യോ ജാഗ്രതി സുഷുപ്തസ്തോ യസ്യ ജാഗ്രൻ നവിദ്യതേ
യസ്യ നിർവാസനോ ബോധ: സ ജീവന്മുക്ത: ഉച്യതേ  (3/9/7)


രാമന്‍ ചോദിച്ചു: ഏതു മാര്‍ഗ്ഗത്തിലൂടെയാണ്‌ ഈ അറിവുനേടുക? എന്നില്‍ ഈ 'അറിയപ്പെടുന്നവ' (കാണപ്പെടുന്നവ) അസ്തമിക്കണമെങ്കില്‍ എന്തറിവാണു ഞാന്‍ നേടേണ്ടത്‌?

വസിഷ്ഠന്‍ പറഞ്ഞു: നിരന്തരം തെറ്റായ വഴിയില്‍ ചിന്തിച്ചുവരുന്നതുകൊണ്ടാണ്‌ ഈ ലോകം  യാഥാർത്ഥ്യമാണെനുള്ള തെറ്റിദ്ധാരണ നമ്മില്‍ രൂഢമൂലമായിരിക്കുന്നത്‌. എന്നാല്‍ മഹാത്മാക്കളുടെ സത്സംഗവും വേദഗ്രന്ഥങ്ങളുടെ പഠനവും എന്നുതുടങ്ങുന്നുവോ അന്ന് ഈ ചിന്തയെ മാറ്റാം. വേദഗ്രന്ഥങ്ങളില്‍ ഉത്തമം "മഹാരാമായണം" എന്നറിയപ്പെടുന്ന യോഗവാസിഷ്ഠം എന്ന ഈ കൃതിയാണ്‌. ഇതിലുള്ളത്‌ മറ്റുപലയിടത്തും കണ്ടെന്നുവരും എന്നാല്‍ ഇതില്‍ ഇല്ലാത്തത്‌ മറ്റൊരിടത്തും കണ്ടുകിട്ടുകയില്ല. ഈ കൃതി പഠിക്കാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക്‌ മറ്റുകൃതികളെ ആശ്രയിക്കാവുന്നതാണ്‌. നമുക്കതില്‍ യാതൊരാക്ഷേപവുമില്ല.

തെറ്റിദ്ധാരണ തീര്‍ത്തും നീങ്ങി സത്യം സാക്ഷാത്കരിച്ച്‌, ആ നിറവില്‍ സ്വയം ആണ്ടു മുങ്ങിയ ഒരുവന്‍ ചിന്തിക്കുന്നതും, പറയുന്നതും ഉല്ലസിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും എല്ലാം അതു തന്നെയായിരിക്കും. അവരെ ജീവന്മുക്തരെന്നും ചിലപ്പോള്‍ വിദേഹ മുക്തരെന്നും വിളിക്കുന്നു.

രാമന്‍ ചോദിച്ചു: മഹാത്മന്‍ , ജീവന്മുക്തരുടെ (ജീവിക്കുമ്പോള്‍ ത്തന്നെ മുക്തരായവര്‍ ) ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌? വിദേഹമുക്തരുടെ (ശരീരമില്ലാത്ത മുക്തര്‍ )  ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌?

വസിഷ്ഠന്‍ മറുപടി പറഞ്ഞു: സാധാരണ ഗതിയില്‍ ജീവിതം നയിക്കുമ്പോള്‍ത്തന്നെ വിശ്വത്തെ മുഴുവന്‍ അഖണ്ഡമായ ഒരു ശൂന്യതയായി അനുഭവപ്പെടുന്നവനത്രേ ജീവന്മുക്തന്‍ . അവന്‍ ഉണര്‍ന്നിരിക്കുന്നുവെങ്കിലും ദീര്‍ഘനിദ്രയുടെ പ്രശാന്തത അനുഭവിക്കുന്നു. സുഖദു:ഖങ്ങള്‍ അവനെ അലട്ടുന്നതേയില്ല. "അവന്‍ ദീര്‍ഘനിദ്രയിലും ഉണര്‍ന്നിരിക്കുന്നു. എന്നാല്‍ അവന്റെ ഉണര്‍ച്ച ലോകത്തിലേയ്ക്കല്ല. അവന്റെ വിജ്ഞാനത്തെ ലീനവാസനകളുടെ മേഘം മൂടിമറയ്ക്കുന്നില്ല."

അവന്‍ ഇഷ്ടാനിഷ്ടങ്ങളുടേയും, ഭയത്തിന്റേയും വരുതിയിലാണെന്നപോലെ കാണപ്പെട്ടേക്കാം എന്നാല്‍ വാസ്തവത്തില്‍ അവന്‍ ആകാശം പോലെ സര്‍വ്വസ്വതന്ത്രനണ്‌. അവന്‌ അഹങ്കാരമോ മനോവൃത്തികളോ ഇല്ല. കര്‍മ്മത്തിലോ അകര്‍മ്മത്തിലോ അവന്‍ ബന്ധിതനുമല്ല. അവനെ ആര്‍ക്കും ഭയമില്ല. അവന്‍ ആരേയും ഭയക്കുന്നുമില്ല. 

അവന്‍ കാലക്രമത്തില്‍ സ്വന്തം ശരീരമുപേക്ഷിക്കുന്നതോടെ വിദേഹമുക്തനാവുന്നു. വിദേഹമുക്തന്‍ ഉണ്ടെന്നും ഇല്ലെന്നും പറയാം. അത്‌  'ഞാന്‍ ' അല്ല; ഞാന്‍ അല്ലാത്തതും അല്ല. അവന്‍ പ്രദീപ്തമായ സൂര്യനാണ്‌; സംരക്ഷകനായ വിഷ്ണുവാണ്‌; സംഹാരകനായ രുദ്രനാണ്‌; സൃഷ്ടാവായ ബ്രഹ്മാവാണ്‌. ആകാശവും, ഭൂമിയും, വായുവും, ജലവും അഗ്നിയുമാണ്‌. അവന്‍ എല്ലാ ജീവനിര്‍ജ്ജീവജാലങ്ങളുടേയും അന്ത:സത്തയായ വിശ്വാവബോധം തന്നെയാണ്‌. ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങളില്‍ നിലനില്‍ക്കുന്ന എല്ലാം തീര്‍ച്ചയായും അവന്‍ മാത്രമാണ്‌.

May 23, 2012

041 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 041


ദൃഷ്ടുദൃശ്യ ക്രമോ യത്ര സ്ഥിതോപ്യസ്തമയം ഗത:
യദനാകാശമാകാശം തദ്രൂപം പരമാത്മന: (3/7/21)


രാമന്‍ ചോദിച്ചു: ഈ ഈശ്വരന്‍ അധിവസിക്കുന്നതെവിടെയാണ്‌? എനിക്കെങ്ങിനെ അദ്ദേഹത്തെ പ്രാപിക്കാന്‍ കഴിയും?

വസിഷ്ഠന്‍ പറഞ്ഞു: ഈശ്വരന്‍ എന്നു പറയപ്പെടുന്നയാള്‍ ദൂരെയൊന്നുമല്ല. ഈ ശരീരത്തില്‍ കുടികൊള്ളുന്ന ബോധം തന്നെയാണീശ്വരന്‍ . വിശ്വമാണദ്ദേഹം എന്നാല്‍ വിശ്വം അദ്ദേഹമല്ല. ശുദ്ധബോധമാണത്‌. 

രാമന്‍ പറഞ്ഞു: ഏതൊരു കുഞ്ഞിനുപോലും ഈശ്വരന്‍ ബോധസ്വരൂപനാണെന്നറിയാം. ഇതിനായി പ്രത്യേക പഠനത്തിന്റെ ആവശ്യമെന്താണ്‌?

വസിഷ്ഠന്‍ പറഞ്ഞു: ശുദ്ധബോധമാണ്‌ വസ്തുപ്രപഞ്ചമെന്ന അറിവുള്ളവന്‌ വാസ്തവത്തില്‍ ഒന്നും അറിയില്ല. പ്രപഞ്ചവും ജീവാത്മാവും ചേതനയുള്ളതാണ്‌. ഈ ചേതനയാണ്‌ അറിയപ്പെടുന്നവയെ സൃഷ്ടിച്ച്‌ ദു:ഖങ്ങളിലാമഗ്നമാവുന്നത്‌. ഈ 'അറിയപ്പെടുന്നവകള്‍ ' ഇല്ലാതായി ശ്രദ്ധ ശുദ്ധബോധത്തിലേയ്ക്കുന്മുഖമാവുമ്പോള്‍ (അറിയപ്പെടാനാവാത്തതിലേയ്ക്ക്‌) ഒരുവന്‌ ദു:ഖങ്ങള്‍ക്കതീതമായ സാഫല്യം കൈവരുന്നു.

അറിയപ്പെടുന്നവ ഇല്ലാതായാല്‍ മാത്രമേ അവയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പറ്റുകയുള്ളു. ജീവാത്മാവ്‌ സംസാരത്തില്‍ മുഴുകിയിരിക്കുന്നു എന്ന കേവലജ്ഞാനം മാത്രം ഉണ്ടായതുകൊണ്ടു കാര്യമില്ല. എന്നാല്‍ പരം പൊരുളിനെ അറിഞ്ഞാല്‍ ദു:ഖങ്ങള്‍ക്ക്‌ അറുതിയായി. 

രാമന്‍ പറഞ്ഞു: ഭഗവന്‍ , ഈശ്വരനെപ്പറ്റി വിശദമായി പറഞ്ഞുതന്നാലും

വസിഷ്ഠന്‍ മറുപടിയായി പറഞ്ഞു: ഈ പ്രപഞ്ചം തന്നെ ഇല്ലാതായിത്തീരുന്ന ആ വിശ്വാവബോധം എന്താണോ അതാണീശ്വരന്‍ . "അവനില്‍ വിഷയവും വിഷയിയും തമ്മിലുള്ള ബന്ധം നിലച്ചതായി കാണപ്പെടുന്നു. പ്രത്യക്ഷമായ ഈ വിശ്വപ്രപഞ്ചം സ്ഥിതിചെയ്യുന്നതായി തോന്നുന്നത്‌ ഈശ്വരനെന്ന ശൂന്യതയിലാണ്‌. അവനില്‍ വിശ്വാവബോധം മഹാമേരുവിനേപ്പോലെ അചലമാണ്‌."

രാമന്‍ വീണ്ടും ചോദിച്ചു: നാം സത്തെന്നു ചിന്തിച്ചു വിശ്വസിച്ച പോരുന്ന ഈ വിശ്വം ഉണ്മയല്ലെന്ന സത്യം നമുക്കെങ്ങിനെ അനുഭവസിദ്ധമാക്കാം?

വസിഷ്ഠന്‍ അതിനുത്തരമായിപ്പറഞ്ഞു: ഈശ്വരനെ സാക്ഷാത്കരിക്കണമെങ്കില്‍ വിശ്വം ഉണ്മയല്ലെന്നുള്ള കാര്യം ഉള്ളില്‍ ദൃഢീകരിച്ചാല്‍ മാത്രമേ സാധിക്കൂ. ആകാശത്തിന്റെ നീലിമ സത്യമല്ലെന്നുള്ള അറിവുപോലെ അതുള്ളില്‍ സുവിദിതമാകണം. ദ്വന്ദത എന്ന ധാരണ ഏകതയെക്കുറിച്ചുള്ള മുന്‍ ധാരണയില്‍ അധിഷ്ഠിതമാണ്‌. അതുപോലെ അദ്വൈതം (രണ്ടില്ല) എന്ന ധാരണ ദ്വൈതസങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌. സൃഷ്ടിയെന്നത്‌ ഉണ്മയേ അല്ലെന്ന് നിശ്ശേഷം ബോദ്ധ്യമായാലേ ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ ആവൂ.

May 22, 2012

040 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം - 040


യസ്മാദ്വിഷ്ണവാദയോ ദേവാ: സൂര്യാദിവ മരീചയ:
യസ്മാജ്ജഗന്ത്യാനന്താനി ബുദ്ബുദാ ജലധേരിവ (3/5/9)


രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഈ മനസ്സ്‌ ആവിര്‍ഭവിച്ചത്‌ എന്തില്‍ നിന്നാണ്‌? എങ്ങിനെയാണ്‌ അതുത്ഭവിച്ചത്‌? ദയവായി എന്നെ പ്രബുദ്ധനാക്കിയാലും.

വസിഷ്ഠന്‍ പറഞ്ഞു: വിശ്വമഹാപ്രളയം കഴിഞ്ഞ്‌ അടുത്തയുഗാരംഭത്തിനു മുന്‍പ്‌ വസ്തുപ്രപഞ്ചം പരിപൂര്‍ണ്ണ സംതുലിതാവസ്ത്ഥയിലായിരുന്നു. അവിടെ അനശ്വരനും ഇതുവരെ പിറവിയെടുക്കാത്തവനും സ്വയം പ്രഭയുള്ളവനും, സര്‍വ്വ ശക്തിശാലിയും എല്ലാത്തിന്റെ ഉണ്മയുമായ പരം പൊരുളായി ഈശ്വരന്‍ ഉണ്ടായിരുന്നു. ധാരണകള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതനായ അവന്‌ ആത്മാവെന്നും മറ്റും നാമമുള്ളത്‌ ഓരോരുത്തരുടെ അഭിമതം മാത്രമാണ്‌. സത്യത്തില്‍ അവന്‍ സര്‍വ്വസ്വമാണെങ്കിലും ലോകത്തിലാരും അവനെ സാക്ഷാത്കരിക്കുന്നില്ല. ശരീരത്തിനുള്ളിലും അവന്റെ വ്യാപ്തി നിലനില്‍ക്കുമ്പോഴും അവന്‍ അകലെയാണ്‌. "സൂര്യനില്‍ നിന്നും എണ്ണമറ്റ രശ്മികള്‍ ഉദിക്കുന്നതുപോലെ അവനില്‍ നിന്നു മഹാവിഷ്ണുവടക്കം എണ്ണമറ്റ ദിവ്യ സത്വങ്ങള്‍ ആവിര്‍ഭവിക്കുന്നു. സമുദ്രജലത്തില്‍ അലകളുണ്ടാവും പോലെ അവനില്‍ നിന്നും അന്തമില്ലാതെ ലോകങ്ങള്‍ ഉദ്ഭവിക്കുന്നു."

വിശ്വാവബോധമായ അവനില്‍ എണ്ണമറ്റ വിഷയവസ്തുക്കള്‍ 'പ്രവേശി'ക്കുന്നു. ആത്മാവും പ്രപഞ്ചവും അവന്റെ പ്രകാശത്തില്‍ തിളങ്ങുന്നു. അവന്‍ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളുടേയും സ്വഭാവസവിശേഷതകളെ നിയന്ത്രിക്കുന്നു. മരുഭൂമിയിലെ കാനല്‍ ജലം പ്രത്യക്ഷവും അപ്രത്യക്ഷവുമാവുന്നപോലെ ലോകങ്ങള്‍ ഉണ്ടായി മറയുന്നു. അവന്റെ രൂപം (ലോകം) ഇല്ലാതാവുമ്പോഴും ആത്മാവ്‌ മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു. 

അവന്‍ എല്ലാറ്റിലും അധിവസിക്കുന്നു. അവന്‍ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നാല്‍ , സമൃദ്ധമാണുതാനും. അവന്റെ സാന്നിദ്ധ്യംകൊണ്ടു തന്നെ ഈ ജഢമായ ലോകവും അതിലധിവസിക്കുന്നവരും എപ്പോഴും കര്‍മ്മനിരതരായിരിക്കുന്നു. അവന്‍ സാര്‍വ്വഭൌമനും, സര്‍വ്വശക്തനും സര്‍വജ്ഞനുമാകയാല്‍ ചിന്താമാത്രയില്‍ വസ്തുക്കളെ സൃഷ്ടിക്കാന്‍ അവനു കഴിയുന്നു. രാമ: ഈ പരം പൊരുളിനെ അറിയാന്‍ വിജ്ഞാനം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും കഴിയില്ല. യാഗാദികര്‍മ്മങ്ങള്‍കൊണ്ടും സാദ്ധ്യമല്ല.

ഈ  ആത്മാവ്‌  അടുത്തല്ല, ദൂരേയുമല്ല. അതു ദൂരെ എവിടേയൊ ഇരിക്കുന്ന ഒന്നല്ല; വിരല്‍ ത്തുമ്പത്തല്ലെന്നുമില്ല. ആനന്ദാനുഭവമായി കാണപ്പെടുന്ന അവനെ സ്വരൂപമായേ സാക്ഷാത്കരിക്കാനാവൂ. തപസ്സ്‌, ദാനം, യാഗകര്‍മ്മാദികള്‍ , വ്രതം എന്നിവയൊന്നും ആത്മസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുകയില്ല. മഹാത്മാക്കളുടെ സത്സംഗവും വേദഗ്രന്ഥങ്ങളുടെ പഠനവും മാത്രമേ അതിനു സഹായകമായുള്ളു. കാരണം അവ മോഹത്തേയും അജ്ഞാനത്തേയും നീക്കുന്നു. മുക്തിപാതയിലെ യാത്രയില്‍ ആത്മാവുമാത്രമേ സത്യവസ്തുവായുള്ളൂ എന്ന അറിവുറച്ചവനും ദുരിതങ്ങളെ മറികടക്കേണ്ടതായുണ്ട്‌. തപസ്സും സന്യാസവും സ്വാര്‍ജ്ജിത പീഢനങ്ങളത്രേ.

മറ്റുള്ളവരെ കബളിപ്പിച്ചുണ്ടാക്കുന്ന ധനംകൊണ്ട്‌ എത്ര ദാനധര്‍മ്മങ്ങള്‍ ചെയ്താലും എന്തു ഫലം? അത്തരം ദാനകര്‍മ്മങ്ങളുടെ ഉചിത  പ്രതിഫലം മാത്രമേ ലഭിക്കൂ. മതപരമായ അനുഷ്ഠാനങ്ങള്‍ ഒരുവന്റെ പൊങ്ങച്ചം കൂട്ടാനേ ഉപകരിക്കൂ. എന്നാല്‍  ആത്മാവിനെക്കുറിച്ചുള്ള അവിദ്യയകറ്റാന്‍ ഒരേ ഒരു പോംവഴിയേയുള്ളു. നിശ്ചയദാര്‍ഢ്യത്തോടെ ഇന്ദ്രിയസുഖങ്ങള്‍ക്കായുള്ള ആസക്തി ഉപേക്ഷിക്കുക എന്ന ഒറ്റമൂലിയാണത്‌.

May 21, 2012

039 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 039


ന ദൃശ്യമസ്തി സദ്രൂപം ന ദൃഷ്ടാ ന ച ദർശനം
ന ശൂന്യം ന ജഡം നോ ചിച്ഛാന്തമേവേദമാതതം (3/4/70)


വാല്‍മീകി പറഞ്ഞു: മഹര്‍ഷിയുടെ വാക്കുകളെക്കുറിച്ചു ധ്യാനിക്കാനും ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ വെളിച്ചം വീശാനുമായി സൂര്യന്‍ പടിഞ്ഞാറുള്ള മലകള്‍ക്കുപിന്നിലേയ്ക്കു മറഞ്ഞു. സഭ വൈകുന്നേരത്തെ പ്രാത്ഥനകള്‍ക്കായി പിരിഞ്ഞു. അടുത്ത പ്രഭാതത്തില്‍ എല്ലാവരും സഭയില്‍ സന്നിഹിതരായി. രാമന്‍ പറഞ്ഞു: മനസ്സെന്നാല്‍ എന്തെന്ന് ദയവായി വിശദമാക്കിയാലും.

വസിഷ്ഠന്‍ പറഞ്ഞു: ശൂന്യമായ ഇടത്തിന്‌ ആകാശം എന്നു പേര്‌. അതുപോലെ മനസ്സെന്നത്‌  'ഒന്നുമില്ലാത്ത' നിശ്ശൂന്യതയാണ്‌. മനസ്സ്‌ സത്യമാണെങ്കിലും അല്ലെങ്കിലും വസ്തുക്കളെപ്പറ്റിയുള്ള അവബോധമാണത്‌. മനസ്സ്‌ , ചിന്തകളാണ്‌ - രണ്ടുംതമ്മില്‍ വ്യത്യാസമേതുമില്ല. ആദ്ധ്യാത്മികശരീരത്താല്‍ മൂടിയിരിക്കുന്ന ആത്മാവാണ്‌ മനസ്സ്‌. ഭൌതീകശരീരത്തെ അല്ലെങ്കില്‍ വസ്തുബോധത്തെ നിലനിര്‍ത്തുന്നത്‌ മനസ്സാണ്‌. അവിദ്യ, സംസാരം, മനോ-വസ്തു, ബന്ധനം, അന്ധകാരം, ജഢം എന്നെല്ലാം അറിയപ്പെടുന്നത്‌ ഈ ഒന്നിനെത്തന്നെയാണ്‌. അനുഭവം തന്നെയാണ്‌ മനസ്സ്‌. പഞ്ചേന്ദ്രിയങ്ങളിലൂടെ അറിയുന്നതാണ്‌ (ദര്‍ശിക്കുന്നതാണ്‌) മനസ്സ്‌.

ഈ വിശ്വം മുഴുവനും ഓരോ പരമാണുവിലും കുടികൊള്ളുന്ന ബോധത്തില്‍നിന്നും വിഭിന്നമല്ല. ഓരോ ആഭരണങ്ങളുടേയും സത്ത സ്വര്‍ണ്ണം തന്നെയാണല്ലോ. സ്വര്‍ണ്ണത്തില്‍ ആഭരണങ്ങളുടെ 'സാദ്ധ്യത' ലീനമാണ്‌. അതുപോലെ വസ്തുക്കള്‍ ദൃഷ്ടാവില്‍ ലീനമത്രേ. (വിഷയം വിഷയിയില്‍ സാധ്യതകളായി കുടികൊള്ളുന്നു.) വിഷയിയില്‍ നിന്നും വിഷയവസ്തുവിനെ തീര്‍ത്തും നീക്കംചെയ്താല്‍ ബോധം മാത്രം അവശേഷിക്കുന്നു. ഇതില്‍ സാധ്യതയായിപ്പോലും വിഷയവസ്തുവിന്റെ സാന്നിദ്ധ്യമില്ല. ഈ സാക്ഷാത്കാരം മൂലം ഇഷ്ടാനിഷ്ടങ്ങള്‍ , രാഗദ്വേഷങ്ങള്‍ തുടങ്ങിയ ദൂഷ്യങ്ങളും ഞാന്‍ , നീ, ലോകം തുടങ്ങിയ തെറ്റിദ്ധാരണകളും ഇല്ലാതാവുന്നു. വസ്തു അവബോധം ഒരു വാസനയായിപ്പോലും അവശേഷിക്കാതിരിക്കുമ്പോള്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ്‌. 

രാമന്‍ ചോദിച്ചു: മഹാത്മന്‍ , വിഷയവസ്തു സത്യമാണെങ്കില്‍ അത്‌ നശിക്കുകയില്ല. എന്നാല്‍ അത്‌ അസത്താണെങ്കിലും നാം അതിനെ അങ്ങിനെത്തന്നെ അറിയുന്നില്ലെങ്കില്‍ എങ്ങിനെ  നമുക്കതിനെ അതിജീവിക്കാനാവും?

വസിഷ്ഠന്‍ പറഞ്ഞു: രാമ: മഹാത്മാക്കള്‍ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി നമുക്കറിയാം. ആകാശം തുടങ്ങിയ ബാഹ്യവസ്തുക്കള്‍ , 'ഞാന്‍ ' മുതലായ മനോവിഷയങ്ങള്‍ എന്നിവ നിലനില്‍ക്കുന്നത്‌ നാമങ്ങളില്‍ മാത്രമാണ്‌. "വാസ്തവത്തില്‍ വസ്തുപ്രപഞ്ചമോ, വിഷയാവബോധം കൊള്ളുന്ന ഞാനോ, അവബോധമെന്ന പ്രതിഭാസമോ, ശൂന്യതയോ, ജഢത്വമോ ഒന്നും ഉണ്മയില്‍ നിലനില്‍പ്പുള്ളതല്ല. വിശ്വബോധം (ചിത്ത്‌) മാത്രമേ ഉണ്മയായിട്ടുള്ളൂ." ഇതിനുള്ളില്‍ മനസ്സാണ്‌ ഇന്ദ്രജാലത്തിലെന്നവണ്ണം നാനാവിഷയങ്ങളും, വൈവിധ്യമാര്‍ന്ന കര്‍മ്മാനുഭവങ്ങളും, ബന്ധനത്തിലാണെന്ന തോന്നലും, ബന്ധവിമോചനത്തിനുള്ള ആഗ്രഹങ്ങളും ഉണ്ടാക്കുന്നത്‌. 

May 20, 2012

038 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 038


ആതിവാഹികമേവാന്തർവിസ്മൃത്യാ ദൃഢരൂപയാ
ആധിഭൗതിക ബോധേന മുദ്ധാ ഭാതി പിശാചവത് (3/3/22)


വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടാവില്‍ ഓര്‍മ്മകള്‍ ഒന്നും അവശേഷിക്കുന്നില്ല, കാരണം അദ്ദേഹത്തിന്‌ 'കര്‍മ്മം' ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‌ ഭൌതീകമായി ഒരു ശരീരം പോലും ഉണ്ടായിരുന്നില്ല. അതൊരു ആത്മീയവസ്തു മാത്രമായിരുന്നു. മര്‍ത്ത്യന്‌ (മൃത്യുവശഗന്‌) രണ്ടു ശരീരങ്ങളാണ്‌- ഭൌതീകശരീരവും ആത്മീയശരീരവും. ഇനിയും 'ജനിച്ചിട്ടില്ലാത്ത്‌' സൃഷ്ടാവിന്‌ ആത്മീയശരീരം മാത്രമേയുള്ളു എന്നതുകൊണ്ട്‌ ഭൌതീകശരീരമുണ്ടാവാനുള്ള കാരണങ്ങള്‍ ഒന്നും അവനില്‍ ഇല്ല. ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത അവനാണ്‌ സര്‍വ്വ ജീവജാലങ്ങളുടേയും സൃഷ്ടാവ്‌. 

തീര്‍ച്ചയായും സ്വര്‍ണ്ണാഭരണങ്ങളുടെ സ്വത്ത്വം സ്വര്‍ണ്ണമാണെന്നതുപോലെ സൃഷ്ടിക്കപ്പെട്ടവയുടെയെല്ലാം സത്ത സൃഷ്ടാവിന്റേതു തന്നെയത്രേ. സ്വയം ശരീരമില്ലാതെ വെറും ചിന്തകള്‍ കൊണ്ട്‌ ഈ വിവിധങ്ങളായ സൃഷ്ടികളെ സൃഷ്ടിച്ചുവെങ്കില്‍ ഈ സൃഷ്ടികളും ചിന്തകളുടെ രൂപത്തിലാവണമല്ലോ. അവയില്‍ ഭൌതികവസ്തു ഉണ്ടാവുക വയ്യ. സൃഷ്ടാവില്‍ ഉണ്ടായ ഒരു സ്പന്ദനം ചിന്തകളായി വിശ്വമാകെ വികസിച്ചു. ഈ ബോധസ്വരൂപമായ സ്പന്ദനമാണ്‌ ജീവികളിലെ സൂക്ഷ്മശരീരം. ചിന്താനിര്‍മ്മിതികളായതുകൊണ്ട്‌ ഇവകള്‍ക്കെല്ലാം പ്രകടിതമായ ഒരു  താല്‍ക്കാലിക നിലനില്‍പ്പ്‌ മാത്രമേയുള്ളു. പക്ഷേ അവയിലെല്ലാം സ്വയം സത്താണെന്നുള്ള ചിന്തയുറച്ചിരിക്കുന്നു. ഈ പ്രകടിതാവസ്ഥ ഭാവനയില്‍ മാത്രമാണെങ്കില്‍ ക്കൂടി അവ അനുഭവപ്രതികരണങ്ങള്‍ക്കു കാരണമായി. സ്വപ്നത്തിലെ ലൈംഗീകാസ്വാദനം പോലെ ഭാവനാസൃഷ്ടിയുടെ പരിണിതഫലമാണിത്‌.

ഇക്കഥയിലെ മഹാത്മാവ്‌ - സൃഷ്ടാവ്‌- സ്വയം ശരീരമില്ലെങ്കിലും ശരീരമുള്ളതുപോലെ കാണപ്പെടുകയാണ്‌. ഇദ്ദേഹത്തിനും രണ്ടു പ്രകൃതികളുണ്ട്‌. ഒന്ന് ബോധസ്വരൂപം, രണ്ട്‌ ചിന്താസ്വരൂപം. ബോധം നിര്‍മ്മലം; ചിന്തകളോ അവ്യക്തം. അതുകൊണ്ട്‌ അയാള്‍ ജീവാത്മാവായി ഉയിര്‍ക്കുന്നതായി കാണപ്പെടുന്നു. ലോകത്തെ മുഴുവന്‍ നയിക്കുന്ന ബോധത്തില്‍ - വിശ്വബോധത്തില്‍ ഉദിച്ചുയരുന്ന ഓരോ ചിന്തകളും ഓരോ സൃഷ്ടികളാവുന്നു.

"ഈ സൃഷ്ടിക്കപ്പെട്ട രൂപങ്ങളെല്ലാം ശുദ്ധബോധസ്വരൂപമാണെങ്കിലും സ്വരൂപത്തെ മറന്നതിനാലും ഭൌതീകശരീരത്തെപ്പറ്റി ചിന്തിച്ചതിനാലും അവര്‍ അതതു ശരീരരൂപഭാവങ്ങളില്‍ മൂര്‍ത്തീകരിക്കുന്നു. കാണുന്നവന്റെ വിഭ്രാന്തിക്കനുസരിച്ച്‌ ശരീരരഹിതരായ ഭൂതപിശാചുക്കള്‍ക്ക്‌ ഒരുവന്റെ മനസ്സില്‍ രൂപമുണ്ടാവുന്നതുപോലെയത്രെ ഇത്‌."

എന്നാല്‍ സൃഷ്ടാവിന്‌ അത്തരം വിഭ്രാന്തികളൊന്നുമില്ല. അദ്ദേഹത്തിന്റെ അസ്തിത്വം ആത്മനിഷ്ഠമാണ്‌; വസ്തുനിഷ്ഠമല്ല. സൃഷ്ടാവിന്റെ സത്ത ആത്മനിഷ്ഠമാണെങ്കില്‍ സൃഷ്ടികള്‍ക്കും അതപ്രകാരമായിരിക്കണം. സൃഷ്ടിക്ക്‌ കാരണമേതുമില്ല. പരമാത്മാവായ ബ്രഹ്മത്തിനെന്ന പോലെ സൃഷ്ടിയുടേയും സത്ത ആത്മാവത്രേ. ആകാശത്തിലെ കോട്ടപോലെ, സ്വമനസ്സില്‍ , സങ്കല്‍പ്പിച്ചു, കെട്ടിപ്പൊക്കുന്ന ഭാവനകളാണ്‌ സൃഷ്ടികളായി സാക്ഷാത്കരിക്കപ്പെടുന്നത്‌. 

സൃഷ്ടാവ്‌ മനസ്സാണ്‌; ശുദ്ധബോധമാണദ്ദേഹത്തിന്റെ ശരീരം. മനസ്സിനു മനനം സഹജം. കാണുന്നവനില്‍ കാണപ്പെടുന്ന വസ്തു അന്തര്‍ലീനം. ഇവകള്‍ തമ്മിലുള്ള അന്തരം ആരെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ?

May 19, 2012

037 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 037


പ്രാണസ്പന്ദോ സ്യ യത്കർമ ലക്ഷ്യതേ ചാസ്മദാദിഭി:
ദൃശ്യതേസ്മാഭിരേവം തത്ര ത്വസ്യാസ്ത്യത്ര കർമ്മധീ: (3/2/25)


വസിഷ്ഠന്‍ തുടര്‍ന്നു: ആകാശജന്‍ എന്നുപേരായ ഒരു മഹാത്മാവുണ്ടായിരുന്നു. അദ്ദേഹം സര്‍വ്വരുടേയും ക്ഷേമത്തിനായി നിരന്തരം ധ്യാനനിരതനായിരുന്നു. ദീര്‍ഘകാലം ജീവിച്ചശേഷം മരണം അദ്ദേഹത്തെ കൊണ്ടുപോവാന്‍ വന്നടുത്തു. എന്നാല്‍ ഒരു തീവ്രമായ അഗ്നിവലയം അദ്ദേഹത്തിനു ചുറ്റും ഉണ്ടായിരുന്നതുകൊണ്ട്‌ മരണത്തിന്‌ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയാതെവന്നു. തീവലയത്തെ പ്രതിരോധിച്ചുവെങ്കിലും അദ്ദേഹത്തെ തൊടാന്‍ പോലും മരണത്തിനു സാധിച്ചില്ല. നാണംകെട്ട്‌ , മരണം ഈ അസാധാരണ പ്രതിഭാസത്തെപ്പറ്റി പരാതിയുമായി മനുഷ്യന്റെ ഭാഗധേയം നിശ്ചയിക്കുന്ന യമരാജന്റെയടുക്കല്‍ ചെന്നു. "എനിക്കെന്തുകൊണ്ടാണ്‌ അദ്ദേഹത്തെ പിടികൂടാന്‍ കഴിയാതെ വന്നത്‌?" യമന്‍ പറഞ്ഞു: മരണമേ, നീ ആരേയും കൊല്ലുന്നില്ല. മരണം ഒരുവന്റെ കര്‍മ്മഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്‌ ഈ മനുഷ്യന്റെ മരണം ഉറപ്പാക്കുന്ന കര്‍മ്മം എന്തെന്നു കണ്ടുപിടിക്കുക." വന്ധ്യ പ്രസവിച്ച മകനെവിടെയെന്നു തിരയും പോലെ അസംബന്ധമായതിനാല്‍ അയാളുടെ കര്‍മ്മത്തെപ്പറ്റി മരണത്തിന്‌ വിവരമൊന്നും കിട്ടിയില്ല. മരണം ആ വിവരം യമനെ അറിയിച്ചു.

യമന്‍ പറഞ്ഞു: "ഈ ആകാശജന്‍ എന്ന മഹാന്‍ ആകാശത്തില്‍ നിന്നു ജനിച്ചതുകൊണ്ട്‌ അവന്‌ കര്‍മ്മങ്ങള്‍ ഒന്നുമില്ല. അദ്ദേഹം ആകാശം പൊലെ നിര്‍മ്മലനാണ്‌. യാതൊരു കര്‍മ്മങ്ങളും ആര്‍ജ്ജിക്കാത്തതുമൂലം അദ്ദേഹത്തിനെ പിടിക്കാനോ ആഹരിക്കാനോ നിനക്കു സാധിക്കുകയില്ല. വന്ധ്യയുടെ പുത്രനെന്നപോലെ അവന്‍ ഇനിയും ജനിച്ചിട്ടില്ല. അവന്‌ മു  മുന്‍ജന്മകര്‍മ്മങ്ങളില്ല. അതുകൊണ്ട്‌ മനസ്സുമില്ല. അവന്‍ യാതൊരു കര്‍മ്മങ്ങളും മനസാ പോലും ചെയ്തിട്ടില്ല. അവന്‍ ഒരു ബോധഘനമാണ്‌. 

"അവന്‍ ജീവിയേപ്പോലെ തോന്നുന്നത്‌ നമ്മുടെ ദൃഷ്ടിയില്‍ മാതമാണ്‌. അവനില്‍ കര്‍മ്മബന്ധിതമാവുന്ന അത്തരം ധാരണകള്‍ യാതൊന്നുമില്ല." ബോധം ബോധത്താല്‍ പ്രതിഫലിക്കുന്നു. ആ നിഴലാകട്ടെ താന്‍ സ്വതന്ത്രമായ ഉണ്മയാണെന്നനുമാനിക്കുന്നു. ഇത്‌ തെറ്റിദ്ധാരണയാണ്‌, സത്യാവസ്ഥയല്ല. ഈ മഹാത്മാവിന്‌ അതറിയാം. എപ്രകാരം ജലം ദ്രാവകാവസ്ഥയിലാണോ, ആകാശം ശൂന്യമാണോ, അതുപോലെ ഈ മഹാത്മാവ്‌ പരമാത്മാവില്‍ വിരാജിക്കുന്നു. അദ്ദേഹത്തിന്റേത്‌ അഹൈതുകമായ ഒരു സാക്ഷാത്കാരമാണ്‌. അതുകൊണ്ട്‌ അദ്ദേഹം സ്വയംഭൂ (സ്വയംകൃതന്‍) എന്നും അറിയപ്പെടുന്നു. എന്നാല്‍ ഏതൊരുവന്‍ 'ഞാന്‍ ഈ ഭൂമി ധാതുവിനാല്‍ നിര്‍മ്മിതമായ ശരീരമാണ്‌' എന്ന വസ്തു ധാരണയില്‍ കുടുങ്ങിയിരിക്കുന്നുവോ അവനെ നിനക്ക്‌ കീഴ്പ്പെടുത്താം. 

ഈ മഹാത്മാവിന്‌ അത്തരം ധാരണകള്‍ ഒന്നുമില്ലാത്തതിനാല്‍ (ശരീരം തന്നെ ഇല്ലാത്തതിനാല്‍ ) അദ്ദേഹം നിനക്കു കീഴടങ്ങുകയില്ല. അദ്ദേഹം ജനിച്ചിട്ടുകൂടിയില്ല. അദ്ദേഹം മാറ്റങ്ങള്‍ ക്കു വിധേയമാകാത്ത ശുദ്ധബോധമാണ്‌. അന്തര്‍ലീനമായ അവിദ്യ കാരണം യുഗാരംഭത്തില്‍ അനന്തതയില്‍ ഒരു  സ്പന്ദനം  (പ്രകമ്പനം) ഉണ്ടാവുന്നു. ഒരു പ്രപഞ്ച സ്വപ്നത്തിലെന്നവണ്ണം ഈ സ്പന്ദനം  അനേകം വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളെ പ്രകടമാക്കുന്നു. എങ്കിലും ഇവയിലൊന്നും ഇടപെടാതെ ഈ മഹാത്മാവ്‌ ശുദ്ധബോധമായി നിലകൊള്ളുന്നു.

വസിഷ്ഠന്‍ പറഞ്ഞു: സൃഷ്ടാവില്‍ ദൃഷ്ടാവോ ദൃഷ്ടിയോ ഇല്ല. എങ്കിലും അദ്ദേഹം സ്വയംഭൂ - സ്വയം സൃഷ്ടിക്കപ്പെട്ടവന്‍ - എന്നറിയപ്പെടുന്നു. വിശ്വബോധത്തില്‍ ഒരു ചിത്രകാരന്റെ മനസ്സിലെ ചിത്രമെന്നപോലെ അദ്ദേഹം ദീപ്തിയോടെ വിളങ്ങുന്നു.

May 18, 2012

036 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 036

ഭാഗം 3. ഉത്പത്തി പ്രകരണം ആരംഭം 

യഥാ രസ: പദാർത്ഥേഷു യഥാ തൈലം തിലാദിഷു
കുസുമേഷു യഥാ മോദസ്തഥാ ദൃഷ്ടരി ദൃശ്യധീ: (3/1/43)

വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ഞാന്‍ സൃഷ്ടിയെപ്പറ്റിയും അതിന്റെ രഹസ്യത്തെപ്പറ്റിയും പറയാം. ലൌകീക വസ്തുവിനെ സത്തായി കണക്കാക്കുംവരെ മാത്രമേ ബന്ധനം നിലനില്‍ക്കൂ. ആ തെറ്റിദ്ധാരണ നീങ്ങുന്നതോടെ ബന്ധനത്തിനും അവസാനമായി. ഇവിടെ 'സൃഷ്ടിക്കപ്പെട്ടതിനു' മാത്രമേ വളര്‍ച്ച, തളര്‍ച്ച, നശിക്കല്‍ , സ്വര്‍ഗ്ഗ-നരക യാത്രകള്‍ എന്നിവയും പിന്നെ അവസാനം മുക്തിപദപ്രാപ്തി എന്നീ അവസ്ഥകള്‍ ഉള്ളു. വിശ്വപ്രളയത്തില്‍ സൃഷ്ടിക്കപ്പെട്ട എല്ലാം അനന്തതയില്‍ വിലീനമാവുന്നു. അതിനെയാണ്‌ ആശയവിനിമയത്തിനുവേണ്ടി ബ്രഹ്മം, ആത്മാവ്   , സത്യം എന്നീ പേരുകളാല്‍ മഹാത്മാക്കള്‍ വിളിക്കുന്നത്‌. ഇതേ പരമാത്മാവാണ്‌ ഒരുവന്റെയുള്ളില്‍ 'ഞാന്‍ , നീ' എന്ന ദ്വന്ദഭാവത്തേയും സ്ഫുരിപ്പിക്കുന്നത്‌. 

പ്രശാന്തമായ കടലിലെ ജലപ്പരപ്പില്‍ വായുക്ഷോഭം മൂലമോ മറ്റോ തിരകള്‍ ഉണ്ടാവുന്നതുപോലെ മനസ്സുണ്ടാവുന്നു. എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങളുടെയെല്ലാം സത്ത സ്വര്‍ണ്ണമാണെന്നതുപോലെ സൃഷ്ടികളുടെ ഗുണഗണങ്ങളും സൃഷ്ട്യുന്മുഖമായ സര്‍ഗ്ഗശക്തിയും എല്ലാം സൃഷടാവില്‍ അന്തര്‍ലീനമാണെന്നറിയുക. ആഭരണങ്ങള്‍ (മാല, വള, മോതിരം..) നിലനില്‍ ക്കുന്നത്‌ സ്വര്‍ണ്ണത്തിന്റെ അസ്തിത്വത്തിലാണ്‌. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ സ്വത്ത്വത്തിന്‌ ആഭരണങ്ങള്‍ അനുപേക്ഷണീയമല്ല. മനസ്സ്‌ പരമാത്മാവില്‍ നിന്നും വിഭിന്നമല്ല; കാരണം അതിന്‌ സ്വന്തമായി ഒരസ്തിത്വമില്ല. 

മരുഭൂമിയിലെ മരീചിക നല്ലൊരു നദിപോലെ കാണപ്പെടുന്നതുപോലെ സൃഷ്ടിയും തികച്ചും സത്തായി തോന്നുന്നു. 'ഞാന്‍ , നീ' എന്നതാണ്‌ സത്യം എന്ന ധാരണയുള്ളിടത്തോളം മുക്തി സാധ്യമല്ല. നാവുകൊണ്ട്‌ വെറുതേ അത്തരം ധാരണകളെ തള്ളിപ്പറഞ്ഞതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. കാരണം ആ ജല്‍പ്പനം പോലും ഏകാഗ്രതയ്ക്കു വിഘ്നമായിത്തിരുന്നു. രാമ: സൃഷ്ടിയെന്നത്‌ സത്യമാണെങ്കില്‍ അതിന്റെ അവസാനം എന്നത്‌ സാദ്ധ്യതയേതുമില്ലാത്തതാണ്‌. ഇല്ലാത്തതിന്‌ നിലനില്‍പ്പുണ്ടാവുകയില്ല എന്നതും ഉള്ളതിനെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല എന്നതും അലംഘനീയ നിയമമാണ്‌. തപസ്സ്‌, ധ്യാനം, മറ്റുകര്‍മ്മപരിപാടികള്‍ എന്നിവകൊണ്ട്‌ ഇതവസാനിപ്പിക്കാനോ പ്രബുദ്ധത കൈവരിക്കാനോ സാദ്ധ്യമല്ല. സൃഷ്ടികള്‍ നിലനില്‍ക്കുന്നിടത്തോളം നിര്‍വ്വികല്‍പ്പ സമാധി (ചിന്താരഹിതമായ അവസ്ഥ) പോലും അസാദ്ധ്യം. നിവ്വികല്‍പ്പ സമാധി സാദ്ധ്യമാണെന്നുതന്നെ വിചാരിക്കുക. എന്നാല്‍ അതില്‍ നിന്നും ഒരുനിമിഷം പിന്തിരിഞ്ഞാല്‍ സൃഷ്ടികളും ബന്ധപ്പെട്ട ദുരിതാദികളും മനസ്സില്‍ ഉയരുകയായി. ചിന്തകളുടെ സഞ്ചാരമാണ്‌ സൃഷ്ടിധാരണയ്ക്കു കാരണം. 

"എള്ളില്‍ എണ്ണപോലെ, പൂവില്‍ സുഗന്ധം പോലെ വസ്തു അവബോധമെന്നത്‌ ബോധമുള്ളവന്റെ സഹജാവസ്ഥയാണ്‌." സ്വപ്നം കാണുന്നവന്റെ അനുഭവത്തില്‍ മാത്രമേ സ്വപ്നവസ്തുക്കള്‍ക്ക്‌ അസ്തിത്വമുള്ളു. അതുപോലെ വസ്തു അവബോധം അനുഭവിക്കുന്നവന്റെ ബോധത്തില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളു. വിത്തിലുള്ള ചെടി സമയമാവുമ്പോള്‍ മുളപൊട്ടി പുറത്തുവരുമ്പോലെ ഈ സാധ്യത സൃഷ്ടിധാരണയായി പ്രകടിതമാവുന്നു. 

May 17, 2012

035 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 035


വിചാരയാചാര്യപരമ്പരാണാം മതേന സത്യേന സിതേന താവത്
യാവദ്വിശുദ്ധം സ്വയമേവ ബുദ്ധ്യോ ഹ്യനന്തരൂപം പരമഭ്യുപൈഷി (2/19/35)


വസിഷ്ഠന്‍ തുടര്‍ന്നു: കഥകള്‍ക്ക്‌ സത്യത്തെ സാധകനില്‍ എളുപ്പമെത്തിക്കുക എന്ന ഒരേയൊരു ലക്ഷ്യമേയുള്ളു. സത്യസാക്ഷാത്കാരം വളരെ പ്രധാനപ്പെട്ടതായതുകൊണ്ട്‌ കഥകള്‍ കല്‍പ്പിതങ്ങളാണെങ്കിലും അതിനു ന്യായീകരണമുണ്ട്‌. കഥകള്‍ ഭാഗികമായേ സത്യവസ്തുവിനെ മനസ്സിലാക്കാന്‍ ഉതകൂ അതിനാല്‍ ആ ഭാഗം മാത്രം സ്വീകരിച്ച്‌ ബാക്കിയുള്ള കഥാഭാഗങ്ങളെ വിട്ടുകളയുകയാണുചിതം. സത്യം അറിഞ്ഞുണരുന്നതുവരെ മാത്രമേ ഒരുവന്‌ യോഗ്യനായ ഗുരുവിന്റെ കീഴിലുള്ള വേദപഠനവും ഈ വിധ കഥകളുടേയും ആവശ്യമുള്ളു. എന്നാല്‍ പരമസാക്ഷാത്കാരം നേടി പ്രബുദ്ധത കൈവരുന്നതുവരെ അയാള്‍ സാധന ഉപേക്ഷിക്കരുത്‌. വേദങ്ങളിലെ അല്‍പമാത്രമായ അറിവ്‌ ഗുണത്തിനുപകരം ചിന്താക്കുഴപ്പത്തിനു വഴിതെളിക്കുന്നു. അപൂര്‍ണ്ണവും അപക്വവുമായ അറിവ്‌ പലേവിധ അബദ്ധധാരണകള്‍ക്കും കാരണമാവുന്നു. അല്‍പ്പജ്ഞാനികള്‍ വികടയുക്തിയുടെ പിടിയില്‍ പ്പെട്ട്‌ ഏതെങ്കിലും കല്‍പ്പിതവസ്തുവിനെ സത്യമെന്നു കരുതി, സ്വഹൃദയത്തില്‍ പരം പൊരുള്‍ കുടികൊള്ളുന്നതറിയാതെ പോകുന്നു. 

എല്ലാ തിരമാലകളുടേയും അന്ത:സത്ത സമുദ്രം തന്നെയെങ്കിലും അതിന്റെ നേരനുഭവം മാത്രമേ സത്യമാവൂ. അനുഭവിക്കുന്നവനും അനുഭവമെന്ന പ്രക്രിയയും, അനുഭവംതന്നെയും ബോധമണ്ഡലത്തിലാണുണ്ടാവുന്നത്‌. അനുഭവം മാത്രമാണുണ്മയെങ്കിലും അവിദ്യകൊണ്ട്‌ അനുഭവിക്കുന്നയാള്‍ സ്വയം അനുഭവത്തില്‍ നിന്നും ഭിന്നനായി തോന്നുന്നു. ആത്മാന്വേഷണത്തിന്റെ ഫലമായി ഉണ്ടായ അറിവിന്റെ വെളിച്ചത്തില്‍ അവിദ്യയെന്ന ഇരുട്ടു നീങ്ങി അവിച്ഛിന്നമായ ബോധം ഭാസുരമാവുമ്പോള്‍ സാധകന്റെ അന്വേഷണം പോലും അനാവശ്യമായിമാറി അത്  താനേ വിലീനമാവുന്നു. വായുവില്‍ ചലനം സഹജമെന്നതുപോലെ ഈ അനുഭവബോധത്തില്‍ വസ്തുക്കളും അവയെ സാക്ഷാത്കരിക്കുന്ന മനസ്സും സഹജമായി പ്രകടിതമത്രേ. അവിദ്യകാരണം, ഈ അവബോധക്ഷമമായ മനസ്സ്‌ 'ഞാന്‍ ഇന്നയിന്ന വസ്തുക്കളാണ്‌' എന്നു ചിന്തിച്ച്‌ ആ വസ്തുക്കളായിത്തീരുന്നു. വസ്തുക്കള്‍ നിലകൊള്ളുന്നത്‌ അവയെ അനുഭവിക്കുന്നയാളുടെ ഉള്ളില്‍ മാത്രമാണ്‌. മറ്റ്  എങ്ങും അതിന്‌ അസ്തിത്വമില്ല. 

"രാമ: ഈ അറിവു നിന്നില്‍ നേരായി ഉറയ്ക്കുന്നതുവരെ മഹത്ഗുരുക്കന്മാര്‍ പകര്‍ന്നു തരുന്ന അറിവില്‍ അഭയംതേടുക". അങ്ങിനെ നീ മഹാന്മാരില്‍ നിന്നും വിദ്യ സ്വീകരിക്കുമ്പോള്‍ നീയും അവരുടെ നിഴല്‍ പോലെ വര്‍ത്തിക്കാന്‍ തുടങ്ങും. ഒടുവില്‍ അവരുടെ സദ്ഗുണങ്ങള്‍ നിനക്കും സ്വായത്തമാവുമ്പോള്‍ നിന്നില്‍ പരം പൊരുള്‍ താനേ അറിവായുണരും. അറിവും മഹാത്മാക്കളുടെ സ്വഭാവഗുണങ്ങളുടെ അനുകരണവും പരസ്പരം പ്രചോദിപ്പിക്കുന്നു.

കുറിപ്പ്‌:
ആകാശം എന്നാല്‍ മാനം, അളവ്‌ എന്നെല്ലാം അര്‍ത്ഥം. പുസ്തകത്തില്‍ മൂന്നു പ്രധാന വാക്കുകള്‍ വരുന്നുണ്ട്‌. ചിദാകാശം, ചിത്താകാശം, പിന്നെ ഭൂതാകാശം. ചിദാകാശമെന്നാല്‍ ബോധമണ്ഡലം. ചിത്താകാശമെന്നാല്‍ മനോമണ്ഡലം. ഭൂതാകാശമെന്നാല്‍ ധാതുമണ്ഡലം. ഭഗവാന്‍ രമണമഹര്‍ഷി ഈ മൂന്നു ധാരണകളെ ഭംഗിയായി വിവരിച്ചിട്ടുണ്ട്‌. 

"ചിദാകാശം ആത്മസ്വരൂപമെന്നു പറയപ്പെടുന്നു. മനസ്സുകൊണ്ടുമാത്രമേ ഇതു കാണാന്‍ കഴിയൂ. അപ്പോള്‍പ്പിന്നെ മനസ്സൊടുങ്ങിയാല്‍ ആത്മസ്വരൂപം എങ്ങിനെ ദര്‍ശിക്കാനാവും?" ഒരാള്‍ ചോദിച്ചു. ഭഗവാന്‍ പറഞ്ഞു: "ആകാശത്തെ ഉദാഹരണമാക്കിയെടുത്താല്‍ അതിന്‌ മൂന്നു വിഭിന്ന ഭാവങ്ങളുണ്ട്‌. ചിദാകാശം, ചിത്താകാശം, ഭൂതാകാശം എന്നിവ. ചിദാകാശത്തില്‍നിന്നും 'ഞാന്‍ ' എന്നങ്കുരിക്കുന്ന 'സ്വ'ഭാവമാണ്‌ ചിത്താകാശം. ചിത്താകാശം താനേ വികസ്വരമായി പഞ്ചഭൂതങ്ങളുടെ ആകൃതിയെ പ്രാപിക്കുമ്പോള്‍ അത്‌ ഭൂതാകാശമായി. ചിത്താകാശം, ചിദാകാശത്തെ കാണാതെ ഭൂതാകാശത്തെ മാത്രം കാണുമ്പോള്‍ അതിനെ 'മനോ ആകാശം' എന്നു പറ യുന്നു. എന്നാല്‍ ഭൂതാകാശത്തെ കാണാതെ ചിദാകാശത്തെ മാത്രം ദര്‍ശിക്കുമ്പോള്‍ അതിനെ 'ചിന്മയം' - ശുദ്ധബോധം എന്നു പറയുന്നു. മനസ്സു വിലയിക്കുന്നു എന്നു പറഞ്ഞാല്‍ നാനാത്വസ്വഭാവമാര്‍ന്ന വസ്തുബോധം മറഞ്ഞ്‌ ഏകവസ്തു എന്ന ആശയം പ്രകടമാവുന്നു എന്നര്‍ത്ഥം. അപ്പോള്‍ എല്ലാം സ്വാഭാവികമായും സ്വരൂപമായി കാണപ്പെടുന്നു."

ആകാശം എന്നതിന്‌ 'മാനം' എന്ന അര്‍ത്ഥം കൂടുതല്‍ ഉചിതമാണെന്നു തോന്നുന്നു. (ഉദാഹരണത്തിന്‌ ത്രിമാനം). അനന്തബോധത്തെ ചിദാകാശമായും, ചിത്താകാശമായും ഭൂതാകാശമായും കാണുമ്പോള്‍ അത്‌ ആത്മീയം, മാനസീകം അല്ലെങ്കില്‍ ധാരണാപരം, ഭൌതീകം എന്നീ മാനങ്ങളുള്ളതായി പറയാം.

(മുമുക്ഷു പ്രകരണം എന്ന രണ്ടാം ഭാഗം അവസാനിച്ചു)

May 16, 2012

034 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 034


യുക്തിയുക്തമുപാദേയം വചനം ബലകാദപി
അന്യതൃണമിവ ത്യാജ്യമപ്യുക്തം പദ്മജന്മനാ (2/18/3)


വസിഷ്ഠന്‍ തുടര്‍ന്നു: ഈ ശാസ്ത്രത്തിലെ വിജ്ഞാനത്തിന്റെ വിത്ത്‌ പാകുന്നവന്‌  താമസംവിനാ സത്യസാക്ഷാത്കാരമെന്ന ഫലം കിട്ടുന്നു. മാനുഷീകമാണെങ്കിലും സത്യം വെളിപ്പെടുമ്പോള്‍ സര്‍വ്വത്മനാ സ്വീകരിക്കുകയും ദിവ്യമെന്നുപറഞ്ഞുതന്നാലും അസത്യമാണെങ്കില്‍ അതിനെ ഉപേക്ഷിക്കുകയും വേണം. "ചെറിയ കുട്ടി പറഞ്ഞാലും വിജ്ഞാനപ്രദമായ വാക്കുകള്‍ നാം സ്വീകരിക്കണം;  മറിച്ചാണെങ്കില്‍ ബ്രഹ്മാവു പറഞ്ഞതാണെങ്കില്‍ ക്കൂടി വെറും പുല്ലുപോലെ തള്ളിക്കളയണം."

ഇതിലെ ശാസ്ത്രോക്തികള്‍ കേട്ട്‌, ചിന്തിച്ച്‌, സാധകന്‌ അളവില്ലാത്ത അറിവിന്റെ വെളിപാടും ദൃഢനിശ്ചയവും ഇളക്കമേതുമില്ലാത്ത ആത്മശാന്തിയുടെ ശീതളിമയും സ്വായത്തമാക്കാം. അവര്‍ണ്ണനീയമായ മഹത്വമാര്‍ന്ന് അയാള്‍ താമസംവിനാ സ്വയം ഒരു ഋഷിയാവുന്നു. മായ, അല്ലെങ്കില്‍ മോഹവിഭ്രാന്തിയെന്ന മായാജാലം എന്തെന്നു തിരിച്ചറിഞ്ഞ ആ മുനി എണ്ണമില്ലാതുള്ള ബ്രഹ്മാണ്ഡങ്ങളുടെ അടിസ്ഥാനമായി വിരാജിക്കുന്ന ആ അപരിച്ഛിന്നമായ ബോധസത്തയെ അനന്തമായ ദിവ്യദൃഷ്ടിയാല്‍ സാക്ഷാത്കരിക്കുന്നു. അയാള്‍ ഓരോ അണുവിലും അനന്തതയെ ദര്‍ശിക്കുന്നതുകൊണ്ട്‌ സര്‍ഗ്ഗപ്രക്രിയകളുടെ ഉയര്‍ച്ച താഴ്ച്ചകളില്‍ ചഞ്ചലചിത്തനാവുന്നില്ല. അതുകൊണ്ട്‌ അയാള്‍ സ്വമേധയാ വന്നുചേരുന്നതിനെ സര്‍വ്വാത്മനാ സ്വീകരിക്കുന്നു. അയാള്‍ പൊയ്പോയതിനുപുറകേ പരിശ്രമിച്ചോടുന്നില്ല; തനിക്കു നഷ്ടപ്പെട്ടതിനേക്കുറിച്ചു ദു:ഖിക്കുന്നുമില്ല. 

രസകരമായ വളരെയേറെ കഥകളാല്‍ അലംകൃതമാകയാല്‍ ഈ ഗ്രന്ഥത്തിലെ അറിവുകള്‍ മനസ്സിലാക്കാന്‍ എളുപ്പമുള്ളതാണ്‌. ഈ ഗ്രന്ഥം പഠിച്ച്‌ അതിലെ അര്‍ത്ഥതലങ്ങള്‍ ധ്യാനിച്ചുറച്ചവന്‌ മറ്റു തപസ്സുകളോ ആചാരങ്ങളോ മന്ത്രജപമോ ചെയ്യേണ്ട ആവശ്യമില്ല. അറിവ്‌ നല്‍കുന്ന മുക്തിലാഭത്തേക്കാള്‍ മഹത്തരമായി  മറ്റ്  എന്തുണ്ട് ? കാണപ്പെടുന്ന ലോകത്തിന്റെ മായാവലയത്തില്‍ ജ്ഞാനി കുടുങ്ങുന്നില്ല. ചിത്രപടത്തില്‍ വിദഗ്ധമായി വരച്ചുവച്ചിട്ടുള്ള പാമ്പിനെ ആര്‍ക്കാണു ഭയം? ഇഹലോകം വെറുമൊരു പ്രകടിത ദൃശ്യം മാത്രമാണെന്നറിയുമ്പോള്‍ അതില്‍ അമിതാഹ്ലാദമോ ദു:ഖമോ ഉണ്ടാവുകയില്ല. ഇത്തരം വേദഗ്രന്ഥങ്ങള്‍ സുലഭമാണെങ്കിലും ദു:ഖമൂലമായ ഇന്ദ്രിയവിഷയസുഖങ്ങള്‍ക്കുപിറകേ മനുഷ്യന്‍ പോകുന്നത്‌ എത്ര കഷ്ടം.

രാമ: സത്യം സ്വയം അനുഭവരൂപേണ ഉള്ളില്‍ തെളിഞ്ഞുകിട്ടിയില്ലെങ്കില്‍ ഉദാഹരണങ്ങള്‍കൊണ്ട്‌ മാത്രമേ സത്യജ്ഞാനം മനസ്സിലുറയ്ക്കൂ. അത്തരം സചിത്രോദാഹരണങ്ങള്‍ ഈ കൃതിയില്‍ കൊടുത്തിരിക്കുന്നത്‌ കൃത്യമായ ലക്ഷ്യങ്ങളോടെയും നിയതമായ ഉദ്ദേശ്യങ്ങളോടെയുമാണ്‌. ഉദ്ദേശ്യങ്ങള്‍ക്കപ്പുറം ഈ കഥകളുടെ സാരത്തെ വിപുലമാക്കുകയോ അവയെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുകയോ അരുത്‌. ഈ വേദഗ്രന്ഥം പഠിക്കുമ്പോള്‍ ലോകം സ്വപ്നസദൃശമായി അനുഭവപ്പെടുന്നതിനുവേണ്ടിയാണ്‌ ഉദാഹരണങ്ങള്‍ (കഥകള്‍) നിരത്തിയിരിക്കുന്നത്‌. വക്രബുദ്ധികള്‍ ഈ കഥകളെ ദുര്‍വ്യാഖ്യാനം ചെയ്യില്ല എന്നു പ്രത്യാശിക്കട്ടെ.

May 15, 2012

033 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 033


ദീപേ യഥാ വിനിദ്രസ്യ ജ്വലിതേ സം പ്രവർത്തതേ
അലോകോനിച്ഛതോപ്യേവം നിർവാണമനയാഭവേത് (2/17/7)


വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ വെളിപ്പെടുത്തുവാന്‍ പോകുന്ന വിജ്ഞാനമാര്‍ജ്ജിക്കാന്‍ മുന്‍പേ പറഞ്ഞ യോഗ്യതകള്‍ ഒരുവന്‍ സ്വായത്തമാക്കിയിരിക്കണം. രാമ: താങ്കള്‍ അങ്ങിനെ യോഗ്യനാണെന്നു ഞാനറിയുന്നു. മുക്തിപദപ്രാപ്തിക്കു പാകം വന്നവനേ ഇതു ശ്രവിക്കാന്‍ വെമ്പല്‍ കൊള്ളുകയുള്ളു താനും. "എന്നാല്‍ ഒരുവന്‌ ആഗ്രഹമില്ലെങ്കില്‍ കൂടി ഈ വിദ്യ അവനെ മുക്തിയിലേയ്ക്കു നയിക്കും. ഉറങ്ങിക്കിടക്കുന്നവന്റെ കണ്ണുകളേയും പ്രകാശമാനമാക്കാന്‍ വെളിച്ചത്തിനു കഴിയുമല്ലോ". കയറില്‍ പാമ്പിനെ ആരോപിച്ചു കണ്ടതിന്റെ ഭയം കയറിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതോടെ ഇല്ലാതാവുന്നു. അങ്ങിനെ ഭയജന്യമായിരുന്ന പാമ്പ്‌ അപ്രത്യക്ഷമാവുന്നതുപോലെ സംസാരദുരിതത്തില്‍ നിന്നും ഈ പഠനം കൊണ്ട്‌ മനുഷ്യന്‍ മോചിതനാവുന്നു.

ഈ വേദഗ്രന്ഥത്തില്‍ 32000 ശ്ളോകങ്ങളുണ്ട്‌. ആദ്യഭാഗത്തിന്‌  "വൈരാഗ്യപ്രകരണം" എന്നു പേര്‍. അനാസക്തിയെ പ്രതിപാദിക്കുന്ന ഈ ഭാഗം ഒരുവനില്‍ ഇഹലോകത്തിന്റെ നിജസ്ഥിതിയെന്തെന്ന ബോധമുണ്ടാക്കുന്നു. ഇതിന്റെ ശ്രദ്ധാപൂര്‍വ്വമായ പഠനം ഹൃദയത്തെ നിര്‍മ്മലമാക്കുന്നു. ഇതില്‍ 1500 ശ്ളോകങ്ങളാണുള്ളത്‌. "മുമുക്ഷു വ്യവഹാര പ്രകരണം" എന്ന രണ്ടാം ഭാഗം സാധകന്റെ സ്വഭാവത്തെയും യോഗ്യതകളേയും പ്രതിപാദിക്കുന്നു. ഇത്‌ 1000 ശ്ളോകങ്ങളാണ്‌. പിന്നീട്‌ വരുന്നത്‌ 7000 ശ്ളോകങ്ങളുള്ള "ഉത്പത്തിപ്രകരണം" ആണ്‌. യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഈ വിശ്വത്തില്‍ ഞാന്‍ , അത്‌, ഇത്‌, എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകളുടെ ലീലാവിനോദങ്ങള്‍ , സത്യത്തെ എങ്ങിനെ  മറച്ച്‌ വിശ്വത്തെ പ്രകടിതമാനമാക്കുന്നു എന്നു പഠിപ്പിക്കാനുതകുന്ന കഥകളാണ്‌ ഈ ഭാഗത്ത്‌ പറയുന്നത്‌.

ഇനി 3000 ശ്ളോകങ്ങളുള്ള "സ്ഥിതിപ്രകരണം"ആണ്‌. കഥകളുടെ സഹായത്താലാണ്‌ ഇവിടേയും വിശ്വസ്ഥിതിയെപ്പറ്റിയും അതിന്റെ അടിസ്ഥാനത്തെപ്പറ്റിയും വിവരിക്കുന്നത്‌. വിരാമത്തെക്കുറിച്ചുള്ള, 5000 ശ്ളോകങ്ങളുള്ള "ഉപശാന്തിപ്രകരണം"ആണ്‌ അടുത്തത്‌. ഇത്‌ ശ്രവിക്കുന്നതുമൂലം നേരിയ അവിദ്യാലേശം മാത്രം ബാക്കിവെച്ച്‌ വിശ്വമെന്ന മോഹപ്രതീതിക്കും അവബോധത്തിനും വിരാമമാവുന്നു.

അവസാനമായി 14,500 ശ്ളോകങ്ങളുള്ള "നിര്‍വ്വാണപ്രകരണം." മുക്തിപദപ്രാപ്തിയാണ്‌ ഇതിലെ പ്രതിപാദ്യം. ഇതിന്റെ പഠനം ഒരുവന്റെ അടിസ്ഥാനപരമായ അവിദ്യയെ നശിപ്പിക്കുന്നതത്രേ. എല്ലാ മോഹവിഭ്രാന്തികളും അടങ്ങി പരമശാന്തി കൈവരുമ്പോള്‍ തികഞ്ഞ സ്വാതന്ത്ര്യമാണ്‌. ശരീരമെന്ന വസ്ത്രമുള്ളപ്പോഴും അവന്‍ അതില്‍ ബന്ധിതനല്ല. അവന്‌ ആസക്തിയോ ആശകളോ ഇല്ല, അടുപ്പവും അകല്‍ ച്ചയുമില്ല. അവന്‍ സംസാരചക്രത്തിനു വിധേയനുമല്ല. ഇവിടെ ഇപ്പോള്‍ അവന്‍ അഹങ്കാരവിനിര്‍മുക്തനാണ്‌. അവനും അനന്തതയും ഏകമായ ഒരേ ഒരു സത്താണ്‌.

May 14, 2012

032 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 032


സന്തോഷ: പരമോ ലാഭ: സത്സംഗ: പരമാ ഗതി:
വിചാര: പരമം ജ്ഞാനം ശമോ ഹി പരമം സുഖം (2/16/19)


വസിഷ്ഠന്‍ തുടര്‍ന്നു: ആത്മസംതൃപ്തി, മുക്തികവാടത്തിലെ മറ്റൊരു കാവല്‍ ക്കാരനാണ്‌. സ്വയം സംതൃപ്തിയെന്ന അമൃതുമൊത്തിക്കുടിച്ചവനെ ഇന്ദ്രിയ  സുഖഭോഗങ്ങള്‍ ആസക്തനാക്കുകയില്ല. എല്ലാ പാപങ്ങളേയും ഇല്ലാതാക്കുന്ന സംതൃപ്തിയേപ്പോലെ ഈ ലോകത്തില്‍ ആഹ്ലാദപ്രദമായി മറ്റൊന്നുമില്ല. എന്താണീ ആത്മസംതൃപ്തി? കിട്ടാത്ത വസ്തുക്കളില്‍ ആസക്തിലേശമില്ലാതെയും സ്വയമേവ വന്നുചേരുന്നവയില്‍ തൃപ്തനായും, രണ്ടിലും വിഷാദം, സന്തോഷം തുടങ്ങിയ വികാരവായ്പ്പുകള്‍ കൂടാതേയും ഇരിക്കുന്ന അവസ്ഥയാണിത്‌. ആത്മസംതൃപ്തിയില്ലാത്തവന്‌ വിഷാദം സഹജം. എന്നാല്‍ ആത്മസംതൃപ്തിയുള്ളവനോ, ഒന്നും 'സ്വന്ത്‌'മായി ഇല്ലാത്തപ്പോഴും അവന്‍ ലോകത്തിന്റെ മുഴുവന്‍ അധിപനാണ്‌. അവന്റെ ഹൃദയം നിര്‍മലമായി ലോകത്തോളം വികസിതമാവുന്നു.

സത്സംഗം - സദ്ജനങ്ങളുടെ, മഹാത്മാക്കളുടെ, പ്രബുദ്ധരുമായുള്ള സംസര്‍ഗ്ഗം - മുക്തികവാടത്തിലെ മറ്റൊരു കാവലാളാണ്‌. സത്സംഗം ഒരുവന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച്‌ അജ്ഞാനത്തെ നീക്കി മാനസീകാസ്വാസ്ഥ്യങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. എന്തു ത്യാഗം സഹിച്ചും, എന്തു വിലകൊടുത്തും സത്സംഗത്തെ അവഗണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അത്‌ ജീവിതപ്പാതയിലെ കെടാവിളക്കാണ്‌. ദാനധര്‍മ്മാദികള്‍, തപസ്സ്‌, തീര്‍ത്ഥാടനം, യാഗകര്‍മ്മങ്ങള്‍ എന്നിവയേക്കാളേറെ ഉയരെയാണ്‌ സത്സംഗത്തിന്റെ സ്ഥാനം.

ഹൃദയത്തിലെ അജ്ഞാനാന്ധകാരം നീങ്ങി സത്യസാക്ഷാത്കാരം നേടിയ മഹാത്മാക്കളെ കഴിവിന്റെ പരമാവധി ബഹുമാനിച്ച്‌ പൂജിക്കണം. മഹാത്മാക്കളെ ബഹുമാനിക്കാത്തവന്‌ ദുരിതമോചനം ലഭിക്കുകയില്ല. ഈ നാലുകാവല്‍ക്കാരാണ്‌ - ആത്മസംതൃപ്തി, സത്സംഗം, അത്മാന്വേഷണത്വര, ആത്മസംയമനം എന്നിവ സംസാരസാഗരത്തില്‍ മുങ്ങുന്നവന്റെ രക്ഷാമാര്‍ഗ്ഗങ്ങള്‍. 

"ആത്മസംതൃപ്തി പരമപ്രധാനമാണ്‌. സത്സംഗം ലക്ഷ്യമാര്‍ഗ്ഗത്തിലെ ഉത്തമ സഹയാത്രികരാണ്‌. ആത്മാന്വേഷണം പരമാര്‍ത്ഥലാഭം തന്നെയാണ്‌. ആത്മ നിയന്ത്രണം പരമാനന്ദപ്രദമാണ്‌." 

ഈ നാലും ഒരുപോലെ അനുഷ്ഠിക്കാനാവുന്നില്ലെങ്കില്‍ ഏതെങ്കിലുമൊന്ന് ആചരിക്കുക. ജാഗരൂകമായി ഇവയിലൊന്നനുഷ്ഠിച്ചു പക്വതവരുമ്പോള്‍ മറ്റുള്ളവ സ്വയം നിന്നെ തേടിയെത്തിക്കൊള്ളും. പരം പൊരുള്‍ സ്വയം നിന്നില്‍ ഉണരുകയും ചെയ്യും. നീ ഒരു ദേവനോ, ഉപദേവതയോ, മരമോ ആരുതന്നെ ആയിക്കൊള്ളട്ടെ, മനസ്സ്‌ എന്ന മദയാനയെ ഈ നാലു ഗുണങ്ങളാല്‍ മെരുക്കാതെ നിനക്ക്‌ പുരോഗതിയുണ്ടാവുകയില്ല. അതിനാല്‍ രാമ: ഈ ഉത്തമ സ്വഭാവങ്ങള്‍ ഏതുവിധേനേയും വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിച്ചാലും. 

May 13, 2012

031 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 031

വിചാരാജ്ജ്ഞായതേ തത്ത്വം തത്ത്വാദ്വിശ്രാന്തിരാത്മനി
അതോ മനസി ശാന്തത്വം സർവ ദു:ഖ പരീക്ഷയ: (2/14/53)


വസിഷ്ഠന്‍ തുടര്‍ന്നു:: രണ്ടാമത്തെ കാവല്‍ക്കാരനായ 'ആത്മാന്വേഷണം' നടത്തേണ്ടത്‌ വേദശാസ്ത്രങ്ങളിലെ അറിവിന്റെ വെളിച്ചത്തില്‍ ശുദ്ധമാക്കിയ ബുദ്ധികൊണ്ടാണ്‌. ഈ അന്വേഷണം ഇടമുറിയാതെ തുടരുന്നതുമൂലം ബുദ്ധി അതിസൂക്ഷ്മനിശിതമാവുകയും പരമസാക്ഷാത്കാരത്തിനു പാകപ്പെടുകയും ചെയ്യും. അതിനാല്‍ സംസാരമെന്ന ഈ മാറാരോഗത്തിനുള്ള പ്രതിവിധി ആത്മാന്വേഷണം തന്നെയാണ്‌. ജ്ഞാനിയെ സംബന്ധിച്ചിടത്തോളം പ്രാബല്യം, ബുദ്ധിസാമര്‍ത്ഥ്യം, കാര്യക്ഷമത, സമയോചിത പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ അന്വേഷണത്തിന്റെ ഫലപ്രാപ്തികളാണ്‌. രാജപദവി, ഐശ്വര്യം, സുഖഭോഗങ്ങള്‍, പിന്നെ അവസാനം മുക്തിപദപ്രാപ്തി, എല്ലാം ആത്മാന്വേഷണഫലങ്ങളത്രേ. ചിന്താരഹിതനായ വിഡ്ഢിയെ ബാധിക്കുന്നതരം ദുരിതങ്ങളില്‍ നിന്ന് സാധകന്‍ വിമുക്തനാണ്‌. അന്വേഷണത്വരിതമല്ലാത്തതുകൊണ്ട്‌ മന്ദമായ മനസ്സിന്‌ നിലാവിന്റെ ശീതളിമപോലും ഭയാനകമായ ആയുധങ്ങളായിത്തീരുന്നു. എല്ലാ ഇരുണ്ടമൂലകളിലും ബാലിശമായ ഭാവനകളാല്‍ അവന്‍ ഭൂതപിശാചുക്കളെ കാണുന്നു. അതുകൊണ്ട്‌ ആത്മാന്വേഷണമില്ലാത്തവന്‍ തീര്‍ച്ചയായും ദുരിതങ്ങളുടെ കലവറ തന്നെയാണ്‌. ആത്മാനുസന്ധാനമില്ലാത്ത ഒരുവന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തനിക്കും മറ്റുള്ളവര്‍ക്കും ദോഷകരമായി പലവിധ മാനസീകവ്യാഥികള്‍ ക്കും ഇടവരുത്തുന്നു. ആയതിനാല്‍ അത്തരക്കാരുമായുള്ള സഹവാസം ഒഴിവാക്കണം.

ആരിലാണോ ആത്മാനുസന്ധാനപ്രവണത ഉണര്‍ന്നിരിക്കുന്നത്‌ അവന്‍ ലോകത്തെ ഭാസുരമാക്കുന്നു; താനുമായി ബന്ധപ്പെടുന്നവരെയെല്ലാം പ്രബുദ്ധരാക്കുന്നു; അജ്ഞാനാവരണം മൂലം മനസ്സുണ്ടാക്കുന്ന ഭൂതപിശാചുക്കളെ ഉന്മൂലനം ചെയ്യുന്നു; ഇന്ദ്രിയസുഖഭോഗങ്ങളുടേയും വസ്തുക്കളുടേയും വ്യര്‍ത്ഥതയെപ്പറ്റി ബോധ്യപ്പെടുത്തുന്നു. രാമ: ശാശ്വതവും മാറ്റങ്ങളില്ലാത്തതുമായ സത്യത്തെക്കുറിച്ച്‌ ആത്മാന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഒരുവനില്‍ അറിവുണ്ടാകുന്നു. ഇതു പരമവിജ്ഞാനമാണ്‌. അവന്‌ മോഹവും ആസക്തിയുമില്ല. അവന്‍ കര്‍മ്മവിമുഖനോ കര്‍മ്മത്തില്‍ മുഴുകിയവനോ അല്ല.അവന്‍ ഈ ലോകത്തില്‍ സാധാരണക്കാരെപ്പോലെ ജീവിച്ച്‌ ആയുസ്സൊടുങ്ങി മരിക്കുന്നു. പക്ഷേ അവന്‍ ആനന്ദപൂര്‍ണ്ണമായ അവസ്ഥയിലാണ്‌ എത്തിച്ചേരുന്നത്‌. തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ആത്മാന്വേഷണദൃഷ്ടി ഉപേക്ഷിക്കപ്പെടുന്നില്ല. 

ഈ 'കാഴ്ച്ച'യില്ലാത്തവന്റെ കാര്യം കഷ്ടമെന്നേ പറയാവൂ. ചെളിവെള്ളത്തില്‍ കളിക്കുന്ന തവളയുടെ ജന്മവും, ചാണകത്തില്‍ പുളയുന്ന പുഴുവിന്റെ ജീവിതവും, മാളത്തിലിഴയുന്ന പാമ്പിന്റെ പൊറുതിയും ആത്മാന്വേഷണദൃഷ്ടിയില്ലാത്ത മനുഷ്യന്റെ ജീവിതത്തേക്കാള്‍ മഹത്തരമത്രേ. 

എന്താണീ അന്വേഷണം? "ഞാന്‍ ആരാണ്‌" എന്ന നിരന്തരമായ അന്വേഷണമാണിത്‌. "എങ്ങിനെയാണ്‌ ഈ സംസാരമെന്ന ദുരിതം ഉണ്ടായത്‌?". 

'അത്തരം അന്വേഷണത്തില്‍നിന്നും സത്യം തെളിഞ്ഞു കിട്ടും. ആ അറിവിന്റെ നിറവിലാണ്‌ ഒരുവനില്‍ മന:ശ്ശാന്തി ഉണ്ടാവുന്നത്‌. അങ്ങിനെ, ദുരിതങ്ങള്‍ക്കറുതിവന്ന് എല്ലാ അറിവുകള്‍ക്കുമതീതമായ പരമശാന്തി പ്രശോഭിക്കുന്നു.'

(അന്വേഷണം എന്നാല്‍ കാരണം കണ്ടെത്തുന്നതിനുള്ള അവലോകനമൊന്നുമല്ല. ഒരുവസ്തുവിനെ സമഗ്രവും സൂക്ഷ്മവുമായി നേരേ കാണുക എന്ന പ്രക്രിയയാണത്‌.) 

May 12, 2012

030 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 030


സ്ഥിതോ പി സ്ഥിത ഇവ ന ഹൃഷ്യതി ന കുപ്യതി 
യ: സുഷുപ്തസമ: സ്വസ്ഥ: സ ശാന്ത ഇതി കഥ്യതേ (2/13/76)


വസിഷ്ഠന്‍ തുടര്‍ന്നു: സംസാരസാഗരമാകുന്ന തുടര്‍ക്കഥയുടെ ഉള്ളില്‍ നിന്നും പുറത്തുകടക്കണമെങ്കില്‍ ഒരുവന്‍ മാറ്റങ്ങള്‍ ക്കു വിധേയമാക്കാത്ത സത്യവസ്തുവിനെ ആശ്രയിക്കണം. ശാശ്വതമായ ആ 'ഒന്നില്‍' മനസ്സുറച്ചവന്‍ മാത്രമാണ്‌ ഉത്തമന്‍. കാരണം അവന്‌ ആത്മനിയന്ത്രണം സ്വായത്തമായതുകൊണ്ട്‌ മനസ്സ്‌ പ്രശാന്തമാണ്‌. സുഖദു:ഖങ്ങള്‍ പരസ്പരം പോരാടി അവസാനം ഒരു സമതുലിതാവസ്ഥയെ പ്രാപിക്കുന്നു എന്ന അറിവിന്റെ നിറവിലാണ്‌ അവനില്‍ ആത്മസംയമനം സംഭവിക്കുന്നത്‌. ഈ സത്യം അറിയാത്തവന്‍ തീപിടിച്ച വീട്ടിലുറങ്ങുന്നവനേപ്പോലെ വ്യാകുലചിത്തനാണ്‌. ഈ ജീവിതവേളയില്‍ത്തന്നെ ശാശ്വതമായതെന്തെന്ന അറിവുറച്ചവന്‌ സംസാരത്തില്‍ നിന്നും മുക്തിയായി. അവന്‌ അവിദ്യയാല്‍ പുനര്‍ജന്മങ്ങളെടുക്കേണ്ടി വരികയില്ല. ചിലപ്പോള്‍ ഇപ്പറഞ്ഞ ശാശ്വതസത്യം എന്നത്‌ ഉള്ളതാണോ എന്ന സംശയം ഉണ്ടായേക്കാം. അപ്പോഴും അന്വേഷണം നിര്‍ത്തരുത്‌. കാരണം ജീവിതത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള സമഗ്രമായ അന്വേഷണം ദു:ഖങ്ങളെ നേരിടാനും വേദനകളുടെ തീവ്രതയെ കുറയ്ക്കാനും നമ്മെ പര്യാപ്തമാക്കും. എന്നാല്‍ ശാശ്വതസത്യമെന്നത്‌ ഉണ്മയാണെങ്കിലോ, പരമശാന്തിയും ബന്ധനവിമുക്തിയുമാണ്‌ ഫലം.

ശാശ്വതമായ സത്യം കണ്ടെത്താന്‍ യാഗകര്‍മ്മാദികളോ തീര്‍ത്ഥാടനങ്ങളോ ധനമോ കൊണ്ടു സാധിക്കയില്ല.ശരിയായ അറിവിന്റെ വെളിച്ചത്തില്‍ പക്വപ്പെടുന്ന മനോനിയന്ത്രണം കൊണ്ടുമാത്രമേ അതു സാദ്ധ്യമാവൂ. മനുഷ്യരും, ദേവന്മാരും, ഉപദേവതകളും എന്നുവേണ്ട എല്ലാവരും എല്ലായ്പ്പോഴും -കിടക്കുമ്പോഴും ഇരിക്കുമ്പോഴും വീഴുമ്പോഴും- നിരന്തരം, മനസ്സിനെയടക്കാനുള്ള, ആത്മനിയന്ത്രണത്തിനുള്ള വഴികളിലൂടെ മാത്രമേ സഞ്ചരിക്കാവൂ. അറിവിന്റെ സഫലതയാണു മനോനിയന്ത്രണം. മനസ്സ്‌ പ്രശാന്തവും, നിര്‍മ്മലവും, മോഹവിഭ്രാന്തിയാല്‍ ബാധിക്കപ്പെടാതെയും, അനാസക്തവും ആകുമ്പോള്‍ അതിന്‌ മറ്റൊരു വസ്തുവും കൈവശപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല. ഇതാണ്‌ ഞാന്‍ മുന്‍പു പറഞ്ഞ നാലു ദ്വാരപാലകരില്‍ ഒരാളായ 'ആത്മനിയന്ത്രണം'.

ശുഭോദര്‍ക്കമായതും നന്മയുള്ളതുമായ എല്ലാം ആത്മനിയന്ത്രണത്തിന്റെ പരിണിതഫലമത്രേ. തിന്മകളേയും ദുഷ്ടതയേയും അതില്ലാതാക്കുന്നു. യാതൊരുനേട്ടങ്ങളും- സ്വര്‍ഗ്ഗം പോലും ആത്മനിയന്ത്രണപ്രഹര്‍ഷത്തിനൊപ്പം വരില്ല. അതിനെ താരതമ്യപ്പെടുത്താന്‍ മറ്റൊരു ആനന്ദാവസ്ഥയുമില്ല. അപ്രകാരമുള്ള ഒരാള്‍ എല്ലാവര്‍ക്കും വിശ്വാസപാത്രമാണ്‌. അസുരവര്‍ഗ്ഗവും പിശാചുക്കള്‍ പോലും അവനെ വെറുക്കുന്നില്ല. രാമ:, ആത്മനിയന്ത്രണമാണ്‌ ശാരീരികവും മാനസീകവുമായ എല്ലാ വേദനകള്‍ക്കുമുള്ള ഒറ്റമൂലി. അത്മനിയന്ത്രണമുള്ളവന്‌ കിട്ടുന്ന ഭക്ഷണമെല്ലാം കയ്പ്പുണ്ടെങ്കില്‍ പ്പോലും സ്വാദുറ്റതാവുന്നു. ഈ കവചമണിഞ്ഞവന്‌ ദു:ഖത്തിന്റെ ആക്രമണം ഏശുകയില്ല. 

ഏതൊരുവന്‍ പ്രിയമോ അപ്രിയമോ ആയി കണക്കാക്കപ്പെടുന്ന വസ്തുക്കള്‍ അമിതാഹ്ലാദമോ ദു:ഖമോ ഇല്ലാതെ കേള്‍ ക്കുകയും, കാണുകയും, തൊടുകയും മണക്കുകയും, സ്വാദുനോക്കുകയും ചെയ്യുന്നവോ അവന്‍ ആത്മനിയന്ത്രണം വന്നവനാണ്‌. അവന്‍ എല്ലാറ്റിനേയും സമദൃഷ്ടിയോടെ കാണുന്നു. സുഖദു:ഖങ്ങളെ ഇന്ദ്രിയനിയന്ത്രണം കൊണ്ട്‌ വരുതിയിലാക്കുന്നു. "അഗാധനിദ്രയില്‍ ഒരുവന്‌ ആരോടും വെറുപ്പോ അഭിനിവേശമോ ഇല്ലാത്തതുപോലെ ഒപ്പം ഇടപഴകി ജീവിക്കുമ്പോഴും ആത്മനിയന്ത്രണമുള്ളവനെ മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നില്ല."

May 11, 2012

029 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 029


പ്രസന്നേ ചിത്തത്വേ ഹൃദി ശമഭവേ  വൽഗതിപരേ
ശമാഭോഗി ഭൂതാസ്വഖില കലനാദൃഷ്ടിഷു നര:
സമം യാതി സ്വാന്ത:ക്കരണ ഘടനാസ്വാദിത രസം
ധിയാ ദൃഷ്ടേ തത്ത്വേ രമണമഥനാം ജാ ഗതമിദം (2/12/21)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: പ്രശാന്തമായ, സംശയലേശം പോലുമില്ലാത്ത, തുറന്ന മനസ്സോടെ നിര്‍മ്മലഹൃദയനായി ഈ മുക്തിസാധനവിദ്യയെക്കുറിച്ച്‌ കേട്ടാലും. കാരണം പരമസത്യം സാക്ഷാത്കരിക്കുംവരെ ജനനമരണ ദുരിതങ്ങള്‍ക്ക്‌ അറുതി വരികയില്ല. ഈ അവിദ്യയെന്ന ഭയങ്കരസര്‍പ്പത്തെ ഈ ജന്മത്തില്‍ത്തന്നെ വെന്നില്ലെങ്കില്‍ അത്‌ ഈ ജീവിതത്തില്‍ മാത്രമല്ല, വരും ജന്മങ്ങളിലും അനന്തമായ ദുരിതങ്ങള്‍ക്ക്‌ കാരണമാവും. ആര്‍ക്കും ഈ ദു:ഖാനുഭവങ്ങളെ അവഗണിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഞാനുപദേശിക്കാന്‍ പോകുന്ന ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇതിനെ മറികടക്കാന്‍ കഴിയുന്നതാണ്‌. രാമ: അങ്ങിനെ നീ 'സംസാരം' എന്ന ആവര്‍ത്തന ചരിത്രത്തിന്റെ മറുകരകടന്നാല്‍ നിനക്കും ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരേപ്പോലെ, ഈ ലോകത്തില്‍ത്തന്നെ ഈശ്വരനായി ജീവിക്കാം. ആത്മാന്വേഷണത്തിലൂടെ മോഹമില്ലാതായാല്‍ സത്യം അകതാരില്‍ തെളിഞ്ഞുവിളങ്ങും. 

"മനസ്സ്‌ പ്രശാന്തവും ഹൃദയം പരമസത്യത്തിലേയ്ക്കുന്മുഖവും ചിന്താസരണികള്‍ അലകളടങ്ങിയ കടലുപോലെ ശാന്തവും, ഇടമുറിയാത്ത ശാന്തി അനുഭവവേദ്യവും ആവുമ്പോള്‍ ഹൃദയത്തില്‍ പരമാനന്ദം നിറയുന്നു. അങ്ങിനെ പരം പൊരുളറിഞ്ഞവന്‌ ഇഹലോകജീവിതം തന്നെ പരമാനന്ദപ്രദമാണ്‌." അങ്ങിനെയുള്ള ഒരുവന്‌ നേടാനും നഷ്ടപ്പെടാനും ഒന്നുമല്ല. അവനില്‍ ജീവിതത്തിന്റെ കുറ്റങ്ങളും കുറവുകളും ഒരു കളങ്കമായിത്തീരുന്നില്ല. ദു:ഖങ്ങള്‍ അവനെ ബാധിക്കുന്നില്ല. അവന്‍ ജന്മമെടുക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല - മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അതു പ്രത്യക്ഷമല്ലെങ്കിലും അതാണു സത്യം. ധാര്‍മ്മീകമോ മതപരമോ ആയ കാര്യങ്ങള്‍ പോലും അവന്‍ ചെയ്യേണ്ടതായില്ല.

അവനെ പൊയ്പ്പോയജന്മങ്ങളിലെ വാസനകള്‍ പ്രചോദിപ്പിക്കുന്നില്ല. കാരണം അവയുടെ ചാലകശക്തി നഷ്ടമായിരിക്കുന്നു. പ്രക്ഷുബ്ധമായ മനസ്സ്‌ അവിനിനിയില്ല. തന്റെ സ്വരൂപമായ പരമാനന്ദത്തിലാണ്‌ അവന്‍ അഭിരമിക്കുന്നത്‌. അത്തരം ആനന്ദം ആത്മജ്ഞാനം കൊണ്ടു മാത്രമേ ലഭിക്കൂ. അതുകൊണ്ട്‌ മനുഷ്യന്‍ ആത്മജ്ഞാനമാര്‍ഗ്ഗത്തിലൂടെ മാത്രമേ സഞ്ചരിക്കാവൂ. അത്മാന്വോഷണം മാത്രമാണ്‌ ഒരുവന്റെ ധര്‍മ്മം. പുണ്യഗ്രന്ഥങ്ങളേയും മഹാത്മാക്കളേയും നിന്ദിക്കുന്നവന്‌ ആത്മജ്ഞാനം ലഭ്യമല്ല. ഇഹലോകദുരിതങ്ങളേക്കാളെല്ലാം കൊടിയ ദുരന്തമാണ്‌ അത്തരം വിഡ്ഢിത്തങ്ങള്‍ ഒരുവനു സമ്മാനിക്കുന്നത്‌. അതുകൊണ്ട്‌ ശ്രദ്ധാഭക്തിബഹുമാനങ്ങളോടെ വേദശാസ്ത്രങ്ങളെ പഠിച്ച്‌ ആത്മാന്വേഷണത്തില്‍ മുഴുകുക. ഈ വേദഗ്രന്ഥം പഠിച്ചവന്‍ പിന്നെ അജ്ഞാനത്തിന്റെ അന്ധകൂപത്തില്‍ വീഴുകയില്ല. രാമ: നിനക്ക്‌ സംസാരമെന്ന ഈ തുടര്‍ക്കഥയില്‍ നിന്നുമുക്തിവേണമെങ്കില്‍ എന്നേപ്പോലുള്ള മഹര്‍ഷിമാരില്‍ നിന്നും ഈ വിജ്ഞാനം പഠിക്കാം. ഇതു തികച്ചും സൌജന്യമാണെന്നുമറിയുക!

May 10, 2012

028 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 028


മോക്ഷദ്വാരേ ദ്വാരപാലാശ്ചത്വാര: പരികീർത്തിതാ :
ശമോ വിചാര: സന്തോഷശ്ചതുർത്ഥ: സാധുസംഗമ: (2/11/59)


വസിഷ്ഠന്‍ തുടര്‍ന്നു: ജനങ്ങളെ ആത്മപ്രബുദ്ധരാക്കാന്‍ എല്ലാ യുഗങ്ങളിലും ബ്രഹ്മാവ്‌ അനേകം മാമുനിമാരെയും കൂടെ എന്നേയും മനസാ സൃഷ്ടിക്കുന്നു. എല്ലാവരും ധാര്‍മ്മീകമായി അവനവന്റെ കര്‍ത്തവ്യനിവ്വഹണം നടത്തുന്നുവെന്നുറപ്പാക്കാന്‍ ന്യായപൂര്‍വ്വം ഭരണം നടത്തുന്ന രാജാക്കന്മാരെയും സൃഷ്ടിക്കുന്നു. ഈ രാജാക്കന്മാര്‍ താമസംവിനാ കാമത്തിലും സുഖഭോഗങ്ങളിലും അധികാരങ്ങളിലും മോഹിതരായി വൈവിദ്ധ്യമാര്‍ന്ന താത്പ്പര്യങ്ങള്‍മൂലം യുദ്ധങ്ങളില്‍ ഏര്‍പ്പെട്ട്‌ അവസാനം പശ്ചാത്തപിക്കുന്നു. അവരുടെ അവിദ്യയെ നീക്കാന്‍ മഹര്‍ഷിമാര്‍ ആത്മോപദേശം നല്‍കാറുണ്ട്‌. രാമ: പണ്ടുകാലത്ത്‌ ചക്രവര്‍ത്തിമാര്‍ ഈ ഉപദേശങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇത്‌ രാജവിദ്യ എന്നു വിഖ്യാതമായി.

രാമ: നിന്നില്‍ ഇപ്പോള്‍ സംജാതമായ നിര്‍മ്മമത ശുദ്ധവിവേകത്തില്‍ നിന്നുദിച്ചതാണ്‌. അത്‌ വെറുപ്പുകൊണ്ടോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ ഉണ്ടാവുന്നതിനേക്കാള്‍ എത്രയോ ഉന്നതമാണ്‌!. അത്തരം അനാസക്തി ഈശ്വരകാരുണ്യം കൊണ്ടേ ലഭ്യമാവൂ. ഈ കാരുണ്യം പാകതവന്ന വിവേകവുമായി സന്ധിക്കുന്നത്‌   ഹൃയം അനാസക്തമാവുന്ന നിമിഷത്തിലാണ്‌. ഈ പരമവിജ്ഞാനം ഹൃദയത്തില്‍ ഉണരുംവരെ ഒരുവന്‍ ജനന മരണ ചക്രത്തില്‍ ചുറ്റിക്കൊണ്ടേയിരിക്കും. ഏകാഗ്രചിത്തത്തോടെ, ഞാന്‍ വെളിപ്പെടുത്തുന്ന ഈ പരമവിദ്യയെ  ശ്രദ്ധിച്ചാലും. അവിദ്യയെന്ന കാനനത്തെ ഇത്‌ നശിപ്പിക്കുന്നു. ഈ വനത്തിലാണല്ലോ മനുഷ്യന്‍ ചിന്താക്കുഴപ്പത്തിലാണ്ട്‌ അന്തമില്ലാത്ത ദുരിതാനുഭവങ്ങള്‍ അനുഭവിക്കുന്നത്‌. 

ആരെങ്കിലും ഈ ആത്മവിദ്യ നേടാന്‍ ഉത്സുകനാണെങ്കില്‍ അയാള്‍ പ്രബുദ്ധനായ ഒരു ഗുരുവിനെ സമീപിച്ച്‌ ഉത്തമായ മനോഭാവത്തോടെ ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കണം. അങ്ങിനെ അതവന്റെ ആത്മസത്തയുടെ ഭാഗമായിത്തീരും. അനാവശ്യവും അപ്രസക്തവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍ വിഡ്ഢിയാണ്‌. അതിലേറെ മൂഢനാണ്‌ മഹാത്മാക്കളുടെ ഉപദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കാത്തവന്‍. വിഡ്ഢികളുടെ വിഫലമായ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നവനെ മഹര്‍ഷി എന്നു വിളിക്കാന്‍ പറ്റില്ലതന്നെ.

രാമ: നീ സാധകരില്‍ വെച്ച്‌ അഗ്രഗണ്യനാണ്‌. നീ സത്യവസ്തുവിനെപ്പറ്റി ധ്യാനിച്ചത്‌ ഉത്തമമായ അനാസക്തിയുടെ ആര്‍ജ്ജവത്താലാണല്ലോ. ഞാന്‍ പറയാന്‍ പോവുന്ന കാര്യം നിന്റെ ഹൃദയത്തില്‍ ഉറയ്ക്കുമെന്നെനിക്കറിയാം. മനസ്സൊരു ചഞ്ചലവാനരനായതുകൊണ്ട്‌ സാധകന്‍ ആത്മജ്ഞാനത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ തീര്‍ച്ചയായും കഠിനയത്നംതന്നെ ചെയ്യേണ്ടതുണ്ട്‌. മാത്രമല്ല അയാള്‍ ദുര്‍ജ്ജന സംസര്‍ഗ്ഗം ഉപേക്ഷിക്കുകയും വേണം.

"രാമ: മോക്ഷകവാടത്തിലെ നാലു ദ്വാരപാലകര്‍ ഇവരാണ്‌: ആത്മസംയമനം, അന്വോഷണത്വര; സംതൃപ്തി,  സത്സംഗം." ബുദ്ധിമാനായ സാധകന്‍ ഈ നാലുപേരുമായി സൌഹൃദം സ്ഥപിക്കാന്‍ അനവരതം ശ്രമിച്ചുകൊണ്ടേയിരിക്കണം. അവരില്‍ ഒരാളെയെങ്കിലും തന്റെ ഉത്തമസുഹൃത്താക്കുകയും വേ ണം.

May 9, 2012

027 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 027


ഇമാം മോക്ഷ കഥാ  ശ്രുത്വാ സഹസർവൈർവിവേകിഭി:
പരം യസ്യസി നിർദു:ഖം നാശോ യത്ര ന വിദ്ധ്യതേ (2/10/8)


വസിഷ്ഠന്‍ തുടര്‍ന്നു: മനുഷ്യര്‍ നിയതിയെന്നു പറയുന്ന പ്രപഞ്ചനീതിയാണ്‌ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായ ഫലപൂര്‍ത്തി അനുഗ്രഹിച്ചുറപ്പാക്കുന്നത്‌. അതു നടപ്പിലാവുന്നത്‌ സര്‍വ്വശക്തവും സര്‍വ്വവ്യാപിയുമായ ബ്രഹ്മം മൂലമാണ്‌. അതുകൊണ്ട്‌ മനസ്സേന്ദ്രിയങ്ങളെ സംയമനം ചെയ്ത്‌ മനസ്സിനെ ഏകാഗ്രമാക്കി ഞാന്‍ പറയാന്‍ പോവുന്ന കാര്യം ശ്രദ്ധയോടെ കേട്ടാലും. "ഇത്‌ മുക്തിയെപ്പറ്റിയുള്ള ആഖ്യാനമാണ്‌. ഇവിടെ സന്നിഹിതരായ മറ്റു സത്യാന്യോഷികളോടൊത്ത്‌ ഇതു ശ്രവിച്ചാല്‍ നിനക്ക്‌ പരംപൊരുളിനെ സാക്ഷാത്കരിക്കാനാവും. അതു ദു:ഖമോ വിനാശമോ ഇല്ലാത്തൊരു തലമത്രേ." 

കഴിഞ്ഞ യുഗത്തില്‍ ബ്രഹ്മദേവന്‍ എനിക്കു വെളിപ്പെടുത്തിയതാണിത്‌. രാമ: എല്ലാ ജീവജാലങ്ങളിലും സര്‍വ്വശക്തനായ സര്‍വ്വവ്യാപി, വിശ്വനാഥന്‍, നിതാന്തഭാസുര സാന്നിദ്ധ്യമായി വിരാജിക്കുന്നു. ഉണ്മയില്‍ ഉണ്ടായ ആദ്യപ്രകമ്പനത്തില്‍നിന്നും ഭഗവാന്‍ വിഷ്ണു സംജാതനായി. സമുദ്രോപരി കാറ്റടിച്ചും മറ്റുമുണ്ടാവുന്ന അസ്വസ്ഥതകള്‍ തിരകളുണ്ടാവാന്‍ കാരണമാവുന്നതുപോലെയാണത്. വിഷ്ണുവില്‍ നിന്നും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവു ജനിച്ചു. ബ്രഹ്മാവ്‌ അസംഖ്യം തരത്തിലുള്ള ജീവ-നിര്‍ജ്ജീവജാലങ്ങളെയും ബോധമുള്ളവയും ഇല്ലാത്തതുമായ സത്വങ്ങളേയും സൃഷ്ടിക്കാന്‍ തുടങ്ങി. പ്രളയത്തിനുമുന്‍പുണ്ടായിരുന്നതുപോലെ വിശ്വം വീണ്ടും ഉണര്‍ന്നു. ജീവജാലങ്ങള്‍ രോഗത്തിനും വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും മരണത്തിനും അടിപ്പെട്ടിരിക്കുന്നതു കണ്ട്‌ ബ്രഹ്മാവിന്റെ മനസ്സലിഞ്ഞു. ഈ ദുരിതസഞ്ചയങ്ങളില്‍ നിന്നും അവയെ രക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്തുള്ളു എന്ന് അദ്ദേഹം ആരാഞ്ഞു. അങ്ങിനെ തീര്‍ത്ഥാടന സങ്കേതങ്ങളും; തപസ്സ്‌, ദാനം, ധര്‍മ്മം, സത്യം എന്നീ ഉത്തമഗുണങ്ങളും സ്ഥാപിച്ചു. എന്നാല്‍ ഇവ അപര്യാപ്തമായിരുന്നു. കാരണം അവയ്ക്ക്‌ ദുരിതങ്ങളില്‍ നിന്നും താല്‍ ക്കാലികമായ ശമനം നല്‍കാനേ കഴിഞ്ഞുള്ളു. അന്തിമമുക്തി അപ്രാപ്യമായി നിലനിന്നു. ഇതേപറ്റി ധ്യാനിച്ച്‌ സൃഷ്ടാവെന്നെ മാനസപുത്രനായി ജനിപ്പിച്ചു.

എന്നെ അദ്ദേഹം ചേര്‍ത്തുപിടിച്ചു നിര്‍ത്തി ആദ്യം തന്നെ അജ്ഞാനത്തിന്റെ മുഖപടം അണിയിച്ചു. അപ്പോള്‍ത്തന്നെ എന്റെ സ്വത്ത്വബോധം മറഞ്ഞു.  ഞാന്‍ സ്വയം ആരെന്ന അറിവേതുമില്ലാതെ വലയുകയായിരുന്നു. ഈ കഷ്ടപ്പാടില്‍നിന്നും രക്ഷകിട്ടാനുള്ള മാര്‍ഗ്ഗമുപദേശിക്കാന്‍ ഞാന്‍ ബ്രഹ്മാവിനോട്‌ യാചിച്ചു.    ദുരവസ്ഥയില്‍ മുങ്ങിയ  ഞാന്‍   ഒന്നും ചെയ്യാനരുതാതെ മടിയനും കര്‍മ്മവിമുഖനുമായിത്തീര്‍ന്നിരുന്നു. എന്റെ പ്രാര്‍ത്ഥനയില്‍ സം പ്രീതനായ പിതാവ്‌ എനിക്കായി ആ സത്യജ്ഞാനം വെളിപ്പെടുത്തി. ആ ക്ഷണത്തില്‍ അദ്ദേഹം എന്നെ മൂടിയ അജ്ഞാനാവരണം നീങ്ങി. അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു: "മകനേ ഞാന്‍ നിന്നെ ആദ്യം അജ്ഞാനാവരണം കൊണ്ട് മൂടിയിട്ട്‌ പിന്നീട്‌ അതുമാറ്റി നിനക്ക്‌ സത്യം വെളിപ്പെടുത്തിയത്‌ എന്റെ മഹിമ നിനക്ക്‌ അനുഭവവേദ്യമാക്കാനാണ്‌. അങ്ങിനെമാത്രമേ ജീവജാലങ്ങള്‍ കടന്നുപോകുന്ന കഷ്ടപ്പാടുകളെപ്പറ്റി മനസ്സിലാക്കി അവരെ സഹായിക്കാന്‍ നിനക്കു സാദ്ധ്യമാവൂ."

രാമ: ഈ വിദ്യയുമായി സൃഷ്ടി അവസാനിക്കുവോളം ഞാന്‍ സേവനനിരതനായി ഇവിടെയുണ്ടാവും. 

May 8, 2012

026 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 026


ഏവം കർമ്മസ്ഥകർമ്മാണി കർമ്മപ്രൗഢ സ്വവാസനാ
വാസനാ മാനസോ നാന്യാ മനോഹി പുരുഷ: സ്മൃത: (2/9/17)


രാമന്‍ ചോദിച്ചു: ഭഗവന്‍, അങ്ങ്‌ സത്യജ്ഞാനിയാണ്‌. ആളുകള്‍ ദൈവം, വിധി, ഈശ്വരന്‍ എന്നൊക്കെപ്പറയുന്ന വസ്തു എന്താണെന്നു പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: ഒരാളുടെ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലം അവന്‌ നല്ലതോ ചീത്തയോ ആയ അനുഭവങ്ങളാവുന്നതാണ്‌ വിധി, നിയോഗം, ദൈവം എന്നൊക്കെ അറിയപ്പെടുന്നത്‌. ആ ഫലാനുഭവങ്ങളുടെ നന്മയും തിന്മയും ദൈവഗത്യമാണെന്നു ജനങ്ങള്‍ പറയുന്നു. ഒരു വിത്തു മുളപൊട്ടി വലുതായി വന്മരമാവുമ്പോള്‍ അത്‌ ദൈവത്തിന്റെ ചെയ്തിയാണെന്നു കരുതപ്പെടുന്നു. പക്ഷേ എനിക്കു തോന്നുന്നത്‌ നിയോഗമെന്നത്‌ ഒരുവന്റെ സ്വന്തം കര്‍മ്മങ്ങളുടെ സഫലീകരണം തന്നെയാണെന്നാണ്‌. മനുഷ്യമനസ്സില്‍ അനേകം വാസനകള്‍ ലീനമായിരിക്കുന്നു. അവയാണ്‌ മനസാ-വാചാ-കര്‍മ്മണാ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമാവുന്നത്‌. തീര്‍ച്ചയായും ഒരുവന്റെ പ്രവര്‍ത്തികള്‍ വാസനകളുടെ അടിസ്ഥാനത്തിലാണ്‌ വര്‍ത്തിക്കുന്നത്‌.

"അങ്ങിനെയാണ്‌ കര്‍മ്മങ്ങളുടെ നിജസ്ഥിതി: കര്‍മ്മം എന്നത്‌ വാസനകളില്‍ വെച്ചേറ്റവും പ്രബലമായ വാസനാവിശേഷത്തിന്റെ പ്രകടിതഭാവമാണ്‌. ഈ വാസനകള്‍ മനസ്സില്‍ നിന്നു ഭിന്നമല്ല. മനുഷ്യന്‍ മനസ്സുതന്നെയാണ്‌" 

മനസ്സ്‌, വാസനകള്‍, കര്‍മ്മം, വിധി (ദൈവം) എന്നീ തരംതിരിക്കലുകള്‍ സത്യത്തിലുണ്ടോ എന്നാര്‍ക്കും അറിയാന്‍ കഴിയില്ല. അതിനാല്‍ ജ്ഞാനികള്‍ അവയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. 

രാമന്‍ വീണ്ടും ചോദിച്ചു: മഹാത്മന്‍, പൂര്‍വ്വജന്മങ്ങളില്‍ നിന്നുമാര്‍ജ്ജിച്ച വാസനകളാണ്‌ എന്നേക്കൊണ്ട്‌ കര്‍മ്മംചെയ്യിക്കുന്നതെങ്കില്‍ കര്‍മ്മങ്ങളില്‍ എനിക്കെവിടെയാണ്‌ സ്വാതന്ത്ര്യം?

വസിഷ്ഠന്‍ പറഞ്ഞു: രാമ: പൂര്‍വ്വജന്മാര്‍ജ്ജിത വാസനകള്‍ രണ്ടുതരമുണ്ട്‌. നിര്‍മ്മലവാസനകളും മലിനവാസനകളും. നിര്‍മ്മലമായവ നമ്മെ മുക്തിയിലേയ്ക്കു നയിക്കുന്നു. മറ്റേത്‌ കൂടുതല്‍ ബന്ധനങ്ങളിലേയ്ക്കും. നാം ബോധസ്വരൂപമായ ആത്മാവാണ്‌. വെറും ഭൌതീകവസ്തുവല്ല. നിന്റെ കര്‍മ്മങ്ങള്‍ ക്കു പ്രചോദനമായിരിക്കുന്നത്‌ മറ്റാരുമല്ല. നീ തന്നെയാണ്‌. അതുകൊണ്ട്‌ നിന്റെ നിര്‍മ്മലവാസനകളെ മലിനവാസനകളെ അപേക്ഷിച്ച്‌ പ്രബലമാക്കാന്‍ നിനക്കു സ്വാതന്ത്രമുണ്ട്‌. മനസ്സിനെ ശരിയായ വഴിയ്ക്കുതിരിച്ച്‌, മലിനവാസനകളെ പതുക്കെപ്പതുക്കെ ഉപേക്ഷിക്കണം. കാരണം അവയെ പെട്ടെന്നുപേക്ഷിച്ചാലുള്ള ഫലം ചിലപ്പോള്‍ തീക്ഷ്ണമായേക്കാം. ഉപയോഗിക്കാതിരിക്കുന്നതിനാല്‍ മലിനവാസനകള്‍ ക്രമേണ ശക്തിഹീനമാവും. അതുപോലെ സദ്‌വാസനകള്‍ കര്‍മ്മമാര്‍ഗ്ഗങ്ങളിലൂടെ ആവര്‍ത്തിച്ചുപയോഗിക്കുന്നതിലൂടെ അവ പ്രബലപ്പെടുകയും ചെയ്യും. അങ്ങിനെ നീ ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം നിര്‍മ്മലമായ വാസനകളുടെ പ്രകടനമായ സദ്‌കര്‍മ്മങ്ങള്‍ മാത്രമാവും. അങ്ങിനെ ആദ്യം ദുര്‍വ്വാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്ത്‌ സദ്കര്‍മ്മങ്ങളില്‍ പാകം വരുമ്പോള്‍ ആ പ്രവര്‍ത്തികളെപ്പോലും ഉപേക്ഷിക്കാം. അപ്പോള്‍ നിനക്ക്‌ സദ്‌വാസനകളില്‍ നിന്നുദിക്കുന്ന ബോധപ്രഭയില്‍ പരമസത്യത്തെ സാക്ഷാത്കരിക്കാം.

May 7, 2012

025 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 025


അശുഭേഷു സമാവിഷ്ടം  ശുഭേഷ്വേവാവതാരയേത്
പ്രയത്നാചിത്തമിത്യേഷ സർവശാസ്ത്രാര്‍ത്ഥസംഗ്രഹ: (2/7/12)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: വീണ്ടും വീണ്ടും ജന്മമെടുക്കാതിരിക്കാന്‍ ഒരുവന്‍ ശാരീരികമായ അസുഖങ്ങളോ മാനസീകമായ അസ്വസ്ഥതകളോ ഇല്ലാത്തപ്പോള്‍ ആത്മജ്ഞാനത്തിനായി പ്രയത്നിക്കണം. അങ്ങിനെയുള്ള ഉദ്യമങ്ങള്‍ക്ക്‌ മൂന്നുവേരുകളാണുള്ളത്‌ - ആന്തരീകമായി ബോധത്തിലെ ഉണര്‍വ്വ്‌, മനസ്സിലെ നിശ്ചയദാര്‍ഢ്യം, ശാരീരികമായ പ്രവൃത്തി.

സ്വപ്രയത്നം ഇനിപ്പറയുന്ന മൂന്നുകാര്യങ്ങളെ ആസ്പദിച്ചാണു നിലകൊള്ളുന്നത്‌. വേദശാസ്ത്രങ്ങളിലുള്ള അറിവ്‌, ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍, പിന്നെ സ്വന്തം അദ്ധ്വാനം. ദിവ്യനിയോഗം അല്ലെങ്കില്‍ വിധി എന്നതിന്‌ ഇവിടെ സ്ഥാനമില്ല. "അതുകൊണ്ട്‌ മുക്തിയാഗ്രഹിക്കുന്നവന്‍ അനവരതമായ സ്വപ്രയത്നം കൊണ്ട്‌ മലിനമായ മനസ്സിനെ പരിശുദ്ധിയിലേയ്ക്കു വഴിതിരിച്ചുവിടാനുള്ള പരിശ്രമം ചെയ്യണം. വേദശാസ്ത്രങ്ങളുടെയെല്ലാം സാരാംശം ഇതത്രേ" 

അനശ്വരമായ നന്മയുടെ പാതയില്‍ സ്ഥിരോല്‍സാഹത്തോടെ അടിവച്ചു മുന്നേറാനാണ്‌ മഹാത്മാക്കള്‍ ഏവരും ആഹ്വാനം ചെയ്യുന്നത്‌. തന്റെ പരിശ്രമത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ്‌ ഫലാനുഭവങ്ങളുണ്ടാവുക എന്നും നിയതിക്കോ ഈശ്വരനോ ഇതിന്റെമേല്‍ നിയന്ത്രണമൊന്നുമില്ലെന്നും ജ്ഞാനമുറച്ചവനറിയാം. അങ്ങിനെയുള്ള പ്രയത്നങ്ങളാണ്‌ മനുഷ്യന്‌ ഈ ജീവിതത്തില്‍ കിട്ടുന്ന ഏതനുഭവങ്ങള്‍ ക്കും ഉത്തരവാദി.

ഒരുവന്‍ ദു:ഖത്തില്‍ മുഴുകുമ്പോള്‍ അവനെ സമാശ്വസിപ്പിക്കാന്‍ ആളുകള്‍ പറയും 'ഇത്‌ വിധിയെന്നു സമാധാനിക്കുക'. ഒരുവന്‍ വിദേശത്ത്‌ എത്തുന്നു- യാത്രചെയ്തിട്ട്‌; ഒരുവന്‍ വിശപ്പടക്കുന്നു- ഭക്ഷണം കഴിച്ചിട്ട്‌. ഇതെല്ലാം വളരെ സ്പഷ്ടമായ കാര്യങ്ങളാണ്‌. വിധിക്കിതില്‍ പങ്കൊന്നുമില്ല. ആരും ഈ വിധിയേയോ, ഈശ്വരനേയൊ കണ്ടിട്ടില്ല. എന്നാല്‍ നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ക്കു ഫലമായി നന്മയോ തിന്മയോ ഉണ്ടാവുന്നത്‌ നാം കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ചെറുപ്പം മുതലേ തന്നെ ഒരുവന്‍ തന്റെ സത്യാന്യോഷണവും മുക്തിസാധനയും തുടങ്ങണം. വേദശാസ്ത്രങ്ങളെ ബുദ്ധിപൂര്‍വ്വം പഠിച്ച്‌ മഹാത്മാക്കളുടെ സംസര്‍ഗ്ഗത്തോടെ സ്വപ്രയത്നത്താല്‍ ഇതു സാധിക്കാം. വിധി, ദൈവനിയോഗം എന്നതൊക്കെ പലതവണ ആവര്‍ത്തിച്ചു പറയുന്നതുകൊണ്ടുമാത്രം സത്യമെന്ന തോന്നലുളവാക്കുന്ന സൌകര്യപ്രദമായ ഒരു സങ്കല്‍പ്പമാണ്‌. ഈ ദൈവനിയോഗം സത്യമായും എല്ലാത്തിന്റേയും നിയന്താവാണെങ്കില്‍ എന്തിനാണ്‌ നാം പ്രയത്നങ്ങള്‍ ചെയ്യുന്നത്‌? ആരാരെയാണ്‌ കര്‍മ്മം ചെയ്യാന്‍ പഠിപ്പിക്കേണ്ടത്‌? ഈ ലോകത്ത്‌ ശവങ്ങളൊഴിച്ച്‌  മറ്റെല്ലാവരും കര്‍മ്മോന്മുഖരായി വര്‍ത്തിക്കുന്നു. അവര്‍ക്കെല്ലാം ഉചിതമായ ഫലങ്ങള്‍ ലഭിക്കുന്നുമുണ്ട്‌. ആരും വിധിയേയോ ദൈവനിയോഗത്തെയോ സാക്ഷാത്കരിച്ചിട്ടില്ല.

ചിലര്‍ പറഞ്ഞേക്കാം "വിധിയുടെ പ്രേരണയാലാണ്‌ അല്ലെങ്കില്‍ ദൈവനിശ്ചയത്താലാണ്‌ ഞാനിതുചെയ്തത്‌" എന്നെല്ലാം. പക്ഷേ അതു സത്യമല്ല. ഒരു യുവാവ്‌ അതിവിദ്വാനായ ഒരു പണ്ഡിതനാവുമെന്ന് ജ്യോതിഷി പ്രസ്താവിക്കുന്നു എന്നുകരുതുക. അയാള്‍ ഒന്നും പഠിക്കാതെ അങ്ങിനെയായിത്തീരുമോ? ഇല്ല. അപ്പോള്‍പ്പിന്നെ ഈദിവ്യനിയോഗങ്ങളില്‍ നാമെന്തിനു വിശ്വസിക്കണം? "രാമ: ഈ വിശ്വാമിത്രന്‍ ബ്രഹ്മര്‍ഷിയായത്‌ സ്വപ്രയത്നത്താലാണ്‌. നാമെല്ലാം ആത്മജ്ഞാനത്തിനര്‍ഹരായതും അതുകൊണ്ടുമാത്രം. അതുകൊണ്ട്‌ ഈ ഗ്രഹപ്പിഴ, വിധി എന്നുള്ള വിശ്വാസങ്ങളെല്ലാം ഉപേക്ഷിച്ച്‌ ആത്മജ്ഞാനത്തിനായി പ്രവര്‍ത്തനനിരതനായാലും."

May 6, 2012

024 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 024


ശാസ്ത്രൈ: സദാചര വിജൃംഭിത  ദേശധർമൈര്‍ - 
യത്കല്പിതം ഫലമതീവ ചിരപ്രരൂഢമ്
തസ്മിൻഹൃദി സ്പുരതി ചോപനമേതി ചിത്ത-
മംഗാവലീ തദനു പൗരുഷമേതദാഹു: (2/6/40)


വസിഷ്ഠമുനി രണ്ടാം ദിവസത്തെ പ്രഭാഷണം സമാരംഭിച്ചു. " രാമ: പ്രയത്നത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ്‌ ഫലസിദ്ധി ഉണ്ടാവുന്നത്‌. ഇതാണ്‌ സ്വപ്രയത്നം എന്നുപറയുന്നതിന്റെ സാരം. ഇതുതന്നെയാണ്‌ ദിവ്യനിയതി, ഭാഗധേയം, വിധി എന്നെല്ലാമറിയപ്പെടുന്നത്‌.

ദു:ഖാനുഭവങ്ങളുണ്ടാവുമ്പോള്‍ "കഷ്ടം എന്തു ദുരിതം!" എന്നോ "എന്റെ വിധി ഇതാണല്ലോ!" എന്നോ ആളുകള്‍ കരഞ്ഞുവിളിക്കുന്നു. രണ്ടിന്റേയും സാരം ഒന്നുതന്നെ. ഭൂതകാലത്തു നാം തന്നെ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളാണ്‌ നിയോഗമായിത്തീരുന്നത്‌. വര്‍ത്തമാനകാലം ഭൂതകാലത്തേക്കാള്‍ അനന്തശക്തമാണ്‌. ഭൂതകാല കര്‍മ്മഫലങ്ങളില്‍ സംതൃപ്തരായി ഇപ്പോള്‍ പ്രയത്നമൊന്നും ചെയ്യാതെ എല്ലാം നിയോഗമെന്നുകരുതി കഴിഞ്ഞുകൂടുന്നവര്‍ വിഡ്ഢികളത്രെ. ഇപ്പോഴത്തെ കര്‍മ്മങ്ങള്‍ക്ക്‌ വിധിവശാല്‍ തടസ്സങ്ങളേര്‍പ്പെടുന്നത്‌ ആ പ്രയത്നങ്ങള്‍ വേണ്ടത്ര പ്രബലമല്ലാ എന്നതുകൊണ്ടാണ്‌. അതീവശക്തിമാനായ ഒരെതിരാളിയെ നേരിടേണ്ടിവരുമ്പോള്‍ മണ്ടനും അവശനുമായവന്‍ 'വിധിവൈപരീത്യം' എന്നു വിലപിച്ച്‌ തോറ്റുപിന്‍വാങ്ങുന്നു. ചിലപ്പോള്‍ വലിയ പ്രയത്നമൊന്നും കൂടാതെ ഒരുവന്‍ വലിയ ലാഭങ്ങള്‍ നേടുന്നു. ഉദാഹരണത്തിന്‌ പഴയ ഒരു രീതിയനുസരിച്ച്‌ അനന്തരാവകാശിയില്ലാതെ രാജാവു ദിവംഗതനാവുമ്പോള്‍ കൊട്ടാരത്തിലെ ആന ചിലപ്പോള്‍ വെറുമൊരു വഴിപോക്കനെ തിരഞ്ഞെടുത്ത്‌ മാലചാര്‍ത്തി രാജാവായി വാഴിക്കുന്നു. ഇത്‌ ഒരാകസ്മികതയോ ദിവ്യാനുഗ്രഹമോ ഒന്നുമല്ല. വഴിപോക്കന്റെ, പൊയ്പോയ ജന്മങ്ങളിലെ സ്വകര്‍മ്മഫലം ഇപ്പോള്‍ അനുഭവവേദ്യമാവുന്നു എന്നേയുള്ളു. 

ചിലപ്പോള്‍ കര്‍ഷകന്റെ പ്രയത്നം മുഴുവന്‍ ഒരു ചുഴലിക്കാറ്റുകൊണ്ട്‌ വൃഥാവിലാവുന്നു. കൊടുങ്കാറ്റ്‌, കര്‍ഷകന്റെ പ്രയത്നത്തിനേക്കാള്‍ പ്രബലമാണ്‌. അതുകൊണ്ട്‌ കൃഷിക്കാരന്‍ കൂടുതല്‍ കഠിനമായി ആര്‍ജ്ജവത്തോടെ ജോലി ചെയ്യേണ്ടിയിരിക്കുന്നു. അവന്‍ തന്റെ നഷ്ടത്തെച്ചൊല്ലി ദു:ഖിച്ചിട്ടു കാര്യമില്ല. ഈ വിഷാദം ന്യായീകരിക്കാമെങ്കില്‍ അനിവാര്യമായ മരണത്തെക്കുറിച്ച്‌ അയാള്‍ എന്തുകൊണ്ട്‌ ദിവസവും ദു:ഖിക്കുന്നില്ല?

സ്വപ്രയത്നത്താല്‍ എന്തു നേടാം, എന്തു നേടാനാവില്ല എന്ന് ജ്ഞാനിക്കറിയാം. അതുകൊണ്ട്‌ ഇതിനെയെല്ലാം നമുക്കതീതമായി പുറത്തുള്ള മറ്റേതോ ഒരു ശക്തിയില്‍ ആരോപിക്കുന്നത്‌ തികഞ്ഞ അജ്ഞതയാണ്‌. "ദൈവം എന്നെ സ്വര്‍ഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും അയക്കുന്നു" എന്നും "ഏതോ അജ്ഞാതശക്തി എന്നേക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നു" എന്നും പറയുന്ന അജ്ഞാനിയുമായുള്ള സംസര്‍ഗ്ഗം തന്നെ വര്‍ജിക്കണം.

ഒരുവന്‍ സ്വയം ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍ നിന്നു മോചിതനാവണം. എന്നിട്ട്‌ സ്വപ്രയത്നം തന്നെ ദിവ്യനിയതി എന്നറിഞ്ഞ്‌ ധാര്‍മ്മീകമായ കര്‍മ്മങ്ങളില്‍ മുഴുകി പരമസത്യത്തെ പ്രാപിക്കണം. "ഗ്രഹപ്പിഴ, ദൈവനിയോഗം എന്നു പറഞ്ഞു നടക്കുന്ന 'വിധിവിശ്വാസി' സ്വയം പരിഹാസപാത്രമാണ്‌." ശരിയായ അറിവില്‍ നിന്നും ഉണ്ടാവുന്നതേ സ്വപ്രയത്നമാവൂ. അങ്ങിനെയുള്ള അറിവ്‌ ഒരുവന്റെ ഹൃദയത്തില്‍ പ്രകടമാവുന്നത്‌ ശാസ്ത്രോചിതമായ പഠനങ്ങളിലൂടെയും മഹാത്മാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നതിലൂടെയുമാണ്‌.

May 5, 2012

023 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 023


പരം പൗരുഷമാശ്രിത്യ ദന്തൈർദന്താനവിചൂർണ്ണയൻ
ശുഭേനാശുഭം ഉദ്യുക്തം പ്രാക്ത്തനം പൗരുഷം ജയേത് (2/5/9)


വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ജലപ്പരപ്പില്‍ ഓളങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ജലത്തിന്റെ സ്വഭാവത്തിന്‌ മാറ്റമേതുമില്ലാത്തതുപോലെ മുക്തപുരുഷന്‍ കാഴ്ച്ചയില്‍ എങ്ങിനെയിരുന്നാലും തന്നിലുറച്ച വിജ്ഞാനത്തിനു മാറ്റമൊന്നും ഉണ്ടാവുന്നില്ല. കാണുന്നവന്റെ അജ്ഞതയുടെ നിലവാരമനുസരിച്ചാണ്‌ ഭേദങ്ങളെല്ലാം തോന്നുന്നത്‌. അതിനാല്‍ അജ്ഞാനാന്ധകാരത്തെ ഇല്ലാതാക്കുന്നതിനായി എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ടാലും. ഇഹലോകത്തിലെ നേട്ടങ്ങള്‍ എല്ലാം സ്വപ്രയത്നത്താല്‍ മാത്രമേ ഉണ്ടാവുന്നുള്ളു. പരാജയങ്ങള്‍ എല്ലാം പ്രയത്നത്തിന്റെ പോരായ്മകൊണ്ടാണെന്നറിയുക. ഇത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. എന്നാല്‍ വിധിയെന്നത്‌ സാങ്കല്‍പ്പികമാണ്‌. സ്വപ്രയത്നം എന്നാല്‍ മനസാ വാചാ കര്‍മ്മണാ, ശാസ്ത്രാനുസാരിയായും, മഹാത്മാക്കളുടെ നിര്‍ദ്ദേശപ്രകാരവും നാം ചെയ്യുന്ന പ്രവൃത്തികളാണ്‌. അത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്‌ ദേവരാജാവായ ഇന്ദ്രനും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനും മറ്റു ദേവതമാര്‍ക്കും അതതു പദവികള്‍ ലഭിച്ചത്‌. 

സ്വപ്രയത്നം രണ്ടു തരത്തിലാണ്‌. ഈ ജന്മത്തിലേയും കഴിഞ്ഞ ജന്മങ്ങളിലേതും. ഈ ജന്മത്തിലെ പ്രയത്നങ്ങള്‍ കഴിഞ്ഞ ജന്മങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിപരീതഫലമുളവാക്കുന്നു. വിധി എന്നതും സ്വപരിശ്രമം തന്നെ. കഴിഞ്ഞ ജന്മങ്ങളുടേതാണെന്നുമാത്രം. ഈ ജന്മത്തില്‍ രണ്ടും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാവുക സഹജവും തമ്മില്‍ ശക്തികൂടിയ പ്രയത്നത്തിനു വിജയം നിശ്ചിതവുമാണ്‌. 

ശാസ്ത്രാനുസാരിയല്ലാത്ത ഉദ്യമങ്ങള്‍ വ്യാമോഹത്താല്‍ പ്രചോദിതമാണ്‌. പ്രയത്നങ്ങള്‍ക്ക്‌ സദ്ഫലം ലഭിക്കാതെവരുമ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമായിരുന്നത്‌ വ്യാമോഹങ്ങളാണോ എന്നു പരിശോധിക്കുക. എന്നിട്ട്‌ ഉചിതമായ മാറ്റങ്ങള്‍ ഉടനേ തന്നെ സ്വാംശീകരിക്കുക. വര്‍ത്തമാനകാലത്തു ചെയ്യുന്ന ഉചിതമായ പ്രയത്നത്തേക്കാള്‍ പ്രബലവും പ്രസക്തവുമായി മറ്റൊന്നില്ല.

"അതുകൊണ്ട്‌ പല്ലുഞരിച്ച്‌ ചെയ്യുന്ന കഠിനമായ സ്വപ്രയത്നത്താല്‍ ഒരുവന്‌ അവന്റെ നല്ലതും ചീത്തയുമായ എല്ലാ വിധികളേയും ഇപ്പോഴത്തെ പ്രവര്‍ത്തികള്‍കൊണ്ട്‌ തരണം ചെയ്യാം" മടിയന്‍ കഴുതയേക്കാള്‍ നികൃഷ്ടനത്രേ. ആയുസ്സ്‌ അനുനിമിഷം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ബോധത്തില്‍ മോക്ഷപ്രാപ്തിക്കായി കഠിനയത്നത്തില്‍ നാം മടികൂടാതെ മുഴുകുക തന്നെവേണം. മലിനജലത്തിലും ചലത്തിലും കിടന്നുല്ലസിച്ചു പുളയ്ക്കുന്ന പുഴുക്കളെപ്പോലെ ഇന്ദ്രിയസുഖമെന്ന ചെളിക്കുണ്ടില്‍ വീഴാതെ ജാഗരൂകരായിരിക്കണം.

"വിധിയാണ്‌ എന്നേക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്‌" എന്നു പറയുന്നവന്‍ ബുദ്ധിഹീനനാണ്‌. അവനെ ഭാഗ്യദേവത തിരിഞ്ഞു നോക്കുകപോലുമില്ല. അതുകൊണ്ട്‌ സ്വപ്രയത്നം കൊണ്ട്‌ ആത്മജ്ഞാനം നേടി ഈ പ്രയത്നങ്ങള്‍ക്കെല്ലാം സത്യസാക്ഷാത്കാരമാകുന്ന ഫലപ്രാപ്തിയുണ്ടെന്നു തിരിച്ചറിയുക. ദുഷ്ടതയുടെ ഉറവയായ 'മടി' ലോകത്തിലില്ലെങ്കില്‍ ദാരിദ്ര്യവും നിരക്ഷരതയും ആര്‍ക്കുണ്ടാവും? മനുഷ്യന്‍ മൃഗങ്ങളേപ്പോലെ കഷ്ടപ്പെട്ട്‌ ദുരിതത്തിലും ദാരിദ്ര്യത്തിലും കഴിയാന്‍, ഈ മടിതന്നെയാണ് കാരണം. 

വാല്‍മീകി പറഞ്ഞു: അനന്തരം സായാഹ്ന പ്രാത്ഥനകള്‍ക്കു സമയമാകയാല്‍ സഭ അന്നേയ്ക്കു പിരിഞ്ഞു. 

May 4, 2012

022 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 022


യശ: പ്രഭൃതിനാ യസ്മൈ ഹേതുനൈവ വിനാ  പുന:
ഭുവി ഭോഗാ ന രോചന്തേ സ ജീവന്മുക്ത ഉച്യതേ (2/2/8)


സഭയില്‍ക്കൂടിയിരിക്കുന്ന മഹര്‍ഷിമാരോടായി വിശ്വാമിത്രന്‍ ഇങ്ങിനെ പറഞ്ഞു: ശുകനേപ്പോലെ രാമനും പരമജ്ഞാനം നേടിയിരിക്കുന്നു. ഏറ്റവും സൂക്ഷ്മങ്ങളായ വാസനകള്‍ പോലും അസ്തമിച്ചുകഴിഞ്ഞതിനാല്‍ ആത്മജ്ഞാനം വന്നവന്‌ ലൌകീകകാര്യങ്ങളില്‍ വിരക്തി സഹജമത്രേ. ഈ താത്പ്പര്യമില്ലായ്മ തന്നെ വിജ്ഞാനലക്ഷണമാണ്‌. വാസനകള്‍ ശക്തമാവുമ്പോള്‍ ബന്ധനവും, അവ ഇല്ലാതാവുമ്പോള്‍ മുക്തിയും ഉണ്ടാവുന്നു. "പ്രശസ്തിയോ മറ്റു പ്രലോഭനങ്ങളോ ആത്മ ജ്ഞാനം വന്നു മുക്തനായ ഒരു മുനിയ്ക്ക്‌ പ്രചോദനമേകുന്നില്ല. ഇന്ദ്രിയസുഖങ്ങള്‍ അയാളെ ആകര്‍ഷിക്കുന്നുമില്ല."

രാമനുവേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ മഹര്‍ഷി വസിഷ്ടനോട്‌ അപേക്ഷിക്കുന്നു. കാരണം അതു ഞങ്ങള്‍ ക്കും പ്രചോദനപ്രദമാണ്‌. ഈ പാഠങ്ങള്‍ പരമോന്നതവിജ്ഞാനം നിറഞ്ഞതും വേദഗ്രന്ഥങ്ങളില്‍ ഏറ്റവും മികച്ചതുമാവും, നിശ്ചയം. കാരണം പ്രബുദ്ധനായ ഒരു മഹര്‍ഷിവര്യന്‍ അതീവയോഗ്യനും അനാസക്തനുമായ ഒരു ശിഷ്യനുവേണ്ടിയാണല്ലോ ഈ വിദ്യ ഉപദേശിക്കുന്നത്‌. 

വസിഷ്ടന്‍ പറഞ്ഞു: അങ്ങയുടെ ആവശ്യം ഞാന്‍ ശിരസാവഹിക്കുന്നു. രാമ: സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മുഖദാവില്‍ നിന്നും എനിക്കരുളിക്കിട്ടിയ ആ അറിവ്‌ ഞാന്‍ അങ്ങേയ്ക്കു പകര്‍ ന്നു തരാം.

രാമന്‍ പറഞ്ഞു: ആദ്യം തന്നെ ഒരുകാര്യം പറഞ്ഞു തരിക. എന്തുകൊണ്ടാണ്‌ വേദവ്യാസനെ മുക്തനായി കണക്കാക്കാതെ മകന്‍ ശുകമുനിയെ മുക്തനായി കരുതുന്നത്‌? 

വസിഷ്ടന്‍ പറഞ്ഞു: രാമ: എണ്ണമൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടായി നിലനിന്നു നശിച്ചുപോയിരിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ബ്രഹ്മാണ്ഡങ്ങളെപ്പറ്റി മനസ്സിലാക്കുക എന്നതുപോലും അസാധ്യം. വായുവില്‍ കെട്ടിയുണ്ടാക്കുന്ന കോട്ടകള്‍പോലെ ഈ ജഗത്തും ആഗ്രഹങ്ങളുടെ, ഹൃദയത്തിലുയരുന്ന ഭാവനയുടെ, സൃഷ്ടിയാണെന്ന് പെട്ടെന്നു തന്നെ നമുക്ക്‌ ബോധ്യമാവും. ജീവജാലങ്ങള്‍ അവരുടെ ഹൃദയത്തില്‍ ഈ ലോകത്തെ ആവാഹനം ചെയ്യുന്നു. ജീവനോടെയിരിക്കുമ്പോള്‍ ഈ മിഥ്യാഭാവന ശക്തിയാര്‍ജ്ജിക്കുന്നു. മരണശേഷം അവന്‍ ഇതിനുമപ്പുറത്തുള്ള ലോകത്തെ ആവാഹനംചെയ്ത്‌ അനുഭവിക്കുന്നു. അങ്ങിനെ വാഴപ്പോളപോലെ ഒന്നിനുള്ളില്‍ ഒന്നൊന്നായി ലോകങ്ങള്‍ ഉയിര്‍ക്കൊള്ളുകയാണ്‌. വസ്തുപ്രപഞ്ചമോ സൃഷ്ടിപ്രക്രിയയോ ശരിയായ അര്‍ത്ഥത്തില്‍ സത്യമല്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഇവ യാഥാര്‍ഥ്യമാണെന്നു തോന്നുകയാണ്‌. ഈ അജ്ഞതയുള്ളിടത്തോളം ദൃശ്യപ്രപഞ്ചമുണ്ടാവും.

രാമ: ഈ സംസാരസാഗരത്തില്‍ ജീവികള്‍ അവിടവിടെയായി സാമ്യരൂപത്തിലും വിഭിന്നരൂപത്തിലും പിറവിയെടുക്കുന്നു. ഈ വേദവ്യാസന്‍ സൃഷ്ടിധാരയിലെ ഇരുപത്തിമൂന്നാമത്തേതാണ്‌. അദ്ദേഹവും മറ്റ്‌ ഋഷിമാരും വീണ്ടും വീണ്ടും മൂര്‍ത്തരൂപമാര്‍ന്ന് പിന്നെ അമൂര്‍ത്തതയില്‍ ലയിച്ചുകൊണ്ടിരിക്കും. ചില ജന്മങ്ങളില്‍ അവര്‍ മറ്റുള്ളവര്‍ക്കു തുല്യരായും മറ്റുചിലതില്‍ അതുല്യരായുമിരിക്കും. ഈ ജന്മത്തില്‍ വേദവ്യാസന്‍ മുക്തനായ ഒരു ഋഷിവര്യനത്രേ. ഇങ്ങിനെയുള്ള മാമുനിമാര്‍ അനേകം ജന്മങ്ങളെടുത്ത്‌ മറ്റുള്ളവരുമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ചിലപ്പോള്‍ അവര്‍ പഠിപ്പിലും അറിവിലും മറ്റുള്ളവര്‍ക്കൊപ്പമായിരിക്കും. മറ്റുചിലപ്പോള്‍ സ്വഭാവത്തിലും പഠിപ്പിലും അവര്‍ ഇതര മുനിമാര്‍ക്ക്‌ സമന്മാരാവണമെന്നുമില്ല.

May 3, 2012

021 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 021

ഭാഗം 2. മുമുക്ഷു പ്രകരണം ആരംഭം 

യഥായം സ്വവികല്പോത്ഥ:  സ്വവികല്പാ പരിക്ഷയാത് 
ക്ഷീയതേ ദഗ്ദ്ധ സംസാരോ നി:സ്സാര ഇതി നിശ്ചയ: (2/1/33)

വിശ്വാമിത്രന്‍ പറഞ്ഞു: അല്ലയോ രാമ! അങ്ങ്‌ ജ്ഞാനികളില്‍ അഗ്രഗണ്യനും അറിവിന്റെ നിറകുടവുമാണ്‌. അങ്ങേയ്ക്ക്‌ കൂടുതലായി ഒന്നും  ഇനി അറിയാനില്ല. എന്നാല്‍ അങ്ങയുടെ അറിവിനെ ദൃഢീകരിക്കേണ്ടതുണ്ട്‌. ശ്രീ ശുകമഹര്‍ഷി പോലും തന്റെ ആത്മജ്ഞാനം ജനകന്റെ അടുക്കല്‍പ്പോയി ഉറപ്പിച്ചതിനുശേഷമാണല്ലോ എല്ലാ അറിവുകള്‍ക്കുമതീതമായ പരമശാന്തിയെ പ്രാപിച്ചത്‌. 

രാമന്‍ ചോദിച്ചു: "മാഹത്മന്‍, എങ്ങിനെയാണ്‌ ശുകന്‌ ആത്മജ്ഞനായിരുന്നിട്ടുകൂടി അശാന്തിയേര്‍പ്പെട്ടത്‌? എങ്ങിനെയാണ്‌ അദ്ദേഹം പിന്നെ പ്രശാന്തനായത്‌?"

വിശ്വാമിത്രന്‍ പറഞ്ഞു: കേട്ടാലും രാമ: അങ്ങയുടെ പിതാവിനൊപ്പം ഇവിടെ ആസനസ്ഥനായിരിക്കുന്ന വേദവ്യാസന്റെ പുത്രന്‍ ശ്രീശുകന്റെ ആത്മോദ്ധാരണകാരിയായ ചരിതം ഞാന്‍ പറഞ്ഞു തരാം. അങ്ങയേപ്പോലെ ശുകനും തീവ്രധ്യാനത്താല്‍ ഈ ലോകത്തിന്റെ ക്ഷണഭംഗുരമായ അവസ്ഥയെപ്പറ്റിയുള്ള സത്യം  മനസ്സിലാക്കി. എന്നാല്‍ അത്‌ സ്വയം ആര്‍ജ്ജിച്ചതും അനുഭവത്താല്‍ ഉറപ്പിക്കാത്തതുമായ കേവല ജ്ഞാനമായിരുന്നു. അദ്ദേഹം അനാസക്തിനിരതനായിരുന്നു എന്നു നിശ്ചയ  മാണെങ്കിലും "ഇതാണുണ്മ" എന്ന് സ്വയം ഉറപ്പിക്കാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. ഒരുദിവസം തന്റെ അച്ഛനായ വേദവ്യാസനോട്‌ അദ്ദേഹം ഇങ്ങിനെ ചോദിച്ചു: "ഈ ലോകസൃഷ്ടിയില്‍ എങ്ങിനെയാണ്‌ ഇത്രയേറെ വൈവിദ്ധ്യം വന്നത്‌? എന്നാണിനി ഇതെല്ലാം അവസാനിക്കുക?" വേദവ്യാസന്‍ ഇതിനുത്തരം വളരെ വിശദമായിത്തന്നെ നല്‍കി. പക്ഷേ ശുകന്‍ സംതൃപ്തനായില്ല. "ഇതെനിയ്ക്ക്‌ നേരത്തേ അറിയാവുന്ന കാര്യങ്ങളാണ്‌. പുതുതായി ഒന്നുമില്ലിതില്‍"

"ഇതിലധികമായി എനിയ്ക്കൊന്നുമറിയില്ല. അതിനാല്‍ നീ ഭൂമിയിലെ രാജര്‍ഷിയായ ജനകനെച്ചെന്നു കണ്ടാലും. അദ്ദേഹം  എന്നിലുപരി ജ്ഞാനമുള്ളയാളാണ്“.  ശുകന്‍ ജനകന്റെ കൊട്ടാരത്തില്‍ച്ചെന്നു. ശുകന്റെ ആഗമനം സേവകരില്‍ നിന്നറിഞ്ഞ ജനകന്‍ ഒരാഴ്ച്ചക്കാലം അദ്ദേഹത്തെ അവഗണിച്ചു. ശുകനാകട്ടെ ക്ഷമയോടെ കൊട്ടാരവാതില്‍ക്കല്‍ കാത്തുനില്‍ ക്കുകയും ചെയ്തു. അടുത്തയാഴ്ച്ച  ജനകന്‍ കൊട്ടാര നര്‍ത്തകരാലും ഗായകരാലും ശുകന്‌ സ്വീകരണം ഏര്‍പ്പെടുത്തി. ഇതിലൊന്നും ചഞ്ചലചിത്തനാവാതെയിരുന്ന ശുകനെ രാജാവ്‌ വിളിപ്പിച്ചു. "നീ സത്യമറിഞ്ഞവനാണ്‌. ഇനിയെന്താണ്‌ ഞാന്‍ നിനക്കു പറഞ്ഞു തരേണ്ടത്‌?" ശുകന്‍ പിതാവിനോട്‌ ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു. ജനകനും വിശദമായി പറഞ്ഞ മറുപടി തന്റെ അച്ഛന്‍ പറഞ്ഞതു തന്നെയായിരുന്നു. 

ശുകന്‍ പറഞ്ഞു: ഇതെനിയ്ക്ക്‌ അച്ഛന്‍ പറഞ്ഞു തന്നിരുന്നു; വേദഗ്രന്ഥങ്ങളും ഇതാണു പ്രസ്താവിക്കുന്നത്‌. "ഈ നാനാത്വം ഉണ്ടാവുന്നത്‌ മനസ്സിന്റെ ചാഞ്ചല്യം കൊണ്ടാണെന്നും ഈ ചഞ്ചലത്വം ഇല്ലാതാവുന്നതോടെ ഈ കാണപ്പെടുന്ന നാനാത്വവും ഇല്ലാതാവുമെന്ന സത്യം എന്നിലുറപ്പിച്ചു തന്നാലും" അങ്ങിനെ ജനകസന്നിധിപൂകി ആത്മജ്ഞാനമുറച്ച ശുകന്‍ പരമശാന്തിയോടെ നിര്‍വ്വികല്‍പ്പസമാധിയില്‍ സ്ഥിരപ്രതിഷ്ഠിതനായി.

May 2, 2012

020 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 020

സകലലോകചമത്കൃതി കാരിണോപ്യഭിമതം യദി രാഘവചേതസ:
ഫലതി നോ തദിമേ വയമേവ ഹി സ്ഫുടതരം മുനയോ ഹതബുദ്ധയ: (1/33/46)

വാല്‍മീകി പറഞ്ഞു: മനസ്സിലെ മോഹവിഭ്രമങ്ങളെ ഇല്ലാതാക്കുന്ന, വിജ്ഞാനത്തിന്റെ അഗ്നിജ്വാലപോലെയുള്ള, രാമവചനങ്ങള്‍ കേട്ട്‌ രാജസഭയിലുള്ളവര്‍ പ്രചോദിതരായി. അവര്‍ക്ക്‌ തങ്ങളുടെ സംശയങ്ങളും തെറ്റിദ്ധാരണകളും നീങ്ങിയതായി തോന്നി. രാമന്റെ അമൃതസമാനമായ വാക്കുകള്‍ അവര്‍ പാനം ചെയ്തു. രാമന്‍ പറയുന്നതുകേട്ടിരുന്ന അവര്‍ ചിത്രപടങ്ങളിലെ ജീവനില്ലാത്ത രൂപങ്ങളേപ്പോലെ അനങ്ങാതെ അതീവശ്രദ്ധയോടെ ആ വചനങ്ങളില്‍ മുഗ്ദ്ധരായി ലയിച്ചിരുന്നു. ആരൊക്കെയാണ്‌ ശ്രീരാമന്റെ പ്രഭാഷണം ശ്രവിച്ചിരുന്നത്‌? മഹര്‍ഷികളായ വസിഷ്ഠനും വിശ്വാമിത്രനും; മന്ത്രിമാര്‍, രാജകുടുംബത്തിലെ അംഗങ്ങള്‍- മഹാരാജാവ്‌ ദശരഥന്‍, നഗരവാസികള്‍, സന്യാസിമാര്‍, സേവകര്‍, കൂട്ടിലടച്ച കിളികള്‍, അരുമമൃഗങ്ങള്‍, കൊട്ടാരലായത്തിലെ കുതിരകള്‍ എന്നിവരേക്കൂടാതെ ആകാശചാരികളായ ഗന്ധര്‍വ്വന്മാരും, മാമുനികളും, ദേവവൃന്ദവും ആ വാക്കുകള്‍ കേട്ടിരുന്നു. ദേവരാജാവായ ഇന്ദ്രനും, നരകലോകരാജാവും രാമഭാഷണം കേട്ടു. എല്ലാവരും രാമന്റെ വാക്കുകള്‍കേട്ട്‌ ആവേശഭരിതരായി സബാഷ്‌, സബാഷ്‌ എന്നു വിളിച്ചു പറഞ്ഞു. രാമനുമേല്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായി. എല്ലാവരും രാമന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

തീര്‍ച്ചയായും ദേവഗുരുവിനുപോലും അസാധ്യമായ ഒരു സുപ്രഭാഷണമാണ്‌ ത്കച്ചും അനാസക്തനായ രാമന്റെ നാവില്‍ നിന്നുദിച്ചത്‌. "ഈ വാക്കുകള്‍കേള്‍ക്കാനിടയായത്‌ ഞങ്ങളുടെ ഭാഗ്യാതിരേകം മൂലമാണ്‌. അതു കേള്‍ക്കേ, സ്വര്‍ഗ്ഗത്തില്‍പ്പോലും സുഖം എന്ന ഒന്നില്ല എന്നു ഞങ്ങള്‍ക്കു തോന്നി."

ഉത്തമരായ മഹര്‍ഷികള്‍ പറഞ്ഞു: " മഹാത്മാക്കള്‍ രാമന്റെ അതീവഗഹനങ്ങളായ ചോദ്യങ്ങള്‍ക്കു നല്‍കാന്‍ പോകുന്ന ഉത്തരം എല്ലാവരും കേട്ടിരിക്കേണ്ടുന്നതാണ്‌. എല്ലാവരും ദശരഥരാജന്റെ സഭയിലേയ്ക്കു വന്നാലും, വസിഷ്ഠമഹര്‍ഷിയുടെ ഉത്തരങ്ങള്‍ ശ്രദ്ധിച്ചാലും!"

വാല്‍മീകി പറഞ്ഞു: ഇതുകേട്ട്‌ മാമുനിവൃന്ദം സഭയില്‍ വന്നുചേര്‍ന്നു. രാജാവ്‌ അവരെയെല്ലാം ഉചിതമായ ആചാരോപചാരങ്ങളോടെ ആസനസ്ഥരാക്കി. "നമ്മുടെ ഹൃദയത്തില്‍ വിജ്ഞാനമകുടമായ രാമന്റെ ചോദ്യങ്ങള്‍ പരിചിന്തനത്തിനു വിധേയമായില്ലെങ്കില്‍ നമുക്കു തന്നെയാണ്‌ നഷ്ടം. നമുക്കെന്തു ബുദ്ധിവൈഭവങ്ങള്‍ ഉണ്ടെങ്കിലും ഈ ചിന്തകള്‍ നമ്മിലുണരുന്നില്ലെങ്കില്‍ നമ്മുടെ ബോധം നശിച്ചിരിക്കുന്നു എന്നുറപ്പിക്കാം."

(വൈരാഗ്യപ്രകരണം എന്ന ഒന്നാം  ഭാഗം അവസാനിച്ചു )